06 December Wednesday

ഇതാ മാനവികതയുടെ ഇന്ദ്രജാലം

കെ കെ ശൈലജUpdated: Sunday Sep 10, 2023

ഭിന്നശേഷിക്കാർക്കുവേണ്ടി എന്തെങ്കിലും ചെയ്യണം. എന്റെ കൈയിലുള്ളത് മാജിക്കാണ്. ഞാനത് അവർക്ക് പറഞ്ഞുകൊടുക്കാം. എനിക്ക് ടീച്ചറിന്റെ അനുമതി വേണം." ഇത് പറയുമ്പോൾ അദ്ദേഹത്തിന്റെ കണ്ണുകളിൽ വല്ലാത്തൊരു പ്രത്യാശയുടെ തിളക്കം ഞാൻ കണ്ടു. പറഞ്ഞത് മുതുകാടാണ്; ഒപ്പം വന്നത് മുഹമ്മദ് അഷീലും. മുതുകാട്  വെറുംവാക്ക് പറയില്ല, ഉറപ്പില്ലാത്ത ഒരു കാര്യത്തിന് അഷീലും ഇറങ്ങിത്തിരിക്കില്ല. നോ പറയാൻ പ്രേരിപ്പിക്കാതിരുന്നത് ഈ ഘടകങ്ങൾ തന്നെയാണ്

അവർ വിഭിന്നരാണ്. അത്ഭുതപ്പെടുത്തുന്ന കഴിവുകൾ ഉള്ളിലൊളിപ്പിച്ചു കഴിയുന്നവർ. എന്നിട്ടും വേണ്ടത്ര പരിലാളനകളോ പ്രോത്സാഹനങ്ങളോ ലഭിക്കാതെ വീടുകളിലെ അകത്തളങ്ങളിൽ അകപ്പെട്ടുപോയവരാണ് പലരും. കേരളം ഭിന്നശേഷി സൗഹൃദത്തിന്റെ കാര്യത്തിൽ ബഹുദൂരം മുന്നിലാണെങ്കിലും പല വികസിത രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക്‌ ഇവരുടെ കടന്നുവരവ് തുലോം കുറവാണ്. സമൂഹം ഇവർക്ക് നൽകുന്ന പരിഗണനക്കുറവാണ് ഇതിന്‌ ആഘാതമായി നിൽക്കുന്നത്‌. കേരള സർക്കാരിന്റെ സാമൂഹ്യനീതിവകുപ്പ് ഭിന്നശേഷിക്കാർക്കായി നിരവധി പദ്ധതികളാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. ആ ആനൂകുല്യങ്ങൾതന്നെ എത്രപേർ ഫലപ്രദമായി ഉപയോഗിക്കുന്നു എന്നതും ചോദ്യമായി അവശേഷിക്കുന്നു.

ആരോഗ്യ സാമൂഹ്യനീതിമന്ത്രിയായിരുന്ന സമയത്ത് 2017ൽ ജാലവിദ്യക്കാരനായ ഗോപിനാഥ് മുതുകാട് ഒരുദിവസം എന്നെ കാണാൻ വന്നു. അദ്ദേഹത്തിനൊപ്പം കേരള സോഷ്യൽ സെക്യൂരിറ്റി മിഷന്റെ അന്നത്തെ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. മുഹമ്മദ് അഷീലുമുണ്ടായിരുന്നു. ഭിന്നശേഷിക്കുട്ടികളുടെ ഉന്നമനത്തിനായി സംസ്ഥാന സർക്കാരിന്റെ ആഭിമുഖ്യത്തിൽ കാസർകോട് ജാലവിദ്യാപരിപാടി നടത്തുന്നതിനിടയിൽ ഭിന്നശേഷിക്കുട്ടികളും അവരുടെ അച്ഛനമ്മമാരും നേരിടുന്ന വിഷമതകളെക്കുറിച്ച് നേരിട്ടറിഞ്ഞ അദ്ദേഹം അവിടെവച്ച്  കണ്ടതും കേട്ടതും അനുഭവിച്ചതുമായ പച്ചയായ യാഥാർഥ്യങ്ങൾ പറയുമ്പോൾ വല്ലാതെ വികാരഭരിതനായിരുന്നു. 

