27 April Saturday
മാർച്ച് 14 മാർക്‌സിന്റെ 140-ാം ചരമദിനം

മനുഷ്യകുലത്തിന്റെ ശിരസ്‌

അനിൽകുമാർ എ വി anilavdbi@gmail.comUpdated: Sunday Mar 12, 2023

അമേരിക്കൻ യുവജനങ്ങൾ മാർക്‌സിലേക്കും സോഷ്യലിസത്തിലേക്കും അടുക്കുന്നതായി ജനപ്രതിനിധി സഭാ റിപ്പബ്ലിക്കൻ പ്രതിനിധി  മരിയ എൽവിറസ് സലാസർ  ആഴത്തിൽ പരിഭവിച്ചത്‌ സമീപ നാളുകളിലാണ്‌. കൂടുതൽ മികച്ച സാമ്പത്തിക മാതൃകയായി യുവജനങ്ങൾ വിലയിരുത്തുന്നത് സോഷ്യലിസത്തെയാണ്‌.  അമേരിക്കൻ ജനാധിപത്യത്തിന് അടിത്തറയായ തോമസ് ജെഫേഴ്‌സന്റെ ദി ഡിക്ലറേഷൻ ഓഫ് ഇൻഡിപെൻഡൻസിലും മികച്ചതായി കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ സ്വാതന്ത്ര്യത്തെയും സമത്വത്തെയും വ്യാഖ്യാനിക്കുന്നുവെന്ന് അമേരിക്കയിലെ വലിയവിഭാഗം ആളുകൾ വിശ്വസിക്കുന്നു. പ്രായഭേദമില്ലാതെ 40 ശതമാനം സോഷ്യലിസം നല്ലതാണെന്ന് കരുതുന്നുവെന്നും സലാസറുടെ പ്രമേയത്തിലുണ്ടായി.

മാർക്‌സിന്റെ സംസ്‌കാരശേഷം എംഗൽസ് ഇങ്ങനെ  പറഞ്ഞു, ‘ലോകംകണ്ട എക്കാലത്തെയും മഹാനായ ചിന്തകൻ വിടപറഞ്ഞു. ഡാർവിൻ ജൈവസമൂഹത്തിന്റെ വികാസ നിയമങ്ങൾ നിർവചിച്ചപോലെ മാർക്‌സ്‌ മനുഷ്യ ചരിത്രത്തിന്റെ  സിദ്ധാന്തങ്ങൾക്ക്‌ രൂപംനൽകി. ലോകത്ത്‌  ജീവിച്ചിരിപ്പുള്ളവരിൽ ഏറ്റവും മഹാനായ ചിന്തകൻ കണ്ണടച്ചു. പ്രിയപ്പെട്ട മൂർ മരിച്ചു. തൊഴിലാളിവർഗത്തിനും ചരിത്രശാസ്ത്രത്തിനും വൻനഷ്ടമാണത്‌. മാർക്‌സിനെ സംബന്ധിച്ച്‌  ശാസ്ത്രം ചരിത്രപരമായ ചാലകശക്തിയാണ്; വിപ്ലവശക്തിയും. ശാസ്ത്രനേട്ടങ്ങളെ  അദ്ദേഹം വിലയിരുത്തുകയും വിശദീകരിക്കുകയും ചെയ്‌തു. നാടുകടത്താനും അപമാനിക്കാനും ബൂർഷ്വാസിയും ഗവൺമെന്റുകളും  മത്സരിച്ചപ്പോൾ ചിലന്തിവല തൂക്കുംപോലെ അവഗണിച്ചു. ലക്ഷോപലക്ഷം തൊഴിലാളികളുടെ സ്‌നേഹാദരങ്ങൾ ആർജിച്ച മാർക്‌സ് അവരെ ശോകാർദ്രരാക്കി വിട്ടുപിരിഞ്ഞു. എതിരാളികൾ അനേകം ഉണ്ടായെങ്കിലും വ്യക്തിപരമായി ഒരാൾപോലും എതിർത്തില്ല.ആ  പേരും  കൃതികളും ചിരകാലം ജീവിക്കും”.അടുത്ത ദിവസം എംഗൽസ്‌  അമേരിക്കൻ കൂട്ടുകാരന്‌ എഴുതിയത്‌, ‘മനുഷ്യ കുലത്തിന്‌ ഒരു ശിരസ്സ്‌ കുറഞ്ഞു. ഈ കാലഘട്ടത്തിലെ  ഏറ്റവും  ശ്രേഷ്‌ഠവും മഹനീയവുമായ ശിരസായിരുന്നു അത്‌.’

