29 November Tuesday

മലയാളത്തിന്റെ സംഘ സംഗീത പ്രസ്ഥാനത്തിന് 34 വയസ്സ്

ഗോപീകൃഷ്ണൻ ജി എസ് gopikrishnanamrita@gmail.comUpdated: Sunday Sep 25, 2022

ചരിത്രം

സ്വാതന്ത്ര്യസമരകാലത്ത് കലാകാരന്മാരുടെ കൂട്ടായ്മയായ ഇപ്റ്റയിലൂടെയാണ് (ഇന്ത്യൻ പീപ്പിൾസ്‌ തിയറ്റർ അസോസിയേഷൻ) എം ബി ശ്രീനിവാസൻ എന്ന സംഗീത പരീക്ഷകൻ ലയസ്വര സഞ്ചാരത്തിന്റെ സാധ്യതകളിലേക്ക് പ്രവേശിക്കുന്നത്. ഗായകരും നർത്തകരും നാടക പ്രവർത്തകരുമൊക്കെ അവരവരുടെ കലാരൂപങ്ങളിലൂടെയാണ് സ്വാതന്ത്ര്യസമരത്തിൽ പങ്കാളികളായത്. സ്വാതന്ത്ര്യസമരകാലഘട്ടം കഴിഞ്ഞതോടെ വിദ്യാഭ്യാസമേഖലയുമായി ബന്ധപ്പെട്ടായിരുന്നു എം ബി എസിൻെറ പ്രവർത്തനം. സ്കൂൾ വിദ്യാർഥികളെയും കോളേജ് വിദ്യാർഥികളെയും അദ്ദേഹം സംഘസംഗീതത്തിന്റെ വഴിയിലേക്ക് കൊണ്ടുവന്നു. അതിന്റെ തുടർച്ചയായാണ് 1970 ആഗസ്തിൽ കോളേജ് വിദ്യാർഥികളെ സംഘടിപ്പിച്ച് രൂപംകൊടുത്ത മദ്രാസ് യൂത്ത് ക്വയർ. രാജ്യത്തെല്ലായിടത്തും മദ്രാസ് യൂത്ത് ക്വയർ ദേശീയോദ്ഗ്രഥന ഗാനങ്ങൾ ആലപിച്ചു. എം ബി എസിന്റെ വ്യത്യസ്തമായ സംഗീത ശൈലി ഏറെ പ്രശംസിക്കപ്പെട്ടു. അക്കാലത്തുതന്നെ ആകാശിവാണിക്കായി എം ബി എസിന്റെ നേതൃത്വത്തിൽ ഗായകസംഘങ്ങൾ രൂപീകരിച്ചു.

വിദ്യാർഥികളെ സ്കൂളുകളിലേക്ക് ആകർഷിക്കാൻ പാഠപുസ്തകങ്ങളിലെ തദ്ദേശ കവിതകൾ സംഗീതം ചെയ്ത് അവതരിപ്പിക്കണമെന്ന പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ നിർദേശമനുസരിച്ച് നാല് ദക്ഷിണേന്ത്യൻ ഭാഷകളിലെ കവിതകൾക്ക് എം ബി എസ് സംഗീതം നൽകി. ‘ഓടി വിളയാട് പാപ്പ’ (തമിഴ്), ‘ജന്മകാരിണി ഭാരതം’ (മലയാളം), ‘ചെലുവിന മുദ്ദിന മക്കളേ’ (കന്നട), ‘പില്ലല്ലാര പാപ്പല്ലാര’ (തെലുങ്ക്) എന്നീ ഗാനങ്ങൾ ഇന്ത്യ മുഴുവൻ എം ബി എസ് പഠിപ്പിച്ചു. എം ജി ആർ മുഖ്യമന്ത്രിയായിരുന്നപ്പോൾ തമിഴ്നാട്ടിലെ കുട്ടികളെ സ്കൂളുകളിലെത്തിക്കാൻ പോഷകസമൃദ്ധമായ ഉച്ചഭക്ഷണം തയ്യാറാക്കിയിട്ടുണ്ടെന്ന് അറിയിക്കുന്ന ‘തമിഴ്നാട്ടിൻ കുളന്തെെകൾക്ക് സത്തുണവ് തിട്ടം’ എന്ന ഗാനത്തിന്റെ സ്രഷ്ടാവും എം ബി എസായിരുന്നു.

