28 March Thursday

മൗദൂദിസ്റ്റുകള്‍ക്കും ഗോള്‍വാള്‍ക്കറിസ്റ്റുകള്‍ക്കുമിടയിലെ അന്തര്‍ധാര-കെ ടി കുഞ്ഞിക്കണ്ണന്‍ എഴുതുന്നു

കെ ടി കുഞ്ഞിക്കണ്ണന്‍Updated: Friday Mar 3, 2023

കെ ടി കുഞ്ഞിക്കണ്ണന്‍

കെ ടി കുഞ്ഞിക്കണ്ണന്‍

ജമാഅത്തെ ഇസ്ലാമിയും മറ്റുചില മുസ്ലീം സംഘടനകളും ആര്‍.എസ്.എസ് നേതൃത്വവുമായി നടത്തിയ അടഞ്ഞവാതില്‍ ചര്‍ച്ച വിവാദമായപ്പോള്‍ ഇരവാദം ഉയര്‍ത്തി ഹിന്ദുത്വവാദികളുമായി കാലാകാലങ്ങളായുള്ള തങ്ങളുടെ ഒത്തുകളിയെയും സമുദായ വഞ്ചനയെയും മറച്ചു പിടിക്കാനുള്ള കുത്സിത ശ്രമങ്ങളിലാണ് ജമാ അത്തെഇസ്ലാമി നേതാക്കള്‍. ജമാഅത്തെ ഇസ്ലാമിക്കാര്‍ ആര്‍ എസ് എസ് നേതൃത്വവുമായി നടത്തിയ ചര്‍ച്ച ന്യൂനപക്ഷങ്ങള്‍ക്കെതിരായ ഹിന്ദുത്വവാദികളുടെ കടന്നാക്രമണങ്ങളെ ന്യായീകരിക്കാനും പൊതു സമൂഹത്തിന് മുന്നില്‍ മുസ്ലിം സമുദായ സംഘടനകളും തങ്ങള്‍ക്കൊപ്പമാണെന് വരുത്തിത്തീര്‍ക്കാനുമുള്ള കുത്സിത ശ്രമമാണെന്നു മനസിലാക്കണം.

കൂടിക്കാഴ്ചയ്ക്കെതിരായ വിമര്‍ശനങ്ങളെ ഇസ്ലാമോഫോബിയയാക്കി സിപിഐ എമ്മിനെതിരെ ഉറഞ്ഞുതുള്ളുന്ന മൗദൂദി മാധ്യമങ്ങള്‍ ഇസ്ലാമോഫോബിയയ്ക്ക് പുതിയ സൈദ്ധാന്തിക ന്യായീകരണ കസര്‍ത്തുതന്നെ ആരംഭിച്ചിട്ടുണ്ട്. ജമാഅത്തെ ഇസ്ലാമി നേതൃത്വം രഹസ്യമാക്കിവെച്ച ചര്‍ച്ചയുടെ വിവരങ്ങള്‍ ആര്‍എസ്എസ് ദേശീയസമിതിയംഗം ഇന്ദ്രേഷ്‌കുമാറാണ് ന്യൂ ഇന്ത്യന്‍ എക്സ്പ്രസിലൂടെ പുറത്തറിയിച്ചത്. പിന്നീട് ജമാഅത്തെഇസ്ലാമി നേതാവ് ടി ആരിഫ് അലിക്കും ചര്‍ച്ച നടന്നതായി സ്ഥിരീകരിക്കേണ്ടിവന്നു.

പക്ഷേ, ഇവര്‍ രണ്ടു പേരും പറയുന്ന കാര്യങ്ങള്‍ പരസ്പരവൈരുധ്യം നിറഞ്ഞതാണെന്നതാണ് ഈ ചര്‍ച്ചയെ കൂടുതല്‍ ദുരൂഹമാക്കുന്നത്.

സംഘപരിവാര്‍ സംഘടനയായ മുസ്ലീം രാഷ്ട്രീയ മഞ്ചിന്‍റെ ശ്രമങ്ങളുടെ ഭാഗമായിട്ടാണ് ചര്‍ച്ച നടന്നതെന്നും അല്ല ജമാഅത്തെഇസ്ലാമി നേതാക്കള്‍ ആര്‍എസ്എസിനെ ചര്‍ച്ചയ്ക്കായി സമീപിക്കുകയായിരുന്നുവെന്നുമാണ് പുറത്തുവരുന്ന വിവരങ്ങള്‍. ആര് മുന്‍കൈയെടുത്താലും ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നത് മുഖ്യരാഷ്ട്രീയ അജന്‍ഡയായിട്ടുള്ള ആര്‍.എസ്.എസ് നേതൃത്വവുമായി ജമാഅത്തെ ഇസ്ലാമി നടത്തിയ ചര്‍ച്ച ഹിന്ദുത്വവാദികളുടെ മുസ്ലീംവിരുദ്ധ അജന്‍ഡയ്ക്ക് സമ്മതമേകലാണെന്ന കാര്യത്തില്‍ സംശയമില്ല.

