27 April Saturday

വിശ്വാസത്തിന്റെ ‘അന്ധ’ർധാരകൾ...കെ ഇ എൻ കുഞ്ഞഹമ്മദ് എഴുതുന്നു

കെ ഇ എൻUpdated: Thursday Jan 19, 2023

സ്വാതന്ത്ര്യലബ്ധി വേളയിൽ ജവഹർലാൽ നെഹ്‌റുവും നേതാക്കളും പൂജാരിമാർക്കൊപ്പം

ചരിത്രബോധത്തിന്റെയും ശാസ്ത്രബോധത്തിന്റെയും രാഷ്ട്രീയ പ്രബുദ്ധതയുടെയും അഭാവത്തിലാണ്, അന്ധവിശ്വാസങ്ങൾ കൊഴുക്കുന്നത്. അതിജീവനത്തിനുവേണ്ടി പ്രാചീന സമൂഹങ്ങളിൽ നിലനിന്ന അന്ധവിശ്വാസങ്ങളും, അധികാര സാമ്പത്തിക ലാഭങ്ങൾക്കുവേണ്ടി മുമ്പും ഇന്നും നടക്കുന്ന അന്ധവിശ്വാസങ്ങളും അന്ധവിശ്വാസങ്ങൾ തന്നെയാണ്...


ഒന്ന്

കെ ഇ എൻ

കെ ഇ എൻ

അടിമ‐ഉടമ സമൂഹത്തിൽ നിലനിന്ന മർദനവും, വിവേചനവും പ്രത്യക്ഷമായിരുന്നു. എന്നിട്ടുപോലും ‘അടിമകൾക്ക് ആ മർദനവും വിവേചനവും തിരിച്ചറിയാൻ, എത്രയോ പതിറ്റാണ്ടുകൾ വേണ്ടിവന്നു. മർദകരെപ്പോലെ മർദിതരും, ‘വിധി’യും നാട്ടുനടപ്പുമായിട്ടാണ്, ‘അടിമസമ്പ്രദായത്തെ’ സ്വാംശീകരിച്ചത്. ‘ഉടമ’കളായിരിക്കുന്നതിൽ അസ്വസ്ഥത അനുഭവിക്കേണ്ട എന്തെങ്കിലുമുള്ളതായി ഉടമകൾക്കോ അടിമയായിരിക്കുന്നതിൽ അവമാനമനുഭവിക്കേണ്ട എന്തെങ്കിലും ഉള്ളതായി അടിമകൾക്കോ അനുഭവപ്പെടാത്തവിധമുള്ള ‘ഒരാശയാന്തരീക്ഷ’മാണ്, പൊതുവിൽ അന്ന് നിലനിന്നുപോന്നത്. ഉടമകൾ ‘അടിമകൾക്ക്’ നേരെ നടത്തിയ സമാനതകളില്ലാത്ത ശാരീരിക മർദനങ്ങൾ, അതേൽക്കുന്ന വ്യക്തികളുടെ കുറ്റമായി, അവരും മറ്റുള്ളവരും കാണാനിടയായത്, അദൃശ്യമെങ്കിലും ഏതർഥത്തിലും അജയ്യമായിരുന്ന ‘ഉടമ‐അടിമാ’ ബന്ധത്തെ നിർവചിച്ച ഒരാശയലോകത്തിന്റെ മേൽക്കോയ്മ, അത്രമേൽ ശക്തമായിരുന്നതുകൊണ്ടാണ്.
കെ കെ മുഹമ്മദിന്റെ പെയിന്റിങ്‌-ഫോട്ടോ: ബിജു ഇബ്രാഹിം

കെ കെ മുഹമ്മദിന്റെ പെയിന്റിങ്‌-ഫോട്ടോ: ബിജു ഇബ്രാഹിം

അടിമത്തം തകർന്നത്, അടിമകൾക്ക് അനുഭവിക്കേണ്ടിവന്ന ശാരീരികാക്രമങ്ങളുടെ തീവ്രത കൊണ്ടല്ല, മറിച്ച് ആ അടിമത്തത്തെ നിലനിർത്തിയ അധികാരവ്യവസ്ഥയെ അട്ടിമറിക്കുംവിധം, സാമൂഹ്യക്രമങ്ങൾക്കകത്തും പുറത്തും നാനാവിധത്തിലുള്ള വൈരുധ്യങ്ങൾ വളർന്നുവന്നതുകൊണ്ടാണ്.

അത്തരമൊരു പ്രക്രിയക്ക് ഊർജം പകരുംവിധം അടിമത്തവിരുദ്ധ ആശയങ്ങൾ, സ്വയം പ്രവർത്തിച്ചപ്പോഴാവണം, പഴയ അടിമസമൂഹങ്ങളിൽ, ആ സാമൂഹ്യക്രമത്തിന്റെ അടിത്തറ പൊളിച്ച ‘സ്പാർടക്കസുമാർ’ ഉയർന്നുവന്നത്.

സ്പാർടക്കസ്‌ കരുത്തുറ്റ ഒരു ശരീരമെന്നപോല, അത്രതന്നെ തിരിച്ചറിയപ്പെടാതെപോയ ഒരാശയസംഹിത കൂടിയായിരുന്നു. ഞരക്കവും ദീർഘനിശ്വാസവും നിലവിളിയും നിർമിച്ചെടുത്ത, ഒരു പക്ഷേ പീഡിതരായ അടിമകൾക്കുപോലും സ്വയം തിരിച്ചറിയാൻ കഴിയാതെപോയ, ചിതറിയതും നിസ്സഹായവുമായ അവരുടെ പ്രതികരണങ്ങൾ തന്നെയാവണം, പിന്നീട് തങ്ങളെ പീഡിപ്പിക്കുന്ന ഉടമകൾക്കെതിരെയുള്ള മഹാപ്രക്ഷോഭമായി മാറിയത്.

സാമൂഹ്യവൈരുധ്യങ്ങൾ രൂപംനൽകുന്ന ആശയങ്ങളാണ് വിമോചനപ്രവർത്തനങ്ങളുടെ മൂർച്ചയേറിയ ആയുധങ്ങളായി മാറുന്നത്. അതുകൊണ്ടാണ് ‘സ്പാർടക്കസ്‌’ തോറ്റിട്ടും, ജയിച്ചത്. നിരവധി അടിമകലാപങ്ങൾ അടിച്ചമർത്തപ്പെട്ടിട്ടും ‘അടിമത്തവ്യവസ്ഥ’ അതിജീവിക്കാനാവാതെ തകർന്നുപോയത്, ആ വ്യവസ്ഥക്കകത്ത് രൂപപ്പെട്ട, ആ വ്യവസ്ഥക്കുതന്നെയും അന്യമായ ‘ബദൽ ആശയങ്ങളുടെ’ കൂടി പ്രവർത്തന ഫലമായിട്ടാണ്.

ഉടമകളുടെ നെഞ്ച് തുളച്ചുകയറിയ, അടിമകളെറിഞ്ഞ കുന്തത്തിന്റെ കൂർപ്പിനെക്കാൾ, അടിമത്ത വ്യവസ്ഥയെ പരിഭ്രാന്തമാക്കിയത് ആ വ്യവസ്ഥക്കെതിരെ വളർന്നുകഴിഞ്ഞ ആശയങ്ങളുടെ കരുത്താണ്. ‘ആശയങ്ങളുടെ കിടങ്ങ് കല്ല് കിടങ്ങിനേക്കാൾ കരുത്തേറിയതാണ്’ എന്ന് മാർടി.

കല്ല് കിടങ്ങ് മണ്ണിട്ട് തൂർക്കാൻ പറ്റും, മർദകർക്ക് മർദിതരിൽനിന്ന് ആയുധങ്ങൾ പിടിച്ചെടുക്കാൻ പറ്റും, അധികാരികൾക്ക് ജനതയെ പലവിധത്തിൽ ശിക്ഷിക്കാൻ കഴിയും, അവർക്ക് സമരങ്ങളെ തകർക്കാൻകഴിയും, പക്ഷേ ആശയങ്ങളുടെ കിടങ്ങ് പൂർണമായും തൂർക്കാൻ കഴിയില്ല. അതിന് നിലവിലുള്ള മണ്ണ് മതിയാവില്ല! എത്ര മണ്ണിട്ട് മൂടിയാലും, ഏതെങ്കിലുമൊരു പഴുതിൽ, എവിടെയെങ്കിലുമത് മുളച്ചുവരും. കാരാഗൃഹങ്ങളുടെ മരുപ്പറമ്പുകളിൽപ്പോ ലും!

ജീവിതത്തെ നിറപ്പകിട്ടുള്ളതാക്കി മാറ്റുന്ന ആദർശങ്ങളും സങ്കൽപ്പങ്ങളും മൂല്യങ്ങളുമെല്ലാം മുളക്കുന്നത് ആശയങ്ങളുടെ മണ്ണിനും ആകാശത്തിനുമിടയിലാണ്. ആശയലോകം നിർജീവമാകുന്ന മുറക്ക്‌ ആദർശങ്ങളും മൂല്യങ്ങളും നിറംകെട്ട് നിർവീര്യമാകും. ദീർഘകാലാടിസ്ഥാനത്തിൽ മനുഷ്യരാശി നേരിടാൻ പോകുന്ന വലിയൊരു പ്രതിസന്ധിയായി ‘മൂല്യനിരാസം’ മാറും!

സത്യത്തിൽ ഒന്നിനുപിറകെ മറ്റൊന്നായി ജനാധിപത്യസമരങ്ങൾ പരാജയപ്പെടുമ്പോഴെന്നതിനേക്കാളേറെ, ആ സമരങ്ങളെ സാധ്യമാക്കുന്ന ആശയങ്ങൾതന്നെ പരാജയപ്പെടുത്തപ്പെടുമ്പോഴാണ് സമരശക്തികൾ പരിഭ്രാന്തരാവേണ്ടത്.

രായബേട്ടാളൻ എന്ന രാജാവിന്റെ ‘മായാരണ്യം’ എന്ന രാജ്യത്ത് അകപ്പെട്ട ചന്ദ്രധരൻ എന്ന രാജാവ്, രായബേട്ടാളന്റെ അടിമയായി തീർന്ന നാടോടിക്കഥ ‘ജ്വലിക്കുന്ന പാദങ്ങൾ’ എന്ന സാംസ്കാരികവിമർശഗ്രന്ഥത്തിൽ ഡി ആർ നാഗരാജ് ഓർമിപ്പിച്ചതിനെ ‘ആശയജീവിത’സംവാദപശ്ചാത്തലത്തിലേക്കും ചേർത്തുവെക്കാനാവും! മായാരണ്യത്തിൽ കടക്കുന്നതോടെ ആർക്കും അവരുടെ ഓർമകൾ മുഴുവനും നഷ്ടമാവും.

