17 April Wednesday

കെഎഎസ്‌ ആദ്യബാച്ച്‌ കേരളത്തെ അറിയാനുള്ള യാത്രയിൽ; സുനീഷ്‌ ജോ എഴുതുന്നു

സുനീഷ്‌ ജോ suneeshmazha@gmail.comUpdated: Sunday May 22, 2022

കേരളം 60 വർഷത്തിലേറെ കാത്തിരുന്ന കേരള അഡ്‌മിനിസ്‌ട്രേറ്റീവ്‌ സർവീസിന്‌ തുടക്കം. 105 പേരടങ്ങുന്ന ആദ്യബാച്ചിന്റെ പരിശീലനം 4 മാസം പിന്നിട്ടു. 35 വീതമുള്ള മൂന്നുബാച്ചായി ഇവർ കേരളത്തെ അറിയാനുള്ള യാത്രയിലാണിപ്പോൾ. മൂന്ന്‌ സ്‌ട്രീമിനെയും ഇടകലർത്തിയാണ്‌ ഓരോ ബാച്ചും. പരിശീലനവും അങ്ങനെയാണ്‌. 2023 ഓടെ  മിഡിൽ ലെവൽ ഓഫീസർമാരായി ഇവർക്ക്‌ (സെക്കൻഡ്‌ ഗസറ്റഡ്‌ ഓഫീസർ) നിയമനം ലഭിക്കും. ഐഎംജിയിൽ നടക്കുന്ന പരിശീലനവും അവരുടെ വിശേഷങ്ങളുമറിയാം

 
ഇല വീണാൽ കേൾക്കാവുന്ന ഐഎംജി ഹോസ്റ്റലിന്റെ നിശ്ശബ്‌ദത എങ്ങോട്ടാണ്‌ മറഞ്ഞത്‌? തിരുവനന്തപുരം ബാർട്ടൺഹില്ലിൽ ഒരു കോളേജ്‌ ക്യാമ്പസിന്റെ ചടുലത എങ്ങുനിന്നുവന്നു?  2021 ഡിസംബർ 24 മുതൽ അങ്ങനെയാണ്‌. ആ ക്രിസ്‌മസ്‌ രാത്രിയിലെ കരോൾപോലെ എല്ലാ രാത്രിയും ശബ്ദമുഖരിതം. ആട്ടവും പാട്ടും രാത്രികളെ പകലാക്കുന്നു. പാട്ടുംകൂത്തുമായി നടന്നവർ പുലർച്ചെ പഠിപ്പിസ്റ്റുകളാകുന്നു. കേരളത്തിന്റെ അഭിമാനമായ കേരള അഡ്‌മിനിസ്‌ട്രേറ്റീവ്‌ സർവീസ്‌ ട്രെയിനിമാരാണ്‌ ഇവർ. 38 വനിതകളടക്കം 105 പേർ. ചിലർ വീട്ടിൽനിന്ന്‌ വന്നുപോകുന്നു. നാലുമാസത്തെ പരിശീലനശേഷം മെയ്‌ ഒമ്പതുമുതൽ കേരളത്തെ അടുത്തറിയാൻ 35 പേർ വീതമുള്ള മൂന്നു ബാച്ചായി മൂന്നാഴ്‌ചത്തെ ‘കേരളദർശന’ത്തിലാണ് അവർ.
 
24 വയസ്സുമുതൽ 49 വയസ്സുവരെയുള്ളവർ അടങ്ങുന്ന കേരളത്തിലെ ആദ്യ കെഎഎസ്‌ ബാച്ച്‌.  വ്യത്യസ്‌ത വിഷയത്തിൽ ഉയർന്ന വിദ്യാഭ്യാസയോഗ്യത നേടിയവരിൽ രണ്ട്‌ ആയുർവേദ ഡോക്ടർമാരും എട്ട്‌ വെറ്ററിനറി ഡോക്ടർമാരുമുണ്ട്‌. വിവിധ ഡിപ്പാർട്ട്‌മെന്റിലെ ജില്ലാ ഓഫീസർമാർ, സെക്രട്ടറിയറ്റിലെ ഡെപ്യൂട്ടി സെക്രട്ടറി, പ്ലസ്‌ടു അധ്യാപകർ, പഞ്ചായത്ത്‌ സെക്രട്ടറിമാർ, ബിഡിഒമാർ, പൊലീസുകാർ, ജോയിന്റ്‌ ഡയറക്ടർമാർ, ഡെപ്യൂട്ടി ഡെവലപ്‌മെന്റ്‌ കമീഷണർ തുടങ്ങി സിവിൽ സർവീസ്‌ പരീക്ഷയുടെ ഇന്റർവ്യൂവരെ എത്തിയവരും നിസ്സാര മാർക്കിന്‌ സിവിൽ സർവീസ്‌ നഷ്ടമായവരും. ഓരോരുത്തർക്കും ഓരോ കഥയുണ്ട്‌. കെഎഎസിലേക്ക്‌ നടന്നുകയറിയതിന്റെ കഥ. അതറിയുംമുമ്പ്‌ കെഎഎസിലേക്ക്‌ കേരളം പിന്നിട്ട ദൂരം അറിയണം.

