23 April Tuesday

പൊടുന്നനെ പൊട്ടുമുളച്ചതല്ല ഡൽഹി കർഷകസമരം... പി കൃഷ്‌ണപ്രസാദുമായി അഭിമുഖം

ടി എസ്‌ അഖിൽUpdated: Saturday Jan 1, 2022

മോഡി സർക്കാറിന്റെ കോർപ്പറേറ്റ്‌ നയങ്ങൾക്കെതിരെ രാജ്യത്തെ കർഷകർ സാഹസികമായി നടത്തിയ ഒരുവർഷം നീളുന്ന സമരത്തിനൊടുവിൽ കിരാത കാർഷിക ബില്ലുകൾ പിൻവലിക്കുകയും മാപ്പ്‌ പറയിപ്പിക്കുകയും ചെയ്‌ത വർഗസമരവിജയം. അതിന്‌ നേതൃത്വം നൽകിയ അഖിലേന്ത്യ കിസാൻ സഭ ഫിനാൻസ്‌ സെക്രട്ടറി പി കൃഷ്‌ണപ്രസാദുമായി  അഭിമുഖം. തയ്യാറാക്കിയത്‌ പാലക്കാട്‌ ബ്യൂറോയിലെ റിപ്പോർട്ടർ ടി എസ്‌ അഖിൽ.

കിസാൻ സഭ ഫിനാൻസ് സെക്രട്ടറി  പി കൃഷ്ണപ്രസാദിനെ പൊലീസ് കഴുത്തിന് കുത്തിപ്പിടിച്ച് മർദിക്കുന്നു / ഫോട്ടോ: കെ എം വാസുദേവൻ

കിസാൻ സഭ ഫിനാൻസ് സെക്രട്ടറി പി കൃഷ്ണപ്രസാദിനെ പൊലീസ് കഴുത്തിന് കുത്തിപ്പിടിച്ച് മർദിക്കുന്നു / ഫോട്ടോ: കെ എം വാസുദേവൻ



ദേശീയ സമരത്തിനുശേഷം രാജ്യംകണ്ട ഏറ്റവും വലിയ പ്രക്ഷോഭം 500ലധികം സംഘടനകളെ കൂട്ടിയണക്കി സുഘടിതമായി മുന്നേറിയതെങ്ങനെ?

എന്തെങ്കിലുമൊരു സാമ്പത്തിക ലക്ഷ്യങ്ങളോടെ ആരംഭിച്ച സമരമായിരുന്നില്ല കർഷക പ്രക്ഷോഭം. കാർഷികമേഖലയെ തകർക്കുന്ന സർക്കാർ നയത്തിനെതിരെ ആയിരുന്നു സമരം. തങ്ങളുടെ ഉൽപ്പന്നങ്ങളുടെ വില കർഷകരുടെയും ജോലിക്കനുസൃതമായ കൂലി കർഷകത്തൊഴിലാളികളുടെയും പരിഗണനാ വിഷയങ്ങളാണ്‌.ചെറുകിട കൃഷി ഇല്ലാതാക്കി കൃഷിയുടെ ഉൽപ്പാദന, സംഭരണ, വിതരണ മേഖലകളിൽ കുത്തകവൽക്കരണം എന്നതായിരുന്നു മൂന്നു നിയമങ്ങളുടെയും ലക്ഷ്യം.

കേന്ദ്ര സർക്കാരിനെക്കൊണ്ട്‌ ഈ തെറ്റായ നയം തിരുത്തിപ്പിച്ചു എന്നതാണ്‌ കർഷക സമരത്തിന്റെ പ്രാധാന്യം. ഇവിടെ കർഷകർ ഒറ്റയ്ക്കായിരുന്നില്ല. തൊഴിലാളികളുടെ പിന്തുണ സമരത്തെദേശീയ പ്രക്ഷോഭമാക്കി. 540ഓളം സംഘടനകൾ കിസാൻ സംയുക്ത മോർച്ചയിൽ അണിനിരന്നു. ഉദാരവൽക്കരണ നയങ്ങൾക്കെതിരെ നിലകൊള്ളുന്ന എല്ലാ വിഭാഗങ്ങളും ഈ സമരത്തിനൊപ്പം ചേർന്നു. അതായിരുന്നു സമരത്തിന്റെ വിജയം.

കർഷകസമരം ആകസ്മികമായിരുന്നില്ലല്ലോ?

