അദാനി മര്‍ഡോക്കിനെ കണ്ടിട്ടുണ്ടോ എന്ന ചോദ്യം കൗതുകകരമായി തോന്നാവുന്നതാണ്. ആസ്ട്രേലിയയില്‍ ജനിച്ച് അമേരിക്കന്‍ പൗരനായി മാറി, ആഗോള മാധ്യമസ്വാതന്ത്ര്യത്തിന്‍റെ അധിപന്‍ എന്ന തലപ്പാവു ചാര്‍ത്തി നില്‍ക്കുന്ന മര്‍ഡോക്കും, ഇന്ത്യന്‍ വ്യവസായിയും ശതകോടീശ്വരനുമായ അദാനിയും തമ്മില്‍ നേരിട്ടു കണ്ടതായി വാര്‍ത്തകളൊന്നും വന്നിട്ടില്ല.
എന്നാല്‍ മര്‍ഡോക്കിനെ അദാനി മാതൃകയാക്കുകയാണെന്നു വേണം കരുതാന്‍. രാജ്യത്തെ ദേശീയ ടെലിവിഷന്‍ ചാനലായ ന്യൂഡല്‍ഹി ടെലിവിഷനെ (എന്‍ഡിടിവി) കൈപ്പിടിയിലൊതുക്കി അദാനി ആരംഭിച്ച മാധ്യമ വെട്ടിപ്പിടുത്തം ഈ ദിശയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. അദാനി പവര്‍, അദാനി പോര്‍ട്ട്സ്, അദാനി എന്‍റര്‍പ്രൈസസ് എന്നിങ്ങനെയുള്ള ബിസിനസ് വ്യവസായ സംരംഭങ്ങളില്‍ വ്യാപരിക്കുന്ന ഗൗതം ശാന്തിലാല്‍ അദാനി മാധ്യമ സാമ്രാജ്യത്തിലേക്ക് എന്തിനു ചുവടുവയ്ക്കുന്നു എന്നതാണ് ഗൗരവമേറിയ കാര്യം.
91 വയസ്സുകഴിഞ്ഞ കീത്ത് റൂപ്പര്‍ട്ട് മര്‍ഡോക്ക്

കീത്ത് റൂപ്പര്‍ട്ട് മര്‍ഡോക്ക്
മാധ്യമസ്വാതന്ത്ര്യത്തിലെ വിവിധ മേഖലകള്‍ വെട്ടിപ്പിടിച്ച് അഭിരമിക്കുന്നയാളാണ്. എന്നാല്‍ 60 പിന്നിട്ട ഗൗതം ശാന്തിലാല്‍ അദാനിയാകട്ടെ, ഊര്‍ജചരക്കു ഗതാഗത മേഖലകളില്‍ ആധിപത്യം സ്ഥാപിച്ചതിനുശേഷം മാധ്യമസാമ്രാജ്യത്തിന്‍റെ അധിപന്‍ കൂടിയാകാനുള്ള തത്രപ്പാടിലാണ്. ആഗോളമാധ്യമ ശൃംഖലയുടെ ശ്രേണിയില്‍ (അമേരിക്ക കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഏഴോ എട്ടോ മാധ്യമകുത്തകകളുടെ പേരുകള്‍ കൊണ്ട് അടയാളപ്പെടുത്തുന്നതാണ് ആഗോള മാധ്യമശൃംഖല) നാലാമത്തെയോ, അഞ്ചാമത്തെയോ സ്ഥാനമേ മര്‍ഡോക്കിനും അദ്ദേഹത്തിന്‍റെ 'ന്യൂസ് കോര്‍പറേഷന്‍' എന്ന മാധ്യമസാമ്രാജ്യത്തിനുമുള്ളൂ.