 

ജീവിതം ഉപമ

ഓരോ ഫയലും ഓരോ ജീവിതമാണെന്ന്‌ 2016 ജൂൺ എട്ടിനാണ്‌ മുഖ്യമന്ത്രി പിണറായി വിജയൻ സെക്രട്ടറിയറ്റ്‌ ജീവനക്കാരോടു പറഞ്ഞത്‌. ആറുമാസത്തിനകം കെഎഎസ്‌ എന്നപേരിൽ സംസ്ഥാന സിവിൽ സർവീസ്‌ ആരംഭിക്കാൻ മന്ത്രിസഭയുടെ  അംഗീകാരം.  2019 നവംബർ ഒന്ന്‌ കെഎഎസ് ജൂനിയർ സ്‌കെയിലിൽ ട്രെയ്‌നിമാരെ ക്ഷണിച്ച് പിഎസ്‌‌സി വിജ്ഞാപനം. ആറു പതിറ്റാണ്ടിന്റെ കാത്തിരിപ്പിനു വിരാമം. 1957ലെ ഇ എം എസിന്റെയും തുടർന്ന്‌ എം കെ വെള്ളോടിയുടെയും ഇ കെ നായനാരുടെയും വി എസ്‌ അച്യുതാനന്ദന്റെയും നേതൃത്വത്തിലുള്ള നാല്‌ ഭരണപരിഷ്‌കാര കമീഷനും മുന്നോട്ടുവച്ച നിർദേശം.  
2021 ഡിസംബർ 24. കെഎഎസ്‌ ആദ്യബാച്ചിന്റെ പരിശീലനത്തിന്‌ മുഖ്യമന്ത്രി പിണറായി വിജയൻ തുടക്കംകുറിച്ചു. ജനങ്ങളുടെ വേദനയറിഞ്ഞും ഉൾക്കൊണ്ടും പ്രവർത്തിക്കാൻ കഴിയണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു. ലക്ഷ്യം സിവിൽ സർവീസിന്റെ ജനകീയവൽക്കരണം–-മുഖ്യമന്ത്രി നയം വ്യക്തമാക്കി.

എല്ലാം  ഇച്ഛാശക്തി

എൽഡിഎഫ്‌ സർക്കാരിന്റെ ഇച്ഛാശക്തിയാണ്‌ കെഎഎസ്‌ എങ്കിൽ അത്രത്തോളം കരുത്തുള്ള നിശ്ചയദാർഢ്യമുണ്ട്‌  അഷ്‌റഫ്‌ പെരുംപള്ളിക്ക്‌. മോട്ടോർ ന്യൂറോൺ ഡിസീസ്‌ വന്ന്‌ വലതുകൈക്കും കാലിനും സ്വാധീനം നഷ്ടപ്പെട്ടു. ബിസിനസും കോൺട്രാക്ട്‌ വർക്കും ചെയ്‌തിരുന്ന 10–-ാം ക്ലാസുകാരൻ  2010 മുതൽ  പഠനം പുനരാരംഭിച്ചു.  37 –-ാംവയസ്സിൽ. ഓപ്പൺ ഡിഗ്രിയും പിജിയുമെടുത്തു. ചരിത്രത്തിൽ നെറ്റുമുണ്ട്‌. 2012ൽ ആദ്യജോലി.  2017ൽ പെരിന്തൽമണ്ണ ബിഡിഒ. കെഎഎസ്‌ സ്ട്രീം മൂന്നിൽ 20–-ാം റാങ്കുമായി കേരളത്തിന്റെ അഭിമാന സർവീസിലേക്ക്.  സംസ്ഥാന സർക്കാരിന്റെ ഡ്രീം പ്രോജക്ടിൽ ആ പ്രതീക്ഷയ്‌ക്കൊപ്പം ജോലി ചെയ്യണമെന്ന കാര്യത്തിൽ സംശയമില്ല.  

