18 April Thursday

അവരെ ആശ്വസിപ്പിക്കണം; വിഷമിക്കാനൊന്നുമില്ലെന്ന് അവരോട് പറയണം

വിനോദ്‌ പായംUpdated: Sunday Aug 14, 2022

കണ്ണൂർ സെൻട്രൽ ജയിലിനുമുന്നിലെ കയ്യൂർ രക്തസാക്ഷി സ്‌മാരകം

ഓർത്താൽ ആവേശക്കൊടി വീശാൻ തോന്നുന്ന സ്‌മൃതിവർണങ്ങൾ മാത്രമല്ല ദേശീയസ്വാതന്ത്ര്യ സമരം. ചില നിമിഷങ്ങൾ വായിച്ചെടുത്താൽ ഉൾക്കണ്ണിൽ കണ്ണീർ പൊടിയും. അത്തരമൊരു വിങ്ങുന്ന സന്ദർഭമാണ്‌ 1943 മാർച്ചിലെ കയ്യൂർ. അഴികളിൽ നെഞ്ചമർത്തി നാടിനോട്‌ ലാൽസലാം ചൊല്ലിയ നാലു സമരജീവിതങ്ങളുടെ 79 വർഷത്തിനപ്പുറത്തെ മണിക്കൂറുകളെ രേഖപ്പെടുത്തുകയാണ്‌ ഇവിടെ

കയ്യൂരൊരു പുഴ

ഉള്ളുകലങ്ങിയിട്ടുണ്ട്‌ മാർച്ചിലെ തേജസ്വിനിപ്പുഴയ്‌ക്ക്‌. അന്നതിന്റെ പേര്‌ കാര്യങ്കോട്‌ പുഴ. തോണിയിൽ കമ്യൂണിസ്റ്റ്‌ പാർടി ജനറൽ സെക്രട്ടറി പി സി ജോഷി, പി കൃഷ്‌ണപിള്ള, പി സുന്ദരയ്യ, പി സി കാർത്യായനിക്കുട്ടിയമ്മ, കാര്യങ്കോടിന്‌ തേജസ്വിനിയെന്ന്‌ പേരിട്ട കന്നഡ നോവലിസ്റ്റ്‌ നിരഞ്ജന തുടങ്ങിയവർ. കയ്യൂർ കേസിലെ പ്രതികൂടിയായ കുതിരുമ്മൽ അയമ്മദാണ്‌ തോണി തുഴയുന്നത്‌.
 
സ്ഥലം: കയ്യൂരിലെ താങ്കൈക്കടവ്‌
കാലം: 1943 മാർച്ച്‌ 29ന്റെ തലേന്നാൾ വൈകിട്ട്‌.
ചെറുവത്തൂരിൽനിന്ന്‌ തോണിയിൽ കയറിയതുമുതൽ കൃഷ്‌ണപിള്ള മൗനിയാണ്‌. ‘‘അവരെ ആശ്വസിപ്പിക്കണം; വിഷമിക്കാനൊന്നുമില്ലെന്ന്‌ അവരോട്‌ പറയണം’’, അന്നുരാവിലെ കണ്ണൂർ ജയിലിൽ മഠത്തിൽ അപ്പുവും ചിരുകണ്ടനും പൊടോര കുഞ്ഞമ്പുനായരും പള്ളിക്കാൽ അബൂബക്കറും നേതാക്കളോട്‌ പറഞ്ഞയച്ച സന്ദേശമിതാണ്‌. ആ സന്ദേശം വീടിനോടും നാടിനോടും പകരാൻ ത്രാണിയില്ലാതെയാണ്‌ കൃഷ്‌ണപിള്ള അന്ന്‌ ഉച്ചയ്‌ക്കുശേഷം താങ്കൈക്കടവിറങ്ങുന്നത്‌. നേതാക്കളെ മുദ്രാവാക്യം വിളികൾ അനുധാവനം ചെയ്‌തു.
‘‘... നമ്മൂടെ പ്രാചീനനായ ഭൂമിയെ ഇന്നത്തെ കുഴപ്പത്തിൽനിന്ന്‌ രക്ഷിച്ച്‌ ജനകീയ നിവാരണമുണ്ടാക്കുകയാണല്ലോ നമ്മുടെ ലക്ഷ്യം. അതിനുവേണ്ടി ഇന്നുമാത്രമല്ല, നമ്മുടെ കൊടിക്ക്‌ താഴെ അണിനിരന്നതുമുതൽ ഞങ്ങൾ തയ്യാറായിരുന്നു. ഞങ്ങളുടെ ജീവൻ നാടിന്‌ ഉഴിഞ്ഞുവച്ചതാണ്‌. അവർക്കായി മരിക്കുന്നതിൽ ഞങ്ങൾക്ക്‌ വിഷമമില്ല. സ്വാതന്ത്ര്യം നേടിയെടുക്കാൻ, ഞങ്ങളുടെ സ്ഥാനത്ത്‌ പുതിയ യുവാക്കൾ കടന്നുവരുമെന്ന്‌ ഞങ്ങൾക്കുറപ്പുണ്ട്‌...’’ ജയിലിൽനിന്ന്‌ ആ ധീരർ എഴുതിയ കത്ത്‌ കൃഷ്‌ണപിള്ളയുടെ മനസ്സിൽ കിടന്ന്‌ പൊള്ളി.

