08 December Friday

ആരൊക്കെയാണ് ഇക്കൂട്ടത്തിലെ കമ്മ്യൂണിസ്റ്റുകാർ ? കേരള സംഗീതനാടക അക്കാദമി രൂപീകരണ ചരിത്രത്തെക്കുറിച്ച് ബൈജു ചന്ദ്രൻ എഴുതുന്നു

ബൈജു ചന്ദ്രൻUpdated: Saturday Sep 2, 2023

ബൈജു ചന്ദ്രൻ

ബൈജു ചന്ദ്രൻ

' പാർട്ടി നയം നടപ്പിലാക്കാനും അന്യരെ അതിലേക്ക് ആകർഷിക്കാനും പ്രാപ്തിയുള്ള  ഒരു പാർട്ടി ഫ്രാക്ഷനിൽ ചിട്ടപ്പടി പ്രവർത്തിക്കുമെന്ന് ഉറപ്പായി വിശ്വസിക്കാവുന്ന  ഏതാനും പഴകിയ കമ്മ്യൂണിസ്റ്റുകാരുടെ ഒരു മുന്നണിപ്പട. സ്വന്തമായി യാതൊരു അഭിപ്രായമില്ലാത്തവരും പ്രലോഭനങ്ങൾക്ക് വളരെവേഗം വഴങ്ങുന്നവരുമായ ഒരു വിഭാഗം അതിനുപിന്നിൽ, പിന്നെ ഗവണ്മെന്റിന്റെ ഹിതാനുവർത്തികളായ കുറെ സർക്കാരുദ്യോഗസ്ഥന്മാരും, ഇങ്ങനെയാണ് അതിലെ അണികളെ നിരത്തി നിറുത്തിയത്.'

 1957 ലെ ഇ എം എസ് ഗവണ്മെന്റ്കൈക്കൊണ്ട സുപ്രധാന നടപടികളിലൊന്നായിരുന്നു 1958 മേയ് മാസത്തിൽ നടന്ന കേരള സംഗീതനാടക അക്കാദമി യുടെ രൂപീകരണം.പ്രധാന മന്ത്രി ജവഹർ ലാൽ നെഹ്‌റു വാണ് അക്കാദമിയുടെ ഉദ്ഘാടനം നിർവഹിച്ചത്.വിമോചന സമരപ്പോരാളികളായ രാഷ്ട്രീയപ്പാർട്ടികളുടെയും അവരെ പിന്തുണയ്ക്കുന്ന പത്രങ്ങളുടെയും ഏറ്റവും രൂക്ഷമായ വിമർശനം പിടിച്ചു പറ്റിയ ഒരു നടപടിയായിരുന്നു അക്കാദമിയുടെ രൂപീകരണം.

ഇ എം എസ്

ഇ എം എസ്

കമ്മ്യൂണിസ്റ്റ് സർക്കാരിനെ പിരിച്ചു വിട്ടതിനു ശേഷം,ഇ എം എസ് സർക്കാരിനെ വിചാരണ ചെയ്തുകൊണ്ട് കെ പി സി സി പ്രസിദ്ധീകരിച്ച 'കമ്മ്യൂണിസ്റ്റ് ഭരണം കേരളത്തിൽ' എന്ന പുസ്തകത്തിൽ നിന്നുദ്ധരിച്ചതാണ് മുകളിൽ കൊടുത്ത വാചകങ്ങൾ.അതെഴുതിയത് നാടകകൃത്തും നടനും റിട്ടയേർഡ് ഗവണ്മെന്റ് സെക്രട്ടറിയുമൊക്കെയായ കൈനിക്കര പത്മനാഭപിള്ള.

(തിരുവിതാംകൂറിൽ സ്റ്റേറ്റ് കോൺഗ്രസിന്റെ ഉത്തരവാദിത്ത പ്രക്ഷോഭത്തിനെ പരാജയപ്പെടുത്താനായി,സി പിയുടെ അനുഗ്രഹാശിസുകളോടെ നാഷണൽ കോൺഗ്രസ്‌ എന്നൊരു പാർട്ടി സ്ഥാപിച്ച് ഒന്നാം നമ്പർ സ്വാമിഭക്തനായി നില കൊള്ളുകയും സിപി യുടെ ഔദാര്യം കൊണ്ട് ഗവണ്മെന്റ് സെക്രട്ടറിസ്ഥാനം നേടിയെടുക്കുകയും  ചെയ്ത കൈനിക്കര പത്മനാഭ പിള്ള,സ്വാതന്ത്ര്യലബ്ധിക്കു ശേഷം കോൺഗ്രസിൽ ചേർന്ന് 1952 ലെ ആദ്യ തിരഞ്ഞെടുപ്പിൽ കൊല്ലം /മാവേലിക്കര പാർലമെന്റ് സീറ്റിൽ എൻ ശ്രീകണ്ഠൻ നായർക്കെതിരെ മത്സരിച്ചു തോൽക്കുകയായിരുന്നു.)