അങ്ങനെയാണ് മായാരണ്യത്തിൽ കടന്ന ചന്ദ്രധരൻ എന്ന രാജാവ്, താനൊരു രാജാവാണെന്നതുപോലും മറന്ന് രായബേട്ടാളന്റെ അടിമയായത്. അതുപോലെ ആശയങ്ങൾ ഇരമ്പുന്ന ജീവിതം മറന്ന് കോർപറേറ്റ് വിപണിക്കും, നവഫാസിസ്റ്റ് വംശീയതക്കും കീഴടങ്ങുമ്പോഴാണ്, അങ്ങനെ സ്മൃതിനാശം നിമിത്തം കൈവന്ന പുതിയ ആശയമുക്തജീവിതം യഥാർഥ ജീവിതമായി കൊണ്ടാടുമ്പോഴാണ്, ഒരു ജനതയുടെ സാംസ്കാരിക മരണം സംഭവിക്കുന്നത്.

ആധുനിക നരബലികൾ, മേൽ വിശദമാക്കിയ ആശയ‐മുക്ത സൃഷ്ടിയായ സാംസ്കാരിക മരണങ്ങളുടെ ആഘോഷങ്ങൾ കൂടിയാണ്. നാടുവാഴിത്ത കാലത്തെ നരബലികളെ വിശകലന സൗകര്യത്തിനുവേണ്ടി രണ്ടായി വിഭജിക്കാവുന്നതാണ്. ഒന്ന് നാടുവാഴിത്താധികാരം സ്വന്തം താല്പര്യം സംരക്ഷിക്കാനും, അധികാരം ദൃഢപ്പെടുത്താനും നടത്തിയത്. നിധി കിട്ടാൻ, പാലം ഉറപ്പിക്കാൻ, പ്രകൃതിദുരന്തങ്ങൾക്ക് തടയിടാൻവേണ്ടി നിർവഹിച്ച പലതരം നരമേധങ്ങൾ അതിൽപ്പെടും.

രണ്ടാമത്തേത് നാടിന്റെ മുഴുവൻ രക്ഷക്കുവേണ്ടിയോ, അഗാധമായ സ്വയം ബോധ്യങ്ങളുടെ ഭാഗമായോ നടക്കുന്ന ബലികളാണ്. എൻ വി കൃഷ്ണവാരിയരുടെ ‘ഒരു പഴയപാട്ട്’, ഇടശ്ശേരിയുടെ ‘കാവിലെ പാട്ട്’ പി ടി അബ്ദുറഹിമാന്റെ, ‘ഉടനെ കഴുത്തെന്റേതറുക്കൂ ബാപ്പ’ എന്നീ കവിതകൾ ഇതിൽപ്പെടും. ‘ബലിയല്ല, കരുണയാണ്’ കാലം ആവശ്യപ്പെടുന്നതെന്ന സന്ദേശമാണ്, കവിതകൾക്ക് സഹജമായ സംഘർഷങ്ങളിലൂടെ മേൽച്ചൊന്ന കൃതികൾ മൂന്നും ആവിഷ്കരിക്കുന്നത്.

രക്തദാഹിയായ ഭദ്രകാളിയുടെ മുമ്പിൽ ബലിക്കുള്ള ‘ഉരു’വായി ഉറയുന്ന എൻ വിയുടെ രാജകുമാരിയും, സ്വന്തം കഴുത്ത് വെട്ടി ദേവിയുടെ രക്തദാഹം തീർക്കുന്ന ഇടശ്ശേരിയുടെ കുമാരനും, ‘ഉടനെ കഴുത്തെന്റേതറുക്ക് ബാപ്പ / ഉടയോൻ തുണയുണ്ട് നമുക്ക് ബാപ്പാ…’ എന്നിങ്ങനെ സ്വന്തം ബലിയെ പ്രോത്സാഹിപ്പിക്കുന്ന പി ടി അബ്ദുറഹിമാന്റെ മകനും, പഴയകാലത്തിലെ അഗാധവിശ്വാസസമർപ്പണത്തെയാണ് വ്യത്യസ്തവിധത്തിൽ പ്രതിനിധീകരിക്കുന്നത്! ഒടുവിൽ ഇസ്മായിലിന്റെ ബലി നടക്കാതിരിന്നിട്ടുകൂടി, പ്രശസ്ത ഇസ്ലാമിക ചിന്തകനായ അലി ശരീഅത്തി ‘അതൊരു സ്വപ്നമായിരുന്നെങ്കിൽ’ എന്നാഗ്രഹിച്ചുപോകുന്നുണ്ട്.

എന്നാൽ

 ഷൂസെ സരമാഗു

ഷൂസെ സരമാഗു

ഷൂസെ സരമാഗു ആ ബലിയാവശ്യത്തിന്റെ പേരിൽ സാക്ഷാൽ ദൈവത്തെത്തന്നെ വിമർശന കുരിശിലേറ്റുന്നുണ്ട്. മകനെ ബലിയായി ആവശ്യപ്പെട്ട രക്തദാഹിയായ ദൈവത്തോട് പ്രവാചകനായ അബ്രഹാം വേണ്ടവിധം പ്രതികരിച്ചില്ലെന്ന രൂക്ഷ വിമർശമാണ് സരമാഗു ‘കായേൻ’ എന്ന നോവലിൽ ആവിഷ്കരിച്ചിരിക്കുന്നത്.

‘… ഒടേ തമ്പുരാൻ അബ്രഹാമിനോട് കൽപ്പിച്ചത് അവന്റെ സ്വന്തം മകനെ ബലികൊടുക്കുവാൻ തന്നെയാണ്. അതും ദാഹം തീർക്കാൻ ഒരു ഗ്ലാസ് വെള്ളം കുടിക്കാൻ ചോദിക്കുന്നത്ര ലാഘവത്തോടെ! അതിന്റെ അർഥമെന്തെന്നുവച്ചാൽ അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം അത് അത്രക്ക്‌ ആഴത്തിലുറച്ചുപോയ ഒരു ശീലം മാത്രമാണ്.

അതിന്ന് അബ്രഹാമിന് കൊടുക്കാമായിരുന്ന യുക്തിസഹവും സ്വാഭാവികവും കേവലം മാനുഷികവുമായ മറുപടി, ‘പോയി പണിനോക്കെടോ’ എന്നായിരുന്നു’.

അന്ന്, സരമാഗു പറഞ്ഞ അതേ വാക്യംതന്നെയാണ് ‘നരബലി’യോട് വിശ്വാസികളടക്കം എല്ലാ മലയാളികളും ഇപ്പോൾ പറയുന്നത്. മുരത്ത പിന്തിരിപ്പൻ മൂരാച്ചികളിൽ ഒരാൾക്കുപോലും പഴയ നരബലി മാതൃകാ വിശ്വാസങ്ങൾക്ക് അനുകൂലമായി ഒരു വാക്കുപോലും ഉച്ചരിക്കാനാവാത്തവിധം ഇന്ന് നമ്മുടെ സാംസ്കാരികബോധം ഉയർന്നുകഴിഞ്ഞിരിക്കുന്നു. നമ്മുടെ സങ്കൽപ്പങ്ങളിൽപ്പോലും ‘ചോരകാഴ്ചക്കൊതി’ മുമ്പെന്നപോലെ ഇപ്പോൾ കാണാനില്ല.

അലി ശരീഅത്തി

അലി ശരീഅത്തി

ഇന്ന് അനുഷ്ഠാനങ്ങളിൽ ഉപയോഗിക്കുന്ന ‘കുരുതി വെള്ള’ത്തിനുപകരം, മുമ്പ് ശരിക്കുള്ള രക്തം തന്നെയായിരുന്നു ഉപയോഗിച്ചിരുന്നതെന്ന് കരുതപ്പെടുന്നു. ‘ജന്തുബലിയും മാംസഭക്ഷണവും’ പ്രചാരത്തിലിരുന്ന കാലത്ത് രക്തത്തിന് ക്ഷാമമുണ്ടാവാനിടയില്ല. ‘നരബലി’യും ചില യാഗങ്ങളുടെ ചടങ്ങായി പ്രസ്താവിച്ചുകാണുന്നുണ്ടല്ലോ. കൂടാതെ ദേവതാപ്രീതിക്ക്, ‘കുരുതി’ ഒഴിച്ചുകൂടാത്ത ഒരെണ്ണവുമാണ്… കുരുതി എന്ന വാക്കിന് ചോരയെന്നും അർഥമുണ്ട്. (കേരളത്തിലെ കാളിസേവ‐ ചേലനാട്ട് അച്യുതമേനോൻ).

യുദ്ധവും വംശഹത്യകളുമടക്കം ചോരചിന്തുന്ന പലതരം ക്രൂരതകളും ഇല്ലാതായിട്ടില്ലെങ്കിലും, പഴയപോലെ ചോരകുടിക്കലും അതിൽത്തന്നെ കുളിക്കുകയും ചെയ്യുന്ന ക്രൂരപതിവുകൾ ഇല്ലാതായി! മഹാഭാരതയുദ്ധത്തിൽ, ‘പെരുവെള്ളംപോലെ വരുന്ന’ ദുശ്ശാസനരക്തം, ‘ഒരു തുള്ളിപോലും പുറത്തുപോകാതെ’, ഭീമൻ കുടിക്കുന്നതരം കാഴ്ചകളിപ്പോൾ ജനായത്തസങ്കൽപ്പങ്ങൾക്കുപോലും തീകൊളുത്തും! ഭാവന ഭൂതകാല കൊലരക്തക്കാഴ്ചകളിൽനിന്ന് ‘ബ്ലഡ്ബാങ്കി’ലേക്ക് കുതിച്ചൊരു വർത്തമാന കാലമാണ്, പത്തനംതിട്ടയിലെ ഇലന്തൂരിൽ മുഹമ്മദ്ഷാഫി ഭഗവൽസിങ് ലൈല കൂട്ടുകെട്ടിൽ നടന്ന നരബലിയിൽ കീഴ്മേൽ മറിക്കപ്പെട്ടിരിക്കുന്നത്.

