24 April Wednesday
ചരിത്രം മറന്ന്‌ മുതലക്കണ്ണീരൊഴുക്കി സതീശൻ

ജനാധിപത്യ ധ്വംസനത്തിന്റെ നാൾവഴി

വെബ് ഡെസ്‌ക്‌Updated: Tuesday Mar 21, 2023

തിരുവനന്തപുരം
എല്ലാ മര്യാദകളും ലംഘിക്കുന്ന അക്രമികൂട്ടമായി അധഃപതിച്ച പ്രതിപക്ഷം, ബജറ്റ്‌ സമ്മേളനത്തിൽ നിയമസഭയിലും പുറത്തും അഴിഞ്ഞാടി.  തല മറന്ന്‌ എണ്ണ തേക്കുകയായിരുന്നു പ്രതിപക്ഷ നേതാവും കൂട്ടാളികളും.

ഫെബ്രുവരി 27
ബജറ്റിലെ അധിക വിഭവ സമാഹരണ നിർദേശങ്ങൾക്കെതിരെ ആരംഭിച്ച ചാവേർസമരം ജനം തള്ളിയതിന്റെ മോഹഭംഗം സഭയിൽതീർത്തു. പ്രതിപക്ഷ നേതാവിന്റെ ഇറങ്ങിപ്പോക്ക്‌ പ്രസംഗത്തിനിടെ അനാവശ്യ പ്രകോപനം സൃഷ്ടിച്ചു. സ്‌പീക്കറുടെ ഡയസ്സ്‌ മറച്ചായിരുന്നു ബഹളം. വേറെ വഴിയില്ലാതെ സഭ പിരിഞ്ഞു.

ഫെബ്രുവരി  28
ലൈഫ്‌ മിഷന്റെ പേരിൽ പച്ചക്കള്ളം അവതരിപ്പിക്കാനുള്ള മാത്യു കുഴൽനാടന്റെ കാപട്യം മുഖ്യമന്ത്രി പൊളിച്ചടുക്കി. നാണംകെട്ട പ്രതിപക്ഷം ഇറങ്ങിപ്പോയി.  

മാർച്ച്‌ ഒന്ന്‌
ഐജിഎസ്‌ടി പിരിവിൽ വീഴ്‌ചയെന്ന അസത്യപ്രചാരണം അവതരിപ്പിക്കാനുള്ള ശ്രമം സ്‌പീക്കർ തടഞ്ഞതിനെത്തുടർന്ന്‌ ബഹളവും ഇറങ്ങിപ്പോക്കുമായി.

മാർച്ച്‌ രണ്ട്‌
കോടതി പരിഗണിക്കുന്ന കെഎസ്‌ആർടിസി ശമ്പള വിതരണവിഷയം അടിയന്തര പ്രമേയ നോട്ടീസായി അവതരിപ്പിക്കാനുള്ള ശ്രമം അനുവദിക്കില്ലെന്ന്‌ സ്‌പീക്കർ അറിയിച്ചു. നടപടികളുമായി സ്‌പീക്കർ മുന്നോട്ടുപോയതോടെ ഗതികെട്ട്‌ ബഹിഷ്‌കരണ നാടകത്തിലൂടെ തടിതപ്പി.  ഏതു രീതിയിലും സഭ സ്‌തംഭിപ്പിക്കുമെന്ന ഭീഷണിയും ഉയർത്തി.

മാർച്ച്‌ 13
ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ മാലിന്യം മനഃപൂർവം പെട്രോൾ ഒഴിച്ച് കത്തിച്ചെന്നായി പ്രതിപക്ഷ നേതാവിന്റെ പെരുംനുണ. അന്വേഷണ പുരോഗതി മന്ത്രി വിശദീകരിച്ചിട്ടും ബഹളം ഒഴിവാക്കാതെ സഭ ബഹിഷ്‌കരിച്ചു.

മാർച്ച്‌ 14
കേരളത്തെ വെല്ലുവിളിച്ച്‌ പ്രതിപക്ഷത്തിന്റെ സമാന്തര സഭാ നാടകം. ചട്ടങ്ങളും കീഴ്‌വഴക്കങ്ങളുമെല്ലാം ലംഘിച്ചു. സ്‌പീക്കറുടെ നിരന്തര അഭ്യർഥനയും അവഗണിച്ചു.  സമരാഭാസത്തിനിടെ സ്‌പീക്കറെ വ്യക്തിപരമായി ആക്ഷേപിക്കുന്ന ബാനറുയർത്തി ഡയസ്സിലേക്ക്‌ ചാടിക്കടക്കാനും ശ്രമിച്ചു.

