20 April Saturday

ലീഗടുക്കളയിൽ ചുട്ടെടുക്കുന്ന ഇടതുവിരുദ്ധ കള്ളക്കഥകൾ; കാസിം ഇരിക്കൂർ എഴുതുന്നു

കാസിം ഇരിക്കൂർUpdated: Monday Nov 22, 2021

പിണറായി സർക്കാരിന്റെ ഭരണത്തുടർച്ച കോൺഗ്രസിന്റെയും മുസ്‌ലിം ലീഗിന്റെയും സമനനില തെറ്റിച്ചത് അധികാര മോഹഭംഗം മൂച്ചിപ്പിരാന്തായി മാറിയതോടെയാണ്. അധികാരമില്ലാതെ അണികളെ പിടിച്ചുനിർത്താനാവില്ല എന്ന ബോധ്യം ഇക്കുട്ടരുടെ ഉറക്കം കെടുത്തുന്നു.  അതുകൊണ്ട്  അധികാരവഴിയിൽ പ്രതിരോധം തീർത്ത ഇടതുപക്ഷത്തെ ആസുരശക്തിയായി  അവതരിപ്പിക്കാൻ ശ്രമിക്കുകയാണ്. ഐഎൻഎൽ സംസ്ഥാന ജന. സെക്രട്ടറി കാസിം ഇരിക്കൂർ എഴുതുന്നു.

1948ൽ രൂപീകൃതമായ മുസ്‌ലിം ലീഗ് 1967വരെ കേരള രാഷ്ട്രീയത്തിൽ ഗതികെട്ടാ പ്രേതമായി അലഞ്ഞുതിരിയേണ്ടിവന്ന സാഹചര്യത്തെ കുറിച്ച് ലീഗിന്റെ ചരിത്രകാരൻ മുഹമ്മദ് റാസാഖാൻ ‘’സ്വാതന്ത്ര്യത്തിന് എന്തു വില’’ എന്ന പുസ്തകത്തിൽ സവിസ്‌തരം പ്രതിപാദിക്കുന്നുണ്ട്. ജവഹർലാലിന്റെയും കാമരാജിന്റെയും കോൺഗ്രസ് മുസ്‌ലിം ലീഗിനെ അസ്പശ്യരായി അകറ്റിനിർത്തിയ അമ്പതുകളിൽ മുസ്‌ലിം ലീഗുമായി രാഷ്ട്രീയ സൗഹൃദത്തിന് കമ്യുണിസ്റ്റ് പാർട്ടി മുന്നോട്ടുവന്നിട്ടും അന്ധമായ കമ്യുണിസ്റ്റ് വിരോധം കൊണ്ടുനടന്ന യാഥാസ്ഥിതിക, സലഫി മത നേതൃത്വം അത്തരമൊരു ബന്ധത്തെ എതിർത്തു.

