12 August Friday

ദേവരാജൻ... മലയാള സംഗീതത്തിന്റെ നിത്യവസന്തം

കെ രഘുനാഥൻUpdated: Wednesday Jun 29, 2022

ദേവരാജൻ

മുപ്പത്തിയാറ് വർഷം മുമ്പ്‌  ഒരു തീവണ്ടിയാത്രക്കിടെ ആകസ്‌മികമായി വീണുകിട്ടിയ അഭിമുഖ സംഭാഷണത്തിന്റെ ഓർമ. വാക്കുകൾ സംഗീതമേറ്റ് തളിർക്കുകയും പടവാൾപോലെ മിന്നുകയും താഴമ്പൂവിന്റെ ഗന്ധം പരത്തുകയും അനുരാഗത്തിന്റെ നിഗൂഢാഗ്നി പൊത്തിപ്പിടിക്കുകയും ചെയ്യുന്ന ദേവരാജ സംഗീതത്തിലൂടെ
 

കേരളത്തിലെ കമ്യൂണിസ്റ്റ് പാർടികൾ തർക്കമില്ലാതെ ഒരേ ശബ്ദത്തിൽ പാടുന്ന ഒരു പാട്ടുണ്ട്. 1957ൽ പാളയം രക്തസാക്ഷി മണ്ഡപത്തിന്റെ ഉദ്ഘാടന ഗാനമായി എഴുതുകയും പിന്നീട് ‘വിശറിക്ക് കാറ്റുവേണ്ട’ എന്ന നാടകത്തിൽ ഉപയോഗിക്കുകയും ചെയ്ത ‘ബലീകുടീരങ്ങളെ...’

വയലാർ, ദേവരാജൻ

വയലാർ, ദേവരാജൻ


ആ പാട്ടു കേൾക്കുമ്പോൾ എഴുതിയ വയലാർ രാമവർമയെയോ ശങ്കരാഭരണത്തിൽ അതിനു സംഗീതം നിർവഹിച്ച പരവൂർ ദേവരാജനേയോ, പാടിയ ജോർജ്‌ ആന്റോ–സുലോചനമാരേയോ ആരും ഓർത്തെന്നുവരില്ല–തീയിന്റെ ചൂട് വിറകിനോ അടുപ്പിനോ തീപ്പെട്ടിക്കോ വിഭജിക്കാത്തതുപോലെ. അതൊരു തീവ്രാനുഭവം മാത്രമാണ്. വയലാറും ദേവരാജനും ആദ്യമായി ഒന്നിക്കുന്ന ഗാനം എന്ന പ്രത്യേകത ആ ഗാനത്തിനുണ്ടെങ്കിലും!

ദോശയും തൂവാലയും

ദിനംപ്രതി രാവിലെ ഏഴിന് മദിരാശിയിൽനിന്ന് തൃശൂരെത്തി കൊച്ചിയിലേക്ക് പോകുന്ന, മടക്കത്തിൽ ഏതാണ്ട് ഇതേ സമയം വൈകിട്ട് തൃശൂരിലെത്തുന്ന തീവണ്ടിയിൽ ആറു വർഷത്തെ ജീവിതം എനിക്കുണ്ടായിരുന്നു. മുമ്പോ ശേഷമോ കണ്ടിട്ടില്ലാത്ത ആവർത്തിക്കപ്പെടാനിടയില്ലാത്ത ചില മുഖങ്ങൾ ആ യാത്രകൾ കാണിച്ചുതന്നു. എന്നാൽ കാലം മായ്ക്കാത്ത ചില മുഖങ്ങളുണ്ട്.

എസ്–6 എന്ന റിസർവേഷൻ കമ്പാർട്ടുമെന്റ് ഞങ്ങൾ സീസൺ ടിക്കറ്റുകാരുടെ പറുദീസയായിരുന്നു. അതിൽ മാത്രം കയറാൻ അനുവദിക്കും. പിന്നെയത് പണം മുടക്കാതെ റിസർവേഷൻ ആർഭാടത്തിൽ നിദ്ര പ്രാപിച്ചും ശീട്ടുകളിച്ചും പത്രം വായിച്ചും ലോകരാഷ്ട്രീയത്തിൽ ഇടപെട്ടും രമിക്കുന്ന സീസൺ ടിക്കറ്റുകാരുടേതാണ്.

പക്ഷേ അതിൽ കയറിപ്പറ്റാൻ യുദ്ധമുറകൾ അനിവാര്യം. പരാജയപ്പെട്ട എന്നെപ്പോലുള്ള ദുർബലർ ഒളിപ്പോർ തന്ത്രമാണ് പ്രയോഗിച്ചത്. ജനാലയിലൂടെ ഒരു തൂവാല ഒഴിഞ്ഞ സീറ്റിലേക്കിടും. അതിനൊരു റിസർവേഷന്റെ പവറാണ്. മര്യാദക്കാരൊന്നും അതിൽ ഇരിക്കില്ല. അധികാരത്തോടെ സാവധാനം കയറിച്ചെന്നാൽ മതി.

അന്നത്തെ എന്റെ തൂവാലയേറ് ചെന്നുവീണത് ഒരു മധ്യവയസ്കന്റെ മടിയിലാണ്. ഭാഗ്യം, അദ്ദേഹം പ്രാതൽ കഴിച്ചുകൊണ്ടിരുന്ന പാത്രത്തിൽ വീണില്ല. ആ മനുഷ്യൻ ജനാലയിലേക്ക് സൂക്ഷിച്ചുനോക്കി. ഇടത്തേ കൈകൊണ്ട് തൂവാലയെടുത്ത് എതിർവശത്തെ സീറ്റിലേക്കിട്ടു. വീണ്ടും പ്രാതലിലേക്കു മടങ്ങി.
ആഹാരഗന്ധം രുചിമുകുളങ്ങൾ വിടർത്തുന്നപോലെ ആ മുഖം എന്റെ മുഖത്തൊരു അത്ഭുതച്ചിരി സൃഷ്ടിച്ചു. ആരിത്? ഈ സാദാ കമ്പാർട്ടുമെന്റിലോ?

സമൂഹ മാധ്യമങ്ങളില്ലാത്ത അക്കാലത്ത് ഫോട്ടോകൾ അപൂർവമായിരുന്നു. പത്രമാസികകളിലാണ് ഒരു പ്രശസ്ത മുഖം കാണുക. ടെലിവിഷൻ തെളിഞ്ഞു വരുന്നേയുള്ളൂ. കണ്ണു ചെന്നു പറ്റുന്ന അവയവ പ്രത്യേകതകളൊന്നുമില്ലാത്ത, കല്ലിൽ കൊത്തിയ പോലുള്ള മുഖമാണെങ്കിലും ഇതു വെറുമൊരു തീവണ്ടി യാത്രികന്റെ മുഖമല്ലല്ലോ.

ഞാനൽപ്പം ധൃതിയോടെ ട്രെയിനിൽ കയറി അദ്ദേഹത്തിനു മുമ്പിലെ തൂവാല റിസർവേഷൻ സീറ്റിൽ ഇരുന്നു. പട്ടുതൂവാല എന്ന സിനിമയിൽ ‘ആകാശപ്പൊയ്കയിലുണ്ടൊരു പൊന്നിൻ തോണി’ എന്ന കാല്പനിക ഗാനവും ‘പൊട്ടിക്കരയിക്കാൻ മാത്രമെനിക്കൊരു പട്ടുതൂവാല നീ തന്നു’ എന്ന വിരഹ ഗാനവും ഇദ്ദേഹത്തിനുണ്ട്. ഇപ്പോഴത്തെ അന്തരീക്ഷം എന്താണെന്നറിയില്ലല്ലോ.

സീറ്റു പിടിച്ചതാ അല്യോ?  ‘തുഞ്ചൻപറമ്പിലെ തത്തേ’ എന്ന നാടക ഗാനത്തിൽ കേട്ടുപരിചയിച്ച അലക്ഷ്യ ശബ്ദത്തിൽ അദ്ദേഹം ചോദിച്ചു.
–അതെ. ഇതാണ് പതിവ്. വേറെ രക്ഷയില്ല.

സീറ്റു പിടിച്ചതാ അല്യോ?  ‘തുഞ്ചൻപറമ്പിലെ തത്തേ’ എന്ന നാടക ഗാനത്തിൽ കേട്ടുപരിചയിച്ച അലക്ഷ്യ ശബ്ദത്തിൽ അദ്ദേഹം ചോദിച്ചു.
–അതെ. ഇതാണ് പതിവ്. വേറെ രക്ഷയില്ല.

–കുറുക്കുവഴി. തൂവാല എന്റെ ദോശയിൽ വീണേനെ. അദ്ദേഹം മുഖത്തൊരു  മന്ദഹാസം വരുത്തി. കണ്ണുകൾ ചെറുതായി.
കഞ്ഞിയിൽ പാറ്റ; ദോശയിൽ  തൂവാല! ഞാൻ ഉക്തിഹാസിയായി.

രണ്ടാം ക്ലാസ് തീവണ്ടിമുറിയിൽ ഈ സംഗീത മനുഷ്യൻ അജ്ഞാതനായി തുടരുന്നത് എനിക്കൊരുപോലെ ആഹ്ലാദവും സന്താപവുമായി. എനിക്കു മാത്രമായി അദ്ദേഹത്തെ സമീപിക്കാമല്ലോ എന്നതായിരുന്നു ആഹ്ലാദം. അരനൂറ്റാണ്ടിന്റെ സംഗീത ചരിത്രത്തിൽ മലയാള സിനിമാപ്പാട്ടിനെ ഹിന്ദി സംഗീതം പകർത്തുന്നതിൽനിന്ന് മോചിപ്പിച്ചതാരോ, മലയാളിച്ചുണ്ടുകളിൽ പ്രണയവും ഭക്തിയും വിരഹവും വിപ്ലവവും തത്വചിന്തയും നാടോടിത്തവും  ഹാസ്യവും വയമ്പു തേച്ച കരിങ്കുയിൽ–പരവൂർ ജി ദേവരാജൻ.

ജോൺസൺ

ജോൺസൺ

പ്രാതൽ കഴിഞ്ഞ് കുപ്പിയിൽനിന്ന് വെള്ളവും കുടിച്ച് ആയിരത്തിലൊരുവനായി ദേവരാജൻ പതുക്കെ എഴുന്നേറ്റു. വെളുത്ത ഷർട്ടും മുണ്ടും അദ്ദേഹത്തിന്റെ ഇരുണ്ട നിറം ഒന്നുകൂടി ഇരുട്ടിച്ചു. ഷർട്ടിന്റെ മൂന്നു ബട്ടണുകളേ പ്രവർത്തിക്കുന്നുള്ളൂ. ബാക്കിയെല്ലാം സ്വതന്ത്രരാണ്.
സംഗീത സംവിധാനത്തിൽനിന്ന് ദേവരാജൻ ക്രമേണ പിൻവാങ്ങുന്ന കാലമാണ്. ശ്യാം, വെങ്കിടേശ്, ശിഷ്യന്മാരായ ജോൺസൺ, ഔസേപ്പച്ചൻ എന്നിവരുടെ കാലം പിറന്നിരിക്കുന്നു.

