20 April Saturday

കേന്ദ്രത്തിന്റെ സാമ്പത്തിക നിയന്ത്രണങ്ങള്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ-കെ എന്‍ ബാലഗോപാല്‍ എഴുതുന്നു

കെ എന്‍ ബാലഗോപാല്‍Updated: Monday Aug 8, 2022

 കേരളത്തിന്റെ വികസനത്തെയും പുരോഗതിയെയും അട്ടിമറിക്കുന്ന തരത്തില്‍ കഴിഞ്ഞ കുറേനാളുകളായി കേന്ദ്ര സര്‍ക്കാര്‍ നിരന്തരമായ ഇടപെടലുകള്‍ വിവിധ രൂപത്തില്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറല്‍ രാഷ്ട്രീയ സാമ്പത്തിക സംവിധാനങ്ങളെയാകെ ചോദ്യംചെയ്യുന്ന തരത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ ഈ ഇടപെടലുകള്‍.  ഭരണഘടനാ വ്യവസ്ഥകളെ തെറ്റായി വ്യാഖ്യാനിച്ച് കേരളത്തിന്റെ എന്നല്ല, എല്ലാ സംസ്ഥാനങ്ങളുടെയും താല്‍പര്യങ്ങളെ ഹനിക്കുന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ എടുത്തുകൊണ്ടിരിക്കുന്നത്. 

ധനകാര്യ കമ്മീഷന്റെ ധനകൈമാറ്റ അനുപാതത്തില്‍ കേരളത്തിന് പ്രതികൂലമായ വിധത്തില്‍ കുറവും വരുത്തിക്കൊണ്ടിരിക്കുകയാണ്. കേന്ദ്ര ഏജന്‍സികളായ കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, ആദായ നികുതി വകുപ്പ്, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയെയാകെ ഉപയോഗിച്ച് സംസ്ഥാനങ്ങളുടെ രാഷ്ട്രീയ സാമ്പത്തിക കാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ അനാവശ്യ ഇടപെടല്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.  

ധനകാര്യ കമ്മീഷന്റെ വിഹിതത്തിലെ കുറവ്

ധനകാര്യ കമ്മീഷന്റെ മാര്‍ഗരേഖപ്രകാരം സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യേണ്ട പണത്തിന്റെ കാര്യത്തില്‍ കാര്യമായ വ്യതിയാനം ക്രമാനുഗതമായി വന്നുകൊണ്ടിരിക്കുകയാണ്.  ഈ മാറ്റങ്ങള്‍ കേരളത്തിന്റെ താല്‍പര്യങ്ങള്‍ക്ക് തികച്ചും വിരുദ്ധമാണ്. പത്താം ധനകാര്യ കമ്മീഷന്റെ കാലത്ത് ഡിവിസിബിള്‍ പൂളില്‍ നിന്നും ലഭിച്ചിരുന്ന കേരളത്തിന്റെ വിഹിതം 3.875 ശതമാനമായിരുന്നു. എന്നാല്‍ പതിനഞ്ചാം ധനകാര്യകമ്മീഷന്റെ കാലമായപ്പോള്‍ അത് 1.925 ശതമാനത്തിലേക്ക് ഇടിഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ വിഭവങ്ങള്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പങ്കുവെയ്ക്കുന്നത് ദേശീയ സമ്പത്തിന്റെ വിതരണം എന്ന നിലയിലാണ്. കേന്ദ്രത്തിന് വിഭവം ലഭിക്കുന്നത് അടിസ്ഥാനപരമായി സംസ്ഥാനങ്ങളില്‍ നിന്നാണ്.  അത് സംസ്ഥാനങ്ങള്‍ക്ക് ന്യായമായ രീതിയില്‍ വിതരണം ചെയ്യേണ്ടത് കേന്ദ്ര സര്‍ക്കാരിന്റെ ഭരണഘടനാപരമായ ബാധ്യതയാണ്.  ധനകാര്യ കമ്മീഷനുകള്‍ രൂപീകരിക്കുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളുമായി ഒരു വിധത്തിലുള്ള ചര്‍ച്ചയും നടത്താറില്ല. ഇത് ഭരണഘടനയുടെ ഫെഡറല്‍ തത്ത്വങ്ങള്‍ക്കു തന്നെ എതിരാണ്.

കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍

സി & എജി അടുത്തകാലത്തായി കേരളത്തിന്റെ ധനകാര്യ വിഷയങ്ങള്‍ സംബന്ധിച്ച ഓഡിറ്റ് റിപ്പോര്‍ട്ടുകളിലൂടെ ശരിയല്ലാത്ത ചില ഇടപെടലുകളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.  കിഫ്ബി, കേരള സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ കമ്പനി ലിമിറ്റഡ് (KSSPL) തുടങ്ങിയ ഏജന്‍സികള്‍ എടുക്കുന്ന വായ്പകള്‍ ബജറ്റില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്തിന്റെ മൊത്തം കടത്തിന്റെ കണക്കില്‍ പെടുത്തണം എന്നാണ് സി & എ ജിയുടെ നിര്‍ദ്ദേശം.

ഈ നിര്‍ദ്ദേശം സംസ്ഥാനത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമാണ്. കിഫ്ബി നടത്തിവരുന്ന വികസന പ്രവര്‍ത്തനങ്ങളെയും 60 ലക്ഷത്തോളം പേര്‍ക്ക് ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്യുന്ന കെ.എസ്.എസ്.പി.എല്‍ ന്റെ പ്രവര്‍ത്തനത്തെയും തടസസപ്പെടുത്തുക എന്നതാണ് സി & എ ജിയുടെ ലക്ഷ്യം എന്ന് കണക്കാക്കേണ്ടിവരും.

കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കുകയും നിയമപരമായും ഭരണഘടനാപരമായും നിലനില്‍ക്കാത്തതും സാങ്കേതികമായി തെറ്റായതുമായ പരാമര്‍ശങ്ങള്‍ സ്വീകരിക്കേണ്ടതില്ലെന്ന് സഭ തീരുമാനിക്കുകയും ആ മാറ്റങ്ങളോടെ സി & എജിയുടെ 2018-19 വര്‍ഷത്തെ റിപ്പോര്‍ട്ട് അംഗീകരിക്കുകയും ചെയ്തു. 

എന്നിട്ടും ഇതൊന്നും മാനിക്കാതെ ധനകാര്യ റിപ്പോര്‍ട്ടിലെ സി & എ ജിയുടെ തെറ്റായതും അടിസ്ഥാനരഹിതവുമായ അഭിപ്രായങ്ങളുടെ അടിസ്ഥാനത്തില്‍ കിഫ്ബി, കേരള സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡ് പോലുള്ള ഏജന്‍സികളുടെ വായ്പകള്‍ എഫ്.ആര്‍.ബി.എം ആക്ടിന്റെ പരിധിയില്‍ പെടുത്തി സംസ്ഥാനത്തിന്റെ കടമെടുക്കാനുള്ള പരിധി വെട്ടിക്കുറയ്ക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത്.  ഈ സ്ഥിതി ഭാവിയില്‍ ലൈഫ് മിഷന്‍ ഉള്‍പ്പെടെയുള്ള ഭവന പദ്ധതികളെയും ഇതര ക്ഷേമ പ്രവര്‍ത്തനങ്ങളെയും തടസ്സപ്പെടുത്തുന്ന നിലയിലേക്ക് എത്തും.