എല്ലാറ്റിനുമൊടുവിൽ ലീഗിന് അസ്‌തിത്വവും അംഗീകാരവും ലഭിച്ചത് 1967ൽ  ഇ.എം.എസ് മന്ത്രിസഭയിൽ സി.എച്ച് മുഹമ്മദ് കോയക്കും അഹമ്മദ് കുട്ടി കുരിക്കൾക്കും പങ്കാളിത്തം നൽകിയതോടെയാണ്. 1957ലും 67ലും ഇ.എം.എസ് സർക്കാരുകൾ മുസ്‌ലിംകൾക്ക് ഗുണകരമായ പല തീരുമാനങ്ങളെടുത്തിട്ടും നിർണായക ഘട്ടത്തിൽ നന്ദികേട് കാണിച്ചുകൊണ്ട് മുസ്‌ലിം ലീഗ് മറുകണ്ടം ചാടിയതിനെ കുറിച്ച് റാസാഖാൻ പരിഭവിക്കുന്നുണ്ട്. കോൺഗ്രസ് അടക്കമുള്ള പാർട്ടികളിൽനിന്നുയർന്ന കടുത്ത എതിർപ്പ് വകവെക്കാതെയാണ് എൽഡിഎഫ്‌ സർക്കാർ മലപ്പുറം ജില്ല യാഥാർഥ്യമാക്കിയത്. കാലിക്കറ്റ് യൂനിവാഴ്‌സിറ്റിക്ക് അസ്തിവാരമിട്ടതും കമ്യൂണിസ്റ്റ് ഗവൺമെൻറാണ് എന്ന യാഥാർഥ്യം മറച്ചുപിടിക്കാനാണ് മുസ്‌ലിം ലീഗ് നേതൃത്വം എന്നും ശ്രമിക്കാറ്. കമ്യുണിസ്റ്റ് വിരുദ്ധത മുസ്‌ലിം ലീഗിന്റെ കപട രാഷ്ട്രീയ അടവാണ്. ഇടതുപക്ഷവും മുസ്‌ലിംകളും തമ്മിലുള്ള നാഭീനാളബന്ധത്തെ കുറിച്ച് ആമുഖമായി ഇത്രയും പറഞ്ഞത്, കേരളത്തിലെ എൽ.ഡി.എഫ് സർക്കാർ മുസ്‌ലിം വിരുദ്ധ നയനിലപാടുകളുമായി മുന്നോട്ടുപോവുകയാണെന്നും അതിനെ ചെറുത്തുതോൽപിക്കാൻ ‘സമുദായം’ ജിഹാദിനിറങ്ങണമെന്നും ആഹ്വാനം ചെയ്‌തുകൊണ്ട് മുസ്‌ലിം ലീഗും തീവ്ര ചിന്താഗതിക്കാരും കുറച്ചുനാളായി നടത്തുന്ന വ്യാപക ദുഷ്പ്രചാരണങ്ങളുടെ പശ്ചാത്തലത്തിലാണ്.

പിണറായി സർക്കാരിന്റെ ഭരണത്തുടർച്ച കോൺഗ്രസിന്റെയും മുസ്‌ലിം ലീഗിന്റെയും സമനനില തെറ്റിച്ചത് അധികാര മോഹഭംഗം മൂച്ചിപ്പിരാന്തായി മാറിയതോടെയാണ്. അധികാരമില്ലാതെ അണികളെ പിടിച്ചുനിർത്താനാവില്ല എന്ന ബോധ്യം ഇക്കുട്ടരുടെ ഉറക്കം കെടുത്തുന്നു.  അതുകൊണ്ട്  അധികാരവഴിയിൽ പ്രതിരോധം തീർത്ത ഇടതുപക്ഷത്തെ ആസുരശക്തിയായി  അവതരിപ്പിക്കാൻ ശ്രമിക്കുകയാണ്. പാർട്ടിയും മുന്നണിയും അകപ്പെട്ട പ്രതിസന്ധി അതിജീവിക്കാൻ ഇമ്മട്ടിൽ  വൃത്തികെട്ട മാർഗങ്ങൾ സ്വീകരിച്ചതാണ്  ഇപ്പോൾ കേൾക്കുന്ന ഇടതുവിരുദ്ധ, സർക്കാർ വിരുദ്ധ കോലാഹലങ്ങളുടെ ആകത്തുക.  മുസ്‌ലിം ന്യുനപക്ഷത്തിന്റെ വൻതോതിലുള്ള പിന്തുണയോടെ അധികാരത്തിലേറിയ പിണറായി സർക്കാർ മുസ്‌ലിംകളോട് വൈരാഗ്യത്തോടെ പെരുമാറുന്നുവെന്ന നട്ടാൽ മുളക്കാത്ത നുണ പെരുമ്പറയിടിച്ച് നടത്തുന്ന പ്രചാരണങ്ങളുടെ രീതി പരിശോധിച്ചാൽ അത് മനസ്സിലാക്കാം. വർഗീയത വിതച്ച്  രാഷ്ട്രീയലക്ഷ്യം നേടുക എന്ന ആർ.എസ്.എസ് രീതിയാണ്  ഇവർ കടം കൊണ്ടിരിക്കുന്നത്.