യൗവനത്തിൽ പാരീസിലെത്തിയ മാർക്‌സിനൊപ്പം എംഗൽസ്‌,  ചേർന്നതോടെ 1848 ഫെബ്രുവരി 24ന്   കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ  ഇറങ്ങി.  1867 ലെ  ‘മൂലധനം’ തൊഴിലാളികളാണ് ലോകത്തിന്റെ ശക്തിയെന്ന് പ്രഖ്യാപിച്ചു. വിശ്രമരഹിതമായ പ്രവർത്തനങ്ങൾ മാർക്‌സിന്റെ ആരോഗ്യം തകർത്തു. അതിനാൽ ‘മൂലധനം’ പൂർത്തിയാക്കാനായില്ല. അദ്ദേഹത്തിനും കുടുംബത്തിനും കൊടുംദാരിദ്ര്യം അനുഭവിക്കേണ്ടിവന്നു. മൂന്നു കുട്ടികൾ ആ അച്ഛനമ്മമാരുടെ കൈകളിൽ പിടഞ്ഞു മരിച്ചു. വിടാതെ പിന്തുടർന്ന രോഗങ്ങൾ  കാരണം 1881 ഡിസംബർ രണ്ടിന് ജെന്നി അകാലത്തിൽ അന്തരിച്ചു. ശേഷം മാർക്‌സിന്റെ ജീവിതത്തിൽ  ക്ലേശങ്ങൾ പെരുകി. മൂത്തമകളുടെ മരണം കൂടുതൽ ദുഃഖത്തിലാക്കി. 1883 മാർച്ച് 14ന് അറുപത്തഞ്ചാം വയസ്സിൽ മാർക്‌സും വിടപറഞ്ഞു.   ലണ്ടനിലെ ഹൈഗേറ്റ് സെമിത്തേരിയിൽ ജെന്നിയുടെ സമീപമാണ്‌ അടക്കിയത്‌. ലോറൻസ് ബ്രാഡ്‌ഷോ രൂപകൽപ്പനചെയ്ത ശവകുടീരം 1956 ൽ സ്മാരകത്തിന് ധനസഹായം നൽകിയ കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറി ഹാരി പോളിറ്റിന്റെ നേതൃത്വത്തിൽ അനാച്ഛാദനം ചെയ്‌തു. മാർക്‌സിന്റെ വെങ്കലത്തിൽ നിർമിച്ച ശിരസ്സിനൊപ്പം മാനിഫെസ്റ്റോയിൽനിന്ന്‌ ഉൾപ്പെടെ ഉദ്ധരണികളും ശവകുടീരത്തിലുണ്ട്‌.

