25 April Thursday

എലപ്പുള്ളിയുടെ സ്വന്തം നേതാവ്‌

വെബ് ഡെസ്‌ക്‌Updated: Monday Jan 18, 2021


പുതുശേരി
എലപ്പുള്ളിക്ക്‌ നഷ്‌ടമായത്‌ പ്രിയപ്പെട്ട ദാസേട്ടനെ‌. നാട്ടുകാരിലൊരാളായി പ്രവർത്തിച്ച്‌ പുരോഗമന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലേക്ക്‌ ഉയർന്ന സാധാരണക്കാരൻ. അനാരോഗ്യത്തെ തുടർന്ന്‌ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതുവരെ ജനങ്ങളോടൊപ്പം വിജയദാസുണ്ടായിരുന്നു. പ്രിയനേതാവിന്റെ വിയോഗത്തിൽ എലപ്പുള്ളി തേങ്ങി. നാടിനെ തൊട്ടറിഞ്ഞ ജനനേതാവിനെയാണ്‌ നഷ്ടമായത്‌.

1959 മെയ് 25ന്‌ എലപ്പുള്ളി തേനാരി കാക്കത്തോടാണ്‌ ജനനം. അച്ഛൻ പരേതനായ വേലായുധൻ(എലപ്പുള്ളി പഞ്ചായത്ത്‌ മുൻ അംഗം). അമ്മ: തത്ത. എലപ്പുള്ളി ഗവ ഹൈസ്‌കൂളിൽ പത്താംക്ലാസ് വരെ പഠിച്ചു.  1977 ൽ സിപിഐ എം അംഗമായി. 1990കളിൽ എലപ്പുള്ളി ലോക്കൽ കമ്മിറ്റി അംഗമായി. തേനാരി ക്ഷീരോൽപ്പാദക സഹകരണസംഘത്തിന്റെ പ്രഥമ പ്രസിഡന്റായി. കർഷകരുടെ ക്ഷേമത്തിനായി അക്ഷീണം പ്രവർത്തിക്കുകയും വിവിധ പദ്ധതികൾ നടപ്പാക്കുകയും ചെയ്‌തു. 1999ൽ കർഷകസംഘം സംസ്ഥാന കമ്മിറ്റിയംഗമായി. തുടർന്ന് എലപ്പുള്ളി സർവീസ് സഹകരണബാങ്ക് പ്രസിഡന്റ്, കേരള സഹകരണ ബാങ്ക്‌ ഡയറക്ടർ ബോർഡ്‌ അംഗം,  പാഡികോ ഡയറക്ടർ ബോർഡ്‌ അംഗം എന്നീ സ്ഥാനം വഹിച്ചു.

കർഷകർക്ക് വായ്പാസഹായം, നെല്ല് സംഭരണം, ജലസേചനം തുടങ്ങിയവയിലെ വിവിധ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ മുന്നിൽനിന്നു. എലപ്പുള്ളി സർവീസ് സഹകരണ ബാങ്കിനെ മികച്ച സ്ഥാപനമാക്കിയതിനുപിന്നിൽ വിജയദാസിന്റെ കൈയൊപ്പുണ്ട്‌. സമാനതയില്ലാത്ത വികസനപ്രവർത്തനമാണ് എംഎൽഎ ആയിരിക്കെ കോങ്ങാട്‌ മണ്ഡലത്തിൽ നടപ്പാക്കിയത്‌. ജനങ്ങളോട്‌ പ്രതിബദ്ധതയുള്ള അടിയുറച്ച കമ്യൂണിസ്റ്റാണ്‌ വിജയദാസ്‌‌.

എംഎൽഎയായ ശേഷവും എലപ്പുള്ളിയുമായുള്ള ബന്ധത്തിൽ കുറവുണ്ടായില്ല. വീട്ടിലുള്ള സമയം പുലർച്ചെ 5.30ന് പ്രഭാത സവാരിക്ക്‌ പോകും. സ്വന്തം നെൽപ്പാടങ്ങളിലെത്തി കർഷകന്റെ കടമയും നിറവേറ്റും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top