28 November Sunday

‘കേരള'പ്പിറവിയുടെ കെഎഎസ്‌

വെബ് ഡെസ്‌ക്‌Updated: Saturday Oct 9, 2021


തിരുവനന്തപുരം
2019ലെ കേരളപ്പിറവിദിനത്തിലാണ്‌ കെഎഎസിനുള്ള വിജ്ഞാപനം പിഎസ്‌സി പുറപ്പെടുവിച്ചത്‌. കൃത്യം രണ്ടുവർഷത്തിനുശേഷം റാങ്ക്‌ പട്ടിക പ്രഖ്യാപിക്കുകയും 2021ലെ കേരളപ്പിറവി ദിനത്തിൽ ഉദ്യോഗാർഥികൾക്ക്‌ നിയമനശുപാർശ  അയക്കാനുള്ള നടപടിയുമായി. കോവിഡ്‌ വ്യാപനത്തിലും പ്രിലിമിനറി, മെയിൻ പരീക്ഷകൾ നടത്താനും അഭിമുഖത്തിലൂടെ അർഹരെ കണ്ടെത്താനും പിഎസ്‌സി സമയബന്ധിതമായി പ്രവർത്തിച്ചു.

ഭരണനിർവഹണരംഗത്ത് രണ്ടാംനിരയായി പ്രവർത്തിക്കാൻ കഴിയുന്ന പ്രൊഫഷണലുകളുടെ സാന്നിധ്യമാണ്‌ കെഎഎസ്‌ ഉറപ്പുവരുത്തുക. വൈദഗ്ധ്യം നിറഞ്ഞ മധ്യനിര പൊതുസേവകരെ (മിഡിൽ ലെവൽ ഓഫീസർ) സൃഷ്ടിക്കൽ, ഉത്തരവാദിത്തബോധവും വൈദഗ്ധ്യവുമുള്ള സർക്കാർ ജീവനക്കാരെ ഉയർന്ന ഭരണച്ചുമതലയിലെത്തിക്കുക, ഐഎഎസിലേക്ക് സംസ്ഥാന സിവിൽ സർവീസിൽ നിന്നുള്ള സ്ഥാനക്കയറ്റം ഉറപ്പാക്കുക തുടങ്ങി കേരളത്തിന്റെ ഭരണനിർവഹണ രംഗങ്ങളിൽ ഉജ്വലമായ മാറ്റത്തിന് കെഎഎസ്‌ വഴിയൊരുക്കും.

2020 ഫെബ്രുവരി 22നും ഡിസംബർ 29നും ആയിരുന്നു പ്രാഥമിക പരീക്ഷ. മുഖ്യപരീക്ഷ 2020 നവംബർ 20, 21, 2021 ജനുവരി 15, 16 ദിവസങ്ങളിൽ നടന്നു. ചുരുക്കപ്പട്ടികയിലെ 582 പേർക്കുള്ള അഭിമുഖം സെപ്‌തംബറിൽ  പൂർത്തിയായി. 30ന്‌ അവസാനിച്ച അഭിമുഖത്തിനുശേഷം എട്ട്‌ ദിവസത്തിനുള്ളിൽ റാങ്ക്‌ പട്ടിക പ്രഖ്യാപിച്ചു. മൂന്നു സ്ട്രീമിലായി 35 പേർക്കുവീതമാണ്‌ നിയമനശുപാർശ നൽകുക. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്‌ ഇൻ ഗവൺമെന്റിൽ 18 മാസത്തെ പരിശീലനത്തിനു ശേഷമാകും നിയമനം. 


വിരാമം ആറുപതിറ്റാണ്ടിന്റെ കാത്തിരിപ്പിന്‌ : മുഖ്യമന്ത്രി
കെഎഎസ്‌ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരെയും സമയബന്ധിതമായി റാങ്ക്‌ പട്ടിക തയ്യാറാക്കിയ പിഎസ്‌സിയെയും മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിച്ചു. ആറു പതിറ്റാണ്ടിന്റെ കാത്തിരിപ്പിനു വിരാമമിട്ടാണ്‌ ആദ്യ റാങ്ക് പട്ടിക വെള്ളിയാഴ്‌ച  പ്രസിദ്ധീകരിച്ചത്‌. സാമൂഹ്യപ്രതിബദ്ധത ഉയർത്തിപ്പിടിച്ച് ഏറ്റവും മികച്ച രീതിയിൽ എല്ലാവർക്കും പ്രവർത്തിക്കാൻ സാധിക്കട്ടെയെന്ന്‌ മുഖ്യമന്ത്രി ആശംസിച്ചു. 

കോവിഡ് പ്രതിസന്ധിക്കിടയിലും മികച്ച രീതിയിൽ പരീക്ഷ നടത്താനും  കാലതാമസമില്ലാതെ ഫലം പ്രഖ്യാപിക്കാനും പിഎസ്‌സിക്ക് സാധിച്ചത്‌ അഭിമാന നേട്ടമാണെന്നും- മുഖ്യമന്ത്രി ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top