ഇനി നമുക്ക് 'പഴകിയ കമ്മ്യൂണിസ്റ്റുകാരുടെ മുന്നണിപ്പട'യിലെ അംഗങ്ങൾ ആരൊക്കെയാണെന്നു നോക്കാം.

 ശ്രീമതി മങ്കു തമ്പുരാൻ,സി ഐ പരമേശ്വരൻ പിള്ള,പി ഭാസ്‌ക്കരൻ

ശ്രീമതി മങ്കു തമ്പുരാൻ,സി ഐ പരമേശ്വരൻ പിള്ള,പി ഭാസ്‌ക്കരൻ

കർണ്ണാടക സംഗീതവിദുഷിയായ ശ്രീമതി മങ്കു തമ്പുരാൻ അദ്ധ്യക്ഷ

വിശ്രുത നാടക നടൻ സി ഐ പരമേശ്വരൻ പിള്ള ഉപാദ്ധ്യക്ഷൻ

പി ഭാസ്‌ക്കരൻ സെക്രട്ടറി

 ജനറൽ കൗൺസിൽ അംഗങ്ങൾ


രുഗ്മിണി അരുണ്ഡേൽ, ചെമ്പയ്‌ വൈദ്യനാഥഭാഗവതർ, പാലക്കാട് മണി അയ്യർ, ടി എൻ കൃഷ്ണൻ, കലാമണ്ഡലം നാരായണൻ നമ്പീശൻ, ഗുരു കുഞ്ചുക്കുറുപ്പ്, എസ് കെ പൊറ്റക്കാട്, പവനൻ, വി അബ്ദുള്ള, പി ലീല, പി പത്മിനി,

രുഗ്മിണി അരുണ്ഡേൽ, ചെമ്പയ്‌ വൈദ്യനാഥഭാഗവതർ, പാലക്കാട് മണി അയ്യർ, ടി എൻ കൃഷ്ണൻ, കലാമണ്ഡലം നാരായണൻ നമ്പീശൻ, ഗുരു കുഞ്ചുക്കുറുപ്പ്, എസ് കെ പൊറ്റക്കാട്, പവനൻ, വി അബ്ദുള്ള, പി ലീല, പി പത്മിനി,

രുഗ്മിണി അരുണ്ഡേൽ,
ചെമ്പയ്‌ വൈദ്യനാഥഭാഗവതർ,
പാലക്കാട് മണി അയ്യർ,
ടി എൻ കൃഷ്ണൻ,
കലാമണ്ഡലം നാരായണൻ നമ്പീശൻ,
ഗുരു കുഞ്ചുക്കുറുപ്പ്,
എസ് കെ പൊറ്റക്കാട്,
പവനൻ,
വി അബ്ദുള്ള,
പി ലീല,
പി പത്മിനി,

ആർട്ടിസ്റ്റ് ശങ്കരൻ കുട്ടി, പി സി കുട്ടികൃഷ്ണൻ(ഉറൂബ്), ടി എൻ ഗോപിനാഥൻ നായർ, മലബാർ രാമൻ നായർ പൊൻകുന്നം വർക്കി, കൈനിക്കര കുമാരപിള്ള, ജോസഫ് കൈമാപ്പറമ്പൻ, ഗുരു ഗോപിനാഥ്, ജി ജനാർദ്ദനക്കുറുപ്പ്, പി കെ വിക്രമൻ നായർ, ജി ദേവരാജൻ

ആർട്ടിസ്റ്റ് ശങ്കരൻ കുട്ടി, പി സി കുട്ടികൃഷ്ണൻ(ഉറൂബ്), ടി എൻ ഗോപിനാഥൻ നായർ, മലബാർ രാമൻ നായർ പൊൻകുന്നം വർക്കി, കൈനിക്കര കുമാരപിള്ള, ജോസഫ് കൈമാപ്പറമ്പൻ, ഗുരു ഗോപിനാഥ്, ജി ജനാർദ്ദനക്കുറുപ്പ്, പി കെ വിക്രമൻ നായർ, ജി ദേവരാജൻ

ആർട്ടിസ്റ്റ് ശങ്കരൻ കുട്ടി,
ഇരിഞ്ഞാലക്കുട പാച്ചു ചാക്യാർ,
പി സി കുട്ടികൃഷ്ണൻ(ഉറൂബ്),
ടി എൻ ഗോപിനാഥൻ നായർ,
മലബാർ രാമൻ നായർ
ഹസ്സൻ മരിക്കാർ,
പൊൻകുന്നം വർക്കി,

കൈനിക്കര കുമാരപിള്ള,
ജോസഫ് കൈമാപ്പറമ്പൻ,
ഗുരു ഗോപിനാഥ്,
ജി ജനാർദ്ദനക്കുറുപ്പ്,
പി കെ വിക്രമൻ നായർ,
ജി ദേവരാജൻ,