ഗോള്‍വാള്‍ക്കറിസവും മൗദൂദിസവും

ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ പ്രതിനിധീകരിച്ച് ഇങ്ങനെയൊരു ചര്‍ച്ചനടത്താന്‍ ആരും ജമാഅത്തെ ഇസ്ലാമിക്കാരെ ചുമതലപ്പെടുത്തിയിട്ടില്ലെന്ന് കേരളത്തിലെ പ്രധാന ന്യൂനപക്ഷ സമുദായസംഘടനാനേതാക്കളെല്ലാം വ്യക്തമാക്കിയിട്ടുണ്ട്. ജമാഅത്തെ ഇസ്ലാമിയുടെ ചരിത്രവും പ്രത്യയശാസ്ത്രവും അറിയാവുന്നവരെ സംബന്ധിച്ചിടത്തോളം ആര്‍എസ്എസുമായുള്ള അവരുടെ ഈ രഹസ്യചര്‍ച്ച ഒട്ടും അസ്വാഭാവികമായി തോന്നാനിടയില്ല. പുറമെ മതനിരപേക്ഷതയും ഫാസിസ്റ്റുവിരുദ്ധതയും സമൂഹനോമ്പുതുറയുമൊക്കെയായി നടക്കുന്ന ജമാഅത്തെ ഇസ്ലാമിയുടെ യഥാര്‍ത്ഥ രാഷ്ട്രീയസിദ്ധാന്തം ഹിന്ദുത്വവുമായി സന്ധിചെയ്യുന്ന മൗദൂദിസമാണ്. ഗോള്‍വാള്‍ക്കറിസത്തിന്‍റെ മറുപുറമാണ് മൗദൂദിസം. 

ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപകനായ മൗദൂദി 1947 ല്‍ തന്നെ തന്‍റെ പത്താന്‍കോട്ട് പ്രസംഗത്തില്‍ ഹിന്ദുരാഷ്ട്രത്തെ സ്വാഗതം ചെയ്തിട്ടുള്ളതാണ്. അതില്‍ മൗദൂദിക്ക് ഒരു നിര്‍ബന്ധം മാത്രമെ ഉണ്ടായിരുന്നുള്ളൂ. ഹിന്ദുരാഷ്ട്രത്തെ പാശ്ചാത്യരെപ്പോലെ ജനാധിപത്യ ദേശീയ മതനിരപേക്ഷ രാഷ്ട്രമാക്കരുത് എന്നതായിരുന്നു ഹിന്ദുത്വവാദികളോടുള്ള മൗദൂദിയുടെ ഉദാരപൂര്‍വ്വമുള്ള അഭ്യര്‍ത്ഥന.

ഹൈന്ദവവേദസംഹിതകള്‍ അനുസരിച്ചുള്ള ഹിന്ദുരാഷ്ട്രം സ്ഥാപിക്കപ്പെട്ടാല്‍ മുസ്ലീങ്ങള്‍ എതിര്‍ക്കേണ്ടതില്ല എന്നായിരുന്നു മൗദൂദിയുടെ ഉറച്ച അഭിപ്രായം. ഇര്‍ഫാന്‍ ഹബീബ് തന്‍റെ 'ഇസ്ലാമിസം ആന്‍ഡ് ഡെമോക്രസി ഇന്‍ ഇന്ത്യ' എന്ന ലേഖനത്തില്‍ മൗദൂദിയെ ഉദ്ധരിച്ച് ഇക്കാര്യങ്ങളൊക്കെ വിശദീകരിച്ചിട്ടുണ്ട്. ആര്‍എസ്എസും ജമാഅത്തെ ഇസ്ലാമിയും തമ്മില്‍ മതരാഷ്ട്ര അജന്‍ഡ പങ്കിടുന്നവരാണ്. ഗോള്‍വാള്‍ക്കറെപ്പോലെ മൗദൂദിയും ആധുനിക ദേശരാഷ്ട്രസങ്കല്പങ്ങള്‍ക്കും മതനിരപേക്ഷ ജനാധിപത്യ സംവിധാനങ്ങള്‍ക്കുമെതിരായ രാഷ്ട്ര സിദ്ധാന്തമാണ് മുന്നോട്ടുവെച്ചിട്ടുള്ളത്.

മൗദൂദിയുടെ ഹുകുമത്തെ ഇലാഹി രാഷ്ട്രവാദം ഗോള്‍വാള്‍ക്കറുടെ ഹിന്ദു രാഷ്ട്രവാദത്തിന്‍റെ ഇസ്ലാമിക പതിപ്പാണ്.
പാനിസ്ലാമിസമെന്നപോലെ ഹിന്ദുത്വവും സാമ്രാജ്യത്വപ്രോക്തമായ രാഷ്ട്രീയപ്രത്യയശാസ്ത്രമാണ്. രണ്ടും ആധുനിക ജനാധിപത്യ ദേശീയതയെയും സോഷ്യലിസത്തെയും ലക്ഷ്യം വെക്കുന്ന സാമ്രാജ്യത്വത്തിന്‍റെ അധിനിവേശ പദ്ധതികളില്‍ ജന്മമെടുത്ത അസ്ഥിരീകരണ പ്രസ്ഥാനങ്ങളാണ്.

സാമ്രാജ്യത്വവിരുദ്ധ അറബ് ദേശീയബോധത്തെ തകര്‍ക്കാനാണ് ദേശീയത ഇസ്ലാമികവിരുദ്ധമാണെന്ന മുദ്രാവാക്യവുമായി ഹസനല്‍ ബന്നയുള്‍പ്പെടെയുള്ളവര്‍ രൂപം കൊടുത്ത മുസ്ലീം ബ്രദര്‍ഹുഡ് രംഗത്ത് വരുന്നത്. മുസ്ലീം ബ്രദര്‍ഹുഡിന്‍റെ ഇന്ത്യന്‍ പതിപ്പായിട്ടാണ് മൗദൂദി ജമാഅത്തെ ഇസ്ലാമിക്ക് ജന്മം നല്‍കുന്നത്.