നാടുവാഴിത്തത്തിന്റെ അവശിഷ്ടങ്ങളെക്കാളേറെ, ‘ആധുനിക മൂലധന ഭീകര’കാലത്തിന്റെ മുദ്രകളാണാ നരഹത്യയിൽ തെളിയുന്നത്. പുതിയതരത്തിലുള്ള അന്ധവിശ്വാസ ഭീകരതകൾ അപഗ്രഥിക്കുമ്പോൾ, ജ്യോത്സ്യം, മന്ത്രവാദം, ലഹരി, ആർത്തി അരാഷ്ട്രീയത എന്നിങ്ങനെ വേർതിരിച്ചുകാണാവുന്ന, ‘പഞ്ചദുഷ്ടശക്തികളുടെ’ സംയുക്ത പ്രവർത്തനം അതിൽ കൃത്യം കണ്ടെത്താൻ കഴിയും! ഒറ്റക്കൊറ്റക്കിരിക്കുമ്പോൾ ഇവയിൽ പലതും നിഷ്ക്രിയ അന്ധവിശ്വാസങ്ങളായിരിക്കെ; ഒന്നിച്ചുകൂടുമ്പോഴിവ ഭീകരസ്വഭാവമാർജിക്കും. ഇതിൽത്തന്നെ, ആഗോളവൽക്കരണം എന്ന വ്യാജപേരിൽ പ്രശസ്തമായ ‘മൂലധനഭീകരത’ കൊഴുപ്പിച്ച ‘ആർത്തി’യാണ്, ഒന്നാം പ്രതി!

ആർത്തി ലോകം മുടിക്കും എന്ന മുന്നറിയിപ്പാണ് മതവും കലയും തത്വചിന്തയും, രാഷ്ട്ര വ്യവസ്ഥകളും മുമ്പ് സൃഷ്ടിച്ചത്. എന്നാൽ 1980കൾക്കുശേഷം ‘ആർത്തിക്ക്’ അനുകൂലമായ ഭൗതിക ആശയ പരിസരങ്ങൾ ശക്തിപ്പെടുകയായിരുന്നു. എന്തിന് ജനക്ഷേമ സാക്ഷാൽക്കാരമെന്നനിലയിൽ തിളങ്ങിയ ജനായത്തത്തിന്റെപോലും സത്ത ലാഭമുണ്ടാക്കാനുള്ള ശ്രമമാണെന്ന്, ജീവിതപുസ്തകങ്ങളിൽ എഴുതിച്ചേർക്കപ്പെട്ടു! വിരുദ്ധമെന്ന് പ്രത്യക്ഷത്തിൽ തോന്നാവുന്ന, എന്നാൽ പരസ്പര പൂരകമായ ‘യുക്തിയും’  ‘അയുക്തിയും’  ‘നവലിബറൽ’ എന്നറിയപ്പെടുന്ന മൂലധന സർവാധിപത്യത്തിന്നകത്ത്, അതോടെ ഒത്തുചേരുകയായിരുന്നു.

ഉൽപ്പാദനം, അധികാരവ്യവസ്ഥ എന്നിവ കർക്കശമായ യുക്തിക്രമത്തിന്നകത്തുനിന്നുകൊണ്ടുതന്നെ ഉപഭോഗത്തെയും, സാമൂഹ്യബോധങ്ങളുടെ വ്യത്യസ്ത രൂപങ്ങളെയും യുക്തിപൂർവം ‘അയുക്തികത’യുടെ അന്തരീക്ഷത്തിലേക്ക് തള്ളിയിട്ടു! ‘ആർത്തി ശ്രേഷ്ഠമാണ്, അതൊരു ശീലമാക്കുക’ എന്നത് പുതിയ കാലഘട്ടത്തിലെ മൂലധന മന്ത്രമായി മാറി. അബോധവന്യതകളുടെ ആദർശവൽക്കരണം, ‘എന്തും അനുവദനീയം’ എന്ന ഒരവസ്ഥക്ക് ആകർഷകത്വം പകർന്നു. ചില ‘കൾട്ടുകളിൽ’ മാത്രം പരിമിതപ്പെട്ടിരുന്ന എന്തു ക്രൂരതകളും അനുവദനീയമായി കണ്ട പഴയ ‘ഗുഹ്യസമാജതന്ത്ര’ങ്ങളുടെ ബഹുജനപ്പതിപ്പുകൾ, പുതിയ വർണങ്ങളിൽ പുറത്തിറങ്ങി.

സാമ്പത്തിക ഉദാരീകരണം, ‘സംസ്കാരത്തെ സാധ്യമാക്കുന്ന സർവ നിയന്ത്രണങ്ങളെയും’ മ്യൂസിയം പീസുകളാക്കുന്നതിൽ ഉത്സുകമായി. തുടർന്ന് ‘സമൂഹം’  , സാമൂഹ്യബോധം എന്നിവ ശല്യവും, വ്യക്തിമാത്രം മഹത്വമുള്ളതുമായി! അതോടൊപ്പം പഴയ ലാഭം മാനവികമൂല്യങ്ങളെ വിഴുങ്ങുന്ന അതിലാഭവുമായി. യുക്തിയുടെകൂടി പ്രവർത്തനകേന്ദ്രമായിരുന്ന ‘വിപണി’, അയുക്തികതകളുടെ കൂടെ സ്വപ്നവേദിയായി.

‘ഞാൻ വിപണിക്കുന്നു, അതുകൊണ്ട് ഞാനുണ്ട്’ എന്ന് ജീവിതത്തിന് തത്വചിന്താതലത്തിൽ അടിവര ചാർത്തപ്പെട്ടു! ജീവിക്കുന്നതെന്തിന് എന്നതിന്ന് സൗഹൃദപ്പെടാൻ എന്നതിനുപകരം വിപണിപ്പെടാൻ എന്നായി ഉത്തരം. സാധ്യതകൾ വർധിപ്പിക്കുന്ന, ശാസ്ത്ര‐സാങ്കേതിക വിദ്യകൾക്കൊപ്പം മതിഭ്രമം മാത്രം ഇരട്ടിപ്പിക്കുന്ന നാനാതരം കാമമോഹനയന്ത്രങ്ങൾ, ധനവർധന, കുബേർകുഞ്ച്, നാഗമാണിക്യങ്ങൾ കൂടി ജീവിതത്തിലേക്ക് ഇടിച്ചുകയറി. ‘യന്ത്രം’ എന്ന വാക്കിന്റെ ദൃഢപ്പെട്ട പഴയ അർഥംതന്നെ പതുക്കെ മാറി, ‘പോര’  ‘മതി’ എന്ന ആഗ്രഹഭേദരണ്ടറ്റങ്ങളുടെ വൈരുധ്യാത്മക ഐക്യം പൊളിഞ്ഞു.

ഭ്രാന്തമായ ഉപഭോഗാസക്തി, ആഡംബരത്തിനുമപ്പുറം ഒരാർത്തിമാത്രമായി! ഒരന്ധവിശ്വാസമായിരിക്കെ, ‘സാന്ത്വനം’കൂടിയായിരുന്ന ജ്യോത്സ്യവും മന്ത്രവാദവും അതോടെ കുരുതികൾക്ക് കൂട്ടായി. തടസ്സങ്ങൾ നീക്കുന്നതിന്നു പകരം, തടസ്സമുണ്ടാക്കുന്നവരായി ‘സങ്കൽപ്പിക്കപ്പെടുന്നവരെ’ തട്ടിക്കളയാൻവരെ കല്പിക്കാൻ ജ്യോത്സ്യ‐മന്ത്രവാദി‐അരാഷ്ട്രീയ കൂട്ടുകെട്ട് കരുത്താർജിച്ചു. ബോധത്തെ ‘മരവിപ്പിക്കുന്ന’ ലഹരിയിൽ അന്ധവിശ്വാസ നടത്തിപ്പുകാരും, ഇരകളും പരസ്പര താൽപ്പര്യ വൈരുധ്യം തിരിച്ചറിയാതെ കോരിത്തരിച്ചു.

രണ്ട്

 

ജാതിമേൽക്കോയ്മയെ മഹത്വപ്പെടുത്തുന്ന നിരവധി സിദ്ധാന്തങ്ങളുണ്ട്. അതിലൊന്നാണ്, ‘ഓറസിദ്ധാന്തം’. അതനുസരിച്ച് സർവ മനുഷ്യരുടെയും കാണപ്പെടുന്ന ‘പുറംശരീരത്തിനു’ പുറമെ, കാണപ്പെടാത്ത ഒരദൃശ്യശരീരം ഒരു പ്രഭാവലയംപോലെ പൊങ്ങിക്കിടക്കുന്നുണ്ട്. അതാണ് ഓറ!

ജാതിമേൽക്കോയ്മയെ മഹത്വപ്പെടുത്തുന്ന നിരവധി സിദ്ധാന്തങ്ങളുണ്ട്. അതിലൊന്നാണ്, ‘ഓറസിദ്ധാന്തം’. അതനുസരിച്ച് സർവ മനുഷ്യരുടെയും കാണപ്പെടുന്ന ‘പുറംശരീരത്തിനു’ പുറമെ, കാണപ്പെടാത്ത ഒരദൃശ്യശരീരം ഒരു പ്രഭാവലയംപോലെ പൊങ്ങിക്കിടക്കുന്നുണ്ട്. അതാണ് ഓറ! ഒരാളുടെ പ്രകൃതം ധാർമികബലം, സ്വഭാവം എന്നിവ ഉൾക്കൊള്ളുന്ന ‘സത്ത’യുടെ സംഗ്രഹമാണ് ‘ഓറ’.

രണ്ടുപേർ കണ്ടുമുട്ടുമ്പോൾ അവരുടെ ഓറകളും പരസ്പരം കൂട്ടിമുട്ടും! അവരിൽ ഒരാൾ ധാർമികബലമുള്ളവനും അപരൻ ധാർമികബലം കുറഞ്ഞവനുമാണെങ്കിൽ, കുറഞ്ഞവന്റെ ‘ഓറ’, കൂടിയവന്റെ ഓറയിൽ ഇടിച്ചുകയറും. അതോടെ ‘ധാർമികബലമുള്ളവൻ’ നശിക്കും! അത്തരമൊരപകടം ഒഴിവാക്കാനാണത്രേ ‘ശുദ്ധനായ ബ്രാഹ്മണൻ’ അധമജാതിക്കാരെ ഒഴിഞ്ഞുപോവുന്നത്! ഒച്ചാട്ടും എറിഞ്ഞടിയും മുങ്ങിക്കുളിയുമെല്ലാം ‘ഓറ’ സംരക്ഷണ ഉരുപ്പടികളാണ്! സാധാരണഗതിയിൽ ഉള്ളവരുടെ സാന്നിധ്യം ഇല്ലാത്തവർക്ക് ഊർജം പകരുകയാണ് വേണ്ടത്.

എന്നാൽ ‘ജാതി ഓറ’ ലവൽ വേറെയാണ്! നല്ല ‘ഓറ’ ഇല്ലാത്തവർ നല്ലത് ഉള്ളവരെ കീഴ്പ്പെടുത്തുന്ന ജാലവിദ്യയാണ് ഓറ സമ്പർക്കത്തിൽ സംഭവിക്കുന്നത്.