ഒരു സുപ്രഭാതത്തിൽ പൊട്ടിമുളച്ച ഒന്നായിരുന്നില്ല കർഷക സമരം. വർഷങ്ങളായി കർഷകർ നേരിടുന്ന പ്രശ്നങ്ങളിൽ പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും പലയടങ്ങളിലായി ഉയർന്നുവന്നിരുന്നു. ഇതിനെയെല്ലാം കോർത്തിണക്കി ഒരു മാഹാപ്രക്ഷോഭമാക്കുന്നതിൽ കൃത്യമായ ആസൂത്രണമുണ്ട്‌. അഖിലേന്ത്യ കിസാൻ സഭ അതിൽ നേതൃപരമായ പങ്കുവഹിച്ചു.

ബിജെപി സർക്കാരിന്റെ ഭൂമിയേറ്റെടുക്കൽ ഓർഡിനൻസ്‌ കത്തിക്കൽ സമരത്തെ തുടർന്നാണ്‌ ഭൂമി അധികാരി ആന്തോളൻ രൂപീകരിക്കുന്നത്‌. തുടർന്ന്‌ കർഷകരുടെ നാല്‌ അഖിലേന്ത്യ യാത്രകളാണ്‌ കിസാൻസഭ നടത്തിയത്‌. വിളകൾക്ക്‌ താങ്ങുവില, കർഷിക കടങ്ങൾ എഴുതിത്തള്ളണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മഹാരാഷ്‌ട്ര ലോങ്മാർച്ച്‌. 2018 സെപ്തംബർ അഞ്ചിന്‌ ഡൽഹി കണ്ട ഏറ്റവും വിലിയ റാലി അരങ്ങേറി. കിസാൻ മസ്ദൂർ റാലിയിൽ അന്ന്‌ രണ്ടുലക്ഷം പേരാണ്‌ പങ്കെടുത്തത്‌.  തുടർന്നുള്ള കർഷകസമരങ്ങൾക്ക്‌ ഇത്‌ നൽകിയ ഊർജം ചെറുതല്ല. ഒടുവിൽ മഹാപ്രക്ഷോഭത്തിന്‌ മുമ്പുള്ള സമയം നിരന്തരമായ പ്രക്ഷോഭങ്ങൾ രാജ്യത്ത്‌ കർഷകരുടെ നേതൃത്വത്തിൽ നടന്നിരുന്നു.  

അടച്ചുപൂട്ടൽകാലത്തും വ്യത്യസ്തമായ സമരങ്ങൾ നടന്നല്ലോ?

ലോക്‌ഡൗൺ കാലത്ത്‌ കർഷകരുടെയും തൊഴിലാളികളുടെയും പ്രതിസന്ധി മനസിലാക്കി ജിഡിപിയുടെ 10 ശതമാനം പാക്കേജായി പ്രഖ്യാപിക്കണമെന്ന്‌ സിഐടിയുവും കിസാൻസഭയും കർഷകത്തൊഴിലാളികളും ആവശ്യപ്പെട്ടു. ഓരോ കുടുംബത്തിനും 7500 രൂപ നൽകണമെന്നതും മുന്നോട്ടുവച്ചു. ‘ഭാഷൺ നഹി റേഷൻ ചാഹിയേ’ എന്ന മുദ്രാവാക്യത്തോടെയായിരുന്നു പ്രതിഷേധങ്ങൾ. ഇതിലാണ്‌ വീട്ടുമുറ്റ, ജയിൽ നിറയ്ക്കൽ സമരം അടക്കമുള്ളവ നടത്തിയത്‌.  

കാർഷിക ബില്ലുകളോടുള്ള കർഷകരുടെ ആദ്യ പ്രതികരണം?


കാർഷിക ബില്ലുകൾക്കെതിരായി അഖിലേന്ത്യ കിഷാൻ സംഘർഷ്‌ സമുന്നയ സമിതിയും സെൻട്രൽ ട്രേഡ്‌ യൂണിയനും കുടിയാലോചിച്ച്‌ 2020 സെപ്തംബർ 26, 27 തീയതികളിൽ അഖിലേന്ത്യ പണിമുടക്കും പാർലമെന്റ്‌ റാലിയും നടത്താൻ തീരുമാനിച്ചു. എന്നാൽ പഞ്ചാബിൽ കർഷകർ 32 വ്യത്യസ്ത സമരങ്ങളെ കുട്ടിയോജിപ്പിച്ച്‌ കുത്തകകൾക്കെതിരായ സംയുക്ത സമരമായി ഇതിനെ മാറ്റിയിരുന്നു. തുടർന്ന്‌ അവർ റിലയൻസ്‌ പമ്പുകൾ, അദാനിയുടെ സൂപ്പർമാർക്കറ്റ്‌ എന്നിവ ബഹിഷ്കരിച്ചു. ഉപരോധത്തെ തുടർന്ന്‌ റെയിൽവേയ്ക്ക്‌ ആറുമാസക്കാലം പഞ്ചാബിലൂടെ സർവീസ്‌ നടത്താനായില്ല. കോർപ്പറേറ്റ്‌ വിരുദ്ധ ബഹുജന സമരമായി കർഷക പ്രതിഷേധങ്ങൾ മാറി.

