27 April Saturday

കനലാണിത്; ജ്വാലയാകാന്‍ തരി മതി

വിനോദ് പായംUpdated: Saturday Apr 22, 2023

ആശ്രമത്തിലെത്തിയ സിപിഐ എം സ്ഥാനാര്‍ഥി ഡോ. അനില്‍കുമാറിനെ സോമനാഥപുര ഗോഗര്‍ഹഗിരി മOത്തിലെ ആദി നാരായണസ്വാമി സ്വീകരിക്കുന്നു

ബാഗേപ്പള്ളി> ഏതു വാക്കിനൊടുവിലും 'ള ' ചേര്‍ത്താല്‍ ഇവമ്മാരുടെ ഭാഷയായി എന്നു മോഹന്‍ ലാല്‍ പറഞ്ഞ കണക്കാണ് ആന്ധ്ര അതിര്‍ത്തിയിലെ ബാഗേപ്പള്ളിയിലെ കന്നഡ ഭാഷയും. തെലുങ്കെന്നൊ കന്നഡയെന്നോ ഉറപ്പിക്കാനാകാത്ത വേറിട്ട ഭാഷയുള്ള നാട്ടില്‍ വേറിട്ട രാഷ്ട്രീയവും ചര്‍ച്ചയാകുകയാണ് ഇത്തവണ.

ഇവിടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയം പറയുമ്പോള്‍ ജാതി തിരിച്ചുള്ള കൂട്ടലും കുറക്കലുമില്ല; പണത്തിന്റെ തിളപ്പും പകിട്ടുമില്ല. ഉള്ളത് കര്‍ഷകജനതയുടെ അനുഭവത്തെ തൊട്ടുള്ള ജീവിതം പറച്ചില്‍ മാത്രം; അതില്‍ പുരോഗമന രാഷ്ട്രീയത്തിന്റെ അലകുകള്‍ കൊത്തിയെടുക്കുകയാണ്  സിപിഐ എം സ്ഥാനാര്‍ഥിയും ജനകീയ ഡോക്ടറുമായ ഡോ. എ അനില്‍കുമാര്‍.

സിപിഐ എം സ്ഥാനാര്‍ഥി ഡോ. എ അനില്‍കുമാര്‍

സിപിഐ എം സ്ഥാനാര്‍ഥി ഡോ. എ അനില്‍കുമാര്‍



കഴിഞ്ഞ തവണ 14013 വോട്ടിനാണ് ബാഗേപ്പള്ളി മണ്ഡലത്തില്‍ സിപിഐ എം  രണ്ടാമതായത്. കോണ്‍ഗ്രസിലെ സുബ്ബ റെഡിയാണ് ജയിച്ചത്. അന്ന് മൂന്നാം സ്ഥാനത്തുണ്ടായിരുന്ന ജനതാദളിന് 38,302 വോട്ട് കിട്ടി. അവരിത്തവണ സിപിഐ എമ്മിനെ പിന്തുണക്കുകയാണ്. അങ്ങനെ കണക്കിലും ഇപ്പോള്‍ കാര്യത്തിലും ചുവന്ന പൂക്കള്‍ കുറെ കാലത്തിന് ശേഷം കര്‍ണാടകത്തില്‍ വിരിയുകയായി.

വേറിട്ട പാതയിലൂടെ യാണ് ബാഗേപ്പള്ളിയില്‍  എല്ലാക്കാലവും സിപിഐ എം മുന്നോട്ടു പോയത്. കോടികള്‍ വിലയുള്ള കര്‍ണാടകയിലെ എംഎല്‍എ പദവി, ജനപഥങ്ങളിലൂടെ നടന്ന് തീര്‍ക്കാന്‍ മാത്രമുള്ളതാണെന്ന് കാലങ്ങള്‍ക്ക് മുമ്പേ കാണിച്ചു കൊടുത്ത പാര്‍ടി. മൂന്നുതവണ ബാഗേപ്പള്ളിയില്‍ സിപിഐ എം വിജയിച്ചിട്ടുണ്ട്. 1983ല്‍ എ വി അപ്പസ്വാമി റെഡിയും 1994ലും 2004ലും ജി വി ശ്രീറാം റെഡിയും. അന്നു മുതല്‍ പാര്‍ലമെന്ററി രംഗത്തെ വേറിട്ട വഴി  കര്‍ണാടകക്കാര്‍ക്ക് കാട്ടിക്കൊടുത്തതാണ് പാര്‍ടി. കോടിക്കിലുക്കമല്ല, ആള്‍ക്കൂട്ടവും തെരുവുമാണ് പാര്‍ട്ടിയുടെ ജനപ്രതിനിധികളെ ആവേശം കൊള്ളിച്ചത്.

