26 April Friday

സജിൻ ഷാഹുലിന്റെ ഉമ്മയെത്തി; സമരവീര്യം പകരാൻ

സ്വന്തം ലേഖകൻUpdated: Sunday Mar 19, 2023

രക്തസാക്ഷി സജിൻ ഷാഹുലിന്റെ ഉമ്മ മെഹബൂബ ജാഥാ ക്യാപ്റ്റന്‍ 
എം വി ഗോവിന്ദനെ സന്ദര്‍ശിച്ചപ്പോള്‍

നെയ്യാറ്റിൻകര> കാത്തിരിപ്പിനൊടുവിൽ ജനകീയ പ്രതിരോധ ജാഥ തൊട്ടുമുമ്പിലെത്തിയപ്പോൾ മെഹബൂബയ്‌ക്ക്‌ നിയന്ത്രിക്കാനായില്ല. തന്റെ മൂത്തമകൻ സജിൻ ഷാഹുലിന്റെ ഓർമയിൽ ആ അമ്മ തേങ്ങി. ഇളയമകൻ ഷാരൂഖിനൊപ്പം നെയ്യാറ്റിൻകര ആശുപത്രി ജങ്‌ഷനിലെ സ്വീകരണകേന്ദ്രത്തിലാണ്‌ അവർ എത്തിയത്‌.

ധനുവച്ചപുരം ഗവ. ഐടിഐ വിദ്യാർഥിയും എസ്‌എഫ്‌ഐ പ്രവർത്തകനുമായ സജിൻ ഷാഹുലിനെ പത്തുവർഷംമുമ്പാണ്‌ എബിവിപി, ആർഎസ്‌എസ്‌, ബിജെപി സംഘം ബോംബെറിഞ്ഞ്‌ കൊലപ്പെടുത്തിയത്‌. 2-013 ആഗസ്‌ത്‌ 28ന്‌ പ്രകടനത്തിൽ പങ്കെടുക്കുമ്പോഴായിരുന്നു ആക്രമണം. 32 ദിവസം ജീവനോട് മല്ലിട്ട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഒക്ടോബർ ഒന്നിന് മരണത്തിന് കീഴടങ്ങുകയായിരുന്നു.
ധനുവച്ചപുരം ഐടിഐക്ക് അകത്തും പുറത്തും എബിവിപിയും സംഘപരിവാറും നടത്തുന്ന അക്രമങ്ങൾക്കെതിരെയായിരുന്നു എസ്‌എഫ്‌ഐ പ്രകടനം. ഐടിഐക്കുള്ളിൽ നടത്തിയ പ്രകടനത്തിനു നേർക്കാണ്‌  ബോംബെറിഞ്ഞത്.
പുതിയ കേരളത്തിനും ഇന്ത്യക്കുമായി സിപിഐ എം  ജനകീയപ്രതിരോധം ഉയർത്തുമ്പോൾ അതിന്‌ പിന്തുണയുമായി എത്തിയതാണ്‌ സജിൻ ഷാഹുലിന്റെ കുടുംബാംഗങ്ങൾ. മുദ്രാവാക്യം വിളികളോടെയാണ്‌ ജനം അവരെ വരവേറ്റത്‌. ‘‘രക്തസാക്ഷികൾ മരിക്കുന്നില്ല... ജീവിക്കുന്നു ഞങ്ങളിലൂടെ ഇങ്ക്വിലാബ് സിന്ദാബാദ്.’ അവർ ഒരേ വികാരത്തോടെ ഏറ്റുവിളിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top