കേരള സര്‍ക്കാര്‍ കിഫ്ബിയുടെ സി & എ ജി ഓഡിറ്റിനെ എതിര്‍ക്കുന്നു, അനുവദിക്കുന്നില്ല തുടങ്ങിയ പ്രചരണങ്ങളും ഒരു ഘട്ടത്തില്‍ ഉണ്ടായി. എന്നാല്‍ സംസ്ഥാന ബജറ്റില്‍ നിന്ന് ഗ്രാന്റ്ല ലഭിക്കുന്ന ഏതൊരു സ്ഥാപനത്തെയും ഓഡിറ്റ് ചെയ്യാന്‍ സി & എ ജി ക്ക് പൂര്‍ണമായ അവകാശമുണ്ടെന്ന് കേരള സര്‍ക്കാര്‍ തുടക്കം മുതല്‍ തന്നെ വ്യക്തമായ നിലപാടാണ് സ്വീകരിച്ചത്.  യഥാര്‍ത്ഥത്തില്‍ സി & എ ജി നടത്തുന്ന കിഫ്ബി ഓഡിറ്റിനെ സംസ്ഥാന സര്‍ക്കാര്‍ സ്വാഗതം ചെയ്തിരുന്നു. സി & എ ജി ഓഡിറ്റ് സുഗമമാക്കുന്നതിന് കിഫ്ബി എല്ലാ പിന്തുണയും നല്‍കിയിരുന്നു. എന്നാല്‍ തികച്ചും വിരുദ്ധമായ ധാരണയാണ് മാധ്യമങ്ങളില്‍ പ്രചരിച്ചത്.  ഈ കുപ്രചരണങ്ങളെ എതിര്‍ക്കാതെ നിശബ്ദത പാലിക്കുകയാണ് സി & എജി ചെയ്തത്.

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണങ്ങള്‍

കിഫ്ബി ഇന്ത്യയില്‍ നിലനില്‍ക്കുന്ന എല്ലാ നിയമങ്ങളും നിബന്ധനകളും പാലിച്ച് എടുക്കുന്ന ദേശീയവും വിദേശീയവുമായ വായ്പകളെക്കുറിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നിരന്തരമായ അന്വേഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. 2019 മാര്‍ച്ചില്‍ പുറത്തിറക്കിയ മസാല ബോണ്ടിലൂടെ വിദേശ വാണിജ്യ വായ്പകളായി 2150 കോടി രൂപ വിജയകരമായി കിഫ്ബി സമാഹരിച്ചിരുന്നു. 1999ലെ ഫോറിന്‍ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് നിഷ്കര്‍ഷിച്ച എല്ലാ അനുമതികളും നേടിയ ശേഷമാണ് മസാല ബോണ്ടുകള്‍വഴി കിഫ്ബി പണം സമാഹരിച്ചത്. ഈ ബോണ്ടുകള്‍ ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചിലും സിംഗപ്പൂര്‍ സ്റ്റോക്ക് എക്സ്ചേഞ്ചിലും ലിസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു.

എന്നാല്‍ കിഫ്ബിയുടെ വിദേശ വായ്പകള്‍ നിയമവിരുദ്ധമാണെന്ന നിലപാടെടുത്ത് 2021 ഫെബ്രുവരി 3ന് 1999ലെ ഫെമ ആക്ട് പ്രകാരം കിഫ്ബിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമന്‍സ് അയക്കുകയുണ്ടായി.  സമന്‍സിന്റെ കാരണമോ അന്വേഷണ വിഷയമോ വ്യക്തമാക്കിയിരുന്നില്ല. 

കിഫ്ബിയെ പ്രതിനിധീകരിച്ച് കിഫ്ബിയുടെ ജോയിന്റ് ഫണ്ട് മാനേജര്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് ആവശ്യമായ എല്ലാ രേഖകളും സമര്‍പ്പിക്കുകയും നാലു തവണ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു മുന്നില്‍ ചോദ്യം ചെയ്യലിനായി ഹാജരാകുകയും ചെയ്തു. ഇതു കൂടാതെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെയും ചോദ്യം ചെയ്യലിനായി കൊച്ചിയിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലേക്ക് വിളിപ്പിച്ചു. കിഫ്ബിയിലെ മറ്റ് ഉദ്യോഗസ്ഥരെയും പലതവണ വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കി. എന്‍ഫോഴ്സ്മെന്റ് ആവശ്യപ്പെട്ട എല്ലാ രേഖകളും അവര്‍ക്ക് നല്‍കുകയുണ്ടായി.  