ദീർഘകാലത്തെ സമരത്തിന്‌ പദ്ധതിയിട്ടിരുന്നോ?

സെപ്തംബറിലെ മാർച്ചിന്‌ എത്തിയാൽ സമരം വിജയിക്കുന്നതുവരെ തിരികെ പോകില്ലെന്ന്‌ പാഞ്ചാബിലെ കർഷകർ കിസാൻ സംഘർഷ്‌ സമിതിയെ അറിയിച്ചു. തുടർന്നാണ്‌ പദ്ധതികളിൽ മാറ്റമുണ്ടാകുന്നത്‌. ഗ്രീസിൽ ട്രാക്ടറുകളുമായി കർഷകർ നടത്തിയ സമരത്തിൽ നിന്ന്‌ പ്രചോദനം ഉൾക്കൊണ്ട്‌ പഞ്ചാബിലെ കർഷകരോടും ട്രാക്ടർ ട്രോളികളുമായി എത്താൻ ആവശ്യപ്പെട്ടു. ആറു മാസത്തേക്കാവശ്യമായ ഭക്ഷണവും വസ്ത്രവും മറ്റും കരുതണമെന്നും നിർദേശിച്ചു. സമരത്തിനായി മൂന്ന്‌ പദ്ധതികളാണ്‌ തയ്യാറാക്കിയത്‌.

റാലിക്ക്‌ സർക്കാരിനോട്‌ അനുവാദം വാങ്ങാൻ തീരുമാനിച്ചിരുന്നു. എന്നാൽ അനുമതി ലഭിക്കില്ലെന്ന്‌ കർഷകർക്ക്‌ ഉറപ്പുണ്ടായിരുന്നു. അതിനാൽ പണിമുടക്ക്‌ ദിവസം തന്നെ പാർലമെന്റ്‌ മാർച്ച്‌ നടത്തുക എന്നതായിരുന്നു ആദ്യത്തെ പദ്ധതി. രണ്ടാമതായി ഗ്രാമങ്ങളിൽ നിന്ന്‌ കർഷകരോട്‌ ഡൽഹിയുടെ ആറ്‌ അതിർത്തികളിൽ എത്താൻ ആവശ്യപ്പെട്ടു. പൊലീസ്‌ തടഞ്ഞാൽ സമാധാനത്തോടെ അതിർത്തികളിൽ ഇരിക്കാനായിരുന്നു തീരുമാനം. മൂന്നാമതായി ഗ്രാമങ്ങളിൽ വച്ച്‌ കർഷകരെ തടയുന്ന സാഹചര്യം ഉണ്ടായാൽ 10000 പേർ മുൻകൂട്ടി ഡൽഹിലെത്തി താമസിക്കാൻ തീരുമാനിച്ചു. പതിയെ അംഗബലം കൂട്ടാം എന്നായിരുന്നു തീരുമാനം.

രാജ്യ ചരിത്രത്തിൽ സമാന്തര റിപ്പബ്ലിക്‌ പരേഡ്‌ ആദ്യമായിരുന്നല്ലോ?

സർക്കാരിനൊപ്പമല്ല കർഷകർക്കൊപ്പമാണ്‌ രാജ്യമെന്ന്‌ സമാന്തര പരേഡിലൂടെ തെളിഞ്ഞു. പരേഡ്‌ പ്രഖ്യാപിച്ചതുമുതൽ രാജ്യദ്രോഹികളും തീവ്രവാദികളും ആയി മുദ്രകുത്താനുള്ള ശ്രമങ്ങളുണ്ടായി. അടിച്ചമർത്താൻ ഡൽഹി പൊലീസും കേന്ദ്ര ആഭ്യന്തരവകുപ്പും ശ്രമിച്ചു. റിപ്പബ്ലിക്‌ പരേഡ്‌ നടക്കുന്ന ഇന്ത്യഗേറ്റിനു സമീപം പോകാൻ കർഷകർക്ക്‌ താൽപ്പര്യമുണ്ടായിരുന്നില്ല. അതിനാൽ പ്രത്യേക ഇടം അനുവദിക്കണമെന്ന്‌ ഡൽഹി പൊലീസിനോട്‌ ആവശ്യപ്പെട്ടിരുന്നു. 26ന്‌ നടന്ന പരേഡിൽ ഒരുലക്ഷം ട്രാക്റുകളും മൂന്നുലക്ഷം കർഷകരും പങ്കെടുത്തു. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ജില്ലാ കേന്ദ്രങ്ങളിലും മാർച്ച്‌ നടന്നു.  

