20 August Saturday

അവർക്ക്‌ താലിബാൻ മുഖമായിരുന്നു ; ഞെട്ടൽമാറാതെ ജിഷ്‌ണു

വെബ് ഡെസ്‌ക്‌Updated: Friday Jun 24, 2022


കോഴിക്കോട്‌
നീരുവന്നു വീർത്തിരിക്കയാണ്‌ കവിൾത്തടം. വേദനകൊണ്ട്‌  തുറക്കാൻ കഴിയാത്ത വിധമായിരിക്കുന്നു കണ്ണുകൾ. മർദനമേറ്റ്‌ ചതഞ്ഞ ശരീരത്തിൽ പരിക്കില്ലാത്തതായി ഒരിഞ്ചുപോലുമില്ല.  ജനിച്ച്‌  28ാം ദിവസം  ശസ്‌ത്രക്രിയ ചെയ്‌ത  ഇടതുനെഞ്ചിനുതാഴെ നീരുകെട്ടിക്കിടക്കുന്നു. എന്തെങ്കിലും ഉരിയാടാനായി വായതുറക്കുമ്പോൾ പോലും കൊടിയ വേദനയിൽ പുളയുകയാണ്‌ ജിഷ്‌ണുരാജ്‌.  ദ്രവരൂപത്തിലുള്ള  ഭക്ഷണം മാത്രമാണ്‌ കഴിക്കാനാവുന്നത്‌. 

ബാലുശേരി പാലോളിമുക്കിൽ എസ്‌ഡിപിഐക്കാർ വളഞ്ഞിട്ടാക്രമിച്ച  ജിഷ്‌ണുരാജ്‌ മെഡിക്കൽ കോളേജിലെ 35ാം വാർഡിൽ ചികിത്സയിലാണ്‌. ഡിവൈഎഫ്‌ഐ യൂണിറ്റ്‌ സെക്രട്ടറിയായ ഈ യുവാവിനെ മൂന്നുമണിക്കൂറോളമാണ്‌ താലിബാൻ മോഡൽ ക്രൂരതകൾക്ക്‌ ഇരയാക്കിയത്‌.  താൻ അനുഭവിച്ച വേദന വിവരിക്കുമ്പോൾ ജിഷ്‌ണുവിന്‌ ഇപ്പോഴും ഞെട്ടൽ മാറിയിട്ടില്ല.  പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാനെത്തിയ സുഹൃത്തിനെ വീട്ടിലാക്കി മടങ്ങവേയായിരുന്നു ആക്രമണം.

എസ്‌ഡിപിഐക്കാരനായ മുർഷിദിന്റെ നേതൃത്വത്തിൽ മൂന്ന്‌ യുവാക്കൾ ഫ്ലക്സ്‌ കീറിയെന്നാരോപിച്ച്‌ തല്ലിച്ചതച്ചു. ബൈക്ക്‌ തകർത്ത്‌ വയലിലിട്ടു.  കഴുത്തിനുതാഴെ  വടിവാൾ വെച്ച്‌ കൊന്നുകളയുമെന്ന്‌ ഭീഷണിപ്പെടുത്തി വീഡിയോ ദൃശ്യങ്ങൾ ചിത്രീകരിച്ചു. സിപിഐ എമ്മിന്റെ ചില പ്രാദേശിക നേതാക്കളുടെ ആവശ്യപ്രകാരം ഫ്‌ളക്‌സ്‌ കീറാനെത്തിയതാണെന്ന്‌ പറയണമെന്നാവശ്യപ്പെട്ടായിരുന്നു മർദനം.  വയലിലെ ചെളിവെള്ളത്തിൽ  തലമുക്കിപ്പിടിച്ച്‌ ശ്വാസം മുട്ടിച്ചു. വലിച്ചിഴച്ച്‌ ഇരുകൈപ്പത്തിയിലും കയറിനിന്ന്‌ ഇടിച്ചു.  അടുത്ത ഇടി കൊള്ളുമ്പോഴേക്കും മരിച്ചുപോകുമെന്ന്‌  പലവട്ടം തോന്നി.  എല്ലാം മൊബൈലിലെ വീഡിയോയിൽ പകർത്തുന്നുണ്ടായിരുന്നു. നാനാഭാഗത്ത്‌ നിന്നും അക്രമികൾ എത്തി  തൊഴിക്കുകയും ഇടിക്കുകയുമായിരുന്നു.  ഇതിനിടയിൽ ബൈക്കിലെ പെട്രോൾ തീർന്നെന്ന്‌ പറയിപ്പിച്ച്‌ സുഹൃത്തിനെയും സഹോദരൻ വിഷ്‌ണുവിനെയും വിളിപ്പിച്ചു. പൊലീസ്‌ എത്തിയതിനാൽ മാത്രമാണ്‌ ഞാൻ ബാക്കിയായത്‌.  പൊലീസെത്തിയപ്പോൾ അവർക്കുനേരെയും ക്രിമിനൽ സംഘം തിരിഞ്ഞു. വടിവാളുമായി അറസ്‌റ്റുചെയ്യുന്നത്‌ വീഡിയോയിൽ പകർത്തണമെന്നായിരുന്നു ആവശ്യം. വിസമ്മതിച്ച  പൊലീസിനെ അസഭ്യം പറഞ്ഞുവെന്നും ജിഷ്‌ണു പറഞ്ഞു. 