"ഇന്ദ്രജാലം... അതുമാത്രമായിരുന്നു എന്റെ ലോകം... 'പുതിയ വിസ്മയങ്ങളുടെ മേച്ചിൽപ്പുറങ്ങൾ തേടുകയായിരുന്നു ഞാൻ... ലോകത്തിന്റെ വിവിധ കോണുകളിലെ കാഴ്ചക്കാരുടെ കൈയടികളിലെ മോഹവലയത്തിൽമാത്രം ഒതുങ്ങിയിരുന്ന എനിക്ക് ഭിന്നശേഷിക്കുട്ടികളുള്ള ഓരോ അമ്മയും അനുഭവിക്കുന്ന വേദനകൾ, ഇത്തരമൊരു കുട്ടിയുള്ള ഒരു കുടുംബം മുഴുവൻ പേറുന്ന യാതനകൾ, അവർ അനുഭവിക്കുന്ന അവഗണനകൾ ഇതൊന്നും അറിയുമായിരുന്നില്ല. ഭിന്നശേഷിക്കാർക്കുവേണ്ടി എന്തെങ്കിലും ചെയ്യണം. എന്റെ കൈയിലുള്ളത് മാജിക്കാണ്. ഞാനത് അവർക്ക് പറഞ്ഞുകൊടുക്കാം. എനിക്ക് ടീച്ചറിന്റെ അനുമതി വേണം."ഇത് പറയുമ്പോൾ അദ്ദേഹത്തിന്റെ കണ്ണുകളിൽ വല്ലാത്തൊരു പ്രത്യാശയുടെ തിളക്കം ഞാൻ കണ്ടു. പറഞ്ഞത് മുതുകാടാണ്; ഒപ്പം വന്നത് മുഹമ്മദ് അഷീലും. മുതുകാട് വെറുംവാക്ക് പറയില്ല, ഉറപ്പില്ലാത്ത ഒരു കാര്യത്തിന് അഷീലും ഇറങ്ങിത്തിരിക്കില്ല. നോ പറയാൻ പ്രേരിപ്പിക്കാതിരുന്നത് ഈ ഘടകങ്ങൾതന്നെയാണ്.
 

ഒന്നുകൂടി ആലോചിക്കാമായിരുന്നില്ലേ, ഭിന്നശേഷിക്കുട്ടികളാണ്, വലിയൊരു റിസ്‌കാണ് ഏറ്റെടുക്കുന്നത് എന്നൊക്കെ പറഞ്ഞ് പലരും പലവട്ടം എന്നെ പിൻതിരിപ്പിക്കാൻ നോക്കി. സാമൂഹ്യനീതിവകുപ്പിനു കീഴിലുള്ള സ്റ്റേറ്റ് ഇനിഷ്യേറ്റീവ് ഓൺ ഡിസെബിലിറ്റീസിന് (എസ്ഐഡി) ഇതുസംബന്ധിച്ച് ചുമതലകൾ നൽകി. തിരുവനന്തപുരം ജില്ലയിലെ വിവിധ ബഡ്‌സ് സ്‌കൂളുകളിൽനിന്നായി 23 ഭിന്നശേഷിക്കുട്ടികളെ തെരഞ്ഞെടുത്തു. ഇന്ദ്രജാല പരിശീലനത്തിന് തുടക്കംകുറിക്കാൻ പൂജപ്പുരയിലെ മാജിക് അക്കാദമിയിലേക്ക്‌ മുതുകാട് എന്നെയും ക്ഷണിച്ചു. കയറുകൊണ്ടുള്ള ഒരു ജാലവിദ്യയാണ് മുതുകാട് പഠിപ്പിക്കുന്നത്. ഇന്ദ്രജാലം പഠിക്കാൻ ഞാനും അവർക്കൊപ്പംകൂടി. കയറിന്റെ രണ്ടറ്റവും ഇരുകൈകളിലുമായി പിടിച്ച് വിവിധ തരത്തിൽ കുരുക്കിട്ടു കഴിയുമ്പോൾ അതൊരു ഊരാക്കുടുക്കായി മാറുകയും ഞൊടിയിടയിൽ ആ കുരുക്ക് അഴിച്ചെടുക്കുന്നതുമാണ് ജാലവിദ്യ. ഞാനെത്ര ശ്രമിച്ചിട്ടും കുരുക്കിടാനോ അഴിക്കാനോ കഴിഞ്ഞില്ല. എന്നാൽ, 23 കുട്ടികളിൽ മിക്കപേരും അത് നിഷ്പ്രയാസം പഠിച്ചെടുത്തു എന്നത് എന്നെ അത്ഭുതപ്പെടുത്തി. ഞാൻ പറഞ്ഞ ‘യെസ്' എന്ന വാക്ക് വെറുതെയാകില്ലെന്ന് തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അത്. ആറുമാസത്തെ നിരന്തരപരിശീലനം. സംഗീതവും ഇന്ദ്രജാലവും നൃത്തവുമൊക്കെ നിറച്ചുവച്ച ഒരുഗ്രൻ വിരുന്ന് ആ കുട്ടികൾ പഠിച്ചെടുത്തു. പരിശീലനത്തിനിടയിൽ ഇവരുടെ പ്രോഗ്രസ് തിരിച്ചറിയാൻ പലപ്പോഴായി ഞാൻ മാജിക് അക്കാദമിയിൽ പോയി. കുട്ടികളും മുതുകാടും തമ്മിൽ ആത്മബന്ധത്തിന്റെ അദൃശ്യമായ നൂലിഴകൾകൊണ്ട് അടുത്തുപോയത് ഞാൻ തിരിച്ചറിഞ്ഞു. അവരിൽ കണ്ട ആത്മവിശ്വാസം അത്ഭുതപ്പെടുത്തുന്നതായിരുന്നു.

