24 April Wednesday

നീന്തിക്കയറിയത്‌ സങ്കടക്കടൽ

വെബ് ഡെസ്‌ക്‌Updated: Sunday Mar 26, 2023

രാത്രിയിൽ വന്ന് ഊണും കഴിഞ്ഞ് ഭാര്യയെയും എട്ടു മക്കളെയും വിളിച്ചിരുത്തി വാതോരാതെ സംസാരിക്കുന്ന ഒരപ്പനുണ്ടായിരുന്നു. പുതിയ വാക്കുകൾ,  കാര്യങ്ങൾ, പേരുകൾഅവർക്ക് ഒന്നും മനസ്സിലാകില്ല. പക്ഷേ, മക്കളിൽ അഞ്ചാമൻ എന്നും അപ്പനെ  കാത്തിരുന്നു. മണം അവനിഷ്ടമായിരുന്നു. അദ്ദേഹം നൽകുന്ന ചോറുരുളയിലൂടെ  ഒന്നുകൂടി അറിഞ്ഞു. അപ്പന് മണംമാത്രമല്ല, സ്വാദുമുണ്ട്. സോക്രട്ടീസ്, മാർക്സ്, ലെനിൻ, സ്റ്റാലിൻ, ഫ്രഞ്ച്റഷ്യൻ വിപ്ലവങ്ങൾ ഓരോന്നു പറയുമ്പോഴും കണ്ണിലെ തീയും മുഖത്തെ തെളിച്ചവും കണ്ടിരിക്കാൻ ഇഷ്ടമായിരുന്നു. 

കമ്യൂണിസ്റ്റ്കാരനായ അപ്പൻ കൃത്യമായ ആദർശം കാത്തുസൂക്ഷിച്ചു. ജീവിതത്തിന്റെ സന്നിഗ്ദതകളെ ഹാസ്യവും സ്വകീയ ദർശനവും ചേർത്തുവച്ചാണ് തെക്കേത്തല വറീത് നേരിട്ടത്. മക്കളിൽ ഇന്നസെന്റുമാത്രം  പരാജയമായപ്പോഴും അതിനെ നോക്കികണ്ടത്വാത്സല്യത്തോടെ. പതിവ് പിതാവിന്റെ കാർക്കശ്യത്തോടെ  നേരിട്ടിരുന്നെങ്കിൽ ഇന്നസെന്റ് എന്ന പ്രതിഭ ഉണ്ടാകുമായിരുന്നില്ല. ഇരിങ്ങാലക്കുടയിലെ പീടികക്കാരനായിരിക്കുമ്പോഴും അതിനപ്പുറം ലോകം കണ്ടിട്ടില്ലെങ്കിലും വായനയിലൂടെയും കേട്ടറിവിലൂടെയും ഒരുപാടു മനസ്സിലാക്കി. അത് മകനിലേക്കും സന്നിവേശിപ്പിച്ചു. കമ്യൂണിസ്റ്റും ക്രിസ്ത്യാനിയുമായിരിക്കുക ദുരിതം പിടിച്ച കാര്യമായിരുന്ന കാലത്താണ് വറീത് കമ്യൂണിസ്റ്റായത്.

ജീവിതത്തിൽ തോറ്റ്  കുടുംബത്തിലെ മറ്റംഗങ്ങളോടൊപ്പം നിന്നുപോകാനുള്ള യോഗ്യതയില്ലാതെ അലഞ്ഞ ഇന്നസെന്റിനു നേരെ  കൂരമ്പ് വരുമ്പോൾ  നെഞ്ചോടു ചേർത്തു. ഉള്ളിൽ കണ്ണീരിന്റെ ചുടു കാത്തുവെച്ച്  തമാശയിലൂടെ കാര്യം പറഞ്ഞു. ഓരോ യാത്രയ്ക്കൊടുവിലും അവൻ അപ്പനിലേക്ക് തിരിച്ചെത്തിയത് അതുകൊണ്ട്. ഗതിയില്ലാത്ത അലച്ചിലിൽ അദ്ദേഹം നൊന്തു. അവ ഇന്നസെന്റിന്റെയുള്ളിലെ തീയായി. അപ്പന്റെ ജീവിതക്കാഴ്ചകളോട്, സിദ്ധാന്തങ്ങളോട് ആത്മാവിനോട് കൂടുതൽ അടുത്തു. അതിലൂന്നി സ്വജീവിതം രൂപപ്പെടുത്തി. പുറത്ത് ചിരിച്ചതിനെക്കാൾ  ഉള്ളിൽ കരഞ്ഞവനായിരുന്നു ഇന്നസെന്റ്.