ട്രിയറിലെ മാർക്‌സ്‌ ഹൗസ്‌

ട്രിയറിലെ മാർക്‌സ്‌ ഹൗസ്‌

ട്രിയർ അഥവാ ചരിത്രത്തിന്റെ  പ്രസവമുറി

വീട്ടിലെ അടുപ്പ്‌ പുകയാതിരുന്നപ്പോഴും  ദാരിദ്ര്യഗർത്തത്തിൽ വീണ്‌  കുട്ടികൾ മരിച്ചപ്പോഴും രോഗങ്ങൾ ജെന്നിയുടെ സൗന്ദര്യവും ആരോഗ്യവും കവർന്നപ്പോഴും പലിശക്കാർ വീട്ടിൽ കയറിയിറങ്ങി ശല്യംചെയ്‌തപ്പോഴും ബന്ധുജനങ്ങൾ കൈവിട്ടപ്പോഴും ഭരണകൂടങ്ങൾ നിരന്തരം വേട്ടയാടിയപ്പോഴും മാർക്‌സ്‌ വിസ്‌മയമായി; ജീവിതത്തിലും   ചരിത്രത്തിലും. അതിന്റെ ആദ്യ പ്രസവ മുറിയായിരുന്നു ട്രിയർ. ലോകത്തെമ്പാടുമുള്ള വിപ്ലവകാരികളും ചരിത്ര വിദ്യാർഥികളും ആ  ജീവിതവും സംഭാവനകളും മനസ്സിലാക്കുന്നതിന്‌  അവിടത്തെ മാർക്സ് ഹൗസിലേക്ക് പ്രവഹിക്കുന്നു.  ചൈനയിൽനിന്നാണ്‌ ഏറ്റവുമധികം സന്ദർശകരെത്തുന്നത്‌.  1818 മെയ് അഞ്ചിനാണ് മാർക്സ്  ജനിച്ചത്. മാർക്സ് ഹൗസിലെ ഓരോ മുറിയും ചുവരുകളിലെ വിശദീകരണങ്ങളും അദ്ദേഹം നടത്തിയ നിതാന്തമായ  അന്വേഷണങ്ങൾ അടിവരയിടുന്നു; നേരിട്ട ദുരന്തങ്ങളുടെ ചിത്രങ്ങളും. ബോൺ, ബെർലിൻ സർവകലാശാലകളിലെ വിദ്യാഭ്യാസശേഷം 1841 ഏപ്രിൽ 15ന് ജേന സർവകലാശാലയിൽനിന്ന് തത്വശാസ്ത്രത്തിൽ ഡോക്ടറേറ്റ്‌ നേടിയ മാർക്‌സ്‌  കളിക്കൂട്ടുകാരി ജെന്നിയെയാണ് വിവാഹംചെയ്‌തത്. പ്രഭുകുടുംബാംഗമായിരുന്ന അവരുടെ  ജ്യേഷ്ഠസഹോദരൻ   പ്രഷ്യൻ ആഭ്യന്തരമന്ത്രിയായിരുന്നു.

മാർക്സ് ജനിക്കുംമുമ്പ് അച്ഛൻ ഹെയ്നിറ്റി മാർക്സ് താമസത്തിനും അഭിഭാഷക ഓഫീസിനുമായി വാടകയ്‌ക്കെടുത്ത വസതിയാണ് മാർക്സ് ഭവനമാക്കിയത്.  ട്രിയറിൽ മ്യൂസിയം സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സോഷ്യൽ ഡെമോക്രാറ്റിക് പാർടി 1931 ൽ പ്രഷ്യൻ സാംസ്കാരിക മന്ത്രിക്ക് കത്തെഴുതി.   1931 മെയ് അഞ്ചിന് തുറക്കാൻ നിശ്ചയിച്ചെങ്കിലും നാസി സമ്മർദം കാരണം നടന്നില്ല. മാർക്സിന്റെ 129-–-ാം ജന്മദിനമായ  1947 മെയ് അഞ്ചിന് ഉദ്ഘാടനം ചെയ്തു. മാർക്സിന്റെയും എംഗൽസിന്റെയും ജീവൻ തുടിക്കുന്ന വെങ്കല പ്രതിമകളും ഭവനിലുണ്ട്. ഗുസ്താവ് കാലും  ഗോട്ട്ഫൈഡ് ആർബർട്ടുമാണ്   ശിൽപ്പികൾ.  1981ൽ എൽബോർട് ഫൗണ്ടേഷൻ പഠനകേന്ദ്രം  തുറന്നു. അപൂർവങ്ങളായ മുക്കാൽ ലക്ഷത്തിലധികം പുസ്‌തകങ്ങളുണ്ട്‌ ലൈബ്രറിയിൽ. നെൽസൺ മണ്ടേലയും യൂസഫ്‌ ദാദുവും ഗസ്‌ഹാളും ചിത്രങ്ങളായുണ്ട്‌. ഇന്ത്യയുടെ പ്രാതിനിധ്യം എസ്‌ എ ഡാങ്കേയും  ഇന്ദിരാഗാന്ധിയുടെ രാജി ആവശ്യപ്പെട്ടുള്ള കൂറ്റൻ റാലിയുടെ ഫോട്ടോയുമാണ്‌.  