പത്തനംതിട്ടയിലെ ഡയറ്റിൽ അധ്യാപക പരിശീലനം പൂർത്തിയാക്കിയ ജിഷ്‌ണു കോഴിക്കോട്‌ ക്രിസ്‌ത്യൻ കോളേജിൽ ബിരുദപഠനം കഴിഞ്ഞ്‌  ഫലം കാത്തിരിക്കുകയാണ്‌. ആറുമാസം മുമ്പാണ്‌ ഡിവൈഎഫ്‌ഐ തൃക്കുറ്റിശേരി നോർത്ത്‌ യൂണിറ്റ്‌ സെക്രട്ടറിയായത്‌.

പട്ടികജാതി വർഗ കമീഷൻ 
കേസെടുത്തു
കോഴിക്കോട്‌ ബാലുശേരിയിൽ പട്ടികജാതിക്കാരനായ ജിഷ്‌ണുരാജിനെ എസ്‌ഡിപിഐക്കാർ ബന്ദിയാക്കി ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചതിൽ പട്ടികജാതി പട്ടിക ഗോത്രവർഗ കമീഷൻ സ്വമേധയാ കേസെടുത്തു. അട്ടപ്പാടിയിൽ മധുവിനെ കൊലപ്പെടുത്തിയതിനു സമാനമായതാണ് ജിഷ്ണുരാജിനെതിരെയുള്ള ആൾക്കൂട്ട ആക്രമണമെന്ന്‌ കമീഷൻ നിരീക്ഷിച്ചു. അടിയന്തര വൈദ്യസഹായം നൽകാതെ പൊലീസിൽ ചിലർ അക്രമികളുടെ നിർദേശമനുസരിച്ച് പ്രവർത്തിക്കുകയും ജിഷ്‌ണുവിനെതിരെ ജാമ്യമില്ലാ വകുപ്പ്‌ പ്രകാരം കേസുമെടുത്തു. ഇത് അക്രമികളെയും ഭീകരവാദികളെയും പ്രോത്സാഹിപ്പിക്കുന്ന നടപടിയാണെന്ന്‌ കമീഷൻ വിലയിരുത്തി.

പ്രതികൾക്കെതിരെ നിയമനടപടി സ്വീകരിക്കാനും അക്രമികളെ സംരക്ഷിച്ച പെലീസുകാർക്കെതിരെ പട്ടികജാതി–- വർഗ അതിക്രമ നിരോധന നിയമ പ്രകാരം കേസെടുത്ത് അന്വേഷണം നടത്തി മൂന്നു ദിവസത്തിനകം റിപ്പോർട്ട്‌ സമർപ്പിക്കാനും കോഴിക്കോട് റൂറൽ പൊലീസ് മേധാവിക്ക് കമീഷൻ നിർദേശം നൽകി.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top