04 August Tuesday

പുതിയ ഭൂമി പുതിയ സൂര്യന്‍

ജോജി കൂട്ടുമ്മേല്‍Updated: Thursday Jul 9, 2020


മൂവായിരം പ്രകാശവർ‍ഷങ്ങൾക്കപ്പുറത്ത് ഒരു പുതിയ ആകാശവും പുതിയ ഭൂമിയും. 2‌,83.824ന് ശേഷം പതിനൊന്ന് പൂജ്യങ്ങൾ ചേർക്കുന്ന സംഖ്യ സങ്കൽപ്പിക്കുക. അത്രയും കിലോമീറ്റർ വരും മൂവായിരം പ്രകാശവർഷം. ജർമനിയിലെ മാക്സ്പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോളാർ സിസ്റ്റം റിസർച്ച് കഴിഞ്ഞമാസമാദ്യം പുറത്തുവിട്ട ഏറ്റവും പുതിയ ശാസ്ത്രവാർത്ത. ഭൂമിയിൽനിന്ന് മൂവായിരം പ്രകാശവർഷങ്ങൾക്കകലെ ഒരു സൂര്യനുണ്ട്. പേര് കെപ്ലർ 160. അത് പുതിയ സൂര്യനൊന്നുമല്ല ഒരു ചുവപ്പ് കുള്ളൻ നക്ഷത്രം. മുമ്പേ തന്നെ കെപ്ലർ ബഹിരാകാശ ടെലസ്‌കോപ്പ്‌ കണ്ടെത്തിയ നക്ഷത്രമാണത്. സൂര്യനെ പോലെ അതിനൊരു ഭൂമിയുമുണ്ട്. ഭൂമിയും പുതിയതല്ല പക്ഷേ, നാമിപ്പോഴാണ് അത് കണ്ടെത്തുന്നത്. അവിടെ ഭൂമിയിലെപ്പോലെ ജീവനുണ്ടോ? അല്ലെങ്കിൽ ഉണ്ടാവാൻ സാധ്യതയുണ്ടോ?

മൂന്നല്ല, നാല്‌ ഗ്രഹം
ഈ പുതിയ നക്ഷത്രത്തിന്‌ മൂന്നു ഗ്രഹങ്ങളുണ്ട് എന്നാണ് നേരത്തെ കരുതിയിരുന്നത്. എന്നാൽ, മാക്സ്പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകനായ ഡോ.റിനെ ഹെല്ലറും സംഘവും നാലാമതൊരു ഗ്രഹം കൂടി ഉണ്ടെന്നാണ്‌ പറയുന്നത്‌. ‌കെഒഐ(KOI)-456.04 എന്നാണ് ഗവേഷകർ ഇതിനെ പട്ടികപ്പെടുത്തിയിരിക്കുന്നത്. കെപ്ലർ ഒബ്ജക്ട് ഓഫ് ഇന്ററസ്റ്റ് എന്നതിന്റെ ചുരുക്കമാണ് കെഒഐ.

കെപ്ലർ ടെലസ്‌കോപ്പ് നിരീക്ഷിക്കുന്ന ഒന്നര ലക്ഷത്തോളം നക്ഷത്രങ്ങൾ ഉൾക്കൊള്ളുന്ന ഒരു പട്ടികയാണിത്. എളുപ്പം മനസ്സിലാക്കാൻ ഈ പുതിയ ഗ്രഹത്തിന് ഒരു പേര് നല്കിയിട്ടുണ്ട്. കെപ്ലർ 160 ഇ (160 e). സൗരയൂഥത്തിന് പുറത്തുള്ള ഗ്രഹങ്ങൾക്ക് പേരുകൾ നല്കുന്ന അന്താരാഷ്ട്ര ആസ്ട്രോണമിക്കൽ യൂണിയൻ ആണ് ഈ നാമകരണം നടത്തിയത്‌. കെപ്ലർ 160 എന്നാണ് നക്ഷത്രത്തിന്റെ പേര് എന്ന് നേരത്തെ പറഞ്ഞു. എന്നാൽ, നക്ഷത്രവും അതിന്റെ ഗ്രഹങ്ങളും അടങ്ങുന്ന ഗ്രഹവ്യവസ്ഥയൊന്നാകെ പരിഗണിക്കുമ്പോൾ ആതിഥേയ നക്ഷത്രത്തെ 160 എ (160 a) എന്ന് വിളിക്കും. തുടർന്ന് 160ബി എന്ന് അതിന്റെ ആദ്യത്തെ ഗ്രഹം അറിയപ്പെടും.160 ഇ എന്ന് നാലാമത്തെ ഗ്രഹത്തിന് പേര്. അപ്പോൾ ഒരു ആതിഥേയ നക്ഷത്രവും അതിനെ പരിക്രമണം ചെയ്യുന്ന നാല് ഗ്രഹങ്ങളും അടങ്ങുന്ന ഗ്രഹവ്യവസ്ഥയാണ് പുതിയ ആകാശവും പുതിയ ഭൂമിയുമായി അറിയപ്പെടുന്നത്‌.