പ്രാതൽ കഴിച്ച പാത്രവുമായി എഴുന്നേറ്റ ദേവരാജനു പിന്നാലേ ഞാനും എഴുന്നേറ്റു. പാത്രവും കൈയും കഴുകി തിരിഞ്ഞപ്പോൾ  പിന്നിൽ നിൽക്കുന്ന എന്നെക്കണ്ടു. മുഖത്ത് പരിചയ ഭാവം.
–ദേവരാജൻ മാസ്റ്ററല്ലെ? ഉറപ്പോടെ ഞാൻ ചോദിച്ചു.

–കണ്ടാ അങ്ങനെ തോന്നണാ?

–എനിക്കു മനസ്സിലായി.

–ആണെങ്കി–മുഖം തുടച്ചുകൊണ്ട്...

ഔസേപ്പച്ചൻ

ഔസേപ്പച്ചൻ

–വേറെ ആർക്കും മനസ്സിലായിട്ടില്ല.

–ഇല്ലേ. എന്നാ ഈ പാത്രമൊന്ന് പിടിച്ചേ. ഞാനിപ്പൊ വരാം.

അദ്ദേഹം ലാട്രിനിലേയ്‌ക്കു നടന്നു.

ദേവരാജനു ചായ വാങ്ങിക്കൊടുക്കുന്നതിലെ ത്രിൽ ചിന്തിച്ചു ഞാൻ ചോദിച്ചു–മാസ്റ്റർക്ക് ചായ വേണ്ടേ.

വേണ്ട. ഇപ്പൊ ചായ കുടിച്ചാ പ്രശ്നമാ...

സ്കൂളിൽ ഉച്ചഭക്ഷണം കൊണ്ടുപോയിരുന്ന കാലം ആ ചെറിയ സീറ്റിൽ പാത്രം ഓർമിപ്പിച്ചു.
പക്ഷേ ദേവരാജൻ മലയാളത്തിനു നൽകിയത് ഗാനങ്ങളൊഴിച്ച സ്വർണ പാത്രങ്ങളായിരുന്നു. അതിൽ വെള്ളിപ്പാത്രങ്ങൾ പോലും കുറവാണ്. സ്റ്റീൽ പാത്രങ്ങൾ തീരെയില്ല.

പക്ഷേ, എന്റെ ആദ്യാനുഭവം ഭീകരമായിരുന്നു. അഞ്ചാം വയസ്സിൽ അമ്മയ്‌ക്കൊപ്പം കണ്ട ആദ്യ സിനിമയ്‌ക്കിടെ ജോസ് തിയറ്ററിന്റെ ഇരുട്ടിലിരുന്ന് ഞാൻ അലറിക്കരഞ്ഞത് ഈ മനുഷ്യൻ രാഗം പൂശിയ ഒരു പാട്ടു കേട്ടാണ്.

ഭാര്യ സിനിമയിൽ നായിക രാഗിണിയുടെ ശവം കൊണ്ടുപോകുമ്പോൾ ദയാപരനായ കർത്താവേ എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിൽ മുഴങ്ങിയ മരണ ബാൻഡ്...പിറ്റേന്ന് മരിക്കുന്ന അച്ഛന്റെ ആശുപത്രിക്കട്ടിലിന്നരികെ അവസാന രാത്രി സംസാരിച്ചിരിക്കുമ്പോൾ ഇടനാഴിയിൽനിന്ന് പ്രവാചക സ്വരത്തിൽ കേട്ട റേഡിയോഗാനം–ഈ കുരുക്ഷേത്രത്തിൽ ആയുധമില്ലാതെ അർജുനൻ നിൽക്കുന്നു എന്ന് അന്ധാളിപ്പിച്ച ഗാനം... പിൽക്കാലത്ത് സുമംഗലി നീ ഓർമിക്കുമോ എന്ന് മനസാ ചോദിച്ച രംഗം. ഓരോ ജീവിത വികാരങ്ങളേയും വ്യാഖ്യാനിച്ച എത്രയോ ഗാനങ്ങൾ.

ദേവരാജൻ പുറത്തു വന്നത്  ഒരു മൂളിപ്പാട്ടോടെയാണ്. പുറം കാഴ്ചകൾ കണ്ട് വാതിലിനരികിൽ നിന്നിരുന്ന ഞാൻ ആ പാട്ടിന് ചെവിയോർത്തു.

അത് ദേവരാജന്റെ സ്വന്തം പാട്ടായിരുന്നില്ല.

പി ഭാസ്‌കരൻ

പി ഭാസ്‌കരൻ


സഖ്യകക്ഷി  വയലാറിന്റെയുമല്ല.
പി ഭാസ്കരന്റെ പാട്ടായിരുന്നു.

പ്രതിയോഗിയായി അറിയപ്പെട്ടിരുന്ന എം എസ് ബാബുരാജിന്റേയും–
പാടിയത് യേശുദാസല്ല, എൽ ആർ ഈശ്വരി.
ഒരുകൊട്ട പൊന്നുണ്ടല്ലോ, മിന്നുണ്ടല്ലോ മേനി നിറയെ എന്ന ഖവാലി.

ഈയാൾ എന്തു ചെയ്യുന്നു? സീറ്റിലേക്ക് നടക്കുന്നതിനിടയിൽ ദേവരാജൻ  ചോദിച്ചു.
മാതൃഭൂമിയിലാണെന്നറിഞ്ഞപ്പോൾ അതുകൊള്ളാം എന്ന ഭാവത്തിൽ ദേവരാജൻ  എന്നെ നോക്കി.
–നിങ്ങക്കൊരു  സിനിമാ വാരികയുണ്ടല്ലോ.

–ഉവ്വ്. ചിത്രഭൂമി. അതിനുവേണ്ടി എനിക്ക് മാസ്റ്ററോടൊന്ന് സംസാരിക്കണം–ഞാൻ പെട്ടെന്നു പറഞ്ഞു.

–ഇപ്പൊ, ആരാ അതിന്റാള്.

–ജനാർദനൻ

ദേവരാജൻ സീറ്റിലിരുന്ന ഇരിപ്പിൽ ചെറിയ മയക്കത്തിലായി. വയലാർ രാമവർമയുമൊത്ത് ഒറ്റ ശരീരമായാണ് പലരും ആ പേരു പറഞ്ഞിരുന്നത്. വയലാർ ദേവരാജൻ. രണ്ടും രണ്ടു പേരാണെന്ന് യാഥാർഥ്യമോർക്കാതെ ഓരോ ഗാനവും അവരെ പ്രതിഭാപരമായി വേർപെടുത്തുകയല്ല, ജീവശാസ്ത്രപരമായി ഒന്നാക്കുകയാണുണ്ടായത്.

സിനിമാ സംഗീതത്തിൽ ഗ്രാഹ്യമില്ലാത്തവർപോലും പത്തു മലയാളം പാട്ടുകൾ പറഞ്ഞാൽ അതിലഞ്ചും ദേവരാജന്റെയാവാനാണ് സാധ്യത. പരുക്കനും വലിയ നിർമാതാക്കളേയും സംവിധായകരേയും  ഗായകരേയും വരച്ച വരയിൽ നിർത്തുന്നവനെന്ന് കേൾവിപ്പെട്ട മനുഷ്യനാണോ നിഷ്കളങ്കമായി ഈ മയങ്ങുന്നത്. ശബ്ദത്തിലോ പെരുമാറ്റത്തിലോ രൂപത്തിലോ ആകർഷകമായി എന്താണീ മനുഷ്യനുള്ളത്  ? ഒരു പാറയുടെ അവസ്ഥ. പക്ഷേ, പാറ ബാഹ്യവീക്ഷണമാണല്ലോ. നദിയുടെ ഉത്ഭവസ്ഥാനം, കന്മദം എന്ന ഔഷധം, പ്രാചീനമായ നിശ്ശബ്ദത, ശ്രീകോവിലിൽ എത്തിയേക്കാവുന്ന ദിവ്യവിഗ്രഹം. ശങ്കർ–ജയ്കിഷനും ലക്ഷ്മി കാന്ത്  പ്യാരേലാലിനും വിശ്വനാഥൻ–രാമമൂർത്തിക്കും മലയാളത്തിന്റെ മറുപടി.

പ്രചരിക്കപ്പെട്ട കഥകളിൽ, ചൂരലുമായി നടക്കുന്ന ഹെഡ്മാസ്റ്ററായിരുന്നു ദേവരാജൻ. ‘മഞ്ഞലയിൽ മുങ്ങിത്തോർത്തി’ എന്ന പാട്ട് റേക്കോഡ് ചെയ്ത ശേഷം അതൊന്നു കേൾക്കാൻ സ്റ്റുഡിയോയിൽ ചുറ്റിപ്പറ്റിനിന്ന ഗായകൻ ജയചന്ദ്രനോട്  ‘അതൊക്കെ സിനിമേല് വരുമ്പൊ കേട്ടാ മതി’ യെന്ന് കരുണയില്ലാതെ പറഞ്ഞയാൾ. മനോധർമത്തിനു മുതിർന്ന യേശുദാസിനോട് ‘ദാസേ, ഞാൻ പറഞ്ഞുതന്നപോലെ അങ്ങു പാടിക്കൊണ്ടാമതി കേട്ടോ.  നെന്റെ മനോധർമമൊന്നും എന്റെ പാട്ടീ വേണ്ട’  എന്നു കല്പിച്ച മാസ്റ്റർ. മനോധർമങ്ങൾ മറന്ന് യേശുദാസ് ഒരു കോപ്പി ബുക്ക് ഗായകനായത്  ആ ശാസനയുടെ പാരമ്പര്യമാണെന്നു പറഞ്ഞാൽ ഫലിതമാകുമോ. അവസരം കൊതിച്ച് ചെന്ന ഗായകർ യേശുദാസിനെപ്പോലെ പാടുമെന്ന് സ്വയം വിശേഷിപ്പിച്ചപ്പോൾ, ‘യേശുവിനെപ്പോലെ പാടാൻ നീ വേണോ അതിന് അയാളില്ലേ’ എന്നു പടി കടത്തിയ പരിഹാസി!

