24 April Wednesday

കവിതയും കാലവും-സച്ചിദാനന്ദന്റെ കാവ്യജീവിതത്തിലൂടെ...

സച്ചിദാനന്ദന്‍/ഡോ. മിനി പ്രസാദ്Updated: Wednesday Feb 15, 2023

സച്ചിദാനന്ദൻ- ഫോട്ടോ: ഹക്‌സർ ആർ കെ

ഞാന്‍ താരതമ്യേന മൗനിയായ കുട്ടിയായിരുന്നു. അഭിമാനത്തില്‍ മൂടിവച്ച ദാരിദ്ര്യമായിരുന്നു വീട്ടില്‍. കൂട്ടുകാരും ദരിദ്രരായിരുന്നു. പാടത്തും പറമ്പിലും ഞാനും ഏട്ടനും അച്ഛനമ്മമാരെ സഹായിക്കാന്‍ കൂടിയിരുന്നു. ചെറിയ ആര്‍ഭാടങ്ങള്‍പോലും അസാധ്യമായിരുന്നു.

മലയാളകവിത ഇന്ത്യൻ കവിതക്കും ലോകകവിതക്കും നൽകിയ അമൂല്യമായ സംഭാവനയാണ്‌ സച്ചിദാനന്ദന്റെ കാവ്യജീവിതം. അദ്ദേഹത്തിന്റെ കവിതകൾ എക്കാലവും അതിജീവനത്തിന്റെയും പോരാട്ടത്തിന്റെയും പക്ഷത്തായിരുന്നു. അധിനിവേശങ്ങൾ എത്ര ശക്തമായാലും, എത്ര പ്രച്ഛന്നമായാലും, പ്രാചീനമായ പർവ്വതങ്ങളെ പോലെ, അക്ഷരങ്ങളെ പോലെ  ,ഞങ്ങൾ അതിജീവിക്കും എന്ന പ്രത്യാശയും ധൈര്യവും തരാനാവുന്നത് ഒരു കവിക്ക് മാത്രമാണ്.

ഫാസിസം ഇന്ത്യൻ ജീവിതത്തിൽ പിടിമുറുക്കുന്ന വർത്തമാനകാല രാഷ്‌ട്രീയ പശ്‌ചാത്തലത്തിൽ പ്രതിരോധത്തിന്റെ ചിന്തകൾ പങ്കവെക്കുകയാണ്‌ ഈ അഭിമുഖത്തിലൂടെ സച്ചിദാനന്ദൻ....

സച്ചിദാനന്ദൻ      ഫോട്ടോ: ഹക്‌സർ ആർ കെ

സച്ചിദാനന്ദൻ ഫോട്ടോ: ഹക്‌സർ ആർ കെ

മിനി പ്രസാദ്: ആദ്യകാലം മുതലേ തുടങ്ങട്ടെ. 1965 മുതലുള്ള കവിതകളാണ് സമാഹാരങ്ങളില്‍ കണ്ടിട്ടുള്ളത്. സ്വന്തം രചനാവഴി കവിതയുടേതായിരുന്നു എന്ന് തിരിച്ചറിഞ്ഞത് എപ്പോഴാണ്?

സച്ചിദാനന്ദന്‍: ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യകവിത ഉണ്ടായത്. “ഇയ്യാംപാറ്റകള്‍” എന്നായിരുന്നു ശീര്‍ഷകം. ആ പ്രായത്തില്‍ എഴുതേണ്ട കവിത ആയിരുന്നില്ല‐  മനുഷ്യജന്മത്തിന്റെ ഹ്രസ്വതയെപ്പറ്റി കേകയില്‍ രചിച്ച ഒരു കവിത. ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ ആ കവിതയുടെ പ്രമേയം എന്റെ കവിതയില്‍ നിരന്തരം കടന്നുവന്നുകൊണ്ടിരുന്നു എന്ന് ബോധ്യമാവുന്നു. ഇരുപത്തിമൂന്നാം വയസ്സില്‍ എഴുതിയ  “ആസന്നമരണ ചിന്തകള്‍” മുതല്‍ ഒരു മാസം മുമ്പെഴുതിയ “ വയസ്സെത്രയായി” വരെയുള്ള കവിതകളുടെ ബീജം ആ ബാല്യകാലകവിതയില്‍ ഉണ്ടായിരുന്നിരിക്കാം.

ഇടയില്‍ മുപ്പത്, നാല്‍പ്പത്, അമ്പത്, അറുപത്, എഴുപതിനും എഴുപത്തഞ്ചിനും ഇടയില്‍ ഇങ്ങനെ എത്രയോ കവിതകള്‍  പ്രായം ചെല്ലുംതോറും ശരീരത്തിനും മനസ്സിനും വരുന്ന മാറ്റങ്ങള്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. ഒന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ന്യൂമോണിയ ബാധിച്ച്‌ മൂന്നു മാസം ക്ലാസില്‍ പോകാന്‍ കഴിയാതെ ഞാന്‍ ബോധത്തിനും സ്വപ്നത്തിന്നുമിടയില്‍, ജീവിതത്തിനും മരണത്തിനുമിടയില്‍, ജീവിച്ചിട്ടുണ്ട്. ആ അനുഭവമാകാം  ഇവയ്ക്കൊക്കെ അബോധ പ്രേരണയായിത്തീര്‍ന്നത്‌. ഹൈസ്കൂളിൽവച്ച് പ്രിയപ്പെട്ട ചില അധ്യാപകര്‍ കവിതാമത്സരങ്ങള്‍ക്ക് എന്നെ അയക്കുമായിരുന്നു.

മിനി പ്രസാദ്:

മിനി പ്രസാദ്:

അവയില്‍ സമ്മാനങ്ങള്‍ നേടുകയും പതിവായിരുന്നു. അക്കാലത്ത് ഞാന്‍ കവിതയിലേക്ക് കൂടുതല്‍ ആകൃഷ്ടനായി. നിത്യവും കാണാറുള്ള ഒരു കാളവണ്ടിക്കാരനെക്കുറിച്ച് ഒരു നീണ്ട ആഖ്യാനകവിത എഴുതി. ഒമര്‍ ഖയാമിന്റെ റൂബായികള്‍ പലതും ശ്ലോകങ്ങളില്‍ പരിഭാഷ ചെയ്തു. കോളേജില്‍ ബിരുദപഠനക്കാലത്തും ബിരുദാനന്തരപഠനക്കാലത്തും കവിതാരചനയും പരിഭാഷയും തുടര്‍ന്നു.

പക്ഷേ മഹാരാജാസ് കോളേജില്‍ എം എ പഠനം തുടങ്ങിയതോടെ കവിതാ മത്സരങ്ങള്‍ക്ക് പോകാന്‍ നാണമായി. നല്‍കപ്പെട്ട വിഷയത്തില്‍ നല്‍കപ്പെട്ട സമയത്ത് കവിത എഴുതുന്നത്‌ ഏറിയാല്‍ പദ്യശിക്ഷണ പരീക്ഷണം മാത്രമേ ആകൂ എന്ന് ബോധ്യമായി.

പിന്നെ ജീവിതത്തില്‍ ഒരിക്കലും മത്സരങ്ങളില്‍ പങ്കെടുക്കുകയോ പുരസ്കാരങ്ങള്‍ക്ക് പുസ്തകങ്ങള്‍ അയക്കുകയോ ചെയ്തിട്ടില്ല. ഒരു പക്ഷേ ആ കാലത്താണ് കവിത തന്നെയാണ് എന്റെ പ്രാഥമികമായ ആവിഷ്കാരവിധ എന്ന് മനസ്സിലായത്‌. പിന്നെ പലയിടത്തേക്കും ‐ നിരൂപണം, ലേഖനം, കഥ, നാടകം – സഞ്ചരിച്ചുവെങ്കിലും അവയുടെയൊക്കെ വേരില്‍ കവിത തന്നെയായിരുന്നു, ഞാന്‍ ലോകത്തെ കണ്ടത്, മനസ്സിലാക്കിയത്, അതുമായി സംവദിച്ചത്,  കവിതയിലൂടെ ആയിരുന്നു.

? ‘കറങ്ങും മുന്‍പേ മണലില്‍ പൂണ്ടുപോയ പമ്പരം’ എന്ന് കുട്ടിക്കാലത്തെ അങ്ങ് വിശേഷിപ്പിച്ചിട്ടുണ്ട്. എന്താണ് അത്തരം ഒരു വിശേഷണത്തിന്നുപിന്നില്‍ ഉണ്ടായിരുന്നത്

= ബാല്യകാലത്തിന്റെ സ്വാഭാവികമായ ആഹ്ലാദങ്ങള്‍ എനിക്കും ഉണ്ടാകാതിരുന്നിട്ടില്ല. എങ്കിലും ഞാന്‍ താരതമ്യേന മൗനിയായ കുട്ടിയായിരുന്നു. അഭിമാനത്തില്‍ മൂടിവച്ച ദാരിദ്ര്യമായിരുന്നു വീട്ടില്‍. കൂട്ടുകാരും ദരിദ്രരായിരുന്നു. പാടത്തും പറമ്പിലും ഞാനും ഏട്ടനും അച്ഛനമ്മമാരെ സഹായിക്കാന്‍ കൂടിയിരുന്നു.

അയ്യപ്പപ്പണിക്കർ

അയ്യപ്പപ്പണിക്കർ

ചെറിയ ആര്‍ഭാടങ്ങള്‍പോലും അസാധ്യമായിരുന്നു. സ്കൂളുകള്‍ ദൂരെ ആയിരുന്നതിനാല്‍ കളിക്കാനും സമയം കുറവായിരുന്നു. അച്ഛന് ജോലി നഷ്ടപ്പെട്ടു; ചേച്ചിക്ക് പഠനം നിര്‍ത്തേണ്ടി വന്നു. അടുത്ത കൂട്ടുകാരന്‍ അകാലത്തില്‍ മരിച്ചു. ദുഃഖത്തിന്റെ സമുദ്രത്തില്‍ സന്തോഷത്തിന്റെ ചില തുരുത്തുകളായിരുന്നു  ഓണക്കാലത്തെ പൂ പറിക്കലും, കുളത്തില്‍ നീന്തലും, വല്ലപ്പോഴും കൂട്ടുകാരോടൊത്ത് കളിക്കലും ഗ്രാമത്തിന്റെ പച്ചയിലൂടെ നടക്കലും.

?  ആദ്യകാലത്തെ കാവ്യപരിസരം മരണോന്മുഖതയും വിഷാദവും സംശയവും നിറഞ്ഞതായിരുന്നു. കാരണം എന്താണ്? ‘ഈയ്യാം പാറ്റകള്‍’  , ‘അഞ്ചു സൂര്യന്‍ ’ തുടങ്ങിയ കവിതകള്‍ മനസ്സിൽവച്ചുകൊണ്ടാണ്‌ ചോദിക്കുന്നത്... 

 =വ്യക്തിഗതമായ കാരണങ്ങള്‍ നേരത്തെ പറഞ്ഞല്ലോ. കൂടാതെ

ഞാന്‍ കവിതയെ ഗൗരവമായി വീക്ഷിക്കാന്‍ തുടങ്ങിയ കാലം, മലയാളകവിതയില്‍ ‘ആധുനികത’ എന്നറിയപ്പെട്ട കാവ്യരീതി രംഗപ്രവേശംചെയ്ത കാലമായിരുന്നു. അയ്യപ്പപ്പണിക്കരും കക്കാടും പാലൂരും ആര്‍ രാമചന്ദ്രനും ചെറിയാന്‍ കെ ചെറിയാനും മാധവന്‍ അയ്യപ്പത്തും മറ്റും എഴുതിയിരുന്ന കവിതകള്‍ അവയുടെ രൂപപരമായ നവീനതയാല്‍ എന്നെ ആകര്‍ഷിച്ചിരുന്നു.

ഞാന്‍ കവിതയെ ഗൗരവമായി വീക്ഷിക്കാന്‍ തുടങ്ങിയ കാലം, മലയാളകവിതയില്‍ ‘ആധുനികത’ എന്നറിയപ്പെട്ട കാവ്യരീതി രംഗപ്രവേശംചെയ്ത കാലമായിരുന്നു. അയ്യപ്പപ്പണിക്കരും കക്കാടും പാലൂരും ആര്‍ രാമചന്ദ്രനും ചെറിയാന്‍ കെ ചെറിയാനും മാധവന്‍ അയ്യപ്പത്തും മറ്റും എഴുതിയിരുന്ന കവിതകള്‍ അവയുടെ രൂപപരമായ നവീനതയാല്‍ എന്നെ ആകര്‍ഷിച്ചിരുന്നു.

അവരുടെ രചനകളില്‍ മിക്കവയും പ്രത്യാശാരഹിതമോ മൃത്യുന്മുഖമോ സംഘര്‍ഷനിര്‍ഭരമോ മ്ലാനമോ ആക്ഷേപഹാസ്യപരമോ ആയിരുന്നു. ‘ഹേ ഗഗാറിന്‍’, ‘പ്രിയതമേ പ്രഭാതമേ’, ‘അജന്ത’  തുടങ്ങിയ കവിതകള്‍ മറന്നുകൊണ്ടല്ല പറയുന്നത്. രാമചന്ദ്രന്റെ ദൈവംപോലും ദിവ്യദുഃഖത്തിന്റെ നിഴലില്‍ ജീവിക്കുന്ന ഏകാകിയായിരുന്നു.

പണിക്കരുടെ ‘മൃത്യുപൂജ’ പോലുള്ള കവിതകളില്‍ അത്യയധ്യാനം ആണുള്ളത്.

ആർ രാമചന്ദ്രൻ

ആർ രാമചന്ദ്രൻ

കക്കാടിന്റെ പല കവിതകളിലും ഒരു രക്ഷസ്സിന്റെ നിഴല്‍ വീണുകിടക്കുന്നു. ചെറിയാന് ജീവിതംതന്നെ ബോറായി അനുഭവപ്പെടുന്നു. പാലൂരിന്‌ ജീവിതം അസംബന്ധമായി അനുഭവപ്പെട്ടു. ഇതേ കാലത്താണ് എലിയട്ടിന്റെയും ബോദലേറിന്റെയും  മറ്റും വിശ്വാസനഷ്ടത്തിന്റെ കവിതകളുമായും ഞാന്‍ അടുത്ത് പരിചയപ്പെടുന്നത്. ആ കാലത്തിന്റെ ഭാവുകത്വത്തെ നിർണയിച്ച വിഷാദവും എന്റെ  കൗമാരകാലകവിതകളെ സ്വാധീനിച്ചിട്ടുണ്ടാകാം.

?  ആ സാഹചര്യങ്ങളാണ് ഐറണിയെ കൂട്ടുപിടിച്ചുകൊണ്ട്‌  രചന നടത്താന്‍ അങ്ങയെ പ്രേരിപ്പിച്ചതെന്ന് കരുതാമല്ലോ.

