24 April Wednesday

കരിവെള്ളൂരിന്റെ കനൽത്തിളക്കം ; രക്‌തസാക്ഷിത്വത്തിന്റെ 75 ാം വർഷം

വെബ് ഡെസ്‌ക്‌Updated: Monday Dec 20, 2021

കുണിയൻ സമര ഭൂമിയിലെ സ്‌മൃതി മണ്‌ഡപം


കണ്ണൂർ> ബ്രിട്ടീഷ് ഭരണത്തിൽ  മലബാറിൽ നടന്ന നിരവധി ജനകീയ പോരാട്ടങ്ങളിൽ സുപ്രധാനമാണ് 1946ലെ കരിവെള്ളൂർ സമരം.  കർഷകരും കർഷകത്തൊഴിലാളികളും കൈത്തൊഴിലുകാരുമായ ജനത ദേശീയ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്കുയർന്നത് ഈ പോരാട്ടത്തിലൂടെ. എ വി കുഞ്ഞമ്പു രൂപം നൽകിയ അഭിനവ ഭാരത് യുവക് സംഘവും കർഷകസംഘവും കമ്യൂണിസ്റ്റ് പാർടിയുമാണ്‌ ജനങ്ങളെ സമരസജ്ജരാക്കിയത്‌.

സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തോടൊപ്പം ജാതി‐ ജന്മി നാടുവാഴിത്തത്തിനും അയിത്തത്തിനും അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെയുള്ള സംഘടിത മുന്നേറ്റമായിരുന്നു ഡിസംബർ 20ന് നടന്ന സമരം.രണ്ടാം ലോകയുദ്ധകാലത്ത്‌  കരിഞ്ചന്തയും പൂഴ്ത്തിവയ്‌പുംമൂലം ഭക്ഷ്യവസ്തുക്കൾ കിട്ടാതായി. കോളറ പിടിപെട്ട് മനുഷ്യർ ചത്തൊടുങ്ങി. പാവങ്ങൾ വിളയിച്ച നെല്ല് വാരമായും പാട്ടമായും അക്രമപ്പിരിവുകളായും ചിറക്കൽ രാജാവ് കടത്തിക്കൊണ്ടുപോയി. പട്ടിണിയിലായ കർഷകർ നെല്ല് കടത്തരുതെന്നും ന്യായവില സ്റ്റോറിലൂടെ വിതരണം ചെയ്യണമെന്നും ആവശ്യപ്പെട്ടു.  ജനങ്ങളെ സംഘടിപ്പിച്ച് പ്രതിഷേധമുയർത്തി. നെല്ല് കടത്താനുള്ള ശ്രമം പരാജയപ്പെട്ടു. പൊലീസിനെ ഉപയോഗിച്ച് നെല്ല് കടത്തുമെന്ന് മനസ്സിലാക്കി ഡിസംബർ 16ന് കരിവെള്ളൂർ സെൻട്രൽ എൽപി സ്കൂളിൽ യോഗം ചേർന്നു. നെല്ലുകടത്തുന്നത് തടയാൻ ജനം തീരുമാനിച്ചു.

ഡിസംബർ 20ന് രാവിലെ ചിറക്കൽ തമ്പുരാന്റെ കാര്യസ്ഥർ ഗുണ്ടകളുടെയും എംഎസ്‌‌പിയുടെയും പിൻബലത്തിൽ നെല്ല് കടത്താനെത്തി.  ജനം  കുണിയൻ പുഴയോരത്തേക്ക് കുതിച്ചു. കല്ലും വടിയും കവണയുമൊക്കെയായിരുന്നു കൈയിൽ.
എ വി, കൃഷ്ണൻ മാസ്റ്റർ, പി കുഞ്ഞിരാമൻ എന്നിവരോടൊപ്പം കണിച്ചിവീട്ടിൽ കൃഷ്ണൻ നായർ, കൂലേരിക്കാരൻ കുഞ്ഞമ്പു, കെ വി കുഞ്ഞിക്കണ്ണൻ, കെ വി സദാനന്ദപൈ, കോളിയാടൻ നാരായണൻ മാസ്റ്റർ തുടങ്ങിയവരും നേതൃനിരയിലുണ്ടായി.
പൊലീസും ജനങ്ങളും ഏറ്റുമുട്ടി. എംഎസ്‌പി  നിറയൊഴിച്ചു.

സഖാക്കൾ കീനേരി കുഞ്ഞമ്പുവും തിടിൽ കണ്ണനും രക്തസാക്ഷികളായി. മരിച്ചെന്നുകരുതി എ വി,  കൃഷ്ണൻ മാസ്റ്റർ, പുതിയടത്ത് രാമൻ എന്നിവരെ പച്ചോലയിൽക്കെട്ടിക്കൊണ്ടുപോയി. തോട്ടത്തിൽ കുഞ്ഞപ്പു, കോയ്യൻ കണ്ണൻ, കരുത്തുമ്മാട കൊടക്കൽ രാമൻ നായർ എന്നിവർക്കും വെടിയേറ്റു.  നിരവധിപേർക്ക്‌ മുറിവേറ്റു.

കരിവെള്ളൂരിലും പരിസരത്തും പൊലീസും ജന്മി ഗുണ്ടകളും തേർവാഴ്ച നടത്തി. സ്ത്രീകളെ  ഉപദ്രവിച്ചു. കേസിൽ 197 പേരെ പ്രതികളാക്കി.  12 പേർ ഒളിവിൽ പോയി. 75 പേരെ വിചാരണചെയ്തു. 66 സഖാക്കളെ ജയിലിലടച്ചു.  ജനകീയ പോരാട്ടത്തിന് 75 വർഷം തികയുകയാണ്. കുത്തകകൾക്ക് കീഴടങ്ങുന്ന ഇന്ത്യൻ ഭരണാധികാരികളുടെ വികലനയങ്ങളും വർഗീയ ഫാസിസ്റ്റ് കടന്നാക്രമണങ്ങളും ചെറുക്കാൻ കരിവെള്ളൂരിന്റെ രണസ്മരണ ആവേശം പകരും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top