പാർട്ടി പ്രതിസന്ധിയിലകപ്പെടുകയും അണികൾ ചിതറിപ്പോവുകയും ചെയ്യുമ്പോഴെല്ലാം  സാമുദായിക വികാരം തൊട്ടുണർത്തി ജനസാമാന്യത്തെ ഭ്രാന്തിപിടിപ്പിക്കുന്ന ഒരു തന്ത്രം ലീഗ് എക്കാലവും പയറ്റിയിട്ടുണ്ട്. ഇടതുസർക്കാർ ക്രിസ്ത്യാനികൾക്ക് വാരിക്കോരിക്കൊടുക്കുന്നു; മുസ്‌ലിംകളെ അവഗണിക്കുന്നുവെന്ന തരത്തിൽ നടത്തുന്ന കൊണ്ടുപിടിച്ച ദുഷ്പ്രചാരണങ്ങൾ ഒന്നാം പിണറായി സർക്കാരിന്റെ കാലത്തും കേട്ടതാണ്. കേരള കോൺഗ്രസ് (ജോസ്.കെ മാണി വിഭാഗം ) യുഡിഎഫ് വിട്ടതിനു ശേഷമാണ് ഇമ്മട്ടിലുള്ള ആരോപണങ്ങൾ മുഴങ്ങിക്കേൾക്കാൻ തുടങ്ങിയത്. പൗരത്വപ്രശ്‌നം ഉയർന്നപ്പോൾ മുഖ്യമന്ത്രി നേരിട്ട് സർവ കക്ഷിയോഗം വിളിക്കുകയും പൗരത്വഭേദഗതി നിയമത്തിനെതിരെ നിയമസഭ ഒറ്റക്കെട്ടായി പ്രമേയം പാസ്സാക്കുകയും ജില്ലാ തലങ്ങളിൽ ഭരണഘടനാ സംരക്ഷണ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുകയും ചെയ്തപ്പോൾ അതിനെതിരെ രംഗത്തുവരുകയും മുസ്‌ലിം പണ്ഡിതന്മാരെ അത്തരം പരിപാടികളിൽ പങ്കെടുക്കുന്നതിൽനിന്ന് പിന്തിരിപ്പിക്കാൻ ലീഗും കോൺഗ്രസും ശ്രമിക്കുകയും ചെയ്‌തതൊന്നും വിലപ്പോയില്ല.

മുസ്‌ലിംകളുടെ അസ്തിത്വം തന്നെ ചോദ്യം ചെയ്യപ്പെട്ട സന്നിഗ്ധ ഘട്ടത്തിൽ ന്യൂനപക്ഷങ്ങൾ അനുഭവിച്ച സുരക്ഷിതത്വബോധം കേരളീയ മുസ്‌ലിംകളെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിനിന്ന് ് വേർതിരിച്ചുനിറുത്തിയപ്പോൾ, മുസ്‌ലിം ജനസാമാന്യം ഇടതുപക്ഷത്തോട് ചേർന്നുനിന്നതും മുഖ്യമന്ത്രി പിണറായി വിജയനിൽ ഒരു രക്ഷകനെ കണ്ടെത്തിയതും മുസ്‌ലിം ലീഗിന് സഹിച്ചില്ല. കുറെ കാലത്തേക്ക് അതിന്റെ പേരിൽ ഹാലിളകി. അങ്ങനെയാണ്  സ്വർണക്കടത്തിന്റെ പേരിൽ ഇടതുസർക്കാരിനെയും മുഖ്യമന്ത്രി, കെ.ടി ജലീൽ, നിയമസഭാ സ്പീക്കർ  തുടങ്ങിയവർക്കെതിരെ ബി.ജെ.പിയുമായി ചേർന്ന് കള്ളപ്രചാരണങ്ങൾ അഴിച്ചുവിട്ടത്.  