=അതെ, അത് ഒരു നല്ല അതിജീവനതന്ത്രമായിരുന്നു.  അയ്യപ്പപ്പണിക്കര്‍, ഇംഗ്ലീഷ് കവി ഓഡന്‍, പോളിഷ് കവി ഹെര്‍ബെര്‍ട്ട് തുടങ്ങിയവരില്‍ ഞാന്‍ അത് കണ്ടു. വാസ്തവത്തില്‍ ഈ പ്രവണത ഇന്നും എന്റെ കവിതയില്‍ തുടരുന്നുണ്ട്. അതിന്‌ രാഷ്ട്രീയ മാനങ്ങള്‍ കൈവന്നു എന്ന് മാത്രം.

അടിയന്തരാവസ്ഥയുടെ കാലത്ത് ഈ രീതി എനിക്ക് വളരെ പ്രയോജനപ്പെട്ടു. ‘നാവുമര’വും ‘നിഷ്‌പക്ഷത’യും മറ്റും അക്കാലത്താണല്ലോ എഴുതുന്നത്‌. അതിനു മുന്‍പേ ‘കോഴിപ്പങ്ക്’, ‘മാതളം’ മുതലായ രചനകളില്‍ സമൂഹത്തിലെയും കവിതയിലെയും ചില പ്രവണതകളെ പരിഹസിക്കാന്‍ ഈ രീതി ഞാന്‍ പ്രയോജനപ്പെടുത്തിയിരുന്നെങ്കിലും.

?  ആയിരത്തിത്തൊള്ളായിരത്തിഎഴുപതുകളില്‍ കവിതയ്ക്കൊപ്പം ജനകീയ സാംസ്കാരികവേദിയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. ഇത് കവിതയെ പരിവര്‍ത്തനപ്പെടുത്തിയത് എങ്ങനെയാണ്?  

=ജനകീയ സാംസ്കാരികവേദി, ദേശാഭിമാനി സ്റ്റഡിസര്‍ക്കിള്‍, ശാസ്ത്ര സാഹിത്യപരിഷത് – ഇവയിലെല്ലാം ഞാന്‍ സജീവമായിരുന്നു. ഇവയെ എല്ലാം ഞാന്‍ ഇടതുപക്ഷ സംഘടനകളായാണ് കണ്ടത്. എന്റെ കവിതയെ രാഷ്ട്രീയവൽക്കരിക്കുന്നതില്‍ ഇവയെല്ലാം പങ്കുവഹിച്ചിട്ടുണ്ട്‌. എന്റെ “ഇന്ത്യന്‍ സ്കെച്ചുകള്‍” തുടര്‍ച്ചയായി പ്രസിദ്ധീകരിച്ചത് ‘ദേശാഭിമാനി വാരിക’യാണ്. അക്കാലത്ത്‌ നടത്തിയ പ്രസംഗങ്ങളാണ് പിന്നീട് ലേഖനങ്ങളായി പ്രസിദ്ധീകരിക്കപ്പെട്ട  മാധ്യമങ്ങളുടെ രാഷ്ട്രീയം, സംസ്കാരത്തിന്റെ രാഷ്ട്രീയം, വായനയുടെ രാഷ്ട്രീയം, ആരോഗ്യത്തിന്റെ രാഷ്ട്രീയം തുടങ്ങിയവ. ‘സത്യവാങ്ങ്‌മൂലം’, ‘പനി’ തുടങ്ങിയ കവിതകളും അക്കാലത്തിന്റെ ഉൽപ്പന്നങ്ങളാണ്.

മാര്‍ക്സിയന്‍ സൗന്ദര്യശാസ്ത്രവുമായി ബന്ധപ്പെട്ട ലേഖനങ്ങളും അക്കാലത്ത് എഴുതി.  ചരിത്രവിമുഖമായിരുന്ന ആധുനികതയെ ചരിത്രവൽക്കരിക്കയായിരുന്നു കെ ജി എസ് ഉള്‍പ്പെടെയുള്ളവര്‍ അന്ന് ചെയ്തത്. അതോടെ ആധുനികത ഒരു പുതിയ ഘട്ടത്തില്‍ എത്തി. അത് വർഗസമരത്തെ ഉള്‍ക്കൊള്ളാന്‍ കരുത്തുനേടി. ഭാവഗീതാത്മകതയില്‍നിന്ന് കവിത നാടകീയതയിലേക്ക് നീങ്ങി. കഥാപാത്രങ്ങളും സംഭാഷണങ്ങളും വന്നു. പല സ്വരങ്ങളിലുള്ള ഗദ്യം കവിതയുടെ ഭാഷയായി. അങ്ങനെ കവിതയുടെ ഭാവത്തിലും ഭാഷയിലും മാറ്റങ്ങള്‍ വന്നു.

മാർക്‌സ്‌

മാർക്‌സ്‌

?  അടിയന്തരാവസ്ഥയാണോ  എഴുത്തിനു മേൽവന്ന  ആദ്യത്തെ നിയന്ത്രണം? അതോടെ കവിത പരുക്കനാവുന്നു എന്നാണ്‌ എനിക്ക് തോന്നിയിട്ടുള്ളത്. കവിതയുടെ രൂപവും മാറുന്നുണ്ട്. ഒന്ന് വിശദീകരിക്കാമോ? “നിഷ്‌പക്ഷത പറക്കാന്‍ അറയ്ക്കുന്ന പക്ഷിയാണെങ്കില്‍ ഞാന്‍ അതിനെ തീറ്റിപ്പോറ്റിയിട്ടില്ല” എന്ന വരികളൊക്കെ ആ വ്യതിയാനത്തിന്റെ ഭാഗമായി കണക്കാക്കാമോ...

= അടിയന്തരാവസ്ഥ എല്ലാ വിമതസ്വരങ്ങളേയും നിശ്ശബ്ദമാക്കാനുള്ള ശ്രമമായിരുന്നു. അതിനെ സരളസുഭഗമായി നേരിടാന്‍ കഴിയുമായിരുന്നില്ല. എന്നാല്‍ അതിനുമുമ്പുതന്നെ അതിനെ നേരിടാനുള്ള ഒരു ഭാഷ ഞങ്ങള്‍ കുറെപ്പേര്‍ സൃഷ്ടിച്ചിരുന്നു എന്ന് തോന്നുന്നു. മുമ്പുപറഞ്ഞ ‘സത്യവാങ്ങ്‌മൂലം’  മുതലായ കവിതകള്‍ എഴുതപ്പെടുന്നത്‌ അതിനുമുമ്പാണല്ലോ. മുമ്പുപറഞ്ഞപോലുള്ള ഐറണി, നാടോടി പാരമ്പര്യങ്ങള്‍, കറുത്ത നർമം  തുടങ്ങിയവയെല്ലാം തുണയ്ക്കെത്തി. ‘നാവുമരം’ വടക്കന്‍ പാട്ടിന്റെ രീതിയിലാണല്ലോ, ഒപ്പം പ്രതീകാത്മകവുമാണ്.

അധികാരികള്‍ക്ക് അത് വേഗം മനസ്സിലാവുകയില്ലായിരുന്നു; എന്നാല്‍ ജനങ്ങള്‍ക്ക്‌ മനസ്സിലായി. അതുകൊണ്ടാകണം സ്കൂള്‍ അധ്യാപകര്‍ ക്ലാസുകളിലൂടെ അത് വ്യാപകമായി പ്രചരിപ്പിച്ചത്. നാവ് അതില്‍ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെതന്നെ പ്രതീകമാകുന്നു. മറ്റുതരം വിലക്കുകളും കവിതയില്‍ സൂചിപ്പിക്കപ്പെടുന്നുണ്ട്.

തൊഴിലാളിമുതല്‍ കാര്‍ട്ടൂണിസ്റ്റുവരെയുള്ളവര്‍ നേരിട്ട നിയന്ത്രണങ്ങള്‍. നാവുമരത്തിന്റെ മുള പൊട്ടല്‍ ജനശബ്ദങ്ങളുടെ തിരിച്ചുവരവാണ്. ‘നാവായ, തിരുനാവായ’ എന്ന അന്ത്യവരി ആകസ്മികമായി വന്നതാണ്. ‘നിഷ്‌പക്ഷത’യുടെ കരുത്ത് അമ്ലതുല്യമായ  ഐറണി തന്നെ.  നാട് കത്തുമ്പോഴും നിഷ്‌പക്ഷത നടിക്കുന്നവരെ പരിഹസിക്കയാണ് അവിടെ. ‘വടക്കന്‍ പാട്ടി’ല്‍  ചൈനയിലെ വന്മതില്‍ പണിയുമ്പോള്‍ മരിച്ചുപോയ പങ്കാളിയെത്തേടിപ്പോകുന്ന ഒരു ഗ്രാമീണ സ്ത്രീയെക്കുറിച്ചുള്ള ചൈനീസ് നാടോടിക്കഥയുടെ പുതിയ സന്ദര്‍ഭത്തിലെ പുനരാവിഷ്കാരമാണ്.

നമ്മുടെ ചിലപ്പതികാരംപോലെയാണ് ചൈനക്കാര്‍ക്ക് ആ കഥ: അധികാരത്തോട് എതിരിടുന്ന, പങ്കാളിയെ നഷ്ടപ്പെട്ട, ഒരു സ്ത്രീയുടെ കഥ. ‘വടക്കന്‍ കഥകള്‍’ എന്ന കവിതാപരമ്പരയിലും പലയിടത്തായി അക്കാലം സൂചിതമാകുന്നുണ്ട്. ചിറ മുറിയാറായി എന്ന പ്രത്യാശയാണ് ‘വേനല്‍’ എന്ന കവിതയില്‍ ഉള്ളത്.

വാസ്തവത്തില്‍ അടിയന്തരാവസ്ഥയുടെ വരവ് ഞങ്ങള്‍ ചിലരെങ്കിലും മുന്‍കൂട്ടി കണ്ടിരുന്നു. കെ ജി എസ്സിന്റെ ‘നിശ്ശബ്ദത’ ഉദാഹരണം. എന്റെ ‘ഞങ്ങള്‍’, ‘സത്യവാങ്ങ്മൂലം’ തുടങ്ങിയ രചനകളിലും ഇരുണ്ട ഒരു ഋതു വരുന്നതിന്റെയും പ്രതിരോധത്തിന്റെയും മുന്നറിയിപ്പുകള്‍ ഉണ്ട്.

വാസ്തവത്തില്‍ അടിയന്തരാവസ്ഥയുടെ വരവ് ഞങ്ങള്‍ ചിലരെങ്കിലും മുന്‍കൂട്ടി കണ്ടിരുന്നു. കെ ജി എസ്സിന്റെ ‘നിശ്ശബ്ദത’ ഉദാഹരണം. എന്റെ ‘ഞങ്ങള്‍’, ‘സത്യവാങ്ങ്മൂലം’ തുടങ്ങിയ രചനകളിലും ഇരുണ്ട ഒരു ഋതു വരുന്നതിന്റെയും പ്രതിരോധത്തിന്റെയും മുന്നറിയിപ്പുകള്‍ ഉണ്ട്. ശരിയാണ്, തുടര്‍ന്നുവരുന്ന പല കവിതകളിലും ആദ്യകാല കാല്‍പ്പനികതയെ കുടഞ്ഞുകളയാനുള്ള ശ്രമം ഉണ്ട്.

സച്ചിദാനന്ദൻ ‐                    ഫോട്ടോ: ജനാർദ്ദനൻ മൊണാലിസ

സച്ചിദാനന്ദൻ ‐ ഫോട്ടോ: ജനാർദ്ദനൻ മൊണാലിസ

അതേസമയം പ്രകൃതി, പ്രണയം ഇവ എന്റെ കവിതയില്‍   തുടര്‍ന്ന് വരുന്ന പ്രമേയങ്ങളാണ്‌. കവി അവനവനോടും സമൂഹത്തോടും പ്രകൃതിയോടും പ്രപഞ്ചത്തോടും നിരന്തരം സംസാരിക്കുന്നയാളാണ്. ഒന്നിനെയും അയാള്‍/ അവള്‍ ഒഴിച്ച് നിര്‍ത്തുന്നില്ല. നെരൂദയെ, അഥവാ, ഷിമ്പോഴ്സ്കയെ, ഇടശ്ശേരിയെ അഥവാ വൈലോപ്പിള്ളിയെ, നോക്കൂ. കവിയുടെ ലോകത്തില്‍ മനുഷ്യനും പ്രകൃതിക്കും, വിപ്ലവത്തിനും പ്രണയത്തിനും സ്ഥാനമുണ്ട്. ആയിരം കമ്പികളുള്ള തംബുരുവാണ് കവിയുടേത്. അതില്‍ പല സ്ഥായികളുണ്ട്, ഉച്ചസ്ഥായിയും കീഴ്‌സ്ഥായിയും; ആരോഹണവും അവരോഹണവും; വിലാപവും വിപ്ലവവും.

? ‘ഞാന്‍ അഹിംസയില്‍ വിശ്വസിക്കുന്നു; പക്ഷേ അഹിംസ എന്നെ അവിശ്വസിക്കുന്നു ’ എന്ന് എഴുതാനുണ്ടായ സാഹചര്യം എന്താണ്

= ആ വരികളെ എന്റെ മറ്റു പല കവിതകളുമായി ചേര്‍ത്ത് കാണണം. ഉദാഹരണത്തിന്, സമീപകാലത്തെഴുതിയ ‘അഹിംസയെക്കുറിച്ച്‌ ഒരു സംവാദം’. അഹിംസയുടെ നാം അറിയുന്ന രണ്ട്‌ പ്രധാന ബിംബങ്ങളാണല്ലോ ബുദ്ധനും ഗാന്ധിയും. ഈ കവിതയില്‍ ഗാന്ധി ചൂഷിതരെ ഉപദേശിക്കുന്നത് ആക്രമിക്കപ്പെടുമ്പോള്‍ ഹിംസ ഉപയോഗിക്കരുതെന്ന് ഞാന്‍ പറഞ്ഞിട്ടില്ലല്ലോ എന്നാണ്. ഇത് ഒരു സംഭവത്തെ ആസ്പദിച്ച്‌ എഴുതിയതാണ്. മാനഭംഗത്തിന് ഒരാള്‍ ശ്രമിച്ചാല്‍ ഞങ്ങള്‍ ഒന്നും ചെയ്യാതെ സഹിക്കണമോ എന്ന് ചോദിച്ച സ്ത്രീകളോട്, പല്ലും നഖവും ഉപയോഗിക്കൂ എന്ന് ഗാന്ധി പറഞ്ഞതാണ് അത്.

സ്വരക്ഷയ്ക്കായുള്ള മിതമായ പ്രതിഹിംസ അപൂർവാവസരങ്ങളില്‍ അനുവദനീയമാണെന്ന് ഗാന്ധി വിശ്വസിച്ചിരുന്നു.  മിനി ഉദ്ധരിച്ച വരികളില്‍ സമാനമായ ഒരു ആശയം ആണ് ഉള്ളത്. അഹിംസാവ്രതികള്‍ ആയതുകൊണ്ടുമാത്രം ഹിംസയുടെ വക്താക്കള്‍ നമ്മെ വെറുതെ വിടുന്നില്ല. ഗാന്ധിയുടെ സത്യഗ്രഹം, നിസ്സഹകരണം, നികുതിനിഷേധം മുതലായ സമരരൂപങ്ങളില്‍ ഹിംസ ഇല്ലെന്ന്‌ പറയാനാവില്ല. സത്യഗ്രഹം ആളുകളില്‍ സമ്മർദം ചെലുത്തുന്നതിനാല്‍ ഹിംസയാണെന്ന്‌ വാദിക്കുന്നവര്‍ ഉണ്ട്. 