എം പി ഭട്ടതിരിപ്പാട് (പ്രേംജി ) സത്യൻ, പ്രേം നസീർ കാമ്പിശ്ശേരി കരുണാകരൻ, എൻ കൃഷ്ണപിള്ള, പി ജെ ആന്റണി, തിക്കൊടിയൻ, തോപ്പിൽ ഭാസി, ചെറുകാട്, കെ പത്മനാഭൻ നായർ,

എം പി ഭട്ടതിരിപ്പാട് (പ്രേംജി ) സത്യൻ, പ്രേം നസീർ കാമ്പിശ്ശേരി കരുണാകരൻ, എൻ കൃഷ്ണപിള്ള, പി ജെ ആന്റണി, തിക്കൊടിയൻ, തോപ്പിൽ ഭാസി, ചെറുകാട്, കെ പത്മനാഭൻ നായർ,

എം പി ഭട്ടതിരിപ്പാട് (പ്രേംജി )
സത്യൻ,
പ്രേം നസീർ
കാമ്പിശ്ശേരി കരുണാകരൻ,
എൻ കൃഷ്ണപിള്ള,
പി ജെ ആന്റണി,
തിക്കൊടിയൻ,
തോപ്പിൽ ഭാസി,
ചെറുകാട്,
കെ പത്മനാഭൻ നായർ, 
ജോസഫ് മുണ്ടശ്ശേരി

ജോസഫ് മുണ്ടശ്ശേരി

എബ്രഹാം ജോസഫ്,
കെ പാർത്ഥസാരഥി അയ്യങ്കാർ,
വിദ്യാഭ്യാസ ഡയറക്ടർ,
വിദ്യാഭ്യാസ സെക്രട്ടറി,എന്നിവരും വിദ്യാഭ്യാസമന്ത്രിയായ
ജോസഫ് മുണ്ടശ്ശേരിയും.

ആ കാലഘട്ടത്തിലെ എന്നല്ല, ഏതുകാലത്തെയും ദക്ഷിണേന്ത്യയുടെ തന്നെ സാംസ്കാരിക രംഗത്തെ who is who എന്നു നിസ്സംശയം വിളിക്കാവുന്ന പട്ടിക.

പറഞ്ഞല്ലോ,കമ്മ്യൂണിസ്റ്റ് വിരുദ്ധത മുഖമുദ്രയായി സ്വീകരിച്ചു പോന്ന അന്നത്തെ പത്രങ്ങൾക്ക്  അങ്ങനെയൊരു അഭിപ്രായമുണ്ടായിരുന്നില്ല.കൈനിക്കരയും കെ ബാലകൃഷ്ണനും പത്രാധിപൻമാരും സി എൻ ശ്രീകണ്ഠൻ നായർ,കെ വിജയരാഘവൻ എന്നിവർ സഹപത്രാധിപന്മാരുമായി ആയിടെ ആരംഭിച്ച കൗമുദി പത്രം അവരുടെ മുഖപ്രസംഗത്തിൽ ഇങ്ങനെ ആക്ഷേപിച്ചു.


'സംഗീതനാടക അക്കാദമി അംഗത്വം കിട്ടുന്നതിന് കമ്മ്യൂണിസ്റ്റാകുക കൂടി വേണം.

കമ്മ്യൂണിസ്റ്റായാലും പോരാ വകുപ്പുമന്ത്രിയുടെ പ്രീതി സാമ്പാദിക്കുക കൂടി വേണം...നൃത്തസംഗീത നാടകാദി കലകളിൽ പ്രവീണന്മാരും താല്പര്യമുള്ളവരും ആ രംഗങ്ങളിൽ പ്രവർത്തിച്ചിട്ടുള്ളവരും, ആ കലകളെ പ്പറ്റി ആധികാരികമായി സംസാരിക്കാൻ പ്രാപ്തരുമായ ഒരു നൂറുപേരുടെ പേരു പറയാൻ നിർമ്മൽസര ബുദ്ധികളോട് ആവശ്യപ്പെട്ടാൽ, ഇന്നു രൂപവൽക്കരിച്ചിട്ടുള്ള അക്കാദമിയിലെ പകുതിയിലധികം പേർ പട്ടികയിൽ കണ്ടില്ലെന്നു വരും. അക്കാദമി രൂപവൽക്കരിച്ചവർ ഈ കലകളെ പ്പറ്റി വിവരമില്ലാത്തതുകൊണ്ടോ, അല്ലെങ്കിൽ കടുത്ത സ്വജന പക്ഷപാതം കൊണ്ടോ, അനർഹരും അപ്രാപ്തരും അപ്രശസ്തരും അനഭിജ്ഞരുമായ ഒട്ടേറെ ആൾക്കാരെ അക്കാദമിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.'

ഇനിയൊന്നു പരിശോധിക്കാം.ആരൊക്കെയാണ് ഇക്കൂട്ടത്തിലെ കമ്മ്യൂണിസ്റ്റുകാർ?