സീനിയർ ബ്രോ

കാൽനൂറ്റാണ്ടിന്റെ സർവീസ്‌ അനുഭവമുണ്ട്‌ പാലോട്‌ സ്വദേശി റിജാം റാവുത്തർക്ക്‌. സെക്രട്ടറിയറ്റിൽ ഡെപ്യൂട്ടി സെക്രട്ടറിയായിരിക്കെ സ്‌ട്രീം മൂന്നിൽ 24–-ാം റാങ്ക്‌ നേടി കെഎഎസിൽ. ബാച്ചിൽ ഏറ്റവും സീനിയർ. മിഡിൽ ലെവൽ ഉദ്യോഗസ്ഥരിൽ യുവരക്തം വരേണ്ടതുണ്ടെന്നാണ്‌ സർവീസ്‌  അനുഭവം.

ബെസ്റ്റീസ്‌

കൂട്ടത്തിൽ ഏറ്റവും പ്രായം കുറഞ്ഞവരാണ്‌ സ്വാതി ചന്ദ്രമോഹനും (എറണാകുളം), അജിത് ജോണും (തൃശൂർ). 24 വയസ്സ്‌. സിവിൽ സർവീസ്‌  ശ്രമത്തിനിടയിലാണ്‌ ഇരുവർക്കും കെഎഎസ്‌ ലഭിക്കുന്നത്‌.  
ബാച്ചിൽ മൂന്നു പൊലീസുകാരുണ്ട്‌. അതിൽ ഒരാളാണ്‌ ആനന്ദ്‌. തിരുവനന്തപുരം സ്വദേശിയാണെങ്കിലും കോഴിക്കോട്‌ നടക്കാവിൽ സ്ഥിരതാമസം. 21–-ാം വയസ്സിൽ  പൊലീസിൽ ജോലി ലഭിച്ചപ്പോൾ അതുവേണോ എന്ന ആശങ്കയായിരുന്നു ചുറ്റുമുള്ളവർക്ക്. ധൈര്യമായി ജോലിക്കു കയറ്‌ എന്ന ആത്മവിശ്വാസം നിറച്ചത്‌ അമ്മ. ഞാൻ ഉയർന്നനിലയിൽ എത്തുമെന്ന വിശ്വാസം അവർക്ക്‌ ഉണ്ടായിരുന്നു. നേരിട്ട പ്രയാസങ്ങളും ജീവിതപാഠങ്ങളും ഐഎംജി പരിശീലനവും നല്ലൊരു ഉദ്യോഗസ്ഥനിലേക്ക്‌ നയിക്കുമെന്ന്‌ ആനന്ദ്‌.

മാസ്‌ വിമെൻ

ഇന്ത്യൻ വീട്ടമ്മമാരുടെ ‘ധന മാനേജ്‌മെന്റ്‌’ കണ്ട്‌ അത്ഭുതപ്പെട്ടിട്ടുണ്ട്‌ ലോക പ്രശസ്‌ത സാമ്പത്തിക വിദഗ്‌ധൻ അമർത്യ സെൻ. കോവിഡ്‌ കാലത്ത്‌ തൃശൂരിലുമുണ്ടായി ഒരത്ഭുതം. 2020 രണ്ടാംപാദത്തിൽ സ്‌കൂൾ വിദ്യാർഥികൾക്ക്‌ രണ്ടുവീതം മാസ്‌ക്‌ നൽകണം. ഒന്നിന്‌ ചെലവഴിക്കാൻ പറ്റുന്ന പരമാവധി തുക 5.50 രൂപ. എസ്‌എസ്‌കെ ജില്ലാ പ്രോജക്ട്‌ കോ–-ഓർഡിനേറ്റർ ബിന്ദു പരമേശ്വരൻ പലവഴിക്ക്‌ ശ്രമിച്ചിട്ടും 12 രൂപയിൽ കുറയുന്നില്ല. അടച്ചിട്ട കാലത്ത്‌ അവർ ശ്രമം ഉപേക്ഷിച്ചില്ല. മാസ്‌ക്‌ തയ്യാറാക്കുന്ന മികച്ച തുണി  തൃശൂരിലെ  ടെക്‌സ്റ്റൈൽ ഗോഡൗണിൽനിന്ന്‌  ശേഖരിച്ചു. ഓൾ കേരള ടെയ്‌ലേഴ്‌സ്‌ അസോസിയേഷൻ വഴി വികേന്ദ്രീകരിച്ച്‌ നിശ്ചിത സമയത്തിനകം 5.40 ലക്ഷം മാസ്‌ക്‌ തയ്യാറാക്കി. ഒന്നിനു വില 4.95 രൂപ. ബിന്ദു പരമേശ്വരൻ സ്‌ട്രീം മൂന്നിലൂടെ കെഎഎസിൽ.  