പക്ഷേ സായുധസമരം കൊണ്ട് നഖശിഖാന്തം ആയുധമണിഞ്ഞ ഒരു ഭരണകൂടത്തെ തോല്‍പ്പിക്കാന്‍ കഴിയില്ലെന്ന തിരിച്ചറിവും ക്രിയാത്മകമായ അഹിംസ എന്ന സങ്കൽപ്പവുമാണ് ഗാന്ധിയെ ഇത്തരം ആയുധങ്ങള്‍ നിർമിക്കാന്‍

ലെനിൻ

ലെനിൻ

സഹായിച്ചത്. അതിന്‌ ജനശക്തിയിലുള്ള ഉറച്ച വിശ്വാസവും വേണം. അതില്ലാത്തവരാണ് രഹസ്യമായ സായുധസമരത്തെ പിന്തുടരുന്നത്. ഒക്ടോബര്‍ വിപ്ലവത്തില്‍ ആകെ ഏഴുപേരാണ് മരിച്ചത് എന്ന് രേഖകള്‍ പറയുന്നു. അതിനുകാരണം ജനങ്ങളെ സംഘടിപ്പിക്കാന്‍ ലെനിന് ഉണ്ടായിരുന്ന അസാധാരണമായ കഴിവാണ്. വാള്‍ കൊണ്ടല്ല വാക്കുകൊണ്ടാണ് റഷ്യന്‍ വിപ്ലവം വിജയിച്ചത്.

? “ആയിരം വര്‍ഷങ്ങളുടെ അപമാനം / കോട്ടകളും കൊട്ടാരങ്ങളും മഠങ്ങളും മിനാരങ്ങളുമായി / നമ്മുടെ മുതുകത്ത് അമരുന്നു” എന്ന വരികളും “ഡയറിക്കുറിപ്പ്‌” എന്ന കവിതയും മുതലാണ് ഇന്ത്യന്‍ അവസ്ഥകളുടെ പ്രതിരോധവും പ്രതിഷേധവുമായി കവിത മാറുന്നത് – ശരിയാണോ?

= അങ്ങനെ കൃത്യമായി പറയാന്‍ കഴിയുമോ എന്നറിയില്ല. ആദ്യകാലത്തെ ‘വിയത്‌നാം’ പോലുള്ള കവിതകളുണ്ട്; ‘ഞങ്ങള്‍’, ‘വിശപ്പ്‌’ തുടങ്ങിയ കവിതകളുണ്ട്. ‘ഇന്ത്യന്‍ സ്കെച്ചുകള്‍’ ഉണ്ട്. കേരളത്തില്‍ താമസിക്കെതന്നെ ഇന്ത്യനവസ്ഥ എന്റെ ഒരു ഉത്കണ്ഠയായിരുന്നു. അടിയന്തരാവസ്ഥയും മറ്റും അനുഭവിച്ചത് കേരളത്തില്‍ ഇരുന്നുതന്നെയാണല്ലോ.    അധികാരകേന്ദ്രമായ ഡല്‍ഹിയിലേക്ക്‌ മാറിയതോടെ അത് കുറേക്കൂടി യഥാർഥവും ആസന്നവുമായി. 

2014 ല്‍ എന്റെ ഭയങ്ങള്‍ സത്യമായതോടെ പ്രതിരോധം രൂക്ഷമായി. കവിതകള്‍, ലേഖനങ്ങള്‍, പ്രഭാഷണങ്ങള്‍, ‘ഇന്ത്യന്‍ കള്‍ച്ചറല്‍ ഫോറം’ എന്ന വെബ്സൈറ്റ്, ‘ഗുഫ്ടുഗു’ എന്ന ത്രൈമാസികം: പലതരം മാധ്യമങ്ങളിലൂടെയാണ് ഞാന്‍ ചെറുത്തുനില്‍പ്പ്‌ വളര്‍ത്തിയെടുത്തത്. പല ഇന്ത്യന്‍ എഴുത്തുകാരും കൂടെ നിന്നു. ഗീതാ ഹരിഹരന്‍, റൊമീലാ ഥാപ്പര്‍, ഗുലാം ഷെയ്ക്ക്, ഗണേഷ് ഡേവി, ആനന്ദ്, വിവാന്‍ സുന്ദരം, ഇ പി ഉണ്ണി, ഒറിജിത് സെന്‍, റിയാസ് കോമു, മധുസൂദനന്‍... ഡസന്‍ കണക്കിന് എഴുത്തുകാര്‍ക്കും കാര്‍ട്ടൂണിസ്റ്റുകള്‍ക്കും ചിത്രകാരര്‍ക്കും കൂടിച്ചേരാനുള്ള ഇടങ്ങളായി ഈ ഓൺലൈന്‍ പ്രസിദ്ധീകരണങ്ങള്‍ മാറി.

? ആനറാഞ്ചിപ്പക്ഷികളില്‍നിന്ന് ആടുകളെ രക്ഷിക്കുക, കടുവകള്‍ക്ക് മുന്നില്‍ മുയലുകള്‍ക്ക് എന്ത് രക്ഷ ഇത്തരം പ്രതീകാത്മകമായ ആവിഷ്കാരങ്ങളിലൂടെ  എങ്ങനെയാണ് ഇന്ത്യന്‍ അവസ്ഥകള്‍ അവതരിപ്പിക്കപ്പെട്ടത്

=  എന്റെ കവിത എന്നും രൂപകാത്മകമോ സംവാദാത്മകമോ ആയിരുന്നു. നേരിട്ടുള്ള പ്രസ്താവങ്ങള്‍ ഇല്ലെന്നല്ല, പക്ഷേ കഴിവതും ബിംബങ്ങളുടെ ഭാഷയിലാണ് ഞാന്‍ എഴുതുക പതിവ്. ചിലപ്പോള്‍ അത് വാസനകളുടെ ഭാഷയായി; മനുഷ്യലോകത്തില്‍ നിന്നെന്നപോലെ മൃഗലോകത്തുനിന്നും സസ്യലോകത്തു നിന്നും  ഞാന്‍ പ്രതീകങ്ങളും ബിംബങ്ങളും കണ്ടെടുത്തു. പ്രകൃതി എന്റെ കവിതകളില്‍ ഒരു നിരന്തരസാന്നിധ്യമായിരുന്നിട്ടുണ്ട്. ഇര പിടിയരും ഇരകളും തമ്മിലുള്ള മല്‍പ്പിടുത്തം പ്രകൃതിയില്‍ എന്നപോലെ സമൂഹത്തിലും ഞാന്‍ കണ്ടു.

ഗ്രാംഷി

ഗ്രാംഷി

അത് മുതലാളിയും തൊഴിലാളിയുമാകാം, ജന്മിയും കര്‍ഷകനുമാകാം, വന്‍കിട ബിസിനസുകാരും ചെറുകച്ചവടക്കാരുമാകാം, പുരുഷാധികാരികളും സ്ത്രീകളും/ തൃതീയ ലിംഗികളും ആകാം, സവർണരും  അവർണരും ആകാം, മുഖ്യധാരാസമൂഹവും ആദിവാസികളുമാകാം, പല തരം ഭൂരിപക്ഷങ്ങളും ന്യൂനപക്ഷങ്ങളുമാകാം. സാമൂഹ്യ പ്രക്ഷോഭങ്ങള്‍ വർഗസമരത്തില്‍മാത്രം ഒതുങ്ങുന്നില്ല, വർഗസമരം നിർണായകം ആണെന്ന് മാത്രം. ഇത് മാര്‍ക്സിനും ലെനിനും മാവോയ്ക്കും നന്നായി അറിയാമായിരുന്നു. അന്ത്യകാല മാര്‍ക്സ്  കറുത്തവരുടെയും അടിമകളുടെയും പ്രതിരോധങ്ങളെ പിന്തുണയ്ക്കുന്നുണ്ട്.

ലെനിന്‍ സ്ത്രീകളുടെ അടിമത്തത്തെപ്പറ്റി ബോധവാനായിരുന്നു. മാവോ ഗ്രാമങ്ങളും നഗരങ്ങളും തമ്മിലുള്ള വൈരുധ്യത്തെപ്പറ്റിയും. അതുപോലെ റോസാ ലക്സംബര്‍ഗ്, ജനാധിപത്യവും സമഗ്രാധിപത്യവും തമ്മിലും, അന്റോണിയോ ഗ്രാംഷി പ്രദേശങ്ങള്‍ തമ്മിലും ഉള്ള വൈരുധ്യത്തെക്കുറിച്ചും പറഞ്ഞിട്ടുണ്ട്.  ഇന്ന് മൈക്കേല്‍ ഹാര്‍ട്ട്, അന്റോണിയോ നെഗ്രി തുടങ്ങിയ മാര്‍ക്സിസ്റ്റ് ചിന്തകര്‍, ആഗോളസാമ്രാജ്യവും ദേശങ്ങളുടെയും ജനതകളുടെയും  പരമാധികാരവും  തമ്മിലുള്ള ജൈവസംഘര്‍ഷത്തെ മുന്നിൽവയ്ക്കുന്നു.

?  ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും തെറ്റിദ്ധരിക്കപ്പെട്ട ബിംബം ഗാന്ധിജിയാണോ?  തെറ്റിദ്ധരിക്കപ്പെട്ട എന്നതിനേക്കാള്‍ അവമതിക്കപ്പെട്ട ബിംബം...

ഗാന്ധിയുടെ ജീവിതത്തിന്റെയും സന്ദേശത്തിന്റെയും സങ്കീർണത മിക്കപ്പോഴും തിരിച്ചറിയപ്പെട്ടില്ല. അദ്ദേഹം നിരന്തരം സ്വയം തിരുത്തുകയും പുതുക്കുകയും ചെയ്യുന്ന ആളായിരുന്നു. എന്നെങ്കിലും അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍മാത്രംവച്ച് ആ ജീവിതത്തെയോ മൂല്യങ്ങളെയോ അളക്കാനാവില്ല.

= ഗാന്ധിയുടെ ജീവിതത്തിന്റെയും സന്ദേശത്തിന്റെയും സങ്കീർണത മിക്കപ്പോഴും തിരിച്ചറിയപ്പെട്ടില്ല. അദ്ദേഹം നിരന്തരം സ്വയം തിരുത്തുകയും പുതുക്കുകയും ചെയ്യുന്ന ആളായിരുന്നു. എന്നെങ്കിലും അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍മാത്രംവച്ച് ആ ജീവിതത്തെയോ മൂല്യങ്ങളെയോ അളക്കാനാവില്ല. അവസാനകാലമാകുമ്പോഴെയ്ക്കും ഗാന്ധിജിയുടെ നിലപാടുകള്‍ അംബേദ്കറുടെ നിലപാടുകളോട് വളരെ അടുത്ത് വന്നിരുന്നു. 47 വരെ ഇന്ത്യയുടെ സ്വാതന്ത്ര്യം മുഖ്യലക്ഷ്യമായിരുന്നതുകൊണ്ട് അദ്ദേഹത്തിന് ജനതയെ പിളര്‍ക്കുന്ന  ഒരു നീക്കത്തെയും അനുവദിക്കാനാവുമായിരുന്നില്ല.

പിന്നീട് വിഭജനത്തെ എതിര്‍ക്കേണ്ടിവന്നു, മത സഹവര്‍ത്തിത്വം പുനഃസ്ഥാപിക്കാന്‍ യത്നിക്കുകയും. അതിന്‌ ജീവിതം തന്നെ അദ്ദേഹം വിലയായി കൊടുത്തു. പിന്നെയും ജീവിച്ചിരുന്നെങ്കില്‍ തന്റെ ശിഷ്ടജീവിതം ജാതിനിർമാർജനത്തിന്നായി   അദ്ദേഹം നീക്കിവയ്ക്കുമായിരുന്നെന്ന്‌ അവസാനകാലത്തെ പല പ്രസ്താവനകളും വ്യക്തമാക്കുന്നു.

അവസാനകാലത്ത് തീര്‍ത്തും എകാകിയായിരുന്നു ഗാന്ധി. ശിഷ്യര്‍തന്നെ അദ്ദേഹത്തിന്നെതിരായി. ഹിന്ദുത്വവാദികള്‍ ആദ്യം മുതലേ അദ്ദേഹത്തിന്റെ എല്ലാവരും തുല്യരായ ബഹുസ്വരഭാരതം എന്ന ആശയത്തിന് എതിരായിരുന്നു; ഒടുവില്‍ അവര്‍ അദ്ദേഹത്തെ വധിക്കുകയും ചെയ്തു.

 ഗാന്ധിജി

ഗാന്ധിജി

നാം സംസാരിക്കുന്നത് ഗാന്ധിയെ അവമതിക്കാൻ ഇന്ത്യന്‍ ഭരണകൂടം ശ്രമിക്കുകയും, ഹിന്ദുത്വവാദികള്‍  ഗോഡ്സെ തൂക്കിക്കൊല്ലപ്പെട്ട ദിവസം ‘ബലിദാന’ ദിവസമായി ആചരിക്കുകയും ചെയ്യുന്ന കാലത്താണ് എന്നുകൂടി ഓര്‍ക്കുക. ഇന്ന് ഗാന്ധി ഉണ്ടായിരുന്നെങ്കില്‍ നിശ്ചയമായും അദ്ദേഹം ജനതയോട് നിസ്സഹകരണത്തിനും നികുതിനിഷേധത്തിനും ആഹ്വാനം ചെയ്തേനെ.

പലപ്പോഴായി എഴുതിയ ഗാന്ധിക്കവിതകളിലൂടെ ‘ഗാന്ധിയും കവിതയും’, ‘ഗാന്ധിയും വൃക്ഷവും’, ‘അഹിംസയെക്കുറിച്ച്‌ ഒരു സംവാദം’, ‘നടക്കൂ നടക്കൂ’, ‘ഉപ്പ്’, ‘ഇരുവര്‍’ അദ്ദേഹത്തിന്റെ ചില വശങ്ങള്‍ ഞാന്‍ കാവ്യ വിഷയമാക്കിയിട്ടുണ്ട്.

‘ഗാന്ധി’ എന്ന മുഴുനീള നാടകത്തിലാകട്ടെ, അന്ത്യകാലത്ത് ദുരന്ത നായകനായി മാറിയ ഗാന്ധിയും അദ്ദേഹത്തിന്റെ കൊലപാതകത്തിലേക്ക്‌ നയിച്ച സാഹചര്യങ്ങളുമാണ് പ്രമേയം. ‘ഹിന്ദ്‌ സ്വരാജ്’ ഒരു അധിനിവേശാനന്തരകൃതി എന്നനിലയില്‍ ഇന്ന് വായിക്കപ്പെടേണ്ടതുണ്ട്.