സാധാരണക്കാർക്കുപോലും പഠിച്ചെടുക്കാൻ പ്രയാസമുള്ള ജാലവിദ്യകളൊക്കെ ഈ മക്കൾ അതീവഭംഗിയോടെ അവതരിപ്പിക്കാൻ പഠിച്ചിരിക്കുന്നു. ഈ പ്രകടനം കാണേണ്ടവർ കാണണം. അംഗീകരിക്കപ്പെടണം. അന്നത്തെ ഉപരാഷ്ട്രപതിയായിരുന്ന ഹമീദ് അൻസാരിയെ നേരിട്ട് കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്തണം. അഷീലിനെയും കൂട്ടി ഞാൻ ഡൽഹിക്ക് പുറപ്പെട്ടു. വളരെ താൽപ്പര്യപൂർവം കേട്ടിരുന്ന അദ്ദേഹം ബംഗളൂരുവിൽ വരുന്ന ദിവസം കുട്ടികളുടെ പരിപാടി കാണാൻ വരുമെന്ന് അറിയിച്ചു. പിന്നെ സമയമുണ്ടായിരുന്നില്ല. മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ  പി സദാശിവം ഇവരെയൊക്കെ പരിപാടിക്ക് ക്ഷണിച്ചു. 2017 ജൂൺ 12ന് തിരുവനന്തപുരം ടാഗോർ തിയറ്ററിലെ പ്രൗഢഗംഭീരമായ സദസ്സിൽ ഈ കുഞ്ഞുങ്ങൾ ഹൃദയം കവരുന്ന പ്രകടനങ്ങൾ കാഴ്ചവച്ചു. ഒരു തെറ്റുപോലും സംഭവിക്കാതെ, ഒന്നു പാളിപ്പോകാതെ പരിപൂർണതയുടെ അമരത്ത് അവർ നിറഞ്ഞാടി. തിങ്ങിനിറഞ്ഞ സദസ്സിനെ ഈറനണിയിപ്പിച്ച പ്രകടനങ്ങളായിരുന്നു അവരുടേത്. ഉപരാഷ്ട്രപതിയും ഗവർണറും മുഖ്യമന്ത്രിയുമൊക്കെ പ്രോട്ടോകോളൊക്കെ മറന്ന് കുഞ്ഞുങ്ങളെ ചേർത്തുപിടിച്ചു.

"എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാനാകുന്നില്ല... ഈ മക്കളുടെ പ്രകടനം പകരംവയ്ക്കാനാകാത്തതാണ്’, ഉപരാഷ്ട്രപതി അത്  പറയുമ്പോൾ ഒരു മന്ത്രിയെന്ന നിലയിൽ അഭിമാനത്തിന്റെ കൊടുമുടിയേറുകയായിരുന്നു. ഗവർണർ പരിപാടി കണ്ടുകൊണ്ടിരിക്കുമ്പോൾ പലവട്ടം കണ്ണീർ തുടയ്ക്കുന്നുണ്ടായിരുന്നു. എത്ര നന്ദി പറഞ്ഞാലും മതിയാകാത്തത്  മുതുകാടിനോടാണ്. അദ്ദേഹത്തിന്റെ ആത്മസമർപ്പണത്തിനോടാണ്. 