അമേരിക്ക ഓണ്‍ലൈന്‍ ടൈം വാര്‍ണര്‍ (എഒഎല്‍ ടൈം വാര്‍ണര്‍), ബെര്‍ടില്‍സ്മാന്‍ (Bertlesman), വിയാകോം (Viacom) തുടങ്ങിയവയുടെ കൂട്ടത്തിലാണ് മര്‍ഡോക്കിന്‍റെ ന്യൂസ് കോര്‍പറേഷനും ഉള്ളത്. എന്നാല്‍ ലോകത്തിന്‍റെ എല്ലാ വന്‍കരകളിലുമുള്ള 150 ലേറെ രാജ്യങ്ങളിലായി അച്ചടിദൃശ്യഓണ്‍ലൈന്‍ മാധ്യമസ്ഥാപനങ്ങളുടെ വ്യാപനത്തിലൂടെ ശ്രദ്ധേയനായ ആളാണ് മര്‍ഡോക്ക്. അതുകൊണ്ടുതന്നെ ലോകമുതലാളിത്ത മാധ്യമങ്ങളുടെ മുഖമുദ്രയായി അറിയപ്പെടുന്നതും മര്‍ഡോക്കും അദ്ദേഹത്തിന്‍റെ ന്യൂസ് കോര്‍പറേഷനുമാണ്. 13,800 കോടി അമേരിക്കന്‍ ഡോളറിന്‍റെ ആസ്തിയുള്ള അദാനി, സമ്പത്തിന്‍റെ കാര്യത്തില്‍ ഏഷ്യയിലെ ഒന്നാമനും ലോകത്തെ മൂന്നാമനുമാണ്.
എന്നാല്‍ സമ്പത്തു നോക്കുമ്പോള്‍ മര്‍ഡോക്ക് അദാനിയുടെ അടുത്തെങ്ങും എത്തില്ല. മര്‍ഡോക്കിന്‍റെ ആസ്തി 1,680 കോടി അമേരിക്കന്‍ ഡോളര്‍ മാത്രമേയുള്ളൂ. പക്ഷേ മാധ്യമസാമ്രാജ്യത്തിലെ ഒന്നാമനെപ്പോലെ വിരാജിക്കുന്നയാള്‍ മര്‍ഡോക്ക് തന്നെയാണ്. അമേരിക്കന്‍ രാഷ്ട്രീയത്തിലും ഭരണത്തിലും ഡെമോക്രാറ്റുകള്‍ ഭരിച്ചാലും റിപ്പബ്ലിക്കന്‍ പാര്‍ടി ഭരിച്ചാലും ഏറെ സ്വാധീനമുള്ളയാളാണ് മര്‍ഡോക്ക്. ഇവിടെ അദാനിയാകട്ടെ, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാനസപുത്രനും. ചെറിയ നിലയില്‍നിന്ന് പതുക്കെപ്പതുക്കെ മാധ്യമസാമ്രാജ്യം വെട്ടിപ്പിടിച്ചയാളാണ് മര്‍ഡോക്ക്. സമാനമായ രീതിയില്‍ ചെറിയ സംരംഭങ്ങളില്‍ നിന്നായിരുന്നു അദാനിയുടെ തുടക്കവും.
മര്‍ഡോക്ക് ആദ്യം ജന്മനാടായ ആസ്ട്രേലിയയിലായിരുന്നു ന്യൂസ് കോര്‍പറേഷന് തുടക്കമിട്ടത്. പിന്നീട് 1960 കളില്‍ ഇംഗ്ലണ്ടിലേക്കു ചുവടുമാറ്റി. 1980 കളുടെ തുടക്കമായതോടെ അമേരിക്കയില്‍ സാന്നിധ്യമറിയിച്ചു. ട്വന്‍റീയെത്ത് സെഞ്ച്വറി ഫോക്സ് (Twentieth Century Fox) എന്ന മാധ്യമസ്ഥാപനം വാങ്ങുന്നതിനു വലിയതോതില്‍ സബ്സിഡി നല്‍കിയതിനെത്തുടര്‍ന്ന് ആദ്യം കടത്തിലായെങ്കിലും, തൊണ്ണൂറുകളുടെ മധ്യത്തോടെ ബ്രിട്ടീഷ് ടെലികമ്യൂണിക്കേഷന്‍സ് ന്യൂസ് കോര്‍പറേഷന്‍റെ 13 ശതമാനം ഓഹരി സ്വന്തമാക്കുന്നതിന് 200 കോടി ഡോളര്‍ നിക്ഷേപിച്ചതോടെ മര്‍ഡോക്ക് നഷ്ടത്തില്‍ നിന്നു കരകയറി.
