25 April Thursday

സേതുമാധവൻ: പാളിച്ചകളില്ലാത്ത സിനിമാനുഭവങ്ങൾ

എം അഖിൽUpdated: Friday Dec 24, 2021

മലയാളത്തിലെ ഏറ്റവും കൂടുതൽ സാഹിത്യസൃഷ്‌ടികൾ സിനിമയാക്കിയ സംവിധായകനാണ്‌ കെ എസ്‌ സേതുമാധവൻ.തകഴി, കേശവദേവ്‌, ഉറൂബ്‌, എംടി, സി രാധാകൃഷ്‌ണൻ, മലയാറ്റൂർ, പാറപ്പുറത്ത്‌,  കെ ടി മുഹമദ്‌, മുട്ടത്ത്‌വർക്കി, അയ്യനേത്ത്‌, വെട്ടൂർ രാമൻനായർ, പമ്മൻ, പത്മരാജൻ... തുടങ്ങി മലയാളത്തിലെ പ്രമുഖ എഴുത്തുകാരുടെ മികച്ച സാഹിത്യസൃഷ്ടികൾ അദ്ദേഹം മികച്ച കാഴ്‌ച്ചാനുഭവങ്ങളാക്കി.

സിനിമ ഉണ്ടാക്കാൻ ഒരു കഥ വേണം. നേരത്തെ ആരെങ്കിലും എഴുതിവെച്ച കഥയുണ്ടെങ്കിൽ വലിയ പ്രയാസമില്ല. അതിന്‌ ഒരു തിരക്കഥ ഉണ്ടാക്കി എളുപ്പത്തിൽ ഒരു സിനിമ ചെയ്യാം. അങ്ങനെ സിനിമ തട്ടിക്കൂട്ടുന്ന ഫോർമുലയായിരുന്നില്ല സേതുമാധവൻ അവലംബിച്ചിരുന്നത്‌. തന്നെ വെല്ലുവിളിച്ചിരുന്ന പ്രമേയങ്ങളാണ്‌ അദ്ദേഹം സിനിമക്കായി തെരഞ്ഞെടുത്തിരുന്നത്‌.

സമരതീക്ഷ്‌ണമായ കാലഘട്ടത്തിന്റെ അടയാളപ്പെടുത്തലാണ്‌ ‘അനുഭവങ്ങൾ പാളിച്ചകൾ’. വ്യക്തിയെന്ന നിലയിലും സമൂഹജീവിയെന്ന നിലയിലും ചെല്ലപ്പൻ എന്ന തൊഴിലാളിക്ക്‌ ഉണ്ടാകുന്ന സൂക്ഷ്‌മമായ പരിണാമങ്ങൾ ആ നോവലിലുണ്ട്‌. തകഴിയുടെ സൃഷ്ടികളിൽ ഏറ്റവും മികച്ച ആഖ്യാനശൈലിയുള്ള നോവൽ കൂടിയാണ്‌ ‘അനുഭവങ്ങൾ പാളിച്ചകൾ’. തലേന്ന്‌ രാത്രി മൂക്കറ്റം മദ്യപിച്ച്‌ വീട്ടിലെത്തി കിടക്കയിൽ വീണ ചെല്ലപ്പൻ പുലർച്ചെ കിടക്കപ്പായിൽ എഴുന്നേറ്റിരുന്ന്‌ കഴിഞ്ഞദിവസം രാത്രി സംഭവിച്ച കാര്യങ്ങൾ ഓർത്തെടുക്കാൻ ശ്രമിക്കുന്ന രംഗത്തിലാണ്‌ ‘അനുഭവങ്ങൾ പാളിച്ചകൾ’ തുടങ്ങുന്നത്‌. ഒരു നോവൽ ഈ രീതിയിൽ തുടങ്ങാൻ വലിയ ബുദ്ധിമുട്ടുകൾ ഇല്ല.

എന്നാൽ, ആ സിനിമയ്‌ക്കും ഈ തുടക്കം മതിയെന്ന്‌ സേതുമാധവൻ നിശ്‌ചയിച്ചതിൽ അൽപ്പം സാഹസികതയുണ്ട്‌. ഇരുണ്ട മുറിയിൽ, ഒരു മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ ബീഡി പുകച്ചിരിക്കുന്ന ചെല്ലപ്പൻ (സത്യൻ ) ചിന്താകുലമായ മുഖഭാവത്തിലാണ്‌ സിനിമ തുടങ്ങുന്നത്‌. അവിടെ നിന്ന്‌ അങ്ങോട്ട്‌ ആകർഷകമായ ഒരു ജീവിതകഥ അനിവാര്യമായ ഒരു ദുരന്തത്തിലേക്കും വിസ്‌മയിപ്പിക്കുന്ന ഉയിർത്തെഴുന്നേൽപ്പിലേക്കും വളരുന്നത്‌ നാം കാണുന്നു. ചിത്രം പൂർത്തിയാക്കുന്നതിന്‌ മുമ്പുണ്ടായ സത്യന്റെ ആകസ്‌മിക വേർപാട് വലിയ വെല്ലുവിളിയാണ്‌ സംവിധായകന്‌ ഉണ്ടാക്കിയതെന്ന കാര്യം വ്യക്തമാണ്‌. എന്നാൽ, അത്‌ കാര്യമായി ബാധിക്കാത്ത രീതിയിൽ  ‘അനുഭവങ്ങൾ പാളിച്ചകൾ’ ഉദാത്തമായ ഒരു സൃഷ്ടിയാക്കി മാറ്റാൻ സേതുമാധവന്‌ സാധിച്ചു.