 

സൗരയൂഥത്തിന് പുറത്ത് ഗ്രഹങ്ങൾ കണ്ടെത്തുന്നത് പുതിയ കാര്യമൊന്നുമല്ല. സൂര്യൻ ഉൾപ്പെടുന്ന ക്ഷീരപഥം എന്ന നക്ഷത്രകുടുംബത്തിൽ തന്നെ ഇരുനൂറ് ബില്യൺ നക്ഷത്രങ്ങളുള്ളതായി കണക്ക്‌. ഇവയിൽ നാലിലൊന്നെങ്കിലും സൂര്യസമാനമായ നക്ഷത്രങ്ങളാണ്. സൂര്യസമാനമായ നക്ഷത്രങ്ങളിൽ അഞ്ചിലൊന്നിനും ഭൗമസമാനമായ ഗ്രഹങ്ങളുമുണ്ട് എന്നാണ് ഗവേഷകരുടെ നിഗമനം. എന്താണ് ഭൗമസമാനമായ ഗ്രഹം എന്നതുകൊണ്ട് അർഥമാക്കുന്നത്? വരട്ടെ, അതുപറയുന്നതിന് മുമ്പ് മറ്റ് ചില കണക്കുകൾ കൂടി അറിയണം.

പതിനൊന്നുമുതൽ നാൽപ്പതുവരെ ബില്യൺ ഭൗമസമാന ഗ്രഹങ്ങൾ ഉണ്ടാകാനുള്ള സാധ്യതയാണ് ഇപ്പോൾ ശാസ്ത്രലോകം മുന്നോട്ട് വയ്‌ക്കുന്നത്‌. ഇതൊരനുമാനം മാത്രമാണ്. യഥാർഥത്തിൽ വസ്തുനിഷ്ഠമായി കണ്ടെത്തിയ ഇത്തരം ഗ്രഹങ്ങളുടെ എണ്ണം നാലായിരത്തിന് മുകളിലേ വരൂ. ഇവയെ നമ്മുടെ ഭീമൻ ടെലസ്‌കോപ്പുകൾ കണ്ടിട്ടുണ്ട് എന്നർഥം.

ഭൂമിക്ക് ഒരു മിറർ ഇമേജ്

ഇപ്പോൾ കണ്ടെത്തിയ  കെപ്ലർ ഗ്രഹവ്യവസ്ഥയുടെ സവിശേഷതകൾ എന്താണ്?നക്ഷത്രവും അതിന്റെ നാലാമത്തെ ഗ്രഹവും തമ്മിലുള്ള ബന്ധം വളരെ സവിശേഷതയാർന്നതാണ്. ഇവയെ സൂര്യനും ഭൂമിയുമായി താരതമ്യം ചെയ്യാം. സൂര്യന്റെയും ഭൂമിയുടെയും കണ്ണാടി പ്രതിബിംബം പോലെയാണിവ എന്നാണ് ഗവേഷകർ പറയുന്നത്. ഈ നക്ഷത്രത്തിന്റെ ആരം സൂര്യന്റെ ആരത്തിനേക്കാൾ അൽപ്പം കൂടി മാത്രം ദൈർഘ്യമുള്ളതാണ്. അതുപോലെ ഉപരിതല  ഊഷ്മാവ് സൗരോപരിതലത്തിലെ ഊഷ്മാവിൽനിന്ന് അൽപ്പംമാത്രം കുറവും. ഗ്രഹത്തിന്‌ ഭൂമിയുടെ ഇരട്ടിയിൽ താഴെ വലിപ്പമുണ്ട്‌. ഈ 378 ദിവസമാണ്‌ ഭ്രമണ കാലാവധി. 365 ദിവസമാണ്‌ നമ്മുടെ ഭൂമിക്ക്‌ സൂര്യനെ ചുറ്റാൻ വേണ്ടിവരുന്നത്‌.