എം ബി എസ് യൂത്ത് ക്വയറിന്റെ പിറവി

1982ൽ ഇന്ത്യയിൽ നടന്ന ഏഷ്യൻ ഗെയിംസിന്റെ (ഏഷ്യാഡ്) ഉദ്‌ഘാടന ചടങ്ങിന്റെ സ്വാഗതഗാനം എം ബി ശ്രീനിവാസന്റെതായിരുന്നു. 1986–87 ൽ കേരള സർവകലാശാലയ്ക്കായി സംഗീതസംഘം രൂപീകരിക്കാനുള്ള ക്ഷണം ലഭിച്ചു. ഇപ്പോഴത്തെ സംഗീത സംവിധായകരായ എം ജയചന്ദ്രൻ, മാത്യു ടി ഇട്ടി, അന്തരിച്ച ഗായിക രാധികാ തിലക്, സുരേഷ് ഗോപിയുടെ ഭാര്യ രാധിക,  പിന്നണി ഗാനരംഗത്ത് ശ്രദ്ധേയനായ അനിൽ റാം, ഗാനരചയിതാവ് ബി ടി അനിൽകുമാർ തുടങ്ങിയവരൊക്കെ അന്ന് കേരള യൂണിവേഴ്സിറ്റി ക്വയറിൽ അംഗങ്ങളായിരുന്നു. 1987ൽ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ക്വയറും എം ബി എസ് രൂപീകരിച്ചു. കേരള–മഹാത്മാഗാന്ധി സർവകലാശാലകളിലെ വിദ്യാർഥികളെ ഏകോപിപ്പിച്ച് രൂപംകൊടുത്ത ഗായകസംഘത്തെയായിരുന്നു 1987ൽ കേരളത്തിൽ നടന്ന ആദ്യ ദേശീയ ഗെയിംസിന്റെ സ്വാഗതഗാനമാലപിക്കാൻ  അണിനിരത്തിയത്. ഇതേ ഗായകസംഘം  മറ്റ് ചില പരിപാടികളും  അവതരിപ്പിച്ചു. ഇതിനിടെയാണ് 1988ൽ എൻസിആർടിയുടെ പരിശീലന പരിപാടിയ്ക്കിടെ ലക്ഷദ്വീപിൽവച്ച് ഹൃദയാഘാതത്തിൽ എം ബി എസ് മരിക്കുന്നത്. കേരള സർവകലാശാല സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ ശർമാജിയാണ് കേരളത്തിൽ എം ബി എസ് യൂത്ത്ക്വയർ ആരംഭിക്കണമെന്ന നിർദേശം ആദ്യം മുന്നോട്ടുവച്ചത്. ഒ എൻ വി കുറുപ്പിനെപ്പോലെ, അന്ന് സാംസ്കാരികരംഗത്ത് സജീവമായിരുന്നവരുടെ പിന്തുണയോടെ, ക്വയർ രൂപീകരണവുമായി ശർമാജി സജീവമായി.

1988 ആഗസ്ത് 7 ന് കേരള സർവകലാശാലാ സെനറ്റ് ഹാളിൽ എം ടി വാസുസേവൻ നായരുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ എം ബി എസിന്റെ പത്നി സഹീദ ശ്രീനിവാസൻ എം ബി എസ് യൂത്ത് ക്വയറിന് തുടക്കമിട്ടു. ദേശീയോദ്ഗ്രഥനം, മതമെെത്രി, ലോകസമാധാനം, പരിസ്ഥിതി സംരക്ഷണം എന്നിവയെ സംഗീതത്തിലൂടെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ് എം ബി എസ് യൂത്ത് ക്വയറിന്റെത്.  ഇന്ത്യയിലെ ഏതാണ്ട് എല്ലാ ഭാഷകളിലെയും ഗാനങ്ങൾ ആലപിക്കുന്ന ഒരേയൊരു ഗായകസംഘമാണിത്‌. എല്ലാവർഷവും മദ്രാസ് യൂത്ത് ക്വയറിലെ അധ്യാപകർ തിരുവനന്തപുരത്തെ പരിശീലന കേന്ദ്രമായ ലെനിൻ ബാലവാടിയിലെത്തി, ഗായസംഘത്തെ പുതിയ പാട്ടുകൾ പഠിപ്പിക്കും. വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് സ്കൂൾ കുട്ടികളെ ദേശഭക്തിഗാനങ്ങൾ പഠിപ്പിച്ചത് എം ബി എസ് യൂത്ത്ക്വയർ ഏറ്റെടുത്ത ശ്രദ്ധേയമായ പരിപാടിയായിരുന്നു. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിലും റിപ്പബ്ലിക് ദിനാഘോഷത്തിനും പതിവായി വിദ്യാർഥികൾ ആലപിച്ച ഗാനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക സഹായത്തോടെ മറ്റൊരു രീതിയിൽ സ്കൂൾ കുട്ടികൾക്കുള്ള പരിശീലന പരിപാടി ഇപ്പോഴും തുടരുന്നു. എല്ലാ ശനിയാഴ്ചകളിലുമാണ് എം ബി എസ് യൂത്ത്ക്വയറിന്റെ പതിവ് പരിശീലനം. ശാസ്ത്രീയമായി സംഗീതമഭ്യസിക്കാത്തവർക്കും ക്വയറിൽ അംഗങ്ങളാകാം. ഓട്ടോറിക്ഷാ ഡ്രൈവർ മുതൽ ഡോക്ടർമാർവരെയുള്ളവർ  ക്വയറിലെ ഗായകരാണ്. സംഘസംഗീതത്തിനായി മാത്രം നിലകൊള്ളുന്ന ഒരു പ്രസ്ഥാനം 34 വർഷം പിന്നിടുക എന്നത് ഒരു ചെറിയ കാര്യമല്ല. സംഘഗീതം സൃഷ്ടിക്കുന്ന ശക്തിയും സൗന്ദര്യവും തിരിച്ചറിയുന്നവരാണ് ഈ കൂട്ടായ്മയുടെ നിലനിൽപ്പിനാധാരം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top