മാര്‍ക്സ് ഭരണകൂടം കൊഴിഞ്ഞുപോകുന്ന കാലത്തെക്കുറിച്ച്‌ സംസാരിച്ചു; ഗാന്ധി ഭരണകൂടത്തിന്റെ ആവശ്യംതന്നെ ഇല്ലാതാവുന്ന ഒരു വ്യവസ്ഥ സ്വപ്നം കണ്ടു. ആത്യന്തികമായി ഇരുവരും സമത്വത്തിന്റെ വക്താക്കള്‍ ആയിരുന്നു. അതുകൊണ്ടാണ് മാര്‍ക്സ് ഗാന്ധി അംബേദ്‌കര്‍ എന്ന് നമുക്കു ഇന്ന്‌ ഒറ്റശ്വാസത്തില്‍ പറയേണ്ടി വരുന്നത്.

?  ഇന്ത്യന്‍ സംസ്കാരത്തിലെ ഏറ്റവും അഭിമാനകരമായ ഘടകം അങ്ങേയ്ക്ക് ഏതാണ്...

=  ഇന്ത്യന്‍ സംസ്കാരത്തിന്റെ ബഹുസ്വരത. വാമൊഴികള്‍ ഉള്‍പ്പെടെ അനേകം ഭാഷകള്‍, പ്രാദേശിക സംസ്കാരങ്ങള്‍, മതങ്ങള്‍, മതേതരദര്‍ശനങ്ങള്‍, ഗോത്രങ്ങള്‍, പല സാഹിത്യകലാശൈലികള്‍  ബഹുവർണമാണ്  നമ്മുടെ സംസ്കൃതി. യൂറോപ്പിനുപോലും ഈ വൈവിധ്യം അവകാശപ്പെടാനാവില്ല. പല വെല്ലുവിളികളെയും അതിജീവിച്ച ഐക്യമാണ് നമ്മുടേത്‌.

ഇന്ന് അത് ഏറ്റവും വലിയ മറ്റൊരു വെല്ലുവിളിയെ നേരിടുന്നു. ഏകശിലാരൂപമായ ഒരു കൃത്രിമ സംസ്കാരം നിർമിക്കാനാണ് ഹിന്ദുത്വവാദികള്‍ ശ്രമിക്കുന്നത്, സഹസ്രാബ്ദങ്ങളുടെ ചരിത്രം ഒറ്റയടിക്ക് ഇല്ലാതാക്കാന്‍ അവര്‍ ചരിത്രം മാറ്റിയെഴുതുന്നു. ഒരു മതം, ഒരു ഭാഷ, ഒരു ( സവർണ) സംസ്കാരം  : ഇതാണ് അവരുടെ ലക്ഷ്യം. മതസൗഹാർദത്തെ അവര്‍ ഭയപ്പെടുന്നു, അതുകൊണ്ട് അവര്‍ക്ക് അക്ബറെയോ ഗാന്ധിയെയോ ഭക്തിസൂഫി പാരമ്പര്യത്തെയോ നെഹ്രുവിന്റെയോ മാര്‍ക്സിന്റെയോ  മതേതര ദര്‍ശനത്തെയോ  സഹിക്കാനാവുന്നില്ല.

? ആ അഭിമാനത്തിന്നേറ്റ മുറിവാണോ സങ്കുചിത ദേശീയതയായി മാറി നൊമ്പരപ്പെടുത്തുന്നതും

=  സങ്കുചിതദേശീയതയുടെ ദേശസ്നേഹത്തില്‍നിന്ന് ഭിന്നമായ, വിദ്വേഷത്തിലും അഹന്തയിലും  അടിയുറച്ച ‘ദേശീയവാദ’ ത്തിന്റെ അപകടങ്ങള്‍ ആദ്യം തിരിച്ചറിഞ്ഞ ഒരാള്‍ നമ്മുടെ ദേശീയഗാനം രചിച്ച രബീന്ദ്രനാഥടാഗോര്‍

ടാഗോര്‍

ടാഗോര്‍

തന്നെയായിരുന്നു. അത് എങ്ങനെ ചില ജനവിഭാഗങ്ങളെ അന്യരാക്കുന്നുവെന്നും, വെറുപ്പും കലാപങ്ങളും യുദ്ധവും സൃഷ്ടിക്കുന്നു എന്നും  അത്യാസക്തി കൊണ്ട് ജനങ്ങളെ കൊള്ളയടിച്ച്‌ പണമുണ്ടാക്കാന്‍ ചിലരെ സഹായിക്കുന്നുവെന്നും ടാഗോര്‍ തന്റെ നാലുപ്രഭാഷണങ്ങളിലൂടെ വ്യക്തമാക്കി. ഹിന്ദുമഹാസഭ രൂപം കൊണ്ട കാലത്തുതന്നെ 1925 ല്‍ അതിന്റെ മതദേശീയതയുടെ വിപത്‌സൂചനകള്‍ ഗാന്ധിജിയും തിരിച്ചറിഞ്ഞിരുന്നു.

അതുകൊണ്ടുകൂടിയാണ് ഹിന്ദുമുസ്ലിം മൈത്രിയെയും സർവമത സഹഭാവത്തെയുംകുറിച്ച് അദ്ദേഹം ആവര്‍ത്തിച്ച്‌ പറഞ്ഞുകൊണ്ടിരുന്നത്. ആ താക്കീതുകള്‍ ഉണ്ടായിട്ടും മതവിശ്വാസികള്‍ അല്ലാതിരുന്ന സവര്‍ക്കറും ജിന്നയും വിഭജനത്തെ യഥാർഥമാക്കുകതന്നെ ചെയ്തു. എങ്കിലും  നെഹ്രുവും അംബേദ്‌കറും ഉള്‍പ്പെട്ട ആദ്യകാല നേതാക്കളുടെ ദീര്‍ഘദര്‍ശിത്വം ഇന്ത്യയെ ഒരു മതേതര രാഷ്ട്രമായി നിലനിര്‍ത്തി.

ഇപ്പോള്‍ പല പതിറ്റാണ്ടുകള്‍ക്കുശേഷം ഹിന്ദുമഹാസഭയുടെ പിന്മുറക്കാര്‍ തങ്ങളുടെ പൂർവികരുടെ സ്വപ്നം സാക്ഷാൽക്കരിക്കാന്‍ ശ്രമിക്കയാണ്. പൗരാവകാശനിയമ ഭേദഗതിയും ബീഫ് നിരോധനവും ലവ് ജിഹാദും കന്ധമാലുകളും മുസ്ലിം ക്രിസ്ത്യന്‍ ജനവിഭാഗങ്ങള്‍ മറ്റെവിടെനിന്നോ വന്നവരാണെന്ന് ധ്വനിപ്പിക്കാന്‍ ശ്രമിക്കുന്നു അവര്‍ തലമുറകളായി ഇവിടെ ജനിച്ചു ജീവിക്കുന്നവരായിരുന്നിട്ടും.

സച്ചിദാനന്ദൻ ‐ ആദ്യകാലഫോട്ടോ                         ഫോട്ടോ: ജനാർദ്ദനൻ മൊണാലിസ

സച്ചിദാനന്ദൻ ‐ ആദ്യകാലഫോട്ടോ ഫോട്ടോ: ജനാർദ്ദനൻ മൊണാലിസ

ഗുജറാത്തിലെ വംശഹത്യയ്ക്ക് ശേഷം അഭയാര്‍ഥിക്യാമ്പുകളില്‍ മഹാശ്വേതാദേവിയുമൊത്ത് പോയ ഒരെഴുത്തുകാരനാണ് ഞാന്‍. അവിടെ കേട്ട ക്രൂരതയുടെ കഥകളുടെ മുഴക്കം തീരും മുമ്പാണ് അനേകം “ലഹള” കള്‍ ( ഇവ മിക്കവയും ഏകപക്ഷീയമായ ന്യൂനപക്ഷോന്മൂലനശ്രമങ്ങള്‍ ആയിരുന്നു)  ഇന്ത്യയില്‍ പലയിടത്തായി സംഭവിക്കുന്നതും മതത്തിന്റെയും ഭക്ഷണത്തിന്റെയും മറ്റും പേരില്‍ അനേകം ആളുകള്‍ കൊല്ലപ്പെടുന്നതും “അപ്രത്യക്ഷ”രാകുന്നതും. ന്യൂന പക്ഷത്തെ  പ്രകോപിപ്പിച്ച് ആയുധമണിയിക്കാനുള്ള ശ്രമങ്ങള്‍ കൂടി ആയിരുന്നു ഇവ.

അതില്‍ പെട്ടുപോയ ന്യൂനപക്ഷവിഭാഗങ്ങള്‍, പ്രയോഗതലത്തില്‍ ഭൂരിപക്ഷവാദത്തിന്‌ ന്യായീകരണം ആവുകയാണ് ചെയ്തത്. വിദ്വേഷത്തെ വിദ്വേഷംകൊണ്ട് നേരിടാന്‍ ആവില്ല. ബോധവൽക്കരണവും തുറന്നുകാട്ടലും ബദല്‍നിർമാണവും അതിന്നായുള്ള ബൃഹദൈക്യവും ആണ് വേണ്ടത്. മതേതരവും സമത്വോന്മുഖവുമായ ഒരു ജനാധിപത്യ ദേശസങ്കല്‍പ്പം മുന്നോട്ടുവച്ചേ ഈ സങ്കുചിത മത ദേശീയതയെ നേരിടാന്‍ കഴിയൂ.  നമ്മുടെ ഭരണഘടനയില്‍ത്തന്നെ ആ ബദല്‍ സങ്കൽപ്പം ഉള്‍ച്ചേര്‍ന്നിട്ടുണ്ട്.  

? ‘മഹാഭാരതം’ എന്ന കവിതയോടെയാണ് സച്ചിദാനന്ദന്റെ കാവ്യലോകത്ത് പ്രതിരോധം ഒരായുധമായി മാറുന്നത് എന്ന് തോന്നുന്നു. വ്യക്തമാക്കാമോ...  

=  ഒരു പക്ഷേ പ്രതിരോധത്തിന്റെ പല തുടക്കങ്ങള്‍ എന്റെ കവിതയില്‍ കണ്ടേക്കും. “ഞങ്ങള്‍” ഒരു തുടക്കമായിരുന്നു.  “നാവുമരം” മറ്റൊരു തുടക്കമായിരുന്നു. “ ഏഴിമല” മറ്റൊന്ന്. “ഇനിയൊന്നു വിശ്രമിക്കട്ടെ” ഇനിയുമൊന്ന്. “ പറയുന്നു കബീര്‍” വേറൊന്ന്.  എന്നാല്‍ ഹിന്ദുത്വ ഫാസിസത്തിന്നെതിരായ നിരന്തരവും പ്രത്യക്ഷവുമായ പ്രതിരോധം ശക്തി പ്രാപിക്കുന്നത് “ മഹാഭാരത” ത്തിന്നുശേഷം ആണെന്ന് പറയാം. അത് 2014 ലെ പൊതു തെരഞ്ഞെടുപ്പിനുമുമ്പ്‌ എഴുതിയ കവിതയാണ് വരാന്‍ പോകുന്നതിന്റെ ഒരു ഇരുണ്ട പ്രവചനം.

കബീര്‍ പറയുന്നു എന്ന കവിതയിലും ആ താക്കീതിന്റെ ആരംഭം ഉണ്ടായിരുന്നു; എന്നാല്‍ ഇവിടെ മുഖ്യശത്രു ആര്‍ എന്ന വ്യക്തമായ വിവേകമുണ്ട്.  ആ കവിത പിന്നീട് അനേകം കവിതകളുടെ തുടക്കം കുറിച്ചു. ഒരു ഇന്ത്യന്‍ ഇതിഹാസ സന്ദര്‍ഭംതന്നെ ഉപയോഗിച്ച് രാഷ്ട്രീയം പറയുകയാണ്‌ അതില്‍ ഞാന്‍ ചെയ്തത്. അതില്‍, “ഒരു പത്ത് വര്‍ഷം, അതെ ഞാന്‍ ചോദിക്കുന്നുള്ളൂ” എന്ന് പറഞ്ഞത് സത്യമായി, ഇനിയും നീളുമോ എന്നാണ്‌ പ്രതിപക്ഷത്തിലെ അനൈക്യം കാണുമ്പോള്‍ ഭയം. പ്രത്യാശയുടെ ഇന്ത്യയില്‍ ജനിച്ച എന്റെ തലമുറയ്ക്ക് വിട പറയും മുന്‍പേ ആ ഇന്ത്യയുടെ തകര്‍ച്ച കാണേണ്ടി വരുമോ എന്ന ഭയമാണ് ഇപ്പോള്‍ ഉള്ളത്.

ഫോട്ടോ: ബിനു രാജ്‌

ഫോട്ടോ: ബിനു രാജ്‌

? എഴുതുമ്പോള്‍ ഒരു സുഹൃത്ത് അപ്പുറത്തുണ്ടെന്ന തോന്നല്‍ അങ്ങയെ നയിക്കാറുണ്ടെന്ന്‌ ആദ്യകാലത്തെ ഒരു അഭിമുഖത്തില്‍ പറയുന്നുണ്ട്; പ്രപഞ്ചത്തിന്റെ രഹസ്യം തുറക്കാന്‍ ഉപയോഗിക്കുന്ന താക്കോലുകള്‍ ആണ് കവിതകള്‍ എന്ന്‌ സമീപകാലത്ത് എഴുതിയിരുന്നു. ഇപ്പോള്‍?

 = ‘സമാനഹൃദയ നിനക്കായ് പാടുന്നേന്‍’ എന്ന് സുഗതകുമാരി എഴുതിയിട്ടുണ്ടല്ലോ. ആ സമാനഹൃദയന്‍/ സമാനഹൃദയ  എവിടെയോ ഉണ്ട് എന്ന് കരുതാതെ എഴുതുക സാധ്യമല്ല. ആവിഷ്കാരം അവനവനുവേണ്ടിത്തന്നെ എന്ന് പറയാം. പക്ഷേ ഏത്‌ എഴുത്തും പൂർണമാകുന്നത് വായനയിലൂടെയാണ്. ‘താക്കോല്‍’ രൂപകം ഒരു സന്ദര്‍ഭം പറഞ്ഞതിനുശേഷമാണ്‌ ഞാന്‍ ഉപയോഗിക്കുന്നത്.

ആ സന്ദര്‍ഭം ശരിയുമാണ്. അച്ഛന്‍ മരിക്കുമ്പോള്‍ താക്കോലുകള്‍ ബാക്കിയിട്ടിരുന്നു. കൈതകള്‍ എഴുതുമ്പോള്‍ അവ ഞാന്‍ രഹസ്യങ്ങളുടെ മുറികള്‍ തുറക്കാന്‍ മാറി മാറി പരീക്ഷിച്ചുനോക്കുകയാണ് എന്ന് തോന്നാറുണ്ട്. പലതരത്തില്‍ വാക്കുകളെ കൂട്ടിച്ചേര്‍ത്ത്‌ കവികള്‍ ശ്രമിക്കുന്നത് പ്രപഞ്ചം, പ്രകൃതി, സമൂഹം, താന്‍ എന്നിവയുടെ രഹസ്യങ്ങള്‍ കണ്ടെത്താന്‍ ആണ്.