കയ്യൂരൊരു ജയിൽ

ഇരുളിന്റെ വ്യാളിമുഖംപോലെ തോന്നിച്ചു, ആ നീണ്ട കല്ലിടനാഴി. കനത്ത ഇരുമ്പുഗേറ്റിലെ കിളിവാതിൽ കരഞ്ഞുതുറന്നു. പി സി ജോഷിയും കൃഷ്‌ണപിള്ളയും സുന്ദരയ്യയും ജയിലറുടെ സന്ദർശക പുസ്‌തകത്തിൽ ഒപ്പിട്ടു. തുരങ്കങ്ങളും ഊടുവഴികളും ചത്തുകിടന്ന പെരുമ്പാമ്പിനെപ്പോലെ മുന്നിൽ വളഞ്ഞുകിടന്നു. മുന്നിൽ കണ്ടംഡ്‌ സെല്ലിന്റെ അഴികൾ. ആദ്യ നാലു സെല്ലുകളിൽ അവർ ഉണ്ടായിരുന്നു.
സ്ഥലം: കണ്ണൂർ സെൻട്രൽ ജയിൽ
കാലം: 1943 മാർച്ച്‌ 29ന്റെ തലേന്നാൾ രാവിലെ
നാലുപേരെയും നേതാക്കൾ അഭിവാദ്യംചെയ്‌ത്‌ നടുഭാഗത്തായി നിന്നു. ഒരുവർഷത്തെ ജയിൽ ജീവിതം അവരെ തെല്ല‌്‌ ചടപ്പിച്ചിരുന്നു. 20 മുതൽ 32 വരെമാത്രം പ്രായമുള്ളവർ. വിവിധ ദേശക്കാരായ കർഷകരും വിദ്യാർഥികളും പോരാളികളും കയ്യൂർ സഖാക്കൾക്ക്‌ എഴുതിയ കത്തിന്റെ കെട്ട്‌ ജോഷി കൈയിലെടുത്തു. ജയിലർ കണ്ണാൽ തടഞ്ഞ്‌, ഇംഗ്ലീഷ്‌ കത്തുകൾ, ഓടിച്ചുനോക്കി വായിക്കാൻ അനുവാദം നൽകി.
ഹിന്ദിയിലും ഇംഗ്ലീഷിലും എഴുതിയ കത്ത്‌ ജോഷി വായിച്ചു. ആ ചെറുപ്പക്കാർക്കായി കൃഷ്‌ണപിള്ള അത്‌ മൊഴിമാറ്റി. പിന്നീട്‌ ഈ രംഗത്തെപ്പറ്റി പി സി ജോഷി എഴുതി: ‘‘എന്റെ കവിളിൽ കണ്ണീർ തിടംവച്ചു. ഞാൻ ബലഹീനനാകുന്നതുപോലെ. കരയാൻ പറ്റിയില്ലായിരുന്നെങ്കിൽ ഞാൻ തളർന്നുവീഴുമായിരുന്നു. നിങ്ങൾ മരിക്കുകയാണോ, അതോ നിങ്ങളുടെ കിനാവുകൾ നേരെയാവുകയാണോ? ഇതിനുശേഷം ഞങ്ങൾ കയ്യൂരിലേക്ക്‌ പോകുകയാണ്‌. ധീരരേ; എന്ത്‌ സന്ദേശമാണ്‌ നിങ്ങളുടെ ജനത്തിനായി ഞങ്ങൾ കൊണ്ടുപോകേണ്ടത്‌?’’
മഠത്തിൽ അപ്പു: രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടി മരിക്കാനുറച്ചാണ്‌ ഞങ്ങൾ പാർടിക്കാരായത്‌. ഞങ്ങളേ മടങ്ങുന്നുള്ളൂ; ഞങ്ങളുടെ സമരവും പാർടിയും പുറത്ത്‌ കൂടുതൽ ശക്തിപ്പെടുന്നത്‌ ഞങ്ങളറിയുന്നു