ഇന്ന് മലയാളികൾക്ക് അഭിമാനിക്കാവുന്ന, ഭിന്നശേഷി വിഭാഗത്തിന് താങ്ങും തണലുമായി നിലകൊള്ളുന്ന ഡിഫറന്റ് ആർട്ട്‌ സെന്ററിന്റെ ഉത്ഭവത്തിലേക്കുള്ള പിന്നാമ്പുറക്കഥയാണ് ഞാൻ പറഞ്ഞുവച്ചത്.

പ്രേക്ഷകരുടെയും വിമർശകരുടെയുമടക്കം പ്രശംസ പിടിച്ചുപറ്റിയ പ്രകടനം കഴിഞ്ഞു. ഇനിയെന്ത് എന്ന ചോദ്യം ബാക്കിയായി. അപ്പോഴും മുതുകാടിന് ആശയക്കുഴപ്പമൊന്നും തോന്നിയില്ല. 

"ടീച്ചറേ... ഈ കുട്ടികൾക്ക് മാജിക് പ്ലാനറ്റിൽ സ്ഥിരം ഇന്ദ്രജാലാവതരണം നടത്തുന്നതിന് വേദിയൊരുക്കാം. സ്വന്തം കാലിൽ നിൽക്കാൻ അവരെ പ്രാപ്തരാക്കുകയാണ് എന്റെ അടുത്ത ലക്ഷ്യം. എനിക്ക് ടീച്ചറിന്റെ സപ്പോർട്ട് വേണം.’

ഇന്ദ്രജാലക്കാരുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി കഴക്കൂട്ടം കിൻഫ്ര ഫിലിം ആൻഡ്‌ വീഡിയോ പാർക്കിൽ പ്രവർത്തിക്കുന്ന മാജിക് പ്ലാനറ്റിൽ ഈ കുട്ടികൾക്ക് തൊഴിൽ നൽകുന്നതിനായി എംപവർ (മാജിക്കൽ പവർ) എന്ന വേദി കേരള സോഷ്യൽ സെക്യൂരിറ്റി മിഷന്റെ സഹകരണത്തോടെ സജ്ജമാക്കി. ഈ 23 കുട്ടികളിൽനിന്ന്‌ ആറു കുട്ടികളെ തെരഞ്ഞെടുത്ത് സ്ഥിരം കലാകാരന്മാരാക്കി. ഒരുവാക്കുപോലും നേരേചൊവ്വേ പറയാൻ കഴിയാത്ത വിഷ്ണു അടക്കമുള്ള ആറു പേർ അങ്ങനെ അവിടത്തെ ജീവനക്കാരായി, ജാലവിദ്യാവതരണക്കാരായി. ഇന്ന് നാലായിരത്തിലധികം വേദികൾ പിന്നിട്ട് ആ ആറു പേർ അരങ്ങ് തകർക്കുകയാണ്. അവർ ദുബായിയിലും സിംഗപ്പൂരിലും ഡൽഹിയിലും രാഷ്‌ട്രപതി ദ്രൗപദി മുർമുവിന്റെ മുന്നിലുമൊക്കെ വിസ്മയം തീർത്ത് അംഗീകാരങ്ങൾ നേടിയിരിക്കുന്നു. 