അന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പത്തനംതിട്ടയിൽ നിന്നുള്ള എം എൽ എ  ആയ, 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി'യും 'മുടിയനായ പുത്രനും' എഴുതിയ തോപ്പിൽ ഭാസി, കെ പി എ സിയുടെ അധ്യക്ഷൻ ജി ജനാർദ്ദന കുറുപ്പ്,പരമുപിള്ളയെ അനശ്വരനാക്കിയ കാമ്പിശ്ശേരി കരുണാകരൻ,'ഇൻക്വിലാബിന്റെ മക്കൾ' എഴുതിയ പി ജെ ആന്റണി,മലബാർ കേന്ദ്ര കലാസമിതിയുടെ സെക്രട്ടറി പവനൻ, 'നമ്മളൊന്ന്' രചിച്ച ചെറുകാട്, ജനകീയ സംഗീതത്തിന്റെ ശില്പി ജി ദേവരാജൻ....

 'വയലാർ ഗർജ്ജിക്കുന്നു' എഴുതിയ കവിയും വിപ്ലവകാരിയുമായ പി ഭാസ്‌ക്കരൻ, 57 ലെ തിരഞ്ഞെടുപ്പിൽ പാർലമെന്റിലേക്ക് കമ്മ്യൂണിസ്റ്റ് സ്വതന്ത്രനായി മത്സരിച്ചു പരാജയപ്പെട്ട എസ് കെ പൊറ്റക്കാട്, പി ഭാസ്‌ക്കരനെ പോലെ 'കമ്മ്യൂണിസ്റ്റ്'എന്ന മുദ്ര കുത്തി  ആൾ ഇന്ത്യ റേഡിയോ  പിരിച്ചുവിട്ട കെ പത്മനാഭൻ നായർ, പാർട്ടി ചായ്‌വുള്ള നാടക സമിതികൾക്കുവേണ്ടി നാടകങ്ങളെഴുതി കളിച്ച  പൊൻകുന്നം വർക്കി,  പല 'കമ്മ്യൂണിസ്റ്റ് നാടക'ങ്ങളിലും പ്രധാന വേഷങ്ങൾ കെട്ടിയ പ്രേംജി എന്നിവരെക്കൂടി കമ്മ്യൂണിസ്റ്റുകാരുടെ കൂട്ടത്തിൽ പെടുത്താം.

ഇനി കൈനിക്കരയും കെ ബാലകൃഷ്ണനും 'അപ്രാപ് തരും അപ്രശസ് തരും അനഭിജ്ഞരു'മായി  കണ്ടെത്തിയ മറ്റുള്ളവർ  അവരിലെ ഒന്നാമത്തെ പേരുകാരൻ കൈനിക്കര കുമാരപിള്ളയാണ്. കൈനിക്കര പത്മനാഭ പിള്ളയുടെ ഇളയ സഹോദരനും  ജ്യേഷ്ഠനേക്കാൾ കുറച്ചു കൂടി പ്രതിഭാ ശാലിയായ നടനും നാടകകൃത്തുമായിരുന്ന കൈനിക്കര കുമാരപിള്ള, സഹോദരനെപ്പോലെ തന്നെ സ്റ്റേറ്റ് കോൺഗ്രസ്‌ സമരത്തിന്റെ ശക്തനായ വിമർശകനും 'തിരുവിതാംകൂറിന്റെ സമാധാനം തകർക്കുന്ന' സമരത്തിനെതിരെ മഹാത്മാ ഗാന്ധിയെ കണ്ട് നിവേദനം സമർപ്പിച്ച പൗര പ്രമുഖനുമാണ്.

 പത്മനാഭ പിള്ള യുടെ വേലുത്തമ്പി ദളവ, വിധി മണ്ഡപം, യവനിക എന്നീ നാടകങ്ങളിലെ കഥാപാത്രങ്ങളെ  അതി ഗംഭീരമായി അരങ്ങത്ത് അവതരിപ്പിച്ച സി ഐ പരമേശ്വരൻ പിള്ള,പി കെ വിക്രമൻ നായർ, ടി എൻ ഗോപിനാഥൻ നായർ എന്നിവരുമുണ്ട് അംഗങ്ങളുടെ കൂട്ടത്തിൽ.

കൈനിക്കര പത്മനാഭ പിള്ളയുടെ യവനിക നാടകത്തിലെ അഭിനേതാക്കൾ നാടക കൃത്തിനോടൊപ്പം. സി ഐ പരമേശ്വരൻ പിള്ള, കൈനിക്കര കുമാരപിള്ള, പി കെ വിക്രമൻ നായർ, ടി എൻ ഗോപിനാഥൻ നായർ പി ഭാസ്ക്കരൻ തുടങ്ങിയവർ

കൈനിക്കര പത്മനാഭ പിള്ളയുടെ യവനിക നാടകത്തിലെ അഭിനേതാക്കൾ നാടക കൃത്തിനോടൊപ്പം. സി ഐ പരമേശ്വരൻ പിള്ള, കൈനിക്കര കുമാരപിള്ള, പി കെ വിക്രമൻ നായർ, ടി എൻ ഗോപിനാഥൻ നായർ പി ഭാസ്ക്കരൻ തുടങ്ങിയവർ1954 ൽ തിരുകൊച്ചി നിയമസഭയിൽ നിന്ന് രാജ്യസഭയിലേക്ക്‌ നടന്ന തെരഞ്ഞെടുപ്പിൽ ആർ എസ് പി യുടെ സ്ഥാനാർഥിയായി കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ എൻ സി ശേഖറിനോട് മത്സരിച്ചു പരാജയപ്പെട്ടയാളാണ് സി ഐ പരമേശ്വരൻ പിള്ള.