ചിരുകണ്ടൻ: ഞങ്ങൾ വെറും കർഷക പുത്രന്മാർ മാത്രമല്ലേ? പുറത്ത്‌ പരശ്ശതം കാത്തിരിക്കുന്നു. ഞങ്ങളെ തൂക്കിലേറ്റാം. പക്ഷേ, പുറത്തുള്ള അവരെ നശിപ്പിക്കാനാകില്ലല്ലോ! ഈ ചിന്തയാണ്‌ ഞങ്ങളെ നിലനിർത്തുന്നത്‌.
പൊടോര കുഞ്ഞമ്പുനായർ: സ്വാതന്ത്ര്യത്തിനായി പോരാടാൻ എന്നെ പഠിപ്പിച്ചത്‌ എന്റെ പ്രസ്ഥാനമാണ്‌. ഞങ്ങൾ ശരിയെന്ന്‌ ഈ കാലവും പ്രസ്ഥാനവും പറയുന്നുവെങ്കിൽ ഞങ്ങൾ സന്തോഷമുള്ളവരായി.
പള്ളിക്കാൽ അബൂബക്കർ: എന്റെ ഉമ്മയ്‌ക്ക്‌ പ്രായമായി. നാട്ടിൽ പോയി അവരെ സമാധാനിപ്പിക്കുക. ഞാൻ കുടുംബത്തിൽ മൂത്തവനാണ്‌. ഇളമുറക്കാർക്കായി എന്തെങ്കിലും സഹായം ചെയ്യാൻ എന്റെ പാർടിയോട്‌ പറയുക.
വാക്കുകൾ പരസ്‌പരം മൊഴിമാറ്റി തീരുമ്പോഴേക്കും കാവൽക്കാരൻ വന്ന്‌ മുട്ടി. സമയമായി മടങ്ങിക്കൊള്ളുക! നേതാക്കൾക്കൊപ്പം വന്ന നൂറുകണക്കിനുപേർ വിശേഷമറിയാൻ ജയിൽ വളപ്പിന്‌ പുറത്തുണ്ട്‌. അവർ കാണാതിരിക്കാൻ കണ്ണീർ അമർത്തിത്തുടച്ച്‌ ജോഷിയും സുന്ദരയ്യയും കൃഷ്‌ണപിള്ളയും മുന്നോട്ടുനടന്നു. എന്നാലും നനഞ്ഞ ഖദർ വസ്‌ത്രം നേതാക്കളെ ഒറ്റുകൊടുക്കുകതന്നെ ചെയ്‌തു. പിന്നിൽ ഇടിമുഴക്കംപോലെ മുദ്രാവാക്യങ്ങൾ; മുന്നിലും!
മടങ്ങുമ്പോൾ സുന്ദരയ്യ ജോഷിയുടെ ചെവിയിൽ മന്ത്രിച്ചു ‘‘നിങ്ങൾ അവരെ സാന്ത്വനിപ്പിക്കാനാണ്‌ പോയത്‌. ഉണ്ടായത്‌ പക്ഷേ, മറിച്ചാണെന്ന്‌ മാത്രം!’’
‘‘അവർ നമ്മുടെ രക്തസാക്ഷികളാണ്‌. ആരുടെയും സാന്ത്വനം ആവശ്യമില്ലാത്തവർ! അവർ ഏകനാക്കിയ സഖാവാണ്‌ ഞാൻ. എനിക്ക്‌ സാന്ത്വനം വേണം. അവരതു തന്നു’’–- ജോഷി മറുപടി നൽകി.