മാർച്ച്‌ 15
സഭാതലത്തിലും പുറത്തും അഴിഞ്ഞാട്ടം. സ്‌പീക്കറുടെ ഓഫീസ്‌ ഉപരോധിക്കാൻ ശ്രമിച്ചു. ചേംബറിലേക്കെത്തിയ സ്‌പീക്കറെ കൈയേറ്റംചെയ്യാൻ ശ്രമിച്ചത്‌ തടഞ്ഞ വാച്ച്‌ ആൻഡ്‌ വാർഡുമാരെ മർദിച്ചു. വനിതകളടക്കം എട്ടു സുരക്ഷാ ഉദ്യോഗസ്ഥർക്ക്‌ ഗുരുതര പരിക്കേറ്റു. പ്രതിപക്ഷ നേതാവിന്റെ ഭീഷണിക്ക്‌ പിന്നാലെ അഡീഷണൽ ചീഫ്‌ മാർഷലിനെ ചവിട്ടിച്ചതച്ചു. സ്‌പീക്കറെയും മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വ്യക്തിപരമായി ആക്ഷേപിച്ചു. കുടുംബാംഗങ്ങൾക്കുനേരെയും അധിക്ഷേപം.

മാർച്ച്‌ 16
സഭയുടെ ആരംഭത്തിൽതന്നെ പ്രതിപക്ഷ പേക്കൂത്ത്‌ തുടങ്ങി. ചോദ്യോത്തരവേള  മുടക്കി. സർക്കാർ നടപടികൾ പൂർത്തിയാക്കി സഭ പിരിഞ്ഞു. കക്ഷി നേതാക്കളുടെ യോഗത്തിലെ ധാരണയും പ്രതിപക്ഷ നേതാവ്‌ ലംഘിച്ചു.

മാർച്ച്‌ 17
പ്രതിപക്ഷ നേതാവ്‌  ഒരുതരത്തിലും നിയമസഭ നടത്തിക്കില്ലെന്ന്‌ ഭീഷണിപ്പെടുത്തി, ചോദ്യോത്തര വേളയും നടത്താൻ അനുവദിച്ചില്ല.

മാർച്ച്‌ 20
പ്രതിപക്ഷ ആവശ്യങ്ങളെല്ലാം പരിഗണിക്കുമെന്ന്‌ സ്‌പീക്കർ റൂളിങ്ങിലൂടെ ഉറപ്പ് നൽകി. സ്‌പീക്കർ ഇരിപ്പിടത്തിലേക്ക്‌ എത്തിയതോടെ സഭ നടത്തിക്കില്ലെന്ന്‌ പ്രതിപക്ഷ നേതാവ്‌ പ്രഖ്യാപിച്ചു.  അടിയന്തര പ്രമേയങ്ങളെല്ലാം അവതരിപ്പിക്കാൻ അനുമതി വേണമെന്ന ദുർവാശി ആവർത്തിച്ചു.  അനുരഞ്ജന ശ്രമങ്ങൾക്കും വഴങ്ങിയില്ല. കാര്യോപദേശക സമിതി യോഗത്തിലും പങ്കെടുത്തില്ല. തുടർന്ന്‌ സമ്മേളനം അവസാനിപ്പിച്ചു.

മാർച്ച്‌ 21
സഭയുടെ ജനാധിപത്യ അന്തസ്സ്‌ നിലനിർത്താനുള്ള സ്‌പീക്കറുടെയും സർക്കാരിന്റെയും ശ്രമങ്ങളെ തള്ളിയ പ്രതിപക്ഷം സഭാതലത്തിൽ സത്യഗ്രഹവും പ്രഖ്യാപിച്ചു.  പ്രതിപക്ഷം വഴങ്ങാത്തതിനാൽ നിശ്ചയിച്ച നടപടികൾ പൂർത്തിയാക്കാൻ സ്‌പീക്കർ സർക്കാരിന്‌ അനുമതി നൽകി. തുടർന്ന്‌ സഭ അനിശ്ചിതകാലത്തേക്ക്‌ പിരിഞ്ഞു.

