26 April Friday
ആദ്യമായി ഇൻസുലിൻ ഉപയോഗിച്ച്ത്‌ 1922 ജനുവരി11ന്‌

വൈദ്യശാസ്‌ത്ര വിസ്‌മയത്തിന്‌ 100

വെബ് ഡെസ്‌ക്‌Updated: Tuesday Jan 11, 2022

ആരോഗ്യരംഗത്തെ സുപ്രധാന മുന്നേറ്റമായിരുന്നു പ്രമേഹബാധിതരിൽ ഇൻസുലിൻ ഉപയോഗിക്കാൻ തുടങ്ങിയത്‌. ടൈപ് വൺ പ്രമേഹം ബാധിക്കുന്നവർ മരിച്ചുവീഴുന്ന കാലത്തെ ലോകം അതിജീവിച്ചത്‌ ഇൻസുലിന്റെ വരവോടെയാണ്‌. 1922 ജനുവരി പതിനൊന്നിനാണ്‌ ലിയോനാർഡ് തോംസൺ എന്ന പതിനാലുകാരന്‌ ഇൻസുലിൻ കുത്തിവയ്‌പ്‌ നൽകിയത്‌. 24 മണിക്കൂറിനകം രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ താഴ്‌ന്നു. എന്നാൽ, ചെറിയ പാർശ്വഫലങ്ങളുണ്ടായി. ജെയിംസ് കോളിപ്പ് നടത്തിയ ശ്രമങ്ങളെത്തുടർന്ന്‌ അത്‌ പരിഹരിക്കപ്പെട്ടു. ജനുവരി 23ന്‌ വീണ്ടും കുത്തിവയ്‌പ്‌ നൽകി. ഇത്‌ പൂർണമായും വിജയിച്ചു. അതോടെ ടൈപ് വൺ പ്രമേഹം മരണരോഗമല്ലാതെയായി.

ബിസി 1500 മുതലാണ്‌ പ്രമേഹത്തിന്റെ ചരിത്രമുള്ളത്‌. ശരീരം ക്ഷീണിക്കുകയും അമിതമായി മൂത്രമുണ്ടാകുകയും ചെയ്യുന്ന അത്ഭുത രോഗമായാണ്‌ അന്ന്‌ ഈജിപ്തിലെ ഫിസിഷ്യന്മാർ പ്രമേഹത്തെ കണ്ടിരുന്നത്‌. ഇതിനു മാറ്റമുണ്ടായത്‌ 1921ൽ ഫ്രെഡറിക് ജി ബാൻഡിങ്‌ ഇൻസുലിൻ വികസിപ്പിച്ചതോടെയാണ്‌. ആ കണ്ടുപിടിത്തത്തിനുമുമ്പ്‌ ടൈപ് വൺ പ്രമേഹം ബാധിച്ചാൽ മാസങ്ങൾക്കകം രോഗി മരിക്കുകയായിരുന്നു പതിവ്‌.

ഇൻസുലിൻ ഉപയോഗം ഫലം കണ്ടതോടെ ഇതിന്റെ വ്യവസായിക അടിസ്ഥാനത്തിലുള്ള നിർമാണത്തിനു വഴിതുറന്നു. ഫ്രെഡറിക് ജി ബാൻഡിങ്ങും ചാൾസ് ബെസ്റ്റും ചേർന്ന്‌ ഇതിനായുള്ള പ്രവർത്തനം നടത്തി. 1922 മേയിൽ എലി ലില്ലി വ്യാവസായിക അടിസ്ഥാനത്തിൽ നിർമാണവും തുടങ്ങി. ജീവൻ രക്ഷിക്കുന്ന കണ്ടെത്തലിന്‌ ബാൻഡിങ്ങിനും മക്ലിയോഡിനും 1923-ലെ നൊബേലും ലഭിച്ചു.

ഉൽപ്പാദനം യൂറോപ്പിലും നോർത്ത്‌ അമേരിക്കയിലും
ഇൻസുലിൻ ഉൽപ്പാദകരിൽ മുന്നിൽ യുറോപ്പിലെയും നോർത്ത്‌ അമേരിക്കയിലെയും കമ്പനികളാണ്‌. നോവോ നോർഡിസ്ക്, സനോഫിയും എലി ലില്ലിയും എന്നീ മൂന്നു കമ്പനിയാണ്‌ ഉൽപ്പാദനത്തിന്റെ 87 ശതമാനവും. നോവോ നോർഡിസ്ക് 111 രാജ്യത്തിൽ പ്രവർത്തിക്കുന്നുണ്ട്‌. മുംബൈ ആസ്ഥാനമായ വോക്കാർഡും ലോകത്തെ പ്രധാന ഉൽപ്പാദകരാണ്‌. 2024 ഓടെ ഇൻസുലിൻ ഉൽപ്പാദനത്തിന്റെ മൂല്യം 4514 കോടി ഡോളറാകുമെന്നാണ്‌ കണക്കുകൂട്ടുന്നത്‌.

പത്തിൽ ഒരാൾക്ക്‌ രോഗം

ലോകത്ത്‌ 20–-79നും ഇടയിൽ പ്രായമായവരിൽ 53.70 കോടി പേർ പ്രമേഹബാധിരാണ്‌. ഇത്‌ ഈ പ്രായത്തിലുള്ള ജനസംഖ്യയുടെ പത്തിലൊന്നാണ്‌. 2030 ഓടെ രോഗബാധിതർ 64.30 കോടിയും 2045ൽ 78.30 കോടിയായി ഉയരും. അന്താരാഷ്‌ട്ര ഡയബറ്റിക്‌ ഫെഡറേഷന്റെ (ഐഡിഎഫ്‌) കണക്കുപ്രകാരം പ്രമേഹമുള്ളവരിൽ രണ്ടിൽ ഒരാൾ അത്‌ തിരിച്ചറിയുന്നില്ല. അത്തരത്തിൽ 23.97 കോടി പേരുണ്ട്‌. ആവശ്യത്തിന്‌ ആരോഗ്യ സംവിധാനങ്ങൾ ഇല്ലാത്തതാണ്‌ പ്രമേഹം കണ്ടെത്താൻ കഴിയാത്തതെന്നും ഐഡിഎഫ്‌ വിശദീകരിക്കുന്നു. വരുമാനം കുറവുള്ള രാജ്യങ്ങളിലാണ്‌ ഇത്തരം രോഗികളിൽ 87.5ശതമാനവും. സമ്പന്ന രാജ്യങ്ങളിൽ ഇത്‌ 28.8ശതമാനം മാത്രമാണ്‌. 19 വയസ്സിനു താഴെയുള്ളവരിൽ ഏറ്റവും കൂടുതൽ പ്രമേഹബാധിതരുള്ളത്‌ ഇന്ത്യയിലാണ്‌–- 2.29 ലക്ഷം.ലോകത്ത്‌ 19–-69 വയസ്സിനിടയിലുള്ള പ്രമേഹ രോഗികളുടെ എണ്ണം(കോടിയിൽ) ഇപ്രകാരമാണ്‌. ചൈന (14.09), ഇന്ത്യ (74.22), പാകിസ്ഥാൻ (3.30), അമേരിക്ക (3.22), ഇന്തോനേഷ്യ (1.95).


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top