16 April Tuesday

ഊണ്‌ കഴിക്കുംമുമ്പേ കുതിച്ചെത്തി മരണം

വെബ് ഡെസ്‌ക്‌Updated: Sunday Oct 17, 2021

കാവാലിയിൽ ഉരുൾപൊട്ടലിൽ മരിച്ച സാന്ദ്രയുടെ മൃതദേഹം മണ്ണിനടിയിൽനിന്ന് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ 
പുറത്തെടുക്കുന്നു

കൂട്ടിക്കൽ
അൽപം സമയംകൂടി കിട്ടിയിരുന്നെങ്കിൽ കാവാലിയിൽ ഒരു കുടുംബം ഇന്നും ഉണ്ടാകുമായിരുന്നു. അപകടസാധ്യത തിരിച്ചറിഞ്ഞ്‌ ക്യാമ്പിലേക്ക്‌ മാറാൻ ഒരുങ്ങുന്നതിനിടെയാണ്‌ മരണം ഇവരിലേക്ക്‌ കുതിച്ചെത്തിയത്‌. ഒട്ടലാങ്കൽ വട്ടാളക്കുന്നേൽ കുടുംബം ഇന്നില്ല. ഇവിടുത്തെ ആറ്‌ പേരെയും മലവെള്ളം കവർന്നു. മാർട്ടിൻ, അമ്മ ക്ലാരമ്മ, ഭാര്യ സിനി, മക്കളായ സോന, സ്‌നേഹ, സാന്ദ്ര എന്നിവരാണ്‌ ഉരുൾപൊട്ടലിൽ ഇല്ലാതായത്‌. 

കാവാലിയിലെ സമീപവാസികൾ ക്യാമ്പുകളിലേക്കും സുരക്ഷിത സ്ഥാനങ്ങളിലേക്കും മാറിയിരുന്നു. മാർട്ടിനും കുടുംബത്തോടെ മാറാൻ തീരുമാനിച്ചു. ഉച്ചഭക്ഷണം കഴിച്ചിട്ട്‌ ക്യാമ്പിലേക്ക്‌ പോകാനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നതിനിടെയാണ്‌ ദുരന്തം. കുതിച്ചെത്തിയ മലവെള്ളത്തിലും മണ്ണിലും വീട്‌ ഒന്നോടെ കടപുഴകി. പുറത്തേക്ക്‌ ഓടാൻപോലും കഴിഞ്ഞില്ല. വലിയ താഴ്‌ചയിലേക്കാണ്‌ വീട്‌ പതിച്ചത്‌. ഇവിടെയുള്ള കൈവഴിയിലൂടെ വെള്ളം താഴേക്ക്‌ കുതിച്ചു. 

ഞായറാഴ്‌ച കണ്ടെടുത്ത മൂവരുടെയും മൃതദേഹങ്ങളിൽ ഒടിവുകളുണ്ടായിരുന്നു. സാന്ദ്രയുടെ മൃതദേഹം പകൽ 10.30ന്‌ കണ്ടെത്തി. മാർട്ടിന്റെ മൃതദേഹം താഴേക്ക്‌ ഒഴുകിപ്പോയതായി തെരച്ചിലിൽ വ്യക്തമായി. തോടിന്റെ താഴേഭാഗത്ത്‌ എത്തിപ്പെടുക എളുപ്പമല്ല. ഏറെ പണിപ്പെട്ടാണ്‌ ഫയർഫോഴ്‌സ്‌ സംഘം തെരച്ചിൽ നടത്തിയത്‌. മരത്തിന്റെ വേരിൽ തങ്ങിയ നിലയിലായിരുന്നു മൃതദേഹം. 

മാർട്ടിന്റെ ഇളയമകൾ സ്‌നേഹയുടെ മൃതദേഹം മണ്ണിൽ എട്ടടിയോളം താഴ്‌ന്ന്‌ പോയിരുന്നു. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച്‌ ഏറെ നേരം മണ്ണ്‌ നീക്കിയാണ്‌ മൃതദേഹം പുറത്തെടുത്തത്‌.  മരിച്ച കുടുംബത്തിലെ മൂന്നുപേർക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചിട്ടുണ്ട്‌. കുടുംബത്തിലെ എല്ലാവർക്കും പല സമയങ്ങളിലായി കോവിഡ്‌ വന്നിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top