04 October Tuesday

കാണാ പ്രപഞ്ചത്തിൽ ഊളിയിട്ട്‌...

എസ്‌ നവനീത്‌കൃഷ്‌ണൻUpdated: Sunday Jul 17, 2022

ഹാൻസ്‌ ലിപ്പർഷെ ആവിഷ്‌കരിച്ച ടെലിസ്കോപ് പിന്നീട് ഗലീലിയോയുടെ മനസ്സിൽ എത്തിയതോടെയാണ് പ്രപഞ്ചക്കാഴ്‌‌ചകളുടെയും ആധുനികശാസ്ത്രത്തിന്റെയും പുതുവഴി തുറന്നത്‌. കണ്ണുകൊണ്ട്‌ കാണാനാകാത്ത അനേകമനേകം പ്രപഞ്ചക്കാഴ്‌ചകളെ ടെലിസ്‌കോപ് നമ്മുടെ  മുന്നിലെത്തിച്ചു. ടെലിസ്‌കോപ്പിന്റെ കുഞ്ഞുരൂപങ്ങളിൽ മനുഷ്യൻ ഒതുങ്ങിനിന്നില്ല. വലിയ ടെലിസ്കോപ്പുകളുണ്ടാക്കി ഭൂമിയിൽ ഇരുന്ന്  പ്രപഞ്ചത്തെ കണ്ടു. ഈ കാഴ്ച‌കളിൽ പലതും ഭൂമിയുടെ അന്തരീക്ഷം മറയ്ക്കുന്നുണ്ടെന്ന തിരിച്ചറിവുണ്ടായി. അങ്ങനെയാണ് ടെലിസ്കോപ്പിനെ  ബഹിരാകാശത്തേക്ക് എത്തിച്ചത്.  കണ്ണുചിമ്മാത്ത നക്ഷത്രങ്ങൾ ഉള്ളിടത്തുനിന്ന് നാം പ്രപഞ്ചത്തെ നോക്കിക്കാണാൻ തുടങ്ങി. ഹബിൾ ബഹിരാകാശ ടെലിസ്കോപ്  വലിയ കുതിച്ചുചാട്ടമായി.

ദൃശ്യപ്രകാശത്തിലുള്ള  പ്രപഞ്ചാത്ഭുതങ്ങളെ ഹബിൾ നമുക്ക്‌ എത്തിച്ചു. പക്ഷേ, അവിടെയും പരിമിതി ഏറെയുണ്ടായി. കൂടുതൽ കാണാൻ ദൃശ്യപ്രകാശം പോരാ. മറിച്ച് പ്രപഞ്ചവസ്തുക്കളിൽനിന്നുവരുന്ന ഇൻഫ്രാറെഡ് പ്രകാശത്തെ സ്വീകരിച്ചേ മതിയാകൂ. അങ്ങനെയാണ് മൂന്നു പതിറ്റാണ്ടുമുമ്പ്‌ ജെയിംസ് വെബ് ബഹിരാകാശ ടെലിസ്കോപ്പിന്റെ ആലോചന തുടങ്ങിയത്‌. കഴിഞ്ഞ ഡിസംബറിൽ ഏരിയൻ റോക്കറ്റിലേറി അത്‌ ബഹിരാകാശത്ത്‌ എത്തി.  പരീക്ഷണമെല്ലാം കഴിഞ്ഞ് കഴിഞ്ഞദിവസംമുതൽ ജോലി തുടങ്ങി. 1350 കോടി വർഷം മുമ്പുള്ള പ്രപഞ്ചക്കാഴ്‌ചകൾ കാട്ടിത്തന്നായിരുന്നു തുടക്കം.

കരീന നെബുല

കരീന നെബുലസൂര്യനെ ചുറ്റി

സാധാരണ ബഹിരാകാശ ടെലിസ്കോപ്പുകൾ ഭൂമിയെ ചുറ്റുമ്പോൾ ജയിംസ്‌ ടെലിസ്‌കോപ്പ്‌  സൂര്യനെയാണ്‌ ചുറ്റുന്നത്. പക്ഷേ, അത് ഭൂമിക്കൊപ്പം സഞ്ചരിച്ചുകൊണ്ടുകൂടിയാണ്. ഭൂമിയിൽനിന്ന് 15 ലക്ഷം കിലോമീറ്റർ അകലെയുള്ള പ്രത്യേക മേഖലയിലാണ്‌ (Lagrangian Point2) വെബ്ടെലിസ്കോപ്. അതായത് ചന്ദ്രനെക്കാളുമൊക്കെ ഏറെ അകലെ.