?  ഇന്ദ്രപ്രസ്ഥത്തില്‍ പുല്ലിന് പകരം ആണികളാണ് വളരുന്നത്‌ (ഇന്ദ്രപ്രസ്ഥത്തില്‍ ഒന്നുമില്ല) എന്നെഴുതിയതും, ചിത്തരഞ്ജന്‍ പാര്‍ക്ക് എന്ന കവിതയും ‘കംസകൽപ്പന’ എന്ന പ്രയോഗവും ഓര്‍ത്തു ചോദിക്കട്ടെ ഏതു കൃഷ്ണനാണ് നമ്മെ കംസനില്‍ നിന്ന് രക്ഷിക്കുക?

= നമ്മെ നമുക്കുതന്നെയേ രക്ഷിക്കാനാവൂ, അതാണ്‌ ജനാധിപത്യത്തിന്റെ നിയമം. ഇന്ദ്രപ്രസ്ഥം ആ കവിതയില്‍ പഴയതും പുതിയതുമാണ്. നമ്മുടെ ക്രൂരമാകുന്ന നഗരങ്ങളുടെയെല്ലാം പ്രതിരൂപം. ഡല്‍ഹി വിട്ടുപോരുമ്പോള്‍ എഴുതിയതാണ് വിഷാദവും മടുപ്പും നിറഞ്ഞ ആ കവിത. കോവിഡിന്‌ ഒരു താൽക്കാലികതയുണ്ട്; പക്ഷേ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ മഹാമാരി എത്ര നീണ്ടുനില്‍ക്കും എന്ന് പറയാന്‍ ആവില്ല. അത് ഇന്ത്യ എന്ന ആശയം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്.

? പ്രതിരോധവും വിപ്ലവവും എങ്ങനെയാണ് വ്യത്യസ്തമാകുന്നത്? കല പ്രതിരോധത്തിന്റെ വഴിയാകുന്നത് എങ്ങനെയാണ്?

=  വിപ്ലവം അനേകം പ്രതിരോധസമരങ്ങളുടെ അന്ത്യത്തില്‍ ഉണ്ടാകുന്ന ഒരു മഹാവിസ്ഫോടം ആണ്. ഒരു പ്രത്യേക വര്‍ഷത്തിലും തീയതികളിലും നടക്കുന്നത്. എന്നാല്‍ പ്രതിരോധം നിരന്തരവും അനുസ്യൂതവുമാണ്.  മിഷേല്‍ ഫൂക്കോ പറയുന്ന,

മിഷേല്‍ ഫൂക്കോ

മിഷേല്‍ ഫൂക്കോ

വ്യത്യസ്ത മേഖലകളില്‍ ആധിപത്യങ്ങള്‍ക്കെതിരെ  ഉണ്ടാകുന്ന സൂക്ഷ്മസമരങ്ങളുടെ പരമ്പര. അത് സമൂഹത്തെ ആകെ മാറ്റണം എന്നില്ല. വർണ ലിംഗ വർഗ വംശ ഭാഷാധീശത്വങ്ങള്‍ക്ക്, അഥവാ യുദ്ധത്തിനോ  , പരിസ്ഥിതിവിനാശത്തിനോ, മനുഷ്യാവകാശധ്വംസനത്തിനോ ന്യൂനപക്ഷപീഡനത്തിനോ, സാങ്കേതികവിദ്യയുടെ ദുരുപയോഗത്തിനോ എല്ലാം എതിരായി നടക്കുന്ന പ്രക്ഷോഭങ്ങള്‍ പ്രതിരോധസമരങ്ങള്‍ തന്നെ.

കലയും സാഹിത്യവും എക്കാലവും പ്രതിരോധത്തിന്റെ സന്ദേശവാഹകരായിട്ടുണ്ട്. അത് കലാകാരരോ എഴുത്തുകാരോ ബോധപൂർവം ചെയ്യുന്നതാകാം; ആസ്വാദകര്‍ കാഴ്ച അഥവാ വായനയിലൂടെ കണ്ടെത്തുന്നതും ആകാം. പഴയ കൃതികള്‍ പുതിയ കാലത്ത് പുതിയ അര്‍ഥം നേടിയെന്നുവരാം.

സാഫോവിന്റെ കവിതകള്‍  എല്‍ജിബിടി ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ  ഈ കാലത്ത് പുനർവായനയ്ക്ക് വിധേയമാകാം. ഭക്തിസൂഫി കവിതകള്‍ ജാതിവ്യവസ്ഥയ്ക്കും പൗരോഹിത്യത്തിനും സംസ്കൃത പ്രാഭവത്തിനും ലിംഗ വിവേചനത്തിനും എതിരായ സാഹിത്യം എന്നനിലയില്‍ വായിക്കപ്പെടാം. ചിത്രകല ചുവരുകള്‍ അലങ്കരിക്കാന്‍ ഉള്ളതല്ല, അത് ഒരു യുദ്ധോപകരണമാണ് എന്നുപറയുമ്പോള്‍ പിക്കാസോ  ഉദ്ദേശിച്ചതും കലയുടെ ഈ പ്രതിരോധശക്തി തന്നെ. ‘ഗ്വേർണിക്കാ’പോലുള്ള രചനകളിലൂടെ അദ്ദേഹം അത് തെളിയിക്കുകയും ചെയ്തു.

മയക്കൊവ്സ്‌കിയും ഗോര്‍ക്കിയും നെരൂദയും ബ്രെഹ്റ്റും വയെഹോയും മാര്‍ക്കേസും സരമാഗൂവും ദാരിയോ ഫോയും ബെന്‍ ഓക്രിയും എൻഗൂഗിയും ചിന്വാ ആച്ചബെയും സെങ്കോറും മായാ ആന്‍ജലൂവും ഉള്‍പ്പെടെ എത്രയോ എഴുത്തുകാര്‍, പേര് പറയാന്‍ വിഷമമായത്ര ചിത്രകാരര്‍, ശില്‍പ്പികള്‍, പാട്ടുകാര്‍... കേരളത്തില്‍ തന്നെ ജീവത്‌സാഹിത്യകാലം മുതലെങ്കിലും ഉണ്ടായിട്ടുള്ള, സ്ത്രീകളും ദളിത്‌ ആദിവാസി എഴുത്തുകാരും എല്‍ജി ബിടി എഴുത്തുകാരും  ഉള്‍പ്പെടുന്ന എത്രയോ എഴുത്തുകാര്‍, പലതരം ആധിപത്യങ്ങള്‍ക്കെതിരെ സാഹിത്യത്തെ ഒരായുധമായി ഉപയോഗിച്ചിരിക്കുന്നു.

ഫാസിസ്റ്റ് വിരുദ്ധ കലാസാഹിത്യങ്ങളുടെ ഒരു ദീര്‍ഘപാരമ്പര്യം ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങള്‍മുതല്‍തന്നെ ലോകത്തുണ്ട്. ‘കവി എല്ലാം ഓര്‍ക്കുന്നു’ എന്ന് താക്കീത് നല്‍കുന്ന ചെസ്വാ മീവാഷ് മുതല്‍ ‘ഓഷ്വിറ്റ്സിന്‌ ശേഷം കവിത അസാധ്യമാണ്’ എന്ന് മറ്റൊരുതരം കവിതയുടെ ആവശ്യം സൂചിപ്പിക്കുന്ന അഡോണോ വരെ, നിസ്സാര്‍ ഖബ്ബാനിയും നസീം ഹിക്മത്തും മുതല്‍ നെഗ്രിറ്റ്യൂഡിന്റെയും ഫെമിനിസത്തിന്റെയും വക്താക്കള്‍ വരെ, പ്രേംചന്ദും കെ എ അബ്ബാസും തകഴിയും മുതല്‍ പി ലങ്കേഷും വരവരറാവുവും കമലാദാസും  സാറാ ജോസഫും അരുന്ധതീറോയിയും ഗീതാഞ്ജലി ശ്രീയുംവരെ, നീളുന്ന ഒരു പാരമ്പര്യം ആണത്.

ഇന്നത്തെ പ്രതിരോധ സാഹിത്യം ഇന്നത്തെ ഹിംസയുടെ രൂപങ്ങളായ നവമുതലാളിത്തം, വര്‍ഗീയദേശീയത, ആഗോളീകരണം, സവർണാധിപത്യം, പുരുഷ മേധാവിത്തം, സാങ്കേതികഫാസിസം, ആര്യമഹിമാവാദം, പരോക്ഷമായ അധിനിവേശ രൂപങ്ങള്‍, അമിതമായ അധികാരകേന്ദ്രീകരണം, ന്യൂനപക്ഷങ്ങളുടെ അപരവൽക്കരണം, ലാഭത്തിന്നുമാത്രമായി മുതലാളിത്തം നടത്തുന്ന അതിർവിട്ട പ്രകൃതിചൂഷണം, മാധ്യമഹിംസയുടെ രൂപമായ കപടപ്രചാരണം ഇവയ്ക്കെല്ലാം എതിര്‍ നില്‍ക്കണം. കലയ്ക്ക് അതുമായി ബന്ധപ്പെടുന്നവരുടെ കാഴ്ചപ്പാടുകളെ സ്വാധീനിക്കാന്‍ കഴിവുണ്ട്. അങ്ങനെ അത് ലോകത്തെ മാറ്റാനുള്ള പ്രവര്‍ത്തനത്തിന്റെ ബീജമായി മാറുന്നു.

? പീഡനകാലത്ത് ഭാഷ  എങ്ങനെയാണ് വ്യത്യസ്തമാകുന്നത്? ‘സ്വാസ്ഥ്യം’  എന്ന വാക്ക് ‘അസ്വാസ്ഥ്യം’ ആകുന്നു എന്ന ‘നിഘണ്ടു’ വിലെ വരി ഓര്‍ത്തുകൊണ്ടാണ് ചോദിക്കുന്നത്. 

=  ഭാഷ നിർമിക്കുന്നത് ജനങ്ങളാണെങ്കിലും ഫാസിസത്തിന്റെ കാലത്ത് അത് മർദകരുടെ ആയുധംകൂടി ആയി മാറുന്നു. സമീപകാലത്ത് ഇന്ത്യയില്‍ പല വാക്കുകള്‍ക്കും അര്‍ഥം തിരിച്ചായിട്ടുണ്ട്.  ‘മനുഷ്യാവകാശപ്രവര്‍ത്തകര്‍ ‘ഭീകരവാദി’കളും ‘അര്‍ബന്‍ നക്സലു’കളും ആകുന്നു. രാജ്യത്തെ സ്നേഹിക്കുകയും ഭരണഘടന ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്നവര്‍ ‘ദേശദ്രോഹി’കള്‍ ആകുന്നു. രാജ്യദ്രോഹികള്‍ ‘ദേശസ്നേഹികള്‍’ ആകുന്നു. ഗാന്ധിയെ കൊന്ന ഗോഡ്സെയും ബ്രിട്ടീഷുകാര്‍ക്ക് അവരെ സേവിച്ചുകൊള്ളാം എന്ന് മാപ്പെഴുതിക്കൊടുത്തു ജയില്‍മുക്തനായ സവര്‍ക്കറും ‘വീര’രും ‘ത്യാഗി’കളും ‘ബലിദാനി’ കളും ആകുന്നു. 

  ഒരു ഹിന്ദുവും മുസ്ലിമും തമ്മിലുള്ള പ്രണയവിവാഹം ‘ലവ് ജിഹാദ്’  ആകുന്നു. ഇവിടെ തലമുറകളായി ജീവിച്ച മനുഷ്യര്‍ ഒരു ദിവസം പെട്ടെന്ന് ‘വിദേശി’കളാകുന്നു. ‘വികസനം’  എന്നാല്‍ ചില വന്‍മുതലാളിമാരുടെ ലാഭവര്‍ധനയുടെ നവമാർഗങ്ങള്‍ മാത്രമാകുന്നു ചരിത്രം തല തിരിച്ചു വായിക്കപ്പെടുന്നു. മിത്ത് സയന്‍സാകുന്നു, മറിച്ചും. അത്തരം ഒരു സന്ദര്‍ഭത്തില്‍ സത്യം പറയാന്‍ ഒരു മറുഭാഷ വേണ്ടിവരുന്നു. ‘നാവുമര’ത്തിന്റെ സന്ദര്‍ഭത്തില്‍ ഞാന്‍ അത്‌ സൂചിപ്പിച്ചു. നാസി ജർമനിയില്‍നിന്ന് ഓടിപ്പോയ എഴുത്തുകാര്‍ പറഞ്ഞത് തങ്ങള്‍ ജീവന്‍ രക്ഷിക്കാന്‍ ഓടിപ്പോവുകയാണെന്നല്ല, തങ്ങളുടെ ഭാഷയുടെ മജ്ജയില്‍ അസത്യം കയറിക്കൂടിയതുകൊണ്ട് സത്യം പറയാനായി സ്വന്തം ഭാഷയെ രക്ഷിക്കാന്‍ നാട് വിടുകയാണ് എന്നാണ്‌.

സമീപകാലത്ത് ‘ഭാഷയുടെ പീഡനാലയം’ എന്ന ലേഖനത്തില്‍ സ്ലാവോയ് സിസെക്

സിസെക്

സിസെക്

പറയുന്നുണ്ട്, ഹെയ്‌ദഗര്‍ പറഞ്ഞ പോലെ ഭാഷ സത്തയുടെ വീടാണെങ്കില്‍, ആ വീട്ടില്‍ താമസിക്കുന്നത് അസത്യമാണെങ്കില്‍, അത് തകര്‍ക്കുകയും ഭാഷയെ പീഡിപ്പിച്ചു സത്യം പറയിക്കയും വേണ്ടിവരും എന്ന്. ഇന്നത്തെ ഇന്ത്യയില്‍ ഒരു ഗീബൽസ്‌ അല്ലാ ഉള്ളത്, അനേകം ഗീബൽസുമാരാണ്. മാധ്യമങ്ങളില്‍ ബഹുഭൂരിപക്ഷവും ഭാഷയില്‍ നുണ നിറച്ചുകൊണ്ടിരിക്കുന്നു. അപ്പോള്‍ കവിക്ക്‌ സംസാരിക്കാന്‍ നിലവിലുള്ള ഭാഷ തികയാതെ വരുന്നു, ചിലപ്പോള്‍ തടസ്സംപോലുമാകുന്നു.

പുതിയ രൂപങ്ങളും ശൈലികളും ഘടനകളും സൃഷ്ടിക്കാന്‍ കവികള്‍ നിര്‍ബന്ധിക്കപ്പെടുന്നു. കവികള്‍ മാത്രമല്ല, മറ്റു കലാകാരരും സാഹിത്യകാരരുമെല്ലാം കവികള്‍ മുന്‍പേ പറക്കുന്ന പക്ഷികള്‍ ആണെന്നുമാത്രം അതുകൊണ്ട് ഉരുണ്ടുകൂടുന്ന ഇരുട്ടും വിരിഞ്ഞു വരുന്ന മഴവില്ലും അവര്‍ ആദ്യം കാണുന്നു.