നട്ടാൽ മുളക്കാത്ത നുണകൾ

ഇടതുവിരുദ്ധ വികാരം വളർത്തി  മുസ്‌ലിം ജനസാമാന്യത്തെ തെരുവിലിറക്കാനും തങ്ങളിൽനിന്ന് എന്നോ അകന്നുകഴിഞ്ഞ മുസ്‌ലിം മത-സാംസ്‌കാരിക പ്രസ്ഥാനങ്ങളെ തങ്ങളോടൊപ്പം പിടിച്ചുനിർത്താനുമുള്ള കാമ്പയിനുവേണ്ടി മുസ്‌ലിം ലീഗിന്റെ അടുക്കളയിൽ ചുട്ടെടുക്കുന്ന കള്ളക്കഥകൾ എത്രമാത്രം ജുഗുപ്‌സാവഹവും നിരുത്തരവാദപരവുമാണെന്ന് മനസ്സിലാക്കാൻ ഏതാനും ഉദാഹരണങ്ങൾ ധാരാളം! മുസ്‌ലിംകളെ തകർക്കുന്നതിന് പദ്ധതികളുണ്ടാക്കാൻ എ.കെ.ജി സെൻററിൽ  പ്രത്യേക സെൽ പ്രവർത്തിക്കുന്നുണ്ട്  എന്ന ലീഗ്  ജന.സെക്രട്ടറിയുടെ ജൽപനത്തിൽനിന്ന് തന്നെ സ്വബോധമുള്ള ആർക്കും മനസ്സിലാവും അധികാരമോഹഭംഗം ഇവരെ എത്രമാത്രം അധ$പതിപ്പിക്കുമെന്ന്. 2006ൽ എൽ.ഡി.എഫിന്റെ സഹായത്തോടെ എം.എൽ.എ ആവുകയും മോഹിച്ച മന്ത്രിസ്ഥാനം ലഭിക്കില്ലെന്ന് കണ്ടപ്പോൾ ഇബ്രാഹീം സുലൈമാൻ സേട്ട് ബീജാവാപം നൽകിയ ഐ.എൻ.എല്ലിനെ പാണക്കാട്ട് ചെന്ന് തൂക്കിവിൽക്കാൻ ശ്രമിക്കുകയും ചെയ്ത രാഷ്ട്രീയ മര്യാദ തൊട്ടുതീണ്ടാത്തയാളാണ്  ഈ ആരോപണം ഉന്നയിച്ചതെന്നോർക്കണം. സീതി സാഹിബും സി.എച്ച് മുഹമ്മദ് കോയയും സുലൈമാൻ സേട്ടുവുമൊക്കെ മതേതരവത്കരിക്കാനും മുഖ്യധാരയുടെ ഭാഗമാക്കാനും ശ്രമിച്ച ഒരു പാർട്ടിയെ മുഹമ്മദലി ജിന്നയുടെ സർവേന്ത്യാലീഗിലേക്ക് തിരിച്ചുകൊണ്ടുപോകാൻ ശ്രമിക്കുന്ന ഇത്തരക്കാരെ സമുദായം തിരിച്ചറിഞ്ഞില്ലെങ്കിൽ സർവനാശത്തിലേക്കായിരിക്കും കുതിപ്പ്. വർഗീയ ഫാഷിസം ഫണം വിടർത്തിയാടുന്ന ഈ കെട്ടകാലത്ത് ന്യൂനപക്ഷ-ദുർബല വിഭാഗങ്ങൾക്കു വേണ്ടി ശബ്ദിക്കാനും പ്രതിരോധത്തിന്റെ കോട്ട പണിയാനും അഹോരാത്രം യത്‌നിക്കുന്ന ഒരു രാഷ്ട്രീയപ്രസ്ഥാനത്തിനുമേൽ എന്താരോപിച്ചാലും സമുദായം അത് വിശ്വസിച്ചുകൊള്ളുമെന്ന് ധരിച്ചുവെച്ചിട്ടുണ്ടെങ്കിൽ ഇവർ മൂഢന്മാരുടെ സ്വർഗത്തിലാണ്. മുസ്‌ലിം ലീഗ് വിഭാവന ചെയ്യുന്ന വൃത്തികെട്ട സാമുദായിക രാഷ്ട്രീയത്തിന്റെ അഴുക്ക്ചാലിൽനിന്ന് പുറത്തുവന്ന് കേരളീയ മുസ്‌ലിം സമൂഹം ബഹുദൂരം മുന്നോട്ടുകുതിച്ചതിന്റെ മാറ്റങ്ങളാണ് ഇവിടെ കാണാനുണ്ട്.  ലീഗിന്റെ അകത്തളങ്ങളിൽ കുമിഞ്ഞുകൂടിയ ജീർണതകൾക്കെതിരെ പരസ്യമായി ശബ്ദിക്കാൻ മുന്നോട്ടുവന്ന ‘ഹരിത’യുടെ ആർജവമുള്ള പെൺകുട്ടികളുണ്ടല്ലൊ;  ആ ന്യൂജെൻ രാഷ്ട്രീയത്തിലാണ് കേരളീയ മുസ്‌ലിംകളുടെ പ്രതീക്ഷ.  ‘ഹരിത’ പിരിച്ചുവിട്ടുകൊണ്ട് പാണക്കാട്ടുനിന്ന് എത്ര ‘’ഫത്‌വ’കൾ ഇറങ്ങിയാലും ശരി,  പുതുതലമുറയുടെ ചിന്തകളെ പ്രഫുല്ലമാക്കുന്ന ഇടത് ആശയങ്ങളായിരിക്കും വരുംനാളുകളിൽ മാറ്റത്തിന്റെ ചാലകശക്തിയായി വർത്തിക്കുക.