രണ്ടാം ക്ലാസ് തീവണ്ടി മുറിയിലിരുന്ന് മടിയിൽ കനമില്ലാത്ത വഴിപോക്കനെപ്പോലെ സുഖനിദ്ര പൂകുന്ന ഇയാൾ ബ്രിട്ടീഷുകാരെ ഗാന്ധി എന്നപോലെ ഹിന്ദി ട്യൂണുകളെ മലയാള ഗാനങ്ങളിൽനിന്ന് അതിർത്തി കടത്തിയ സംഗീത ഗാന്ധിയാണ്. സംഗീതകാന്തി എന്നും പറയാം. കെ പി എ സിയുടെ നാടകഗാനങ്ങളിൽ തുടങ്ങി ‘ബലികുടീരങ്ങളും പൊന്നരിവാളമ്പിളിയും ചക്കരപ്പന്തലും ഇല്ലിമുളം കാടുകളും’  അനശ്വരമാക്കിയ ശേഷമാണ് ദേവരാജന്റെ  സിനിമാ പ്രവേശം.

ബാബുരാജ്‌

ബാബുരാജ്‌

നിത്യകന്യക, ഭാര്യ, കടലമ്മ, ശകുന്തള എന്നീ സ്ത്രീണാഞ്ചചിത്ത സിനിമകൾ ദേവരാജനെ സിനിമയിലേയും ദേവരാജനാക്കി. കല്യാണി, ശുദ്ധ ധന്യാസി, ബഹുധാരി, കാനഡ, സിംഹേന്ദ്ര മാധ്യമം  എന്നീ അഞ്ചു  രാഗങ്ങളിൽ ചമയപ്പെടുത്തിയ നാദബ്രഹ്മത്തിൻ സാഗരം എന്ന ഗാനത്തിൽ ക്ലാസിക്കൽ ജ്ഞാനത്തിന്റെ തിടമ്പെഴുന്നെള്ളിച്ചു. ദക്ഷിണാമൂർത്തിയെപ്പോലെ സംഗീതക്കച്ചേരികളിൽ നിന്നു വന്ന വാഗ്ഗേയകാരനല്ല ദേവരാജൻ. എന്നിട്ടും ദക്ഷിണാമൂർത്തിയെന്ന ഭാഗവതർ ദേവരാജന്റെ ഹാർമോണിയത്തിനു മുമ്പിൽ നിഷ്‌പ്രഭനായിപ്പോയി. ഹിന്ദുസ്ഥാനി ധ്രുപദ്‌, തരാന, ഖവാലി, ഗസൽ, തുമ്‌രി വരിശകൾ കടന്നുവന്ന എം എസ് ബാബുരാജ് മാത്രമാണ് ദേവരാജന് എന്നും പ്രതിയോഗിയായി പറയാവുന്നത്.

അന്നത്തെ ജനപ്രിയ ബാനറുകളായ  ഉദയയും സുപ്രിയയും മഞ്ഞിലാസും മറ്റൊരാളെ  സംഗീതസംവിധാനത്തിന് ചിന്തിക്കുകപോലുമുണ്ടായില്ല. ഹിന്ദിയിലും ബംഗാളിയിലും സർവാധിപത്യമുണ്ടെങ്കിലും ചെമ്മീനിലൂടെ വന്ന സലിൽ ചൗധരി വിരുന്നുകാരനായി തുടർന്നു. ആർ കെ ശേഖർ, അർജുനൻ,

എം കെ അർജുനൻ

എം കെ അർജുനൻ

ഔസേപ്പച്ചൻ, ജോൺസൺ തുടങ്ങിയ സഹായികൾ ‘സ്വതന്ത്രരായ’പ്പോഴും ദേവരാജൻ സ്‌കൂളിലാണ് സംഗീത സംവിധാനം നിർവഹിച്ചത്.

മലയാള സിനിമാ സംഗീതത്തിൽ ദേവരാജൻ കല്പിച്ച അന്തിമവിധികൾ നോക്കുക–340ലധികം ചിത്രങ്ങളിലായി 1700ലധികം ഗാനങ്ങൾ. ആദ്യ സംസ്ഥാന അവാർഡ് കുമാരസംഭവത്തിലെ സംഗീതത്തിന്. ഒരേ ഗാനരചയിതാവുമായി (വയലാർ) ചേർന്നു 130 സിനിമകൾ. ഒരു വർഷം ഏറ്റവും കൂടുതൽ ചിത്രങ്ങൾക്ക് സംഗീതം (1977ൽ 31 സിനിമ) ഒരേ ഗായകനെക്കൊണ്ട് കൂടുതൽ ഗാനങ്ങൾ. യേശുദാസ് 650ൽ പരം പാട്ടുകൾ പാടി.

സ്ഥിരം സഹയാത്രികർ ശീട്ടുകളിയും പത്രപാരായണവും നാട്ടുവർത്തമാനവുമായി സീറ്റിലും ബർത്തിലും തിരക്കിലായിരുന്നു. ഓർമകളിൽ ദേവരാജനെ മാത്രമായി ഏറ്റെടുത്ത് ഞാൻ പദ്ധതികൾ ആസൂത്രണം ചെയ്യുകയാണ്. ബാല്യം മുതൽ പിന്തുടരുന്ന പാട്ടുകളേപ്പറ്റി അദ്ദേഹത്തോട് സംസാരിക്കണം– ചിത്രഭൂമിക്കായി അഭിമുഖമെന്ന നിലയിൽ. തൊഴിൽപരമായി ചിത്രഭൂമിയും ഞാനും തമ്മിൽ ഒരു ബന്ധവുമില്ല. കുടുംബബന്ധം മാത്രം. ചിലരെ നേരിട്ടു കാണുമ്പോൾ ചില ചോദ്യങ്ങൾ  ചോദിക്കണമെന്ന് നമ്മൾ വിചാരിക്കുമല്ലോ. ഈ രണ്ടാം ക്ലാസ് തീവണ്ടിമുറിയിലാണ് അപ്രതീക്ഷിത തൂവാലബന്ധം. ഇനിയിത്  ആവർത്തിക്കുമെന്ന് ഉറപ്പില്ല. വ്യക്തിയെന്ന നിലയിൽ ചില ചോദ്യങ്ങൾ ചോദിക്കുന്നതിന് പരിമിതിയുണ്ട്. ചിത്രഭൂമി അഭിമുഖത്തിന് അതില്ല.

എനിക്കുവേണ്ടിത്തന്നെയാണ്‌ ഈ സന്ദർഭം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്‌ എന്നതിൽ സംശയമില്ല. ഞാൻ ഇന്ന്‌ അവധിയല്ലാതിരിക്കുക, പതിവുള്ള ഈ കമ്പാർട്ടുമെന്റിൽത്തന്നെ യാത്ര ചെയ്യുക, ഞാൻ കണ്ടെത്തിയ ജനാലയ്‌ക്കടുത്തുതന്നെ സീറ്റ്‌ ഒഴിവുണ്ടാവുക, ദേവരാജനും ഇന്നുതന്നെ ഇതേ കമ്പാർട്ടുമെന്റിൽ യാത്ര ചെയ്യുക‐ഞാനെറിഞ്ഞ തൂവാല കൃത്യമായി ദേവരാജന്റെ മടിയിൽത്തന്നെ ചെന്നുവീഴുക, അദ്ദേഹത്തിനുനേരെ മുമ്പിലെ സീറ്റിൽത്തന്നെ ഇരിക്കുക, മറ്റാരുടേയും  ഇടപെടലില്ലാതെ ഒറ്റയ്ക്ക്‌ ദേവരാജനെ സ്വതന്ത്രമായി കിട്ടുക‐ ഇതൊക്കെ കൃത്യമായി സംഭവിച്ചിരിക്കുന്നു.

പെരിയാറിന്റെ പാദസരം

ആലുവാപ്പുഴയുടെ പാദസര ശബ്ദമാകാം ദേവരാജനെ ഉണർത്തിയത്. ഓളവും തീരവും ആലിംഗനങ്ങളിൽ മുഴുകുന്ന പെരിയാറിലേയ്‌ക്കു നോക്കി അദ്ദേഹം നിസ്സംഗനായി ഇരുന്നു–പരസ്പരം അനശ്വരരാക്കിയവർ.

ശ്രീശങ്കരൻ അമ്മയ്ക്കുവേണ്ടി പെരിയാറിനെ വഴിമാറ്റിയെങ്കിൽ പെരിയാറിൽ സംഗീതമൊഴുക്കുകയായിരുന്നു ദേവരാജൻ.

മുഖപരിചയത്തിലൂടെ ഒന്നുരണ്ടു സംഭാഷണങ്ങളിലൂടെ അനുവാദത്തിന്റെ വാതിൽ കടന്നു കഴിഞ്ഞതായി ഒരു പ്രായോഗിക ജേർണലിസ്റ്റിനെ പോലെ ഞാൻ സങ്കല്പിച്ചു.
– ഇനി ഒരു പതിനഞ്ച്–ഇരുപത് മിനിട്ടു മതി, ഞാൻ ദേവരാജനോടു പറഞ്ഞു. നിത്യയാത്രികനോടു തർക്കിക്കാനിടയില്ല.

ദേവരാജൻ, പി സുബ്രഹ്മണ്യം

ദേവരാജൻ, പി സുബ്രഹ്മണ്യം

–സൗത്തിലേക്കോ? അദ്ദേഹം ചോദിച്ചു.

–സൗത്തിലാണോ ഇറങ്ങുന്നത്

–അതെ.

–എവിടെ താമസം?

–വുഡ്ലാൻസിൽ മുറി പറഞ്ഞിട്ടുണ്ട്. വരുമ്പോഴൊക്കെ അവിടെയാണ്.

–എപ്പോൾ ഫ്രീയാവും മാസ്‌റ്റർ?

ദേവരാജൻ എന്നെയൊന്നു നോക്കി. ഒരു നിഷേധ പദം ഞാൻ പ്രതീക്ഷിച്ചു.
എനിക്കൊരു അരമണിക്കൂർ  തരണം –ചിത്രഭൂമിക്കു വേണ്ടിയാണ്.

–അതിലല്ലെന്നല്ലെ പറഞ്ഞത്.

–പക്ഷേ,  മാസ്റ്ററെ അവിചാരിതമായി കണ്ട നിലയ്്‌ക്ക്‌–

–ഉച്ചവരെ ഞാൻ ഫ്രീയാണ്. എന്നു വച്ച് കിടന്നുറങ്ങുകയല്ല. ചിലരൊക്കെ വരും. ഒരു ഡിസ്‌കഷനുണ്ട്.
ഞാനുദ്ദേശിക്കുന്നിടത്തേക്ക് മാസ്റ്ററുടെ മറുപടി വരുന്നതു കണ്ട് സ്വയം അഭിനന്ദിച്ചു. പ്രായോഗികത പൊതുവെ കുറവായ ഞാൻ–എങ്കിൽ ഞാനൊരു പത്തു മണിക്കെത്തിയലോ. ഫോട്ടോഗ്രാഫറുമുണ്ടാവും–സംഗതി ഔദ്യോഗികമായിരിക്കും എന്നറിയിക്കാൻ ഞാൻ പറഞ്ഞു.