 ആര്‍എസ്എസുകാരെപോലെ ബ്രിട്ടീഷ് വിരുദ്ധ ദേശീയ സമരത്തെ തള്ളിപ്പറഞ്ഞവരും സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കുന്നത് ഇസ്ലാമിക വിരുദ്ധമാണെന്ന് കല്പിച്ചവരുമായിരുന്നു മൗദൂദിസ്റ്റുകള്‍
1953 ല്‍ പാക്കിസ്ഥാനില്‍ നടന്ന അഹമ്മദീയകൂട്ടക്കൊലയ്ക്ക് നേതൃത്വംകൊടുത്ത ആളായിരുന്നു മൗദൂദി. വംശഹത്യാ കുറ്റവാളി. അഹമ്മദീയ കൂട്ടക്കൊല അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട ജുഡീഷ്യല്‍കമ്മീഷന്‍ മുമ്പാകെ മൗദൂദി ഇന്ത്യയില്‍ ഹിന്ദുരാഷ്ട്രമുണ്ടാകുന്നതിനെ അംഗീകരിക്കുകയാണ് ചെയ്തത്.

മൗദൂദി ജുഡീഷ്യല്‍ കമ്മീഷനുമുമ്പില്‍ നല്‍കിയ മൊഴിയില്‍ പറയുന്നത്, 'ഇന്ത്യയില്‍ ഹിന്ദുരാഷ്ട്രം സ്ഥാപിക്കപ്പെട്ട് മനുസ്മൃതി നടപ്പാക്കപ്പെട്ടാല്‍ മുസ്ലീങ്ങള്‍ ശൂദ്രരോ മ്ലേച്ഛരോ ആയി കണക്കാക്കപ്പെട്ട് അവര്‍ക്ക് ഭരണ  ഉദ്യോഗപങ്കാളിത്തം നഷ്ടപ്പെട്ടാല്‍ എനിക്ക് വിരോധമില്ല' എന്നാണ്. മതരാഷ്ട്രവാദമുന്നയിക്കുന്ന നിങ്ങള്‍ എന്താണ് ഇന്ത്യയിലെ ന്യൂനപക്ഷങ്ങളായ മുസ്ലീങ്ങളെക്കുറിച്ച് പറയുക എന്ന കമ്മീഷന്‍റെ ചോദ്യത്തിനാണ് മൗദൂദി അര്‍ത്ഥശങ്കക്കിടയില്ലാതെ ഹിന്ദുരാഷ്ട്രം സ്ഥാപിക്കുന്നതില്‍ തനിക്ക് വിരോധമില്ലെന്ന് മൊഴിനല്‍കിയത്.

മൗദൂദിയുടെ ഇത്തരം നിലപാടുകളെ ഒരുഘട്ടത്തിലും ജമാഅത്തെ ഇസ്ലാമി പുനഃപരിശോധിച്ചതായോ തള്ളിക്കളഞ്ഞതായോയുള്ള ഒരു വിശദീകരണവും അവരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ഉത്തരാധുനിക കസര്‍ത്തുകളിലൂടെ കമ്യൂണിസ്റ്റ് വിരോധവും ആധുനിക മതനിരപേക്ഷ ദേശീയ സങ്കല്‍പങ്ങളോട് വിദ്വേഷവും പടര്‍ത്തുന്നവരാണ് ഹിന്ദുത്വവാദികളെപോലെതന്നെ ജമാഅത്തെ ഇസ്ലാമി ബുദ്ധിജീവികളുമെന്ന് തിരിച്ചറിയേണ്ടതുണ്ട്. കേരളത്തില്‍ അവരുടെ മുഖ്യ അജന്‍ഡ മുസ്ലീം ന്യൂനപക്ഷങ്ങളെ ഇടതുപക്ഷവിരുദ്ധമാക്കുകയെന്നതാണ്. എന്നും ആര്‍.എസ്.എസിനെപ്പോലെ ഇരട്ടനാക്കുകൊണ്ട് സംസാരിക്കുന്നവരാണ് ജമാഅത്തെ ഇസ്ലാമിയും.

ഇപ്പോള്‍ ആര്‍എസ്എസുമായി തങ്ങള്‍ നടത്തിയ രഹസ്യ ചര്‍ച്ചയെ ന്യായീകരിക്കുന്ന ജമാഅത്തെ ഇസ്ലാമി നേതാക്കള്‍ നേരത്തെ മുന്‍ ഇലക്ഷന്‍ കമീഷണര്‍ ഖുറൈശിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയെ നിശിതമായി വിമര്‍ശിച്ച് കഴിഞ്ഞ വര്‍ഷം നവംബര്‍ ലക്കം പ്രബോധനത്തില്‍ ലേഖനം എഴുതിയവരാണ്! ഇരട്ട ത്താപ്പിന്‍റെ ആശാന്മാരാണല്ലോ ഹിന്ദുത്വവാദികളെപ്പോലെ മൗദൂദിസ്റ്റുകളും.

ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കും മതനിരപേക്ഷ ജനാധിപത്യ ആശയങ്ങള്‍ക്കുമെതിരായി ജമാഅത്തെ ഇസ്ലാമി നടത്തിക്കൊണ്ടിരിക്കുന്ന പ്രതിലോമപരമായ കടന്നാക്രമണങ്ങളെ തുറന്നുകാട്ടിക്കൊണ്ടേ സംഘപരിവാര്‍ ഉയര്‍ത്തുന്ന ഫാസിസ്റ്റ് ഭീഷണിയെ ഇന്ന് പ്രതിരോധിക്കാനാകൂ എന്നകാര്യം കേരളത്തിലെ മുസ്ലീം സമുദായസംഘടനകള്‍ ഗൗരവപൂര്‍വ്വം തിരിച്ചറിഞ്ഞിട്ടുണ്ട്.