അവര്‍ പറയുമ്പോള്‍  ചിലപ്പോള്‍ സമൂഹം  വെറും ഭ്രമം എന്ന് കരുതും, പക്ഷേ ക്രമേണ അവര്‍ സത്യം മനസ്സിലാക്കും ചിലപ്പോള്‍ അപ്പോഴേക്കും സമയം വൈകിയിരിക്കുമെങ്കിലും. “ഓഷ്വിറ്റ്സിനുശേഷം കവിത അസാധ്യമാണ്” എന്ന് തിയോഡോര്‍ അഡോണോ

അഡോണോ

അഡോണോ

പറഞ്ഞപ്പോള്‍ അദ്ദേഹം ഉദ്ദേശിച്ചത്‌ കവിത ഇനി ഉണ്ടാവില്ല എന്നല്ല, പഴയ രീതിയില്‍ ഇനി കവിത എഴുതാന്‍ കഴിയില്ല എന്നാണ്‌. കവികള്‍ എന്നും ആഗ്രഹിക്കുന്നത് പനിനീര്‍പ്പൂക്കളെയും കുയില്‍പ്പാട്ടിനെയും പ്രണയത്തെയുമൊക്കെക്കുറിച്ച് എഴുതാന്‍ തന്നെ, പക്ഷേ ചുറ്റും ബലികള്‍ നടക്കുമ്പോള്‍ അവര്‍ക്ക്  നെരൂദയെപ്പോലെ, “വരൂ, ഈ തെരുവിലെ രക്തം കാണൂ” എന്ന് നിലവിളിക്കേണ്ടി വരുന്നു.  രക്തവും സ്നേഹവും നിറഞ്ഞ പുതിയ ബിംബങ്ങളും രൂപകങ്ങളും കണ്ടെത്തേണ്ടി വരുന്നു.

? ‘ജനിക്കുമ്പോള്‍ എനിക്കൊരു നാടുണ്ടായിരുന്നു, മരിക്കുമ്പോള്‍ ഞാന്‍ ഒരഭയാർഥി’ ‐  ‘വൃദ്ധനായ ഒരു കവിയുടെ ആത്മഹത്യാക്കുറിപ്പ്’ എന്ന കവിതയിലെ ഈ വരികളിലെ സങ്കടമാണോ ഫാസിസ്റ്റ് കാലത്തെ ഏതു എഴുത്തുകാരന്റെയും ഏറ്റവും വലിയ നൊമ്പരം...

=  സ്വന്തം പൗരരെ അഭയാർഥികളാക്കുന്ന ഏതു ഭരണകൂടത്തിന്റെയും കാലത്ത് കവികള്‍ക്കുണ്ടാവുന്ന നൊമ്പരമാണത്. ജനാധിപത്യം അനാഥവും അർഥശൂന്യവുമാകുമ്പോള്‍ പൗരസമൂഹം അന്യരും വിദേശികളുമായി മാറുന്നു, ഭരണകൂടത്തിന്റെ ഹിതങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള വെറും ‘സാധന’ങ്ങള്‍. (പണ്ട് മനകളില്‍ സ്ത്രീകളെ വിളിച്ചിരുന്ന പേര്). തന്റെ നാട് തന്റേതല്ലാതാകുന്നു എന്നും താന്‍ ജനിച്ച കാലത്തുണ്ടായിരുന്ന പ്രതീക്ഷകള്‍ ഒന്നൊന്നായി കെട്ടുപോകുന്നു എന്നും തിരിച്ചറിയുന്ന നിമിഷം വലിയ, ദുഃഖകരമായ, വിവേകത്തിന്റെ നിമിഷമാണ്. ആത്മഹത്യ ചെയ്താലും ഇല്ലെങ്കിലും വ്യക്തികള്‍ അത്തരം വ്യവസ്ഥകളിലും  മൃതതുല്യരും ഇച്ഛാഹീനരുമാണ്.

? നമ്മള്‍ എങ്ങനെയാണ് അതിജീവിക്കുക? ‘ജനിക്കാത്തവള്‍’, ‘ഉരുക്കുമനുഷ്യനും മെഴുകുമനുഷ്യനും’  എന്നീ കവിതകളില്‍ അത് കാണുന്നുണ്ട്. ലോകചരിത്രവും അത് തെളിയിക്കുന്നു. പക്ഷേ ഈ ദുഷ്ടശക്തികള്‍ വളര്‍ന്നു വലുതാവുകയല്ലേ?  

= എനിക്ക് കൃത്യമായ ഒരു ഉത്തരം ഉണ്ടെന്ന്‌ ഞാന്‍ അവകാശപ്പെടുന്നില്ല. അതേസമയം എനിക്ക് ഇപ്പോഴും ജനങ്ങളില്‍ പ്രതീക്ഷ നഷ്ടമായിട്ടില്ല. സത്യം എത്രകാലം അവരില്‍നിന്ന്‌ മൂടിവയ്ക്കാന്‍ കഴിയും? പുണെയിലെ ഫിലിം ആന്‍ഡ്‌ ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ഹൈദരാബാദ് ഡല്‍ഹി ജവഹർലാല്‍ നെഹ്‌റു സർവകലാശാലകള്‍, ഐഐടികള്‍ ഇവിടങ്ങളില്‍ നടന്ന സമരങ്ങള്‍, എഴുത്തുകാരും കലാകാരന്മാരും  കേന്ദ്ര അക്കാദമികളുടെ പുരസ്കാരം തിരിച്ചുനല്‍കിയും സ്ഥാനങ്ങള്‍ പരിത്യജിച്ചും നടത്തിയ പ്രതിഷേധം, പൗരാവകാശനിയമ ഭേദഗതിക്കെതിരെ നടന്ന വലിയ പ്രക്ഷോഭം, കര്‍ഷകര്‍ അവരെ  ബില്ലുകളിലൂടെ മൂലധനത്തിന്റെ അടിമകളാക്കാന്‍ നടത്തിയ ശ്രമത്തിനെതിരേ നടത്തിയ വന്‍സമരം, വേട്ടയാടപ്പെട്ടിട്ടും ഇന്നും പിടിച്ചുനില്‍ക്കുന്ന പ്രതിപക്ഷ മാധ്യമങ്ങള്‍, കീഴാളവിഭാഗങ്ങളുടെയും സ്ത്രീകളുടെയും ക്വീര്‍ വിഭാഗത്തിന്റെയും  ന്യൂനപക്ഷങ്ങളുടെയും ഉണര്‍ച്ചകള്‍ എല്ലാ വെളിച്ചവും കെട്ടു എന്ന് പറയാറായിട്ടില്ല.

ഇപ്പോഴും വലതുപക്ഷം ഇന്ത്യയില്‍ ജനസംഖ്യാപരമായും സമ്മതിദാനാടിസ്ഥാനത്തിലും ഭൂരിപക്ഷമായി നടിക്കുന്ന ഒരു ന്യൂനപക്ഷം തന്നെയാണ്. ഇന്ന് പ്രതിപക്ഷങ്ങള്‍ ഒന്നിച്ചുനിന്നാല്‍ അനായാസമായി ബിജെപിയെ തോല്‍പ്പിക്കാന്‍ കഴിയും. അതോടൊപ്പം നാം നമ്മുടെതന്നെ ഉള്ളില്‍ പതിയിരിക്കുന്ന ശത്രുവിനെ കാണുകയും, സമരം പ്രധാനമായും നടക്കുന്നത് സാംസ്കാരികരംഗത്താണ് എന്ന് തിരിച്ചറിയുകയും വേണം.

ഫാസിസം പിടികൂടുന്നത് ജനതയുടെ അബോധത്തെയാണ്.  പാരമ്പര്യം അതിന്‌ ഇന്ധനമാവുന്നു.ജാതിമതാദി വിഭജനങ്ങള്‍    അതിന്‌ പിന്‍ബലമാകുന്നു.

ഫാസിസം പിടികൂടുന്നത് ജനതയുടെ അബോധത്തെയാണ്.  പാരമ്പര്യം അതിന്‌ ഇന്ധനമാവുന്നു.ജാതിമതാദി വിഭജനങ്ങള്‍    അതിന്‌ പിന്‍ബലമാകുന്നു. അത് നുണകള്‍ ആവര്‍ത്തിച്ചുസത്യമാക്കുന്നു. ബാല്യം മുതലേ അത് മനസ്സുകളില്‍ വിദ്വേഷത്തിന്റെ വിഷം നിറയ്ക്കുന്നു. സാരം ചോര്‍ത്തിക്കളഞ്ഞ്‌  ദേശസ്നേഹത്തെ അഹന്തയാക്കിമാറ്റി ആയുധമാക്കുന്നു. പ്രത്യക്ഷമായ അടിച്ചമര്‍ത്തല്‍ നമുക്കു കാണാനെങ്കിലും ആകും, പക്ഷേ നമ്മുടെ വിചാരങ്ങളെയും വികാരങ്ങളെയും ബാധിക്കുന്ന മഹാരോഗം നാം അറിയാതെ നമ്മെത്തന്നെ അവര്‍ക്ക് ഒറ്റിക്കൊടുക്കുന്നു. യുദ്ധസജ്ജമായ  ഭരണകൂടത്തെ നമുക്ക്‌ ഹിംസകൊണ്ട് നേരിടാനാവില്ല, പക്ഷേ സത്യംകൊണ്ടും നിര്‍ഭയത്വം കൊണ്ടും ഐക്യംകൊണ്ടും നേരിടാനാകും.

? ഈ സ്വപ്നം ഉള്ളിൽവച്ച് കൊണ്ടുതന്നെയാണോ ‘ആകാശം പക്ഷിയുടെ ഉള്ളില്‍ തന്നെയാണ്’ എന്നെഴുതിയത്?

= ആ വരിയെ വ്യാഖ്യാനിക്കാവുന്ന പല രീതികളില്‍ ഒന്ന് ഇതും ആകാം. നമ്മുടെ സ്വാതന്ത്ര്യം നമ്മിൽ എന്നാവും അതിന്റെ ബൃഹദ് വ്യാഖ്യാനം.

? ‘കൃഷ്ണം കുളങ്ങരയിലെ ദേശസ്നേഹികള്‍’ എന്ന കവിത നിശ്ശബ്ദമായി കടന്നുവരുന്ന ഫാസിസത്തെക്കുറിച്ചുള്ള മുന്നറിയിപ്പായിരുന്നില്ലേ...

സച്ചിദാനന്ദനും എം ടിയും           ഫോട്ടോ: ജനാർദ്ദനൻ മൊണാലിസ

സച്ചിദാനന്ദനും എം ടിയും ഫോട്ടോ: ജനാർദ്ദനൻ മൊണാലിസ

= ഫാസിസം എന്നും  സ്വന്തം വളര്‍ച്ചയ്ക്ക് കരുവാക്കിയിട്ടുള്ളത് ദേശസ്നേഹത്തെയാണ്. എന്നാല്‍ അത് സങ്കുചിതമായ, സ്വന്തം ആകാരത്തില്‍ സൃഷ്ടിക്കപ്പെട്ട ഒരു ദേശത്തോടുള്ള, സ്നേഹമാണ്. ആ ദേശത്തില്‍ സ്വതന്ത്ര ചിന്തകരില്ല, വിമര്‍ശകരില്ല, തങ്ങളുടെ പദ്ധതികള്‍ക്ക് എതിര്‍നില്‍ക്കുന്ന ആരുമില്ല. അവരെല്ലാം അപരരോ വിദേശികള്‍പോലുമോ ആക്കപ്പെടുന്ന ഒരു നാടാണ് അത്. അവര്‍ ദേശത്തിന്റെ പാരമ്പര്യത്തില്‍നിന്ന് തങ്ങള്‍ക്ക്‌ ഇഷ്ടമില്ലാത്തതെല്ലാം എടുത്തു മാറ്റുന്നു. നമ്മുടെ തത്വചിന്തയില്‍ സാംഖ്യം, ചാർവാകം, ബുദ്ധം, ജൈനം തുടങ്ങിയ ധാരകളുണ്ട്.

നമ്മുടെ സാഹിത്യത്തില്‍ എല്ലാ മതങ്ങളിലുംപെട്ട മനുഷ്യരും എല്ലാ ദേശങ്ങളിലും നിന്നുവന്ന രൂപങ്ങളുമുണ്ട്. നമ്മുടെ വാസ്തുശില്‍പ്പത്തില്‍ പേഴ്സ്യന്‍ ഗോഥിക് സ്വാധീനങ്ങളുണ്ട്. അജന്തയിലെയും എല്ലോറയിലെയും ഗുഹാചിത്രങ്ങളും താജ്മഹലും ഹുമയൂണിന്റെ ശവകുടീരവും അക്ബറുടെ കോട്ടയും  ബുദ്ധ വിഹാരങ്ങളും ജൈനക്ഷേത്രങ്ങളും ഗംഭീരങ്ങളായ ക്രിസ്ത്യന്‍ പള്ളികളും, മധുര മീനാക്ഷിക്ഷേത്രംപോലെ തന്നെ നമ്മുടെ പാരമ്പര്യത്തിന്റെ ഭാഗമാണ്. ഹിന്ദുസ്ഥാനി സംഗീതത്തില്‍ പേഴ്സ്യന്‍ ഘടകങ്ങള്‍ ഉണ്ട്, നമുക്ക്‌ ഗസല്‍, ഖവ്വാലി, പള്ളികളിലെ കോറല്‍ മ്യൂസിക് തുടങ്ങിയ ഗാനരൂപങ്ങളുമുണ്ട്.

സംസ്കാരത്തിന്റെ ഏതുരംഗം എടുത്താലും ഈ ബഹുസ്വരത കനം. അത് ഇല്ലാതാക്കി ഏകശിലാരൂപമായ ഒരു സംസ്കാരവും, ഇവിടെ ഒരിക്കലും ഇല്ലാതിരുന്ന രൂപത്തിലുള്ള ഒരു ഹിന്ദുമതവും സൃഷ്ടിച്ച്‌ ഇന്ത്യയെ ഒരു മതരാഷ്ട്രമാക്കാനാണ് അവരുടെ ശ്രമം.  

അതിന്‌ പ്രധാന തടസ്സങ്ങളായി അവര്‍ കാണുന്നത് ഇതര മതങ്ങള്‍, കമ്യൂണിസം ഉള്‍പ്പെടെയുള്ള സോഷ്യലിസത്തിന്റെ ഭിന്നരൂപങ്ങള്‍, സവർണരുടെ ആധിപത്യം ചെറുക്കുന്ന ദളിതര്‍, ആദിവാസികള്‍, പുരുഷമേല്‍ക്കോയ്മയെ ചെറുക്കുന്ന സ്ത്രീവിഭാഗങ്ങള്‍, ക്വീര്‍ വിഭാഗങ്ങള്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍ തുടങ്ങിയവരെയാണ്. ഭരണഘടനയെ അവര്‍ മാനിക്കുന്നില്ല. ഗാന്ധിയും നെഹ്‌റുവും അംബേദ്‌കറുമെല്ലാം അവര്‍ക്ക് ശത്രുക്കളാണ്. കൃഷ്ണംകുളങ്ങര എന്ന സാങ്കല്‍പ്പിക ഗ്രാമം അവരുടെ ലക്ഷ്യ  ദേശമാണ്.