ചരിത്രം മറന്ന്‌ മുതലക്കണ്ണീരൊഴുക്കി സതീശൻ
പ്രതിപക്ഷത്തിന്റെ അവകാശത്തെപ്പറ്റിയുള്ള വി ഡി സതീശന്റെ വാ തോരാതെയുള്ള പ്രസംഗം തങ്ങൾ ഭരണപക്ഷത്തിരുന്ന കാലം മറന്ന്‌. വക്കം പുരുഷോത്തമൻ സ്പീക്കറായിരുന്നപ്പോൾ ആദ്യ സമ്മേളത്തിലെ അടിയന്തര പ്രമേയ നോട്ടീസിനുപോലും അനുമതി ലഭിച്ചില്ല.
2001ൽ ആന്റണി മന്ത്രിസഭയിൽ അംഗമായിരുന്ന ചെർക്കളം അബ്ദുള്ളയ്‌ക്ക് കാസർകോട്‌ നൽകിയ സ്വീകരണം ആയുധധാരികളായ ഗുണ്ടകളുടെ അകമ്പടിയോടെയായിരുന്നു. ഈ ചിത്രം സഹിതമാണ് അന്ന്‌ പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് നൽകിയത് . ചെറുവത്തൂരിലും പടന്നയിലും നാദാപുരത്തും ഉദുമയിലുമെല്ലാം ഉണ്ടായ അക്രമങ്ങളെപ്പറ്റിയുള്ള വിഷയത്തിൽ അവതരണാനുമതി നിഷേധിച്ചു. അന്ന്‌ സഭയിലെ തുടക്കക്കാരനായി പിൻബെഞ്ചിൽ വി ഡി സതീശനുമുണ്ടായിരുന്നു.

ഉമ്മൻചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോൾ സോളാർ കേസിന്റെ പശ്ചാത്തലത്തിൽ സഭയിൽ പ്രതിഷേധം കൊടുങ്കാറ്റടിച്ചപ്പോൾ സഭ വെട്ടിച്ചുരുക്കി യുഡിഎഫ്‌ രക്ഷപ്പെടുകയായിരുന്നു. ജൂൺ 17 മുതൽ ജൂലൈ എട്ട്‌ വരെയുള്ള ബിസിനസുകളും ഏഴ് ബില്ലും അപ്പം ചുടുന്ന ലാഘവത്തോടെയാണ്‌ നടത്തിയെടുത്തത്‌. ആ പാരമ്പര്യമുള്ള യുഡിഎഫാണിപ്പോൾ മുതലക്കണ്ണീരൊഴുക്കുന്നത്‌.

വി ഡി സതീശൻ പ്രതിപക്ഷ നേതാവായ ശേഷം ഏതെങ്കിലും വിഷയത്തിൽ ചട്ടപ്രകാരമല്ലാതെ അനുമതി നിഷേധിക്കപ്പെട്ടില്ല. അവതരണാനുമതി നിഷേധിക്കപ്പെട്ടപ്പോൾ ആദ്യ സബ്‌മിഷനായി ഉന്നയിക്കാനും അവസരം നൽകി. സബ്‌മിഷനായി വിഷയമവതരിപ്പിക്കാൻ പ്രതിപക്ഷത്തിന്‌ താൽപ്പര്യമില്ലായിരുന്നു.  മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മറുപടിയല്ല, തന്റെ വാക്കൗട്ട്‌ പ്രസംഗമാണ്‌ വലുതെന്ന സതീശന്റെ തൻപോരിമയാണ്‌ സഭയിലെ പ്രശ്‌നങ്ങളുടെ മൂലകാരണം. ജനങ്ങളെ ബാധിക്കുന്ന സുപ്രധാന പ്രശ്നങ്ങളിൽ‌ മന്ത്രിമാരിൽനിന്ന് ഉത്തരം വാങ്ങാനുള്ള ചോദ്യോത്തര വേള പോലും പ്രതിപക്ഷം തടസ്സപ്പെടുത്തി. സാധാരണ ഗതിയിൽ ഒരു പ്രതിപക്ഷവും ഈ നടപടിക്ക്‌ മുതിരാറില്ല. തുടർച്ചയായി നാലാം ദിവസമാണ്‌ പ്രതിപക്ഷം ചോദ്യോത്തരവേള തടസ്സപ്പെടുത്തിയത്‌.

അടിയന്തര പ്രമേയത്തിന്‌ അവസരം നൽകുന്നില്ലെന്ന്‌ വിലപിക്കുന്ന പ്രതിപക്ഷം ഈ ദിവസങ്ങളിലൊന്നും നോട്ടീസ്‌ അവതരിപ്പിക്കാൻ പോലും തയ്യാറായില്ല. ചൊവ്വാഴ്‌ച കോഴിക്കോട്‌ മെഡിക്കൽ കോളേജിലുണ്ടായ പീഡന വിഷയത്തിൽ കെ കെ രമ നൽകിയ അടിയന്തര പ്രമേയത്തിലും അവതരണത്തിന്‌ കാക്കാതെയാണ്‌ പ്രതിപക്ഷം ചോദ്യോത്തരവേളയിൽ സത്യഗ്രഹം പ്രഖ്യാപിച്ച്‌ കടുത്ത നടപടികളിലേക്ക്‌ വഴിതെളിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top