വിഷ്ണു എന്ന മകനെക്കുറിച്ച് എടുത്തുപറയേണ്ടതുണ്ട്. 2017ൽ പൂജപ്പുരയിലെ മാജിക് അക്കാദമിയിൽ ആദ്യമായി വരുമ്പോൾ അവൻ വല്ലാത്ത അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നത് ഞാൻ ഓർക്കുന്നു. ഈയിടെ വിഷ്ണു വിശ്വവിഖ്യാത ജലവിദ്യക്കാരനായ ഹൗഡിനിയുടെ രക്ഷപ്പെടൽ ജാലവിദ്യ വിജയകരമായി അവതരിപ്പിക്കുന്നത് കാണാൻ ഞാനുമുണ്ടായി. ഞൊടിയിടകൊണ്ട് താഴുകളും പൂട്ടുകളും തുറന്ന് അടച്ചിട്ട പെട്ടിയിൽനിന്ന് രക്ഷപ്പെടുന്ന ഇന്ദ്രജാലം ഭിന്നശേഷിക്കാരനായ ഒരാൾ അവതരിപ്പിക്കുന്നത് കേട്ടുകേൾവിയില്ലാത്തതാണ്. ഇവരിലെ മാനസിക ആരോഗ്യനിലയിലുണ്ടായ മാറ്റങ്ങളെക്കുറിച്ച് ശാസ്ത്രീയമായി പഠിക്കാൻ സർക്കാരിനു കീഴിലുള്ള ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിനോട് ആവശ്യപ്പെട്ടു.  ഈ കുട്ടികളെ സാമ്പിളായി കണക്കാക്കി അവർ നടത്തിയ സർവേ ഫലം  ഞെട്ടിക്കുന്നതായിരുന്നു. ഇവരുടെ ചലനശേഷി, സംസാരശേഷി, സ്വഭാവം എന്നിവയിലടക്കം നിരവധി മേഖലകളിൽ മാറ്റം വന്നിരിക്കുന്നു. ഈ പഠന റിപ്പോർട്ട് പുതിയൊരു വിപ്ലത്തിനാണ് വഴിതെളിച്ചത്. കലാപഠനം തീർച്ചയായും കുട്ടികളിലെ സോഷ്യൽ ബിഹേവിയറിലും സൈക്കോ മോട്ടോർതലങ്ങളിലും വ്യത്യാസം വരുത്തുന്നുവെങ്കിൽ എന്തുകൊണ്ട് ഇന്ദ്രജാലം മാത്രമായി ഒതുക്കണം എന്ന ചിന്തയായി പിന്നീട്. ഡിഫറന്റ് ആർട്ട്‌ സെന്റർ എന്ന ആശയം വരുന്നത് ഇതിലൂടെയാണ്.
 

മാജിക്, സംഗീതം, നൃത്തം, ചിത്രരചന, ഉപകരണസംഗീതം, അഭിനയം തുടങ്ങി വിവിധ കലകൾ പരിശീലിപ്പിക്കുന്നതിനായി മുതുകാടിന്റെ നേതൃത്വത്തിൽ മാജിക് പ്ലാനറ്റിൽ വിവിധ വേദികൾ ഒരുങ്ങി. ഇന്നവിടെ മുന്നൂറിൽപ്പരം ഭിന്നശേഷിക്കുട്ടികൾ സംതൃപ്തമായ കലാജീവിതം നയിക്കുന്നു. അവിടെ ചെല്ലുമ്പോഴൊക്കെ ലഭിക്കുന്ന ഒരു പ്രത്യേക പോസിറ്റീവ് എനർജിയുണ്ട്. ടീച്ചറേയെന്നുള്ള കുട്ടികളുടെ നിഷ്‌കളങ്കമായ വിളികൾ, അവരുടെ ആശ്ലേഷണങ്ങൾ. ഇതൊരു പാഠമാണ്. ആഗ്രഹിച്ചാൽ പ്രപഞ്ചം മുഴുവൻ കൂടെ നിൽക്കുമെന്നുള്ള പാഠം. ഇന്ന് മുതുകാടിന്റെ കുട്ടികളും ഡിഫറന്റ് ആർട്ട്‌ സെന്ററും സമൂഹത്തിൽ വലിയൊരു ചർച്ചയ്ക്കാണ് വഴി തുറന്നിരിക്കുന്നത്. ഇങ്ങനെയൊരു സമൂഹമുണ്ടെന്നും അവർക്കിടയിൽ പ്രതിഭകളും പ്രതിഭാസങ്ങളുമുണ്ടെന്നും മുതുകാട് കാട്ടിത്തന്നിരിക്കുന്നു. വിദേശയാത്രകളടക്കം ഈ കുട്ടികൾ ഇന്ന് അനുഭവിക്കുന്ന സൗകര്യങ്ങളും പരിഗണനകളും കാണുമ്പോൾ ഇതിനൊരു കാരണക്കാരിയാകാൻ കഴിഞ്ഞതിലുള്ള ചാരിതാർഥ്യമാണ് മനസ്സുനിറയെ. അവിടെയുള്ള കുട്ടികളുടെ അമ്മമാർക്കുവേണ്ടി ഗോപിനാഥ് മുതുകാട് ഉണ്ടാക്കിക്കൊടുത്ത ആശ്രയകേന്ദ്രം, ‘കരിസ്മ' സെന്ററിനെപ്പറ്റിക്കൂടി ഇവിടെ പ്രതിപാദിക്കാതെ വയ്യ. അതൊരു വിശാലമായ ലോകമാണ്. കുടയും കരകൗശല വസ്തുക്കളും നെറ്റിപ്പട്ടവും ഒക്കെ ഉണ്ടാക്കിവിറ്റ് അവർ നല്ല വരുമാനമുണ്ടാക്കുന്നു. അവരുണ്ടാക്കുന്ന ഉൽപ്പന്നങ്ങൾ വിറ്റഴിക്കാനായി മുതുകാട് അവർക്ക് പ്രൊഫഷണലായ രീതിയിൽത്തന്നെ പതിനഞ്ചോളം കടകളും ഉണ്ടാക്കിക്കൊടുത്തിട്ടുണ്ട്. 