മലയാറ്റൂരിന്റെ ‘യക്ഷി’ എന്ന സൈക്കോളിക്കൽ, ഹൊറർ നോവൽ സിനിമയാക്കാൻ ഇറങ്ങിത്തിരിക്കുന്നത്‌ ചെറിയ കാര്യമല്ല. മികച്ച അഭിപ്രായം നേടിയ ഒരു നോവൽ സിനിമയാക്കി നശിപ്പിച്ചെന്ന ആക്ഷേപം നേരിടാനുള്ള എല്ലാ  ഭീഷണിയും ഉണ്ടായിരുന്നു. എന്നാൽ, അത്യന്തം സിനിമാറ്റിക്കായി ആ വെല്ലുവിളികളെ മറികടക്കാൻ സേതുമാധവന്‌ കഴിഞ്ഞു. സൂക്ഷ്‌മമായി പരിശോധിച്ചാൽ, നോവലിനേക്കാൾ ഒരുപിടി മുന്നിലാണോ സിനിമയെന്ന്‌ പോലും സന്ദേഹിച്ച്‌ പോകും. സത്യൻ തന്നെയാണ് അവിടെത്തെയും പ്രധാന വിജയ ഘടകം. പ്രൊഫ. ശ്രീനിയുടെ മെഴുകുതിരി പോലെ ഉരുകിയടർന്ന മുഖം, 'സ്വർണ ചാമരം വീശിയെത്തുന്ന സ്വപ്നമായിരുന്നെങ്കിൽ ഞാൻ ' എന്ന പാട്ടിലെ തീവ്രമായ ഏകാന്തത, ശാരദ അവതരിപ്പിച്ച രാഗിണിയുടെ വശ്വത, ആകാശത്തിലേക്ക് നീളുന്ന കോണിപ്പടികളുടെ അനന്തത...എല്ലാം കോർത്തിണക്കി ഒരു മായാലോകം സൃഷ്ടിച്ചെടുക്കാൻ സേതുമാധവന്‌ കഴിഞ്ഞു. യക്ഷിയുടെ ചില നവഭാഷ്യങ്ങൾ ദയനീയമായി കാലിടറിയ വസ്‌തുത കൂടി പരിഗണിച്ചാൽ സേതുമാധവന്റെ മികവ്‌  ഒരിക്കൽ കൂടി ബോധ്യപ്പെടും.

ദാമ്പത്യ ജീവിതത്തിലെ നിഗൂഢസത്യങ്ങൾ പ്രമേയങ്ങളാക്കുന്ന ‘വാഴ്‌വേ മായം’, ‘പുനർജൻമം’ പോലെയുള്ള പ്രമേയങ്ങൾ സിനിമകളാക്കുകയെന്ന വെല്ലുവിളിയും അദ്ദേഹം ഏറ്റെടുത്തു. വാഴ്‌വേ മായത്തിലെ നായകൻ സുധീന്ദ്രന്റെ സംശയരോഗവും പുനർജൻമത്തിലെ നായകൻ അരവിന്ദന്റെ ഈഡിപ്പൽ കോംപ്ലക്‌സും വിജയകരമായി ആവിഷ്‌കരിക്കാൻ സേതുമാധവന്‌ കഴിഞ്ഞു. എംടിയുടെ ഓപ്പോൾ എന്ന തിരക്കഥയിലെ കൊച്ചുകുട്ടിയുടെ വൈകാരിക, മാനസിക ഭാവങ്ങൾ ഒപ്പിയെടുത്തതിലെ മികവ്‌ സംവിധായകനെന്ന നിലയിൽ സേതുമാധവൻ കൈവരിച്ച വലിയവിജയമാണ്‌. മാസ്‌റ്റർ അരവിന്ദ്‌ ആ കഥാപാത്രത്തെ അത്രയും സുന്ദരമായി അവതരിപ്പിച്ചിരിക്കുന്നു. കന്യാകുമാരി എന്ന ചിത്രത്തിൽ കന്യാകുമാരി എന്ന ഭൂമികയെ അടയാളപ്പെടുത്തിയ ചാരുതയും കലാബോധവും കൗതുകകരം. ചട്ടക്കാരി എന്ന സിനിമയിലൂടെ കൗമാരസ്വപ്‌നങ്ങളുടെ വിലാസഭാവങ്ങളെ  സൗന്ദര്യം ചോരാതെ ആവിഷ്‌കരിച്ചു.

ഒടുവിൽ, സംവിധാനംചെയ്‌ത വേനൽക്കിനാവുകൾ എന്ന ചിത്രം ന്യൂജെൻ ചിത്രങ്ങളുടെ നിലവാരമുള്ള സിനിമയാണ്‌. ചുരുക്കത്തിൽ, തനിക്ക്‌ വെല്ലുവിളിയാകുന്ന പ്രമേയങ്ങൾ സാഹിത്യലോകത്ത്‌ നിന്നും തെരഞ്ഞെടുത്ത്‌ സൃഷ്‌‌ടിച്ച്‌ ഏക്കാലവും ഓർമിക്കപ്പെടുന്ന ചലച്ചിത്രാനുഭവങ്ങൾ അവശേഷിപ്പിച്ചാണ്‌ സേതുമാധവൻ യാത്രയാകുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top