കോട്ടൂരിന്റെ പ്രകാശം

കാട്ടാക്കട കോട്ടൂർ സ്വദേശിയാണ്‌ ടി ജയൻ. 2017 മുതൽ സിവിൽ സർവീസ്‌ പരീക്ഷയ്‌ക്കൊരുങ്ങി. 2020ൽ ഇന്റർവ്യുവരെ എത്തി. 10 മാർക്കിന്‌ നഷ്ടപ്പെട്ടു. സ്‌ട്രീം ഒന്നിൽ കെഎഎസിലേക്ക്‌. ഓഫീസിൽ എത്തുന്ന ആളുകളെ ധൈര്യത്തോടെ പറഞ്ഞുവിടാൻ പറ്റണമെന്നാണ്‌ ജയന്റെ ആഗ്രഹം. അവരുടെ മുഖത്ത്‌ ചിരിപടർത്താൻ കഴിയണം. അതിനു സാധിച്ചാൽ വിജയിച്ചു. നിയമവും ചട്ടവും എങ്ങനെ ജനങ്ങൾക്ക്‌ അനുകൂലമായി ഉപയോഗിക്കാമെന്ന്‌ ആലോചിക്കും. ടാപ്പിങ്‌ തൊഴിലാളിയായിരുന്നു അച്ഛൻ. ട്രൈബൽ സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. അച്ഛനമ്മാർക്ക്‌ വലിയ വിദ്യാഭ്യാസമൊന്നുമില്ല. വനത്തിൽ പോയി വിറക്‌ ശേഖരിച്ചു വിറ്റും ടാപ്പിങ്‌ ജോലിചെയ്‌തുമാണ്‌ അവർ പറ്റാവുന്നത്ര പഠിപ്പിച്ചത്‌. പിഎസ്‌സി എഴുതി എട്ടു ജോലി ലഭിച്ചിരുന്നു.  

പറ്റാത്തതായി ഒന്നുമില്ല

കാഴ്‌ച പരിമിതനാണ്‌ ആലപ്പുഴ സ്വദേശി രൂപേഷ്‌. എവിടെ ചെന്നാലും ജോലി ചെയ്യാൻ പറ്റുമോ എന്ന ചോദ്യം വരും. ഹയർ സെക്കൻഡറിയിൽ അധ്യാപകനായി ചെന്നപ്പോഴും ഇതാവർത്തിച്ചു. കൊമേഴ്‌സാണ്‌ പഠിച്ചതും പഠിപ്പിച്ചതും. നോട്ടുകൾ ആരെ കൊണ്ടെങ്കിലും വായിപ്പിച്ച്‌ റെക്കോഡ്‌ ചെയ്‌തുകേട്ട്‌ പഠിക്കും. അമ്പലപ്പുഴ മോഡൽ സ്‌കൂളിലായിരുന്നു 10 വർഷം. കെഎഎസ്‌ കിട്ടുമ്പോൾ പറവൂർ സ്‌കൂളിൽ.  ഒരുകാര്യം ചെയ്യാൻ പറ്റില്ലെന്ന്‌ തോന്നിയാൽ ഹാർഡ്‌ വർക്ക്‌ ചെയ്‌ത്‌ പഠിച്ചെടുക്കും. അധ്യാപനത്തിൽ  വെല്ലുവിളിയൊന്നും നേരിടേണ്ടി വന്നിട്ടില്ല.  

