25 April Thursday

അത്രമേൽ മധുരം ഈ ജീവിതങ്ങൾ

ഒ വി സുരേഷ്‌Updated: Tuesday Feb 28, 2023

ജനകീയ പ്രതിരോധജാഥ പൊന്നാനിയിൽ എത്തിയപ്പോൾ ‘അപ്പങ്ങളെമ്പാടും' കൂട്ടായ്‌മ അംഗങ്ങൾ തയ്യാറാക്കിയ വിഭവങ്ങൾ ക്യാപ്റ്റൻ 
എം വി ഗോവിന്ദന്‌ നൽകുന്നു ഫോട്ടോ: ജഗത് ലാൽ


പൊന്നാനി
‘അപ്പങ്ങളെമ്പാടും’ വിഭവങ്ങളുമായി കാത്തുനിന്ന റസീനയും സീനത്തും കൂട്ടരും അവ ജാഥാ ക്യാപ്‌റ്റനു നൽകി. കൂട്ടത്തിൽനിന്ന്‌ കോഴിയട എടുത്ത്‌ കഴിച്ച്‌ മറുപടി–-‘‘നല്ല ടേസ്റ്റുണ്ട്'’. ആ വാക്കുകളിൽ വനിതാ സംരംഭകർക്കുള്ള പ്രോത്സാഹനത്തിന്റെ ചേരുവകളെല്ലാമടങ്ങിയിരുന്നു. ആത്മവിശ്വാസം അലകടലായി ഇരമ്പിയാർക്കുന്ന മുഖങ്ങളിലാകെ ആ മധുരംനുണഞ്ഞ പ്രതീതി. മാറിയ ജീവിതത്തിന്റെ രുചിനിറഞ്ഞ ആ പകലിൽ കേരളത്തിന്റെയാകെ മുന്നേറ്റം പ്രതിഫലിച്ചു. വനിതകൾ കൂട്ടമായി ജാഥാ ക്യാപ്റ്റൻ എം വി ഗോവിന്ദനുനേരെ നീട്ടിയ പലഹാരങ്ങൾ പുതുസംരംഭങ്ങൾ ഉയിർക്കുന്നതിൻ നേർക്കാഴ്‌ചയായി. ജനകീയ പ്രതിരോധ ജാഥയുടെ പൊന്നാനിയിലെ സ്വീകരണത്തിന്‌ അത്രമേൽ മധുരം.  

പൊന്നാനി  ‘അപ്പങ്ങളെമ്പാടും' കൂട്ടായ്‌മ കൈനിറയെ വിവിധതരം വിഭവങ്ങളുമായി വേദിയിലെത്തിയത്‌ സിപിഐ എമ്മിനോടും സർക്കാരിനോടുമുള്ള കടപ്പാട്‌ അറിയിക്കാനാണ്‌  ‘‘പാർടിയുടെ പിന്തുണയിലും സഹായത്തിലുമാണ് ഞങ്ങൾ ഇത്രയും വളർന്നത്. അതിന് നന്ദി പറയാൻ വരണംന്ന് തോന്നി'’–- - സീനത്തും റസീനയും പറഞ്ഞു. ഒരുമയുടെയും സ്‌ത്രീശാക്തീകരണത്തിന്റെയും പുതുമാതൃകയുമായി 2019ൽ തുടങ്ങിയ കൂട്ടായ്‌മയിലുള്ളത്‌  25 സ്ത്രീകൾ. അടമുതൽ അലീസ (പായസരൂപത്തിലുള്ള പ്രത്യേകവിഭവം)വരെ 41 തരം പലഹാരങ്ങൾ വീടുകളിലുണ്ടാക്കും. ഓർഡറുകൾ സ്വീകരിച്ച്‌ വിൽക്കും. ‘‘നാട്ടിലെ കടകളിൽമാത്രമല്ല വിപണനം. ഗൾഫിലേക്കും അമേരിക്കയിലേക്കുമൊക്കെ അയച്ചുകൊടുക്കാറുമുണ്ട്'’–- - ജമീലയും വഹീദയും പറഞ്ഞു.

‘അപ്പങ്ങളെമ്പാടും’ ബ്രാൻഡ്‌ രജിസ്റ്റർചെയ്തതായി അസ്‌മ പറഞ്ഞു. കൂടുതൽ വിപുലീകരിക്കാനുള്ള ശ്രമത്തിലാണെന്ന്‌ കോ-–-ഓർഡിനേറ്റർ കെ ശ്യാമിലി. ഇത്‌ എൽഡിഎഫ്‌ സർക്കാരിന്റെ കരുത്തിൽ സാധ്യമായ സംരംഭകമുന്നേറ്റവും വനിതകളുടെ ഉയർച്ചയും വ്യക്തമാക്കി. 

പൊന്നാനിയിലായിരുന്നു ചൊവ്വാഴ്‌ചത്തെ പര്യടനത്തിന്റെ  തുടക്കം. വളാഞ്ചേരി, അങ്ങാടിപ്പുറം, മഞ്ചേരി എന്നിവിടങ്ങളിലും ജനസാഗരം സ്വീകരണത്തിനെത്തി.

ജാഥ ബുധൻ

രാവിലെ 10–- അരീക്കോട്‌ (ഏറനാട്‌ മണ്ഡലം), 11–- നിലമ്പൂർ. മൂന്ന്‌–- വണ്ടൂർ. നാല്‌–-പെരിന്തൽമണ്ണ. അഞ്ച്‌ –- പാലക്കാട്‌ ജില്ലയിലെ പട്ടാമ്പിയിൽ സമാപനം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top