"എന്തുകൊണ്ട് ഇങ്ങനെയൊരാശയം?’ ഒരിക്കൽ ഞാൻ ഗോപിനാഥ് മുതുകാടിനോട് ചോദിച്ചു.

"ഇത്തരം മക്കളുടെ അച്ഛനമ്മമാരാണ് ഏറ്റവും കൂടുതൽ വേദനയനുഭവിക്കുന്നത് ടീച്ചർ... ഡിഫറന്റ്‌ ആർട്ട്‌ സെന്ററിന്റെ തുടക്കകാലത്ത് ഞാനത് മനസ്സിലാക്കിയിരുന്നില്ല. എന്റെ മുറിയുടെ അരികിൽത്തന്നെയായിരുന്നു അവരുടെ ഇരിപ്പിടം. ഓരോ ദിവസവും അവരുടെ വേദനനിറഞ്ഞ വാക്കുകൾ എനിക്ക് കേൾക്കാമായിരുന്നു. തേങ്ങിക്കരച്ചിലുകൾ എന്റെ കാതുകളിലെത്തുമായിരുന്നു. അങ്ങനെ ഞാനൊരു തീരുമാനമെടുത്തു. അവരോട് ഞാൻ പറഞ്ഞു, ‘ഈ മണ്ണിൽ ഇനി നിങ്ങളുടെ ഒരു തുള്ളി കണ്ണീർ വീഴരുത്'. അതിനുള്ള ഉപാധിയായിരുന്നു കരിസ്മ. ഇന്നവർ കരയാറില്ല. പാട്ടും നൃത്തവുമൊക്കെയായി അവരും സന്തോഷത്തോടെ ജീവിക്കുന്നു.’

മുതുകാടിന്റെ വാക്കുകളുടെ ആത്മാർഥത ആ അച്ഛനമ്മമാരിൽനിന്ന്‌ പലവട്ടം ഞാൻ കേട്ടിട്ടുണ്ട്. ഒരു ദിവസം ഒരമ്മ പറഞ്ഞ വാക്കുകൾ എനിക്ക് മറക്കാനാകില്ല. 

"ടീച്ചർ... ഞങ്ങളുടെ കാണപ്പെട്ട ദൈവമാണ് മുതുകാട് സാർ’.

ഇതിലപ്പുറം ആ കലാകാരന് ഇനിയെന്തുവേണം? പലവട്ടം ഞാൻ ഡിഫറന്റ്‌ ആർട്ട്‌ സെന്ററിൽ പോയിട്ടുണ്ട്. ഓരോ തവണയും ചെല്ലുമ്പോൾ എന്തെങ്കിലുമൊക്കെ പുതിയ അത്ഭുതങ്ങൾ എന്നെ കാത്തിരിക്കുന്നുണ്ടാകും. മന്ത്രിയായിരുന്ന കാലത്ത് ഒരിക്കൽ മുതുകാട് എന്നോട് ഒരു പുതിയ പ്രോജക്ടിനെക്കുറിച്ച് പറഞ്ഞു. ‘സയൻഷ്യ'... ഭിന്നശേഷിക്കാർക്ക് ശാസ്ത്രമേഖലയിൽ പരിശീലനവും ഗവേഷണവും നടത്താനുള്ള പദ്ധതി. അതിന്റെ ഉദ്‌ഘാടനത്തിന് എത്തിച്ചേരുംവരെ എന്താണ് ആ പദ്ധതി എന്നതിനെക്കുറിച്ച് എനിക്കൊരു രൂപവും ഉണ്ടായിരുന്നില്ല. അതിന് നേതൃത്വം കൊടുക്കുന്ന അമേരിക്കയിലെ വെസ്റ്റേൺ യൂണിവേഴ്സിറ്റിയിലുള്ള ഒരു ശാസ്ത്രജ്ഞൻ ഡോ. ഫിനോഷ് തങ്കം ഓൺലൈനിൽ വന്ന് എന്നോട് ആ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു.  ഡിസെബിലിറ്റിയുണ്ടെന്ന് ശാസ്ത്രം വിധിയെഴുതിയ ആൽബർട്ട് ഐൻസ്റ്റീനും എഡിസനുമൊക്കെ ലോകം കണ്ട ഏറ്റവും വലിയ ശാസ്ത്രജ്ഞരായെങ്കിൽ എന്തുകൊണ്ട് നമുക്കും നാളെ ഇവർക്കിടയിൽനിന്ന് ഒരു ശാസ്ത്രകാരനെ വികസിപ്പിച്ചെടുത്തുകൂടാ എന്ന ചോദ്യത്തിനുമുന്നിൽ ഞാൻ തികച്ചും അത്ഭുതപ്പെട്ടു.