സ്മാരകത്തിന്റെ പ്രവേശനമൂല  മുതൽ മാർക്സിന്റെയും മറ്റു ലോക വിപ്ലവകാരികളുടെയും  ഉദ്ധരണികളാണ്‌. ആദ്യ നിലയിലാണ് മാർക്സ് ജനിച്ച മുറി. പ്രാഥമിക വിദ്യാഭ്യാസം ആ വീട്ടിൽത്തന്നെ. 12-–-ാം വയസ്സിൽ  ട്രിയർ ഗ്രാമർ സ്കൂളിൽ ചേർത്തു. 1835ൽ നിയമ പഠനത്തിന്‌  ബോണിലേക്ക്. ഒപ്പം ചരിത്രവും ദർശനവും പഠിക്കാൻ തുടങ്ങിയ കാലത്ത് പ്രണയാതുരങ്ങളായ  കവിതകളും കുത്തിക്കുറിച്ചു. ബെർലിൻ  നാളുകൾ  ഹെഗലിന്റെ ചിന്തകളാണ്‌  സ്വാധീനമായത്‌.  മാർക്സ് ഹൗസിലെ ആദ്യനിലയിലെ രണ്ടാം മുറിയുടെ ഹൈലൈറ്റ്‌  പത്രപ്രവർത്തകനായ മാർക്‌സാണ്‌.    റെയ്നിലെ സെയ്ത്തുങ് പത്രത്തിന്റെ ആദ്യകാല കോപ്പികൾ അവിടെ നിരത്തിയിട്ടുണ്ട്‌. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ ആദ്യപ്രതിമുതൽ വിവിധ ഭാഷകളിൽ പ്രസിദ്ധപ്പെടുത്തിയ കോപ്പികൾവരെ സമീപത്ത്‌. അക്കൂട്ടത്തിൽ മലയാള അക്ഷരങ്ങൾ നിറഞ്ഞ കവർ. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ മാർക്‌സ്‌ ജീവചരിത്രമാണത്‌. 1916ൽ ഇറങ്ങിയ അതിന്‌ ‘കാർൾ മാർക്സ്' എന്നാണ് ശീർഷകം. ഇന്ത്യൻ ഭാഷകളിലെ ഏകകൃതി  ആ മലയാള  ജീവചരിത്രമാണ്.

രണ്ടാമത്തെ മുറിയിലാണ് ലോകം  വിസ്‌മയിച്ച അസാധാരണങ്ങളായ ധൈഷണിക സൗഹൃദത്തിന്റെ ചിത്രങ്ങൾ. മാർക്‌സിന്റെ ലണ്ടൻ  പ്രവാസജീവിതത്തിന്റെ ദുരിതപൂർണമായ കാഴ്ചയും തെളിയുന്നു.  ദുരിതങ്ങൾക്കിടയിലും നടത്തിയ ധൈഷണികാന്വേഷണങ്ങളാണ് അടുത്ത മുറിയിൽ. മൂലധനം ഒന്നാം വാല്യത്തിന്റെ ആദ്യപ്രതി ഉൾപ്പെടെ. ജർമൻ  തൊഴിലാളിപ്രസ്ഥാനത്തിന്റെ കുതിപ്പും കിതപ്പും.  ഇന്റർനാഷണൽ വർക്കേഴ്സ് അസോസിയേഷനിലെ ഇടപെടലുകൾ.  മൂന്നാം  നിലയിലെ ഭൂപടത്തിൽ മാർക്സിസത്തിന്റെ  ലോക സ്വാധീനം.