പാർട്ടിയുടെ നിക്ഷിപ്ത താൽപര്യങ്ങൾക്ക് നേരെ വെല്ലുവിളി ഉയരുമ്പോൾ ‘ഇസ്‌ലാം അപകടത്തിൽ’ ‘ മുസ്‌ലിംകൾ നഷ്ടത്തിൽ’ എന്നൊക്കെ ക്രാമ്പയിൻ നടത്തി അന്തരീക്ഷം പ്രക്ഷുബ്ധമാക്കുക എന്നത് മുസ്‌ലിം ലീഗിന്റെ പതിവ് (കു)തന്ത്രമാണ്്. വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്കു വിടുന്നതോടെ ആകാശം ഇടിഞ്ഞുപൊളിഞ്ഞുവീഴുമെന്ന മട്ടിൽ ഇപ്പോൾ  നടത്തുന്ന കൊണ്ടുപിടിച്ച ദുഷ്പ്രചാരണങ്ങൾക്കു പിന്നിൽ ലീഗിന്റെ കച്ചവടക്കണ്ണാണ്. സച്ചാർ കമ്മിറ്റി സൂചിപ്പിച്ചത് പോലെ രാജ്യത്തെ വഖഫ് സ്വത്തുക്കൾ കാര്യക്ഷമമായി കൈകാര്യം ചെയ്യാൻ ഫലപ്രദമായ സംവിധാനമുണ്ടായിരുന്നുവെങ്കിൽ  മുസ്‌ലിം വിഭാഗത്തിന്റെ സാമൂഹിക ഉന്നമനത്തിനായി പല പദ്ധതികളും ആവിഷ്‌കരിച്ച് നടപ്പാക്കാൻ സാധിച്ചേനെ. പക്ഷേ, ഇതര സംസ്ഥാനങ്ങളിലേത് പോലെ ഇവിടെയും വഖഫ് ബോർഡ് ദീനം പിടിപെട്ട്  കിടപ്പിലാണ്്. അന്യാധീനപ്പെട്ട വഖഫ് സ്വത്തുക്കൾ തിരിച്ചുപിടിക്കാൻ ആത്മാർഥമായ ഒരു നീക്കവും ഇതുവരെ നടന്നിട്ടില്ല എന്നല്ല, അത് നടക്കാൻ പാടില്ല എന്ന് നിർബന്ധ ബുദ്ധിയുള്ളവരുടെ കൈകളിലാണ് എന്നും ദൈവിക മാർഗത്തിലെ ഈ നിത്യദാനങ്ങൾ ചെന്നുപെടാറ് എന്ന് കാൽനൂറ്റാണ്ട് മുമ്പ് ഈ ലേഖകൻ നടത്തിയ പഠനങ്ങൾ സമർഥിച്ചു. ‘’ മർമം മറന്ന ധർമപരിപാലന’ത്തെ കുറിച്ച് ഒരു പരമ്പര തയാറാക്കി പ്രസിദ്ധീകരിച്ചപ്പോൾ ലീഗ് നേതാക്കൾക്ക്  ഒരക്ഷരം ഉരിയാടാനുണ്ടായിരുന്നില്ല. വഖഫ് സ്വത്തുകൾ ലീഗുകാരുടെ കറവപ്പശുവാണ്. ഏറെ വിവാദം സൃഷ്ടിച്ച മുക്രി, മുഅല്ലിം