ദേവരാജൻ

ദേവരാജൻ

–ഉടനങ്ങു തീരുമാനിച്ചോ?

–മാസ്റ്ററുടെ അഭിമുഖമൊക്കെ വന്നിട്ട് കുറേ നാളായില്ലേ?

–ആരും ചോദിക്കാറില്ല. ഞാൻ പറയാറുമില്ല. ഏതായാലും വാ.

 നോർത്ത് സ്റ്റേഷനിൽ ഇറങ്ങിയ ഞാൻ വിൻഡോ സീറ്റിലേക്ക് നീങ്ങിയിരുന്ന ദേവരാജനരികെ ജനാലയ്ക്കൽത്തന്നെ നിന്നു ബന്ധം ദൃഢമാക്കി.

–പത്തുമണിയെന്നല്ലെ പറഞ്ഞത്. വൈകരുത്–വണ്ടി നീങ്ങിയപ്പോൾ അദ്ദേഹം എന്റെ കൈയിലമർത്തി.

–കൃത്യം പത്ത്. ഓഫീസിൽ ചെന്നിട്ട് ഞാനങ്ങോട്ടെത്താം.

യാത്ര പറഞ്ഞ ശേഷമാണ് ആലോചിച്ചത്. വുഡ്ലാൻഡ്സിൽ ചെല്ലുന്നതിനു മുമ്പ് എന്തൊക്കെ ചെയ്യണം?

ചിത്രഭൂമി എഡിറ്റർ ജനാർദനനെ വിളിച്ചു. ദേവരാജനെ കണ്ട കാര്യം പറഞ്ഞു. പെട്ടെന്നൊരു ഇന്റർവ്യൂ ചെയ്യാൻ പറ്റുമോ. ജനാർദനൻ സംശയിച്ചു. പറ്റും. കുറേ കാലമായി സ്വയംചോദിക്കുന്ന കുറേ ചോദ്യങ്ങളുണ്ട്. എന്തോ വിശ്വാസത്തിൽ ജനാർദനൻ വേണ്ട ഏർപ്പാടുകൾ ചെയ്തു. ഡ്യൂട്ടിയും ഫോട്ടോഗ്രാഫറേയും  കിട്ടി. വണ്ടിയില്ല. ചീഫ് ഫോട്ടോഗ്രാഫർ സി കെ ജയകൃഷ്ണന്റെ (ഇന്നില്ല) സ്കൂട്ടറിൽ വുഡ്ലാൻഡ്സിലേയ്‌ക്ക്‌ പുറപ്പെട്ടു. ഫയൽ ഫോട്ടോകൾ എടക്കാൻ എന്നാണ് പറഞ്ഞിരിക്കുന്നത്. അഭിമുഖം തീർച്ചയില്ല.

വാതിൽ ചാരിയിട്ടേയുള്ളൂ. മുട്ടിവിളിച്ചത് കിളിയോ കാറ്റോ എന്നു സംശയിക്കും മുമ്പ് അകത്തു കടന്നു. കുളിയും കാപ്പിയും കഴിഞ്ഞ മട്ടുണ്ട്. കൈയില്ലാത്ത ബനിയനുമിട്ട് കാലുകളാട്ടി ദേവരാജൻ കട്ടിലിൽ ഇരിക്കുന്നു.

ഞങ്ങളെ കണ്ടതോടെ കസേരക്കയ്യിൽനിന്ന് ഷർട്ടെടുത്തിട്ടു. രണ്ടുമൂന്നു ബട്ടണുകൾ മാത്രമിട്ടു. വാച്ചു നോക്കി.

ഇക്കാലത്തും സമയം പാലിക്കുന്നവരുണ്ടോ –അനുപമകൃപാനിധിയഖില ബാന്ധവ പാടിയ ശബ്ദത്തിൽ ദേവരാജൻ...

ആദ്യമേ ജയകൃഷ്ണൻ കുറേ ഫോട്ടോകളെടുത്തു. ദേവരാജൻപോലും അറിയാതെ. (പക്ഷേ, ഒന്നിച്ചൊരു ഫോട്ടോ എടുക്കാൻ വിട്ടുപോയി എന്ന് ഖേദത്തോടെ ഇന്നോർക്കുന്നു).

എന്നെക്കുറിച്ച് നിങ്ങളുടെ തലമുറയ്‌ക്ക് എന്തറിയാം എന്ന ഭാവത്തിലാണ് മാസ്റ്റർ. സ്വന്തം ഗാനങ്ങൾ ആ തലമുറയോടെ വിസ്മരിക്കപ്പെടുമെന്നാവാം മാസ്റ്റർ കരുതിയിരുന്നത്. അതാണല്ലോ ആരുമറിയില്ലെന്ന വിശ്വാസത്തിൽ രണ്ടാം ക്ലാസിൽ സഞ്ചരിക്കുന്നത്. ‘കാലം മാറുന്നു’ മുതൽ ‘ശ്രീനാരായണഗുരു’വരെ വന്നു നിൽക്കുന്ന സംഗീത ജീവിതം. 31 സിനിമക്ക് സംഗീതം നൽകിയ വർഷംപോലുമുണ്ടായി.

ദേവരാജൻ, വയലാർ, യേശുദാസ്‌ റെക്കോഡിങ്‌ വേളയിൽ

ദേവരാജൻ, വയലാർ, യേശുദാസ്‌ റെക്കോഡിങ്‌ വേളയിൽ

ഭൂതകാലത്തിൽ സംഗീതവും ആലാപനവും നിർവഹിച്ച അസംഖ്യം നാടകങ്ങൾ, അനശ്വര ഗാനങ്ങൾ, ഇടവേളയിൽ കാസറ്റുകൾ, രണ്ട് ആയുഷ്‌കാലംകൊണ്ട്‌ ചെയ്യേണ്ട കർമങ്ങൾ–സുവർണകാലം എന്നൊക്കെയാണല്ലോ അതിനെ വിശേഷിപ്പിക്കുക. എല്ലാകാലവും അങ്ങനെ ആയിരിക്കുകയുമില്ല. മാസ്റ്റർക്കിത് വിശ്രമകാലമാണെന്ന് തോന്നുന്നുണ്ടോ?

തോന്നുന്നില്ല. പക്ഷേ, നിങ്ങൾക്കുതോന്നി. മാസ്റ്റർ ചിരിച്ചു. അതുകൊണ്ടാണല്ലോ സംസാരിക്കാൻ വരട്ടേ എന്നു ചോദിച്ചത്. സാരമില്ല. സിനിമാത്തിരക്ക് പണ്ടത്തെപ്പോലെയില്ല എന്നതു ശരിയാണ്. ആകാവുന്നത്ര പ്രവർത്തിച്ചു. പ്രായത്തിന്റേതായ മെല്ലെപ്പോക്ക് സാധാരണമാണല്ലോ. പക്ഷേ, ഞാൻ വെറുതെ ഇരിക്കുകയല്ല. ‘രാജശ്രീ’ എന്നൊരു റിക്കാർഡിങ് കമ്പനി തിരുവനന്തപുരത്ത് കരമനയിൽ ഞാൻ തുടങ്ങിയിട്ടുണ്ട്. അഞ്ചാറു കാസറ്റുകൾ ഇറങ്ങി.

തരംഗിണി സ്റ്റുഡിയോ ആണല്ലോ ഇപ്പോൾ ധാരാളം കാസറ്റുകൾ ഇറക്കുന്നത്. മറ്റെല്ലാ സംഗീത സംവിധായകർക്കും അവർ അവസരം കൊടുത്തപ്പോൾ മാസ്റ്റർ മാത്രം എന്താണ് ഇല്ലാതിരുന്നത്?

‐അവർക്ക് വേറൊരു സീരിയസ് വർക്ക് ഞാൻ ചെയ്യാമെന്നേറ്റിരുന്നു–ഭഗവദ്‌ഗീത അതിന്റെ പൂർണ രൂപത്തിൽ. ആ സമയത്താണ് കുറേക്കാലമായി മനസ്സിലുള്ള രാജശ്രീ സ്റ്റുഡിയോയുടെ ജനനം. മറ്റൊരു സ്‌റ്റുഡിയോക്കാർക്ക്‌ ഇത്‌ ഇഷ്ടപ്പെടില്ലല്ലൊ.  തൊഴിൽപരമായ സംഘർഷം വേണ്ടെന്ന് ഞാനും കരുതി. അങ്ങനെ തരംഗിണി വർക്ക് ക്യാൻസലായി.

മാസ്റ്റർക്ക് സ്വന്തമായി ആ വർക്ക് ചെയ്തുകൂടെ?

–തൽക്കാലം ബുദ്ധിമുട്ടാണ്. ഒന്നാമത്തെ പ്രശ്നം സാമ്പത്തികം. പിന്നെ യേശുദാസുതന്നെ പാടണം. എന്നാലെ കുറേയെങ്കിലും റിസൾട്ട് കിട്ടത്തുള്ളൂ. ദാസ് തരംഗിണിക്ക് പുറത്ത് പാടത്തുമില്ലല്ലൊ.
ഈയിടെ വയലാർ കവിതകളുടെ കാസറ്റ് തരംഗിണി പുറത്തിറക്കിയല്ലോ. മാസ്റ്റർ കേട്ടിരുന്നോ?

സി അച്യുത മേനോൻ

സി അച്യുത മേനോൻ

–കേട്ടു. കേട്ടു. കേൾക്കണ്ടായിരുന്നു എന്നു തോന്നി.

അതെന്താ?

–പ്രതീക്ഷയൊത്ത് ഉയർന്നില്ല. അതിനെപ്പറ്റി വന്ന വിമർശനങ്ങൾ നിങ്ങൾ കണ്ടില്ലെ. എനിക്കോ അബദ്ധം പറ്റി. നിങ്ങളാരും ആ കാസറ്റ് വാങ്ങരുത് എന്നുപോലും ചിലർ എഴുതിയിരിക്കുന്നു. നമ്മുടെ സി അച്യുതമേനോൻ വിമർശിച്ച് പ്രസംഗിച്ചതായി കേട്ടു. വാസ്തവത്തിൽ ഞാൻ സംഗീതം കൊടുത്ത് ഇറക്കാനുദ്ദേശിച്ചതാണ് വയലാർക്കവിതകൾ. എങ്കിൽ വയലാർ മരിച്ച് വ്യാഴവട്ടത്തിനുശേഷം ആ സംഗീതവസന്തം വീണ്ടും വന്നുചേരുമായിരുന്നു.