മാർക്‌സിനെ  സ്വീകരിച്ചതിനാൽ ജെന്നി അനുഭവിക്കാത്ത പീഡനങ്ങളില്ല. രാജ്യദ്രോഹക്കുറ്റം ചുമത്തി വേശ്യകൾക്കൊപ്പം ബെൽജിയത്തിലെ ഇരുട്ടറകളിൽ ഇട്ടു. ഫിലിപ്സ് കമ്പനിയുടമയായ അമ്മാവനെക്കണ്ട് ദുരിതങ്ങൾ അറിയിക്കാൻ പോയി വെറുംകൈയോടെ  മടങ്ങേണ്ടിവന്നു. വീട്ടിലെ ഒട്ടുമിക്ക വസ്തുക്കളും പണയപ്പെടുത്തി. ഒരേയൊരു കോട്ട് പണയം വച്ചതിനാൽ ഒരാഴ്ച പുറത്തിറങ്ങാനായില്ല. പത്രലേഖനങ്ങൾ  അയക്കാനുള്ള സ്റ്റാമ്പ് വാങ്ങാൻപോലും ബുദ്ധിമുട്ടി. കുട്ടികളുടെ ചെരുപ്പുകൾ വിൽപ്പനയ്ക്ക് വച്ചു. പൂർവികന്മാരിൽനിന്ന് ലഭിച്ച വെള്ളിക്കരണ്ടികൾ വിൽക്കാൻ ജെന്നി,   മാർക്സിനെ പ്രേരിപ്പിച്ചു. അതിലെ  കുടുംബചിഹ്നം കടക്കാരന്‌  സംശയം ജനിപ്പിച്ചു. അയാൾ പൊലീസിനെ വിളിച്ചു. ക്ലേശങ്ങൾ പെരുമഴയായി തൂകിയപ്പോൾ മാർക്സും ജെന്നിയും ജർമൻ പ്രേമഗീതങ്ങൾ പാടി വീടിനുള്ളിൽ നടക്കുമായിരുന്നു. ജെന്നി എഴുതി: “കൊച്ചുമകൾ കഠിന രോഗം പിടിപെട്ട് മരണവുമായി മൂന്നുദിവസം മല്ലിട്ടു. കുഞ്ഞനുഭവിച്ച വേദന    വർണിക്കാൻ വാക്കുകളില്ല. അവളുടെ മൃതദേഹം വച്ച് ഞങ്ങൾ മുൻവശത്തെ മുറിയിലിരുന്നു. രാത്രി നിലത്ത് തല ചായ്ച്ചു. സുഹൃത്ത് തന്ന  രണ്ടു പവൻ കൊണ്ടാണ് ശവപ്പെട്ടി വാങ്ങിയത്. അവൾ ജനിച്ചപ്പോൾ തൊട്ടിൽ വാങ്ങാനായില്ല; ഇപ്പോൾ ശവപ്പെട്ടിയും.’’

ഹൈഗേറ്റ്‌ സെമിത്തേരി

ഹൈഗേറ്റ്‌ സെമിത്തേരി

അക്ഷരങ്ങളിലെ അഗ്നിസ്‌ഫുലിംഗം

1842- ൽ മാർക്‌സ്‌ കൊളോണിലെത്തി ‘റൈനിഷെ സൈറ്റുങ്’  പത്രത്തിൽ ചേർന്നു. ആറുമാസത്തിനകം രാഷ്ട്രീയകാര്യ പത്രാധിപരായി.  ജനവിരുദ്ധ നയങ്ങളെ കടന്നാക്രമിച്ചതിനാൽ സർക്കാർ നിരീക്ഷണം ശക്തമായി. 1843-ൽ നിരോധിച്ചു. അധികാര ശക്തികളിൽനിന്നും ഒളിഞ്ഞിരിക്കാൻ  മാർക്സ് വ്യാജപേരുകൾ ഉപയോഗിക്കുമായിരുന്നു.  പാരീസിൽ  മെസ്സ്യുർ റാംബോസ് എന്നും ലണ്ടനിൽ എ  വില്യംസ് എന്നും. എംഗൽസ്‌ ഉൾപ്പെടെ അടുത്ത ചങ്ങാതിമാർ മൂർ എന്നാണ് വിളിച്ചത്. മക്കൾ ഓൾഡ് നിക്ക്, അല്ലെങ്കിൽ ചാർലി എന്നു വിളിക്കാനാണ് മാർക്സ് താൽപ്പര്യപ്പെട്ടത്. അതുപോലെ എംഗൽസിനെ അദ്ദേഹം വിളിച്ചത്‌  ജനറൽ എന്നും.

