28 March Thursday

ക്വാറന്റൈനിലാണോ; നോക്കാൻ ‘ഇച്ചാക്കു’വുണ്ട്‌

മുഹമ്മദ്‌ ഹാഷിംUpdated: Friday Jul 31, 2020

കാസർകോട്‌ > മുംബൈയിൽനിന്ന്‌ പെരുന്നാളിന്‌ നാട്ടിലെത്തിയതാണ്‌‌ കുമ്പള സ്വദേശിയായ യുവാവ്‌. വീടിന്റെ അടുത്തുള്ള‌ പഞ്ചായത്ത്‌ നിരീക്ഷണകേന്ദ്രത്തിലാണ്‌ ഉപ്പയെന്ന്‌‌ അറിഞ്ഞതോടെ എട്ട്‌ വയസ്സുകാരി മകൾക്ക്‌‌ കാണാനുള്ള ആഗ്രഹം അടക്കാനായില്ല. ഉപ്പയെ കണ്ട്‌  പെരുന്നാളിന്‌ കൊണ്ടുവന്ന ഉടുപ്പ്‌ കൈയോടെ വാങ്ങണം. എന്നാൽ,  അകലെനിന്നേ അവർ  ഉപ്പയെ കാണാൻ അനുവദിച്ചുള്ളൂ.

കൊണ്ടുവന്ന ഉടുപ്പ്‌ വാങ്ങാൻ സമ്മതിച്ചതുമില്ല. ആകെ സങ്കടം, ആദ്യം ഉപ്പയും പിന്നാലെ അവളും പൊട്ടിക്കരഞ്ഞു. ഇതിനിടയിലാണ്‌ സന്നദ്ധസേവകൻ ഇർഷാദ്‌ ചാക്കോ (ഇച്ചാക്കു) അവിടെയെത്തുന്നത്‌. സങ്കടത്തോടെ തിരിച്ചുപോയ കുട്ടിക്ക്‌ ഇച്ചാക്കുവും കൂട്ടുകാരും പിന്നാലെയെത്തി ഉടുപ്പ്‌ വാങ്ങി നൽകി. പെരുന്നാൾ കുപ്പായം കൈയിൽ വാങ്ങിയപ്പോഴും ഉപ്പ എന്ന്‌ വീട്ടിൽ വരും എന്നേ അവൾക്ക്‌ ചോദിക്കാൻ തോന്നിയുള്ളൂ. ഇച്ചാക്കുവിന്റെ കോവിഡ്‌ അനുഭവങ്ങളിൽ ഇത്‌ ഒന്നുമാത്രം.

കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ അഞ്ചുമാസമായി കുമ്പളയിൽ ഇർഷാദ്‌ ചാക്കോയുണ്ട്‌. ക്വാറന്റൈൻ കേന്ദ്രങ്ങളിലുള്ളവരെ പരിചരിച്ചും പൊതുയിടങ്ങൾ അണുമുക്തമാക്കിയും ആരോഗ്യവകുപ്പിനും പൊലീസിനും പഞ്ചായത്തിനും കൂട്ടായി. കലക്ടർ ക്വാറന്റൈൻ കേന്ദ്രം തേടുമ്പോൾ കുമ്പള ദേവിനഗറിലെ പഴയ ആശുപത്രികെട്ടിടം ശ്രദ്ധയിൽപ്പെടുത്തിയത്‌ ഇയാളാണ്‌‌‌. സിനാനും ഉനൈസും ഇച്ചാക്കുവിന്‌ ഇടംവലം ‌ ഒപ്പമുണ്ട്‌. കുമ്പള  സ്‌റ്റേഷനിലെ പൊലീസുകാർ രോഗബാധിതരായപ്പോൾ സ്‌റ്റേഷൻ അണുമുക്തമാക്കാനെത്തിയതും  ഇവർതന്നെ.14 ദിവസത്തെ ക്വാറന്റൈനുശേഷം വീട്ടിലേക്ക്‌ പോകുന്നവർക്ക്‌ കൂട്ട്‌ പോകുകയാണ്‌ പ്രധാന ജോലി. വീട്ടിലെത്തിയാൽ സിറ്റൗട്ടിലാണ്‌ കിടപ്പ്‌. എട്ടുതവണ കോവിഡ്‌ പരിശോധന നടത്തി. എല്ലാം നെഗറ്റീവ്‌. സിപിഐ എം കുമ്പള ടൗൺ ബ്രാഞ്ച്‌ സെക്രട്ടറികൂടിയാണ്‌‌ ഇർഷാദ്‌. ചാക്കോയെന്നു പറഞ്ഞാലേ നാട്ടുകാര്‌ അറിയൂ. കൂട്ടുകാർ സ്‌നേഹത്തോടെ വിളിച്ച ‘ഇച്ചാക്കു’വാണ്‌ പിന്നീട്‌ ചാക്കോ എന്നായത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top