ജർമനിയിൽ ജൂതപീഡനം അസഹനീയമായ അവസ്ഥയിലെത്തിയപ്പോൾ, നാസി ഭക്തർക്കിടയിൽത്തന്നെയുള്ള ഒരു ‘പാവം’ മനുഷ്യൻ ജൂതരും മനുഷ്യരല്ലേ എന്ന് ചോദിച്ചപ്പോൾ, അതിനോട് പ്രതികരിച്ചുകൊണ്ട് അന്ന് ഗീബൽസ് പറഞ്ഞത്, അവർ മനുഷ്യരല്ല, ജീർണതയുടെ പ്രതിരൂപങ്ങളായ പിശാചുക്കളാണ് എന്നായിരുന്നു! സർവരും മനുഷ്യരല്ലേ എന്ന ഇതേ ചോദ്യത്തിന് ഗീബൽസ് ജനിക്കുന്നതിനും മുമ്പ്, ഇന്ത്യൻ നവോത്ഥാനചിന്തകനും സാമൂഹ്യപരിഷ്കർത്താവുമായിരുന്ന സ്വാമി ദയാനന്ദ സരസ്വതി പറഞ്ഞത്, ‘ചണ്ഡാളന്റെ ശരീരം ദുർഗന്ധപരമായ അണുക്കളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു.

ബ്രാഹ്മണാദി ജാതികളുടെ ശരീരം അങ്ങനെയുള്ളതല്ല’ എന്നത്രെ! ‘മാംസഭുക്കുകളും മദ്യപന്മാരും പശുഹിംസകരുമായ വിദേശികൾ എന്നുമുതൽ ഈ നാട്ടിൽവന്ന് നാടുവാഴ്ച തുടങ്ങിയോ, അന്നുമുതൽ ആര്യന്മാരുടെ ദുഃഖം വർധിച്ചുകൊണ്ടിരിക്കുകയാണ്’ എന്നും പ്രശസ്തമായ ‘സത്യാർത്ഥ പ്രകാശ്’ എന്ന സ്വന്തം ക്ലാസിക് കൃതിയിൽ അദ്ദേഹം എഴുതിയിട്ടുണ്ട്.

ഇത്രയും സംക്ഷിപ്തമായി സൂചിപ്പിക്കുന്നത് ‘ജാതിമേൽക്കോയ്മ’ എന്ന മാരക അന്ധവിശ്വാസത്തെ മറിച്ചിടുകയും മറികടക്കുകയും ചെയ്യാതെ ഇന്ത്യക്ക് ‘ആധുനിക ജീവിതത്തിലേക്ക്’ കടക്കുക അസാധ്യമാണെന്ന് വ്യക്തമാക്കാനാണ്.

‘മതമേതായാലും മനുഷ്യൻ നന്നായാൽ മതി’ എന്നുപറഞ്ഞ ഗുരു ‘ജാതി ഏതായാലും മനുഷ്യൻ നന്നായാൽ മതി’ എന്നുപറയാതിരുന്നത്, അതിനെ നിർമൂലനം ചെയ്യുകയല്ലാതെ, പരിഷ്കരിച്ച് നന്നാക്കാൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ്.

‘മതമേതായാലും മനുഷ്യൻ നന്നായാൽ മതി’ എന്നുപറഞ്ഞ ഗുരു ‘ജാതി ഏതായാലും മനുഷ്യൻ നന്നായാൽ മതി’ എന്നുപറയാതിരുന്നത്, അതിനെ നിർമൂലനം ചെയ്യുകയല്ലാതെ, പരിഷ്കരിച്ച് നന്നാക്കാൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ്.

അംബേദ്കർ ജാതിമേൽക്കോയ്മയുടെ ഭരണഘടനയായ ആ മനുസ്മൃതി കത്തിച്ചതും അതുകൊണ്ടാണ്. അപരനിർമിതിയുടെ സ്രോതസ്സായ ജാതിവ്യവസ്ഥിതിയെയാണ് ജ്യോതിബഫൂലെ, അംബേദ്കർ, അയോത്തിദാസ്, ഇ വി ആർ, ‘ബസവാചാര്യർ’, പൊയ്കയിൽ അപ്പച്ചൻ, അയ്യങ്കാളി, പണ്ഡിറ്റ് കറുപ്പൻ, പാമ്പാടി ജോൺജോസഫ്, വേലുക്കുട്ടി അരയൻ, കാവാരിക്കുളം കണ്ടൻ കുമാരൻ തുടങ്ങിയവർ തുറന്നുകാട്ടിയത്. മുഗളന്മാരടക്കമുള്ള പ്രബല രാജവംശങ്ങളും ബ്രിട്ടീഷ് സാമ്രാജ്യത്വവും, ഒരു വലിയ പരിധിവരെ സ്വാതന്ത്ര്യാനന്തര ഇന്ത്യൻ ഭരണകൂടവും, ജാതിമേൽക്കോയ്മയുമായി സന്ധിചെയ്യുകയാണുണ്ടായത്.

‘ഇന്ത്യ’ സ്വന്തം വരുതിയിൽ നിൽക്കുമെന്നുറപ്പുള്ള സന്ദർഭത്തിലാണ്, ജാതികേന്ദ്രിത‐ ‘സതി’യടക്കമുള്ള അന്ധവിശ്വാസഭീകരതകൾ അവസാനിപ്പിക്കാൻ, സാമൂഹിക പരിഷ്കർത്താവായ രാജാറാം മോഹൻ റോയിയുടെ ‘സഹായത്തോടെ’ ബ്രിട്ടീഷുകാർ തയ്യാറായത്.

രാജാറാം മോഹൻ റോയി

രാജാറാം മോഹൻ റോയി

എന്നാൽ ‘അവികസിതമായ’, 1857ലെ ഒന്നാം സ്വാതന്ത്ര്യസമരം സൃഷ്ടിച്ച സംഭ്രമം നിമിത്തം, മുമ്പേ നിർവഹിച്ച പരിമിതമായ ജാതിപരിഷ്കരണ ശ്രമങ്ങളിൽ നിന്നവർ പിറകോട്ടുപോയി! ഇനിമുതൽ ഇന്ത്യാക്കാരുടെ ജാത്യാചാരങ്ങളിൽ തങ്ങൾ ഇടപെടുകയില്ലെന്ന, 1858ലെ വിക്ടോറിയാ രാജ്ഞിയുടെ വിളംബരം ഇന്ത്യൻ സവർണതയുടെ വൻവിജയമായി തീർന്നു! ജാതിയെന്നാൽ നിലവിലുള്ള അനവധി ജാതികളുടെ ഒരവിയൽ സമാഹാരമാണെന്ന മിഥ്യ സൃഷ്ടിക്കുന്നതിൽ ജാതിമേൽക്കോയ്മക്കൊപ്പം, സാമ്രാജ്യത്വമടക്കമുള്ള എല്ലാ അധികാരസ്ഥാപനങ്ങളും സ്വന്തം പങ്ക് നിർലോഭം നൽകിയിട്ടുണ്ട്.

ഇന്നും ‘യുക്തിചിന്തകരിൽ’ ചിലർ, ‘ജാതി’യെ കാണുന്നത് ജാതിമേൽക്കോയ്മാ പ്രത്യയശാസ്ത്രം കൃത്രിമമായി സൃഷ്ടിച്ച ജാതിപരിപ്രേക്ഷ്യത്തിലാണ്. അതനുസരിച്ച് ജാതിയെന്നത് നമ്പൂതിരി മുതൽ നായാടിവരെയുള്ള നിരവധി ‘നിഷ്കളങ്ക’ ജാതിക്കൂട്ടങ്ങളാണ്. എന്നാൽ യാഥാർഥ്യം, ‘ജാതിമേൽക്കോയ്മ’യുടെ സുഗമമായ അസ്തിത്വവും അധികാരവും നിലനിർത്താൻ, അതിന്റെതന്നെ നേതൃത്വത്തിൽ നിർമിക്കപ്പെട്ടതാണ്, അനവധിയായ ജാതികൾ എന്ന വസ്തുതയാണ്.

സാമൂഹ്യജീവിതത്തിന്റെ ആകാശത്തിൽ സ്വതന്ത്രമായി പറക്കുന്നതെന്ന പ്രതീതി സൃഷ്ടിക്കുന്ന ജാതിപട്ടങ്ങളെയെല്ലാം, ഭൂമിയിലിരുന്ന് അദൃശ്യമായി നിയന്ത്രിക്കുന്നത് ബ്രാഹ്മണിക് ജാതിപ്രത്യയശാസ്ത്രമാണ്. അവർ സാമൂഹ്യജീവിതത്തിന്റെ അന്തരീക്ഷമാകെ മലിനമാക്കിയതുകൊണ്ട്, അതിനോട് എതിരിടുന്നവർക്കുപോലും അതിൽനിന്നും പുറത്തുകടക്കുക അത്ര എളുപ്പമല്ല.

മതത്തിൽനിന്നും പുറത്തുകടക്കുന്നത്ര എളുപ്പമല്ല, ജാതിയിൽനിന്നും പുറത്തുകടക്കൽ! മതംമാറിയതിന്റെ പേരിലുള്ള പലതരം കലഹങ്ങൾ പത്രവാർത്തകളിൽ നിറയുമ്പോൾ, ‘ജാതിമാറിയതിന്റെ’ പേരിലുള്ള കോലാഹലങ്ങൾ, അതുകൊണ്ടാണ് ആവിധം കാണാത്തത്.

മതംമാറ്റം പ്രത്യക്ഷത്തിൽ തിരിച്ചറിയാൻ കഴിയുംവിധം പ്രകടമാവുമ്പോൾ, ജാതിസംബന്ധമായ സൂക്ഷ്മതകൾ ആവിധം തിരിച്ചറിയാൻ പ്രയാസമാണ്! പ്രത്യേകിച്ച് ആരും ‘പഠിപ്പിക്കാതെ’ തന്നെ, ജാതിസ്വയം പരിശീലിക്കപ്പെടുന്നതിനാൽ! ജാതിയോട് എതിരിടുന്ന വിവിധ മതങ്ങളിലേക്കും, എന്തിന് മതരഹിത വ്യക്തികളിലേക്കുംവരെ ഇടിച്ചുകയറാനുള്ള അതിന്റെ കഴിവിന് സമകാല ഇന്ത്യൻ ജീവിതം സാക്ഷ്യം വഹിക്കും. ഇന്ത്യൻ പശ്ചാത്തലത്തിൽ പലപ്പോഴും ജാതിയാണ് പ്രാഥമിക വളർത്തൽ കേന്ദ്രം! അതുകഴിഞ്ഞാണ് മതമടക്കം മറ്റുള്ളതെല്ലാം ജീവിതത്തിലേക്ക് പതുക്കെ കടന്നെത്തുന്നത്.