അപ്പൻ പിന്നെയും കഥ പറഞ്ഞു. ടോൾസ്റ്റോയ്,  കൂടൽമാണിക്യംക്ഷേത്ര ഐതിഹ്യം, സമരങ്ങൾ, കണ്ട നാടകങ്ങൾ. ചില രാത്രികളിൽ അദ്ദേഹം റാന്തലുമായി ഇറങ്ങും. കുട്ടാപ്പു മൂശാരി, ചാത്തുമാഷ്, നാരായണൻ മൂശാരി എന്നിവർ കൂട്ട്. മുതിർന്നപ്പോളവനറിഞ്ഞു. അപ്പൻ കമ്യൂണിസ്റ്റാണ്. അദ്ദേഹത്തെതൊട്ട്  ലോകമറിഞ്ഞു, മനുഷ്യനെയും. കഥകളിലെ സാരോപദേശം ഉള്ളിൽ വിത്തായി വീണു. അവന്റെ ലോകത്തിന് അപ്പന്റെ രൂപവും ശബ്ദവും. അദ്ദേഹം വഴിയും വിളക്കും വെളിച്ചവുമായി. ഇരിങ്ങാലക്കുടയ്ക്കപ്പുറം പോയില്ലെങ്കിലും മഹാത്മാ വായനശാലയിലിരുന്ന് ലോകം കണ്ട അപ്പന്റെ മക്കളിൽ സഹോദരങ്ങളെപ്പോലെയായില്ല അഞ്ചാമൻ. പഠിപ്പിൽ തിളങ്ങിയില്ല. ജീവിതവും മനുഷ്യരെയും പഠിക്കാനായിരുന്നു ശ്രദ്ധ. പല നഗരങ്ങളിലായി അലഞ്ഞ അവന്റെ ഓരോ ചുവടിലും, പിഴച്ചാലും ജയിച്ചാലും, വഴികാട്ടാൻ അപ്പന്റെ വാക്ക്, കഥകൾ, സാരോപദേശം. തന്നെക്കാൾ മോശപ്പെട്ട ജീവിതങ്ങൾ ഭൂമിയിലുണ്ടെന്ന് അവനോർത്തു. അനുഭവിച്ച പട്ടിണിയെക്കാ തീക്ഷ്ണ ദാരിദ്ര്യമുണ്ടെന്നും. ഇന്നസെന്റ് കെട്ടിയ വേഷങ്ങൾ നിരവധി. കച്ചവടക്കാരൻ, വോളിബോളറിയാത്ത കോച്ച്, കോടമ്പാക്കത്തെ പട്ടിണിക്കാരനായ ഭാഗ്യാന്വേഷി, മികച്ച ചിത്രങ്ങളെടുത്തിട്ടും രക്ഷപ്പെടാത്ത നിർമാതാവ്്, ശാബന്നൂരിലെ തീപ്പെട്ടിക്കമ്പനി നടത്തിപ്പുകാരൻ. ഇതിനിടയിൽ കണ്ടുമുട്ടിയ ജീവിതങ്ങളെ ഓർത്തുവച്ചു. മദ്രാസിൽ ഉമ ലോഡ്ജിനു മുന്നിൽ നൂറുകണക്കിനാളുകളെ പട്ടിണിയിൽനിന്ന് രക്ഷിക്കാൻ പലിശക്കു പണം കടംവാങ്ങി ചായക്കട നടത്തിയ ഇക്ക, ദാവൺഗെരെ യാത്രയ്ക്കിടെ കൊടുംപനികൊണ്ട് തളർന്നപ്പോൾ താങ്ങാവുകയും ശുശ്രൂഷിച്ച് റിക്ഷയിൽ കയറ്റിവിടുകയുംചെയ്ത വേശ്യ, ശാബന്നൂരിലെ അടിമകൾ, ആത്മഹത്യചെയ്ത മൈലപ്പ, വിശപ്പ് സഹിക്കാതെ തീപ്പെട്ടിയെടുത്തു വിറ്റ പന്ത്രണ്ടുകാരൻ ചന്ദ്രപ്പ. ഒട്ടേറെപേർ.