ഈ വേറിട്ട രാഷ്ട്രീയമാണ് ഇത്തവണയും ബാഗേപ്പള്ളിയില്‍ സിപിഐ എം പറയുന്നത്.എംബിബിഎസ് ബിരുദധാരിയായ അനില്‍കുമാറിലൂടെ കനലൊരു ജ്വാലയാകുമെന്ന് പാര്‍ടി പ്രതീക്ഷിക്കുന്നു.

കോവിഡ് കാലത്ത് സൗജന്യ പബ്ലിക് ഹെല്‍ത്ത് ക്ലിനിക്കുകള്‍ ആരംഭിച്ചാണ് അനില്‍കുമാര്‍ രാഷ്ട്രീയത്തിലും ഡോക്ടറാകുന്നത്. നിലവില്‍ സിപിഐ എമ്മിന്റെ ചിക്ക ബല്ലാപൂര്‍ ജില്ലാ സെക്രട്ടറിയറ്റംഗം കൂടിയായ ഡോക്ടറുടെ സ്ഥാനാര്‍ഥിത്വം, രോഗഗ്രസ്തമായ കര്‍ണാടക തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ആരോഗ്യകരമായ മിടിപ്പ് കൂടിയാണ്. അത് നിലച്ചുകൂടായെന്ന്, ഡോക്ടറുടെ ഓരോ പ്രചരണ യോഗവും വിളിച്ചു പറയുന്നു.

നോമിനേഷന് മുന്നോടിയായി ബാഗേപ്പള്ളി ടൗണില്‍ നടന്ന സിപിഐ എംറാലി

നോമിനേഷന് മുന്നോടിയായി ബാഗേപ്പള്ളി ടൗണില്‍ നടന്ന സിപിഐ എംറാലി



 ബാഗേപ്പള്ളിയില്‍ നിന്നും 25 കിലോമീറ്ററായാല്‍ സോമനാഥപുര പഞ്ചായത്തിലെ സീഗലപള്ളിയായി. പള്ളിയെന്നാല്‍ കന്നഡയില്‍ ഹള്ളി ( സ്ഥലം). രാവിലെ ഒമ്പതിന് സീഗലപ്പള്ളിയിലെ ഗോഗര്‍ഹ ഗിരിമഠത്തില്‍  നിന്നും ഡോക്ടര്‍ക്ക് പ്രഭാത ഭക്ഷണം. വര്‍ഗീയ വാദികള്‍ക്കൊഴികെ  എല്ലാവര്‍ക്കും കടന്നു വന്ന് കെട്ടിപ്പിടിക്കാവുന്ന അവധൂത സ്വാമിയാണ് മഠത്തിലെ സ്വാമിയായ ആദി നാരായണസ്വാമി. ഒപ്പം ഭക്ഷണം കഴിച്ച് സ്വാമി വിജയതലപ്പാവു മണിയിച്ച് ഡോക്ടറെ യാത്രയാക്കി.