കൂട്ടിയോജിപ്പിച്ച 18 കണ്ണാടി

നല്ലൊരു പ്രതിഫലനക്കണ്ണാടിയാണ് മികച്ച ടെലിസ്കോപ്പിന്റെ ലക്ഷണം. ഹബിൾ ടെലിസ്കോപ്പിൽ ഉപയോഗിച്ചത് 2.4 മീറ്റർ വ്യാസമുള്ള ഒറ്റക്കണ്ണാടിയാണ്. ജയിംസ്‌ വെബിൽ  6.5 മീറ്ററാണ് കണ്ണാടിയുടെ വലുപ്പം. എന്നാൽ, ഹബിളെപ്പോലെ ഒറ്റക്കണ്ണാടിയല്ല. ഹെക്സഗണൽ ആകൃതിയിലുള്ള 18 കണ്ണാടി  കൂട്ടിച്ചേർത്തതാണ്‌ ഇത്. 6.5 മീറ്റർ വലുപ്പമുള്ള ഒറ്റക്കണ്ണാടി കയറ്റാൻ കഴിയുന്ന റോക്കറ്റ് നിർമാണം ഏറെ ചെലവുള്ളതാണ്. അതിനാൽ 18 കണ്ണാടികളായി കൊണ്ടുപോയി ബഹിരാകാശത്തുവച്ച് കൂട്ടിച്ചേർക്കുകയായിരുന്നു. ഈ കണ്ണാടിയിൽ അടുത്തിടെ ഉൽക്കാ കഷ്‌ണം പതിച്ചത്‌ ആശങ്ക പരത്തിയിരുന്നു.

തണുപ്പ്‌ ഇഷ്‌ടം

ഇൻഫ്രാറെഡ് തരംഗമെന്നത്‌ ചൂടുതരംഗമാണ്. പ്രപഞ്ചവസ്തുക്കളുടെ ഇൻഫ്രാറെഡ് ചിത്രമെടുക്കാൻ അവയിൽനിന്നുള്ള പ്രകാശം മാത്രമേ ടെലിസ്കോപ്പിൽ എത്താവൂ. ടെലിസ്കോപ്പിലെ ഏതെങ്കിലും ഭാഗം ചൂടായാൽ അതിൽനിന്നുള്ള ഇൻഫ്രാറെഡും ടെലിസ്കോപ്പിൽ കടന്നുകൂടും. ചിത്രം വല്ലാതെ മാറിപ്പോകുകയും ചെയ്യും. ടെലിസ്കോപ് അതിനാൽ പൂർണമായും തണുത്തിരിക്കണം. വളരെ അകലെയുള്ള വസ്തുക്കളാണ് ഗാലക്സികളും മറ്റും. അവയിൽനിന്നുള്ള ഇൻഫ്രാറെഡ് പ്രകാശം വളരെ നേർത്തതാകും. മണിക്കൂറുകളോ ദിവസങ്ങളോ തുടർച്ചയായി ശേഖരിച്ചാലേ നല്ല ചിത്രം കിട്ടൂ. പക്ഷേ, അങ്ങോട്ട്‌ നോക്കുന്നതിനിടയിൽ സൂര്യനും ചന്ദ്രനുമടക്കമുള്ള  പല പ്രകാശസ്രോതസ്സുകളും കണ്ടേക്കാം. അതിനാൽ അവയിൽനിന്നുള്ള പ്രകാശത്തെ ഒഴിവാക്കാൻ  വലിയ ലൈറ്റ് ഷീൽഡുകളാണ് ടെലിസ്കോപ്പിൽ ഉള്ളത്. ടെലിസ്കോപ്പിനെ മൊത്തം തണുപ്പിക്കാൻ ദ്രവീകൃത നെട്രജൻപോലെ ഒന്നും ഉപയോഗിക്കുന്നില്ല. പകരം  ഹീറ്റ് ഷീൽഡുതന്നെ പ്രയോജനപ്പെടുത്തും. കാരണം ബഹിരാകാശത്ത് സൂര്യപ്രകാശത്തെ തടഞ്ഞാൽത്തന്നെ കൊടിയ തണുപ്പാകും. ഹീറ്റ്ഷീൽഡിനു മുന്നിൽ 85 ഡിഗ്രി സെൽഷ്യസ് ആയിരിക്കുമ്പോൾ ഷീൽഡിനു പിറകിലെ താപനില മൈനസ്‌ -233 ഡിഗ്രി സെൽഷ്യസാണ്‌. കൊടിയ തണുപ്പ്‌ എന്നർഥം.

