26 April Friday

ഇച്ഛാശക്തിയുടെ മഹാവിജയം

വെബ് ഡെസ്‌ക്‌Updated: Wednesday Jul 1, 2020

തിരുവനന്തപുരം
എത്രവലിയ പ്രതിസന്ധിയുണ്ടായാലും കുട്ടികളുടെ ഭാവി ഭദ്രമാക്കണമെന്ന സർക്കാരിന്റെ ഇച്ഛാശക്തിയുടെ മഹാവിജയമായി എസ്‌എസ്‌എൽസി പരീക്ഷാഫലം.   വിഷമാവസ്ഥയിൽ സ്‌തംഭിച്ചുനിൽക്കാതെ എസ്‌എസ്‌എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ പൂർത്തിയാക്കാനുള്ള സർക്കാർ തീരുമാനത്തിന്‌ വിദ്യാർഥിമനസ്സ്‌ പൂർണ പിന്തുണ നൽകിയെന്ന്‌ തെളിയിക്കുന്നതായി വിജയത്തിളക്കം. പരീക്ഷ നടത്തിക്കാതെ വിദ്യാഭ്യാസമേഖലയിൽ അനിശ്‌ചിതാവസ്ഥ സൃഷിക്കാനുള്ള പ്രതിപക്ഷശ്രമങ്ങളെ മഹാമാരിക്കൊപ്പംതന്നെ നേരിട്ടാണ്‌ സർക്കാർ കുട്ടികൾക്ക്‌ നല്ല ഭാവി ഉറപ്പാക്കിയത്‌. കോവിഡ്‌ പ്രതിരോധ ലോക്‌ഡൗൺ കാലത്ത്‌ മാറ്റിവച്ച ഫിസിക്‌സ്‌, കെമിസ്‌ട്രി, മാത്‌സ്‌ വിഷയങ്ങളിൽ വൻവിജയം കുട്ടികൾ നേടിയതും വിജയശതമാനം ഉയരുന്നതിന്‌ കാരണമായി.  അനിശ്‌ചിതത്വം സൃഷ്ടിക്കാതെ അതിജീവനക്കരുത്തുമായി പരീക്ഷകൾ നിശ്‌ചയ സമയത്തിനകം നടത്തുമെന്ന സർക്കാർ പ്രഖ്യാപനവും അതിനുള്ള മുന്നൊരുക്കങ്ങളും  വിദ്യാർഥികൾ നിറഞ്ഞമനസ്സോടെ സ്വീകരിച്ചു.

വിദ്യാഭ്യാസ വകുപ്പിനൊപ്പം സർക്കാരിന്റെ എല്ലാ വകുപ്പുകളും സ്‌കൂളുകളിൽ ആരോഗ്യസുരക്ഷയൊരുക്കാൻ ഒപ്പം നിന്നു. മുഴുവൻ സ്‌കൂളുകളിലും പിടിഎയുടെ നേതൃത്വത്തിൽ രക്ഷിതാക്കളും  അണുനശീകരണം, സാമൂഹ്യ അകലം എന്നിവ ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങളിൽ വ്യാപൃതരായി. സർക്കാർ തീരുമാനം വിജയിപ്പിക്കാൻ ജനങ്ങളാകെ മുന്നോട്ടുവന്നു.  എന്നാൽ, ഇതിനോട്‌ സഹകരിക്കാതെ അവസാന നിമിഷവും പരീക്ഷാനടത്തിപ്പ്‌ തകിടം മറിക്കാനും വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും മനസ്സിൽ ഭീതിവിതയ്‌ക്കാനുമാണ്‌ പ്രതിപക്ഷം ശ്രമിച്ചത്‌. പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തലയും കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രനും ഉമ്മൻചാണ്ടിയും പരീക്ഷ മാറ്റിക്കാൻ കിണഞ്ഞ്‌ ശ്രമിച്ചു. കെഎസ്‌യുക്കാർ കോവിഡ്‌ മാനദണ്ഡങ്ങൾ ലംഘിച്ച്‌ പ്രത്യക്ഷ സമരവുമായി രംഗത്തുവന്നു.  കെപിസിസി വർക്കിങ്‌ പ്രസിഡന്റ്‌ കെ സുധാകരൻ മുഖ്യമന്ത്രിക്ക്‌ വട്ടാണെന്നുവരെ അധിക്ഷേപിച്ചു. എന്നാൽ, പരീക്ഷ കഴിഞ്ഞ്‌ ഒരു മാസം പിന്നിടുമ്പോഴും പരീക്ഷ എഴുതിയ 13 ലക്ഷം കുട്ടികളും വീടുകളിൽ സുരക്ഷിതരാണ്‌.  വിജയശതമാനത്തിനൊപ്പം നൂറുശതമാനം വിജയത്തിലും എ പ്ലസ്‌ നേടിയവരുടെ എണ്ണത്തിലും വൻ വർധനയുണ്ടായി.