1970കളോടെ ഇംഗ്ലണ്ടില്‍ 'The Sun' എന്ന ടാബ്ലോയ്ഡ് പത്രം സ്വന്തമാക്കിക്കൊണ്ടാണ് മര്‍ഡോക്ക് സെന്‍ഷേണല്‍ ജേര്‍ണലിസത്തിന് പുതിയ മാനങ്ങള്‍ സൃഷ്ടിച്ചത്. അര്‍ധനഗ്ന സ്ത്രീരൂപങ്ങളുടെ ദൃശ്യപ്പെരുമകൊണ്ടും, അസത്യഅര്‍ധസത്യ വാര്‍ത്തകളുടെ പെരുമഴകൊണ്ടും മര്‍ഡോക്ക് 'പേജ് 3 ജേര്‍ണലിസം' എന്ന് മാധ്യമ പരികല്‍പ്പനകളില്‍ വിവക്ഷിക്കപ്പെടുന്ന പത്രപ്രവര്‍ത്തനരീതി തന്നെ നടപ്പാക്കി. (സെലിബ്രിറ്റികളുടെയും, മധ്യഉപരിവര്‍ഗ ജീവിതത്തിന്‍റെയും അന്തസ്സാരശൂന്യവും നിറംപിടിപ്പിച്ചതുമായ വാര്‍ത്തകളും ദൃശ്യങ്ങളും കൊണ്ട് നിറയ്ക്കുന്നതാണ് പേജ് 3 ജേര്‍ണലിസം.
ഇതിന്‍റെ ഇന്ത്യയിലെ പ്രയോക്താവാണ് ദ ടൈംസ് ഓഫ് ഇന്ത്യയുടെ വിനീത് ജെയ്ന്‍) എല്‍ട്ടണ്‍ ജോണിനെപ്പോലുള്ള വിശ്രുത ഇംഗ്ലീഷ് സംഗീതജ്ഞരെപ്പറ്റി കല്ലുവച്ച നുണവാര്‍ത്തകള്‍ നല്‍കിയതിന്‍റെ പേരില്‍ ഒന്നര ഡസന്‍ മാനനഷ്ടക്കേസുകളെങ്കിലും മര്‍ഡോക്കിനു നേരിടേണ്ടിവന്നിട്ടുണ്ട്. ഇംഗ്ലണ്ടില്‍ മര്‍ഡോക്ക് കൈവശപ്പെടുത്തിയിരുന്ന ഞായറാഴ്ചപ്പത്രമായ 'ന്യൂസ് ഓഫ് ദ വേള്‍ഡ്' ഒരു വ്യാഴവട്ടം മുമ്പ് പൂട്ടിക്കെട്ടേണ്ടി വന്നത് ദീര്‍ഘകാലം മാധ്യമചര്‍ച്ചകളില്‍ സജീവമായിരുന്നു. പ്രശസ്തരുടെയടക്കം ലൈംഗിക അപവാദകഥകളും സദാചാര വിരുദ്ധ വാര്‍ത്തകളും കുത്തിനിറച്ചായിരുന്നു പത്രത്തിന്‍റെ ഓരോ ലക്കവും പുറത്തുവന്നിരുന്നത്.
ചലച്ചിത്രടിവി രംഗങ്ങളിലെ പ്രശസ്തരെ പലരേയും മയക്കുമരുന്നിനും ലൈംഗിക അരാജകത്വത്തിനും അടിമകളായ ക്രിമിനലുകളായി പത്രം ചിത്രീകരിച്ചു. നടി സിയന്ന മില്ലര്‍, നടന്‍ സ്റ്റീവ് കോഗന്‍, ടിവി അവതാരകന്‍ ക്രിസ് ടാറന്‍റ്, ഫുട്ബോള്‍ ഏജന്‍റ് സ്കൈ ആന്‍ഡ്രൂ തുടങ്ങിയവര്‍ക്കെതിരെ ഇത്തരം വഷളന്‍ വാര്‍ത്തകളും ചിത്രങ്ങളും നല്‍കിയതിന്‍റെ പേരിലും മാര്‍ഡോക്കിന് കോടതി കയറേണ്ടിവന്നു.