മന്നവും ആർ ശങ്കറും കൂടി ഡെമോക്രാറ്റിക് കോൺഗ്രസും ഹിന്ദു മണ്ഡലവും ഉണ്ടാക്കി നാടാകെ വർഗീയ പ്രചരണം അഴിച്ചുവിട്ടപ്പോൾ, അവരുടെ ജിഹ്വയായിരുന്ന വീരകേസരിയുടെ പത്രാധിപരായിരുന്നു  പ്രമുഖ നാടക കൃത്തും നടനുമായ ടി എൻ ഗോപിനാഥൻ നായർ.

രാഷ്ട്രീയകക്ഷി ഭേദമെന്യേ സകലരും ആദരിച്ചിരുന്ന, മലയാളനാടക വേദിയിലെ നവോത്ഥാന പുരുഷനായിരുന്നു പി കെ വിക്രമൻ നായർ. കെ ബാലകൃഷ്ണന്റെ ആത്മമിത്രവും.

ഭഗ്നഭവനവും കന്യകയും എഴുതിയ പ്രൊഫ. എൻ കൃഷ്ണപിള്ള, സാഹിത്യത്തിലെന്ന പോലെ മലബാറിന്റെ നാടകവേദിയിലും റേഡിയോയിലും പ്രതിഭ തെളിയിച്ച ഉറൂബും തിക്കൊടിയനും,സ്റ്റേജിലും റേഡിയോ മാധ്യമത്തിലും ഒരുപോലെ തിളങ്ങിയ ജോസഫ് കൈമാപ്പറമ്പനും ഏബ്രഹാം ജോസഫും, തിരുവനന്തപുരത്തും കോഴിക്കോടും നടന്നിരുന്ന നാടക മത്സരങ്ങളുൾപ്പെടെയുള്ള കലാപ്രവർത്തനങ്ങളുടെയെല്ലാം പ്രധാന സംഘാടകരായിരുന്ന ഹസ്സൻ മരിക്കാരും വി അബ്ദുള്ളയും,രേഖാ ചിത്രകാരനും നാടകപ്രവർത്തകനുമായ ആർട്ടിസ്റ്റ് ശങ്കരൻ കുട്ടി എന്നിവരും അംഗങ്ങളുടെ പാനലിലുണ്ടായിരുന്നു.
മലബാർ കേന്ദ്ര കലാസമിതി നടത്തിയ നാടക മത്സരത്തോട് അനുബന്ധിച്ചെടുത്ത ചിത്രത്തിൽ പി ഭാസ്‌ക്കരൻ പി സി കുട്ടികൃഷ്ണൻ, തിക്കോടിയൻ,  എസ് കെ പൊറ്റക്കാട്,വി അബ്ദുള്ള തുടങ്ങിയവരെ കാണാം.

മലബാർ കേന്ദ്ര കലാസമിതി നടത്തിയ നാടക മത്സരത്തോട് അനുബന്ധിച്ചെടുത്ത ചിത്രത്തിൽ പി ഭാസ്‌ക്കരൻ പി സി കുട്ടികൃഷ്ണൻ, തിക്കോടിയൻ, എസ് കെ പൊറ്റക്കാട്,വി അബ്ദുള്ള തുടങ്ങിയവരെ കാണാം.താരനായകന്മാരായ സത്യൻ, പ്രേംനസീർ, തിരുവിതാംകൂർ സഹോദരിമാരിലെ പ്രമുഖയും മലയാളത്തിനുപുറമേ ഹിന്ദി തമിഴ് ചലച്ചിത്ര ലോകങ്ങളിലെ താര നായികയുമായ പത്മിനി, പിന്നണിഗായികരിലെ പ്രഥമ സ്ഥാനീയയായ പി ലീല എന്നിവരാണ് സിനിമാ രംഗത്തെ പ്രതിനിധീകരിച്ച് കമ്മിറ്റിയിലുണ്ടായിരുന്നത്.മേൽപ്പറഞ്ഞവരിൽ ഒരാൾ പോലും കമ്മ്യൂണിസ്റ്റുപാർട്ടിയുമായി ഏതെങ്കിലും തരത്തിൽ ബന്ധമുള്ളയാളായിരുന്നില്ല.