പെൻഷൻ വിതരണം ചെയ്യാൻ സർക്കാർ അനുവദിച്ച 40ലക്ഷം രൂപ ചെയർമാന് കാറ് വാങ്ങാനും കാലിക്കറ്റ് വാഴ്‌സിറ്റിയിൽ ഇസ്‌ലാമിക് ചെയർ തുടങ്ങാനും വക മാറ്റി ചെലവിട്ടപ്പോൾ പാവം മുക്രിമാർക്ക് കിട്ടിയ ചായപൈസ മാത്രം.  കഴിവോ പ്രാപ്തിയോ വിദ്യാഭ്യാസമോ നോക്കാതെ, തങ്ങൾക്ക് വേണ്ടപ്പെട്ടവരെ ജീവനക്കാരായി വെക്കുന്ന അങ്ങേയറ്റം അശാസ്ത്രീയമായ രീതിയാണ് തുടരുന്നത് അതേസമയം, നിയമനങ്ങൾ പി.എസ്.സിക്കു വിടുന്നതോടെ ഉന്നത വിദ്യാഭ്യാസവും പ്രാപ്തിയും നൈപുണിയുമുള്ള മിടുക്കരായ ചെറുപ്പക്കാരുടെ കൈകളിലേക്ക് ഈ സംവിധാനം ഏൽപിച്ചുകൊടുക്കാനാവും.   മതപരമായ വിഭാഗീയതക്കതീതമായി മെറിറ്റ് അടിസ്ഥാനത്തിൽ മാത്രം നിയമനങ്ങൾ നടക്കുമ്പോൾ കാര്യക്ഷമത കൈവരും, നീതി പുലരുകയും ചെയ്യും. പക്ഷേ ആ വശങ്ങളിലേക്കൊന്നും ശ്രദ്ധ തിരിക്കാതെ മുസ്‌ലിം ലീഗുകാർ പറയുന്നത് ഏറ്റുപറഞ്ഞ്, സർക്കരിനെ പഴി ചാരുന്ന പുരോഗമന പ്രസ്ഥാനങ്ങളുടെ മനോനില കാണുമ്പോൾ സഹതാപം തോന്നുകയാണ്.  നാളെ മുസ്‌ലിമേതര വിഭാഗങ്ങൾക്കും വഖഫ് ബോർഡിൽ നിയമങ്ങൾ നൽകേണ്ടിവരുമെന്നും വഖഫ് ബോർഡ് തസ്തികകളിലേക്ക് മുസ്‌ലിംകൾക്ക് മാത്രം അപേക്ഷിക്കാവുന്ന വിജ്ഞാപനം പി.എസ്.സി ഇറക്കുമ്പോൾ  കോടതിയിൽ അത്  ചോദ്യം ചെയ്യപ്പെടുമെന്നും അതോടെ എല്ലാ വിഭാഗങ്ങൾക്കും അപേക്ഷിക്കാവുന്ന തരത്തിൽ ഉത്തരവുണ്ടാവുമെന്നുമൊക്കെയാണ് ലീഗും വിധേയ സംഘടനകളും ഇപ്പോൾ  പ്രചരിപ്പിക്കുന്നതും മുസ്‌ലിം സാമാന്യത്തെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നതും.