ഒടുവില്‍ ബ്രിട്ടീഷ് രാജകുടുംബത്തിലെ വില്യം രാജകുമാരന്‍റെ ഫോണ്‍ ചോര്‍ത്തിയതുമായി ബന്ധപ്പെട്ടിട്ടുണ്ടായ കോളിളക്കത്തെത്തുടര്‍ന്ന് 2011 ജൂലൈ 10ന് ന്യൂസ് ഓഫ് ദ വേള്‍ഡ് പൂട്ടിക്കെട്ടേണ്ടിവന്നു. അമേരിക്കയിലെത്തി 'ന്യൂയോര്‍ക്ക് പോസ്റ്റ്' എന്ന പത്രം സ്വന്തമാക്കിയ മര്‍ഡോക്ക് സെലിബ്രിറ്റികളുടെ നിറംപിടിപ്പിച്ച വാര്‍ത്തകളും ചിത്രങ്ങളും നല്‍കി പേജ് 6 ജേര്‍ണലിസത്തിനു രൂപംകൊടുക്കുകയും ചെയ്തു.
ശതകോടികള്‍ കുന്നുകൂട്ടുന്ന മറ്റു വ്യവസായവാണിജ്യസംരംഭങ്ങളില്‍ നിന്നു വ്യത്യസ്തമായി മാധ്യമസാമ്രാജ്യത്തിന്‍റെ ഉടമസ്ഥത എങ്ങനെ അധികാരശാസനങ്ങളെ നിയന്ത്രിക്കാന്‍ പ്രയോജനപ്പെടും എന്നതിന്‍റെ ക്ലാസിക് ഉദാഹരണമാണ് റൂപ്പര്‍ട്ട് മര്‍ഡോക്കിന്‍റേത്. എന്‍ഡിടിവി സ്വന്തമാക്കുന്നതിലൂടെ ഈ ദിശയിലുള്ള അധികാരനിയന്ത്രണത്തിന്‍റെ വിശാലസ്ഥലികളിലേക്ക് പദമൂന്നുകയാണ് ഗൗതം അദാനിയും ചെയ്യുന്നത് എന്നുവേണം കരുതാന്‍.
എന്‍ഡിടിവിയും ഇന്ത്യന്‍ മാധ്യമരംഗവും
ഇന്ത്യന്‍ മാധ്യമരംഗത്തെ വിശ്രുതര്‍ എന്നു വിശേഷിപ്പിക്കാവുന്ന ഒരു ഡസന്‍ പേരെ എടുത്താല്‍, അവരില്‍ ഉള്‍പ്പെടുന്നവരാണ് പ്രണോയ് റോയിയും രാധികാ റോയിയും. ഇവര്‍ ഇരുവരും ചേര്‍ന്ന് ന്യൂഡല്‍ഹി ആസ്ഥാനമായി 1988ല്‍ രൂപീകരിച്ചതാണ് എന്‍ഡിടിവി. രാജ്യത്ത് ആഗോളവല്‍ക്കരണവും, അതേ തുടര്‍ന്നുള്ള വിദേശ മാധ്യമവ്യാപനവും ആരംഭിക്കുന്നതിനുമുമ്പേ തന്നെയാണ് എന്‍ഡിടിവിയുടെ തുടക്കം.