?  ഇടതുപക്ഷം നിരന്തരം പുനര്‍നിർവചിക്കപ്പെടേണ്ട ഒരു പ്രതിപക്ഷ സങ്കല്‍പ്പമാണ് എന്ന് അങ്ങ് എഴുതിയിട്ടുണ്ട്. എന്താണ് അതിലൂടെ അര്‍ഥമാക്കുന്നത്?

ഇത് ഒരു മാര്‍ക്സിയന്‍ സങ്കൽപ്പനം തന്നെയാണ്‌. ‘ഞാന്‍ ഒരു മാര്‍ക്സിസ്റ്റ് അല്ലാ’ എന്ന് പറഞ്ഞപ്പോള്‍ മാര്‍ക്സ് മുന്നില്‍ കണ്ടത് ചരിത്രത്തിന്റെ ഗതിവിഗതികള്‍ക്കൊത്തുമാറുന്ന ഒരു മാര്‍ക്സിസം ആണ്. “മൂലധനം’’ എന്ന ഗ്രന്ഥത്തെ ഒരു ബൈബിള്‍ ആയല്ല അദ്ദേഹം കണ്ടത്, ഒരു അന്വേഷണത്തിന്റെ ആരംഭം ആയാണ്. അതുകൊണ്ടാണ് ആദ്യകാല മാര്‍ക്സില്‍നിന്ന് മധ്യകാല മാര്‍ക്സിലേയ്ക്കും പിൽക്കാല മാര്‍ക്സിലേക്കുമെല്ലാം അദ്ദേഹം പരിണമിച്ചത്‌.

വിപ്ലവശക്തി തൊഴിലാളി വർഗം മാത്രമാകണമെന്നില്ലാ എന്ന് അമേരിക്കയിലെ കറുത്ത അടിമകളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ്   ഉദാഹരണമാക്കി അദ്ദേഹം കണ്ടെത്തുന്നുണ്ട്. സമാധാനപരമായ പരിവര്‍ത്തനത്തിന്റെ സാധ്യതയും

ലെനിന്‍

ലെനിന്‍

അംഗീകരിക്കുന്നുണ്ട്. മാര്‍ക്സിന്നുപിറകേ വന്ന ലെനിന്‍, ഗ്രാംഷി, റോസാ ലക്സംബര്‍ഗ്, മാവോ, അല്‍തൂസര്‍, അഗംബന്‍, സിസെക്, ഹാര്‍ട്ട്, നെഗ്രി തുടങ്ങി എത്രയോ ചിന്തകര്‍ മാര്‍ക്സിസ്റ്റ് ചിന്തയെ കാലാനുസൃതമായി  മുന്നോട്ട്‌ കൊണ്ടുപോയിട്ടുണ്ട്. അപ്പോള്‍ നാം നമ്മുടെ കാലത്തും ദേശത്തും പ്രസക്തമായ ഒരു ഇടതുപക്ഷ സങ്കല്പം രൂപീകരിക്കണം. നമുക്ക് പൂർവ മാതൃകകള്‍ പ്രചോദനം നല്‍കാം, പക്ഷേ അവയെ യാന്ത്രികമായി അനുകരിക്കാനാവില്ല.

?  സച്ചിദാനന്ദന്റെ കവിതയിലെ ബുദ്ധ സങ്കല്‍പ്പവും ക്രിസ്തുസങ്കല്‍പ്പവും  എന്നെ വളരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്  . ഹിംസാത്മകനും രണധീരനുമായ ബുദ്ധനും ആയുധമേന്തുന്ന കലാപകാരിയായ ക്രിസ്തുവും. ഈ സങ്കല്‍പ്പ വ്യതിയാനം എന്തുകൊണ്ടാണ്?

= എന്റെ ബുദ്ധ ക്രിസ്തു സങ്കൽപ്പങ്ങള്‍ എല്ലാ കവിതയിലും ഒന്നുതന്നെയല്ലാ എന്ന് ആദ്യമേ പറയട്ടെ. ഇരുവരിലും എന്നെ ആകര്‍ഷിച്ച പൊതുഘടകം കരുണ എന്ന മൂല്യമാണ്. പഞ്ചാബിലും കലഹണ്ടിയിലും അലയുന്ന ബുദ്ധന്‍, അഥവാ ‘പ്രണയ ബുദ്ധ’നിലെയും ‘കവിബുദ്ധ’നിലെയും ബുദ്ധന്‍, ആര്‍ദ്ര മാനസനും ഹിംസാവിരോധിയും ആണ്.  ‘പിയെത്ത’, ‘ആത്മാഹുതി’ തുടങ്ങി മിക്ക കവിതകളിലേയും ക്രിസ്തുവും അതെ.

അതേസമയം വിപ്ലവത്തിന്റെ രൂപത്തില്‍ വരുന്ന കരുണ, ചൂഷകര്‍ക്കെതിരെ വേണ്ടിവന്നാല്‍ ആയുധം പ്രയോഗിക്കാന്‍ തയ്യാറായ കരുണയാണ്. ചാട്ടവാറേന്തി പള്ളിയില്‍നിന്ന് കച്ചവടക്കാരെ പുറത്താക്കുന്ന ഒരു ക്രിസ്തു ഉണ്ടെന്ന്‌ നാം മറക്കരുത്, ഒപ്പം ലോകത്തിനുമുഴുവന്‍ കരുണ പഠിപ്പിക്കാന്‍ യശോധരയും രാഹുലനെയും വിട്ടുപോരേണ്ടി വരുന്ന ബുദ്ധനും ഉണ്ട്. “അഹിംസയെക്കുറിച്ച്‌ ഒരു സംവാദം” എന്ന കവിതയില്‍ ഗാന്ധിയും ചില അവസരങ്ങളിലെ ഹിംസയെ ന്യായീകരിക്കുന്നുണ്ട്‌.

ഇത് ഞാന്‍ സങ്കൽപ്പിച്ചുണ്ടാക്കിയതല്ല, കുറെ സ്ത്രീകള്‍ തങ്ങള്‍ മാനഭംഗത്തിന്നിരയാവുമ്പോള്‍ മൗനം പാലിക്കണോ എന്ന് ചോദിച്ചപ്പോള്‍ ഗാന്ധി  അവരോടുപറഞ്ഞത് പല്ലും നഖവും ഉപയോഗിക്കാനാണ്.  അഹിംസ ‘കേവലം’ ( absolute)  അല്ലാ എന്നർഥം, ആപേക്ഷികമാണ്. ഗാന്ധിയുടെ സങ്കല്‍പ്പത്തിൽത്തന്നെ അഹിംസ ഒരു നിഷ്ക്രിയ പരികല്‍പ്പന ആയിരുന്നില്ല; അത് ഒരു ആയുധമായിരുന്നു, സക്രിയമായ എതിര്‍പ്പിന്റെ രൂപമായിരുന്നു. മിണ്ടാതെ അനുസരിക്കാന്‍ ഗാന്ധി ശിഷ്യരെ ഉപദേശിച്ചില്ല, സ്വാതന്ത്ര്യത്തിനും നീതിക്കുമായി  നിയമം ലംഘിക്കാനും നിസ്സഹകരണത്തിനും ജനതയെ പ്രേരിപ്പിക്കുകയാണ് ചെയ്തത്.

നിരാഹാരംപോലും ആത്മീയമായ ഒരു ശക്തിപ്രയോഗമാണ് എന്ന് കരുതിയ ചിന്തകര്‍ ഉണ്ട് അതില്‍ ഒരു നിര്‍ബന്ധിക്കല്‍ ചിലരുടെ ഭാഷയില്‍ blackmailing ഉണ്ടല്ലോ. എന്നാല്‍ ഗാന്ധി ജനതയെ ശാക്തീകരിക്കാനാണ് ഈ തന്ത്രങ്ങള്‍ ഉപയോഗിച്ചത്. ‘പ്രതിഷേധിക്കൂ’ എന്ന പരോക്ഷമോ പ്രത്യക്ഷമോ ആയ ആഹ്വാനം  ഇവരില്‍ എല്ലാം ഉണ്ട്. ഉറങ്ങിക്കിടക്കുന്നവരെ പ്രളയം വിഴുങ്ങുമെന്ന്‌ ബുദ്ധന്‍ ധർമ്മപദത്തില്‍ പറയുന്നുണ്ട്. മൂന്നു പേരും ഉണരാനാണ് പറഞ്ഞത്, കലാപം ആ ഉണര്‍ച്ചയുടെ സ്വാഭാവിക ഫലമാണ്. വലിയ ആയുധസന്നാഹമുള്ള ശക്തികളെ ആയുധത്താല്‍ തോല്‍പ്പിക്കാന്‍ കഴിയില്ലാ എന്ന പ്രായോഗികമായ തിരിച്ചറിവും അതില്‍ ഉണ്ട്.

? പരിസ്ഥിതിചിന്തകള്‍ വലിയ വിമര്‍ശങ്ങള്‍ നേരിടുന്ന ഈ കാലത്തുനിന്ന് ചോദിക്കട്ടെ: എന്താണ് സച്ചിദാനന്ദന്‍ കവിതകളിലെ പരിസ്ഥിതി ദര്‍ശനം...

= അത് നിരൂപകര്‍ കണ്ടുപിടിക്കേണ്ടതാണ്. സൈലന്റ് വാലിയുടെ കാലം മുതലെങ്കിലും ഞാന്‍ പരിസ്ഥിതിക്ക് അനുകൂലമായ, എന്നാല്‍ വികസന വിരുദ്ധമല്ലാത്ത, നിലപാടുകള്‍ എടുത്തിട്ടുണ്ട്.  എപ്പോഴും എന്റെ പ്രതികരണങ്ങളെ നയിച്ചിട്ടുള്ളത് രണ്ട്‌ അടിസ്ഥാന തത്വങ്ങള്‍ ആണ്: ഒന്ന്, ആര്‍ക്കുവേണ്ടിയുള്ള വികസനം? ദരിദ്രര്‍ക്കോ ധനികര്‍ക്കോ? ഇത് ഒരു ഗാന്ധിയന്‍ മാര്‍ക്സിയന്‍ നിലപാടാണ്. രണ്ട്, ഈ പദ്ധതി നമ്മുടെ പ്രകൃതിയെ പുഴകളെ, മലകളെ, കാടുകളെ, കടലിനെ, അതുവഴി നമ്മെയും, വിശേഷിച്ചും കീഴാള ജനതകളെ   എങ്ങനെ ബാധിക്കും? കാലാവസ്ഥാവ്യതിയാനം ഒരു ദൈനംദിനാനുഭവമായിക്കഴിഞ്ഞ ഈ കാലത്ത് മനുഷ്യരാശിയുടെയും ഭൂമിയുടെയും ഭാവിയെ അത് എങ്ങനെ ബാധിക്കും എന്ന കൂടുതല്‍ വലിയ ഒരു ചോദ്യം കൂടി ഉണ്ട്.

? അതിരുകള്‍ കവിതകളെയും കവിതയേയുംചെറുതാക്കുന്നുണ്ടോ? പല കവിതകളിലും അത്തരം പരാമര്‍ശങ്ങള്‍ കാണുന്നു. ആത്യന്തികമായി അതിര്‍ത്തികള്‍ ഫാസിസത്തിന്റെ അടിത്തറയുമാണല്ലോ.

= ‘ലാല്‍ ദെദ് അതിര്‍ത്തികള്‍ക്കെതിരെ സംസാരിക്കുന്നു’, ‘യുദ്ധം കഴിഞ്ഞ്’ തുടങ്ങിയ കവിതകള്‍മുതല്‍ സമീപകാലത്തെ ‘ മരിച്ചു കിടക്കുന്നവന്റെ ചോദ്യങ്ങള്‍’, ‘സൈനികന്റെ കത്ത്’ തുടങ്ങിയ കവിതകൾവരെ ഞാന്‍ മനുഷ്യനിർമിതമായ അതിര്‍ത്തികളുടെ സാധുതയെ ചോദ്യം ചെയ്തിട്ടുണ്ട്. മനുഷ്യ നിർമിതമായ ഈ അതിര്‍ത്തികള്‍ ദേശങ്ങള്‍ക്കുമാത്രമല്ല ഉള്ളത്, വർഗം, ലൈംഗികത, വർണം, ജാതി ഇങ്ങനെയുള്ള അതിര്‍ത്തികള്‍ക്കും ബാധകമാണ്. വിസയും പാസ്‌പോർട്ടുകളും ആവശ്യമില്ലാത്ത പുഴകളെപ്പോലെയാകണം മനുഷ്യരുടെ ലോകവും എന്ന് ഞാന്‍ പല രചനകളിലും സൂചിപ്പിച്ചിട്ടുണ്ട്, യുദ്ധങ്ങളുടെയും സങ്കുചിത ദേശീയതകളുടെയും  അപകടത്തെക്കുറിച്ച് താക്കീത് നല്‍കിയിട്ടുണ്ട്.

? പരിഭാഷകള്‍ സച്ചിദാനന്ദന്റെ കാവ്യജീവിതത്തിന്റെ ഒരു വലിയ ദൗത്യമായി തുടരുന്നു. പരിഭാഷകള്‍ക്ക് കവിതകള്‍ തെരഞ്ഞെടുക്കുന്നതിന്റെ മാനദണ്ഡം എന്താണ്...

= കവിതകള്‍ ആസ്വദിക്കുന്നതിന്റെ  മാനദണ്ഡങ്ങള്‍തന്നെ നീതിബോധം, ലാവണ്യബോധം. ചില കാലങ്ങളില്‍ ഇവയില്‍ ഒന്ന് മുന്നോട്ട്‌ വന്നെന്നുവരാം. എഴുപതുകളില്‍ അഥവാ ഇപ്പോള്‍ എന്ന പോലെ.  ഒരു പുതിയ ഭാവുകത്വം കവിതയില്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഞാന്‍ വിവര്‍ത്തനം ആരംഭിച്ചത്.

പ്രതിരോധത്തിന്റെ കാലങ്ങളില്‍ അത് ഒരു ആയുധവുമായി. ഈ രണ്ട്‌ അംശങ്ങളും എന്റെ പരിഭാഷകളില്‍ കാണും. കവിതയുടെ പലവഴികള്‍ മലയാളിസഹൃദയരെ പരിചയപ്പെടുത്താന്‍ എന്റെ പരിഭാഷകള്‍ പ്രയോജനം ചെയ്തിട്ടുണ്ട് എന്ന് കരുതുന്നു ഷേക്‌സ്‌പിയര്‍ ഗീതകങ്ങളും, നെരൂദാ കവിതകളും, ഭക്തിസൂഫി കവിതകളും എന്റെ ഏറ്റവും പ്രധാന തർജമകളായി ഞാന്‍ കരുതുന്നു എല്ലാ പരിഭാഷകളും  കൂടി 3000 പേജെങ്കിലും വരുമെങ്കിലും.

ദൈവവുമായുള്ള സംഭാഷണങ്ങള്‍ അങ്ങയുടെ ഒരു പരിഭാഷാ ഗ്രന്ഥത്തിന്റെ പേരാണ്. എന്താണ് ദൈവസങ്കൽപ്പം...

