29 March Friday

കെ എം റോയി: ഇടവേളകളില്ലാത്ത പോരാട്ടങ്ങളുടെ ബൈലൈൻ

സ്വന്തം ലേഖകൻUpdated: Sunday Sep 19, 2021

കെ എം റോയി

കൊച്ചി > മഹാരാജാസ് കോളേജിലെ സോഷ്യലിസ്റ്റ് വിദ്യാർഥിനേതാവിൽ തുടങ്ങി പത്രപ്രവർത്തകനായി പേരെടുത്ത് പ്രഭാഷകനും കോളമിസ്റ്റും എഴുത്തുകാരനുമായി അറിയപ്പെട്ട ബഹുമുഖ പ്രതിഭയായിരുന്നു കെ എം റോയി. മത്തായി മാഞ്ഞൂരാന്റെ കെഎസ്‌പിയുടെ വിദ്യാർഥി വിഭാഗത്തിന്റെ പ്രവർത്തകനായാണ്‌ പൊതുരംഗത്തേക്കുള്ള വരവ്‌. എറണാകുളം മഹാരാജാസിൽ തീപ്പൊരിപാറിയ സംഘടനാ പ്രവർത്തനകാലത്തുതന്നെ കെ എം റോയി ശ്രദ്ധനേടിയിരുന്നു. ജീവിതാവസാനംവരെ ചിന്തകളിലും പ്രവർത്തനത്തിലും ആ പക്ഷത്ത്‌ അദ്ദേഹം തുടർന്നു.

മത്തായി മാഞ്ഞൂരാന്റെ ‘കേരളപ്രകാശ'ത്തിൽ സഹപത്രാധിപരായി മാധ്യമജീവിതത്തിന് തുടക്കംകുറിച്ചു. അതിനുശേഷം ‘ദേശബന്ധു', ‘കേരളഭൂഷണം' എന്നീ പത്രങ്ങളിൽ പ്രവർത്തിച്ചു. ‘എക്കണോമിക് ടൈംസ്‌', ‘ദി ഹിന്ദു' തുടങ്ങിയ പത്രങ്ങളിലും ‘യുഎൻഐ' വാർത്താ ഏജൻസിയിലും പ്രവർത്തിച്ചു. ‘മംഗളം' ദിനപത്രത്തിന്റെ ജനറൽ എഡിറ്റർ പദവിയിലിരിക്കെയാണ്‌ സജീവപത്രപ്രവർത്തന രംഗത്തുനിന്ന് വിരമിച്ചത്‌.

പത്താംതരത്തിൽ മറ്റെല്ലാ വിഷയത്തിലും ജയിച്ചെങ്കിലും മലയാളത്തിന്‌ തോറ്റതിന്റെ വാശിതീർക്കാൻ തുടങ്ങിയ വായനയാണ് ബിഎ വിദ്യാർഥിയായിരിക്കെ കെ ബാലകൃഷ്ണന്റെ കൗമുദിയിൽ ലേഖനമെഴുതാൻ പ്രാപ്തനാക്കിയതെന്ന് അദ്ദേഹം പറഞ്ഞിരുന്നു.  ഇംഗ്ലീഷിലും മലയാളത്തിലും ഒരുപോലെ എഴുതുമായിരുന്ന മത്തായി മാഞ്ഞൂരാൻ അന്നവിടെ പത്രപ്രവർത്തകനാണ്. മാഞ്ഞൂരാന്റെ ആരാധകനും ശിഷ്യനുമായി. സർ സി പിയെ വെട്ടിയ കെ സി എസ് മണി കോട്ടയത്തെ ദേശബന്ധുവിലെ സഹപ്രവർത്തകനാണ്‌. പിന്നീട് സി എൻ ശ്രീകണ്ഠൻനായർക്കൊപ്പം കേരളഭൂഷണത്തിലും പ്രവർത്തിച്ചു.

മലയാള പത്രപ്രവർത്തനത്തിൽ പ്രൊഫഷണലിസവും ട്രേഡ്‌ യൂണിയനിസവും നട്ടുവളർത്തിയ ആദ്യപഥികരിൽ പ്രധാനിയും കെ എം റോയിയാണ്‌. പത്രപ്രവർത്തക പെൻഷൻ ഉൾപ്പെടെ ആനുകൂല്യങ്ങൾ നേടിയെടുക്കാനുള്ള പ്രവർത്തനങ്ങളിലും കെ എം റോയി ഉൾപ്പെടെയുള്ളവരുടെ ത്യാഗപൂർണമായ പ്രവർത്തനങ്ങളാണുള്ളത്‌. മാധ്യമപ്രവർത്തകരുടെ തൊഴിൽസുരക്ഷ കേട്ടുകേൾവിപോലുമില്ലാത്ത കാലത്താണ്‌ അവരുടെ അവകാശപ്പോരാട്ടങ്ങൾക്ക്‌ കെ എം റോയി മുന്നണിപ്പോരാളിയായത്‌. സമരങ്ങൾ ഏറെയും വിജയത്തിലേക്ക്‌ എത്തിക്കാൻ അദ്ദേഹത്തിനായി. എന്നാൽ അതിന്റെയെല്ലാം ഫലമായി അദ്ദേഹത്തിന്‌ സ്വന്തം ജോലി നഷ്‌ടപ്പെട്ടിരുന്നു.

എല്ലാ തെരഞ്ഞെടുപ്പുകാലത്തും സ്ഥാനാർഥി സാധ്യതപ്പട്ടികയിൽ പറഞ്ഞുകേൾക്കുന്ന പേരായിരുന്നു കെ എം റോയിയുടേത്‌. എന്നാൽ എന്തുകൊണ്ടോ അത്തരമൊരു കൂടുമാറ്റത്തിന്‌ അദ്ദേഹം തയ്യാറായിരുന്നില്ല. മാധ്യമപ്രവർത്തകൻ എന്ന നിലയിൽ അദ്ദേഹം മുറുകെ പിടിച്ച മൂല്യങ്ങളും സംശുദ്ധിയും തന്നെയായാണ്‌ കക്ഷിരാഷ്‌ട്രീയത്തിന്‌ അതീതമായിപ്പോലും തെരഞ്ഞെടുപ്പുകാലത്ത്‌ ആ പേര്‌ പറഞ്ഞുകേൾക്കാൻ കാരണമായത്‌. കെ എം റോയിക്കാകട്ടെ മറ്റെന്തിനേക്കാൾ പ്രധാനം എഴുത്തും മാധ്യമപ്രവർത്തനവും തന്നെയായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top