എണ്‍പതുകളില്‍ ദൂരദര്‍ശന്‍ ചാനലില്‍ എല്ലാ വെള്ളിയാഴ്ചകളിലും രാത്രി 9.30ന് പ്രണോയ് റോയ് അവതരിപ്പിച്ചിരുന്ന 'ദ വേള്‍ഡ് ദിസ് വീക്ക്' എന്ന പരിപാടിയിലൂടെ ലോക രാഷ്ട്രീയസാമൂഹ്യസാംസ്കാരിക ചലനങ്ങള്‍ ഇന്ത്യക്കാര്‍ക്കു പരിചയപ്പെടുത്തിയ പ്രണോയ് റോയ്, എന്‍ഡിടിവി ആരംഭിക്കുന്നതിനുമുമ്പേ തന്നെ സുപരിചിതനായിരുന്നു. അതുകൊണ്ടുതന്നെ എന്‍ഡിടിവിയെ ജനങ്ങള്‍ ഏറെ പ്രതീക്ഷകളോടെ ഏറ്റുവാങ്ങുകയും ചെയ്തു.
എന്‍ഡിടിവിയുടെ ഭൂരിപക്ഷം ഓഹരികളും പ്രണോയ് റോയ് (15.95%), രാധികാറോയ് (16.32%)യും ഇവര്‍ ഇരുവരും ചേര്‍ന്നുള്ള ആര്‍ആര്‍പിആര്‍ ഹോള്‍ഡിങ് (പ്രൈവറ്റ് ലിമിറ്റഡ് 29.18%) എന്നിവയ്ക്കാണ്. മൊത്തം 61.45%. ബാക്കി 38.55% ഓഹരികള്‍ നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച്, ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് എന്നിവ വഴി വിറ്റഴിക്കപ്പെട്ടതാണ്. ഇതിലെ കൂടുതല്‍ ഓഹരികളും രണ്ട് മൗറീഷ്യന്‍ കമ്പനികള്‍ക്കാണ്.
എറിസ്ക ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ട് ലിമിറ്റഡ് (4.42%), എല്‍ടിഎസ് ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ട് ലിമിറ്റഡ് (9.75%). ബാക്കി 24.38% ഓഹരികള്‍ കൂടുതലും വ്യക്തികള്‍ക്കാണ്. എന്നാല്‍ ഇവരില്‍ ഒരാള്‍ക്കുപോലും ഒരു ശതമാനത്തിലേറെ ഓഹരി ഇല്ല. പ്രണോയ് റോയ്രാധികാ റോയ് ദമ്പതികളാണ് എന്‍ഡിടിവി 24ഃ7ന്‍റെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍.
വിശ്വാസ്യതയുടെ കാര്യത്തില്‍ കഴിഞ്ഞ മൂന്നുദശകങ്ങളായി രാജ്യത്ത് മുന്നില്‍ നിന്ന പാരമ്പര്യമാണ് എന്‍ഡിടിവിയുടേത്. രാജ്യത്ത് ജനാധിപത്യവും മതനിരപേക്ഷതയും സ്വാതന്ത്ര്യവുമൊക്കെ അപഹരിക്കപ്പെടുകയും, അന്യംനില്‍ക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ഘട്ടത്തില്‍, അതിനുത്തരവാദികളായ സംഘപരിവാര്‍ രാഷ്ട്രീയത്തെയും, ബിജെപി ഭരണത്തെയും യുക്തിസഹമായി വിമര്‍ശിക്കാന്‍ ആര്‍ജവവും ധീരതയും കാട്ടിയിട്ടുള്ള മാധ്യമവുമാണ് എന്‍ഡിടിവി.
മോദിയുടെ ഇഷ്ടക്കാരനായ അദാനിയുടെ കൈകളിലേക്ക് എന്‍ഡിടിവിയുടെ ഭൂരിപക്ഷം ഓഹരികളും വരുന്നതോടെ ബിജെപിയുടെ അമിതാധികാര പ്രവണതയ്ക്കെതിരെ നേരിയ തോതിലെങ്കിലും ഉയര്‍ന്നു കേട്ടിരുന്ന എതിര്‍ശബ്ദം പൂര്‍ണമായും ഇല്ലാതാകുന്ന സ്ഥിതിയാണുണ്ടാകുക. 65 ശതമാനത്തോളം ഓഹരികള്‍ അദാനിയുടെ കൈകളിലേക്ക് എത്തുന്നതോടെ എന്‍ഡിടിവിയുടെ മാനേജ്മെന്‍റ് നിയന്ത്രണം പൂര്‍ണമായും അദാനിക്കാകും.