 = ആ പുസ്തകം കബീറിന്റെ കവിതകളുടെ പരിഭാഷകളാണ്. എന്റെ പല കവിതകളിലും ദൈവം കടന്നുവരുന്നുണ്ട് ഒരു രൂപകം അഥവാ പ്രതീകം എന്നനിലയില്‍.   ഞാന്‍ ഒരു ദൈവത്തിലും വിശ്വസിക്കുന്ന ആളല്ല. പക്ഷേ അങ്ങനെയൊരു കാവ്യസങ്കല്‍പ്പം പലപ്പോഴും ഉപയോഗപ്രദമായി കണ്ടിട്ടുണ്ട്.

സമരം ചെയ്യുകയും പീഡനം ഏറ്റുവാങ്ങുകയും അടിയേറ്റ്‌ തളരുകയും നീതി സ്വപ്നം കാണുകയും മൂളിപ്പാട്ട് പാടുകയും പ്രണയിക്കുകയും നിരാശപ്പെടുകയും കൂടെ നടക്കുകയും  ഒക്കെ ചെയ്യുന്ന ഒരാളാണ് എന്റെ ദൈവം. ആ ദൈവത്തിനുമതമില്ല, പൂജകളും പ്രാര്‍ഥനകളും പുരോഹിതരും വാഴ്ത്തുകാരും ആവശ്യമില്ല.

എല്ലാ കവികളും ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരുതരത്തില്‍ അന്വേഷിക്കുന്നത് തന്റെ കാലത്തിന്റെ മൂര്‍ത്തിയെ ആണ് എന്ന് ഞാന്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്. കാലത്തിന്റെ ശില്‍പ്പം, അഥവാ ശിൽപ്പസമുച്ചയം നിർമിക്കയാണ് കവികള്‍ എന്നാണ്‌ ഞാന്‍ ഉദ്ദേശിക്കുന്നത്.

ശ്രീനാരായണഗുരു വെറും ഒരു കല്ലെടുത്ത്‌ അത് ദൈവമാണെന്ന് പ്രഖ്യാപിച്ചപ്പോള്‍ കാണിച്ചുതന്നത് വിഗ്രഹാരാധനയുടെ തന്നെ പൊള്ളത്തരം കൂടിയാണ്. നാം ആണ് ഒരു കല്ലിനെയോ മരത്തെയോ ദൈവമാക്കുന്നത്. പ്രകൃതിയുടെ പാവനതയെക്കുറിച്ചുള്ള ഒരു സങ്കല്‍പ്പവും അതിന്നടിയിലുണ്ട് എന്ന് ഞാന്‍ കരുതുന്നു.

കബീറും പറയുന്നുണ്ട്, എങ്ങും ദൈവമുണ്ട് എന്ന് പറയുന്നവര്‍ എന്തിനാണ് ഒരു പ്രത്യേക ദിക്കിലേക്ക് നോക്കി നിസ്കരിക്കുകയോ ക്ഷേത്രങ്ങളില്‍ പോവുകയോ ചെയ്യുന്നതെന്ന്. കലാപോന്മുഖമായ ഒരു ആത്മീയതയാണ് ഇവരുടേത്, അത് എല്ലാതരം  സമത്വങ്ങള്‍ക്കും എതിര്‍ നില്‍ക്കുന്നു. വിമോചനദൈവശാസ്ത്രം അത്തരം ഒരു ദൈവസങ്കൽപ്പം മുന്നോട്ട് വെയ്ക്കുന്നുണ്ട്.   അതുകൊണ്ടാണ് പുരോഹിതര്‍ക്ക് ലാറ്റിനമേരിക്കയില്‍ വിപ്ലവത്തില്‍ അണിചേരാന്‍ കഴിഞ്ഞത്.

? “ഫെം മെന്‍ ഇസ”ത്തിന്റെ  പൂർണബോധ്യങ്ങളാണ് സച്ചിദാനന്ദന്റെ കവിതകളിലെ സ്ത്രീബിംബങ്ങള്‍. ആ സങ്കല്പം വളര്‍ന്നുവന്നതെങ്ങനെ? 

 ഫോട്ടോ: ബിനുരാജ്‌

ഫോട്ടോ: ബിനുരാജ്‌

=  പ്രാഥമികമായും അനുഭവങ്ങളില്‍ നിന്നുതന്നെ. ഞാന്‍ കണ്ടിട്ടുള്ള, അടുത്തിടപഴകിയിട്ടുള്ള, സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ അതിജീവനശക്തി ഉള്ളവരാണ്. എന്റെ അമ്മയും ചേച്ചിയും പങ്കാളിയും എന്റെ സുഹൃത്തുക്കളായ സ്ത്രീകളും ഉള്‍പ്പെടെ.

ആദ്യകാലം മുതല്‍ തന്നെ എന്റെ കവിതയില്‍ ഈ സങ്കൽപ്പം രൂപപ്പെടുന്നുണ്ട്. “കയറ്റം” ഒരു ഉദാഹരണം. അല്ലെങ്കില്‍, “ ഒരു സ്ത്രീയെ സ്നേഹിക്കുകയെന്നാല്‍”.  അത് മുതല്‍ സമീപകാലത്തെ “സ്ത്രീകള്‍”, “പതിമൂന്നുവയസ്സുള്ള പെണ്‍കുട്ടി”മുതലായ രചനകൾവരെ അത് തുടരുന്നു. കവിതയ്ക്ക് പുറത്തും സാറാ ജോസഫിന്റെ “പാപത്തറ”യ്ക്ക്‌ എഴുതിയ അവതാരികയിലും “സാറായണങ്ങള്‍” എന്ന സാറയുടെ രാമായണ കഥകളുടെ പഠനത്തിലും ഇന്ത്യന്‍ സ്ത്രീകവിതയെക്കുറിച്ചുള്ള ലേഖനത്തിലുമെല്ലാം അതുകാണാം. “അവള്‍ ഉള്ളില്‍” എന്ന കവിതയില്‍ ഞാന്‍ എന്നിലെ സ്ത്രീയെ അഭിമുഖീകരിക്കയാണ്. “ന്‍/ള്‍” മറ്റൊരു ഉദാഹരണം.

?  ഇതേ സ്ത്രീകള്‍ക്ക് ഫാസിസ്റ്റ് കാലത്ത് വരുന്ന മാറ്റം എന്താണ്? “സാക്ഷ്യങ്ങള്‍” എന്ന കവിത ഓര്‍ത്തുകൊണ്ടാണ് ചോദ്യം.

= ഫാസിസം സമഗ്രാധിപത്യത്തിന്റെയെന്നപോലെ പുരുഷാധിപത്യത്തിന്റെയും പ്രത്യയശാസ്ത്രമാണ്. പുരുഷാധിപത്യം, അഥവാ പാട്രിയാര്‍ക്കി പുരുഷന്മാരില്‍ മാത്രം ഉള്ളതല്ല, പുരുഷന്മാരില്‍ നിന്ന്” അടക്കവും ‘‘ഒതുക്കവും” ശീലിക്കുന്ന, അവര്‍ വരച്ച ലക്ഷ്മണരേഖയ്ക്കപ്പുറം പോകാത്ത സ്ത്രീകളും ആ പ്രത്യയശാസ്ത്രം ഉള്‍ക്കൊള്ളുന്നുണ്ട്.

അത് തലമുറകള്‍ കൈമാറിക്കൈമാറി ശക്തി നേടിയ ഒരു അടിമത്തമാണ്‌. അതാണ്‌ ശബരിമല സമരത്തിലും നാം കണ്ടത് ഞങ്ങള്‍ക്ക് സ്വാതന്ത്ര്യം വേണ്ട എന്ന് പറയുന്ന സ്ത്രീകള്‍ എല്ലായിടത്തുമുണ്ട്, “സാക്ഷ്യങ്ങ”ളില്‍  ഞാന്‍ കാണിച്ചത് ആ സ്ത്രീകളെയാണ്, പൊട്ടു തൊടുവിച്ച്‌ തിരിയുഴിഞ്ഞ്‌ മുസ്ലിങ്ങളെ കൊല്ലാന്‍ ഭര്‍ത്താക്കന്മാരെയും സഹോദരരേയും യാത്രയയക്കുന്ന സ്ത്രീകള്‍, ഫാസിസത്തെ ഒരു മനോനിലയായി ഉള്‍ക്കൊണ്ടവരാണ്.

സച്ചിദാനന്ദൻ      ഫോട്ടോ: ജനാർദ്ദനൻ മൊണാലിസ

സച്ചിദാനന്ദൻ ഫോട്ടോ: ജനാർദ്ദനൻ മൊണാലിസ

ഭാഷാ വൈവിധ്യത്തിന്റെ നഷ്ടവും ഭാഷകളുടെ മരണവും എങ്ങനെയാവും ഭാവിജീവിതത്തിന്ന്‌ ഭീഷണിയാവുക...

= ഭാഷകള്‍ വെറും വാഗ്സംഘാതങ്ങളല്ല, അവ സംസ്കാരങ്ങളുടെ ഓർമകള്‍ ഉള്‍ക്കൊള്ളുകയും കൈമാറുകയും ചെയ്യുന്ന ലോകവീക്ഷണങ്ങളാണ്. ഒരു ഭാഷ മരിക്കുമ്പോള്‍ ലോകത്തെ നോക്കിക്കാണുന്ന ഒരു രീതി തന്നെയാണ് ഇല്ലാതാകുന്നത്. അപ്പോള്‍ ലോകം തന്നെ ദാരിദ്രമാകുന്നു. ആഗോളീകരണത്തിന്റെ ഏറ്റവും വലിയ ഭീഷണി ഭാഷകളെ അത് കൊല്ലുന്നു എന്നതാണ്.  ഇംഗ്ലീഷും ഹിന്ദിയും എല്ലാം നമുക്കു വേണം, പക്ഷേ അതിനെയൊന്നും നമ്മുടെ ഭാഷയ്ക്ക് മുകളില്‍ പ്രതിഷ്ഠിച്ചുകൂടാ.

ഫാസിസവും ആദ്യം നശിപ്പിക്കുന്നത് ഭാഷകളെയാണ്, അതിലൂടെ സമൂഹത്തിന്റെ ഓർമകളെയും. നാസി ജർമനിയില്‍നിന്ന് ഓടിപ്പോയ എഴുത്തുകാര്‍ പറഞ്ഞത് തങ്ങള്‍ ജീവന്‍ രക്ഷിക്കാനല്ല, തങ്ങളുടെ ഭാഷയെ അസത്യത്തില്‍ നിന്ന് രക്ഷിക്കാനാണ് ഓടിപ്പോകുന്നത്‌ എന്നാണ്‌. ഭാഷ സത്തയുടെ ഭവനമാണെന്ന് ഹെയ്ദഗര്‍ പറയുന്നുണ്ട്. ആ ഭവനത്തില്‍ വസിക്കുന്നത് അസത്യമാണെങ്കില്‍, സത്യം പറയുന്ന എഴുത്തുകാര്‍ക്ക് ഭാഷയെ പീഡിപ്പിച്ചു സത്യം പറയിക്കേണ്ടി വരും എന്ന് സ്ലാവോയ് സിസെക് പറയുന്നു.

അപ്പോള്‍ ഭാഷ മാറുന്നു, ജർമനിയിലെ പോള്‍ സെലാന്റെ കവിതയിലും മറ്റും കാണുംപോലെ ശ്ലഥമാകുന്നു. നാം കടന്നു പോകുന്നതും അത്തരം ഒരു കാലത്തിൽ കൂടിയാണ്. “ഓഷ് വിറ്റ്സിനു ശേഷം കവിത സാധ്യമല്ല” എന്ന് പറയുമ്പോള്‍ അഡോണോ ഉദ്ദേശിക്കുന്നതും ഇതുതന്നെ പഴയ രീതിയിലുള്ള കവിത സാധ്യമല്ലാ എന്ന്. അപ്പോള്‍ ജീവിതത്തിന്റെ അവശിഷ്ടങ്ങളില്‍നിന്ന് കവിത കണ്ടെത്തേണ്ടി വരുന്നു.

? പൂർവകാലത്തുനിന്ന്‌ ഒരാള്‍ പുനര്‍ജനിക്കണം എന്നാഗ്രഹിക്കുന്നുവെങ്കില്‍ അതാരാണ്? എന്തുകൊണ്ട്...

= അങ്ങനെ വരുന്ന ഒരാളെ ഇന്നത്തെ ലോകം അമ്പരപ്പിക്കും എന്നാണ്‌ എന്റെ ഭയം.  അത് എനിക്ക് പ്രിയപ്പെട്ട ബുദ്ധന്‍, ക്രിസ്തു, മാര്‍ക്സ്, ഗാന്ധി, ശ്രീനാരായണന്‍ ആരായാലും. അവര്‍ തങ്ങളുടെ ഉപദേശങ്ങള്‍ ഉപേക്ഷിക്കപ്പെട്ടതായും, അപഗ്രഥനങ്ങള്‍ അപൂർണം ആയതായും കണ്ടെത്തും.

അഥവാ അതിജീവിച്ചാല്‍, പറഞ്ഞതും എഴുതിയതും പലതും പുതിയ സന്ദര്‍ഭത്തിന്നനുസരിച്ച്‌ മാറ്റി എഴുതും. അല്ലെങ്കില്‍ വിമോചനദൈവശാസ്ത്രം ക്രിസ്തുവിനെ വായിച്ചതുപോലെ, ഗ്രാംഷി മുതല്‍  അൽതുസ്സര്‍, നെഗ്രി, തോമസ്‌ പിക്കെറ്റി തുടങ്ങിയവർവരെയുള്ളവര്‍ മാര്‍ക്സിനെ വായിച്ചതു പോലെ,  നമുക്ക്‌ എല്ലാം പുനര്‍ വായനകള്‍ക്ക് വിധേയമാക്കേണ്ടി വരും.

? കവി, നിരൂപകന്‍, പരിഭാഷകന്‍, പ്രഭാഷകന്‍, നാടകകൃത്ത്‌, കഥാകൃത്ത് :  ഏതുരൂപത്തിലാണ് ഏറ്റവും ആത്മസംതൃപ്തി അനുഭവിക്കുന്നത്...

= എല്ലാം സംവേദനത്തിന്റെ പല രൂപങ്ങള്‍ ആണ്, പക്ഷേ എന്നെ സംബന്ധിച്ച് എല്ലാം ഉണ്ടായത് കവിതയില്‍നിന്നാണ്. പുതുകവിതയ്ക്ക്‌ വ്യാഖ്യാനങ്ങള്‍ എഴുതി നിരൂപകനായി, കവിതയുടെ സന്ദേശം  ജനങ്ങളില്‍ എത്തിക്കാന്‍ ലേഖകനും പ്രഭാഷകനുമായി, കാവ്യബിംബങ്ങള്‍ ചിലത് വളര്‍ന്ന്‌  നാടകങ്ങളും കഥകളുമായി. സോവിയറ്റ് കുട്ടിക്കഥയിലെ  കൂണുപോലെ വളര്‍ന്ന് എല്ലാവർക്കും  അനീതിയുടെ മഴയില്‍നിന്ന് രക്ഷ നല്‍കാന്‍ ആഗ്രഹിക്കുന്ന  ഒരു എളിയ ശ്രമമാണ് എന്റേത് . 

(ദേശാഭിമാനി വാരികയിൽ നിന്ന്)

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top