ഇന്ന് സയൻഷ്യയിലെ കുട്ടികൾ സംസ്ഥാന ഗവണ്മെന്റ് സംഘടിപ്പിച്ച കേരള ശാസ്ത്ര കോൺഗ്രസിൽവരെ പങ്കെടുത്ത് ശാസ്ത്രവിഷയങ്ങൾ അവതരിപ്പിച്ചു കഴിഞ്ഞിരിക്കുന്നു. ഡിഫറന്റ് ആർട്ട്‌ സെന്റർ ഭിന്നശേഷിക്കുട്ടികളുടെ ഐക്കണായി മാറിക്കഴിഞ്ഞു. കലാപഠനത്തിനു പുറമെ ഒമ്പതോളം തെറാപ്പികൾ, ഹോർട്ടി കൾച്ചർ തെറാപ്പികൾ, കായിക പരിശീലനം, തൊഴിൽ പരിശീലനം, ഡിജിറ്റൽ സാക്ഷരത, നിർമാണ യൂണിറ്റുകൾ തുടങ്ങി അനവധി വിഭാഗങ്ങളാണ് ഇവർക്കായി പ്രവർത്തിക്കുന്നത്. കുട്ടിയെ മാത്രമല്ല ആ കുടുംബത്തെക്കൂടി ഏറ്റെടുക്കുന്ന തരത്തിലേക്കും സെന്റർ മാറി. അവിടെ പ്രവേശനം നേടുന്ന കുട്ടികളുടെ അമ്മമാർക്ക് സ്വയംതൊഴിൽ പരിശീലനം നേടാനും അതുവഴി അവരുണ്ടാക്കുന്ന ഉൽപ്പന്നങ്ങൾ വിറ്റഴിച്ച് വരുമാനമാർഗം ഉണ്ടാക്കാനും കരിസ്മ എന്ന പേരിൽ ഒരു സൊസൈറ്റിയും പ്രവർത്തിക്കുന്നുണ്ട്. ഭിന്നശേഷിക്കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും ഭക്ഷണം, യാത്രാ സൗകര്യം, കുട്ടികൾക്ക് സ്റ്റൈപെൻഡ്‌ ഇതെല്ലാം അവിടെനിന്ന് ലഭിക്കുന്നുണ്ട്. ഇതെല്ലാം സൗജന്യമായാണ് ഒരുക്കിയിരിക്കുന്നത്. ഒരുപക്ഷേ ഒരു സർക്കാർ സംവിധാനത്തിനുപോലും ചെയ്യാൻ കഴിയുന്നതിനുമപ്പുറം ആ സെന്റർ വളർന്നുകഴിഞ്ഞു.

വിദേശരാജ്യത്തെ സൗകര്യങ്ങളോട് കിടപിടിക്കത്തക്കവിധമാണ് സെന്ററിലെ ഓരോ വിഭാഗവും നിർമിച്ചിരിക്കുന്നത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള തെറാപ്പി സെന്ററുകൾ, പ്രകൃതി സൗഹൃദമായി ക്ലാസ് മുറികൾ തുടങ്ങിയവ എടുത്തുപറയേണ്ടതാണ്. പുറമെ കുട്ടികളെ പരിചരിക്കുന്ന രീതി, ശുചിത്വം, ഭിന്നശേഷി സൗഹൃദപരമായ കെട്ടിടങ്ങളൊക്കെയും സെന്ററിന്റെ സ്വീകാര്യതയ്ക്ക് മാറ്റ്‌ കൂട്ടുന്നുണ്ട്. ഓരോ വർഷവും ഇവിടേക്ക്‌ അഡ്മിഷനായി നിരവധി ആപ്ലിക്കേഷനുകളാണ് വരുന്നതെന്നും അവരെയൊന്നാകെ ഇവിടെ പ്രവേശിപ്പിക്കാൻ കഴിയില്ലെന്നുമൊക്കെയുള്ള ആകുലതകൾ മുതുകാട് പറയാറുണ്ടെങ്കിലും നിരാശ ആ മുഖത്ത് ഒരിക്കലും കാണാൻ കഴിഞ്ഞിട്ടില്ല. 