‘റോമൻ നിയമം അടിമയെ വ്യക്തിയായി കണ്ടില്ല. പക്ഷേ റോമിലെ മതം ആ തത്വം സ്വീകരിച്ചില്ല. ഇന്ത്യയിൽ രണ്ടും തമ്മിൽ അപാരപൊരുത്തം’ എന്ന് അംബേദ്കർ! അതുകൊണ്ടാണ് ‘അയിത്തം’ അടിമത്തത്തേക്കാൾ മാരകമാവുന്നത്. അയിത്തത്തിന്നെതിരെയുള്ള ജനായത്ത പ്രതിരോധത്തെയും മിഷനറി പ്രവർത്തനങ്ങളെയും, ‘ഈച്ച പൂച്ച നായ നസ്രാണി ഇവർക്ക് അയിത്തമില്ല’ എന്ന പരിഹാസത്തോടെയാണ് ജാതിമേൽക്കോയ്മ മുമ്പ് എതിരിട്ടിത്.

കൊളോണിയൽ കാലത്തെ ഇന്ത്യയിലെ അയിത്ത വിഭാഗക്കാർ

കൊളോണിയൽ കാലത്തെ ഇന്ത്യയിലെ അയിത്ത വിഭാഗക്കാർ

ഇതൊക്കെ പണ്ടല്ലെ എന്ന് ചോദിക്കുന്നവർ ഇന്ത്യൻ അനുഭവം ആവർത്തിച്ച് അടിവരയിടുന്ന പ്രത്യക്ഷ‐പരോക്ഷ ജാതിപീഡനചരിത്രം പൂഴ്ത്തിവെക്കുന്നവരാണ്.

‘ജാതിവെറിയിൽനിന്ന് പ്രസിഡന്റിന് രക്ഷയില്ല’ എന്ന നടുക്കുന്ന വാർത്ത, അത്രവലിയ നടുക്കമൊന്നും ഉണ്ടാക്കാതെ ‘റിപ്പോർട്ട്’ ചെയ്യപ്പെട്ടത് 2018 ജൂൺ 27നാണ്. അതായത് രാഷ്ട്രമാകെ ഇളകിമറിയേണ്ടിയിരുന്ന, എന്നാൽ വെറും ഇലയനക്കങ്ങളിൽ ഒതുങ്ങിയ ആ സംഭവം നടന്നത് പത്രവാർത്ത അച്ചടിച്ചുവന്നതിനും മൂന്നുമാസം മുമ്പാണ്! 2018 മാർച്ച് പതിനെട്ടിന് നടന്ന ആ സംഭവം പറയത്തക്ക യാതൊരു കോളിളക്കവുമുണ്ടാക്കാതെ കടന്നുപോയത്‌, നാം ജീവിക്കുന്നത്, ‘ജാതിമേൽക്കോയ്മ’ ഇന്ത്യയിലായതുകൊണ്ടുമാത്രമാണ്.

ഇന്ത്യയുടെ ആദരണീയനായ പ്രസിഡന്റിനും പത്നിക്കും, ഒഡിഷയിലെ അതിപ്രശസ്തമായ പുരി ശങ്കരാചാര്യക്ഷേത്രത്തിലുണ്ടായ അനുഭവം, ഇന്ത്യയിൽ മജിസ്ട്രേറ്റിനും മുകളിലാണ് പുരോഹിതൻ എന്ന് മുമ്പ് അംബേദ്കർ പറഞ്ഞതിനെ ഒരിക്കൽകൂടി അടിവരയിടുകയായിരുന്നു!

മുൻ പ്രസിഡന്റും ഇന്ത്യയുടെ എക്കാലത്തെയും അഭിമാനവുമായ കെ ആർ നാരായണന്റെ പേരിലുള്ള കോട്ടയത്തെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്നുകൊണ്ടിരിക്കുന്ന ‘ജാതിപീഡനം’ പ്രബുദ്ധകേരളത്തിന് അവമാനമാണ്.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം, നിരവധി സാമൂഹ്യമാറ്റങ്ങൾക്കുശേഷവും, ‘ജാതിമേൽക്കോയ്മ’ തന്നെയാണ് ഏറ്റവും വലിയ അന്ധവിശ്വാസം! യാതനാനിർഭരമായ സാമ്രാജ്യത്വവിരുദ്ധ സമരത്തിലൂടെ നേടിയ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ‘മുഹൂർത്തം’ നിർണയിച്ചത്, പ്രസ്തുത സ്വാതന്ത്ര്യസമരത്തിൽ ഒരു പങ്കും വഹിക്കാതിരുന്ന ബ്രാഹ്മണജ്യോത്സ്യന്മാരാണ്!

ഇന്ത്യയെ സംബന്ധിച്ചിടത്തോളം, നിരവധി സാമൂഹ്യമാറ്റങ്ങൾക്കുശേഷവും, ‘ജാതിമേൽക്കോയ്മ’ തന്നെയാണ് ഏറ്റവും വലിയ അന്ധവിശ്വാസം! യാതനാനിർഭരമായ സാമ്രാജ്യത്വവിരുദ്ധ സമരത്തിലൂടെ നേടിയ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ‘മുഹൂർത്തം’ നിർണയിച്ചത്, പ്രസ്തുത സ്വാതന്ത്ര്യസമരത്തിൽ ഒരു പങ്കും വഹിക്കാതിരുന്ന ബ്രാഹ്മണജ്യോത്സ്യന്മാരാണ്! അന്ധവിശ്വാസങ്ങളോട് അങ്ങേയറ്റം എതിർപ്പ് പരസ്യമായി പ്രകടിപ്പിച്ച പണ്ഡിറ്റ് നെഹ്റുവിന് ‘സ്വന്തം കാര്യത്തിൽപ്പോലും’ ജാതിമേൽക്കോയ്മാ അന്ധവിശ്വാസത്തെ, അതിജീവിക്കാൻ കഴിഞ്ഞില്ല! തഞ്ചാവൂരിൽനിന്ന് വന്ന വിശിഷ്ടരായ ബ്രാഹ്മണ പുരോഹിതന്മാരുടെ നിർദേശാനുസരണം ചമ്രം പടിഞ്ഞ്, എല്ലാവിധ പൂജാദികർമങ്ങൾക്കും സ്വന്തം മനഃസാക്ഷിയെപ്പോലും നിന്ദിച്ച് ‘യുക്തിവാദി’യായ നെഹ്റുവിന് ഇരുന്ന് കൊടുക്കേണ്ടിവന്നു.

ബ്രിട്ടീഷാധികാരത്തിനുമുമ്പിൽ ധീരമായി ഉയർത്തിപ്പിടിച്ച ആ ശിരസ്സ്, പൗരോഹിത്യാധികാരത്തിനു മുമ്പിൽ കുനിഞ്ഞു. പിന്നീടിങ്ങോട്ട് ഒരു കുറ്റബോധവും ജാള്യതയും കൂടാതെ എല്ലാ സർക്കാർ പരിപാടികളിലും ‘ജാതിമേൽക്കോയ്മാ’ ചടങ്ങുകൾ മതേതര ഇന്ത്യയിൽ സ്ഥിരം പതിവുകളായി! നാനാത്വത്തിൽ ഏകത്വം നിലനിൽക്കെതന്നെ, ‘സ്വയംഭൂ’ വിഗ്രഹങ്ങൾ ഇന്ത്യയുടെ രാഷ്ട്രീയഭൂപടം തിരുത്തി! ദൈവത്തെപ്പോലും വോട്ടിനിട്ട് തോൽപ്പിച്ച് രൂപംകൊണ്ട ഭരണഘടനയിൽ ‘മതംപോയാലും ജാതിപോവില്ലെന്ന്’ തെളിയിച്ചുകൊണ്ട് ‘പശു’മാത്രം ഇടംകണ്ടെത്തി. ഭൂമിപൂജയും, ‘വാസ്തുവും’, ബാധ ഒഴിപ്പിക്കലും, വിഘ്നം തീർക്കലും, ഔദ്യോഗികമുദ്രയുള്ള ‘മുഖ്യധാരാസംസ്കാരത്തിന്റെ’ അനിവാര്യഭാഗമായി. കപ്പൽ കടലിലിറക്കുമ്പോഴും, റോക്കറ്റ് വിക്ഷേപിക്കുമ്പോഴും, ശാസ്ത്രപരീക്ഷണങ്ങൾ നടക്കുമ്പോഴും, ജാതിമേൽക്കോയ്മാ ആചാരങ്ങൾക്കുമുമ്പിൽ മതനിരപേക്ഷരാഷ്ട്രം മുട്ടുകുത്തി.

മൂന്ന്

‘തന്റെ ജാതിക്ക് തീകൊടുക്കുന്നതാരായാലും അവനെന്റെ സഖാവാണ്’ എന്ന് സാക്ഷ്യപ്പെടുത്തി ഭക്തിപ്രസ്ഥാന നായകനായ കബീർ! ‘ക്രിസ്തുമതത്തിനും മുതലാളിത്തത്തിനും ഉള്ളതിനേക്കാൾ ഇരട്ടി സാമ്യം ക്രിസ്തുമതവും കമ്യൂണിസവും തമ്മിലുണ്ട്.’ എന്ന് വിശദമാക്കി ഫിഡൽ കാസ്ട്രോ! പറഞ്ഞുവരുന്നത്, മതത്തോട് സൈദ്ധാന്തികമായും അതിന്റെ പ്രയോഗങ്ങളിൽ പലതുമായും വിയോജിക്കുന്നവർപോലും, അതിനെ പ്രശംസിക്കുന്നത്, അതിലിപ്പോഴും

ഫിഡൽ കാസ്ട്രോ

ഫിഡൽ കാസ്ട്രോ

മാനവികതത്വങ്ങൾ പ്രവർത്തിക്കുന്നതുകൊണ്ടാണ്. എല്ലാ മതങ്ങളിലും ധാരാളം അസംബന്ധങ്ങളുണ്ടെന്ന് കണ്ടെത്തിയ ശ്രീനാരായണഗുരു പറഞ്ഞത്, മനുഷ്യർക്ക് ഊർദ്ധമുഖത്വം നൽകാനുള്ള ഉത്തരവാദിത്വം മാത്രമേ മതങ്ങൾക്കുള്ളുവെന്നാണ്! ബാക്കി സൂക്ഷ്മം അവർ സ്വയം അന്വേഷിച്ചുകണ്ടെത്തിക്കൊള്ളുമെന്നും! ചുരുങ്ങിയത് സ്വന്തം മതത്തിന്നകത്ത് തത്വത്തിലെങ്കിലും ആത്മാഭിമാനവും അന്തസ്സും നിലനിർത്തുവാൻ ‘മതമനുഷ്യർക്ക്’ കഴിയുമ്പോൾ; മതങ്ങൾക്കകത്തും പുറത്തുമുള്ള ജാതിമനുഷ്യർക്ക്, ഇത്തരമൊരു സാങ്കൽപ്പിക സാധ്യതപോലും നിഷേധിക്കപ്പെടുന്നു എന്നുള്ളതാണ് സത്യം.

