28 March Thursday

വ്യാഴവട്ടം, എഴുതിയത്‌ പുതുചരിതം

സി എ പ്രേമചന്ദ്രൻUpdated: Saturday Nov 5, 2022


തൃശൂർ  
ചോദ്യപേപ്പർ തെരഞ്ഞെടുക്കുന്നത്‌  സർവകലാശാലാ കംപ്യൂട്ടർ,  മൂല്യനിർണയ‍ത്തിന്‌ ഇരട്ട സംവിധാനം. 48 മണിക്കൂറിൽ ഫലം പ്രഖ്യാപിച്ച്  റെക്കോർഡ്.  ഒരു വ്യാഴവട്ടത്തിനിടെ ആരോഗ്യ ശാസ്‌ത്ര സർവകലാശാല തീർത്തത്‌ പുതുചരിത്രം. സ്‌ത്രീധനത്തിനെതിരെ സമ്മതപത്രം, രോഗീ സൗഹൃദം ഉറപ്പിക്കാൻ പ്രത്യേകം മലയാള  ഭാഷാ കോഴ്‌സ്‌, സർവകലാശാലാ ആസ്ഥാനത്ത്‌ ഒരുലക്ഷം ചതുരശ്ര അടി വിസ്തൃതിയുള്ള  ആസ്ഥാന മന്ദിരം,  ബിരുദദാന ചടങ്ങിന്‌  കേരളീയവേഷം, അങ്ങനെ പറഞ്ഞാൽ തീരാത്ത വിശേഷങ്ങളാണ്‌ നിറയെ. മലിനീകരണ നിയന്ത്രണബോർഡിന്റെ ഹരിത അവാർഡും സോളാർ പ്ലാന്റുമെല്ലാം നേട്ടങ്ങളാണ്‌. 

ചോരില്ല, ചോദ്യങ്ങൾ
ചോദ്യപേപ്പർ തെരഞ്ഞെടുക്കുന്നത്‌  സർവകലാശാലാ കംപ്യൂട്ടറാണ്‌. വിദ്യാർഥികൾ ഹാളിൽ പ്രവേശിച്ച ശേഷം തെരഞ്ഞെടുക്കുന്നതിനാൽ ചോദ്യപേപ്പർ ചോരില്ല. ഡിജിറ്റൽ രൂപത്തിലാക്കിയ ഉത്തരക്കടലാസുകളിൽ ഓരോ അധ്യാപകർ പരിശോധിക്കേണ്ടവ നിശ്ചയിക്കുന്നതും കംപ്യൂട്ടറാണ്‌. ഇന്ത്യയിൽ മറ്റൊരു സർവകാലാശാലയിലുമില്ലാത്തവിധം എല്ലാ പേപ്പറുകളിലും ഇരട്ട മൂല്യനിർണയമാണ്‌. മാർക്കിൽ 15 ശതമാനം വ്യതാസംവന്നാൽ മൂന്നാമതും മൂല്യനിർണയം. പിജിക്ക്‌ നാലുപേർ മൂല്യനിർണയം നടത്തും. അന്തർദേശീയ അംഗീകാരമുള്ള കോഴ്‌സായതിനാൽ പഠിച്ചിറങ്ങുന്നവർക്ക്‌  വിദേശത്തും ജോലി ലഭിക്കുന്നു.

സർവകലാശാലയിൽ 318 കോളേജുകൾ അഫിലിയറ്റ്‌ ചെയ്‌തിട്ടുണ്ട്‌. അലോപ്പതി,  ആയുർവേദം, ഹോമിയോ, നഴ്സിങ്, ഫാർമസി, പാരാമെഡിക്കൽ വിഭാഗങ്ങളിലെ 150 ഓളം കോഴ്‌സുകളിലായി ഒരു ലക്ഷംപേർ പഠിക്കുന്നു. 17,000 അധ്യാപകരുണ്ട്‌. 90 ശതമാനമാണ്‌ വിജയം. സാമ്പത്തികബുദ്ധിമുട്ടുള്ളവർക്ക് 20,000 രൂപ വീതം നൽകുന്ന സ്റ്റുഡന്റ്‌സ്‌ സ്‌കോളർഷിപ്  പദ്ധതിയുമുണ്ട്‌.
 

4 ഗവേഷണ കേന്ദ്രം
സർവകലാശാലയ്‌ക്കു കീഴിൽ നാലു ഗവേഷണ കേന്ദ്രങ്ങൾ . തൃപ്പൂണിത്തുറയിൽ ആയുർവേദ ഗവേഷണ കേന്ദ്രവും കോഴിക്കോട്ട്‌   കുടുംബാരോഗ്യ ഗവേഷണ കേന്ദ്രവും പ്രവർത്തനം തുടങ്ങി. തിരുവനന്തപുരത്ത്‌ മെഡിക്കൽ കോളേജിനോട്‌ ചേർന്ന്‌ സ്‌കൂൾ ഓഫ്‌ പബ്ലിക്‌ ഹെൽത്ത്‌ കെട്ടിടം ഈ വർഷം പൂർത്തിയാവും. ഗവേഷണ നേട്ടങ്ങൾ ചികിത്സാ സംവിധാനങ്ങളായും മരുന്നുകളായും മാറ്റാനുള്ള ട്രാൻസലേഷണൽ ഗവേഷണകേന്ദ്രം തൃശൂരിൽ തുടങ്ങും. സർവകലാശാലാ ആസ്ഥാനത്ത്‌ സെന്റർ ഫോർ ബേസിക് സയൻസസ് റിസർച്ച് ആൻഡ് ബയോ എത്തിക്സ്, സെന്റർ ഫോർ ജെറൻറോളോജിക്കൽ സ്റ്റഡീസ്, സെന്റർ ഫോർ ഡിസബിലിറ്റി മാനേജ്‌മന്റ്‌ സ്റ്റഡീസ്, സെന്റർ ഓഫ് ഹെൽത്ത് കെയർ കൗൺസലിങ്, സെൻറർ ഫോർ ഇൻറർ ഡിസിപ്ലിനറി, അലൈഡ് ഹെൽത്ത് സയൻസസ് ആൻഡ് ടെക്നോളജി, സെന്റർ ഫോർ സ്റ്റഡീസ് ഇൻ മെഡിക്കൽ സിമുലേഷൻ, സെൻറർ ഫോർ സ്റ്റഡീസ് ഓൺ ഹെൽത്ത് ഓഫ് യങ് അഡൽട്സ്,  സെൻറർ ഫോർ ഹിസ്റ്ററി ഓഫ് മെഡിസിൻ ആൻഡ് ഹെൽത്ത് ഹ്യൂമാനിറ്റീസ്  എന്നീ സെന്ററുകളും  നാഴികക്കല്ലുകളാണ്.  പരീക്ഷാഭവൻ, വിജ്ഞാൻ ഭവൻ, സംസ്‌കൃതി ഭവൻ നിർമാണങ്ങൾ അന്തിമഘട്ടത്തിലാണ്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top