(പുന്നപ്ര വയലാർ സമരകാലത്ത് ആലപ്പുഴയിലെ പോലീസ് ഇൻസ്‌പെക്ടർ എന്ന നിലയിൽ സത്യൻ കൈക്കൊണ്ട ചില നടപടികളെ കുറിച്ചുള്ള ഓർമ്മകൾ കമ്മ്യൂണിസ്റ്റുകാരുടെ മനസ്സിൽ നിന്ന് അപ്പോഴും മാഞ്ഞുപോയിട്ടുണ്ടായിരുന്നില്ല എന്നുകൂടിയോ ർക്കുക.പക്ഷെ ആ വലിയ നടനെ ഇത്തരമൊരു സാംസ്കാരിക വേദിയിലേക്ക് ക്ഷണിച്ച് അംഗമാക്കുന്നതിന് ആ കമ്മ്യൂണിസ്റ്റ് വിരുദ്ധ ഭൂതകാലം ഒരു തടസ്സമായി ഇ എം എസ് സർക്കാരിന് തോന്നിയില്ല എന്നതിൽ ഇന്നു  ചിലർ രാഷ്ട്രീയ ശരികേട് കണ്ടെത്താൻ ഇടയുണ്ട്.)

 'അനർഹരും അപ്രാപ്തരും അനഭിജ്ഞരുമായ  അംഗങ്ങളി'ൽ ഇനി അവശേഷിക്കുന്നവർ,
 
രുഗ്മിണി അരുണ്ഡേൽ (നൃത്താചാര്യ), മങ്കുതമ്പുരാൻ(സംഗീതവിദുഷി ),ചെമ്പയ്‌ വൈദ്യ നാഥ ഭാഗവതർ( സംഗീതാചാര്യൻ), ഗുരു കുഞ്ചുക്കുറുപ്പ്(കഥകളിയാചാര്യൻ), ടി എൻ കൃഷ്ണൻ(സംഗീതവിദ്വാൻ ),കെ പാർത്ഥസാരഥി അയ്യങ്കാർ (വീണ വിദ്വാൻ)പാലക്കാട് മണി അയ്യർ (മൃദംഗ വിദ്വാൻ )കലാമണ്ഡലം നമ്പീശൻ( കഥകളി സംഗീതകാരൻ ), ഗുരു ഗോപിനാഥ്(നൃത്താചാര്യൻ ), പാച്ചു ചാക്യാർ(കൂടിയാട്ടാചാര്യൻ) , മലബാർ രാമൻ നായർ(ഓട്ടൻ തുള്ളൽ ആചാര്യൻ)

നൃത്ത  സംഗീതകലകളിലെ വിശിഷ്ട വ്യക്തിത്വങ്ങളായ ഈ മനുഷ്യർ, അവരുടെ പേരുകൾക്കൊപ്പം കൊടുത്തിട്ടുള്ള വിശേഷണങ്ങൾ കൂടാതെ തന്നെ പ്രബുദ്ധരായ ആസ്വാദക സമൂഹത്തിനു സുപരിചിതരാണ്. ഈ അസാമാന്യ പ്രതിഭകളാണ് കൈനിക്കരയുടെ വിലയിരുത്തലിൽ 'സ്വന്തമായി യാതൊരു അഭിപ്രായമില്ലാത്തവരും പ്രലോഭനങ്ങൾക്ക് വളരെ വേഗം വഴങ്ങുന്നവരു'മായ ആ അനർഹർ!


ഒരു ചോദ്യം. എക്കാലത്തെയും ഏറ്റവും പ്രഗത്ഭമതികളായ ഈ കലാകാരല്ലാതെ,'നൃത്ത സംഗീത നാടകാദി കലകളിൽ പ്രവീണന്മാരും താല്പര്യമുള്ളവരും ആ രംഗങ്ങളിൽ പ്രവർത്തിച്ചിട്ടുള്ളവരും ആ കലകളെ പറ്റി ആധികാരികമായി സംസാരിക്കാൻ പ്രാപ്തരുമായ' മറ്റേതൊക്കെ വ്യക്തികളുടെ മുഖങ്ങളായിരിക്കും കൈനിക്കരയുടെയും കെ ബാലകൃഷ്ണന്റെയും മനസ്സിൽ അങ്ങനെയെഴുതിയപ്പോൾ ഉണ്ടായിരുന്നത്?

കമ്മ്യൂണിസ്റ്റുകാരോട് കടുത്ത അമർഷവും അസഹിഷ്ണുതയും മനസ്സിൽ സദാ സൂക്ഷിക്കുന്ന ന്യൂ ജനറേഷൻ കോൺഗ്രസ്സുകാർ വേദപുസ്തകമായി കൊണ്ടുനടക്കുന്ന ഒന്നാണ് , രമേശ്‌ ചെന്നിത്തല അദ്ധ്യക്ഷനായിരുന്നപ്പോൾ കെ പി സി സി പുനഃപ്രസിദ്ധീകരിച്ച 'കമ്മ്യൂണിസ്റ്റ് ഭരണം കേരളത്തിൽ'. ഇ എം എസ് സർക്കാരിന്റെ കാലത്തെ ചില അഴിമതികളെയും ക്രമക്കേടുകളെയും കുറിച്ചന്വേഷിച്ച ചരിത്രകുതുകിയായ ഒരു മാധ്യമ പ്രവർത്തകൻ അതിനു തെളിവായി ഈ പുസ്തകത്തിൽ നിന്നുള്ള ചില കണ്ടെത്തലുകൾ  ഉദ്ധരിക്കുന്നത് ഈയിടെ വായിക്കാനിടയായി  .അപ്പോഴാണ് ഒന്നുകൂടി ആ പുസ്തകമൊന്നു മറിച്ചു നോക്കണമെന്ന് തോന്നിയത്.

