24 April Wednesday

വരൂ; നമുക്ക്‌ വികസനം പറയാം

വിജേഷ്‌ ചൂടൽUpdated: Wednesday Dec 2, 2020


തിരുവനന്തപുരം
ലോക്‌ഡൗൺ എന്ന വാക്ക്‌ പതിറ്റാണ്ടുകൾക്കുമുമ്പേ പരിചയിച്ചവരാണ്‌ ബോണക്കാട്ടെയും പൊന്മുടിയിലെയും തോട്ടംതൊഴിലാളികൾ. ഫാക്ടറികൾ പൂട്ടി മുതലാളിമാർ പോയപ്പോൾ മലനിരകളിൽ ജീവിതം വഴിമുട്ടി പകച്ചുനിന്നവർ പൊരുതിക്കയറിയത്‌ ചെങ്കൊടിത്തണലിലാണ്‌. കോവിഡിൽ ലോകമാകെ ലോക്‌ഡൗണിനെക്കുറിച്ച്‌ ചർച്ചചെയ്‌തപ്പോഴും അവർക്ക്‌ ആശങ്കയേതുമില്ലായിരുന്നു. കിലോമീറ്ററുകൾ മലകയറി പെൻഷനും ഭക്ഷണ കിറ്റും കൃത്യമായി കൈകളിലെത്തി. ഒപ്പം സൗജന്യറേഷനും.

78 കിലോമീറ്റർ നീളുന്ന ജില്ലയുടെ കടൽത്തീരം ഓഖിയുടെ പ്രഹരത്തിലും തളരാതെ പിടിച്ചുനിൽക്കുന്നത്‌ സർക്കാരിന്റെ കരുതൽകൊണ്ടാണ്‌.  ആദ്യമായി കോവിഡ്‌ സമൂഹവ്യാപനമുണ്ടായ മേഖലകളിൽനിന്ന്‌ തീരമാകെ കവിഞ്ഞ ആശങ്ക നഗരത്തിലേക്കും ആഞ്ഞടിക്കാനൊരുങ്ങിയതാണ്‌. അവിടെയും കൃത്യമായ ഇടപെടലിൽ, പ്രതിരോധത്തിന്റെ വൻമതിലുയർത്തി, സർക്കാരും അതിന്റെ സംവിധാനങ്ങളും.

പ്രാദേശിക വിഷയങ്ങൾക്കൊപ്പമോ, അതിലേറെയോ വികസനത്തിന്റെ രാഷ്‌ട്രീയം ചർച്ചചെയ്‌താണ്‌ തിരുവനന്തപുരം ബൂത്തിലേക്ക്‌ നീങ്ങുന്നത്‌. കഴിക്കൻ മലയോരംമുതൽ പടിഞ്ഞാറൻതീരംവരെ കഴിഞ്ഞതവണത്തെ സമ്പൂർണാധിപത്യം ആവർത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്‌ എൽഡിഎഫ്‌. സംസ്ഥാന സർക്കാരിന്റെ വികസന–-ക്ഷേമ പ്രവർത്തനങ്ങളും തദ്ദേശസ്ഥാപനങ്ങൾ നടപ്പാക്കിയ സമഗ്ര വികസനപദ്ധതികളും തന്നെയാണ്‌ മുഖ്യ പ്രചാരണായുധം. സംസ്ഥാന രൂപീകരണത്തിനുശേഷം തലസ്ഥാന ജില്ലയിൽ ഏറ്റവും വികസനമുണ്ടായ കാലഘട്ടമാണിത്‌.


 

1987ൽ നായനാർ സർക്കാർ സ്ഥാപിച്ച ടെക്‌നോപാർക്കിൽ നാനൂറിലധികം കമ്പനികൾ പതനായിരങ്ങൾക്കാണ്‌ തൊഴിൽ നൽകുന്നത്‌. നാലാംഘട്ട വികസനത്തിന്റെ ഭാഗമായ ടെക്‌നോസിറ്റിയിൽ നിസാൻ, ടെറനെറ്റ്‌ ഉൾപ്പെടെയുള്ള 27 കമ്പനി പ്രവർത്തിക്കുന്നു. ഒന്നരലക്ഷത്തോളം പേർക്കാണ്‌ പ്രത്യക്ഷമായും പരോക്ഷമായും തൊഴിലവസരം. തോന്നയ്‌ക്കലിലെ ദേശീയ വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ട്‌, ലൈഫ്‌ സയൻസ്‌ പാർക്ക്‌, ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ലൈഫ്‌ സയൻസ്‌ ആൻഡ്‌ ടെക്‌നോളജി തുടങ്ങി ശാസ്‌ത്രസാങ്കേതി വൈജ്ഞാനികരംഗത്തെ നിരവധി സ്ഥാപനങ്ങൾ ഇക്കാലയളവിൽ ഉണ്ടായി. കിഫ്‌ബി വഴി 4000 കോടിയോളം രൂപയുടെ വികസനപദ്ധതികളാണ്‌  ജില്ലയിൽ നടപ്പാക്കുന്നത്‌. കഴക്കൂട്ടം–-കാരോട്‌ ബൈപാസ്‌, പ്രാവച്ചമ്പലം–-ബാലരാമപുരം നാലുവരി പാത, കഴക്കൂട്ടം ഫ്‌ളൈ ഓവർ തുടങ്ങിയവയുടെ നിർമാണം തലസ്ഥാനനഗരത്തിന്റെ മുഖച്ഛായതന്നെ മാറ്റും.