സോളിഡാരിറ്റിയും വെല്‍ഫെയര്‍ പാര്‍ടിയും ഫാസിസ്റ്റുവിരുദ്ധ സമ്മേളനങ്ങളുമെല്ലാം മൗദൂദിയുടെ ഹുക്കുമത്തെ ഇലാഹി രാഷ്ട്രവാദത്തിന് പുകമറയിടാനുള്ള ഏര്‍പ്പാടുകള്‍ മാത്രമാണ്. ജമാഅത്തെ ഇസ്ലാമി ജന്മംകൊടുത്ത സിമിയില്‍ നിന്നുതുടങ്ങി എന്‍.ഡി.എഫ്, പോപ്പുലര്‍ഫ്രണ്ട് തുടങ്ങിയ മതതീവ്രവാദസംഘങ്ങളെല്ലാം മൗദൂദിസത്തില്‍ നിന്ന് ആശയോര്‍ജ്ജം ഉള്‍ക്കൊണ്ട് പിറവിയെടുത്തവയാണ്.

നമ്മുടെ സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക മണ്ഡലങ്ങളില്‍ സ്വത്വരാഷ്ട്രീയ സംജ്ഞകളിലൂടെയും ഉത്തരാധുനികമായ നിലപാടുകളുടെ സമീകരണങ്ങളിലൂടെയും ഇടതുപക്ഷവിരുദ്ധത പടര്‍ത്തുകയാണ് ജമാഅത്തെ ഇസ്ലാമിയും അവരുടെ കുടക്കീഴില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളും കാലാകാലങ്ങളായി ചെയ്തുകൊണ്ടിരിക്കുന്നത്.

നവോത്ഥാനത്തിന്‍റെയും സാമ്രാജ്യത്വവിരുദ്ധതയുടെയും പദാവലികള്‍ ഉപയോഗിച്ചും ഒരുവേള ഇടതുപക്ഷ മുഖംമൂടിയണിഞ്ഞുംവരെ തങ്ങളുടെ മതരാഷ്ട്രവാദസിദ്ധാന്തങ്ങള്‍ക്ക് സമ്മതി നിര്‍മ്മിച്ചെടുക്കാനും പൊതുസമൂഹത്തില്‍ ചുവടുറപ്പിക്കാനുമുള്ള ആസൂത്രിതമായ നീക്കങ്ങളാണ് കഴിഞ്ഞ കുറേക്കാലങ്ങളായി കേരളത്തില്‍ ജമാഅത്തെഇസ്ലാമി നടത്തിക്കൊണ്ടിരിക്കുന്നത്.

കേരളത്തിന്‍റെ മതനിരപേക്ഷ ജനാധിപത്യസാമൂഹ്യ അന്തരീക്ഷത്തെയും ഇടതുപക്ഷസ്വാധീനത്തെയും പരിഗണിച്ചുകൊണ്ടുള്ള കൗശലപൂര്‍വ്വമായ ഇടപെടലുകളാണ് അവര്‍ നടത്തിക്കൊണ്ടിരുന്നത്. തങ്ങളുടെ മൗദൂദിയന്‍ മതരാഷ്ട്രവാദ കാഴ്ചപ്പാടുകളെ മറച്ചുപിടിച്ചുകൊണ്ട് നവസാമൂഹ്യപ്രസ്ഥാനങ്ങളുമായി ചേര്‍ന്നും തീവ്രഇടതുപക്ഷ നിലപാടുകളെയും അരാജകസംഘങ്ങളെയും ആദര്‍ശവല്‍ക്കരിച്ചും ഇടതുപക്ഷ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെ ദുര്‍ബലപ്പെടുത്താനാണ് അവര്‍ ശ്രമിച്ചുകൊണ്ടിരുന്നത്.

യഥാര്‍ത്ഥ ഇടതുപക്ഷത്തെ സംബന്ധിച്ച കാല്‍പനികാഭിനിവേശങ്ങള്‍ പടര്‍ത്തിയും സ്വത്വരാഷ്ട്രീയസംഘങ്ങളെ പ്രോത്സാഹിപ്പിച്ചും നിലനില്‍ക്കുന്ന ഇടതുപക്ഷപ്രസ്ഥാനങ്ങളില്‍ അവിശ്വാസം സൃഷ്ടിക്കാനാണ് ജമാഅത്തെ ഇസ്ലാമി ജിഹ്വകളായ മാധ്യമം പത്രവും വാരികയും കാലങ്ങളായി ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

സംഘടിത ഇടതുപക്ഷത്തെ ദുര്‍ബലമാക്കിയും തകര്‍ത്തും കേരളത്തിന്‍റെ മതനിരപേക്ഷ സാഹചര്യത്തെ അസ്ഥിരീകരിക്കാനാണ് ആര്‍.എസ്.എസിനെപ്പോലെ ജമാഅത്തെ ഇസ്ലാമിയുടെ ബൗദ്ധികകേന്ദ്രങ്ങളും ഓവര്‍ടൈം പണിചെയ്തുകൊണ്ടിരിക്കുന്നത്.