ജാതിയെ സൈദ്ധാന്തികമായി തള്ളിക്കളയുന്ന ക്രിസ്ത്യൻ‐ഇസ്ലാം മതങ്ങളിലേക്കും, എന്തിന് ‘മതരഹിത’ മനുഷ്യരിലേക്കുവരെ ജാതി ഇടിച്ചുകയറി കഴിഞ്ഞിട്ടുണ്ട്. സച്ചാർകമ്മീഷൻ മുസ്ലിങ്ങൾക്കിടയിലെ, അഷ്റഫ്, അജ്ലഫ്, അർസൽ വിഭാഗങ്ങളെ കൃത്യം വേർതിരിച്ച്, അടയാളപ്പെടുത്തുന്നുണ്ട്. സ്ഥലത്തെ മുസ്ലിം പ്രമാണിക്ക് ഒരു പാവം, സലാം ചൊല്ലിയതിന്റെ പേരിൽ മുമ്പ് ചവിട്ട് കിട്ടിയതും അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ട്! ജാതിമേൽക്കോയ്മയും മനുഷ്യാന്തസ്സും പൊരുത്തപ്പെടില്ല. ‘മുകളിലേക്ക് ചെല്ലുംതോറും മാന്യതവർധിക്കുകയും, താഴേക്ക് ഇറങ്ങുംതോറും അമാന്യത ഏറുകയും ചെയ്യുന്ന ജാതിവ്യവസ്ഥ, അതിലെ അംഗങ്ങൾക്ക് ഒരേ അന്തസ്സാണ് നൽകുന്നതെന്ന് വാദിക്കുന്ന ആർഷ സനാതനിയേക്കാൾ ബുദ്ധിപരമായ കാപട്യം പ്രദർശിപ്പിക്കാൻ ആർക്കുകഴിയും’ എന്ന അംബേദ്കർ ചോദ്യത്തോടാണ്, സമീപകാല ‘വിദ്യാഭ്യാസയുദ്ധ’ങ്ങളെ ചേർത്തുവെക്കേണ്ടത്.

ഇന്ത്യയുടെ ഓരോ ഗ്രാമത്തിലും വംശവെറിയുടെ ‘ദക്ഷിണാഫ്രിക്ക’ സന്നിഹിതമാണെന്ന സത്യത്തെയാണ് ‘സുവർണഭൂതകാല’മെന്ന മിത്തുകൊണ്ട്, പുത്തൻ വിദ്യാഭ്യാസ പരിഷ്കാരത്തിലൂടെ പകരംവെക്കാൻ ശ്രമിക്കുന്നത്. ജനാധിപത്യത്തിന്റെ മാതാവ് ഇന്ത്യയാണെന്നും, ഖാപ്പ് പഞ്ചായത്തുകൾ അതിന്റെ മാതൃകയാണെന്നും, പഠിപ്പിക്കാൻ നിർദേശിക്കുന്നു!

ഇന്ത്യയുടെ ഓരോ ഗ്രാമത്തിലും വംശവെറിയുടെ ‘ദക്ഷിണാഫ്രിക്ക’ സന്നിഹിതമാണെന്ന സത്യത്തെയാണ് ‘സുവർണഭൂതകാല’മെന്ന മിത്തുകൊണ്ട്, പുത്തൻ വിദ്യാഭ്യാസ പരിഷ്കാരത്തിലൂടെ പകരംവെക്കാൻ ശ്രമിക്കുന്നത്. ജനാധിപത്യത്തിന്റെ മാതാവ് ഇന്ത്യയാണെന്നും, ഖാപ്പ് പഞ്ചായത്തുകൾ അതിന്റെ മാതൃകയാണെന്നും, പഠിപ്പിക്കാൻ നിർദേശിക്കുന്നു! ഭഗവദ്ഗീതയെ ദേശീയഗ്രന്ഥമായി അവതരിപ്പിക്കുന്നു! രാമായണവും ഭാരതവുമെല്ലാമാണ് യഥാർഥ ചരിത്രമെന്ന് പ്രചരിപ്പിക്കുന്നു. സർവശാസ്ത്രസത്യങ്ങളും മുമ്പേ നമ്മൾ കണ്ടെത്തിക്കഴിഞ്ഞതാണെന്നും, ആധുനിക ശാസ്ത്രം അസംബന്ധമാണെന്നും, ആ ന്യൂട്ടനും ഐൻസ്റ്റീനുമെല്ലാം പറഞ്ഞതൊക്കെ അസംബന്ധമാണെന്നും ആവർത്തിക്കുന്നു.

ഇതിലും വലിയ അന്ധവിശ്വാസം ഇന്ത്യയിലിനി വേറെ എന്തുണ്ടാവാനാണ്? ജ്യോത്സ്യം, അത്ഭുതയോഗ, ആൾദൈവം സവർണ ആചാരങ്ങൾ എന്നിവക്ക് ലഭിക്കുന്ന വർധിച്ച ഔദ്യോഗിക പിന്തുണ, ഭാരതം വിശ്വത്തിന്റെയാകെ ഗുരുവാണെന്ന വ്യാജാഭിമാന പ്രലപനങ്ങൾ, അതിനൊക്കെപ്പുറമെ മതനിരപേക്ഷ മാനവികമൂല്യങ്ങളുടെ കുരുതി, പച്ചക്കറിക്കരിയുന്ന കത്തിമൂർച്ച കൂട്ടാനുള്ള അലർച്ചകൾ ഇന്ത്യൻ നവഫാസിസത്തിന്റെ അടിസ്ഥാന സൈദ്ധാന്തികഗ്രന്ഥമായ ‘വിചാരധാര’ ആഭ്യന്തര ശത്രുക്കൾ എന്നടയാളപ്പെടുത്തിയ കമ്യൂണിസ്റ്റുകാർ, ഗാന്ധിയന്മാർ, നെഹ്റുവിസ്റ്റുകൾ, മുസ്ലിങ്ങൾ, ക്രിസ്ത്യാനികൾ, സമാധാനവാദികൾ എന്നിവർക്കെതിരെ യുദ്ധം ആരംഭിക്കാനുള്ള ആഹ്വാനങ്ങൾ എന്നിവ പരിഗണിക്കുമ്പോൾ, ഭരണകൂട പിന്തുണയില്ലാത്ത പൗരോഹിത്യ വ്യാജസിദ്ധ തട്ടിപ്പുസംഘങ്ങളുടെ അന്ധവിശ്വാസങ്ങൾ ഭരണകൂട സ്പോൺസർ അന്ധവിശ്വാസങ്ങൾക്കുമുമ്പിൽ എത്രയെത്രയോ ചെറുതാണ്! 2015ലെ ശാസ്ത്രകോൺഗ്രസും

2018ലെ ചരിത്രം തിരുത്താനുള്ള ഔദ്യോഗിക കമ്മിറ്റിയും വെറുപ്പുൽപ്പാദന പ്രസ്താവനകളും മതനിരപേക്ഷതക്കും ന്യൂനപക്ഷങ്ങൾക്കുനേരെ നടക്കുന്ന ആക്രമണങ്ങളും ചേർന്നൊരുക്കുന്ന ഭരണകൂട ‘അന്ധവിശ്വാസങ്ങളെ’ എതിരിടുന്നത് വ്യക്തിഗത അന്ധവിശ്വാസങ്ങളെ നേരിടുന്നത്ര എളുപ്പമല്ല!

2018ലെ ചരിത്രം തിരുത്താനുള്ള ഔദ്യോഗിക കമ്മിറ്റിയും വെറുപ്പുൽപ്പാദന പ്രസ്താവനകളും മതനിരപേക്ഷതക്കും ന്യൂനപക്ഷങ്ങൾക്കുനേരെ നടക്കുന്ന ആക്രമണങ്ങളും ചേർന്നൊരുക്കുന്ന ഭരണകൂട ‘അന്ധവിശ്വാസങ്ങളെ’ എതിരിടുന്നത് വ്യക്തിഗത അന്ധവിശ്വാസങ്ങളെ നേരിടുന്നത്ര എളുപ്പമല്ല!

പൊതുവിൽ മറ്റ് പീഡന ദുരിതഭാരങ്ങളെന്നപോലെ ‘അന്ധവിശ്വാസവും’ ഏറ്റവും കൂടുതൽ പരിക്കേൽപ്പിക്കുക സാമൂഹ്യവും സാമ്പത്തികവും ലിംഗപരവും ജാതിപരവും അസമത്വം അനുഭവിക്കുന്ന ജനവിഭാഗങ്ങളെയായിരിക്കും. തൊഴിലാളികൾ ദരിദ്രർ, ദളിതർ, സ്ത്രീകൾ, കുട്ടികൾ, രോഗികൾ എന്നിവരാണ് എളുപ്പം അന്ധവിശ്വാസക്കെണികളിൽ കുരുക്കപ്പെടുന്നത്.

ചരിത്രബോധത്തിന്റെയും ശാസ്ത്രബോധത്തിന്റെയും രാഷ്ട്രീയ പ്രബുദ്ധതയുടെയും അഭാവത്തിലാണ്, അന്ധവിശ്വാസങ്ങൾ കൊഴുക്കുന്നത്.

അതിജീവനത്തിനുവേണ്ടി പ്രാചീന സമൂഹങ്ങളിൽ നിലനിന്ന അന്ധവിശ്വാസങ്ങളും, അധികാര സാമ്പത്തിക ലാഭങ്ങൾക്കുവേണ്ടി മുമ്പും ഇന്നും നടക്കുന്ന അന്ധവിശ്വാസങ്ങളും അന്ധവിശ്വാസങ്ങൾ തന്നെയാണ്. എന്നാൽ ‘അതിജീവന അന്ധവിശ്വാസം’ സ്വന്തം പരിമിതികളിൽനിന്ന് പുറത്തുകടക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കപ്പെടുന്നതും, മറ്റാർക്കും പരിക്കേൽപ്പിക്കാത്തതുമാണ്. ഗർഭിണികൾ ഇരട്ടപ്പഴം തിന്നരുത്, രണ്ട് കുട്ടികളുണ്ടാവും.

