25 April Thursday

ഇരുളും വെളിച്ചവും വേർതിരിച്ച്‌ കാട്ടിയ പ്രതിഭ

വെബ് ഡെസ്‌ക്‌Updated: Sunday Sep 19, 2021

കൊച്ചി > നാടിനെ ബാധിക്കുന്ന ഏതൊരു പ്രശ്‌നത്തിലും ജനപക്ഷത്തുനിന്ന പ്രതിഭയെന്നാകും കെ എം റോയിയെ കാലം അടയാളപ്പെടുത്തുക. വിദ്യാർഥി സംഘടനാ പ്രവർത്തകനായും ചെറിയൊരു സമയം അധ്യാപകനായും തിളങ്ങിയ കെ എം റോയി തന്റെ വഴി എഴുത്തിന്റേതാണെന്ന്‌ വളരെ പെട്ടെന്ന്‌ തിരിച്ചറിഞ്ഞു. അദ്ദേഹത്തിന്റെ പംക്തി കളും പുസ്‌തകങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു. മൂന്നുപതിറ്റാണ്ട്‌ മംഗളം വാരികയിൽ എഴുതിയ ഇരുളും വെളിച്ചവും, കാലികസംഭവങ്ങളോടുള്ള പ്രതികരണമായ ‘തുറന്ന മനസ്സോടെ’ എന്നിവ വായനക്കാരെ ആകർഷിച്ചു. 2002ൽ വിരമിച്ചശേഷം വിവിധ ആനുകാലികങ്ങളിലും പത്രങ്ങളിലും പംക്തികൾ എഴുതി.

കുറച്ചുകാലം സെന്റ്‌ ആൽബർട്‌സ്‌ കോളേജിൽ അധ്യാപകനായിരുന്ന അദ്ദേഹം, നോവലുകൾ ഉൾപ്പെടെ ഒട്ടേറെ പുസ്‌തകങ്ങളും എഴുതി. മാധ്യമപ്രവർത്തനത്തിനുള്ള സംസ്ഥാന സർക്കാരിന്റെ സ്വദേശാഭിമാനി–-കേസരി അവാർഡ്‌ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങളും നേടി. സഹോദരൻ അയ്യപ്പൻ പുരസ്കാരം, ശിവറാം അവാർഡ്, ഓൾ ഇന്ത്യ കാത്തലിക് യൂണിയൻ ലൈഫ്‌ടൈം അവാർഡ്, പ്രഥമ സി പി ശ്രീധരൻ സ്മാരക മാധ്യമപുരസ്കാരം, മുട്ടത്തുവർക്കി അവാർഡ്, - മുഖപ്രസംഗത്തിനുള്ള 1993-ലെ മുട്ടത്തുവർക്കി ഫൗണ്ടേഷൻ അവാർഡ് തുടങ്ങിയവ ചിലത്‌ മാത്രം. രണ്ടുതവണ കേരള പത്രപ്രവർത്തക യൂണിയന്റെ പ്രസിഡന്റും ഇന്ത്യൻ ഫെഡറേഷൻ ഓഫ് വർക്കിങ്‌ ജേർണലിസ്റ്റ് രൂപീകരിച്ചപ്പോൾ നാലുവർഷം സെക്രട്ടറി ജനറലുമായി. കോട്ടയം പ്രസ് ക്ലബ്ബിന്റെ സ്ഥാപക സെക്രട്ടറിയുമായിരുന്നു.

പ്രധാനകൃതികൾ: തുറന്ന മനസ്സോടെ, ഇരുളും വെളിച്ചവും (പംക്തികൾ), മോഹം എന്ന പക്ഷി, സ്വപ്ന എന്റെ ദുഃഖം, മനസ്സിൽ എന്നും മഞ്ഞുകാലം, പ്രാവുകളുടെ മർമരം (നോവലുകൾ), പുതിയ ചൈനയിൽ, ആദോസ് മലയിൽനിന്ന്, മേഘമേലാപ്പിലൂടെ നീണ്ടയാത്രകൾ (യാത്രാവിവരണങ്ങൾ), 10 ലക്ഷം ഭാര്യമാരുടെ ശാപമേറ്റ കേരളം, അയോധ്യയിലെ ശ്രീരാമൻ ഒരു പോസ്റ്റുമോർട്ടം, കറുത്ത പൂച്ചകൾ ചുവന്ന പൂച്ചകൾ (ലേഖനങ്ങൾ), ഗാന്ധി അബ്ദുള്ള ഗാന്ധി ഗോഡ്‌സെ (പഠനം), കാലത്തിനു മുമ്പേ നടന്ന മാഞ്ഞൂരാൻ (ജീവചരിത്രം), മരിച്ചവരുടെ ഓർമയ്ക്ക് മരിച്ചവർക്ക് പൂച്ചെണ്ടുകൾ (സ്മരണകൾ), മിസിസ് സാറാമ്മയുടെ പോമറേനിയൻ (ഹാസ്യം).


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top