–എസ് ജാനകി മാസ്റ്ററുടെ അധികം പാട്ടുകൾ പാടിയിട്ടില്ല? അതെന്തുകൊണ്ടാണ്? പണ്ടേ മനസ്സിലുള്ള ചോദ്യമാണ്. ആദി–മധ്യകാലത്ത് സുശീലയും പിന്നീട് മാധുരിയുമായിരുന്നു ദേവരാജന്റെ ഇഷ്ടഗായികമാർ–

കൊടുക്കാവുന്ന പാട്ടുകൾ ഞാൻ പാടിപ്പിച്ചിട്ടുണ്ടല്ലോ, ദേവരാജൻ പറഞ്ഞു. ജാനകിയോട് വിരോധമൊന്നുമില്ല. ഉച്ചസ്ഥായിയിലെത്തുമ്പോൾ ചില അക്ഷരങ്ങൾ കൊഴിഞ്ഞു വീഴുമ്പോലെയാണ് ജാനകിയുടെ ആലാപനമെന്ന് പരാതിയുണ്ട്. പാട്ടുകൊടുക്കുന്നില്ലെന്ന പരാതി മറ്റു ചിലർക്കുമുണ്ടായിരുന്നു. അവരൊക്കെ മറിച്ചാണിപ്പോൾ പറയുന്നത്. ചിത്ര ഒരു പത്തുകൊല്ലം മുമ്പ് വന്നിരുന്നെങ്കിൽ ജാനകി അന്നേ പോയിക്കിട്ടിയേനെ എന്ന്.

എസ്‌ ജാനകി

എസ്‌ ജാനകി

അത് ദേവരാജന്റെ മനോരാജ്യമാവാം എന്നെനിക്കു  തോന്നി. ലതമങ്കേഷ്‌ക്കറുടെ തെന്നിന്ത്യൻ പതിപ്പാണ് ജാനകിയെന്നതിൽ എനിക്കു സംശയമില്ല. സൂര്യകാന്തിയും ഉണ്ണിപ്പൂവും മഞ്ഞണിപ്പൂനിലാവും അവിടുന്നെൻ ഗാനം കേൾക്കാനും പൊട്ടാത്ത പൊന്നിൻകിനാവും  മറ്റൊരു ഗായികയുടെ ശബ്ദത്തിൽ സങ്കല്പിക്കാനാവുമോ.
മാസ്റ്ററുടെ വിലയിരുത്തൽ മറ്റെന്തോ അനിഷ്ടമാവാനേ ഇടയുള്ളൂ. പക്ഷേ, അഭിമുഖത്തിൽ തർക്കം അപകടമാണ്. ചോദ്യകർത്താവിനല്ലല്ലോ ഇവിടെ പ്രസക്തി.

ദേവരാജന്റെ സങ്കല്പത്തിനൊത്ത് പാടുന്നവർ ആരാണെന്ന് ചോദിക്കേണ്ടതില്ല. അത് സുശീലയും മാധുരിയും തന്നെ. എന്റെ പാട്ടിൽ ഞാനാഗ്രഹിക്കുന്ന മട്ടിൽ എക്സ്പ്രഷൻസ് വേണമെന്ന് നിർബന്ധമാണ്. മാധുരിക്ക് ജാനകിയേക്കാൾ റേഞ്ചുണ്ടെന്ന്  മാസ്റ്റർ വിശ്വസിക്കുന്നു. എത്ര ഉച്ചസ്ഥായിയിലും മാധുരിയുടെ ശബ്ദം അസ്പഷ്ടമാവുന്നില്ല, വാക്കുകൾ കൊഴിയുന്നില്ല. മുകളിൽ ചെല്ലുമ്പോൾ കൂവുന്നതുപോലെയാകുന്നില്ല.

ഇതിനർഥം ഇന്നെനിക്ക് പൊട്ടുകുത്താൻ എന്ന ഗാനം ജാനകിക്ക് പാടാനാവില്ലെന്നാണോ?

മാധുരി

മാധുരി

പാടില്ലെന്നില്ല. പക്ഷേ മാധുരി പാടിയ പെർഫെക്‌ഷൻ  കിട്ടിയെന്നു വരില്ല. രഘുവിനറിയാമോ? പത്തിരുപതു കൊല്ലം പാടിയിട്ടും ജാനകിക്കും സുശീലയ്‌ക്കും ഇന്നും മലയാളമറിയില്ല. തമിഴിലും തെലുങ്കിലുമൊക്കെയാണ് ഇവർ പാട്ടെഴുതിയെടുക്കുന്നത്. മാധുരിയോട് ഞാനാദ്യം പറഞ്ഞത് പാടണമെങ്കിൽ മലയാളം  പഠിക്കാനാണ്. അവർ പഠിക്കുകയും ചെയ്തു.

എന്നിട്ടും എന്താണ് മാധുരിക്ക് അധികം അവസരങ്ങളില്ലാത്തത്?

–മാധുരി എന്റെ പാട്ടുകൾ മാത്രമേ പാടൂ എന്നൊരു ധാരണയുണ്ടെന്നു തോന്നുന്നു–മാസ്റ്റർ പറഞ്ഞു.

–അതും ശരിയാണ് മാസ്റ്റർ.

ആരുടെ പാട്ടുപാടാനും മാധുരിക്ക് സ്വാതന്ത്ര്യമുണ്ട്. ഞാൻ ചിലരെപ്പോലെ ബോണ്ടൊന്നും  എഴുതി വാങ്ങിച്ചിട്ടില്ല. അത് ചില ഇഷ്ടാനിഷ്ടങ്ങളാണ്. എന്റെ സംവിധാനത്തിൽ പാടുന്നതാണ് മാധുരിക്കിഷ്ടം.

ചിത്ര ഇവരുടെയൊക്കെ കുറവുകൾ പരിഹരിക്കുന്ന ഗായികയാണോ?

കെ എസ്‌ ചിത്ര

കെ എസ്‌ ചിത്ര

– എന്നു പറഞ്ഞുകൂടാ, തരക്കേടില്ലെന്നു മാത്രം, മാസ്റ്റർ പറഞ്ഞു. ഉച്ചാരണ ശുദ്ധി അല്പം കുറവാണെങ്കിലും മൊത്തത്തിൽ നന്നായി പാടുന്നുണ്ട്. പക്ഷേ എവിടെയോ എന്തോ കുറവ്. അതെന്താണെന്ന് കൃത്യമായി പറയാൻ വയ്യ. ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ കണിശക്കാരനായ ഒരു മുൻഷിയുണ്ടായിരുന്നു. പിള്ളാരെ പദ്യം ചൊല്ലിക്കും. ചെറിയ തെറ്റു വന്നാൽ അടിക്കും. ഒരു കുട്ടി മാത്രം സ്ഫുടതയോടെ ചൊല്ലി. എന്നിട്ടും മുൻഷിക്കൊരു പന്തികേട്. എവിടെയോ പിശകിയില്ലേ. മുൻഷി ആ കുട്ടിയേയും തല്ലി. അതുപോലെ എനിക്കും പൂർണ തൃപ്തിയില്ല.

ആ മുൻഷി തന്നെയല്ലെ ഈ മുൻഷി എന്ന് ജയകൃഷ്ണനെ  നോക്കി ഞാൻ പതുക്കെപ്പറഞ്ഞു. മാസ്റ്റർ അതു കണ്ടു. രസിച്ച മട്ടിൽ  തലയാട്ടി.

അങ്ങനെ നോക്കിയാൽ  ഉച്ചാരണപ്പിശക്  യേശുദാസിനുമില്ലേ. ഒരു ലളിതഗാനത്തിൽ ‘ശൃംഘം ശൃംഘം’ എന്നുച്ചരിക്കുന്നു. ‘ഗഹന ഗഹനമാം ഏകാന്തത’  ‘ഗഗന ഗഗനമാം ഏകാന്തത’യാകുന്നു?

സുശീല

സുശീല

–അവിടവിടെയുണ്ടാവാം. എന്നാലും മാക്സിമം പെർഫെക്‌ഷനുള്ള പാട്ടുകാരൻ തന്നെയാണ് ദാസ‍്.

‘ചന്ദനപ്പല്ലക്കിൽ വീടുകാണാൻ’ വന്ന ഗാനം കേൾക്കുമ്പോഴൊക്കെ ‘ആവണിപ്പലകയിൽ അഷ്ടമംഗല്യമൊരുക്കാം’ എന്ന് സുശീല പാടിയതിൽ തടഞ്ഞുനിൽക്കുമായിരുന്നു. വയലാറിന്‌ ആവണപ്പലക തെറ്റാനിടയില്ല?

–എന്റെ പാട്ടല്ല അത്–ദേവരാജൻ പറഞ്ഞു. മറ്റു ഭാഷകളിലേക്ക് അവർ പാട്ടുകൾ പകർത്തിയെടുക്കുമ്പോൾ പറ്റുന്നതാകാം. സംഗീതം ചെയ്യുന്നയാൾ അതും ശ്രദ്ധിക്കണം. പാട്ടിലെ അറിയാത്ത വാക്കുകൾ ഞാൻ വയലാറിനോട് ചോദിച്ചറിയാറുണ്ട്. ഗാനത്തിന്റെ ഭാവനിശ്ചയത്തിൽ അത് വളരെ ഗുണം ചെയ്തിട്ടുണ്ട്.

‘ശ്രീനാരായണഗുരു’വിലെ ഗാനങ്ങൾ ആലപിച്ച ജയചന്ദ്രന്‌ പുരസ്കാരം കിട്ടി. ആ പാട്ടുണ്ടാക്കിയ ദേവരാജന് പുരസ്കാരമില്ല. എന്താണിതിന്റെ മാനദണ്ഡം?

പി ജയചന്ദ്രൻ

പി ജയചന്ദ്രൻ

– സാങ്കേതികമായി നോക്കിയാൽ അതു ശരിയാണ്. എന്നുവെച്ചാൽ ആ പാട്ടിന്റെ സന്ദർഭം, ആലാപനത്തിന്റെ സ്ഥായി അങ്ങനെ വിശകലനം ചെയ്താണ് കൊടുക്കുന്നതെങ്കിൽ ശരി. പക്ഷേ, മിക്ക അവാർഡു കമ്മിറ്റിയിലേയും ആളുകളുടെ സംഗീതജ്ഞാനത്തെപ്പറ്റി എനിക്കു സംശയമുണ്ട്. അത് ശാസ്ത്രീയാടിസ്ഥാനത്തിലായിരിക്കാൻ വഴിയില്ല. അതിനാൽ രഘുവിന്റെ സംശയം ശരിയാണ്. പിന്നെ, മലയാളിയല്ലാത്തവർക്ക് മലയാളവരികളുടെ രാഗഭാവ അർത്ഥ തീവ്രത എങ്ങനെ ഉൾക്കൊള്ളാനാവും. ചില പാട്ടുകൾ സിനിമ വരും മുമ്പേ പോപ്പുലറായിരിക്കും. പിന്നെ മറ്റൊന്നും ആലോചിക്കാനില്ലല്ലോ.

