28 March Thursday

കെ ഫോണിലെ കേബിളും ചൈനയിലെ സാങ്കേതിക വിദ്യയുടെ നിലവാരവും: പേറ്റന്റ്‌ കണക്കുകൾ പറയുന്നത്‌

അജിത്‌ ഇ എUpdated: Saturday Jun 10, 2023

കെ ഫോണിൽ ഉപയോഗിക്കുന്ന ചൈനീസ് കേബിളാണ് വിഷയം. നിലവാരം കുറഞ്ഞ കേബിളാണ് എന്ന് പ്രതിപക്ഷ നേതാവ് പ്രഖ്യാപിച്ച് കഴിഞ്ഞു. എന്ത് അടിസ്ഥാനത്തിലാണ് നിലവാരം പരിശോധിച്ചത് എന്നും നിലവാരമില്ല എന്ന് വിധിയെഴുതിയത് എന്നും പ്രതിപക്ഷ നേതാവിന് മാത്രം അറിയാം. ചൈനീസ് വിരുദ്ധ പ്രൊപ്പഗാൻഡ സ്പെഷലിസ്റ്റുകളായ മനോരമയായിരിക്കണം അവലംബം. ചൈനയിൽ ഉത്പ്പാദിപ്പിക്കുന്നതിന് നിലവാരം ഇല്ല എന്ന പൊതുബോധം നിലനിൽക്കുന്നത് കൊണ്ട് പ്രതിപക്ഷ നേതാവിന്റെ പ്രസ്‌താവനയ്ക്ക് നല്ല മാർക്കറ്റുണ്ടാവും.

എന്നാൽ എന്താണ്‌ യാഥാർത്ഥ്യം?
ലോക ബൗദ്ധിക സ്വത്തവകാശ സംഘടനയുടെ കണക്കുകളാണ്‌ ഇക്കാര്യത്തിൽ ആധികാരികം. അതനുസരിച്ച്‌  ടെലികമ്മ്യൂണിക്കേഷൻ, ഡിജിറ്റൽ കമ്മ്യൂണിക്കേഷൻ മേഖലയിൽ മികച്ച പെർഫോമൻസ് കാഴ്ച്ചവയ്ക്കുന്ന മൂന്ന് രാജ്യങ്ങളിൽ ഒന്നാണ് ചൈന. ‘വിശ്വഗുരു’ അവകാശവാദങ്ങൾക്കിടയിലും ഇന്ത്യ ആദ്യ പത്തിൽ പോലുമില്ല എന്ന് നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ട്.


ബൗദ്ധിക സ്വത്തവകാശ നിയമങ്ങളുടെ രാഷ്ട്രീയ ശരി തെറ്റുകൾ തൽക്കാലം മാറ്റി നിർത്താം. ഒരു രാജ്യത്ത് സാങ്കേതിക വിദ്യ എത്രത്തോളം ശക്തിപ്പെട്ടിട്ടുണ്ട് എന്ന് മനസ്സിലാക്കാൻ പേറ്റന്റുകളുമായി ബന്ധപ്പെട്ട കണക്കുകൾ സഹായിക്കും. 2022 ലെ World Intellectual Property Organisation  റിപ്പോർട്ട് അനുസരിച്ച് പേറ്റന്റ് അപേക്ഷകളുടെ അടിസ്ഥാനത്തിൽ ലോകത്തിലെ ഏറ്റവും മികച്ച പെർഫോമൻസ് നടത്തുന്ന രാജ്യമാണ് ചൈന. നിലവിൽ പ്രാബല്യത്തിലിരിക്കുന്ന (patent in force) പേറ്റന്റുകളുടെ അടിസ്ഥാനത്തിലും ചൈന ആണ് മുന്നിൽ. 2000 ത്തിന് ശേഷം സാങ്കേതിക വിദ്യയിൽ ഏറ്റവും വളർച്ച ഉണ്ടാക്കിയ രാജ്യവും ചൈനയാണ്‌. എന്നിട്ടും വാട്ട്സ്അപ്പ് യൂണിവേഴ്സിറ്റികൾ ചൈന സമം ഡ്യൂപ്ലിക്കേറ്റ് എന്ന സിദ്ധാന്തം പടച്ചുവിടുകയാണ്. അത് ഏറ്റുപിടിക്കാൻ പ്രതിപക്ഷ നേതാവും.

കെ-ഫോൺ കേബിൾ നിർമ്മിച്ചതിൽ ചൈനീസ് അസംസ്കൃത വസ്തുക്കൾ ഉണ്ടെന്നാണ് ആരോപണം. മേക്ക് ഇൻ ഇന്ത്യ വേണത്രെ! ചൈനീസ് അസംസ്കൃത വസ്തുക്കളും അസംബ്ലി പാർട്ട്സുകളും ഇല്ലാതെ ഏതെങ്കിലും ഉൽപ്പനങ്ങൾ നമ്മൾ ഉത്പ്പാദിപ്പിക്കുന്നുണ്ടോ എന്ന് സംശയമാണ്. അത്രയുമാണ് ലോകം ചൈനയെ ആശ്രയിക്കുന്നത്. സ്മാർട്ട്ഫോൺ ആവട്ടെ ടെലിവിഷൻ ആവട്ടെ ഏത് ഉത്പ്പനം ആയിക്കൊള്ളട്ടെ, മിക്കതിലും  ഒരു കമ്പോണന്റ് എങ്കിലും ചൈനീസ് ഇല്ലാതെ ഉത്പാദിപ്പിക്കുക അത്രയും അപൂർവ്വം ആയിരിക്കും.

ഒരു സോഷ്യലിസ്റ്റ് സംവിധാനത്തിൽ നിന്നുകൊണ്ട് മറ്റ് മേഖലകൾ എന്നപോലെ ശാസ്ത്ര സാങ്കേദിക വിദ്യയിലും ചൈന വലിയ നേട്ടമാണ് ഉണ്ടാക്കിയിട്ടുള്ളത്. ഇതിൽ വെറിപൂണ്ട ലിബറൽ മാധ്യമങ്ങളുടെ ഇന്ത്യൻ പതിപ്പാണ് മനോരമ. ആ മനോരമയെ ആശ്രയിച്ച് ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ പ്രതിപക്ഷ നേതാവ് കണക്കുകൾ ജനങ്ങളുടെ മുൻപിൽ ഉണ്ടെന്നുള്ളത് മനസിലാക്കണം.

ചൈന സമം ഡ്യൂപ്ലിക്കേറ്റ് എന്ന സമവാക്യം മറ്റേണ്ട സമയം അതിക്രമിച്ച് കഴിഞ്ഞിരിക്കുന്നു. ചൈന അത്രയും മുന്നോട്ട് പോയിരിക്കുന്നു. കുശുമ്പ് കാണിച്ചിട്ട് കാര്യമില്ല. വിമർശിക്കുമ്പോൾ നമ്മുടെ സയൻസ്-/സാങ്കേതികവിദ്യ എത്രതോളം വളരുന്നുണ്ട് എന്നുകൂടി പരിശോധിക്കണം. ചാണകത്തിലും മൂത്രത്തിലും ഗവേഷണം പ്രോത്സാഹിപ്പിക്കുന്ന സംഘപരിവാർ പ്രത്യയശാസ്ത്രത്തെ ആദ്യം വിമർശിക്കണം. നമ്മളിനിയും അതിന് മുതിർന്നില്ലെങ്കിൽ പൊട്ടക്കുളത്തിലെ തവളകളായി നമ്മൾ മാറും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top