മാർക്സിന്റെ നിശ്ചയദാർഢ്യം  ദുർബലമാക്കാൻ സർക്കാർ ഭാഗത്തുനിന്ന് ചില ശ്രമങ്ങളുണ്ടായി. സർക്കാർ പത്രമായ സ്റ്റാറ്റ്‌സ്  അൻസെയ്ഗറിൽ പംക്തിയെഴുതി ദാരിദ്ര്യം അകറ്റാമെന്നായിരുന്നു   സുഹൃത്തായ ബുഷർ വഴി  മന്ത്രിയുടെ വാഗ്ദാനം. തേളിനൊപ്പം വാലറ്റത്താണ് വിഷമെന്ന് കണ്ട അദ്ദേഹം അത് നിഷേധിച്ചു. 

മാർക്‌സ്‌‐എംഗൽസ്‌ വിപ്ലവ സാഹോദര്യത്തിന്റെ എത്രയോ മുദ്രകളും മാർക്‌സ്‌ ഭവനിലെ ചുവരുകളിലുണ്ട്. പരസ്പരം അയച്ച കത്തുകൾ രാഷ്ട്രീയവും തത്ത്വശാസ്ത്രവും കലാചിന്തകളും പങ്കുവച്ച സംവാദങ്ങളാണ്. മാർക്സിന്റെ ചില സൈദ്ധാന്തികാന്വേഷണങ്ങൾ പൂരിപ്പിച്ചതുപോലെ ജീവിതം കൂട്ടിയോജിപ്പിച്ചതും എംഗൽസ്.

മാർക്‌സ്‌ ഹൗസിലെ പ്രവേശന മുറി

മാർക്‌സ്‌ ഹൗസിലെ പ്രവേശന മുറി

നോവലും നാടകവും

1830 വരെ അച്ഛന്റെ ശിക്ഷണത്തിൽ കാൾ വീട്ടിലിരുന്നാണ് പഠിച്ചത്‌. തുടർന്ന്‌  ട്രിയർ ഹൈസ്‌കൂളിൽ. പ്രധാനാധ്യാപകൻ ഹ്യൂഗോ വിറ്റൻബാച്ച്, കാളിന്റ അച്ഛന്റെ   സുഹൃത്തായിരുന്നു.  അദ്ദേഹം കുറേ  ഹ്യുമനിസ്റ്റുകളെ അധ്യാപകരായി നിയമിച്ചു. അത് സർക്കാരിനെ രോഷാകുലമാക്കി. 1832 ൽ പൊലീസ്‌ റെയ്ഡ്. രാഷ്ട്രീയ ലഘുലേഖകൾ  വിദ്യാർഥികൾക്കിടയിൽ വിതരണം ചെയ്‌തതായി കണ്ടെത്തി. നിരവധി ജീവനക്കാരെ മാറ്റി നിയമിച്ചു. കോഴ്സ് പൂർത്തിയാക്കും മുമ്പ് എല്ലാവരും  പ്രബന്ധം സമർപ്പിക്കേണ്ടതുണ്ട്. സഹപാഠികൾ  വേഗം പൂർത്തിയാക്കി. അവയിലെല്ലാം ഒരേ അഭിപ്രായവും  ഭാഷയും. മാർക്സ്  എഴുതിയത്‌  വ്യത്യസ്തതയോടെ. 19–-ാം വയസ്സിൽ  മാർക്സ്  ‘സ്കോർപിയൺ ആൻഡ്‌ ഫെലിക്സ്’ നോവൽ പൂർത്തിയാക്കി.   1871- ൽ ഏകാംഗനാടകം ‘ഔലാനെ’. ജെന്നിക്കുവേണ്ടി കാവ്യഭംഗി തുളുമ്പുന്ന നിരവധി പ്രണയ ഗീതകങ്ങൾ കുറിച്ചിരുന്നു. ഇറ്റാലിയൻ ഗ്രാമത്തിന്റെ കഥ പറഞ്ഞ നാടകവും എഴുതി. അവ പ്രസിദ്ധീകരിക്കാനോ, അതുവഴി ജീവിക്കാനോ ശ്രമിച്ചില്ല. കലപോലും ജെന്നിയോളം സുന്ദരമായി തോന്നിയില്ലെന്ന മാർക്‌സിന്റെ വാക്കുകൾ അതിമനോഹരമായ രൂപകമാണ്‌. അക്കാലത്തെ ചില രചനകളിൽ വിപ്ലവകാരിയുടെ ലക്ഷ്യവും കാമുകന്റെ സ്വപ്നവും ഇഴചേർന്നു.

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top