26 April Friday
ഗാന്ധിയന്മാരും 
അണിചേരുന്നു

നിലപാടിന്‌ കെെയടിച്ച്...

പി സുരേശൻUpdated: Wednesday Feb 22, 2023

ജനകീയ പ്രതിരോധ ജാഥയെ മട്ടന്നൂരിലെ സ്വീകരണ കേന്ദ്രത്തിലേക്ക് നാടൻ കലാരൂപങ്ങളുടെ അകമ്പടിയോടെ സ്വീകരിക്കുന്നു ഫോട്ടോ: പി ദിലീപ് കുമാർ


കണ്ണൂർ
കേരളത്തെ ദ്രോഹിക്കുന്ന കേന്ദ്രത്തിനെതിരെ  ജനകീയ പ്രതിരോധം ഉയർത്തുമ്പോൾ  കോൺഗ്രസിന്‌ പൊള്ളുന്നത്‌ എന്തിനെന്ന ചോദ്യം നാടാകെ ഉയരുന്നു. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ മൂന്ന്‌ ദിവസം പിന്നിടുമ്പോൾ, കേന്ദ്രസർക്കാരിനൊപ്പം പ്രതിക്കൂട്ടിലായി കോൺഗ്രസും. കേരളത്തെ സ്‌നേഹിക്കുന്നവരും വികസനം ആഗ്രഹിക്കുന്നവരും കേന്ദ്രനയത്തിനെതിരായ പ്രതിരോധത്തിൽ അണിചേരുമ്പോൾ  ബിജെപിക്കൊപ്പംചേർന്ന്‌ ജാഥയെ  പൊളിക്കാനാകുമോയെന്ന ചിന്തയിലാണ്‌ കോൺഗ്രസ്‌.  ഗാന്ധിയനായ പ്രൊഫ. ബി മുഹമ്മദ്‌ അഹമ്മദ്‌  ജനകീയ പ്രതിരോധ ജാഥയുടെ ഭാഗമായപ്പോൾ, ഗാന്ധിഘാതകർക്കൊപ്പം നിലകൊള്ളാനാണ്‌ കോൺഗ്രസിന്‌ താൽപ്പര്യം.

കേരളത്തെ വരിഞ്ഞുമുറുക്കുന്ന ജനവിരുദ്ധ നയങ്ങൾക്കെല്ലാം തുടക്കമിട്ടത്‌ കോൺഗ്രസാണ്‌. കേന്ദ്രത്തിന്റെ ആഗോളവൽക്കരണ നയത്തെയും പൊതുമേഖലാ കമ്പനികളുടെ വിൽപ്പനയെയും ഇന്ധനവില വർധിപ്പിക്കുന്നതിനെയും എതിർക്കാൻ കോൺഗ്രസിനാകില്ല. കോച്ച്‌ ഫാക്ടറി അനുവദിക്കാത്തതുൾപ്പെടെയുള്ള  റെയിൽവേ അവഗണനയ്‌ക്കും തുടക്കമിട്ടത്‌ കോൺഗ്രസാണ്‌. കേന്ദ്രസർക്കാരിന്റെ വർഗീയ പ്രീണനനയവും  ജാഥയിൽ ചർച്ചയാകുന്നു. മൃദുഹിന്ദുത്വ വക്താക്കളായ കോൺഗ്രസുകാർ ഭരണത്തിലിരിക്കുമ്പോഴാണ്‌ ബാബ്‌റി മസ്‌ജിദ്‌ തകർത്തത്‌. ഇങ്ങനെ, ജാഥയിൽ ഉയരുന്ന ഒരോ കാര്യവും ബിജെപിക്കെന്നപോലെ  കോൺഗ്രസിനും ബാധകമാണ്‌.

ആർഎസ്‌എസ്‌–- ജമാഅത്തെ ചർച്ചയെക്കുറിച്ച്‌ പ്രതികരിക്കാൻ കോൺഗ്രസും  മുസ്ലിംലീഗും തയ്യാറായിട്ടില്ല. ബിജെപി–- യുഡിഎഫ്‌–- ജമാഅത്തെ ഇസ്ലാമി വിശാല സഖ്യത്തിൽ വിള്ളൽവീഴാതിരിക്കാനാണ്‌ ഈ മൗനം. മനോരമയും മാതൃഭൂമിയും ഉൾപ്പെടെയുള്ള വലതുപക്ഷ  മാധ്യമങ്ങൾ ജാഥ കണ്ട്‌ വേവലാതിപ്പെടുമ്പോൾ ഈ ജനകീയ മുന്നേറ്റം കേരളം ഏറ്റെടുക്കുകയാണ്‌.  ബുധനാഴ്‌ച കണ്ണൂർ ജില്ലയിലെ അഞ്ച്‌ മണ്ഡലങ്ങളിൽ നടന്ന സ്വീകരണത്തിൽ വൻ ജനാവലിയാണ്‌ പങ്കെടുത്തത്‌. തളിപ്പറമ്പ്‌, ശ്രീകണ്ഠപുരം, മട്ടന്നൂർ, പാനൂർ പിന്നിട്ട്‌  കണ്ണൂരിലാണ്‌ സമാപിച്ചത്‌.  ജാഥാ ക്യാപ്‌റ്റൻ എം വി ഗോവിന്ദൻ, മാനേജർ പി കെ ബിജു, അംഗങ്ങളായ സി എസ്‌ സുജാത, എം സ്വരാജ്‌, ജെയ്‌ക്‌ സി തോമസ്‌, കെ ടി ജലീൽ എന്നിവർ സംസാരിച്ചു. വ്യാഴാഴ്‌ച കണ്ണൂർ ജില്ലയിലെ പര്യടനം പൂർത്തിയാക്കി ജാഥ വയനാട്ടിലേക്ക്‌ കടക്കും.

ജാഥ ഇന്ന്‌
രാവിലെ പത്തിന്‌ പിണറായി, 11 തലശേരി, മൂന്നിന്‌ ഇരിട്ടി, നാലിന്‌ മാനന്തവാടി, അഞ്ചിന്‌ ബത്തേരി, വൈകിട്ട്‌ ആറിന്‌ കൽപ്പറ്റയിൽ സമാപനം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top