ജീവിതത്തോട് ഏറ്റുമുട്ടിയപ്പോഴൊക്കെ  പിടിച്ചുനിർത്തിയത് ഉള്ളിലെ ഹാസ്യം. ""എനിക്കെപ്പോഴും മഴയത്ത് നടക്കാനാണിഷ്ടം, കാരണം ഞാൻ കരയുന്നത് ആരും കാണില്ലല്ലോ'' എന്നു പറഞ്ഞ ചാപ്ലിൻ മുതലുള്ളവർ തിന്നുതീർത്തത് കണ്ണീർക്കാലം. അനുഭവതീക്ഷ്ണതയാണ് അവരെ നിഷ്കളങ്കമായ ഹാസ്യം ജനിപ്പിക്കുന്നവരാക്കിയത്. രാഷ്ട്രീയം നിറച്ചത്. അവർക്ക് ജീവിതം തമാശയല്ല. പല തിരക്കഥാ രചനയിൽ, ചർച്ചയിൽ ഇന്നസെന്റ് അവിഭാജ്യമായി. ഭരതനും അരവിന്ദനും സാന്നിധ്യം ആവശ്യപ്പെട്ടു. ജീവിതമാണ് അദ്ദേഹം പറഞ്ഞത്. ഇത്രത്തോളം മനുഷ്യരെ അറിഞ്ഞ, അനുഭവിച്ച ഒരാൾ അപൂർവം. തെളിഞ്ഞ ഹാസ്യത്തിനിടയിൽ സംസ്ഥാന അവാർഡ് ലഭിച്ച മഴവിൽക്കാവടിയിലേതുൾപ്പെടെ മിന്നുന്ന ക്യാരക്ടർ റോളിലുമെത്തി.

അറുനൂറോളം ചിത്രങ്ങൾ പിന്നിട്ട്  യാത്ര നീണ്ടു. പുസ്തകങ്ങളുമെഴുതി. അതും അനുഭവംമുൻനിർത്തി. മഴക്കണ്ണാടി, ഞാൻ ഇന്നസെന്റ്, ചിരിക്കു പിന്നിൽ, ക്യാൻസർ വാർഡിലെ ചിരി. ഉയർച്ചയുടെ പടവുകളിലും ഉള്ളിൽ അപ്പനുണ്ടായി. ഒപ്പം കഴിച്ചുകൂട്ടിയ ജീവിതവും ലോകത്തിന്റെ വേദനയും. അതാണ് പെയിൻ ആൻഡ് പാലിയേറ്റീവ് പ്രസ്ഥാനത്തിന്റെ അമരത്തെത്തിച്ചത്. താരത്തിന്റെയും ധനാഢ്യന്റെയും പ്രഭാവലയം തകരുന്ന ലോകത്ത്, സ്വതസിദ്ധ വർത്തമാനങ്ങളിലൂടെ സാന്ത്വനം പകർന്ന് ഓടിനടന്നു. രോഗികൾക്കായി പണം സ്വരൂപിക്കാൻ, ചികിത്സ ലഭ്യമാക്കാൻ. മനസ്സിനെ ഉണർത്തിനിർത്താനും വേദന അതിജീവിക്കാൻ സഹായിക്കാനും എല്ലാ ശേഷിയും ബന്ധവും ഉപയോഗിച്ചു. ഒടുവിൽ രോഗം അയാളെയും തേടിയെത്തി. അർബുദത്തെ നോക്കി ഇന്നസെന്റ് കുലുങ്ങിച്ചിരിച്ചു. ചികിത്സകരെപ്പോലും അമ്പരപ്പിച്ച ചിരി.

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top