പുസ്തകത്തിലെ സംഗീതനാടക അക്കാദമിയെ കുറിച്ചുള്ള പരാമർശം വായിച്ചപ്പോൾ അതിൽ പറയുന്ന 'സ്വന്തമായി യാതൊരു അഭിപ്രായ മില്ലാത്തവരും പ്രലോഭനങ്ങൾക്ക് വളരെ വേഗം വഴങ്ങുന്നവരു'മായ ആ വ്യക്തികൾ ആരൊക്കെയായിരുന്നു എന്നൊന്ന് അന്വേഷിക്കാമെന്നു  കരുതി. കമ്മ്യൂണിസ്റ്റുകാരെ കൊണ്ടു 'കുത്തിനിറച്ച' സംഗീതനാടക അക്കാദമിയുടെ ജനറൽ കൗൺസിലിലെ പേരുകൾ കണ്ടപ്പോൾ എന്തുതോന്നി എന്നുപറയേണ്ടതില്ലല്ലോ  .1957 നു ശേഷം അധികാരത്തിലേറിയ കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് മുൻതൂക്കമുള്ള സർക്കാരുകൾ പോലും ഇത്രയും പ്രഗത്ഭവ്യക്തിത്വങ്ങളടങ്ങിയ ഒരു സംഗീതനാടക അക്കാദമിക്ക് രൂപം കൊടുത്തിട്ടില്ലെന്ന് ഞാൻ വിശ്വസിക്കുന്നു.

മനഃശാസ്ത്രപരമായ ഉൾ ക്കാഴ്ചയുള്ള ഏതാനും നാടകങ്ങളും കാലം തെറ്റിപ്പിറന്ന 'കാടിന്റെ മറവിൽ' എന്ന നോവലുമടക്കം പല മികച്ച കൃതികളുടെയും രചയിതാവായിരുന്നു കൈനിക്കര പത്മനാഭപിള്ള.എന്നാൽ കമ്മ്യൂണിസ്റ്റ് വിരോധം മാത്രം അടിസ്ഥാനമാക്കി മെനഞ്ഞെടുത്ത ഒരുപാട് അസത്യങ്ങളും അതുപോലെ തന്നെ അർദ്ധ സത്യങ്ങളും കുത്തിനിറച്ച കുറച്ചു നീണ്ട,കുറെയധികം വലിപ്പമുള്ള ഒരു രാഷ്ട്രീയപ്രചരണ ലഘു ലേഖ മാത്രമാണ് 'കമ്മ്യൂണിസ്റ്റ് ഭരണം കേരളത്തിൽ'.കൈനിക്കരയുടെ വ്യക്തിത്വവും ഔന്നത്യവുമില്ലെങ്കിലും കമ്മ്യൂണിസ്റ്റ് വിരോധത്തിന്റെ കാര്യത്തിൽ അദ്ദേഹത്തെ കടത്തിവെട്ടുന്ന ചിലരുടെ കൈകളിൽ ഇന്ന് ആ 'ചരിത്ര'പുസ്തകവും ഒരായുധമായി തീരുകയാണ്.....


അനുബന്ധമായി തോപ്പിൽ ഭാസി എഴുതിയ 'ഒളിവിലെ ഓർമ്മകൾക്കു ശേഷം'

എന്ന സ്മരണകളിലെ പ്രസക്തമായ ഒരു ഭാഗം :

'നിയമസഭയിൽ വിദ്യാഭ്യാസ മന്ത്രി ജോസഫ് മുണ്ടശ്ശേരി സംഗീതനാടക അക്കാദമി രൂപീകരണത്തെപ്പറ്റി സംസാരിക്കുകയായിരുന്നു.

പട്ടം താണുപിള്ള സാറിന് അതിന്റെ പൊരുൾ മനസിലായില്ല. നാടക സംബന്ധമായി അദ്ദേഹം ആകെ കേട്ടത് മുമ്പ് 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' നിരോധനത്തെപ്പറ്റി അസംബ്ലിയിൽ നടന്ന അടിയന്തിര പ്രമേയചർച്ചയാണ്. അങ്ങനെ കെ പി എ സിയെ പറ്റിയും കേട്ടിട്ടുണ്ട്. അതുകൊണ്ട് താണുപിള്ള സാർ സ്വാഭാവികമായും ചിന്തിച്ചത് ഇത് കമ്മ്യൂണിസ്റ്റുകാർ അവരുടെ കെ പി എ സി ക്കുവേണ്ടിയും അവരുടെ സംഗീതനാടകത്തിനു വേണ്ടിയും എന്തോ ആനുകൂല്യം ചെയ്യുവാൻ ഉണ്ടാക്കുന്ന ഏർപ്പാടാണ് എന്നാണ്.