ഇതിനെല്ലാം പുറമേയാണ് മുന്‍ ധനകാര്യ മന്ത്രിയും കിഫ്ബി വൈസ് ചെയര്‍മാനുമായിരുന്ന ഡോ.ടി.എം.തോമസ് ഐസക്കിന് സമന്‍സ് അയച്ചത്. ജൂലൈ 18നാണ് അദ്ദേഹത്തിന് സമന്‍സ് ലഭിച്ചത്. എന്നാല്‍ ഇതിന്റെ വാര്‍ത്തകള്‍ കാലേകൂട്ടി തന്നെ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കി സംസ്ഥാന സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനും അതിന്റെ വികസന പ്രവര്‍ത്തനങ്ങളും പുരോഗതിയും തടയാനുമുള്ള ഗൂഢമായ ശ്രമത്തിന്റെ ഭാഗമാണിതും.

ആദായനികുതി വകുപ്പിന്റെ നടപടികള്‍

കിഫ്ബിക്കെതിരായി ആദായ നികുതി വകുപ്പിനെയും കേന്ദ്രസര്‍ക്കാര്‍ ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്. കിഫ്ബിയുടെ കരാറുകാര്‍ക്കുള്ള ബില്ലുകളുടെ പേമെന്റിന്റെ Tax Deducted at Source  (TDS) ഇന്‍കം ടാക്സ് ആക്ട് 1960ന്റെ പരിധിയില്‍പ്പെടുത്തിയാണ് ആദായനികുതി വകുപ്പ് നടപടി എടുക്കാന്‍ ശ്രമിക്കുന്നത്.

കിഫ്ബി അംഗീകരിച്ച ഓരോ പ്രോജക്റ്റിനെയും നിയന്ത്രിക്കുന്ന ഒരു കരാര്‍ ഉണ്ട്. ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പിന്റെ സെക്രട്ടറി, സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളിന്റെ (SPV) മേധാവി, കിഫ്ബിയുടെ സി.ഇ.ഒ എന്നിവര്‍ തമ്മിലാണ് ഈ ത്രികക്ഷി കരാര്‍. ഈ ത്രികക്ഷി കരാറിന്റെ നിബന്ധനകള്‍ പ്രകാരം, പ്രോജക്ടുകളുടെ നിര്‍മ്മാണം ഏറ്റെടുക്കുന്ന കരാറുകാരനുമായിട്ടുള്ള ഉടമ്പടിയുടെ പൂര്‍ണ ഉത്തരവാദിത്തം എസ്പിവിക്ക് മാത്രമായിരിക്കും.

കൂടാതെ, ടി.ഡി.എസ് ഉള്‍പ്പെടെയുള്ള എല്ലാ നികുതി ബാധ്യതകളും അവര്‍ക്ക് നല്‍കുന്ന ബില്‍ തുകയില്‍ നിന്ന് കിഴിവ് ചെയ്ത് ആദായനികുതി വകുപ്പിന് അടക്കേണ്ടത് എസ്പിവിയുടെ ചുമതലയാണ്.  ഈ ക്രമീകരണം കിഫ്ബി  ആദായനികുതി വകുപ്പിന്റെ അന്വേഷണവേളയില്‍ പലതവണ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇതൊന്നും കണക്കിലെടുക്കാതെ കൊച്ചിയിലെ ആദായനികുതി കമ്മീഷണറുടെ നേതൃത്വത്തിലുള്ള പതിനഞ്ചോളം ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘം 2021 മാര്‍ച്ച് 25 ന് കിഫ്ബിയുടെ ഓഫീസില്‍ കടന്നുവരികയും അന്വേഷണത്തിന്റെ പേരില്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറേയും കിഫ്ബിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യുകയും ചെയ്തു.

സാധാരണ രീതിയില്‍, നികുതിദായകര്‍ അെസെസ്സുമെന്റ് അതോറിറ്റി/ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുന്ന എല്ലാ വിവരങ്ങളും നേരിട്ടോ പ്രതിനിധി വഴിയോ  നല്‍കുകയാണ് ചെയ്യാറുള്ളത്.  2021 ഏപ്രിലിലെ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് ഇന്‍കം ടാക്സ് വകുപ്പ് ഈ നടപടികള്‍ സ്വീകരിച്ചത്. ഇത് രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണെന്നത് വ്യക്തമാണ്. ഈ വിഷയം പിന്നീട്  ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ മുമ്പാകെ എത്തുകയും, കോടതി അത് സ്റ്റേ ചെയ്യുകയുമുണ്ടായി.