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലൂടെ നാല്‌ വർഷംകൊണ്ട്‌ വിദ്യാഭ്യാസമേഖലയിൽ സർക്കാർ നടപ്പാക്കിയ ഹൈടെക്‌ പദ്ധതികൾ ഫലം കണ്ടുവെന്നതിന്‌ തെളിവാണ്‌ നൂറുമേനി നേടിയ സർക്കാർ സ്‌കൂളുകളുടെ എണ്ണത്തിലെ വർധന. എത്ര പ്രളയത്തിൽ മുങ്ങിയാലും മഹാമാരികൾ ദ്രോഹിച്ചാലും സർക്കാർ ഒപ്പമുണ്ടെങ്കിൽ എന്നും എവിടെയും ഒന്നാമതാകുമെന്നതിന്റെ സാക്ഷ്യമാണ്‌ എഴുതിയ വിദ്യാർഥികൾ മുഴുവൻ ജയിച്ച വിദ്യാഭ്യാസ ജില്ല എന്ന അപൂർവനേട്ടത്തിന്‌ അർഹമായ  കുട്ടനാട്‌.


 

എല്ലാം എ പ്ലസാക്കി 41,906 പേർ
സംസ്ഥാനത്ത്‌ 41,906 വിദ്യാർഥികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ്‌ നേടി. 2019ൽ ഇത്‌ 37,334 ആയിരുന്നു.   4572 കൂടുതൽ. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ വിദ്യാർഥികൾ എ പ്ലസ്‌ നേടിയത്‌ ‌–- 6447. 1974 ആൺകുട്ടികൾക്കും 4473 പെൺകുട്ടികൾക്കുമാണ്‌ നേട്ടം. കോഴിക്കോടാണ്‌ രണ്ടാമത്‌‌. 1598 ആൺകുട്ടികളും 3449 പെൺകുട്ടികളുമടക്കം  5047  വിദ്യാർഥികൾ എല്ലാവിഷയങ്ങൾക്കും എ പ്ലസ്‌ നേടി.
ഏറ്റവും കുറവ്‌  വയനാട്‌ ജില്ലയിലാണ്‌. 315 ആൺകുട്ടികളും 592 പെൺകുട്ടികളുമടക്കം 907 വിദ്യാർഥികൾ.

പത്തരമാറ്റുമായി പത്തനംതിട്ട
71 ശതമാനവുമായി ഇത്തവണയും വിജയശതമാനത്തിൽ മുന്നിലെത്തി പത്തനംതിട്ട ജില്ല. 10,417 വിദ്യാർഥികൾ പരീക്ഷയെഴുതിയതിൽ 10,387പേർ ഉന്നതവിദ്യാഭ്യാസത്തിന്‌ യോഗ്യത നേടി. 5439 ആൺകുട്ടികളും 4978 പെൺകുട്ടികളും‌. 99.57 ശതമാനം നേടിയ കോട്ടയവും 99.38 ശതമാനം നേടിയ ആലപ്പുഴയുമാണ്‌ വിജയശതമാനത്തിൽ രണ്ടും മൂന്നും സ്ഥാനത്ത്‌‌. വിജയശതമാനം ഏറ്റവും കൂടുതലുള്ള വിദ്യാഭ്യാസ ജില്ല കുട്ടനാടാണ്‌. പരീക്ഷ എഴുതിയ 2106 പേരും വിജയിച്ചു. 95.04 ശതമാനം നേടിയ വയനാടാണ്‌ വിജയശതമാനം ഏറ്റവും കുറവുള്ള വിദ്യാഭ്യാസ ജില്ല. 11,655 പേർ എഴുതിയതിൽ 11,077 പേർ വിജയം നേടി.