സ്‌റ്റെഫാൻസ്‌ ക്വന്ററ്റ്‌

സ്‌റ്റെഫാൻസ്‌ ക്വന്ററ്റ്‌

എന്തുകൊണ്ട്‌ ഇൻഫ്രാറെഡ്

പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളും ഏതെങ്കിലും തരത്തിലുള്ള വികിരണം പുറപ്പെടുവിക്കുന്നുണ്ട്. നക്ഷത്രങ്ങളും മറ്റും പ്രത്യേകിച്ചും. റേഡിയോ തരംഗങ്ങൾ, മൈക്രോവേവ്, ഇൻഫ്രാറെഡ്, ദൃശ്യപ്രകാശം, അൾട്രാവൈലറ്റ്, എക്സ്-റേ, ഗാമ റേ എന്നിങ്ങനെ എല്ലാത്തരത്തിലുള്ള പ്രകാശവും ഒരു നക്ഷത്രത്തിൽനിന്നു പ്രതീക്ഷിക്കാം. സാധാരണ ഇതിൽ ഏറ്റവും കൂടുതലുള്ളത് ദൃശ്യപ്രകാശവും ഇൻഫ്രാറെഡുമാണ്. വളരെ അകലെയുള്ള ഒരു നക്ഷത്രത്തിൽനിന്നുള്ള പ്രകാശം നമുക്കരികിലേക്ക് എത്തണമെങ്കിൽ അനേകായിരം പ്രകാശവർഷം സഞ്ചരിക്കണം. അതിനിടയിൽ പലതരത്തിലുള്ള വാതകങ്ങളും പൊടിപടലങ്ങളും ഉണ്ടാകും. ഇതെല്ലാം ദൃശ്യപ്രകാശത്തിനും അൾട്രാ വൈലറ്റിനുമെല്ലാം തടസ്സമാണ്. എന്നാൽ, ഇൻഫ്രാറെഡ് പ്രകാശത്തിന് ഇവയെയെല്ലാം മറികടക്കാനാകും. അതിനാൽ ദൂരക്കാഴ്ചകളിലേക്ക്‌ നോക്കാൻ ഇൻഫ്രാറെഡിനേ കഴിയൂ. ദൃശ്യപ്രകാശം പകർത്തുന്ന ഒരു ക്യാമറ കാണാത്ത അനേകം കാഴ്ചകൾ  ഒരു ഇൻഫ്രാറെഡ് ക്യാമറയ്ക്ക്‌ കാണാനാകും. ഇതിനാലാണ് ജെയിസ് വെബ് ടെലിസ്കോപ്പിൽ ഇൻഫ്രാറെഡ് ഉപയോഗിക്കുന്നത്.