കയ്യൂരൊരു സങ്കടം

അബൂബക്കറിന്റെ ഉമ്മയൊഴികെ നാട്ടുകാരെല്ലാവരും നേതാക്കളെ സ്വീകരിക്കാൻ ആ വൈകിട്ട്‌ താങ്കൈക്കടവിലെത്തി. വധശിക്ഷ ഒഴിവാക്കാൻ ബ്രിട്ടീഷ്‌ പാർലമെന്റിലെ ലിബറൽ അംഗങ്ങൾ സമ്മർദം ചെലുത്തുന്നതായി പി സി ജോഷി പറഞ്ഞു. സങ്കടത്താൽ മൊഴിമാറ്റാൻ പറ്റാതെ കൃഷ്‌ണപിള്ള അശക്തനായി. അപ്പീൽ പ്രിവ്യൂ കൗൺസിലിന്റെ വിചാരണയ്‌ക്ക്‌ എത്തിയതും ഇതിനായി ഡി എൻ പ്രിറ്റ്‌ എന്ന അഭിഭാഷകനെ നിയോഗിച്ചതും സഹായിക്കാൻ വി കെ കൃഷ്‌ണമേനോനുള്ളതും ജോഷി വിവരിച്ചു.
സംസാരത്തിനിടെ വിങ്ങിയ ജോഷി അഞ്ച്‌ മിനിറ്റ്‌ പറഞ്ഞുനിർത്തി. കൃഷ്‌ണപിള്ളയും അന്ന്‌ സംസാരിച്ചില്ല. ഇരമ്പുന്ന മൗനത്തിന്റെ സായാഹ്നമായിരുന്നു അത്‌. കുടുംബങ്ങൾക്ക്‌ നൽകാൻ സ്വരൂപിച്ച തുക വിറയ്‌ക്കുന്ന കൈകളാൽ കൃഷ്‌ണപിള്ള കൈമാറി. വീരസന്താനങ്ങളെ പെറ്റ അമ്മമാരെ കണ്ടും ഓർത്തും നേതാക്കൾ വല്ലാതെ വിങ്ങിപ്പോയി.
ചടങ്ങിന്‌ എത്താത്ത അബൂബക്കറിന്റെ ഉമ്മയെ പാലായിയിലെ വീട്ടിലെത്തി കണ്ട്‌ നേതാക്കൾ ആശ്വസിപ്പിച്ചു.

കയ്യൂർ സഖാക്കളെ തൂക്കിലേറ്റിയതിന്റെ ജയിൽ രേഖ

കയ്യൂർ സഖാക്കളെ തൂക്കിലേറ്റിയതിന്റെ ജയിൽ രേഖ

കഴുമരം വിളിപ്പൂ ദൂരെ

‘‘1943 മാർച്ച്‌ 29ന്‌ ഞങ്ങളുടെ മലബാർ പര്യടനം പൂർത്തിയാക്കി കോഴിക്കോട്ടെത്തി. അവിടെ പാർടിയുടെ മദ്രാസ്‌ സെക്രട്ടറി മോഹന്റെ ടെലഗ്രാം ഞങ്ങളെ കാത്തിരിപ്പുണ്ടായിരുന്നു. പൊള്ളിയടർന്ന വാക്കുകൾ ഞങ്ങളെ തുറിച്ചുനോക്കി, ‘വിച്ചാൾ ഇതിൽ ഇടപെടാൻ വിസമ്മതിച്ചു. കൊലമരമേറ്റൽ വൈകില്ല’ എന്നായിരുന്നു സന്ദേശം. ഞാനീ കുറിപ്പെഴുതിക്കൊണ്ടിരിക്കെ മലബാറിൽനിന്ന്‌ കാണാൻ എത്തിയവർ പറഞ്ഞു. കയ്യൂർ സഖാക്കളെ മാർച്ച്‌ 29ന്‌ പുലർച്ചെ തൂക്കിലേറ്റി. തൂക്കിലേറ്റുന്ന കാര്യം അവരോട്‌ തലേന്ന്‌ രാത്രിതന്നെ പറഞ്ഞിരുന്നുവത്രെ! ദേശഭക്തിഗാനങ്ങൾ ചൊല്ലിയും ഇൻക്വിലാബ്‌ വിളിച്ചും അവർ പുലർച്ചെവരെ സെല്ലിൽ കഴിഞ്ഞു. ജയിലിൽ അന്നാരും ഉറങ്ങിയില്ല. പുലർച്ചെ മൂവായിരത്തോളംപേർ ജയിൽ ഗേറ്റിനുമുന്നിൽ തടിച്ചുകൂടി. കയ്യൂർ ഓമനകളുടെ മൃതദേഹം അവർക്ക്‌ വേണമായിരുന്നു. പക്ഷേ, അധികാരികൾ അതിനോട്‌ മുഖംതിരിച്ചു. അവരോട്‌ പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടു’’–- പി സി ജോഷി എഴുതി.
കഴുമരത്തിലെ ആ ധീരർ കല്ലിടനാഴി വഴിയാകും പുറത്തേക്ക്‌ പതിച്ചിരിക്കുക. അനാഥമായി വെള്ളപുതച്ച ആ നാലുപേർ. ജയിൽ വളപ്പിനകത്ത്‌ എവിടെയോ അധികാരികൾ അവരെ സംസ്‌കരിച്ചു. പുറത്തതാ മുദ്രാവാക്യം മുഴങ്ങുന്നു, 79 വർഷത്തിനിപ്പുറവും മുഴങ്ങുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top