മതരാഷ്ട്രത്തിന്‍റെ വക്താക്കള്‍

ആര്‍എസ്എസിനെപ്പോലെ ജമാഅത്തെ ഇസ്ലാമിയും മതരാഷ്ട്രത്തിനുവേണ്ടിയാണ് നിലകൊള്ളുന്നതെന്ന സത്യത്തെ മറച്ചുപിടിച്ചാണ് മനുഷ്യാവകാശത്തിന്‍റെയും പരിസ്ഥിതി സ്നേഹത്തിന്‍റെയും മുഖംമൂടിയണിഞ്ഞ് അവര്‍ പൊതുസമൂഹത്തില്‍ ഇടംനേടാന്‍ ശ്രമിക്കുന്നത്. ആഗോള ഇസ്ലാമികവ്യവസ്ഥ ലക്ഷ്യംവെക്കുന്ന ജമാഅത്തെ ഇസ്ലാമിയുടെ ദര്‍ശനത്തെയും രാഷ്ട്രീയത്തെയും അപഗ്രഥനവിധേയമാക്കിക്കൊണ്ടും തുറന്നുകാണിച്ചുകൊണ്ടും മാത്രമേ ആര്‍എസ്എസ് ഉയര്‍ത്തുന്ന ഫാസിസ്റ്റ് ഭീഷണിക്കെതിരെ വിശാലമായ മതനിരപേക്ഷമുന്നണി കെട്ടിപ്പടുക്കാനാകൂ.

ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപകനും പ്രത്യയശാസ്ത്രകാരനുമായ മൗദൂദിയുടെ ദര്‍ശനങ്ങളെയും കഴിഞ്ഞ 8 ദശകക്കാലത്തിലേറെയായി ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ അവര്‍ നടത്തിക്കൊണ്ടിരിക്കുന്ന വിധ്വംസക പ്രവര്‍ത്തനങ്ങളെയും സംബന്ധിച്ച് അജ്ഞത സൃഷ്ടിച്ച് ജമാഅത്തെ ഇസ്ലാമി എന്ത് തീവ്രവാദപ്രവര്‍ത്തനമാണ് നടത്തിയിട്ടുള്ളത് എന്ന് പലരും ചോദിക്കാറുണ്ട്. ഇങ്ങനെ നിഷ്കളങ്കമായി ജമാഅത്തെ ഇസ്ലാമിക്കുവേണ്ടി വാദിക്കുന്നവരില്‍ പലരും മുമ്പ് ഹിന്ദുത്വത്തെ ആര്‍ക്കാണ് പേടിയെന്ന് ചോദിച്ച് സംഘപരിവാര്‍ ഫാസിസത്തിന് മണ്ണൊരുക്കിക്കൊടുത്തവരാണ്. അവര്‍ ആഗോളവല്‍ക്കരണത്തെ ആര്‍ക്കാണ് പേടിയെന്ന് ചോദിച്ച് കോർപ്പറേറ്റ് രാജിന് വഴിതുറന്നുകൊടുക്കാന്‍ ഏറെ പാടുപെട്ടവരാണ്.

 ജമാഅത്തെ ഇസ്ലാമി പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയഇസ്ലാമിസവും ആര്‍എസ്എസ് മുന്നോട്ടുവെക്കുന്ന ഹിന്ദുത്വവും ഇന്ത്യന്‍ മതനിരപേക്ഷതയ്ക്ക് ഭീഷണിയാകുന്ന മതരാഷ്ട്രവാദസിദ്ധാന്തങ്ങളാണ്. ജമാഅത്തെ ഇസ്ലാമിയുടെ ഔദ്യോഗിക പ്രസിദ്ധീകരണങ്ങള്‍തന്നെ അവര്‍ നിലകൊള്ളുന്നത് ആഗോള ഇസ്ലാമികവ്യവസ്ഥയ്ക്കുവേണ്ടിയാണെന്ന് തുറന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

ജമാഅത്തെ ഇസ്ലാമിയുടെ മുഖപ്രസിദ്ധീകരണമായ പ്രബോധനത്തിന്‍റെ 1992 മാര്‍ച്ച് ലക്കം ആ സംഘടനയുടെ 50ാം വാര്‍ഷികപതിപ്പായിട്ടാണ് ഇറക്കിയത്. അതിന്‍റെ ആമുഖത്തില്‍ ജമാഅത്തെ ഇസ്ലാമി കേരളത്തിലോ ഇന്ത്യയിലോ പരിമിതമായ ഒരു പ്രസ്ഥാനമല്ലെന്നും ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍തന്നെ ഇതേ പേരും വേരുമുള്ള ആറ് സംഘടനകളുണ്ടെന്നും വ്യക്തമാക്കുന്നുണ്ട്.

അവയോരോന്നും സ്വന്തം സാഹചര്യങ്ങള്‍ കണക്കിലെടുത്തുകൊണ്ട് ഭിന്നമായ നയപരിപാടികളോടെയാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും അവയുടെയെല്ലാം ആദര്‍ശവും ലക്ഷ്യവും ഒന്നാണെന്നും പറയുന്നു. ജമാഅത്തെഇസ്ലാമിയുടെ സാഹിത്യങ്ങളും പ്രവര്‍ത്തകരും ലോകമാകെ വ്യാപിച്ചിട്ടുണ്ടെന്നും അവയില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് പല ഇസ്ലാമികഗ്രൂപ്പുകളും ലോകത്തിന്‍റെ പലഭാഗങ്ങളിലായി ഉയര്‍ന്നുവന്നു കഴിഞ്ഞിട്ടുണ്ടെന്നും ഇസ്ലാമികവ്യവസ്ഥയ്ക്കുവേണ്ടിയുള്ള നവജാഗരണത്തില്‍ ജമാഅത്തെഇസ്ലാമിക്കുള്ള പങ്ക് അനിഷേധ്യമാണെന്നും ആവേശംകൊള്ളുന്നുണ്ട്.

 ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ പ്രവര്‍ത്തിക്കുന്ന പാക്കിസ്ഥാനിലെയും ബംഗ്ലാദേശിലെയും കാശ്മീരിലെയും ജമാഅത്തെ ഇസ്ലാമിക്ക് ഒരേ ആദര്‍ശവും ലക്ഷ്യവുമാണെന്ന് പറയുന്നു. ആസാദ് കാശ്മീര്‍ ജമാഅത്തെഇസ്ലാമിക്ക് വിപരീതമായി ജമ്മുകാശ്മീരിലെ ജമാഅത്തെ ഇസ്ലാമി ഏറ്റവും സംഘടിതമായ ഇസ്ലാമികപ്രസ്ഥാനവും രാഷ്ട്രീയശക്തിയുമാണെന്ന് അവകാശപ്പെടുന്നു.

ജമ്മുകാശ്മീരിലെ ജമാഅത്തെ ഇസ്ലാമിയുടെ വ്യത്യസ്തതലങ്ങളിലെ പ്രവര്‍ത്തനങ്ങളെയും സംഘടനകളെയും മുന്നണികളെയും പ്രബോധനത്തിലെ ലേഖനം പരിചയപ്പെടുത്തുന്നുണ്ട്. 'കാശ്മീര്‍ ജമാഅത്തെ ഇസ്ലാമി' എന്ന ലേഖനത്തില്‍ നിന്ന് ഉദ്ധരിക്കട്ടെ; 'താഴ്വരയില്‍ തീവ്രവാദി പ്രവര്‍ത്തനം ശക്തിപ്പെട്ടതിനുശേഷം ജമാഅത്തെ ഇസ്ലാമിയുടെ സ്വാധീനം വര്‍ദ്ധിച്ചിട്ടുള്ളതായി പറയപ്പെടുന്നു. താഴ്വരയിലെ ഏറ്റവും ശക്തമായ തീവ്രവാദിഗ്രൂപ്പുകളിലൊന്നായ ഹിസ്ബുള്‍ മുജാഹിദീന്‍, ജമാഅത്തെ ഇസ്ലാമി അനുകൂല ഗ്രൂപ്പാണ്. ഇതിനുപുറമെ, അല്ലാഹ് ടൈഗേഴ്സ് എന്ന ഒരു സംഘത്തിനും ജമാഅത്ത് രൂപം നല്‍കിയിട്ടുണ്ട്'.

'വിവിധ തീവ്രവാദി ഗ്രൂപ്പുകളെ ഏകോപിപ്പിക്കുന്നതിലും ജമാഅത്തിന്‍റെ പങ്ക് പ്രധാനമാണ്. രാഷ്ട്രീയമേഖലയില്‍ പതിമൂന്ന് സംഘടനകള്‍ ചേര്‍ന്ന തഹ്രീകെഹുര്‍രിയത്തെ കാശ്മീര്‍ (കാശ്മീര്‍ സ്വാതന്ത്ര്യപ്രസ്ഥാനം) എന്ന പേരില്‍ ഒരു മുന്നണിക്ക് രൂപം കൊടുത്തിട്ടുണ്ട്. ഈ ഗ്രൂപ്പിലെ ഏറ്റവും വലിയ സംഘടന ജമാഅത്താണ്. അരാഷ്ട്രീയനായ അഡ്വക്കറ്റ് മിയാന്‍ അബ്ദുള്‍ഖയ്യൂമാണ് മുന്നണിയുടെ അധ്യക്ഷന്‍. സെക്രട്ടറിയായ മുഹമ്മദ് അശ്റഫ് സഹ്റായി കാശ്മീര്‍ ജമാഅത്തെ ഇസ്ലാമിയുടെയും സെക്രട്ടറി ജനറലാണ്. സൈനികമേഖലയില്‍ വിവിധ സായുധ ഗ്രൂപ്പുകള്‍ ചേര്‍ന്ന് രൂപം നല്‍കിയ മുത്തഹിദ ജിഹാദ് കൗണ്‍സിലിന്‍റെ ചെയര്‍മാന്‍ അലി മുഹമ്മദ്ഡാറും ജമാഅത്തെ ഇസ്ലാമിയുടെ നേതാക്കളിലൊരാളത്രെ.' (പ്രബോധനം 1992, മാര്‍ച്ച്)

ആദര്‍ശവും പ്രവര്‍ത്തനവും വിധ്വംസകം

ജമാഅത്തെ ഇസ്ലാമിയുടെ ആദര്‍ശവും പ്രവര്‍ത്തനങ്ങളും എത്രമാത്രം വിധ്വംസകമാണെന്നാണ് ഈ ലേഖനത്തിലെ ജമാഅത്തെഇസ്ലാമിയുടെ പ്രവര്‍ത്തനത്തെ സംബന്ധിച്ച അവരുടെ വിശദീകരണംതന്നെ വ്യക്തമാക്കുന്നത്. കാശ്മീര്‍ താഴ്വരയില്‍ ഭീകരത സൃഷ്ടിച്ച ഹിസ്ബുള്‍മുജാഹിദീന്‍ പോലുള്ള തീവ്രവാദസംഘടനകള്‍ ജമാഅത്തെ ഇസ്ലാമിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നതാണെന്ന കാര്യം ജനാധിപത്യവാദികള്‍ ഗൗരവമായിത്തന്നെ കാണണം.