നൂറു പടങ്ങളിറങ്ങുമ്പോൾ മുപ്പതെണ്ണം കണ്ടിട്ടാണ് അവാർഡ്. നല്ല പാട്ടുകൾ പുറത്തു നിൽപ്പുണ്ടാവും. വേറൊരു സമ്പ്രദായമുണ്ട്. പടത്തിൽ ശ്രദ്ധിക്കേണ്ട വിഭാഗം മാത്രം നോട്ടു ചെയ്തു വിടുന്ന പരിപാടി. സംഗീതമാണെങ്കിൽ അത്, തിരക്കഥ, സംവിധാനം, അഭിനയം, കമ്മിറ്റിക്ക് അതുമാത്രം നോക്കിയാൽ മതി. സൗകര്യമായി.

************

മുപ്പത്തിയാറ് വർഷം മുമ്പു നടന്ന സംഭാഷണമാണെങ്കിലും അതിലെ ആശയാഭിപ്രായങ്ങൾ ഇപ്പോഴും ജീവിച്ചിരിക്കുന്നതുകൊണ്ടാണ് ആ ഭാഗങ്ങൾ പുനരാവിഷ്കരിക്കുന്നത്.
ചാരിയ വാതിൽക്കൽ ഒരു വെയ്റ്ററുടെ തല പ്രത്യക്ഷപ്പെട്ടു. ഞങ്ങൾ അത്ര വേഗം പോകില്ലെന്നു വിചാരിച്ചാവാം ചായയ്‌ക്കു പകരം മൂന്നു മീൽസാണ് ദേവരാജൻ പറഞ്ഞത്. കുഴികളുള്ള വട്ടപ്ലേറ്റിൽ ഉച്ചയൂണുവന്നു. അതിനിടയിലും  ദേവരാജൻ സംഭാഷണം തുടരുകയാണ്. ചില ചോദ്യങ്ങൾ സ്വയം നിർമിച്ച് ഉത്തരം പറയുന്നു.

– പാട്ടിന്റെ കാര്യമാണല്ലോ പറഞ്ഞുവന്നത്. നിങ്ങൾക്കറിയാമോ സത്യജിത്റായിക്ക് രണ്ടു തവണ മ്യൂസിക് ഡയറക്‌ഷന് അവാർഡ് കൊടുത്തിട്ടുണ്ട്.

– ഉവ്വ്. അശനിസങ്കേത്  ആണെന്നാണ് ഓർമ (പിന്നെ ഫീരക് രാജർ ദേശെ).

– പേരു ഞാനോർക്കുന്നില്ല. മാസ്റ്റർ പറഞ്ഞു. റേ നല്ല സംവിധായകനാണ്. പക്ഷെ സംഗീത സംവിധായകനാണോ. ഞാൻ കേട്ടുനോക്കി. വെറും പ്രൈമറി സംഗീത പരിചയം മാത്രം. ആ നിലവാരമേയുള്ളു.

പക്ഷേ സത്യജിത്‌റേ അല്ലേ. മറ്റെല്ലാ വിഭാഗത്തിലും കൊടുത്തുകഴിഞ്ഞു. ഇത്തവണ എന്തെങ്കിലും കൊടുത്തില്ലെങ്കിൽ കമ്മിറ്റിക്ക് വിവരമില്ലെന്ന് ജനം കരുതിയാലോ. എന്നാൽ സംഗീതത്തിനിരിക്കട്ടെ. അതിൽ നിർത്താതെ വേറൊരു കടുംകൈകൂടി ചെയ്തു. റേയുടെ സംഗീതത്തെപ്പറ്റി ഡോക്യുമെന്ററിയും നിർമിച്ചു.

 ദക്ഷിണാമൂർത്തി

ദക്ഷിണാമൂർത്തി

– പുതിയ സംഗീത സംവിധായകരുടെ നിലവാരത്തെക്കുറിച്ചും ദേവരാജന്‌ മതിപ്പില്ല. ഞാനോ ദക്ഷിണാമൂർത്തിയോ ഒരു രാഗം മൂളിയാൽ അതേതാണെന്നു പറയാൻ കഴിയുന്നവർ നവാഗതരിൽ ചുരുക്കമേയുള്ളു.

പദങ്ങളുടെ അർഥവും ധ്വനിയും അറിഞ്ഞ് സംഗീതം കൊടുക്കുന്നവർ അത്ര പോലുമുണ്ടാവത്തില്ല.

ഉദാഹരണമൊന്നും മാസ്റ്റർ പറയില്ലെന്നാണ് കരുതിയത്, എങ്കിലും ഞാൻ ചോദിച്ചു:

–തകരയിലെ ആ പാട്ടില്ലേ. മൗനമേ. അതു കേട്ടാൽ മതി. ദേവരാജൻ പറഞ്ഞു. മൗനം എന്നാലെന്താണ്. നിശ്ശബ്ദത എന്നല്ലേ അർഥം. നിശ്ശബ്ദതയ്‌ക്കു യോജിച്ച മട്ടിലായിരിക്കണം പാട്ടിൽ ആ വാക്കു വരേണ്ടത്. പക്ഷേ ഗാനം  തുടങ്ങുന്നതുതന്നെ  ‘മൗനമേ’  എന്ന അലർച്ചയോടെയല്ലേ.
ദേവരാജന്റെ സംവിധാനത്തിലെ ചില ഗാനപദങ്ങൾ, വിശേഷിച്ച് സംബോധനയിൽ തുടങ്ങുന്നവയിൽ ഭാവം നിറയ്ക്കുന്ന വിദ്യ ഞാനോർമിച്ചു–സന്ന്യാസിനീ,സുമംഗലി, ചക്രവർത്തിനി, പ്രിയതമാ, പൂന്തേനരുവീ, പെരിയാറേ, പ്രിയസഖി ഗംഗേ എന്നിങ്ങനെ പദങ്ങളെ വികാരവൽക്കരിക്കുന്നു. അതുതന്നെയാണ് കഥാപാത്രത്തിന്റെ മനസ്സും. സ്വർണചാമരം, ദന്തഗോപുരം, ഗന്ധർവനഗരങ്ങൾ, ശംഖുപുഷ്പം എന്നിവ വെറും പദങ്ങളായല്ല, ആത്മാവായാണ് ഗാനങ്ങളിൽ വരുന്നത്.

എം എസ്‌  വിശ്വനാഥൻ

എം എസ്‌ വിശ്വനാഥൻ

ഗാനം, ഗാനസന്ദർഭം, സംഗീതം, ആലാപനം–നാലും പ്രധാനമാണ്.  മാസ്റ്റർ പറഞ്ഞു. ചില പാട്ടുകൾക്കനുസരിച്ച് സിനിമയുടെ പേരുമാറും. കഥാസന്ദർഭം പോലും മാറ്റി എഴുതിയ അനുഭവമുണ്ട്. ആദ്യമുണ്ടാകുന്നത് പാട്ടാണല്ലോ.
ഗാനത്തിലെ പദങ്ങൾക്ക് വിരുദ്ധമായ സംഗീതം ഒരബദ്ധമാണ്. എം എസ് വിശ്വനാഥന്റെ ഒരു ഗാനം മാസ്റ്റർ പറയുന്നു. സിനിമാപ്പാട്ടല്ല.തരംഗിണിയുടെ ഓണപ്പാട്ടാണ്, ‘തുളസി കൃഷ്ണതുളസി’ എന്നൊരു പാട്ടുണ്ട്.

കൃഷ്ണതുളസി എന്നു കേൾക്കുമ്പോൾ കേരളീയത ക്ഷേത്രം പരിശുദ്ധി നൈർമല്യം ഈശ്വരൻ ദിവ്യഗന്ധം ഇതൊക്കെയാണല്ലോ  മനസ്സിൽ വരിക. പക്ഷേ വിശ്വനാഥൻ പാട്ടു തുടങ്ങുന്നത് കോങ്കോഡ്രംസ് എന്ന പാശ്ചാത്യ വാദ്യത്തോടെയാണ്. കേരളീയവാദ്യങ്ങളാണ് ഉപയോഗിക്കേണ്ടിയിരുന്നത്. ‘ചെത്തി മന്ദാരം തുളസി’ അങ്ങനെ ചെയ്ത പാട്ടാണ്.

–അന്യഭാഷാ സംഗീത സംവിധായകരെ പരീക്ഷിക്കുന്ന രീതി എല്ലാക്കാലത്തുമുണ്ട്.

ബോംബെ രവി

ബോംബെ രവി

ഏറ്റവുമൊടുവിൽ  ബോംബെ  രവി. അദ്ദേഹത്തിന്റെ ‘സാഗരങ്ങളെ പാടിയുണർത്തിയ’ എന്ന ഗാനം എന്റെ സ്വപ്നത്തിൻ താമരപ്പൊയ്കയിൽ എന്ന ഗാനത്തിന്റെ രീതിയായിട്ടാണ് അദ്ദേഹത്തിന്‌ തോന്നുന്നത്. അത് മാസ്റ്ററുടെ ഗാനമാണ്. ഉയർന്നും താഴ്ന്നും അധികം ഇടംവലം പോകാതെ പക്ഷേ രവി കുറേക്കാലമൊന്നും നിൽക്കുമെന്നു തോന്നുന്നില്ല, മാസ്റ്റർ പറഞ്ഞു. അഞ്ചാറു സ്റ്റോക്കേ കാണുന്നുള്ളു.

മാസ്റ്റർ തെലുങ്കിലോ തമിഴിലോ ചെന്നാലുള്ള അവസ്ഥയും ഇതായിരിക്കില്ലേ. ആദ്യം ട്യൂൺ. അതിൽ ഘടിപ്പിക്കാൻ ചില പദങ്ങൾ?

– ഉവ്വ്. ഞാനും പുറത്ത് കുറച്ച് പടങ്ങൾ ചെയ്തിട്ടുണ്ട്. പിന്നെ നിർത്തി. ഭാഷയും അർഥവും സന്ദർഭവും മനസ്സിലാക്കാതെ സംഗീതമുണ്ടാക്കാൻ എനിക്കു കഴിയുകയില്ല. ഗാനരചയിതാവിന് പൂർണ സ്വാതന്ത്ര്യം കൊടുക്കുന്നതാണ് എന്റെ രീതി. ചിലരുടെ വരികളിൽത്തന്നെ അതിന്റെ സംഗീതവുമുണ്ടാകും. സാരിയുടുപ്പിച്ച്  ഞൊറിയിടുകയേ വേണ്ടൂ. നിങ്ങൾ കേട്ടാൽ വിശ്വസിക്കാത്ത ഒരു കഥകൂടി പറയാം. ‘അയോധ്യ’ എന്ന പടത്തിൽ കിഷോർകുമാർ പാടിയ ‘എബിസിഡി ചേട്ടൻ കേഡി’ എന്നൊരു പാട്ടുണ്ടല്ലോ. ഭാസ്കരൻ എഴുതിയിട്ടാണ് ഞാൻ ട്യൂൺ ചെയ്തത്. അതിന്റെ ട്രാക്കു പാടിച്ചതുമായിട്ടാണ് ബോംബെയിൽ അവസാന റിക്കാർഡിങ്ങിനു പോയത്.