മുറ്റത്തും തൊട്ടടുത്തുള്ള നക്കലപ്പള്ളി ഗ്രാമത്തിലേക്കുള്ള വഴിയിലും തലപ്പാവും തോര്‍ത്തുമുണ്ടും മാത്രം ധരിച്ച ഗ്രാമീണര്‍ ഡോക്ടറെ കൈ വീശിക്കാണിച്ചു. 'ചിത്രത്തിലൊന്നുമില്ലാത്ത അതി ദരിദ്രരായ ഗ്രാമീണ പിന്നോക്കക്കാരാണ് പാര്‍ടിയുടെ ഒപ്പമുള്ളത്. മറ്റു പാര്‍ട്ടിക്കാരും മാധ്യമങ്ങളും ജാതിയും മതവും എണ്ണി നോക്കി വിജയസാധ്യത പറയുമ്പോള്‍, ഞങ്ങള്‍ ഈ കര്‍ഷകരുടെ കണ്ണിലെ തിളക്കത്തിലാണ് വിജയം പ്രതീക്ഷിക്കുന്നത് ' - സ്ഥാനാര്‍ഥിക്കൊപ്പമുള്ള മുന്‍ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി നവീന്‍കുമാര്‍ പറഞ്ഞു.

ജനതാദള്‍ അവരുടെ സ്ഥാനാര്‍ഥിയെ മുമ്പേ പ്രഖ്യാപിച്ചത് അല്‍പം ആശയക്കുഴപ്പമുണ്ടാക്കി. ദേവഗൗഡയും കുമാരസ്വാമി നേരിട്ടും വന്ന് സംസാരിച്ചാണ് ധാരണയുണ്ടാക്കിയത്. പ്രാദേശിക ജെഡിഎസ് പ്രവര്‍ത്തകര്‍ ഇപ്പോള്‍ രംഗത്തിറങ്ങിയിട്ടുണ്ട് ' സ്ഥാനാര്‍ഥിയെ പഴയ വെള്ള ഒമ്‌നില്‍ സ്വയം ഓടിച്ച് പിന്തുടര്‍ന്ന് സിപിഐ എം ജില്ലാ സെക്രട്ടറി മുനി വെങ്കിടപ്പ പറഞ്ഞു. ഒമ്‌നിയില്‍ നിറയെ പ്രചരണ സാമഗ്രികള്‍. സ്ഥാനാര്‍ഥി സഞ്ചരിക്കുന്ന ഡോക്ടറുടെ സ്വന്തം കാറാണ് ആകെയുള്ള ആര്‍ഭാടം!

ബിജെപിക്ക് കഴിഞ്ഞ തവണ 4,410 വോട്ട് മാത്രമാണ് ഇവിടെ കിട്ടിയത്. ഇത്തവണ അതില്‍ മാറ്റമുണ്ടാകും. അവര്‍ക്ക് കൂടുന്ന വോട്ട് നഷ്ടമാകുക കോണ്‍ഗ്രസിനാകും. മണ്ഡലത്തില്‍ നിര്‍ണായകമായ വൊക്കലിഗ സമുദായാംഗമാണ് ഡോക്ടറും. ബാഗേപ്പള്ളി, ഗുഡിബണ്ടെ, ചേലൂര്‍ താലൂക്കുകളിലെ 33 ഗ്രാമപഞ്ചായത്തും ബാഗേപ്പള്ള നഗരസഭയും ചേര്‍ന്നതാണ് മണ്ഡലം. ഇവിടെ 89 തദ്ദേശ ജനപ്രതിനിധികള്‍ സിപിഐ എമ്മിന് തനിച്ചുണ്ട്. അര ലക്ഷത്തിലധികം വരുന്ന വൊക്കലിഗ, ദളിത് വോട്ടുകളും ഇരുപതിനായിരം മുസ്ലീം വോട്ടും മണ്ഡലത്തിലുണ്ട്.

തെരഞ്ഞെടുപ്പിന് മുന്നൊരുക്കമായി ബാഗെപ്പള്ളി ടൗണില്‍ ആറു മാസം മുമ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത റാലി നടന്നിരുന്നു. ലക്ഷം പേര്‍ പങ്കെടുത്ത റാലി, ബാഗേപ്പള്ളിയിലെ സിപിഐ എമ്മിന്റ കനല്‍ത്തരി , ജ്വാലയാകുന്നതിന്റെ തുടക്കമെന്നാണ് ഇവിടത്തെ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top