റിസര്‍വ് ബാങ്കിന്റെ ഇടപെടലുകള്‍

റിസര്‍വ് ബാങ്ക് അതിന്റെ നിയമപരമായ അധികാര സീമകള്‍ മറികടന്നുകൊണ്ട് സംസ്ഥാനങ്ങള്‍ തങ്ങളുടെ ഏജന്‍സികള്‍, കോര്‍പ്പറേഷനുകള്‍, നിയമാനുസൃത സ്ഥാപനങ്ങള്‍, യൂട്ടിലിറ്റികള്‍ എന്നിവ മുഖേന വികസന സംരംഭങ്ങള്‍ക്ക് ധനസഹായം നല്‍കുന്നതില്‍ ബാങ്കുകളെ നിയമവിരുദ്ധമായി നിയന്ത്രിക്കാനുള്ള നടപടികളാണ് സമീപകാലത്തായി എടുത്തുവരുന്നത്.റിസര്‍വ്വ് ബാങ്ക് ജൂണ്‍ 14ന് പുറപ്പെടുവിച്ച ഒരു സര്‍ക്കുലര്‍ പ്രകാരം വികസന പദ്ധതികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് ധനസഹായം നല്‍കുന്നതില്‍നിന്ന് എല്ലാ ബാങ്കുകളെയും തടഞ്ഞിരിക്കുകയാണ്.

സ്വന്തമായി വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാത്ത ഒരു സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സിക്കും ഇതര സ്ഥാപനങ്ങള്‍ക്കും ഇനി ബാങ്കുകള്‍ക്ക് കടം നല്‍കാന്‍ കഴിയില്ല.  ലൈഫ് മിഷന്‍ വഴി നടന്നുകൊണ്ടിരിക്കുന്ന ഭവന പദ്ധതികള്‍ക്കായി വായ്പ സമാഹരിക്കുന്നതുപോലും തടയപ്പെടും.  വിഴിഞ്ഞം തുറമുഖം പോലെ സംസ്ഥാന ബജറ്റില്‍ നിന്നുള്ള വയബിലിറ്റി ഗ്യാപ് ഫണ്ടിംഗ് (VGP) പിന്തുണയുള്ള ഒരു പദ്ധതിയും ഇനി കേരള സര്‍ക്കാരിന് ഏറ്റെടുക്കാനാകില്ല.

ബാങ്കുകളുടെ മേലുള്ള ആര്‍ബിഐയുടെ ഈ നിയന്ത്രണങ്ങള്‍ സംസ്ഥാന സര്‍ക്കാരുകളുടെ പദ്ധതികള്‍ക്കുവേണ്ടി മാത്രമുള്ളതാണ്. കേന്ദ്രസര്‍ക്കാര്‍, അതിന്റെ പൊതുമേഖലാ ഏജന്‍സികളും കോര്‍പ്പറേഷനുകളും മുഖേന ഏറ്റെടുക്കുന്ന പദ്ധതികള്‍ക്ക്, ഈ നിയന്ത്രണങ്ങള്‍ ബാധകമാക്കുന്നില്ല എന്നതാണ് വിരോധാഭാസം.

ഇന്ത്യന്‍ ഭരണഘടനയിലെ വ്യവസ്ഥകളുടെ തെറ്റായ വ്യാഖ്യാനം

കേന്ദ്ര ധനകാര്യ എക്സ്പെന്‍ഡിച്ചര്‍ വകുപ്പിന്റെ 2022 മാര്‍ച്ച് 31ലെ കത്തനുസരിച്ച് ഒരു സംസ്ഥാനത്തിന് അതത് സാമ്പത്തികവര്‍ഷം എടുക്കാന്‍ കഴിയുന്ന അറ്റ വായ്പാ പരിധിയെക്കുറിച്ചുള്ള പുതുക്കിയ നിര്‍ദ്ദേശങ്ങളാണ് അടങ്ങിയിരിക്കുന്നത്.

ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 293 (3) പ്രകാരം കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വായ്പ എടുക്കാന്‍ അനുമതി നല്‍കുമ്പോള്‍ സംസ്ഥാന ബജറ്റില്‍ നിന്നോ സംസ്ഥാനത്തിന്റെ നികുതി സെസ്സുകള്‍ എന്നിവയില്‍ നിന്നോ മുതലോ പലിശയോ അടയ്ക്കേണ്ട സംസ്ഥാന പൊതുമേഖലാ കമ്പനികള്‍, കോര്‍പ്പറേഷനുകള്‍, എസ്.പി.വികള്‍ സമാനമായ മറ്റ് സ്ഥാപനങ്ങള്‍ എന്നിവയെടുക്കുന്ന ഏത് കടവും സംസ്ഥാനത്തിന്റെ കടമായി കണക്കാക്കണം എന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്.

ഇതുമൂലം സംസ്ഥാനത്തിന്റെ കടമെടുക്കാനുള്ള സാധ്യത വളരെയധികം ചുരുങ്ങിയിരിക്കുകയാണ്. കിഫ്ബി, കെ.എസ്.എസ്.പി.എല്‍ എന്നീ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിനായി സര്‍ക്കാര്‍ ഗ്യാരന്റിയോടെ എടുത്ത പതിനാലായിരം കോടി രൂപ സര്‍ക്കാരിന്റെ നേരിട്ടുള്ള കടമായി ഇതുമൂലം കണക്കാക്കപ്പെടും. ഈ സമീപനത്തിന്റെ അടിസ്ഥാനത്തില്‍ 2022 ഡിസംബര്‍ 31 വരെ കേരളത്തിന് എടുക്കാന്‍ കഴിയുന്ന കടം 17,936 കോടി രൂപയാണ്. ഇത് കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ അനുവദിച്ച വായ്പാ പരിധിയെക്കാല്‍ 5656 കോടി രൂപ കുറവാണ്.

കേന്ദ്ര ധനകാര്യ എക്സ്പെന്‍ഡിച്ചര്‍ വകുപ്പിന്റെ മേല്‍പറഞ്ഞ പുതുക്കിയ നിര്‍ദ്ദേശങ്ങള്‍ ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 293(3), 293(4) എന്നീ വകുപ്പുകളുടെ ലംഘനം തന്നെയാണ്.  ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 293 (3) വായ്പാ സമാഹരണത്തിനുള്ള അധികാരത്തിന് കടിഞ്ഞാണിടുന്നുണ്ട് എന്നതില്‍ സംശയമില്ല. 

ഈ വ്യവസ്ഥ യഥാര്‍ത്ഥത്തില്‍ സംസ്ഥാന സര്‍ക്കാരുകളുടെ കടമെടുക്കലിന് മാത്രം ബാധകമായിട്ടുള്ളതാണ്. സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക ലക്ഷ്യങ്ങള്‍ക്കായി രൂപീകരിച്ചിട്ടുള്ള ഏജന്‍സികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഇവ ബാധകമല്ല.  സ്റ്റാറ്റ്യൂട്ടറി ബോഡികളും കമ്പനികളും പോലെയുള്ള സംസ്ഥാന സര്‍ക്കാരിന്റെ മറ്റ് സ്ഥാപന സംവിധാനങ്ങളുടെ ബാധ്യതകള്‍ ഭരണഘടനയുടെ പ്രസ്തുത അധ്യായത്തില്‍ വിഭാവനം ചെയ്യുന്ന കടത്തിന്റെ നിര്‍വചനത്തില്‍ വരുന്നില്ല.

