19 April Friday

മനുഷ്യപ്പറ്റുള്ള ഹൃദയത്തിന്റെ ഉടമ: 
ഡോ. ജോസ്‌ ചാക്കോ പെരിയപ്പുറം

വെബ് ഡെസ്‌ക്‌Updated: Saturday May 7, 2022


കൊച്ചി
‘രോഗികളുടെ ബുദ്ധിമുട്ടുകളും ദുരിതങ്ങളും ക്ഷമയോടെ  കേൾക്കാനും ആരോഗ്യാവസ്ഥയിലേക്ക്‌ തിരിച്ചുകൊണ്ടുവരാനുമുള്ള ആർദ്രഹൃദയമാണ്‌ ഡോക്ടർക്ക്‌ വേണ്ടത്‌. നിരവധി രോഗികളെ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവന്നയാളാണ്‌ ഡോ. ജോ ജോസഫ്‌. ആ മനസ്സലിവ്‌ ജനപ്രതിനിധിയാകുമ്പോഴും അദ്ദേഹത്തിനുണ്ടാകുമെന്ന്‌ എനിക്കുറപ്പുണ്ട്‌’ –- സഹപ്രവർത്തകനെക്കുറിച്ച്‌ അഭിമാനത്തോടെ പറയുകയാണ്‌ കേരളത്തിൽ ഹൃദയമാറ്റ ശസ്‌ത്രക്രിയക്ക്‌ തുടക്കമിട്ട ഡോ. ജോസ്‌ ചാക്കോ പെരിയപ്പുറം.

‘സംസ്ഥാനത്ത്‌ ആദ്യമായി ഹൃദയമാറ്റ ശസ്‌ത്രക്രിയ എന്റെ നേതൃത്വത്തിൽ നടന്നത്‌ 2003ലാണ്‌. 2013 മുതലാണ്‌ ഹൃദയം മാറ്റിവയ്‌ക്കൽ ലിസി ആശുപത്രിയിൽ തുടർച്ചയായി നടന്നത്‌. അന്നുമുതൽ ഞങ്ങളുടെ ടീമിൽ ഡോ. ജോ ജോസഫുണ്ട്‌. ഹൃദയം ആദ്യമായി വിമാനത്തിലെത്തിച്ച്‌  ശസ്‌ത്രക്രിയ നടത്തിയത്‌ 2015ലാണ്‌. അന്ന്‌ തിരുവനന്തപുരത്തുനിന്ന്‌ ഹൃദയം എത്തിച്ചത്‌ ഡോ. ജോയുടെ നേതൃത്വത്തിലാണ്‌. തുടർന്നിങ്ങോട്ട്‌ 26 ശസ്‌ത്രക്രിയകളിലും അദ്ദേഹം ഞങ്ങളോടൊപ്പമുണ്ട്‌.

ഡോക്ടർമാർക്ക്‌ ജോലിസമയമൊന്നുമില്ല. എന്നാൽ, ജോ എന്നും അവസാനംപോകുന്ന ഡോക്ടറാണ്‌. ജോലിസമയം കഴിഞ്ഞും രോഗിയുടെ ക്ഷേമമന്വേഷിച്ച്‌ വൈകുംവരെ ആശുപത്രിയിലുണ്ടാകും. ഔപചാരിക ഡോക്ടർ–-രോഗി ബന്ധത്തിനുമപ്പുറം മനുഷ്യപ്പറ്റുള്ള ഹൃദയൈക്യമാണ്‌ ഡോക്ടർ ജോയ്‌ക്ക്‌ എല്ലാ രോഗികളോടും. 

ഹാർട്ട്‌ കെയർ ഫൗണ്ടേഷന്റെ സജീവ പ്രവർത്തകനാണ്‌. 10 വർഷമായി നിർധനരോഗികളുടെ ഹൃദയചികിത്സയിൽ ഡോക്ടർ ജോ നൽകുന്ന പിന്തുണ ഫൗണ്ടേഷൻ ചെയർമാനായ എനിക്ക്‌ അളവറ്റതാണ്‌. ആശുപത്രിയിലെ തിരക്കുകൾക്കുശേഷവും സാമൂഹ്യ പ്രവർത്തനത്തിലും സമൂഹമാധ്യമത്തിൽ രാഷ്‌ട്രീയ, സാമൂഹ്യ കാര്യങ്ങളിൽ പ്രതികരിക്കാനും സമയം കണ്ടെത്തുന്നത്‌ എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്‌. നല്ല വായനക്കാരനും എഴുത്തുകാരനുമാണ്‌.

സ്ഥാനാർഥി പ്രഖ്യാപനം വന്നയുടൻ വാർത്താലേഖകരുടെ  ചോദ്യങ്ങൾക്കുമുന്നിൽ അദ്ദേഹം വിശദമായി സംസാരിക്കുന്നതും നാം കണ്ടതാണല്ലോ’ –-ഡോ. ജോസ്‌ ചാക്കോ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top