 

പുനർമൂല്യനിർണയ അപേക്ഷ നാളെമുതൽ
എസ്‌എസ്‌എൽസി, ടിഎച്ച്‌എസ്‌എൽസി ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയം, സൂക്ഷ്‌മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്‌ക്കുള്ള അപേക്ഷകൾ വ്യാഴാഴ്‌ചമുതൽ ഏഴ്‌വരെ ഓൺലൈനായി സമർപ്പിക്കാം. അപേക്ഷകളുടെ പ്രിന്റൗട്ടും ഫീസും അപേക്ഷകർ അതാത്‌ സ്‌കൂൾ പ്രഥമാധ്യാപകർക്ക്‌ ജൂലൈ ഏഴിന്‌ വൈകിട്ട്‌ അഞ്ചിന്‌ മുമ്പ്‌ നൽകണം. അപേക്ഷകൾ പ്രഥമാധ്യാപകൻ ജൂലൈ എട്ടിന്‌ വൈകിട്ട്‌ അഞ്ചിന്‌ മുമ്പായി ഓൺലൈൻ കൺഫർമേഷൻ നടത്തും. പുനർമൂല്യനിർണയം, സൂക്ഷ്‌മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്‌ക്ക്‌ പേപ്പർ ഒന്നിന്‌ യഥാക്രമം 400, 50, 200 രൂപയാണ്‌ ഫീസ്‌. പുനർമൂല്യനിർണയം, സൂക്ഷ്‌മ പരിശോധന എന്നിവയുടെ ഫലം ജൂലൈ 22നകം പരീക്ഷാ ഭവന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. ഉത്തരക്കടലാസുകളുടെ ഫോട്ടോ കോപ്പി 30നകം ലഭിക്കും.

അപേക്ഷിക്കാനുള്ള വെബ്‌സൈറ്റുകൾ ചുവടെ: എസ്‌എസ്‌എൽസി, എസ്‌എസ്‌എൽസി എച്ച്‌ഐ https://sslcexam.kerala.gov.in.
ടിഎച്ച്‌എസ്‌എൽസി, ടിഎച്ച്‌എസ്‌എൽസി എച്ച്‌ഐ: http://thslcexam.kerala.gov.in.എഎച്ച്‌എസ്‌എൽസി:  http://ahslcexam.kerala.gov.in.

സേ തീയതി പിന്നീട്‌
ഉപരിപഠനത്തിന് അർഹത നേടാത്ത റഗുലർ വിഭാഗം വിദ്യാർഥികൾക്ക് തെരെഞ്ഞടുക്കപ്പെട്ട കേന്ദ്രങ്ങളിൽ വച്ച് സേ പരീക്ഷ നടത്തും. മൂന്നു വിഷയങ്ങൾക്കുവരെ സേയ്‌ക്ക്‌ രജിസ്റ്റർ ചെയ്യാം.  കോവിഡ്‌ പശ്ചാത്തലത്തിൽ ഫിസിക്‌സ്, കെമിസ്ട്രി, കണക്ക്‌ വിഷയങ്ങൾ എഴുതാൻ കഴിയാത്ത വിദ്യാർഥികൾക്ക് സേ പരീക്ഷയോടൊപ്പം ഈ പരീക്ഷകൾ റഗുലറായി എഴുതാം. സേ പരീക്ഷയുടെ തീയതി പിന്നീട് അറിയിക്കും.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top