ഫെഡറലിസം ഭരണഘടനയുടെ അടിസ്ഥാന സ്വഭാവമാണെന്നും ഒരു നിയമവും ഈ ഫെഡറല്‍ സ്വഭാവത്തെ ഹനിക്കുന്നതാകരുതെന്നും എസ്.ആര്‍ ബൊമ്മെ Vs യൂണിയന്‍ ഓഫ് ഇന്ത്യ 1994ലെ വിധിയില്‍ സുപ്രീംകോടതി പ്രസ്താവിച്ചിട്ടുണ്ട്. ഭരണഘടനയുടെ ഫെഡറല്‍ സ്വഭാവത്തെ മറികടക്കുന്ന തരത്തില്‍ ആര്‍ട്ടിക്കിള്‍ 293ന്റെ ഒരു വ്യാഖ്യാനവും അനുവദനീയമല്ലെന്നും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്.

സംസ്ഥാനത്തിന്റെ കടമെടുക്കലിന് കേന്ദ്രസര്‍ക്കാര്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.  കേന്ദ്ര സര്‍ക്കാരിന് കടമെടുക്കാന്‍ ഈ നിബന്ധനകള്‍ ഒന്നും ബാധകമല്ല. ഇതില്‍ കേന്ദ്രത്തിന്റെ കടമെടുക്കലും സംസ്ഥാനത്തിന്റെ കടമെടുക്കലും സംബന്ധിച്ചുള്ള നിബന്ധനകളില്‍ കൃത്യമായ വിവേചനം കാണാന്‍കഴിയും.

കേന്ദ്ര സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ നിറവേറ്റുന്നതിനായി കേന്ദ്ര പൊതുമേഖലാ കോര്‍പ്പറേഷനുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഇഷ്ടംപോലെ കടമെടുക്കാം. നാഷണല്‍ ഹൈവേ അതോറിറ്റിക്ക് 2020-21ല്‍ 41,000 കോടി രൂപ ആന്യുറ്റി നല്‍കാന്‍ ബാധ്യതയുണ്ട്. അയ്യായിരത്തില്‍പരം കോടി രൂപയുടെ മസാല ബോണ്ടുകള്‍ നാഷണല്‍ ഹൈവേ അതോറിറ്റി എടുത്തിട്ടുണ്ട്. ഇതര കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികളും ലക്ഷക്കണക്കിന് കോടി രൂപയുടെ വായ്പകള്‍ എടുത്തിട്ടുണ്ട്.

സംസ്ഥാനത്തിന്റെ പൊതു അക്കൗണ്ടിലെ നിയന്ത്രണങ്ങള്‍

2017 ആഗസ്ത് 28ന് ധനമന്ത്രാലയം ഭരണഘടന അനുശാസിക്കുന്ന എഴുപത് വര്‍ഷം പാരമ്പര്യമുള്ള ഫെഡറല്‍ ധനഘടനയെയും അതുവരെ നിലനിന്നിരുന്ന കീഴ്വഴക്ക്കങ്ങളെയും കാറ്റില്‍ പറത്തിക്കൊണ്ട് ഒരു ഉത്തരവ് പുറപ്പെടുവിക്കുകയുണ്ടായി. അതിലൂടെ സംസ്ഥാനത്തിന്റെ  മൊത്തം കടമെടുപ്പ് പരിധി കണക്കാക്കുന്നതിന് പബ്ലിക് അക്കൗണ്ടില്‍ ബാക്കിയുള്ള തുക കൂടി ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു. ഒരു സംസ്ഥാനത്തിന്റെ പബ്ലിക് അക്കൗണ്ട് എന്നത് ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 266 പ്രകാരമുള്ള സൃഷ്ടിയാണ്.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 283 സംസ്ഥാന നിയമസഭ പാസ്സാക്കുന്ന നിയമപ്രകാരം സംസ്ഥാനങ്ങള്‍ക്ക് അതിന്റെ പൊതു അക്കൗണ്ട് നിയന്ത്രിക്കുന്നതിനുള്ള അധികാരങ്ങള്‍ നല്‍കുന്നു. സംസ്ഥാനത്തിന്റെ പബ്ലിക് അക്കൗണ്ട് അതിന്റെ ആഭ്യന്തര സാമ്പത്തിക ഇടപാടുകളെയാണ് പ്രതിഫലിപ്പിക്കുന്നത്. ഭരണഘടനാപരമായി സംസ്ഥാനം ഇക്കാര്യത്തില്‍ ഒരു ബാങ്കറുടെ പങ്കാണ് നിര്‍വഹിക്കുന്നത്.

