19 April Friday

മാറ്റമല്ല; ഇത് മല്ലയുദ്ധം

വെബ് ഡെസ്‌ക്‌Updated: Monday Aug 30, 2021

 

പോരിനുറച്ച്‌ ഉമ്മൻചാണ്ടി
സുധാകരൻ പറഞ്ഞത്‌ തെറ്റ്‌
ചർച്ച നടത്തിയെന്ന്‌ സ്ഥാപിക്കാൻ കെ സുധാകരൻ ഡയറി പുറത്ത്‌ കാണിച്ചത്‌ ശരിയായില്ലെന്ന്‌ ഉമ്മൻചാണ്ടി. ചിലർക്ക്‌ അത്‌ ശരിയാണെന്ന്‌ തോന്നുന്നുണ്ടാകാം. ചർച്ചയുടെ വിശദാംശങ്ങൾ പുറത്തു പറഞ്ഞതും ശരിയല്ല. ചർച്ച നടന്നില്ലെന്ന്‌ താൻ പറഞ്ഞിട്ടില്ല, അപൂർണമായിരുന്നു എന്നാണ്‌ പറഞ്ഞത്‌, അതിൽ ഉറച്ചു നിൽക്കുന്നു. തെളിയിക്കുകയും ചെയ്യും. പ്രാഥമികമായി ചിലകാര്യങ്ങൾ വി ഡി സതീശന്റെ സാന്നിധ്യത്തിൽ സുധാകരനോട്‌ സംസാരിച്ചു.  അത്‌ അപൂർണമായിരുന്നു.  തങ്ങളുടെ കാലത്ത്‌ ഉയർന്നുവന്ന പ്രശ്‌നങ്ങൾ അപ്പപ്പോൾ പരിഹരിക്കാറുണ്ടായിരുന്നു. രണ്ട് പ്രാവശ്യം തന്നെ കണ്ടെന്ന് സുധാകരൻ പറയുന്നത് ശരിയല്ല.  രണ്ടുതവണ ചർച്ച നടന്നെങ്കിൽ ഒരു പ്രശ്നവും ഉണ്ടാകില്ലായിരുന്നുവെന്നും ഉമ്മൻചാണ്ടി മാധ്യമങ്ങളോട്‌ പറഞ്ഞു.

ഉമ്മൻചാണ്ടിക്ക്‌ സുധാകരന്റെ മുന്നറിയിപ്പ്‌
വഴി തടയാൻ നിന്നാൽ ആരായാലും അച്ചടക്കം ബലികഴിക്കില്ല
ഡിസിസി പട്ടികയുടെ പേരിലുള്ള വിവാദങ്ങൾ കോൺഗ്രസ്‌ നേതാക്കൾ അവസാനിപ്പിക്കണമെന്ന്‌ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. തങ്ങളുടെ മുന്നോട്ടുള്ള വഴി തടയാൻനിന്നാൽ ആരായാലും അച്ചടക്കം ബലികഴിക്കില്ല. ഇത്രകാലം പാർടിയെ നയിച്ചവർ കോൺഗ്രസിന്‌ ഹാനികരമാകുന്ന വിധത്തിൽ പോകരുത്. ഡിസിസി പട്ടികയിൽ ഇനി ചർച്ചയില്ല.

കെപിസിസി, ഡിസിസി ഭാരവാഹികളുടെ പുനഃസംഘടന ഉടനുണ്ടാകും. അപ്പോഴും കഴിവുള്ളവരെയാകും പരിഗണിക്കുക. രണ്ട്‌ ഗ്രൂപ്പിൽനിന്നുള്ള സംയോജനമാകില്ല. സെമി കേഡർ പാർടിയായി കോൺഗ്രസ്‌ മാറുകയാണ്‌. ആറുമാസത്തിനകം മാറ്റമുണ്ടാകും. കെ മുരളീധരൻ പാർടിയുടെ നെടുംതൂണാണ്. അദ്ദേഹത്തിന്റെ വാക്കുകൾ കണക്കിലെടുക്കണം. എ വി ഗോപിനാഥിനെ അനുനയിപ്പിക്കാൻ ശ്രമിക്കും. അനിൽ അക്കര ഗോപിനാഥിനെതിരെ പറഞ്ഞത്‌ ശരിയായില്ലെന്നും ഡൽഹിയിൽനിന്ന്‌ മടങ്ങി എത്തിയ സുധാകരൻ മാധ്യമങ്ങളോട്‌ പറഞ്ഞു.

സുധാകരനെ ന്യായീകരിച്ച്‌ മുരളീധരൻ
ഡിസിസി പ്രസിഡന്റുമാരാക്കാൻ ഉമ്മൻചാണ്ടി നിർദേശിച്ച പേരുകളുള്ള ഡയറി വാർത്താസമ്മേളനത്തിൽ ഉയർത്തിക്കാട്ടിയ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരനെ  ന്യായീകരിച്ച്‌ കെ മുരളീധരൻ എംപി. 

സുധാകരന്റെ ശൈലിയാണത്‌. ചർച്ചചെയ്‌തില്ലെന്ന ഉമ്മൻചാണ്ടിയുടെ പരാമർശം സുധാകരനെ വേദനിപ്പിച്ചു. അപ്പോഴാണ്‌ ഡയറി ഉയർത്തിക്കാട്ടിയത്‌. കോൺഗ്രസിൽ ഗ്രൂപ്പുകളുടെ കാലം കഴിഞ്ഞു. അതേസമയം പ്രായമായവരെ വൃദ്ധസദനത്തിലയക്കാനും പാടില്ല. യുവാക്കൾ പാർടി നേതൃത്വത്തിലേക്ക്‌ വരേണ്ടത്‌ ആവശ്യമാണെന്നും- കെപിസിസി പ്രചാരണസമിതി ചെയർമാനായ മുരളി വാർത്താലേഖകരോട്‌ പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top