നാട്ടിലെ താരം

പൂജപ്പുര സ്വദേശിയാണ്‌ നന്ദന എസ്‌ പിള്ള. സ്‌ട്രീം ഒന്നിൽ രണ്ടാം റാങ്കുമായി കെഎഎസിൽ. സിവിൽ സർവീസ്‌ പരീക്ഷാശ്രമത്തിനിടയിലാണ്‌ കെഎഎസ്‌ ലഭിച്ചത്‌. ഈ സർവീസിൽ തുടരും. ഐഎംജി പരിശീലനം ഓരോ ഡിപ്പാർട്ട്‌മെന്റിനെ കുറിച്ചും അറിവ്‌ പകരുന്നതാണ്‌. സ്‌ട്രീം രണ്ടിലെയും മൂന്നിലെയും സഹപ്രവർത്തകർക്ക്‌ കൊടുക്കാനും അവർക്ക്‌ തിരിച്ചുനൽകാനും ഒരുപാട്‌ അറിവുണ്ട്‌.  
ഞങ്ങളുടെ പരിശീലനം സമ്പന്നമാക്കാൻ സർക്കാർ എന്തുംചെയ്യും. സൗകര്യങ്ങളുടെ കാര്യമെടുത്താലും റിസോഴ്‌സിന്റെ കാര്യമെടുത്താലും അതുകാണാം. ഫീഡ്‌ ബാക്ക്‌ എടുത്ത്‌ ഓരോ ക്ലാസും മെച്ചപ്പെടുത്തും. ഇതിൽ ഐഎംജിയുടെ റോൾ വളരെ പ്രധാനം.

ലിംഗസമത്വം

കെഎഎസ്‌ ആദ്യബാച്ചുകാർക്ക്‌ ലിംഗസമത്വം ആരിൽനിന്നും പഠിക്കേണ്ടിവരില്ലെന്ന്‌ ഡോ. എൻ സിബി. അഗസ്‌ത്യാർകൂടം ട്രക്കിങ്‌ യാത്രയിലായാലും വനിതാ ഫുട്‌ബോൾ മത്സരം സംഘടിപ്പിക്കുന്ന കാര്യത്തിലായാലും സഹപ്രവർത്തകർ മുന്നിലാണ്‌. സ്‌ത്രീകളുടെ അവകാശങ്ങൾക്കായി പുരുഷ ഉദ്യോഗസ്ഥർ മുന്നിട്ടിറങ്ങുന്നു. വേർതിരിവോ, വിവേചനമോ കൂടാതെ ഒപ്പംനിന്നും കൂട്ടായും പ്രവർത്തിക്കാനുള്ള ടീം സ്‌പിരിറ്റ്‌ നമുക്കുണ്ട്‌. ആംഗ്യഭാഷ പരിശീലനത്തിന്റെ ഭാഗമാക്കണമെന്ന്‌ നമ്മുടെ കൂട്ടത്തിൽനിന്നുണ്ടായ അഭിപ്രായമാണ്‌. അത്‌ ഐഎംജി നടപ്പാക്കുകയായിരുന്നു. ഫീഡ്‌ ബാക്കിലൂടെ, ട്രെയ്‌നിമാരുടെ അഭിപ്രായങ്ങളിലൂടെ മികച്ച പരിശീലനമാണ്‌ നൽകുന്നത്‌. സർക്കാർ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്‌ ടെക്‌നോളജി എങ്ങനെ ഉപയോഗിക്കാം എന്നതിനെക്കുറിച്ച്‌ വലിയ ആലോചന  നടക്കുന്നുണ്ടെന്ന്‌ ആദിൽ മുഹമ്മദും വന്ദന സുരേന്ദ്രനും. സർക്കാർ ഓഫീസുകൾ ജനകീയവൽക്കരിക്കാനുള്ള ആഗ്രഹങ്ങൾ കെ കെ  ചിത്രലേഖ, ഡോ.ശശികുമാർ, സച്ചിൻ കൃഷ്‌ണ , അഖില സി ഉദയൻ, അശ്വിൻ പി കുമാർ, േരാഹിൻ, ഡോ. പ്രിയൻ... തുടങ്ങി നിരവധിപേരാണ് പങ്കുവയ്‌ക്കുന്നത്.