സംസ്ഥാന പുനഃസംഘടനാ വ്യവസ്ഥകള്‍ പ്രകാരം, സംസ്ഥാനത്തിന്റെ പബ്ലിക് അക്കൗണ്ടിന് കീഴിലുള്ള കേരളത്തിന്റെ ട്രഷറി സേവിംഗ്സ് ബാങ്കിന്റെ പ്രവര്‍ത്തനം അനുവദനീയമാണ്.  കഴിഞ്ഞ 75 വര്‍ഷമായി, കേരളത്തില്‍ മാറിമാറി വന്ന സര്‍ക്കാരുകള്‍ സംസ്ഥാനത്തിന്റെ പബ്ലിക് അക്കൗണ്ടിനുള്ളില്‍ നിന്നുകൊണ്ട് സുസ്ഥിരമായി ട്രഷറി സേവിംഗ്സ് ബാങ്ക് പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു.

പബ്ലിക് അക്കൗണ്ടിന്റെ പ്രവര്‍ത്തനങ്ങള്‍ പരിമിതപ്പെടുത്തുന്ന കേന്ദ്ര സര്‍ക്കാരിന്റെ ഇപ്പോഴത്തെ നടപടികള്‍ ഭരണഘടനാ വ്യവസ്ഥകളുടെ ലംഘനവും ഇന്ത്യന്‍ യൂണിയനില്‍ അംഗത്വമെടുത്ത കാലം മുതല്‍ സംസ്ഥാനം അനുഭവിച്ചുവന്നിരുന്ന പ്രത്യേകാവകാശങ്ങള്‍ ഹനിക്കുന്നതുമാണ്.

ഇത്തരത്തില്‍ സംസ്ഥാനങ്ങളെ, പ്രത്യേകിച്ച് കേരളത്തെ സാമ്പത്തികമായി ഞെരുക്കി രാഷ്ട്രീയമായി ബുദ്ധിമുട്ടിലേക്ക് തള്ളിവിടുക എന്ന സമീപനമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്ന് വ്യക്തമാണ്. ഇതിനായി കേന്ദ്ര സര്‍ക്കാരിന്റെ എല്ലാ ഏജന്‍സികളെയും എല്ലാ പരിധികളും ലംഘിച്ചുകൊണ്ട് നിരന്തരമായി ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്.

നൂറ്റാണ്ടിലൊരിക്കല്‍ മാത്രം സംഭവിക്കാറുള്ള വെള്ളപ്പൊക്കവും കോവിഡ് മഹാമാരിയും മൂലം കേരളം വലിയ സാമ്പത്തിക പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന ഘട്ടത്തില്‍ അതിനെ വീണ്ടും കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിവിടുക എന്നതാണ്  കേന്ദ്ര ബിജെപി സര്‍ക്കാര്‍ ചെയ്യുന്നത്. ഇതിനോട് ചേര്‍ന്നു നില്‍ക്കുന്ന സമീപനമാണ് കേരളത്തിലെ കോണ്‍ഗ്ര ിന്റെ നേതൃത്വത്തിലുള്ള യുഡിഎഫും സ്വീകരിച്ചിരിക്കുന്നത്.

സാമ്പത്തിക രംഗത്താണ് നേരിട്ട് ആക്രമണമെങ്കിലും ലക്ഷ്യം രാഷ്ട്രീയമാണ്. ഇത് നാം കൃത്യമായി മനസ്സിലാക്കി കേന്ദ്രസര്‍ക്കാര്‍ നടപടികളെ രാഷ്ട്രീയമായിത്തന്നെ നേരിടേണ്ടതുണ്ട്.

(ചിന്ത വാരികയിൽ നിന്ന്)
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top