29 March Friday

ഹൃദയാഭിവാദ്യമർപ്പിച്ച് ജനസഞ്ചയം ; ചെമ്പതാകയ്‌ക്ക്‌ കീഴിൽ അലകടലായി

വെബ് ഡെസ്‌ക്‌Updated: Saturday Feb 25, 2023


കോഴിക്കോട്‌
നേരിന്റെ രാഷ്‌ട്രീയത്തിന്‌ ഹൃദയാഭിവാദ്യമർപ്പിച്ച് ജനസഞ്ചയം. ചെമ്പതാകയ്‌ക്ക്‌ കീഴിൽ അവർ അലകടലായി. വർഗീയതയുടെ വിഷവിത്ത്‌ വിതയ്ക്കുന്നവർക്കെതിരെ മാനവ സാഹോദര്യത്തിന്റെ പ്രതിരോധക്കോട്ടപണിത് അവർ ചരിത്രമെഴുതി. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയുടെ അഞ്ചാം ദിനത്തെ  കോഴിക്കോടിന്റെ മണ്ണ് വീരോചിതമായി പുണർന്നു.

വയനാട്ടിലെ പര്യടനം പൂർത്തിയാക്കി ജില്ലയിലേക്ക്‌ പ്രവേശിച്ച ജാഥയെ രാവിലെ അടിവാരത്ത്‌ നേതാക്കളും പ്രവർത്തകരും ബഹുജനങ്ങളും ചേർന്ന്‌ വരവേറ്റു.  ജില്ലാ സെക്രട്ടറി പി മോഹനൻ,  എ പ്രദീപ്‌ കുമാർ, കെ കെ ലതിക, കെ പി കുഞ്ഞമ്മത്‌കുട്ടി, മാമ്പറ്റ ശ്രീധരൻ, കെ കെ ദിനേശൻ, എം മെഹബൂബ്‌, എം ഗിരീഷ്‌, കെ കെ മുഹമ്മദ്‌,  ജോർജ്‌ എം തോമസ്‌, കാനത്തിൽ ജമീല, കെ എം സച്ചിൻദേവ്‌, കെ പി അനിൽകുമാർ, കെ ബാബു, പി സി ഷൈജു എന്നിവർ ചേർന്നാണ്‌ ജാഥയെ വരവേറ്റത്‌. രാവിലെ തിരുവമ്പാടി മണ്ഡലത്തിലെ മുക്കത്തായിരുന്നു ആദ്യ സ്വീകരണം. നഗരം ചുവന്നു തുടുത്തിരുന്നു.  മുത്തുക്കുടകളും ചെമ്പതാകയുമേന്തിയ സ്ത്രീകൾ നഗരം നിറഞ്ഞു.  തുറന്ന ജീപ്പിൽ ജാഥാ ക്യാപ്റ്റൻ എം വി ഗോവിന്ദൻ  എത്തിയപ്പോൾ  പുഷ്പവൃഷ്ടിയുമായി എതിരേറ്റു. 

ഉച്ചയ്‌ക്ക്‌ ശേഷം കൊടുവള്ളിയിലായിരുന്നു സ്വീകരണം. കത്തുന്ന വേനലിലും  വീരോചിത വരവേൽപ്പായിരുന്നു. രണ്ടരയോടെ കേരളീയ വസ്‌ത്രമണിഞ്ഞ ആയിരം സ്‌ത്രീകൾ മുത്തുക്കുടകളുമായി സമ്മേളന നഗരിയിലേക്ക്‌ ചുവടുവച്ചു.  ജാഥാക്യാപ്‌റ്റൻ എത്തുമ്പോഴേക്കും വേദി കവിഞ്ഞു. എൽഡിഎഫ്‌ ഘടകകക്ഷികൾ അഭിവാദ്യമർപ്പിക്കാനെത്തി. സിപിഐ എമ്മുമായി സഹകരിച്ച്‌ പ്രവർത്തിക്കാൻ തീരുമാനിച്ച സേവാദൾ ജില്ലാ കമ്മിറ്റി അംഗം  ജാഫർ ഓങ്ങാട്ടിലിനെ സ്വീകരിച്ചു. 

വിപ്ലവ പ്രസ്ഥാനത്തിന്റെ കരുത്തും ഊർജവുമായാണ്‌ ബാലുശേരി ജാഥയെ വരവേറ്റത്‌. നഗരം ചെമ്പട്ടണിഞ്ഞു.   തെയ്യവും തിറയും കോൽക്കളിയും ദഫ്‌മുട്ടും നിറഞ്ഞ്‌ നഗരി ഉത്സവാന്തരീക്ഷത്തിലായി. വിവിധ പാർടികളിൽ നിന്നും രാജിവച്ച ഒമ്പത്‌ കുടുംബങ്ങൾക്ക്‌  സ്വീകരണം നൽകി. സന്തോഷ്‌ട്രോഫി താരം അർജുൻ ബാലകൃഷ്‌ണനെ അനുമോദിച്ചു.

ജാഥ നിശ്ചയിച്ചതിലും വൈകിയാണ് സമാപന കേന്ദ്രമായ പേരാമ്പ്രയിലെത്തിയത്. കൊച്ചു പ്രകടനങ്ങൾ വന്നതോടെ ഇവിടം ജനസാഗരമായി. മണ്ണും മനസ്സും കൂടുതൽ ചുവപ്പിച്ചാണ്‌ ജാഥ പ്രയാണം പൂർത്തിയാക്കിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top