വീടുകൾ കടലെടുത്ത മത്സ്യത്തൊഴിലാളികൾക്ക്‌ മുട്ടത്തറയിൽ മൂന്നര ഏക്കറിൽ എട്ട്‌ വീട്‌ വീതമുള്ള 24 ബ്ലോക്ക്‌ റെക്കോഡ്‌ വേഗത്തിലാണ്‌ പൂർത്തിയാക്കിയത്‌. ക്ഷേമപെൻഷൻ മുടങ്ങാതെ വീട്ടിലെത്തിക്കുന്നതും ലൈഫ്‌ ഭവനപദ്ധതിയുമെല്ലാം സർക്കാരിനോട്‌ കക്ഷിരാഷ്‌ട്രീയ ഭേദമെന്യേ ആഭിമുഖ്യം വളർത്തിയിട്ടുണ്ട്‌.

2015ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ 26ൽ 19 സീറ്റും നേടിയാണ്‌ എൽഡിഎഫ്‌ ജില്ലാപഞ്ചായത്ത്‌ ഭരണം പിടിച്ചത്‌. യുഡിഎഫിന്റെ സീറ്റ്‌ 14ൽനിന്ന്‌ ആറായി കുറഞ്ഞു. അഞ്ചുവർഷത്തെ എൽഡിഎഫ്‌ ഭരണം രാജ്യത്തെ ഏറ്റവും മികച്ച ജില്ലാപഞ്ചായത്തുകളിലൊന്നായി തിരുവനന്തപുരത്തെ മാറ്റി.  കോർപറേഷനിൽ വ്യക്തമായ ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും സുസ്ഥിരമായ ഭരണമാണ്‌ അഞ്ചുവർഷവും എൽഡിഎഫ്‌ കാഴ്‌ചവച്ചത്‌. 

ജില്ലയിലെ 11 ബ്ലോക്ക്‌ പഞ്ചായത്തിൽ ഒമ്പതും  73 ഗ്രാമപഞ്ചായത്തിൽ 50 എണ്ണവും ഇടതുപക്ഷത്തുനിന്നു. ജില്ലയിലെ നാല്‌ മുനിസിപ്പാലിറ്റികളും പിടിച്ചടക്കിയാണ്‌ കഴിഞ്ഞതവണ എൽഡിഎഫ്‌ വിജയം സമ്പൂർണമാക്കിയത്‌. ഇവിടങ്ങളിലൊന്നും പതിവായി കേൾക്കുന്ന ഭരണവിരുദ്ധവികാരം ഇക്കുറിയില്ലെന്ന്‌ പ്രതിപക്ഷവും സമ്മതിക്കുന്നു. 90 ശതമാനം സീറ്റിലും സ്ഥാനാർഥിനിർണയം വളരെ നേരത്തേ പൂർത്തിയാക്കാനായത്‌ പ്രചാരണരംഗത്ത്‌ എൽഡിഎഫിന്‌ വ്യക്തമായ മുൻതൂക്കം നൽകി.

ജില്ലാപഞ്ചായത്ത്‌ പാലോട്‌ ഡിവിഷനിൽ യുഡിഎഫിന്‌ റിബൽ സ്ഥാനാർഥിയുണ്ട്‌. വെഞ്ഞറാമൂട്‌ ജില്ലാഡിവിഷനിൽ പ്രചാരണരംഗത്ത്‌ സജീവമായ സ്ഥാനാർഥിയെ പിന്നീട്‌ പിൻവലിപ്പിച്ചു. ചില ഗ്രാമപഞ്ചായത്തുകളിൽ എല്ലാ വാർഡിലും ബിജെപിക്ക്‌ സ്ഥാനാർഥിയില്ലാത്തതും ചർച്ചാവിഷയമാണ്‌. പ്രാദേശികമായി യുഡിഎഫ്‌–-ബിജെപി ധാരണ ചില വാർഡുകളിൽ മറനീക്കി പുറത്തുവന്നിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top