ആ ധാരണയോടെ അദ്ദേഹം എണീറ്റ് ഒരു ചോദ്യം.

'പല നല്ല കാര്യങ്ങളും രാജ്യത്തു ചെയ്യാനുണ്ടായിരിക്കെ, എന്തിനാണിപ്പോൾ ഇങ്ങനെയൊരാക്കാദമി?'

മുണ്ടശ്ശേരി മാസ്റ്റർ തിരിച്ചടിച്ചു. 'മിസ്റ്റർ താണുപിള്ളയ്ക്ക് അതു മനസ്സിലാവില്ല ' താണു പിള്ള സാർ വിട്ടില്ല. വീണ്ടും ചോദ്യം.

'നിങ്ങൾക്കങ്ങനെ വേണമെങ്കിൽത്തന്നെ ഈ സംഗീതനാടകത്തിനു മാത്രം എന്തിനക്കാദമി ഉണ്ടാക്കുന്നു? സംഗീതമില്ലാത്ത നാടകമുണ്ടല്ലോ  എന്താണതിന്റെ പേര്?

' ഓർക്കായ്ക കൊണ്ട് അടുത്തിരിക്കുന്ന നാരായണക്കുറുപ്പിനെ നോക്കി.

കുറുപ്പ് തന്റെ നാടക വിജ്ഞാനം പറഞ്ഞുകൊടുത്തു: 'പ്രഹസനം'

താണു പിള്ള സാർ തുടർന്നു:'പ്രഹസനമെങ്കിൽ പ്രഹസനം! അതിനും കൂടി ആകരുതോ ഈ അക്കാദമി? '

തിരുവനന്തപുരത്തെ ചില നായന്മാർ 'പ്രഹസനം' കളിക്കുന്നുണ്ടല്ലോ. അവർക്കും കൂടി ഗുണമാകട്ടെ എന്നതായിരുന്നു സാറിന്റെ മനസ്സിലിരിപ്പ്.

ജോസഫ് മുണ്ടശ്ശേരിയുടെ മുഖത്ത് തികഞ്ഞ പരിഹാസം. ചെറുതായൊന്നു കുലുങ്ങിച്ചിരിച്ചിട്ട് തന്റെ പാണ്ഡിത്യത്തിന്റെ ഔദ്ധത്തോടെ ഇങ്ങനെ പറഞ്ഞു.

'സംഗീതനാടകം, സംഗീതവും   നാടകവും. ദ്വന്ദ്വസമാസമാണിഷ്ടാ.'

എന്നിട്ട്, പിൻബഞ്ചിലിരിക്കുന്ന എന്നെയും (പി)ഗോവിന്ദപ്പിള്ളയെയും (ഇ)ചന്ദ്രശേഖരൻ നായരെയും

(വെളിയം)ഭാർഗവനെയും മറ്റും നോക്കി മാസ്റ്റർ പറഞ്ഞു.

' വിവരം വേണ്ടേ മനുഷ്യന്!'

രണ്ടു വാക്കുകളെ സമാസിച്ച് ഒരു വാക്കാക്കുന്ന വ്യാകരണ പ്രക്രിയയ്ക്കാണ് ദ്വന്ദ്വസമാസം എന്നുപറയുക.അപ്പോൾ സംഗീതനാടകം എന്ന ഒറ്റവാക്കിൽ വ്യവഹരിക്കുന്ന നാടകരൂപത്തിനല്ല, സംഗീതകലയ്ക്കും നാടക കലയ്ക്കും വേണ്ടിയുള്ള അക്കാദമി എന്ന അർത്ഥത്തിലാണ് പ്രസക്തത്തിൽ സംഗീതനാടകം എന്നു പറഞ്ഞിരിക്കുന്നതെന്നാണ് പ്രൊഫ. മുണ്ടശ്ശേരി എം.എ. ക്ലാസ്സിൽ ക്ലാസ്സെടുക്കുന്ന മട്ടിൽ താണുപിള്ള സാറിനെ പഠിപ്പിക്കാൻ ശ്രമിച്ചത്.

താണുപിള്ള സാറിന് ഇതെങ്ങനെ മനസിലാകും? അദ്ദേഹം ഇരുന്നുകൊണ്ടു തന്നെ ദേഷ്യമട്ടിൽ നാരായണ ക്കുറുപ്പിനോട് ചോദിച്ചു.


'എന്തോന്നാ കുറുപ്പേ ഈ വിവരം കെട്ടവൻ പറയുന്നത്?'

മാസ്റ്ററുടെ പറച്ചിൽ കേട്ടും താണുപിള്ള സാറിന്റെ പ്രതികരണം കേട്ടും സഭ ഇളകിച്ചിരിച്ചു.'


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
-----
-----
 Top