സംഘപരിവാർ അജണ്ട ചിലർ ചെങ്കൊട്ടയിലെ അതിക്രമത്തിലൂടെ നടപ്പാക്കിയോ?

മൂന്നുലക്ഷം പേരിൽ നിന്ന്‌ ബിജെപി അനുഭാവിയായ ദീപ്‌ സിന്ദുവിന്റെ നേതൃത്വത്തിലുള്ള 3000 പേരാണ്‌ ചെങ്കൊട്ടയിൽ അതിക്രമിച്ച്‌ കയറിയത്‌. ഒരുഭാഗത്ത്‌ സമാധാനപരമായി പരേഡ്‌ നടക്കുന്നതിനിടയിലാണ്‌ മറുഭാഗത്ത്‌  സമരത്തെ തകർക്കാനുള്ള സംഭവം. പിന്നീട്‌ സന്ദു മോദിക്കൊപ്പം നിൽക്കുന്ന ചിത്രം പുറത്തുവന്നതോടെ ഗൂഢാലോചന വ്യക്തമായി. പക്ഷെ കേരളത്തിലെ മാധ്യമങ്ങളിലടക്കം  കർഷകർക്കെതിരായ വർത്തകൾ വന്നു. എന്നാൽ കുപ്രചാരണങ്ങൾക്ക്‌ അധികം ആയുസുണ്ടായിരുന്നില്ല.

സിൻഘു, ടിക്രിയിലടക്കം കർഷകർക്കെതിരാണ്‌ നാട്ടുകാർ എന്നായിരുന്നല്ലോ വാർത്ത?


ജനുവരി 27ന്‌ കർഷകർ തങ്ങിയിരുന്ന പൽവല്ല അതിർത്തി പൊലീസ്‌ ഒഴിപ്പിച്ചിരുന്നു. 250ഓളം കർഷകരാണ്‌ അവിടെയുണ്ടായിരുന്നത്‌. ഇവർക്കെതിരെ വ്യാപക അതിമ്രമാണ്‌ വേഷം മാറിയെത്തിയ സംഘപരിവാർ  പ്രവർത്തകർ അഴിച്ചുവിട്ടത്‌. ഗാസിപൂരിലും കർഷകരെ ഒഴിപ്പിക്കാൻ നടപടിയുണ്ടാകുമെന്ന വിവരത്തെ തുടർന്ന്‌ കെ കെ രാഗേഷ്‌, അനമുള്ള, അശോക്‌ ധാവ്ളെ എന്നിവർ ഖാസിപൂരിൽ എത്തി. 28ന്‌ പൊലീസെത്തുമ്പോൾ സമരം അവസാനിപ്പിക്കാം എന്നായിരുന്നു രാജേഷ്‌ ടിഖായത്തിന്റെ നിലപാട്‌. എന്നാൽ മറ്റു നേതാക്കൾ ധൈര്യം പകർന്നതോടെ അറസ്റ്റുവരിക്കാൻ അദ്ദേഹം തീരുമാനിച്ചു. എന്നാൽ വേഷംമാറി 300 ഓളം സംഘപരിവാർ പ്രവർത്തകർ എതിർഭാഗത്ത്‌ എത്തിയതോടെ കർഷകർ ഒരു ഗൂഡാലോചന മുന്നിൽക്കണ്ടു. തുടർന്നാണ്‌ അറസ്റ്റ്‌ വരിക്കാൻ തയ്യാറല്ലെന്ന്‌ നേതാക്കൾ അറിയിക്കുന്നതും രാജേഷ്‌ ടിഖായത്ത്‌ പൊലീസിനുമുന്നിൽ പൊട്ടിക്കരയുന്നതും. ഇതോടെ ഹരിയാനയിലെയും യുപിയിലെയും പഞ്ചാബിലെയും കർഷകർ ഗ്രാമങ്ങൾ വിട്ട്‌ ഡൽഹിയിലേക്ക്‌ പുറപ്പെട്ടു. ഖാസിപൂരിൽ 2000 സമരക്കാർ എന്നത്‌ ഒറ്റ ദിവസത്തിൽ 40,000 ആയി ഉയർന്നു. ഗ്രാമവാസികളായ കർഷകരും സമരക്കാർക്കൊപ്പം നിന്നു. തൊട്ടടുത്ത ദിവസം പൽവല്ലയും കർഷകർ തിരികെ പിടിച്ചു.