ലോകം കീഴടക്കിയ 5 ചിത്രം

ആദ്യം അഞ്ചു ചിത്രമാണ് ജയിംസ്‌  ടെലിസ്കോപ് പകർത്തിയത്. അവ ലോകത്തെ അത്ഭുതപ്പെടുത്തി. വ്യക്തതയും ആഴത്തിലുമുള്ള പ്രപഞ്ച ചിത്രങ്ങൾ. തുടർന്ന്‌ വ്യാഴത്തിന്റെയും ഉപഗ്രഹമായ യൂറോപ്യയുടെയും ചിത്രങ്ങളും പുറത്തുവന്നു. SMACS0723 എന്നു പേരിട്ട ഡീഫ് ഫീൽഡ് ചിത്രമെടുക്കാൻ 12 മണിക്കൂർ എടുത്തു. ഒന്നല്ല, ആയിരക്കണക്കിനു ഗാലക്സികളുടെ ഒരു പാരാവാരംതന്നെയായിരുന്നു ആ ചിത്രം. അതിലെ ഓരോ ഗാലക്സിയിലും പതിനായിരക്കണക്കിനു കോടി നക്ഷത്രങ്ങളുണ്ടെന്നും അവയിൽ മിക്കതിനു ചുറ്റും ഗ്രഹങ്ങളുണ്ടെന്നുംകൂടി ഓർക്കണം. ഏതാണ്ട് 460 കോടി വർഷം മുമ്പുള്ള  ഗാലക്സികളുടെ ഒരുകൂട്ടം. 1000 പ്രകാശവർഷം അകലെയുള്ള ചില ഗാലക്സികളും ഈ ചിത്രത്തിൽ ഉൾപ്പെട്ടിട്ടുണ്ട്‌.
സൗരേതര ഗ്രഹങ്ങളെക്കുറിച്ചു പഠിക്കുകയെന്നത്‌ ജയിംസിന്റെ  ലക്ഷ്യമാണ്‌. WASP-96 b എന്ന വ്യാഴസമാന ഗ്രഹത്തിലേക്കാണ് വെബ് ടെലിസ്കോപ് മിഴിതിരിച്ചത്. അവിടെ ജലസാന്നിധ്യവും കണ്ടെത്തി. വരുംനാളിൽ  ജീവൻ സാധ്യതാ ഗ്രഹങ്ങളെ കൂടുതൽ മികവോടെ തിരിച്ചറിയാനാകുമെന്നത് വലിയ പ്രതീക്ഷ നൽകുന്നു.

സതേൺ റിങ് നെബുല

സതേൺ റിങ് നെബുല

2500 പ്രകാശവർഷം അകലെയുള്ള  വാതകപടലമായ സതേൺ റിങ് നെബുലയുടെ വ്യക്തമായ ചിത്രം ഒപ്പിയെടുത്തത്‌ ടെലിസ്‌കോപ്പിന്റെ സാങ്കേതിക മികവ്‌ തെളിയിച്ചു.  സൂപ്പർനോവയായി മാറിയ നക്ഷത്രത്തിന്റെ അവശിഷ്ടം മധ്യത്തിൽ കാണാം. അതിൽനിന്നു ചിതറിത്തെറിച്ച വാതകങ്ങളും പൊടിയും ചേർന്നാണ് നെബുലയെ സൃഷ്ടിച്ചത്. പല പല അടരുകളിലായി വാതകങ്ങൾ കൂടി നിൽക്കുന്ന മനോഹരക്കാഴ്‌ചയും!
പരസ്പരം ‘സംവദിക്കുന്ന’ ഗാലക്സികളുടെ കാഴ്‌ച പ്രപഞ്ചത്തിൽ അപൂർവമല്ല. സ്‌റ്റെഫാൻസ്‌ ക്വന്ററ്റ്‌ (Stephan's Quintet) എന്നു പേരിട്ടുവിളിക്കുന്ന ഇത്തരമൊരു ഇടവും പകർത്തി.  ആയിരത്തോളം ചിത്രം സംയോജിപ്പിച്ചാണ് ഈ വലിയ ചിത്രം തയ്യാറാക്കിയത്.

നമ്മുടെ ആകാശഗംഗയിൽത്തന്നെയുള്ള  ഭീമാകാര നെബുലയാണ് കരീന നെബുല. നക്ഷത്രങ്ങളുടെ നഴ്സറി എന്നൊക്കെ വിളിക്കാവുന്ന ഇടമാണിത്. ഭൂമിയിൽനിന്ന് 8500 പ്രകാശവർഷം അകലെ 50 പ്രകാശവർഷം വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്നു. അതിന്റെ വളരെ ചെറിയ ഭാഗമാണ് വെബ് ടെലിസ്കോപ് തന്റെ ഇൻഫ്രാറെഡ് മികവിൽ പകർത്തിയത്. ഹബിൾ പകർത്തിയ ചിത്രത്തിൽ ഇല്ലാത്ത അനേകം സൂക്ഷ്മാംശങ്ങളെ വെബിന്റെ ചിത്രത്തിൽ കാണാം. നെബുലകളുടെ വാതക പാളികൾക്കുള്ളിൽ ഒളിഞ്ഞിരിക്കുന്ന നക്ഷത്രങ്ങളെയും നക്ഷത്രരൂപീകരണം നടക്കുന്ന ഇടങ്ങളെയും കാണാൻ ഇൻഫ്രാറെഡ് ടെലിസ്കോപ്പുകൾക്കേ കഴിയൂ. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top