20 April Saturday

ഒഴുകിയെത്തിയ ജീവനുകൾ കോരിയെടുത്ത്‌

എം ഡി വിപിൻദാസ്‌Updated: Monday Oct 18, 2021

പുല്ലുപാറയിലുണ്ടായ ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനം നടത്തിയ കെഎസ്ആർടിസി, സ്വകാര്യ ബസ് ജീവനക്കാരും ടാക്സി ഡ്രൈവർമാരും. മലവെള്ളപ്പാച്ചിലിൽ ഒഴുകി വന്ന വിനോദ സഞ്ചാരികളെ രക്ഷിച്ച കെഎസ്ആർടിസി കണ്ടക്ടർ ജയ്സൺ (വലത്തേയറ്റം)


കട്ടപ്പന
മലവെള്ളപ്പാച്ചിലിൽ ഒഴുകിയെത്തിയ ജീവനുകൾ കോരിയെടുത്ത്‌ കെഎസ്‌ആർടിസി കണ്ടക്ടർ ജയ്‌സൺ. ശനി ഉച്ചയോടെ മുണ്ടക്കയം – കുട്ടിക്കാനം റൂട്ടിൽ പുല്ലുപാറയ്‌ക്ക്‌ സമീപമാണ്‌ ജീവനുകൾ രക്ഷിച്ച്‌ മാതൃകയായത്‌. ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ ഒഴുകിവന്ന ഗുജറാത്ത് സ്വദേശികളായ മൂന്ന് വിനോദ സഞ്ചാരികളെയാണ്‌ ജയ്സന്റെ അവസരോചിതവും ധീരവുമായ പ്രവൃത്തിയിലൂടെ രക്ഷിക്കാനായത്. ഉരുൾപൊട്ടലിൽ വഴി തടസ്സപ്പെട്ടതോടെ കാറിൽനിന്ന്‌ പുറത്തേക്ക്‌ ഇറങ്ങുമ്പോഴായിരുന്നു അത്യാഹിതം. കണയങ്കവയലിൽനിന്ന്‌ പാഞ്ചാലിമേട്‌ വഴി ഏരുമേലിക്ക്‌ 19 യാത്രക്കരുമായി പോവുകയായിരുന്നു ബസ്‌. കെഎസ്ആർടിസി എരുമേലി ഡിപ്പോയിലെ കണ്ടക്ടറാണ് ജയ്സൺ. 

രാവിലെ പത്തോടെ പുല്ലുപാറയിൽ ഉരുൾപൊട്ടി. തുടർന്ന്‌ ബസ്‌ നിർത്തിയിട്ടു. ബസിന്റെ മുന്നിലും പിന്നിലുമായി നിരവധി ചെറുവാഹനങ്ങൾ. അഗ്നിശമനസേന എത്തി ദുരിതാശ്വാസ പ്രവർത്തനം നടത്തുന്നതിനിടെ വീണ്ടും ഉരുൾപൊട്ടൽ. പിന്നിൽക്കിടന്ന വാഹനങ്ങൾ മാറ്റി ബസ് പുറകോട്ട് എടുക്കുന്നതിനിടെ ഉരുൾപൊട്ടി മലവെള്ളവും ചെളിയും ഒഴുകി ബസിനടുത്തേക്ക് എത്തി. അപകടം അധികൃതരെ കാണിക്കാൻ മൊബൈലിൽ ചിത്രീകരിക്കുമ്പോഴാണ്‌ വെള്ളപ്പാച്ചിലിനൊപ്പം കുട്ടിയും മറ്റൊരാളും ഒഴുകിവരുന്നത്‌ ജയ്‌സൺ കണ്ടത്‌. ഉടൻ വാഹനത്തിൽനിന്ന്‌ ചാടി കുട്ടിയെ രക്ഷിക്കുകയായിരുന്നു. തുടർന്ന്‌ കുട്ടിയുടെ അച്ഛനെയും ബസിൽ കയറ്റി. അതിനുശേഷമാണ്‌ കാറിന്‌ അടിയിൽ സ്ത്രീയുടെ കാൽ ഉടക്കിക്കിടക്കുന്നത് കണ്ടത്‌. മറ്റൊരാൾക്കൊപ്പം കാർ പൊക്കി അവരെയും രക്ഷപ്പെടുത്തി ബസിൽ എത്തിച്ചു.  

അവിടെയുണ്ടായിരുന്ന വാഹനങ്ങളിൽ ഏതാണ്ട് നൂറോളം പേരുണ്ടായിരുന്നു. അവരെയെല്ലാം പകൽ രണ്ടുവരെ സുരക്ഷിതമായ വാഹനത്തിൽ കയറ്റിയിരുത്തി. പിന്നീട് ഇവരെ കാൽനടയായി സുരക്ഷിത സ്ഥലങ്ങളിൽ എത്തിച്ചശേഷമാണ് ജയ്സണും ഡ്രൈവർ കെ ടി തോമസും എട്ട്‌ കിലോമീറ്ററോളം നടന്ന് കണയങ്കവയലിൽ എത്തിയത്. മുറിഞ്ഞപുഴയ്‌ക്ക്‌ സമീപം പുല്ലുപാറയിലുണ്ടായ ഉരുൾപൊട്ടൽ ആദ്യം കണ്ടതും തുടക്കം മുതൽ അവസാനം വരെ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടതും ജയ്‌സനും ഡ്രൈവർ കെ ടി തോമസും സ്വകാര്യബസായ തേജസിലെ ജീവനക്കാരും ടാക്സി ഡ്രൈവറുമായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top