കോൺഗ്രസ്‌ ചിത്രത്തിൽ നിന്ന്‌ പാടേ അപ്രത്യക്ഷമായോ?


നവ ഉദാരവൽക്കരണത്തിന്‌ തുടക്കമിട്ട കോൺഗ്രസിന്‌ കർഷകസമരത്തിന്റെ ലക്ഷ്യങ്ങളോട്‌ ഒത്തുപോകുവാൻ സാധിക്കുമായിരുന്നില്ല. വിളകൾക്ക്‌ താങ്ങുവില ഉറപ്പാക്കുന്ന സ്വാമിനാഥൻ കമീഷന്റെ നിർദേശങ്ങൾ തടുഞ്ഞുവച്ചത്‌ യുപിഎ സർക്കാരാണ്‌. കുത്തക പ്രീണനം അവരുടെ പ്രധാന നയമാണ്‌. സമരം വിജയിക്കുമെന്ന്‌ സ്വപ്നത്തിൽ പോലും കരുതാത്തതും  അവർക്ക്‌ ദേശീയ തലത്തിൽ ഒരു കർഷക സംഘടന ഇല്ലാത്തതും സമരത്തിൽ നിന്ന്‌ കോൺഗ്രസിനെ മാറ്റി നിർത്തി. താങ്ങുവില നടപ്പാക്കാത്തിൽ കോൺഗസ്‌ മാപ്പു പറയാൻ തയ്യാറുണ്ടോ?, ആസിയാൻ അടക്കമുള്ള സ്വതന്ത്രവ്യാപാരക്കരാർ റദ്ദാക്കാൻ തയ്യാറാകുമോ ?, 1991ൽ നരസിംഹറാവു ഒപ്പിട്ട ലോകവ്യാപാര സംഘടനയുമായുള്ള കരാറിൽ നിന്ന്‌ പുറത്തു വരാനുള്ള ആവശ്യം ഉന്നയിക്കാൻ കോൺഗ്രസ്‌ തയ്യാറാണോ? ഈ ചോദ്യങ്ങൾക്ക്‌ ഉത്തരം നൽകിയാൽ മാത്രമേ കോൺഗ്രസിന്റെ ആത്മാർത്ഥത ജനങ്ങൾക്ക്‌ ബോധ്യമാകൂ.

കാർഷിക ഉൽപ്പാദന, സംഭരണ, വിതരണ മേഖലകളുടെ ഭാവി എന്തായിരിക്കും?

ഭൂപരിഷ്കണം മാത്രംകൊണ്ട്‌ കാർഷിക മേഖലയുടെ പുനരുദ്ധാരണം സാധ്യമാകില്ല.  ഉൽപ്പന്ന വ്യവസായ ശാലകളുടെ സ്ഥാപനം, ആഭ്യന്തരവിപണിയുടെ വികസനം എന്നിവ സാധ്യമാക്കണം.  സ്ഥാപിക്കപ്പെടേണ്ടതുണ്ട്‌. ഇത്‌ കർഷക കൂട്ടായ്മകളിൽ രൂപപ്പെടുത്താൻ നമുക്കാകണം. ചുരുക്കത്തിൽ കർഷകരുടെ സഹകരണസംഘങ്ങൾ ഉലപ്പാദന, സംഭരണ, വിതരണ പ്രക്രീയകൾ നിയന്തിക്കണം. ഇതിനാവശ്യമായ മൂലധനവും സഹകരണമേഖലയിൽനിന്ന്‌ കണ്ടെത്താനാകും. കാർഷികമേഖലയുമായി ബന്ധപ്പെട്ട മുന്നു മേഖലകളുടെയും വികനമാണ്‌ ഒരു സർക്കാർ നൽകേണ്ട മുൻഗണനാ വിഷയങ്ങൾ. ഇത്‌ ലക്ഷ്യമാക്കിയാണ്‌ കേരളത്തിലെ എൻഡിഎഫ്‌ സർക്കാർ പ്രവർത്തിക്കുന്നത്‌. ഇത്‌ പൂർത്തിയാകുന്നതോടെ രാജ്യത്തിന്‌ മാതൃകയായി മാറാൻ കേരളത്തിന്‌ സാധിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top