കയറ് പിരിക്കരുത് പ്രസവം പ്രയാസമാവും, പരുന്തിന്റെ കണ്ണ് വറുത്ത് തിന്നാൽ കാഴ്ച വർധിക്കും തുടങ്ങിയവയിൽ ‘മേൽക്കോയ്മ’ അജണ്ടകളില്ല! സമർക്കണ്ടിൽ മുമ്പ് പ്രസവിച്ചയുടനെ കുട്ടികളുടെ കൈയിൽ പശയും വായിൽ തേനും തേക്കുന്ന പതിവുണ്ടായിരുന്നത്രേ! വളർന്നുവരുമ്പോൾ മധുരമായി സംസാരിക്കാനും, വന്നുചേരുന്ന പണം കൈയിൽനിന്ന് ചോർന്ന് പോകാതിരിക്കാനുമുള്ള മുൻകരുതൽ എന്നനിലയിൽ അതിലൊരു ആധിപത്യക്രമവുമില്ല, മറിച്ചൊരു ‘യുക്തി’യുമുണ്ടുതാനും! എന്തുകൊണ്ടെന്നാൽ അവർ പശ വായിൽ തേക്കുകയും, തേൻ കൈയിൽ പുരട്ടുകയും ചെയ്തില്ലല്ലോ! എന്നാൽ രാജാവിന്റെ എച്ചിൽ തിന്നാൽ രോഗം മാറുമെന്ന ബോധ്യവും, നല്ല ധർമിഷ്ഠനായ രാജാവ് രാജ്യം ഭരിക്കുമ്പോൾ ബ്രാഹ്മണക്കുട്ടികൾ മരിക്കുകയില്ല എന്ന വിശ്വാസവും, അത്ര നിരുപദ്രവകരമല്ല.

ആദ്യം പരാമർശിച്ച ‘എച്ചിൽ’ തീറ്റി പ്രജകളുടെ സമ്പൂർണ വിധേയത്വം ഉറപ്പിക്കും, രണ്ടാമത്തേതാണ് ആ കീഴാള മഹർഷി ശംബൂകന്റെ ശിരസ്സെടുത്തത്!

നാല്

യുക്തിയെ സൂചിപ്പിക്കുന്ന ജർമൻ വാക്ക് പുല്ലിംഗമാണ്. അതുകൊണ്ട് സ്ത്രീകൾക്ക് യുക്തിയില്ല എന്ന തിയോഡർഹിപ്പലിന്റെ ‘അയുക്തിക’ കണ്ടെത്തൽ, നിലനിന്നുപോരുന്ന സ്ത്രീവിരുദ്ധതയെ ശക്തിപ്പെടുത്തുന്ന നമ്പർവൺ അസംബന്ധമാണ്.

തമാശയായി ചിലർക്ക് തോന്നുമെങ്കിലും അതിലൊരു തമാശയുമില്ല! സ്ത്രീകൾക്ക് പുരുഷന്മാരെ അപേക്ഷിച്ച് പല്ലിന്റെ എണ്ണം കുറവാണ് എന്ന അരിസ്റ്റോട്ടിലിന്റെ അഭിപ്രായം പ്രത്യക്ഷത്തിൽ നിരുപദ്രവകരമായി തോന്നുമെങ്കിലും, സ്ത്രീകൾക്കെന്തൊക്കെയോ കുറവുണ്ടെന്ന പതിവ് ആൺകോയ്മാ അന്ധവിശ്വാസത്തെയത് ശക്തിപ്പെടുത്തും! രണ്ട് ഭാര്യമാരുണ്ടായിരുന്നതിൽ ഒരുവളുടെയെങ്കിലും പല്ല് എണ്ണി നോക്കിയിരുന്നെങ്കിൽ ഈ അബദ്ധം ഒഴിവാക്കാമായിരുന്നു എന്ന റസ്സലിന്റെ പരിഹാസം, പ്രസക്തമാണ്.

ആധികാരികതക്കെതിരെ നിരീക്ഷണ‐പരീക്ഷണങ്ങളിലധിഷ്ഠിതമായ അന്വേഷണങ്ങളുടെ അനിവാര്യതയാണ്, റസ്സൽ അമർത്തിപ്പറഞ്ഞത്. കാക്ക കരഞ്ഞാൽ വിരുന്നുകാർ വരും, കൈ ചൊറിഞ്ഞാൽ പണം കിട്ടും, കീരിയെ കണ്ടാൽ ഐശ്വര്യം കൂടും തുടങ്ങി എത്രയെത്രയോ അന്ധവിശ്വാസങ്ങൾ അപകടരഹിതങ്ങളാണ്.

എന്നാൽ 1995ൽ ഇന്ത്യയിൽ ‘ഗണപതി’ പാലുകുടിക്കുന്ന വാർത്തക്ക് വൻപ്രചാരം ലഭിച്ചു! പാലിന്റെ വില കൂടാനും പൗരോഹിത്യത്തിന് പ്രിയമേറാനും അതിടയാക്കി! അതുപോലെ 2012ൽ ലണ്ടനിൽ പതിനാലുവയസ്സുള്ള നൂർ മുഹമ്മദിന്റെ മകൾ കറിവെക്കാൻ തക്കാളി മുറിച്ചപ്പോൾ അതിൽ മുഹമ്മദ് നബി ദൈവത്തിന്റെ അന്തിമ പ്രവാചകനാണെന്ന് രേഖപ്പെടുത്തിയതായി കണ്ടുവത്രെ! വാർത്താ വിനിമയ സങ്കേതങ്ങൾ ഇത്രമാത്രം വളർന്ന നമ്മുടെ കാലത്ത് ദൈവമിങ്ങനെ തക്കാളിയിലും വെണ്ടക്കയിലും ‘സന്ദേശങ്ങൾ’ അയക്കേണ്ട ഒരാവശ്യവുമില്ല.

ഇനി ഇങ്ങനെ ഒരു സ്പെഷൽ തക്കാളിയിൽ പ്രവാചക സാക്ഷ്യം കണ്ടെത്തിയതായി ഒരു കുട്ടിക്ക് മതിഭ്രമമുണ്ടായാൽ അത് ‘മാധ്യമങ്ങൾ’ വിളിച്ചുകൂവേണ്ട കാര്യവുമില്ല. അന്ധവിശ്വാസ പ്രചാരണത്തിൽ വിമർശനബോധം നഷ്ടമായ ആൾക്കൂട്ട മനുഷ്യർക്കൊപ്പം മാധ്യമങ്ങൾക്കും വലിയ പങ്കുണ്ട്.

മതം രാഷ്ട്രം എന്നിങ്ങനെയുള്ള വ്യത്യാസങ്ങൾക്കനുസരിച്ച് അന്ധവിശ്വാസപ്രകൃതവും മാറും! യൂറോപ്പിൽ പതിമൂന്ന് അപകടമാണ്. ബ്രസീലിൽ പതിമൂന്നിന് പ്രശ്നമില്ല, പതിനേഴാണ് വില്ലൻ. എന്നാൽ രണ്ടിടത്തും അത്ഭുതം ഇരുപത്തിയാറും, മുപ്പത്തിനാലും ഇരട്ടി അപകടം ഉണ്ടാക്കുന്നേയില്ല. നന്മകൾ വിതരണം ചെയ്യുന്ന ഇസ്ലാം ജിന്നും, തിന്മ വിതരണം ചെയ്യുന്ന ‘കാഫിർ’ ജിന്നുമായി ‘ജിന്നുകൾക്കിടയിൽ’ ചിലയിടങ്ങളിൽ മതവിഭജനമുണ്ട്!

ഫോട്ടോ: ബിജു ഇബ്രാഹിം

ഫോട്ടോ: ബിജു ഇബ്രാഹിം

ബൗദ്ധന്റെ പ്രേതാ… വല്യ ഊറ്റമൊന്നുമില്ലെന്ന് ഒ വി വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസ’ത്തിൽ വായിച്ചതും ഓർക്കുന്നു. എന്നാൽ ഇതൊക്കെ ‘ഫലിതബിന്ദുക്കളിൽ’ ഉൾപ്പെടുത്താൻ കഴിയുമെങ്കിൽ, ബാബറി പള്ളിയുടെ അകത്ത് വിഗ്രഹം സ്വയംഭൂവായി എന്നതു പോലുള്ളത് ആ വകുപ്പിൽ ഉൾപ്പെടുത്താൻ കഴിയില്ല.

ഇന്ത്യൻ മതനിരപേക്ഷതയുടെ അടിത്തറ ഇളക്കിയതിൽ, ആ ‘സ്വയംഭൂ’ അന്ധവിശ്വാസം വഹിച്ച പങ്ക് അത്ര ചെറുതല്ല!
പക്ഷിവേട്ടക്കാർ, പക്ഷികളെ വേണ്ടത്ര കിട്ടാതിരുന്നാൽ പക്ഷികളുടെ പ്രതിമയുണ്ടാക്കി കരയും.

അതോടെ കൂടുതൽ പക്ഷികൾ വലയിൽവന്നുവീഴും എന്ന വിശ്വാസത്തിൽ കാര്യമില്ലെങ്കിലും ‘കവിത’യുണ്ട്! എന്നാൽ ‘വന്ധ്യകളായ സ്ത്രീകൾ കൃഷി നശിപ്പിക്കും’ എന്നതിൽ അന്ധവിശ്വാസത്തിനൊപ്പം പത്തിവിടർത്തുന്നത് ആണഹന്തയാണ്.

പ്രാർഥിച്ചുമാത്രം രോഗം മാറ്റാൻ കഴിയുമെന്ന് കരുതുന്നത് അന്ധവിശ്വാസമാണെന്ന്, പ്രാർഥനക്ക് ജീവിതത്തിൽ പരമസ്ഥാനം നൽകുന്നവർപോലും ഇന്ന് അംഗീകരിച്ചു കഴിഞ്ഞിട്ടുണ്ട്. മലയാളത്തിന്റെ പ്രശസ്ത എഴുത്തുകാരൻ യു എ ഖാദർ ‘ആശുപത്രിയെ’  ‘ഈശ്വരൻ താമസിക്കുന്ന സ്ഥലം’ എന്നൊരു കഥയിൽ വിശേഷിപ്പിക്കുന്നുണ്ട്. എന്നാൽ രോഗം വന്നാൽ ചികിത്സിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്നതിലെ ‘പ്രാർഥന’ അന്ധവിശ്വാസമല്ല, വിശ്വാസമാണ്.

ശാസ്ത്രപുരോഗതി സാധ്യമാക്കിയ സാമൂഹ്യമാറ്റം സൃഷ്ടിക്കുന്ന ബാഹ്യസമ്മർദവും, മതങ്ങൾക്കകത്തെ നവീകരണ പ്രവർത്തനവും, മുമ്പത്തേതിൽനിന്ന് വ്യത്യസ്തമായി ‘മതത്തെ’ ഒരു പരിധിവരെ അന്ധവിശ്വാസ മുക്തമാക്കിയിട്ടുണ്ട്. വിവിധ മതങ്ങളിലെ പൗരോഹിത്യശക്തികൾ അത് പൊളിക്കാൻ ഇന്നും നിരന്തരം ശ്രമിക്കുകയും ചെയ്യുന്നുണ്ട്! തത്വത്തിലെങ്കിലും, മതങ്ങളിലെ നവോത്ഥാന പ്രസ്ഥാനങ്ങൾ അന്ധവിശ്വാസ വിരുദ്ധ നിലപാടെടുക്കാൻ ബാധ്യസ്ഥരാണ്, ‘മതാത്മക അന്ധവിശ്വാസങ്ങൾ’, മതത്തിന്നകത്തുവച്ചും, പുറത്തുവച്ചും ചോദ്യവിധേയമാവും, എന്നാൽ ഇന്ത്യനവസ്ഥയിൽ ‘ജാതി‐അന്ധവിശ്വാസങ്ങൾ’ ആവിധം ജാതിഅധികാര ക്രമത്തിന്നകത്തുവച്ച് ചോദ്യവിധേയമാവില്ല.