കിഷോർകുമാർ

കിഷോർകുമാർ

 പക്ഷെ മാസ്റ്ററുടെ എല്ലാ ഗാനവും ഇങ്ങനെയാണോ?‘പാരിജാതം തിരുമിഴി തുറന്നു’ സംഗീതത്തിനനുസരിച്ച് വയലാർ എഴുതിയതാണെന്നാണ് ഞാൻ കേട്ടിട്ടുള്ളത്.

 –അതാരു പറഞ്ഞു?

 യേശുദാസിന്റെ കഥ എന്നൊരു പുസ്തകമിറങ്ങിയിട്ടുണ്ടല്ലൊ. അതിലുള്ളതാണ്.

– ഞാൻ കണ്ടില്ല. അത് വെറും കഥയാണ്. പാരിജാതം എഴുതിയ ശേഷം ട്യൂണിട്ട പാട്ടാണ്. പാട്ടെഴുതിക്കിട്ടാൻ വൈകുമ്പോൾ തുടക്കത്തിന് ഏതെങ്കിലും രാഗം മൂളിക്കൊടുക്കാറുണ്ട്. അങ്ങനെ നല്ല അനുഭവങ്ങളുണ്ടായിട്ടുണ്ടുമുണ്ട്. എന്നല്ലാതെ സംഗീതമിട്ടുകൊടുത്ത് പാട്ടെഴുത്തുകാരെ നിയന്ത്രിക്കാറില്ല.

പാട്ടിലെ ചില വരികൾ മാറ്റണമെന്ന് മാസ്റ്റർ നിർബന്ധം പിടിച്ചതായി കേട്ടിട്ടുണ്ട്.

അതൊക്കെയുണ്ടാവും. വയലാറിനോടും ഭാസ്കരനോടുമൊക്കെ പറഞ്ഞിട്ടുണ്ട്. സ്‌കെയിലിൽ നിൽക്കാത്ത ചില വാക്കുകൾ വരുമ്പോൾ മറ്റൊരു വാക്ക് ചോദിക്കും. അവർക്കതൊരു കുറച്ചിലായി തോന്നിയിട്ടില്ല. കാരണം രണ്ടു പേർക്കും അല്പം സംഗീതമറിയാം. ചെറിയ അഡ്ജസ്റ്റ്മെന്റുകൾ. അതുകൊണ്ട് പാട്ടു നന്നായിട്ടേയുള്ളു.

തിരക്കുള്ള കാലത്ത് എങ്ങനെയായിരുന്നു മാസ്റ്ററുടെ രീതി. മനസ്സിലുള്ള ട്യൂണുകൾ  രേഖപ്പെടുത്തി വെയ്ക്കുമായിരുന്നോ?

അതിനും സമയം വേണമല്ലൊ. പാട്ടു മുമ്പിൽ വരുമ്പോഴേ അക്കാര്യം ചിന്തിക്കാറുള്ളൂ. പുഴയെത്തുമ്പോൾ വഞ്ചി!

പണ്ട് കമ്പോസ്  ചെയ്ത പാട്ടുകൾ ഇന്നായിരുന്നെങ്കിൽ കുറച്ചുകൂടി നല്ല ആലാപനമുണ്ടായേനെ എന്നു ചിന്തിച്ചിട്ടുണ്ടോ.

പി ബി ശ്രീനിവാസനെപ്പോലുള്ളവർ എത്രയോ നല്ല പാട്ടുകൾ പാടി നശിപ്പിച്ചതായി എനിക്കു തോന്നിയിട്ടുണ്ട്?

അക്കാലത്തെ തമിഴ് തെലുങ്ക് മലയാളം സിനിമയിലെ പോപ്പുലർ ഗായകനാണ് പി ബി.

പി ബി  ശ്രീനിവാസ്‌

പി ബി ശ്രീനിവാസ്‌

അന്നൊക്കെ നായകന് ഇന്നയാൾ പാടുക ഉപനായകന്, നായികയ്‌ക്ക് ഇന്നയാൾ എന്നൊക്കെ  തരംതിരിവുണ്ടായിരുന്നു. പിന്നെ പില മൂഡ്സോങ്ങ്സ്. ശകുന്തളയിലെ ‘പോവുകയല്ലോ’ എന്ന പാട്ട്. അതൊരു വിരഹ ഗാനമാണ്. അതിനു യോജിച്ചത് പി ബിയുടെ ശബ്ദമാണെന്നു  തോന്നി. ഇന്നിപ്പോൾ അങ്ങനെയില്ല. എല്ലാം യേശുദാസ് തന്നെയാണല്ലോ പാടുന്നത്.

പുതിയ ചില ഗായകരെ മാസ്റ്റർ അവതരിപ്പിച്ചിരുന്നു. മികച്ച പാട്ടുകളും അവർക്കു കൊടുത്തു. അവർ യേശുദാസിനു ബദലാവുമെന്ന് സിനിമാ വാരികകളും പറഞ്ഞു. പക്ഷേ ഒന്നും സംഭവിച്ചില്ല?

പാട്ടിനു ട്യൂണിടുന്നപോലെയാണത്. പാടേണ്ടത് അവരാണ്. എന്റെ ജോലി ഞാൻ ചെയ്തു. അവരുടെ ജോലി അവർ ചെയ്യണം. അവർക്കൊന്നും അവസരമില്ല. പലരും നാട്ടിൽത്തന്നെയില്ല. അനുകരണംകൊണ്ട് കയറിവരാനാവില്ല.

അവരിൽ  ചിലർ കെ പി എ സിയുടെ നാടക ഗാനങ്ങളും പ്രശസ്ത സിനിമാപ്പാട്ടുകളും സ്വന്തം നിലയ്‌ക്കു പാടി കാസറ്റ് ഇറക്കുന്നുണ്ടല്ലോ. ഇത് മര്യാദകേടല്ലേ?

അതോ ഗതികേടോ. ഈ സംഭവം ഇപ്പോൾ കേസിലാണ് .

മറ്റൊന്ന് ട്രാക്കുപാടൽ. പുതിയ ഗായകർ പാടാനുള്ള മോഹം സഫലീകരിക്കുന്നത് ഇങ്ങനെയാണെന്ന് തോന്നുന്നു. പണം കിട്ടുന്നുണ്ടാവാം. പക്ഷേ, അവർ സ്ഥിരം ട്രാക്കുപാട്ടുകാരായി അവസാനിക്കും. സംഗീതസംവിധായകർ അവരെ മുതലെടുക്കുകയല്ലേ. സിനിമാപ്പാട്ടിൽ അവരുടെ ശബ്ദം ഒരിക്കലും വരാൻ പോകുന്നില്ല. അതല്ലേ സത്യം?

അതിന്റെ പാപം ഞാനും ഏറ്റെടുക്കേണ്ടിവരും. ദേവരാജൻ പശ്ചാത്തപിച്ചു. ട്രാക്കു പാടിക്കൽ തുടങ്ങിവെച്ചതു ഞാനാണ്. മറ്റൊന്നും വിചാരിച്ചല്ല. എനിക്കും യേശുദാസിനും തിരക്ക്. റിഹേഴ്സലിനോ പാട്ടു പഠിക്കാനോ സമയത്തുവന്നു പാടാനോ കഴിയാത്ത ക്ലാഷ്.  അതിനു കണ്ട പരിഹാരമാണ് ട്രാക്കു പാടിക്കൽ. ദാസിന്റെ സൗകര്യത്തിനു വന്നു  ട്രാക്കു കേട്ട് സ്വന്തം നിലയിൽ പാടിയാൽ മതി. പാട്ടു പഠിക്കലും റിഹേഴ്സലുമൊന്നും വേണ്ട. തുടങ്ങിയത് ഞാനാണെങ്കിലും പഴികേട്ടത് യേശുദാസാണ്. അതെന്തിന്?

പുതിയ ഗായകർക്ക് തടസ്സം നിൽക്കുന്നുവെന്ന്. ഇന്നിപ്പോൾ കാലം മാറി. പുതിയ ടെക്‌നിക്കുകൾ വന്നു. ആരു പാടിയാലും മതി എന്ന നിലയായില്ലേ.

ദേവരാജൻ സംസാരിക്കാനുള്ള മൂഡിലായിരുന്നതിനാൽ അഭിമുഖം, ചർച്ചയും സംഭാഷണവും തുറന്നുപറച്ചിലുമൊക്കെയായി തരം മാറി.

വാതിൽക്കൽ കാത്തുനിന്ന രണ്ടു മൂന്നു സന്ദർശകർ വീണ്ടും മുഖം കാണിച്ചു. മാസ്റ്റർ കാത്തിരിക്കുന്നത് അവരെയാവാം. അവരെ അകത്തേക്ക് വിളിച്ചപ്പോൾ ഞാനും ജയകൃഷ്ണനും സമയബോധത്തോടെ എഴുന്നേറ്റു.  ഔപചാരികമായ യാത്രപറച്ചിൽ വേണ്ടിവന്നില്ല.

ശ്രുതിതാഴ്‌ത്തി പാടിയ പൂങ്കുയിൽ

ഓഫീസിലെത്തി നോട്ട്ബുക്കിലും മനസ്സിലുമായിക്കിടക്കുന്ന സംഭാഷണങ്ങൾ ചവച്ചുനോക്കിയ ഞാനൊന്നു വിരണ്ടു. പത്ര ഭാഷയിൽ പറഞ്ഞാൽ പലതും കോൺട്രവേഴ്സൽ. പക്ഷേ, എല്ലാം പച്ച സത്യങ്ങൾ. ദേവരാജനെപ്പോലെ പണിയറിയാവുന്ന ഒരാളുടെ ആധികാരിക ദർശനങ്ങൾ.

മറന്നുപോകും മുമ്പ് എല്ലാം പകർത്തി. പറഞ്ഞതും ചോദിച്ചതും ചോദിക്കാതെ പറഞ്ഞതുമെല്ലാം. ഇതൊക്കെ ദേവരാജൻ പറഞ്ഞതുതന്നെയാണോ. മാറ്റർ വായിച്ച് ചിത്രഭൂമി ജനാർദനൻ  ഫോണിൽ ചോദിച്ചു.

–എല്ലാം. പലതും എഴുതിയിട്ടില്ല.

–ടേപ്പു ചെയ്തിട്ടുണ്ടോ

–അതൊന്നുമില്ല.