കാസർകോട്‌ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു സെന്റർ ഭിന്നശേഷിക്കുട്ടികൾക്കായി ആരംഭിക്കാൻ പദ്ധതിയുണ്ടെന്നും ആ പദ്ധതി പ്രഖ്യാപനം ടീച്ചർതന്നെ ചെയ്യണമെന്നും പറഞ്ഞ് മുതുകാട് വീണ്ടും എന്നെ സമീപിച്ചു. എൻഡോസൾഫാൻ ദുരിതബാധിതരടക്കം മലബാർമേഖലയിലെ നിരവധി കുട്ടികൾക്ക് ആശ്രയമാകുന്ന തരത്തിലാണ് സെന്റർ നിർമിക്കുന്നതെന്നും അന്തർദേശീയ നിലവാരത്തിലുള്ള ക്ലാസ് മുറികൾ, പ്രത്യേകം തയ്യാറാക്കിയ സിലബസിനെ അധികരിച്ചുള്ള പഠനരീതികൾ, അനിമൽ തെറാപ്പി, വാട്ടർ തെറാപ്പി, പേഴ്‌സണലൈസ്ഡ് അസിസ്റ്റീവ് ഡിവൈസ് ഫാക്ടറികൾ, തെറാപ്പി സെന്ററുകൾ, റിസർച്ച് ലാബുകൾ, ആശുപത്രി സൗകര്യം, സ്‌പോർട്‌സ് സെന്റർ, വൊക്കേഷണൽ, കംപ്യൂട്ടർ പരിശീലനങ്ങൾ എന്നിവ കാസർകോട്‌ പദ്ധതിയിലുണ്ടെന്നുമൊക്കെ പറഞ്ഞു.

2022 ഒക്‌ടോബർ 31ന് കാഞ്ഞങ്ങാട്ടുവച്ച് ആ പദ്ധതിക്ക് തിരിതെളിക്കുമ്പോൾ മനസ്സു നിറഞ്ഞ് തുളുമ്പുന്നുണ്ടായിരുന്നു. ഇന്ന് ഭിന്നശേഷിക്കാർ അന്യരല്ല. അവർക്ക് ആശ്വാസത്തിനായി ഒരു ഇന്ദ്രജാലക്കാരനുണ്ട്. അയാൾ അന്നും ഇന്നും എന്നും തുടരുന്നത് വിസ്മയങ്ങൾ കാട്ടി ജനങ്ങളെ അത്ഭുതപ്പെടുത്തുക എന്ന പ്രവൃത്തിതന്നെയാണ്. ആകാശങ്ങൾക്ക് പരിധിയില്ലെന്നു പറഞ്ഞപോലെ മുതുകാടിനും കുട്ടികൾക്കും പരിമിതികളില്ലാത്ത വിശാലമായ ലോകം തുറന്നുകിടക്കുകയാണ്. അവിടെ വിസ്മയങ്ങൾ വിരിയിക്കാൻ അവർ തയ്യാറാണ്. പക്ഷേ, അവർക്കൊപ്പം ഹൃദയം ചേർത്തുവയ്ക്കാൻ ശ്രമിക്കേണ്ടത് നമ്മളാണ്. കൂട്ടായ്മയുടെ കൈത്താങ്ങാണ് അവർക്കിന്ന് വേണ്ടത്. നാം കാണുന്നത് ചെറിയൊരു ശതമാനം മാത്രമാണ്. അറിയപ്പെടാതെ ഇരുട്ടറകളിൽ കഴിയുന്ന മഹാഭൂരിപക്ഷത്തിന്റെ വാതിൽ തുറന്നുകൊടുക്കേണ്ടത് നാം ഓരോരുത്തരുടെയും കടമയാണ്, കർത്തവ്യമാണ്. അതിലേക്കാകട്ടെ നമ്മുടെ മിഴിതുറക്കൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top