29 March Friday

മരുന്നെത്തും, ക്യൂബയിൽനിന്ന്‌

വെബ് ഡെസ്‌ക്‌Updated: Sunday Mar 29, 2020


തിരുവനന്തപുരം
കോവിഡ്‌–-19നെ ചെറുക്കാൻ ക്യൂബയിൽനിന്ന്‌ മരുന്നെത്തുന്നു. ക്യൂബയിലെ സെന്റർ ഫോർ ജനറ്റിക്‌ എൻജിനിയറിങ്‌ ആൻഡ്‌ ബയോടെക്നോളജി വികസിപ്പിച്ച ഇന്റർഫെറോൺ എന്ന മരുന്നാണ്‌ സംസ്ഥാന സർക്കാർ പരിഗണിക്കുന്നത്‌. ഇൻഹെയ്‌ലറായി ഉപയോഗിക്കാവുന്ന ഇന്റർഫെറോൺ ആൽഫ,  കുത്തിവയ്‌ക്കാവുന്ന ഇന്റർഫെറോൺ ബീറ്റ മരുന്നുകൾ ഉപയോഗിക്കാൻ ഡയറക്ടർ ജനറൽ ഓഫ്‌ ഡ്രഗ്‌സ്‌ കൺട്രോളിന്റെ അനുമതി തേടി.

പ്രതിരോധശേഷി വർധിപ്പിക്കാനുള്ള മരുന്നാണ്‌ ഇത്‌. ആന്റി വൈറൽ മരുന്നിന്റെ കൂടെയാണ്‌ രണ്ടും ഉപയോഗിക്കുക. ചൈനയിൽ ഈ മരുന്ന്‌ വിജയം കണ്ടിരുന്നു. ഇറ്റലിയിൽ ക്യൂബൻ വൈദ്യസംഘം ഈ മരുന്ന്‌ ഉപയോഗിക്കുന്നുണ്ട്‌. 45 രാജ്യങ്ങൾ മരുന്നിനായി ക്യൂബയെ സമീപിച്ചിട്ടുണ്ട്‌.


 

ബീറ്റ മരുന്ന്‌ ‘സോളിഡാരിറ്റി ട്രയൽ’ എന്ന പേരിൽ ലോകാരോഗ്യ സംഘടന പരീക്ഷിക്കുന്നുണ്ട്‌. അതീവ ഗുരുതരാവസ്ഥയിലുള്ളവരിലാണ്‌ മരുന്ന്‌ പ്രയോഗിക്കുന്നത്‌. സാമൂഹ്യ വ്യാപന ഘട്ടത്തിലെത്തി പെട്ടെന്ന്‌ വളരെ കൂടുതൽ ആളുകളിലേക്ക്‌ രോഗം പടർന്നാൽ മാത്രമാകും സംസ്ഥാനത്ത്‌ ഇത്‌ ഉപയോഗിക്കുക.

ക്യൂബയിൽ 1980കൾ മുതൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കും വൈറസ്‌ രോഗങ്ങൾക്കും ഈ മരുന്ന്‌  ഉപയോഗിക്കുന്നുണ്ട്‌. ഹെപ്പറ്റൈറ്റിസ്‌ ബിയും സിയും, എച്ച്‌ഐവി എയ്‌ഡ്‌സ്‌, ഡെങ്കി തുടങ്ങിയവയ്ക്കും ഫലപ്രദമാണ്‌. 2003 മുതൽ ക്യൂബൻ ചൈനീസ്‌ കമ്പനിയായ ചാങ്‌ചൻ ഹെബെർ ബയോളജിക്കൽ ടെക്നോളജിയും മരുന്ന്‌ ഉൽപ്പാദിപ്പിക്കുന്നുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top