26 September Monday

കാലം കണക്കു തീർത്ത പരിഭവങ്ങൾ

വെബ് ഡെസ്‌ക്‌Updated: Sunday Jul 17, 2022

ജെ സി ഡാനിയേല്‍ പുരസ്‌കാര ജേതാവ് കെ പി കുമാരന്‍ ഭാര്യ ശാന്തമ്മ പിള്ളയ്‌ക്കൊപ്പം

മലയാള സിനിമയുടെ ചരിത്രത്തിൽ വ്യത്യസ്‌ത അനുഭവമായ 'അതിഥി'യുടെ സംവിധായകനായ കെ പി കുമാരൻ, 1965 ൽ തുടങ്ങിയ കേരളത്തിലെ ആദ്യത്തെ ഫിലിം സൊസൈറ്റിയായ ചിത്രലേഖയുടെ പ്രധാന പ്രവർത്തകരിൽ ഒരാളായിരുന്നു. ഈ ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിലുള്ള ചിത്രലേഖാ ഫിലിം കോഓപ്പറേറ്റിവ് സൊസൈറ്റിയാണ്, 1972 ൽ , അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്‌ത, 'സ്വയംവരം' നിർമ്മിച്ചത്. ആറു ദേശീയ അവാർഡുകൾ നേടിയ ഈ ചിത്രത്തിന്റെ തിരക്കഥയെഴുതിയത് രണ്ടു പേര് ചേർന്നാണ്. ഇതിൽ രണ്ടാമത്തെ പേര് കുമാരൻ എന്നാണ്.

'അതിഥി'ക്കും മുമ്പ്, ഒരു ചെറു ചിത്രം സംവിധാനം ചെയ്‌തിട്ടുണ്ട്. നൂറു സെക്കന്റ് മാത്രം ദൈർഘ്യമുള്ള 'റോക്ക്' എന്ന ഈ ചിത്രം, ഏഷ്യ 72 ഫിലിം ഫെസ്റ്റിവലിൽ സ്വർണ്ണ മെഡൽ നേടി. സുകുമാരനും റാണി ചന്ദ്രയും അഭിനയിച്ച കറുപ്പും വെളുപ്പും കാലഘട്ടത്തിൽ തന്നെ എടുത്ത 'ലക്ഷ്മി വിജയം' പോലെ , മമ്മൂട്ടി, മോഹൻ ലാൽ, കെപിഎസി ലളിത തുടങ്ങിയവർ അഭിനയിച്ച 'നേരം പുലരുമ്പോൾ '(1986) 'തേൻ തുള്ളി' (1979)യും മോഹൻ ലാലും നിത്യ മേനോനും അഭിനയിച്ച 'ആകാശഗോപുരം'( 2008 ) വും അടക്കം, ഒമ്പതു മുഴുമുഴുനീള കഥാചിത്രങ്ങൾ സംവിധാനം ചെയ്ത കുമാരന്റെ മികച്ച ചിത്രങ്ങളിൽ കുമാരനാശാന്റെ ജീവിതത്തെ ആധാരമാക്കി എടുത്ത 'ഗ്രാമവൃക്ഷത്തിലെ കുയിൽ' പ്രത്യേക ശ്രദ്ധ അർഹിക്കുന്നുണ്ട്.

ഈ പ്രായത്തിലും, എന്നാൽ, അദ്ദേഹം തന്റെ സ്വപ്‌നങ്ങൾ പിന്തുടരുക തന്നെ ചെയ്യുന്നു എന്നത്, മലയാള സിനിമയെ സമ്പന്നമാക്കുന്നു. ഈയിടെ പുറത്തു വന്ന കെ പി കുമാരന്റെ ഗ്രാമവൃക്ഷത്തിലെ കുയിൽ എന്നെ മഥിപ്പിച്ച സിനിമയാണ്‌. കുമാരനാശാന്റെ കവിതയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ്‌ കെ പി കുമാരൻ അദ്ദേഹത്തിന്റെ എൺപത്തിനാലാം വയസ്സിൽ ഗ്രാമവൃക്ഷത്തിലെ കുയിൽ എന്ന സിനിമയുമായി മലയാളികളുടെ മുന്നിൽ എത്തിയത്‌. ആ ഘട്ടത്തിൽ കെ പി കുമാരനുമായി ദീർഘമായി സംസാരിച്ചിരുന്നു. ആ സംഭാഷണത്തിൽ ചില കാര്യങ്ങൾ ഞാൻ ഓർക്കുകയാണ്‌.

ഇത്രയും സന്തോഷകരമായ ഒരു കാലം തന്റെ സിനിമാ ജീവിതത്തിൽ ഉണ്ടായിട്ടില്ല എന്നാണ്‌ അദ്ദേഹം പറഞ്ഞത്‌.  ‘‘വിമർശകരോട്  വിരോധം  ഇല്ല. വിമർശനം സ്വാഭാവികമാവണം. മുൻധാരണയോടുകൂടിയുള്ള വിമർശനം ഇത്തിരി വേദനാജനകമാണ്. ഒരു സിനിമയെ ആസ്വദിക്കുകയോ വിമർശിക്കുകയോ ചെയ്യുന്നത് സിനിമയ്ക്ക് അകത്തു നിന്നുകൊണ്ടാവണം. ആ സിനിമ. ഇഷ്ട്ടപ്പെടാം, ഇഷ്ടപ്പെടാതിരിക്കാം. ഒരു സിനിമയിൽ നിന്നോ ഒരു ചലച്ചിത്രകാരനിൽ നിന്നോ പൂർണ്ണമായ സൃഷ്ടികൾ ഉണ്ടാകുമെന്നു പ്രതീക്ഷിയ്ക്കുന്നത് തെറ്റാണ്. മനുഷ്യൻ സമ്പൂർണ്ണനല്ല; അതുപോലെ ഒരു സൃഷ്ടിയും സമ്പൂർണ്ണമല്ല.

സൃഷ്ടിയും നമ്മളും തമ്മിൽ ഒരു അകലം ഉണ്ട് -ആ അകലം അടുക്കാൻ രണ്ടുപേരും പരസ്പരം നീങ്ങിയാലേ പറ്റുള്ളൂ. താനിരിക്കുന്ന സ്ഥലത്തേ നിൽക്കുള്ളു, സൃഷ്ടി എന്റെ അടുത്ത് വന്ന് എന്നെ സന്തോഷിപ്പിക്കണം, എന്ന് വിചാരിച്ചാൽ, അതൊരു കടുത്ത കയ്യാണ്. അമ്പതിലധികം വർഷങ്ങളായിട്ട് ഒരു ജീവന്മരണ പോരാട്ടം നടത്തുന്ന ഒരാളാണ്. മലയാള സിനിമയും സിനിമാനിരൂപകന്മാരും അവാർഡ് കമ്മിറ്റികളും അധികാര സ്ഥാനങ്ങളും പലപ്പോഴും മാധ്യമപ്രവർത്തകരും എന്റെ അടുത്ത് ഫെയർ ആയിരുന്നില്ല. ആരും വേണ്ടത് പോലെ എന്റെ സിനിമയെ കണ്ടെത്താൻ ശ്രമിച്ചിട്ടില്ല.’’ ഇപ്പോൾ സംസ്ഥാന സർക്കാരിന്റെ സിനിമക്കുള്ള പരമോന്നത ബഹുമതി കെ പി കുമാരനെ തേടിവന്നതോടെ കാലം ഈ പരിഭവങ്ങൾക്കുള്ള കണക്കു തീർത്തിരിക്കുകയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top