മാറിയേ തീരൂ

വൈപ്പിൻ സ്വദേശിയാണ്‌ ഡിലൻ ടോം. എറണാകുളം ഡെപ്യൂട്ടി ഡയറക്ടർ (പഞ്ചായത്ത്‌) ഓഫീസിൽ. പെർഫോമൻസ് ഓഡിറ്റിങ് വിഭാഗത്തിൽ സീനിയർ സൂപ്രണ്ടായിരുന്നു. സ്‌ട്രീം മൂന്നിൽ 10–-ാം റാങ്ക്‌. എല്ലാവരും പരിശീലനത്തിൽ മുഴുകി. കൂട്ടത്തിൽ സ്റ്റേജ്‌ ഭയമുള്ളവരുണ്ടായിരുന്നു. സംസാരിക്കാൻ ഭയമുള്ളവരും. അവരാണ്‌ ഇപ്പോൾ മുന്നിൽ. ആർട്‌സ്‌ ഡേ ആയിരുന്നു മെയ്‌ ആറിന്‌. ഒരാൾക്ക്‌ മൂന്ന്‌ ഐറ്റമെന്ന നിബന്ധന വയ്‌ക്കേണ്ടിവന്നു. ആവശ്യങ്ങൾക്ക്‌ അനുസരിച്ച്‌ നമ്മെ പരുവപ്പെടുത്തിയെടുക്കുന്നത്‌ ഐഎംജിയാണ്‌. ബാച്ചുകാരുടെ ടീം സ്‌പിരിറ്റ്‌ എടുത്തുപറയണം. കേഡറായി കെഎഎസ് മാറുമ്പോൾ വലിയമാറ്റമുണ്ടാകുമെന്ന്‌ ഉറപ്പാണ്‌.  

കളറാണ്‌ സ്വപ്‌നം

സുഹൃത്തിന്റെ തോളിൽ കയറി തൃശൂർ പൂരം കണ്ട പെൺകുട്ടിയിൽനിന്ന്‌ അറിയാം പൂരത്തോടുള്ള ഇഷ്ടം. ഇരിങ്ങാലക്കുടക്കാരി ആര്യ പി രാജിന്‌ ചെറുപ്പത്തിലേയുള്ള മോഹമാണ്‌ അടുത്തുനിന്ന്‌ കളറായി തൃശൂർ പൂരം കാണുക. അമ്മയോട്‌ ചോദിച്ചപ്പോൾ കലക്ടർക്കാണ്‌ അതിനൊക്കെ പറ്റുകയെന്ന്‌ ഉത്തരംകിട്ടി. അപ്പോൾതന്നെ തീരുമാനിച്ചു കലക്ടറായിട്ടു തന്നെ കാര്യം. ഡിഗ്രിക്ക്‌ കെമിസ്‌ട്രിയാണ്‌ പഠിച്ചതെങ്കിലും അതൊക്കെ വിട്ട്‌ മുംബൈ ടാറ്റ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ സോഷ്യൽ സയൻസസിൽ ചേർന്നു. പിജിക്കുശേഷം സിവിൽ സർവീസ്‌ ശ്രമം തുടങ്ങി. നാലുകൊല്ലത്തെ പരിശ്രമം ഒടുവിലെത്തിച്ചത്‌ കെഎഎസിൽ. ഹോസ്റ്റൽ വീണ്ടും കോളേജ്‌ ജീവിതത്തെ ഓർമിപ്പിക്കുന്നു. അഗസ്‌ത്യാർകൂടം ട്രക്കിങ്‌ നല്ല അനുഭവമായിരുന്നു. ഐഎംജിയിൽ നടന്ന വനിതാ ഫുട്‌ബോൾ മത്സരത്തിൽ ഞാൻ മാനേജരായ ടീമാണ്‌ ജയിച്ചത്‌.  