1941 ആഗസ്ത് 26ന് രൂപംകൊണ്ട ജമാഅത്തെ ഇസ്ലാമി വിഭജനാനന്തരം ഇന്ത്യയിലും പാക്കിസ്ഥാനിലുമായി രണ്ട് സംഘടനകളിലായി പ്രവര്‍ത്തനമാരംഭിച്ചു. 1956 വരെ ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിയുടെ പ്രഖ്യാപിതലക്ഷ്യം ഹുക്കുമത്തെ ഇലാഹിയായിരുന്നു. ഇപ്പോള്‍ അവര്‍ ഇഖാമത്തെദീന്‍ ആക്കി മാറ്റിയിട്ടുണ്ടെന്നും പഴയ നിലപാടുകളൊന്നും ജമാഅത്തെ ഇസ്ലാമിക്കില്ലെന്നും പലരും വാദിക്കാറുണ്ട്. എന്നാല്‍ വാക്കുകളിലെ മാറ്റമൊഴിച്ചാല്‍ ഹുക്കുമത്തെഇലാഹിയും ഇഖാമത്തെദീനും അന്തഃസത്തയില്‍ ഒന്നുതന്നെ.

 പ്രബോധനം പതിപ്പില്‍ സെയ്ദ് ഹാമീദ് ഹുസൈന്‍ 'ജമാഅത്തെ ഇസ്ലാമി വളര്‍ച്ചയുടെ ആദ്യപടവുകള്‍' എന്ന ലേഖനത്തില്‍ പറയുന്നതിങ്ങനെയാണ്; 'ജമാഅത്തിന്‍റെ പ്രാരംഭലക്ഷ്യമായ ഹുക്കുമത്തെഇലാഹിയെ സംബന്ധിച്ച് പല വൃത്തങ്ങളിലും തെറ്റിദ്ധാരണകള്‍ പ്രചരിച്ചിരുന്നു. ചില തല്‍പരകക്ഷികള്‍ ഗവണ്‍മെന്‍റിനെയും പൊതുജനങ്ങളെയും തെറ്റിദ്ധരിപ്പിക്കാന്‍ തീവ്രശ്രമം നടത്തുകയുണ്ടായി. തന്മൂലം ജമാഅത്തിന്‍റെ ഭരണഘടനയില്‍ പാര്‍ട്ടിയുടെ ലക്ഷ്യത്തെ ദ്യോതിപ്പിക്കാന്‍ ഹുക്കുമത്തെഇലാഹിയെന്നതിനുപകരം ഇഖാമത്തെദീന്‍ എന്ന പദം പ്രയോഗിക്കപ്പെട്ടു.

ഇഖാമത്തെദീന്‍ പ്രയോഗം ഖുറാന്‍റെ സാങ്കേതികശബ്ദമാണെന്നതിനുപുറമെ ഹുക്കുമത്തെഇലാഹിയുടെ എല്ലാ ആശയങ്ങളും ഉള്‍ക്കൊള്ളുന്നതുകൂടിയായിരുന്നു. അതിനാല്‍ കൂടുതല്‍ തെറ്റിദ്ധാരണകള്‍ക്ക് അതില്‍ സാധ്യത അവശേഷിക്കുകയും സാങ്കേതികശബ്ദം എന്ന നിലയില്‍ ജമാഅത്തെ ഇപ്പോഴും ഇതേപദം തന്നെയാണ് ഉപയോഗിച്ചുവരുന്നത്. ഭരണഘടനയില്‍ അതിന് അത്യാവശ്യ വിശദീകരണം നല്‍കിയിട്ടുണ്ട്.' കാര്യങ്ങള്‍ കൃത്യമാണ്. മൗദൂദിയുടെ ദൈവാധികാരസിദ്ധാന്തം തന്നെയാണ് ഇപ്പോഴും ജമാഅത്തെ ഇസ്ലാമി പിന്തുടരുന്നത്.



 ഈ മൗദൂദിയന്‍ ദര്‍ശനത്താല്‍ പ്രചോദിതരായവരാണ് സിമി രൂപീകരിച്ചതും നിരവധി ആഗോളബന്ധങ്ങളുള്ള തീവ്രവാദസംഘങ്ങള്‍ക്ക് കേരളത്തില്‍ ജന്മം നല്‍കിയതും. ഇസ്ലാമിക ഭീതിയെയും ഭൂരിപക്ഷ വര്‍ഗീയ ഭീഷണിയെയും സംബന്ധിച്ച പ്രചാരണങ്ങളും ഇരവാദവുമുയര്‍ത്തി ഹിന്ദുത്വഫാസിസത്തിനെതിരായി ഉയര്‍ന്നുവരുന്ന മതനിരപേക്ഷമുന്നണിയെ അസ്ഥിരീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തിക്കുന്നത്.

'ഇസ്ലാമിനെ' കമ്യൂണിസ്റ്റ് വിരുദ്ധ പ്രത്യയശാസ്ത്രപദ്ധതിയായി അവതരിപ്പിച്ച ഓറിയന്‍റലിസ്റ്റ് സ്കൂളുകള്‍ തന്നെയാണ് ഇസ്ലാമിനെ സാര്‍വ്വദേശീയ ഭീകരവാദത്തിന്‍റെ സ്രോതസ്സായി ആക്ഷേപിച്ചതെന്നും ആഗോളഭീകരവാദത്തിന്‍റെ പ്രത്യയശാസ്ത്രവേരുകളന്വേഷിക്കുന്നവര്‍ക്ക് മനസ്സിലാക്കാവുന്നതാണ്.