–ഹൈലി ഇൻഫ്ലേമബിൾ ആണല്ലോ.

–എന്നാൽ വേണ്ടെന്നുവെയ്ക്കാം.

–നമുക്കൊന്നുമില്ല. ജനാർദനൻ പറഞ്ഞു.  ദേവരാജന് വല്ലതുമുണ്ടായേക്കും.

–മാസ്റ്റർ എക്കാലത്തും ഇങ്ങനെയൊക്കെയല്ലേ. പലതും ഞാൻ പണ്ടേ ചോദിക്കാനാഗ്രഹിച്ചതും മാസ്റ്റർ പറയാനാഗ്രഹിച്ചതുമായിപ്പോയി.

അങ്ങനെ 1986 ആഗസ്‌ത്‌ ലക്കത്തിൽ ‘ദേവരാജൻ സംസാരിക്കുന്നു’ എന്ന പേരിൽ ഇതെല്ലാം അച്ചടിച്ചു. വിവാദ പരാമർശങ്ങൾ പ്രത്യേക ഷെൽഫുകളായി കൊടുത്തിരുന്നു.

പൊതുവെ അവനവന്റെ കാര്യം നോക്കി നിശ്ശബ്ദനും സിനിമാ പ്രസിദ്ധീകരണങ്ങളുമായി അകലം പാലിക്കുകയും ചെയ്യുന്ന ദേവരാജന് നിർബന്ധങ്ങളും വിമർശനങ്ങളും പിടിവാശിയും ദിവ്യാസ്ത്രങ്ങളുമൊക്കെ  ഉണ്ടെന്നറിയാമെങ്കിലും സിനിമാ സംഗീത ലോകത്തു മാത്രമല്ല വായനക്കാരിലും ഈ അഭിമുഖം  ആശ്ചര്യമുളവാക്കി. നിരവധി  കത്തുകളും  ഫോൺവിളികളും ചിത്രഭൂമിയിലേക്കെത്തി.

കേട്ടറിവു മാത്രമുള്ള ദേവരാജനൊപ്പം സിനിമാ ഗാനങ്ങൾ  സംഭാഷണവും ചർച്ചയും ചെയ്തുള്ള ഒരു തീവണ്ടി യാത്രയായി  വിശേഷിപ്പിച്ചു. അവരും  ചോദിക്കാനാഗ്രഹിച്ച ചോദ്യങ്ങളും  ഉത്തരങ്ങളും  ഇതിലുണ്ടായിരുന്നിരിക്കാം.
ഏതാണ്ട് രണ്ടാഴ്ച കഴിഞ്ഞപ്പോൾ ഓഫീസ് ഫോണിൽ കൈമാറിയെത്തിയ ഒരു ശബ്ദം എന്നോട് ചോദിച്ചു–രഘു ആണോ.

ആ നാസികാശബ്ദം എനിക്കു പാട്ടുകൾ പോലെത്തന്നെ പരിചിതമായിരുന്നു.

മാസ്റ്റർ അഭിമുഖം കണ്ടിട്ടുണ്ടാവുമോ. പറഞ്ഞത് കൂടിപ്പോയെന്നോ കുറഞ്ഞെന്നോ തോന്നിയോ. അച്ചടിക്കും മുമ്പ് അഭിമുഖം അയച്ചുതരണമെന്ന് ചിലരെപ്പോലെ പറയാത്തതിൽ ദേവരാജൻ പശ്ചാത്തപിക്കുന്നുണ്ടോ. വായനക്കാരുടെ, സിനിമാക്കാരുടെ അഭിപ്രായങ്ങളും മാസ്റ്റർ അറിഞ്ഞിരിക്കുമല്ലോ. സാങ്കല്പിക ചോദ്യങ്ങൾ എന്റെ മനസ്സിലുയിർത്തു. എന്താണദ്ദേഹം പറയാൻ  പോകുന്നത്.

രഘു അല്ലേ. എന്ന് വീണ്ടും ചോദിച്ച് ഉറപ്പാക്കിയശേഷം  മാസ്റ്റർ ഇത്രമാത്രം പറഞ്ഞു–താങ്ക് യൂ.

എന്തർഥത്തിലായിരുന്നു അതെന്ന്  ശബ്ദപണ്ഡിതർക്കു മാത്രമേ വ്യാഖ്യാനിക്കാൻ കഴിയൂ. മറ്റൊരു ശ്വാസത്തിനു മുമ്പ് ഫോൺ കട്ടാവുകയും ചെയ്തു.

ദേവരാജൻ, ഒഎൻവി

ദേവരാജൻ, ഒഎൻവി

പിന്നീട് ഞാനദ്ദേഹത്തെ കണ്ടിട്ടില്ല. ടെലഫോണിൽപോലും ബന്ധപ്പെട്ടിട്ടുമില്ല. ആറു വർഷം കഴിഞ്ഞ്‌  92ൽ ഞാനദ്ദേഹത്തിന്റെ പുതിയ  രണ്ടു പാട്ടുകൾ കേട്ടു. ‘അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ’  ‘ഒന്നിനി  ശ്രുതി താഴ്‌ത്തി പാടുക പൂങ്കുയിലേ’  രണ്ടും അതിമനോഹരം.

ദേവരാജന്റെ സാർഥകമായ സംഗീതയാത്രയിൽ  ശ്രുതി  ചേർക്കാവുന്ന ഈ വിശ്രുത ഗാനങ്ങളിലൂടെ ഭൂതകാലത്തിന്റെ നിഴലാവാതെ നിലനിൽക്കാൻ ദേവരാജന്‌ കഴിഞ്ഞു. പ്രതിഭ ക്ഷീണിക്കുകയല്ല, സുവർണ കാലത്തെ ഓർമിപ്പിക്കുകയുമല്ല, ദേവരാജൻ എന്താണെന്ന് കർണപുടങ്ങളിൽ എഴുതി ഒപ്പിടുകയായിരുന്നു.

ദേവരാജന്റെ സംഗീതത്തെ സൈദ്ധാന്തികമായോ രാഗപരവശനായോ നിരൂപണം ചെയ്യാൻ  ഞാനാളല്ല. സംഗീതജ്ഞനുമല്ല. വെറും പാട്ടാസ്വാദകൻ. അങ്ങനെ നോക്കുമ്പോൾ  ഏറ്റവും കുറവ് വാദ്യോപകരണങ്ങൾ ഉപയോഗിച്ചയാളാണ് ദേവരാജൻ. ‘തെക്കുംകൂറടിയാത്തി,  ഗന്ധമാദന വനത്തിൽ വാഴും  , അലകടലിൽ കിടന്നൊരു നാഗരാജാവ്’ എന്നീ ഫോക്കു ഗാനങ്ങളിലെ വാദ്യങ്ങൾതന്നെ ‘ദന്തഗോപുരം’  ‘തപസ്സിനു തിരയും’, ‘ഗന്ധർവനഗരങ്ങൾ’ എന്നീ തത്വചിന്താ ഗാനങ്ങളിലും കാണാം.

സമൃദ്ധമായ ഓർക്കസ്ട്രേഷൻ  ദേവരാജന്റെ പാട്ടുകളിൽ കേട്ടിട്ടില്ല. ഒന്നോ രണ്ടോ  വാദ്യങ്ങൾ മാത്രമേ ചെവിയിലെത്തൂ. ജലാശയത്തിലെ ഹംസങ്ങളെപ്പോലെ പാട്ടിന്റെ വരികളാണ് ഉപരിതലത്തിൽ നമ്മൾ കാണുന്നത്.

സമൃദ്ധമായ ഓർക്കസ്ട്രേഷൻ  ദേവരാജന്റെ പാട്ടുകളിൽ കേട്ടിട്ടില്ല. ഒന്നോ രണ്ടോ  വാദ്യങ്ങൾ മാത്രമേ ചെവിയിലെത്തൂ. ജലാശയത്തിലെ ഹംസങ്ങളെപ്പോലെ പാട്ടിന്റെ വരികളാണ് ഉപരിതലത്തിൽ നമ്മൾ കാണുന്നത്.

മരിക്കാൻ ഞങ്ങൾക്ക് മനിസ്സില്ല, നഷ്ടപ്പെടുവാൻ വിലങ്ങുകൾ, നക്ഷത്രങ്ങളേ സാക്ഷി, പല്ലനയാറിൻ തീരത്തിൽ, കൊതുമ്പുവള്ളം തുഴഞ്ഞുവരും എന്നീ പാട്ടുകളിലെ വിപ്ലവാന്തരീക്ഷം, പരശുരാമൻ മഴുവെറിഞ്ഞു നേടിയതല്ല, തങ്കത്താഴികക്കുടമല്ല  എന്നീ ഗാനങ്ങളിലെ ശാസ്ത്രീയ തീർപ്പുകൾ, പ്രവാചകന്മാരേ പറയൂ, ഈശ്വരൻ ഹിന്ദുവല്ല എന്നിവയിലെ തത്വചിന്ത, നിത്യവിശുദ്ധയാം കന്യാമറിയമേ, യരുശലേമിലെ സ്വർഗദൂതാ, ബാവായ്ക്കും പുത്രനും എന്നീ പാട്ടുകളിലെ ബൈബിൾ അന്തരീക്ഷം, വടക്കൻ പാട്ട്, കൊയ്‌ത്തുപാട്ട്  , ചരിത്രം, പ്രണയം, വിരഹം  , മരണം, ഹാസ്യം  , അശരീരി–ഭക്തിഗാനത്തിനിടയിൽ ഒരു  ആംഗ്ലോ ഇന്ത്യൻ പെൺകുട്ടി പ്രത്യക്ഷപ്പെടുമ്പോൾ  സാക്‌സോഫോണിലേക്കു  മാറുന്ന സംഗീതം... സിനിമയിലല്ലാതെ കേൾക്കുമ്പോഴും സ്വന്തം സങ്കൽപ്പനഗരങ്ങൾ സൃഷ്ടിക്കാൻ ശ്രോതാവിനെ ഭാവനാശാലിയാക്കുന്ന പാട്ടുകൾ–എന്തൊരു സംഗീത സംസ്‌കാരമാണ് ഈ മനുഷ്യൻ സൃഷ്ടിച്ചത്.

ദേവരാജൻ

ദേവരാജൻ


വാക്കുകൾ സംഗീതമേറ്റ് തളിർക്കുകയും പടവാൾപോലെ മിന്നുകയും താഴമ്പൂവിന്റെ ഗന്ധം പരത്തുകയും അനുരാഗത്തിന്റെ നിഗൂഢാഗ്നി പൊത്തിപ്പിടിക്കുകയും  ചെയ്യന്നൊരിടം–അതാണ് ദേവരാജന്റെ ഹാർമോണിയം.


(ദേശാഭിമാനി വാരികയിൽ നിന്ന്)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top