എഡിറ്റര്‍ അടക്കം മാധ്യമസ്ഥാപനത്തിന്‍റെ നിയന്ത്രണാധികാരസ്ഥാനങ്ങളിലെല്ലാം അദാനിക്ക് സ്വന്തം ആളുകളെ വയ്ക്കാന്‍ കഴിയും.
എഡിറ്റോറിയല്‍ പോളിസി പൂര്‍ണമായും അദാനി തീരുമാനിക്കുന്ന സ്ഥിതിയിലേക്കെത്തും. നേരത്തെ ബര്‍ഖ ദത്ത് അവതരിപ്പിച്ചിരുന്ന 'വി ദ പീപ്പിള്‍' ഷോയും സങ്കേത് ഉപാധ്യായ നേതൃത്വം നല്‍കിയ 'ബിഗ് ഫൈ റ്റു' മൊക്കെ ദൃശ്യവാര്‍ത്താമാധ്യമത്തില്‍ നിന്ന് അപ്രത്യക്ഷമാകും. മോദി ഗീതങ്ങളുടെ സ്തുതിപാഠങ്ങളായിരിക്കും ഇനി എന്‍ഡിടിവിയിലൂടെ കാണേണ്ടി വരിക.
ഇംഗ്ലണ്ടിലെ 'ഗാര്‍ഡിയന്‍' പത്രം എഴുതിയത്, അദാനി എന്‍ഡിടിവി ഏറ്റെടുത്തത് ഇന്ത്യയുടെ ജനാധിപത്യത്തിന് വലിയ ഭീഷണിയാണെന്നാണ്. ഇന്ത്യയിലെ തീവ്രവലതുപക്ഷത്തോട് ചായ്വു പ്രകടിപ്പിക്കുന്ന ഇന്ത്യന്‍ മാധ്യമങ്ങളിലെ ചുരുങ്ങിവരുന്ന ജനാധിപത്യസംവാദങ്ങള്‍ കൂടുതല്‍ ശോഷിക്കുകയായിരിക്കും ചെയ്യുകയെന്നാണ് ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സിലെ പ്രൊഫ. ശകുന്തള ബാനര്‍ജി പറഞ്ഞത്.
വളരെ എളിയ രീതിയിലുള്ളതായിരുന്നു അദാനിയുടെ തുടക്കം. അഹമ്മദാബാദില്‍ ഒരു ചെറുകിട വസ്ത്ര വ്യാപാരിയുടെ എട്ടുമക്കളില്‍ ഒരാളായി ജനിച്ച അദാനി ഗുജറാത്ത് സര്‍വകലാശാലയില്‍ നിന്ന് ബിരുദപഠനം പൂര്‍ത്തിയാകാതെ പുറത്തുപോയ ആളാണ്. സഹോദരനുമൊത്ത് 1980കളുടെ തുടക്കത്തില്‍ ആരംഭിച്ച പിവിസി ഇറക്കുമതിയില്‍നിന്നാണ് അദാനി ലോകത്തെ മൂന്നാമത്തെ കോടീശ്വരന്‍ എന്ന നിലയില്‍ വളര്‍ന്നത്.
തുറമുഖം, വിമാനത്താവളം, ഊര്‍ജം എന്നീ മേഖലകളിലേക്ക് പടര്‍ന്ന് വികസിച്ചു. മുംബൈ, തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ ഉള്‍പ്പെടെ പ്രധാനപ്പെട്ട ആറ് വിമാനത്താവളങ്ങള്‍ ഇപ്പോള്‍ അദാനിയുടെ കൈകളിലാണ്.