പരിശീലനം 18 മാസം

കെഎഎസിൽ മൊത്തം പരിശീലനം 18 മാസം. 12 മാസം ഐഎംജിയിലെ റസിഡൻഷ്യൽ പരിശീലനം. പരിശീലന മാന്വൽ എഴുതിത്തയ്യാറാക്കിയത്‌ ഐഎംജി ഡയറക്ടർ കെ ജയകുമാറാണ്‌. ഫൗണ്ടേഷൻ കോഴ്‌സും പരീക്ഷയും കഴിഞ്ഞു. മസൂറിയിലെ ലാൽ ബഹാദുർ ശാസ്‌ത്രി നാഷണൽ അക്കാദമി ഓഫ്‌ അഡ്‌മിനിസ്‌ട്രേഷൻ സിവിൽ സർവീസുകാർക്ക്‌ നൽകുന്ന പരിശീലനത്തിന്റെയും രാജസ്ഥാൻ സ്റ്റേറ്റ്‌ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ പബ്ലിക്‌ അഡ്‌മിനിസ്‌ട്രേഷൻ, രാജസ്ഥാൻ അഡ്‌മിനിസ്‌ട്രേറ്റീവ്‌ സർവീസുകാർക്ക്‌ നൽകുന്ന പരിശീലനത്തിന്റെയും  മാതൃകയെടുത്താണ്‌  പ്രധാനമായും കെഎഎസുകാർക്ക്‌ പരിശീലനപരിപാടി തയ്യാറാക്കിയത്‌. 29 ഡിപ്പാർട്ടുമെന്റാണ്‌ കെഎഎസിന്റെ പരിധിയിൽ കൊണ്ടുവന്നത്‌. സെക്രട്ടറിയറ്റ്‌, സ്റ്റേറ്റ്‌ ജിഎസ്‌ടി ഡിപ്പാർട്ട്‌മെന്റ്‌, റവന്യു എന്നീ ഡിപ്പാർട്ട്‌മെന്റുകളിലാണ്‌ കൂടുതൽ നിയമനം. വകുപ്പിനെ അറിയുക പരിപാടിയും സംഘടിപ്പിക്കുന്നു. അതിൽ മന്ത്രി, സെക്രട്ടറി, വകുപ്പുമേധാവി, വിവിധ യൂണിറ്റിന്റെ ഹെഡ്‌ എന്നിവരുമായി ചേർന്ന്‌ സംവാദം. ഒക്‌ടോബറിൽ ഭാരത ദർശന്‌ പുറപ്പടും.
 ആറുമാസം ഡിപ്പാർട്ട്‌മെന്റിൽ ജോലിചെയ്‌തുള്ള പരിശീലനം. അതിൽ ഐഎംജിയുടെ മേൽനോട്ടമുണ്ടാകും.  സർവീസിൽ കയറി എട്ടുവർഷം കഴിയുമ്പോൾ ഐഎഎസ്‌ ലഭിക്കും. കേരളത്തിന്റെ സാമൂഹ്യവും സാമ്പത്തികവുമായ പ്രശ്‌നങ്ങൾ, ചരിത്രം, സംസ്‌കാരം, വികസന സംസ്‌കാരം, വികസനമാതൃക, അതിനുണ്ടായിട്ടുള്ള പോരായ്‌മ, മാറുന്ന ലോകത്ത്‌ നമ്മുടെ വികസന മാതൃകയ്‌ക്കുള്ള വെല്ലുവിളി, കേരളത്തിന്റെ സവിശേഷനേട്ടങ്ങൾ, പദ്ധതികൾ തുടങ്ങിയവ പരിശീലനത്തിന്റെ ഭാഗമാണ്‌.
 

സാഭിമാനം

കെ ജയകുമാർ (റിട്ട. ചീഫ്‌ സെക്രട്ടറി, ഐഎംജി ഡയറക്ടർ)

ഐഎഎസ്‌ നിലവാരത്തിൽ പരിഗണിക്കാവുന്ന ബാച്ചാണ്‌ ഇപ്പോഴുള്ളത്‌. ഇവരെ നന്നായി വളർത്തിയെടുത്ത്‌ കേരളത്തിന്‌ കൊടുക്കുക എന്നതാണ്‌ ലക്ഷ്യം.  പ്രൊഫസർമാരായ ഡോ. എസ്‌ സജീവ്‌, ഡോ. ആർ ജയശ്രീ,  അസി.പ്രൊഫസർ അമല എന്നിവരെ പരിശീലനത്തിന്‌ പൂർണമായി വിട്ടുനൽകി. പൊതുജനങ്ങളോട്‌ ഏറ്റവും നന്നായി പെരുമാറുകയും അവരുടെ ആവശ്യങ്ങൾ പറയുന്നതിനുമുമ്പ്‌ മനസ്സിലാക്കുന്ന, അത്‌ എത്രയുംപെട്ടെന്ന്‌ അനുഭാവപൂർവം ചെയ്‌തുകൊടുക്കുന്ന ഒരുകൂട്ടം ഓഫീസർമാരെ പരിശീലനത്തിലൂടെ തയ്യാറാക്കിയെടുക്കുകയാണ്‌ ഐഎംജി. സംസ്ഥാനത്തെ സംബന്ധിച്ച്‌ ചരിത്ര ദൗത്യമായ കെഎഎസ്‌ പരിശീലനം സർക്കാർ ഏൽപ്പിച്ചതിൽ സന്തോഷവും അഭിമാനവുമുണ്ട്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top