വേറെയുമുണ്ട് സാമ്യങ്ങൾ. നക്ഷത്രവും ഗ്രഹവും തമ്മിലുള്ള അകലം സൂര്യനും ഭൂമിയും തമ്മിലുള്ള അകലത്തിന് ഏകദേശം തുല്യമാണ്. സൂര്യനിൽനിന്ന് ഭൂമിയിൽ പതിക്കുന്ന പ്രകാശത്തിന്റെ 93 ശതമാനം  അളവിലുള്ള പ്രകാശം കെപ്ലർ നക്ഷത്രത്തിൽനിന്ന് കെപ്ലർ 160 ഗ്രഹത്തിൽ ലഭിക്കുന്നു. ഭൂമിയും സൂര്യനും തമ്മിലുള്ള ബന്ധത്തിന് ഏതാണ്ട് തുല്യമായ ബന്ധമാണ് ഈ രണ്ട് ഗോളങ്ങൾ തമ്മിലുള്ളത്.
അവിടെ ജീവന്റെ സാന്നിധ്യം  ഉണ്ടോ
സൂര്യനും ഭൂമിയും തമ്മിലുള്ള ബന്ധത്തിന് സമാനമാണ് കെപ്ലർ ഗ്രഹ വ്യവസ്ഥയുടെ സ്ഥിതിയെങ്കിൽ ഭൂമിയിലെപ്പോലെ അവിടെയും ജീവൻ ഉണ്ടാവേണ്ടതാണ്. എന്നാൽ, ഇതു സംബന്ധിച്ച്‌ ഇനിയും ഗവേഷണങ്ങൾ നടക്കേണ്ടതുണ്ട്‌.  കെപ്ലർ 160 വ്യവസ്ഥയെക്കുറിച്ച് നാസ മുമ്പേ തന്നെ ശേഖരിച്ചിട്ടുള്ള വിവരങ്ങൾ തന്നെയാണ് പുതിയ കണ്ടെത്തലിലിലേക്ക്‌ എത്തിച്ചത്‌. പഴയ ഡാറ്റ കുറച്ചുകൂടി സൂക്ഷ്മമായ വിശകലനത്തിന് വിധേയമാക്കിയപ്പോൾ പുതിയ നിഗമനങ്ങൾ കൂടി ഉരുത്തിരിഞ്ഞു.

ജയിംസ് വെബ്ബും പ്ലേറ്റോയും വരുന്നു
നിലവിൽ ലഭ്യമായ വിവരങ്ങളെ അടിസ്ഥാനമാക്കി കൂടുതൽ വിശദമായ പഠനം വേണം. ഇങ്ങനെയൊരു പഠനത്തിനൊരുങ്ങുകയാണ് ശാസ്ത്രലോകം. ഈ ചുമതല ഇനി വരാൻ പോകുന്ന രണ്ട് ബഹിരാകാശ ദൗത്യങ്ങൾ നിർവഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒന്ന് നാസയുടെ ജയിംസ് വെബ്ബ് സ്പേസ് ടെലസ്‌കോപ്പ് ആണ്. ഇത് ഹബ്ബിൾ ടെലസ്‌കോപ്പിന്റെ പിൻഗാമിയാണ്‌. (വാനശാസ്ത്രജ്ഞനാണ് ജയിംസ് ഇ വെബ്ബിന്റെ  സ്മരണയ്ക്കാണ് പുതിയ ടെലസ്‌കോപ്പിന് ഈ പേര് നൽകിയത്)‌.  ഹബ്ബിളിനേക്കാൾ കൂടുതൽ ആകാശക്കാഴ്ചകൾ പുതിയ ടെലസ്‌കോപ്പ് നല്കുമെന്ന് പ്രതീക്ഷിക്കുന്നു. അടുത്ത മാർച്ചിനുശേഷമായിരിക്കും വിക്ഷേപണം. രണ്ടാമത്തേത് യൂറോപ്യൻ സ്പേസ് ഏജൻസിയുടെ പ്ലേറ്റോ(Planetary Transits and Oscillations of stars)സ്പേസ് ടെലസ്‌കോപ്പ് ആണ്. 2024ൽ ആയിരിക്കും  വിക്ഷേപണം. പുതിയ രണ്ട് ബഹിരാകാശ ദൗത്യങ്ങൾ ചേർന്ന് പ്രകാശവർ‍ഷങ്ങൾക്കപ്പുറത്ത് നിലനിൽക്കുന്നതായി കരുതുന്ന പുതിയ സൂര്യന്റെയും പുതിയ ഭൂമിയുടെയും
രഹസ്യങ്ങൾ പുറത്തുകൊണ്ടു വരുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top