വ്യാജ പോസ്റ്റുകളിലെ വിഷം

ഇടതുവിരുദ്ധ വികാരം ഉണർത്താൻ മറ്റു പല കള്ളത്തരങ്ങളും സാമൂഹിക മാധ്യമങ്ങൾ വഴി ഇവർ വൈറലാക്കുന്നുണ്ട്. പള്ളികളിൽ ബാങ്ക് വിളി നിരോധിച്ചുകൊണ്ട് ആഭ്യന്തര വകുപ്പ് പുതിയ ഉത്തരവിറക്കി എന്ന മട്ടിൽ പോലിസിന്റെ ഒരു ഓർഡർ വാട്‌സആപ്പിലുടെ പ്രചരിപ്പിച്ചു. മുമ്പേ നിരോധിച്ച കോളാമ്പി മൈക്കുകൾ ഒരാഴ്ചകം എടുത്തുമാറ്റണമെന്നും ബോക്‌സുകൾ മാത്രമേ  ആരാധനാലയങ്ങളിൽ ഉപയോഗിക്കാൻ പാടുള്ളുവെന്നും പോലിസിന്റെ ഭാഗത്തുനിന്ന് വിശദീകരണമുണ്ടായിട്ടും ദുഷ്പ്രചാരണങ്ങൾക്ക് അറുതിയുണ്ടായില്ല. ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ഇക്കുറി ജോസ് കെ.മാണിയുടെ പാർട്ടിക്ക് നൽകിയത് വലിയ പാതകമായി അവതരിപ്പിച്ച്  മുസ്‌ലിംകളോട് വിവേചനം കാണിക്കുന്നുവെന്ന് അലമുറയിട്ടു. ആ കോർപ്പറേഷന്റെ തലപ്പത്ത് ഒരു മുസ്‌ലിമാണ് വരുന്നതെന്ന സത്യം കണ്ടില്ലെന്ന് നടിച്ചു. മറ്റു രണ്ടു ന്യുനപക്ഷ സ്ഥാപനങ്ങളുടെ തലപ്പത്ത് നിലവിൽ മുസ്‌ലിംകളുണ്ടെന്ന യാഥാർഥ്യം മറച്ചുപിടിച്ചു. ഇടതുപക്ഷം മുസ്‌ലിംകളെ വഞ്ചിക്കുകയാണെന്ന് പറയുന്ന ഒരു കുറിപ്പ് ചരിത്രകാരനും ഇടതുസാഹയാത്രികനുമായ ഹുസൈൻ രണ്ടത്താണിയുടെ പേരിൽ ഫെയ്‌സ്ബുക്കിലുടെയും വാട്‌സ്ആപ്പിലുടെയും വ്യാപകമായി പ്രചരിപ്പിച്ചു. ഈ ലേഖകന്റേതെന്ന് തെറ്റിദ്ധരിപ്പിക്കുന്ന  ഒരു ശബ്ദസന്ദേശം സാമൂഹിക മാധ്യമങ്ങളിലൂടെ ഇപ്പോൾ വൈറലായിട്ടുണ്ട്. മുസ്‌ലിംകൾ തീവ്രവാദികളാണെന്നും മലപ്പുറത്തെ കുട്ടികൾ കോപ്പിയടിച്ചാണ് ജയിക്കുന്നതുമൊക്കെ പറഞ്ഞുകൊണ്ടുള്ള മറ്റൊരു ശബ്ദ സന്ദേശം മന്ത്രി വി.എൻ വാസവന്റെ പേരിൽ നാട്ടിലേക്ക് ഫോർവേഡ് ചെയ്തത്  ഗൾഫിൽനിന്നാണ്്. ഇതിലൊന്നും അദ്ഭുതമില്ല. സമനില തെറ്റിയ ലീഗുകാർ വർഗീയ കലാപത്തെ കുറിച്ച് പോലും ആലോചിക്കുമെന്ന് ഭയപ്പെടണം. ഇത്തരം ദുഷ്ചിന്തകൾക്ക് ചില ആത്യന്തികവാദികളുടെ പ്രചോദനും പ്രോൽസാഹനവും ലഭിക്കുന്നുണ്ട്.  ഇടതുസർക്കാറിനെതിരെ രൂപം കൊണ്ട മഴവിൽ സഖ്യത്തിൽ ആർ.എസ്.എസും എസ്.ഡി.പി.ഐയും മുള്ള് മുരിക്ക് മൂർക്കൻ പാമ്പ് മുതൽ കല്ല് കരട് കാഞ്ഞിരക്കുറ്റി വരെ ഉണ്ട്. കരുതിയിരിക്കക;  നൈരാശ്യവും മോഹഭംഗവുമാണ് ഭീകരവാദികളെ സൃഷ്‌ടിക്കുന്നത്.

(ഐഎൻഎൽ സംസ്ഥാന ജന. സെക്രട്ടറിയാണ് ലേഖകൻ).


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top