അദാനിയുടെ തന്ത്രം
വളരെ തന്ത്രപരമായാണ് അദാനി രണ്ടു ഘട്ടങ്ങളിലായി എന്‍ഡിടിവിയുടെ നിയന്ത്രണം കൈയ്യടക്കിയത്. 2022 ആഗസ്തില്‍ 29.18 ശതമാനം ഓഹരി സ്വന്തമാക്കി. പ്രണോയ് റോയിയും രാധികാ റോയിയും ചേര്‍ന്നു രൂപീകരിച്ച നിക്ഷേപക കമ്പനിയായ ആര്‍ആര്‍പിആര്‍ (ഇരുവരുടെയും പേരുകളുടെ ആദ്യാക്ഷരങ്ങള്‍ ചേര്‍ത്തുണ്ടാക്കിയത്) 2009ല്‍ വിശ്വപ്രധാന്‍ കൊമേഴ്സ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയില്‍നിന്ന് 403.85 കോടി രൂപ വായ്പയെടുത്തിരുന്നു.
ഇതിന് ഈടായി നല്‍കിയിരുന്നത് ആര്‍ആര്‍പിആര്‍ കമ്പനിയുടെ 99.5 ശതമാനം ഓഹരിയായിരുന്നു. ആര്‍ആര്‍പിആറിനാകട്ടെ, എന്‍ഡിടിവിയുടെ 29.18 ശതമാനം ഓഹരിയാണുണ്ടായിരുന്നത്. റിലയന്‍സു (മുകേഷ് അംബാനി)മായി ബന്ധപ്പെട്ട സ്ഥാപനമായിരുന്നു വിശ്വപ്രധാന്‍ കൊമേഴ്സ്. ഇത് അദാനി ഏറ്റെടുത്തു.
ഇതിനിടെ ആര്‍ആര്‍പിആര്‍ എടുത്ത കടം തിരിച്ചടയ്ക്കാനുള്ള കാലാവധി കഴിയുകയും ചെയ്തു. ഇതേ തുടര്‍ന്ന് ആര്‍ആര്‍പിആറിന്‍റെ നിയന്ത്രണം അദാനി സ്വന്തമാക്കുകയും, അതുവഴി എന്‍ഡിടിവിയുടെ 29.18 ശതമാനം ഓഹരിയുടെ ഉടമസ്ഥാവകാശം നേടുകയും ചെയ്തു.
പിന്നീട് ഓപ്പണ്‍ ഓഫര്‍ വഴി 8.32 ശതമാനം ഓഹരി കൂടി അദാനിയുടെ കൈകളിലെത്തി. അപ്പോള്‍ എന്‍ഡിടിവിയില്‍ അദാനിയുടെ ഓഹരി 37.50 ശതമാനമായി. ഇപ്പോള്‍ എന്‍ഡിടിവി മേധാവികള്‍ തന്നെ അവരുടെ 27.26 ശതമാനം ഓഹരികള്‍ വിറ്റതോടെ അദാനിക്ക് 65 ശതമാനത്തോളമായി എന്‍ഡിടിവിയിലെ ഓഹരി. തങ്ങള്‍ ഉന്നയിച്ച നിര്‍ദേശങ്ങള്‍ക്കെല്ലാം അനുകൂലമായ നിലപാടാണ് അദാനി സ്വീകരിച്ചതെന്ന് റോയ് ദമ്പതികള്‍ പറഞ്ഞിട്ടുണ്ടെങ്കിലും, അതില്‍ എത്രത്തോളം സത്യസന്ധതയും വസ്തുതയും ഉണ്ടെന്ന് കാത്തിരുന്നു കാണേണ്ടതാണ്.
മോദിയുടെ ചങ്ങാത്തത്തിന്‍റെ തണലില്‍ ലാഭം കുന്നുകൂട്ടിക്കൊണ്ടിരിക്കുന്ന അദാനിയുടെ കൈകളില്‍ എന്‍ഡിടിവി അമര്‍ന്നു കഴിയുമ്പോള്‍, മോദി സ്തുതി വചനങ്ങളുടെ ആടയാഭരണങ്ങള്‍ കൊണ്ട് അലംകൃതമായ മറ്റൊരു റിപ്പബ്ലിക് ടിവി, രാജ്യം കാണേണ്ടി വന്നാല്‍ അത്ഭുതപ്പെടേണ്ടതില്ല.