മതത്തിലെ നവോത്ഥാന‐മാനവിക‐വിമോചന ദൈവശാസ്ത്ര പ്രവണതകൾക്ക്, അതാതുമതങ്ങളിൽ നിലനിൽക്കുന്ന അന്ധവിശ്വാസങ്ങളോടെതിരിട്ട് മുന്നോട്ടുപോവേണ്ടി വരും. എന്നാൽ ജാതിമേൽക്കോയ്മക്ക് നാനാവഴികളിലൂടെ മേൽക്കോയ്മ നിലനിർത്തേണ്ടതുള്ളതുകൊണ്ട്, ആ മേൽക്കോയ്മയിലേക്ക് എല്ലാറ്റിനെയും കണ്ണി ചേർക്കേണ്ടിവരും. ശുദ്ധി‐അശുദ്ധി ദ്വിത്വത്തിൽ സ്തംഭിച്ചുപോയ ജാതിവ്യവസ്ഥയിൽ സ്വയം ശുദ്ധീകരിക്കാനുള്ള യാതൊരു സംവിധാനവുമില്ല. സ്വയം പൊളിഞ്ഞുതീരുകയല്ലാതെ ജാതിമേൽക്കോയ്മക്കുമുമ്പിൽ മറ്റൊരു വഴിയുമില്ല.

സ്വയം അടഞ്ഞതും എല്ലാറ്റിനെയും അതിലിട്ട് അടക്കുകയും ചെയ്യുന്ന ജാതിമേൽക്കോയ്മക്കെതിരെ വ്യത്യസ്ത വഴികളിലൂടെ ഇന്ത്യൻ കീഴാള നവോത്ഥാനം നടത്തിയ ഇടപെടലുകളെ മുന്നോട്ടുകൊണ്ടുപോവാതെ, ‘ഇന്ത്യൻ ശാസ്ത്രബോധ’ത്തെ ശക്തിപ്പെടുത്താൻ കഴിയില്ല. ജാതിമേൽക്കോയ്മയെ മറിച്ചിടണമെങ്കിൽ ചരിത്രബോധവും ശാസ്ത്രബോധവും പ്രബുദ്ധരാഷ്ട്രീയ കാഴ്ചപ്പാടുകളോട് വൈരുധ്യാത്മകമായി കണ്ണിചേർക്കപ്പെടണം. ശ്രീനാരായണ ഗുരുവിന്റെ പ്രിയ ശിഷ്യനായ ‘സഹോദരൻ അയ്യപ്പൻ’ കേരളത്തിൽ യുക്തിവാദപ്രക്ഷോഭ പ്രവർത്തനങ്ങളുടെ പ്രധാന അടിസ്ഥാനമായി കണ്ടത് ‘ജാതിവിരുദ്ധ’ പ്രവർത്തനങ്ങളാണ്.

സവർണ നവനാസ്തിക പ്രസ്ഥാനം സഹോദരനയ്യപ്പനെ, തള്ളുന്നതിൽ, സഹോദരനിരാകരണത്തിന്നൊപ്പം രണ്ടുതരത്തിലുള്ള ചരിത്രനിരാകരണവും കണ്ടെത്താൻ കഴിയും. ഒന്ന് കേരളത്തിലെ പ്രബുദ്ധമായ യുക്തിവാദ പ്രസ്ഥാനത്തിലെ ശക്തമായ ഒരു ജനകീയധാരയുടെ തമസ്കരണമാണ്. രണ്ട് കേരളത്തെ ആധുനിക കേരളമാക്കുന്നതിൽ പ്രധാന പങ്കുവഹിച്ച കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിന്റെതന്നെ നിരാകരണവുമാണ്.

കേരളം നേരിടുന്ന മുഖ്യവിപത്ത് കമ്യൂണിസവും ഇസ്ലാമുമാണെന്നും, സോഷ്യലിസം അന്ധവിശ്വാസമാണെന്നും, സാമ്രാജ്യത്വമെന്നൊക്കെ പറയുന്നത് വെറും കോമഡിഷോ മാത്രമാണെന്നും ദൈവംതന്നെയാണ് ആൾദൈവമെന്നും സംവരണം യോഗ്യതയുടെ നിരാകരണമാണെന്നും ഉൾപ്പെടെയുള്ള സവർണ നാസ്തിക നിലപാടിൽ ചരിത്രനിഷേധത്തിന്നപ്പുറം, ബാക്കിവല്ലതുമുണ്ടെങ്കിൽ നഗ്നമായ ഇസ്ലാമോഫോബിയയും കമ്യൂണിസ്റ്റ് വിരോധവും മാത്രമാണ്. 

സത്യത്തിൽ മതത്തിലെ നവോത്ഥാന പ്രവണതകളെ പിന്തുണക്കുന്നവരും, ലിബറൽ‐ഇടതുപക്ഷ രാഷ്ട്രീയ നിലപാടുകൾ പുലർത്തുന്നവരും നവനാസ്തികരടക്കമുള്ള വ്യത്യസ്ത യുക്തിവാദ സമീപനങ്ങൾ പുലർത്തുന്നവരും സംവാദങ്ങൾ തുടർന്നുകൊണ്ട് ഒന്നിച്ചുചേരേണ്ടവരാണ്. എന്നാൽ അനിവാര്യമായ അത്തരമൊരൈക്യത്തിൽ വിള്ളൽവീഴ്ത്തുംവിധമുള്ളൊരു സമീപനമാണ് നവനാസ്തികർ പൊതുവിൽ പുലർത്തുന്നത്.

എന്നാൽ സംഘപരിവാർ നേതാവായ ജെ പി നദ്ദ, കേരളത്തിൽ, ‘നവനാസ്തികരെ’ക്കൂടി ചേർത്തുപിടിക്കേണ്ടതാണെന്ന് പറയാനിടവരുത്തിയ ആ പശ്ചാത്തലം ജനായത്തത്തെ സംബന്ധിച്ചിടത്തോളം സംഭ്രമജനകമാണ്. പ്രത്യേകിച്ചും ഇന്ത്യയിൽ സംഘപരിവാർ നേതൃത്വത്തിൽ അന്ധവിശ്വാസങ്ങളെ ഔദ്യോഗികമായി ദൃഢപ്പെടുത്തുന്ന ‘ഒരുതരം രൗദ്ര ആത്മീയത’ രൂപം കൊള്ളുമ്പോൾ! കഴിഞ്ഞവർഷം ഹരിദ്വാറിൽ നടന്ന ആത്മീയസമ്മേളനം, മുസ്ലിം‘കൂട്ടക്കൊല’ നടത്തുന്ന ഹിന്ദുധീരർക്ക് ‘ഓഫർ’ ചെയ്തത് കോടികളാണ്!

‘വൃക്ഷങ്ങളൊരിക്കലും ഫലങ്ങൾ ഭുജിക്കില്ലാ/ സംഭരിക്കില്ല നദി ജലവും തനിക്കായി/ ലോകത്തിൽ സേവക്കായിട്ടിതുപോൽ സന്യാസികൾ ജനിക്കും/ അവർക്കെന്നും ജീവിതം പരസേവ’ എന്ന് കബീർ സാക്ഷ്യപ്പെടുത്തിയ, ‘സന്യാസികളിൽ ഒരു വിഭാഗമാണ്, അലർച്ചയും ആക്രോശവും കൊലവിളിയുമായി ഇപ്പോൾ ഇളകി മറിയുന്നത്! വെളിച്ചത്തിലേക്ക് തുറക്കപ്പെടുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ആത്മീയത തന്നെവച്ച്, അതിനെത്തന്നെ അടക്കുമ്പോൾ ഉണ്ടാകുന്നത്, അപകടവകുപ്പിൽപ്പെടുത്തേണ്ട പുതിയതരം അന്ധവിശ്വാസമാണ്. ആ അർഥത്തിൽ, സമീപകാലത്ത് ശക്തിപ്പെട്ട വെറുപ്പിലും പകയിലും അഭിരമിക്കുന്ന വിദ്വേഷപ്രചാരണത്തിന്റെ വേര് ആഴ്ന്നുകിടക്കുന്നതും നവഫാസിസ്റ്റ് രാഷ്ട്രീയ അന്ധവിശ്വാസത്തിലാണ്. അന്ധവിശ്വാസം മതത്തിൽമാത്രം തുടങ്ങി അവിടെ അവസാനിക്കുന്നതല്ല;

എവിടെയൊക്കെ വെളിച്ചം ഇല്ലാതാക്കപ്പെടുന്നുവോ, എവിടെയൊക്കെ ചരിത്രബോധവും ശാസ്ത്രബോധവും അവഗണിക്കപ്പെടുന്നുവോ, എവിടെയൊക്കെ തത്വചിന്താപരമായ അന്വേഷണങ്ങളും, തെളിവുകളും, ആരോഗ്യകരമായ സൗന്ദര്യാവബോധവും അവസാനിക്കുന്നുവോ, എവിടെയൊക്കെ സർവതിനും മുകളിൽ ജാതിമേൽക്കോയ്മ സർവാധിപത്യം സ്ഥാപിക്കുന്നുവോ, അവിടെയൊക്കെ അന്ധവിശ്വാസം വിജയകാഹളം മുഴക്കും.

എവിടെയൊക്കെ വെളിച്ചം ഇല്ലാതാക്കപ്പെടുന്നുവോ, എവിടെയൊക്കെ ചരിത്രബോധവും ശാസ്ത്രബോധവും അവഗണിക്കപ്പെടുന്നുവോ, എവിടെയൊക്കെ തത്വചിന്താപരമായ അന്വേഷണങ്ങളും, തെളിവുകളും, ആരോഗ്യകരമായ സൗന്ദര്യാവബോധവും അവസാനിക്കുന്നുവോ, എവിടെയൊക്കെ സർവതിനും മുകളിൽ ജാതിമേൽക്കോയ്മ സർവാധിപത്യം സ്ഥാപിക്കുന്നുവോ, അവിടെയൊക്കെ അന്ധവിശ്വാസം വിജയകാഹളം മുഴക്കും.
(ദേശാഭിമാനി വാരികയിൽ നിന്ന്)

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top