അഫ്ഗാനിസ്ഥാനിലെ ഡോ.നജീബുള്ളയുടെ ഗവണ്‍മെന്‍റിനെ അട്ടിമറിക്കാനും മധ്യപൂര്‍വ്വദേശത്തെയും കാസ്പിയന്‍തീരത്തെയും പെട്രോളിയം സ്രോതസ്സുകള്‍ കയ്യടക്കാനുമാണ് സി.ഐ.എയും പാക്കിസ്താനിലെ സൈനികരഹസ്യാന്വേഷണ വിഭാഗങ്ങളും ചേര്‍ന്ന് മുജാഹിദീന്‍ ഗറില്ലകളെയും താലിബാനെയും സൃഷ്ടിച്ചെടുത്തത്.

ഇസ്ലാമിന്‍റെ ചരിത്രവുമായോ ഖുറാന്‍റെ ദര്‍ശനവുമായോ ബന്ധമില്ലാത്ത മുജാഹിദീന്‍ സൈന്യം ഇസ്ലാമിനുവേണ്ടിയാണ് അഫ്ഗാനിസ്ഥാനില്‍ യുദ്ധം ചെയ്യുന്നതെന്ന് കേരളത്തില്‍ പ്രചരിപ്പിച്ചത് ജമാഅത്തെ ഇസ്ലാമിയെയും സിമിയെയും പോലുള്ള സംഘടനകളായിരുന്നു. സര്‍വ്വകമ്യൂണിസ്റ്റ് വിരുദ്ധരും വിശിഷ്യാ രാഷ്ട്രീയഇസ്ലാമിസ്റ്റുകളും റഷ്യന്‍ചെങ്കരടിക്കെതിരായി പൊരുതുന്ന വിമോചനപോരാളികളായി മുജാഹിദീന്‍ മിലിട്ടറിയെ പുകഴ്ത്തുകയായിരുന്നു.

സി.ഐ.എ പാക്കിസ്താനിലെ മതപാഠശാലകളില്‍ പരിശീലിപ്പിച്ചെടുത്ത ഭീകരവാദി സംഘങ്ങളാണ് അല്‍ ഖ്വയ്ദയും ഐ.എസ്.ഐ.എസും തുടങ്ങി നിരവധി വിധ്വംസകഗ്രൂപ്പുകളായി ലോകത്തിന് ഭീഷണിയാകുംവിധം രൂപാന്തരം പ്രാപിച്ചത്. അമേരിക്കയും അതിന്‍റെ സൈനികരഹസ്യാന്വേഷണവിഭാഗവും ചേര്‍ന്ന് സൃഷ്ടിച്ച ഭീകരവാദസംഘങ്ങള്‍ അവരുടെ നിയന്ത്രണങ്ങള്‍ക്കപ്പുറം ഭീഷണമായിത്തീര്‍ന്നപ്പോഴാണ് സാമ്രാജ്യത്വബുദ്ധികേന്ദ്രങ്ങള്‍ ഇസ്ലാമികഫോബിയ പടര്‍ത്തിയത്. ഭീകരവാദത്തെ ഇസ്ലാമുമായി സമീകരിച്ച് തങ്ങളുടെ സാമ്പത്തിക  സൈനിക കടന്നാക്രമണങ്ങള്‍ക്ക് സാധൂകരണമുണ്ടാക്കാനാണ് അമേരിക്കയും സാമ്രാജ്യത്വശക്തികളും ശ്രമിച്ചത്.

ഇന്ത്യന്‍ സാഹചര്യത്തില്‍ സംഘപരിവാര്‍ ഫാസിസ്റ്റു ഭീഷണിയുടെ അരക്ഷിതാവസ്ഥയെ ഉപയോഗപ്പെടുത്തി ന്യൂനപക്ഷ മതവിശ്വാസികളില്‍ വര്‍ഗീയ തീവ്രവാദ നിലപാടുകള്‍ കുത്തിക്കയറ്റാനും തങ്ങളുടെ മതരാഷ്ട്രവാദപരമായ ആശയങ്ങള്‍ പ്രചരിപ്പിക്കാനുമാണ് ജമാഅത്തെ ഇസ്ലാമിയും അതില്‍നിന്ന് ആശയോര്‍ജ്ജം സ്വീകരിച്ച് ജന്മംകൊണ്ട സിമി മുതല്‍ പോപ്പുലര്‍ ഫ്രണ്ട് വരെയുള്ള ഗ്രൂപ്പുകളും ശ്രമിക്കുന്നത്.

ഇത്തരം വര്‍ഗീയ ഭീകരവാദനിലപാടുകളില്‍ നിന്നുള്ള ഇടപെടലുകള്‍ ഫലത്തില്‍ ഭൂരിപക്ഷ വര്‍ഗീയതയ്ക്ക് ഇന്ധനം ഒഴിക്കലായി കലാശിക്കുന്നുവെന്നതാണ് അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത്. മതരാഷ്ട്ര അജന്‍ഡയില്‍ കളിക്കുന്ന ആര്‍ എസ് എസും ജമാഅത്തെ ഇസ്ലാമിയും കൊണ്ടും കൊടുത്തും ഒത്തുകളിച്ചും ഹിന്ദുത്വത്തിന്‍റെ വളര്‍ച്ചയ്ക്കാവശ്യമായ മണ്ണൊരുക്കിക്കൊടുക്കുകയാണ്.

(ചിന്ത വാരികയിൽ നിന്ന്)

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top