ഇത് മുന്നില്‍ കണ്ടുതന്നെയാവണം രാജ്യത്തെ മുന്‍നിര മാധ്യമപ്രവര്‍ത്തകരില്‍ പ്രമുഖനായ രവീഷ് കുമാര്‍ എന്‍ഡിടിവിയില്‍നിന്നു പടിയിറങ്ങിയത്. ഹംലോഗ്, ദേശ് കീ ബാത്ത്, രവീഷ് കി റിപ്പോര്‍ട്ട് തുടങ്ങിയ ടിവി ഷോകളിലൂടെ ശ്രദ്ധേയനാവുകയും രാജ്യത്തെ പ്രമുഖ മാധ്യമ അവാര്‍ഡുകള്‍ നേടുകയും ചെയ്തിട്ടുള്ളയാളാണ് രവീഷ് കുമാര്‍.
രാജ്യത്തെ മാധ്യമരംഗം നേരിടുന്ന വെല്ലുവിളികളെപ്പറ്റിയും, മാധ്യമങ്ങളില്‍നിന്ന് അന്യമായിക്കൊണ്ടിരിക്കുന്ന ജനാധിപത്യ സംവാദങ്ങളുടെ സാധ്യതയെപ്പറ്റിയുമൊക്കെ വിമര്‍ശനാത്മകമായി പറയുന്നയാളാണ് ലോകത്തുതന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന മാധ്യമപ്രവര്‍ത്തകനായ രവീഷ്കുമാര്‍.
എന്‍ഡിടിവിയിലൂടെ അദാനി മാധ്യമരംഗത്തേക്ക് ചുവടുവയ്ക്കുന്നതേയുള്ളൂ. ഇനി രാജ്യത്തെ ഏതെല്ലാം മാധ്യമസ്ഥാപനങ്ങളെ അദാനി വിലയ്ക്കെടുക്കും എന്നും നമുക്കറിയില്ല.
പക്ഷേ അതിന് സാധ്യത ഏറെയാണ്. കാരണം, വാര്‍ത്തകളും വിശകലനങ്ങളും രാഷ്ട്രീയത്തിന്‍റെയും അധികാരത്തിന്‍റെയും കയറ്റിറക്കങ്ങളെ നിയന്ത്രിക്കുന്നതില്‍ വലിയ സ്വാധീനം ചെലുത്തുന്നുണ്ടെന്നത് അവിതര്‍ക്കിതമാണ്.
അതുകൊണ്ട് തീവ്രവലതുപക്ഷ രാഷ്ട്രീയത്തേയും, അതിന്‍റെ ധാരകളെയും അരക്കിട്ടുറപ്പിക്കുന്നതിനാവശ്യമായ രീതിയില്‍ മാധ്യമങ്ങളെയാകെ വരുതിക്കുനിര്‍ത്തേണ്ടത് ഭരണവര്‍ഗ താല്‍പ്പര്യം തന്നെയാണ്. അതിനുവേണ്ടി ഇനി മാധ്യമസ്ഥാപനങ്ങളെ ഒന്നൊന്നായി അദാനി വിഴുങ്ങുന്ന കാലവും ഏറെ വിദൂരമല്ല.
ഗ്രാമങ്ങളില്‍പ്പോലും വന്‍കിട സൂപ്പര്‍മാര്‍ക്കറ്റുകള്‍ വ്യാപകമായതോടെ, കൊച്ചു കൊച്ചു കച്ചവട സ്ഥാപനങ്ങള്‍ പൂട്ടിക്കെട്ടിയതുപോലെ മാധ്യമക്കുത്തകയുടെ റോളിലേക്ക് അദാനിയും പരകായ പ്രവേശം നടത്തുന്നതോടെ ചെറിയ മാധ്യമസംരംഭങ്ങള്‍ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത സ്ഥിതിയാകും. മര്‍ഡോക്ക് അമേരിക്കന്‍ സാമ്രാജ്യത്വ ഭരണസംവിധാനത്തെ കീശയിലാക്കിയതുപോലെ അദാനിയും ഇന്ത്യന്‍ ഭരണസംവിധാനത്തെ കീശയിലാക്കുന്ന സ്ഥിതി ഏറെ വിദൂരമല്ല.
(ചിന്ത വാരികയിൽ നിന്ന്)
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..