05 June Monday

‘അഴകാന നീലി’ മുതൽ കോലായിൽ നിന്നൊരു കോമളാംഗി വരെ: മലയാളി ഏറ്റുപാടിയ ഇന്നസെന്റ്‌ പാട്ടുകൾ

വെബ് ഡെസ്‌ക്‌Updated: Tuesday Mar 28, 2023

കൊച്ചി> നടനും നിർമ്മാതാവുമായാണ്‌ മലയാള സിനിമ ചരിത്രത്തിൽ ഇന്നസെന്റിന്റെ പേര്‌ എഴുതപ്പെട്ടിട്ടുള്ളതെങ്കിലും പാടി അഭിനയിച്ച പാട്ടുകളിലൂടെയും അദ്ദേഹം ഓർമ്മിക്കപ്പെടും. കഥാപശ്ചാത്തലത്തിൽ കഥാപാത്രം മൂളുന്ന പാട്ടു മുതൽ പിന്നണി പാടിയ പാട്ടുകൾ വരെ ഇതിൽ ഉൾപ്പെടും. ജോഷിയുടെ സംവിധാനത്തിൽ മമ്മൂട്ടിയും മോഹൻലാലും അഭിനയിച്ച നമ്പർ 20 മദ്രാസ് മെയിലിൽ ഇന്നസെന്റെ് അഭിനയിച്ച ടിടിആർ നാടാർ പാടിയ “അഴകാന നീലിവരും വരുപോലെ ഓടിവരും എന്നാടി പോലെ വരും ടോണിക്കുട്ടാ”  പാട്ട്‌ ആരും മറക്കില്ല.

ശശിശങ്കർ സംവിധാനം ചെയ്‌ത മിസ്റ്റർ ബട്ട്ലവിലെ ഇന്നസെന്റെിന്റെെ കഥാപാത്രമായ ക്യാപ്റ്റൻ കെ.ജി. നായർ “കുണുക്കു പെൺമണിയെ ഞുണുക്കു വിദ്യകളാൽ ” എന്ന പാട്ടിലൂടെയാണ് മലയാളിയുടെ മനസിൽ ഇടം പിടിച്ചത്‌. വിദ്യാസാഗർ ഈണമിട്ട എം.ജി ശ്രീകുമാറും ചിത്രയും ആലപ്പിച്ച ഗാനത്തിന്റെെ തുടക്കമാണ് ഇന്നസെന്റെ് പാടിയിരിക്കുന്നത്.

പി.ജി വിശ്വംഭരന്റെ സംവിധാനത്തിൽ 1990 ൽ  പുറത്തിറങ്ങിയ ഗജകേസരിയോഗത്തിലെ ആനക്കാരൻ അയ്യപ്പൻ നായരും പാടിത്തകർക്കുന്നുണ്ട്‌.  “ആനച്ചന്തം ഗണപതി മേളച്ചന്തം എട്ടുംപൊട്ടും തിരിയാനിത്തിരി ഹിന്ദിച്ചന്തം” എന്ന് പാടി അഭിനയിച്ചി ഇന്നസെന്റ്‌ പാട്ടിനിടയ്‌ക്ക്‌ ചില സംഭാഷണങ്ങളും പറയുന്നു.  ജോൺസണാണ്‌  ചിത്രത്തിന്  സംഗീതമൊരുക്കിയത്. 1990 ൽ തന്നെ അടുത്ത പാട്ടും വന്നു. അശോകൻ, താഹ എന്നിവർ സംവിധാനം ചെയ്ത സുരേഷ് ഗോപി, പാർവ്വതി എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച പുറത്തിറങ്ങിയ ‘സാന്ദ്രം’ എന്ന ചിത്രത്തിലായിരുന്നു  പാട്ട്‌. കണ്ടല്ലോ പൊൻകുരിശുള്ളൊരു തിരുമലയാറ്റൂർ പള്ളി കണ്ടല്ലോ അർത്തുങ്കൽ പള്ളിപ്പെരുന്നാൾ കൊണ്ടാട്ടം…എന്ന ഈ പാട്ടിന്റെയും സംഗീതം ജോൺസൺ ആയിരുന്നു.

2012 ൽ പുറത്തിറങ്ങിയ അജ്മൽ സംവിധാനം ചെയ്ത ഡോക്ടർ ഇന്നസെന്റിലെ  ഡോ. ഭാർഗവൻ പിള്ളയെന്ന നായക കഥാപാത്രത്തിനും ഒരു പാട്ടുണ്ട്‌.. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഭാർഗവൻ പിള്ളയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് വേണ്ടി ഒരുക്കിയ ഗാനമായിരുന്നു ചിത്രത്തിൽ അദ്ദേഹം പാടി അഭിനയിച്ചത്. സന്തോഷ് വർമ്മയായിരുന്നു സംഗീത സംവിധായകൻ.

നടനും സംവിധായകനുമായ ലാലും മകൻ ജീൻ പോൾ ലാലും ചേർന്ന് സംവിധാനം ചെയ്ത സുനാമിയിൽ പല താരങ്ങൾ ചേർന്നു ആലപിച്ച  പാട്ട് ആരംഭിക്കുന്നത് ഇന്നസെന്റെ് തന്റെെ സ്വന്തം ശബ്ദത്തിലൂടെയാണ്. “സമാഗരിസ സരിഗമ ഗരിസരി സമാഗരിസ മരത്തിലുണ്ടാക്കിവെച്ച വട്ടത്തിലെ റാട്ടെ മരംകെട്ടി വെട്ടി വലിക്കണെ റാക്കേ” എന്ന് തുടങ്ങുന്ന ഗാനമായിരുന്നു അത്. 2002 ൽ പുറത്തിറങ്ങിയ കല്യാണ രാമനിലും  പലർ ഒത്തു ചേർന്ന ഗാനത്തിലും ഇന്നസെന്റെ് പങ്കാളിയായി. “ഭാരതമെന്നാൽ പാരിൻ നടുവിൽ കേവലമൊരുപിടി മണ്ണല്ല… ” എന്ന പാട്ടുമായിട്ടാണ് ആ ഗാനത്തിന്റെെ ഭാഗമാകുന്നത്.

‘‘ഓലയാൽ മേഞ്ഞൊരു കൊമ്പു ഗൃഹത്തിന്റെെ കോലായിൽ നിന്നൊരു കോമളാംഗി…” എന്ന കഥാപ്രസംഗ ഗാനവും മലയാളിക്ക്‌ മറക്കാനാവില്ല. 1990 ൽ വിദേശ രാജ്യങ്ങളിൽ നടന്ന സ്റ്റേജ് ഷോകളിൽ മോഹൻലാൽ, നെടുമുടി വേണു, ഇന്നസെന്റെ് എന്നിവർ ചേർന്ന് അവതരിപ്പിച്ച കോമഡി സ്കിറ്റിലെ കഥാപാത്രമായിരുന്ന കാഥികൻ പരമൻ പത്തനാപുരത്തിന്റെ പാട്ടാണിത്‌. കഥാ പുസ്തകമെടുക്കാൻ മറന്ന ഇന്നസെന്റെ് അവരിപ്പിച്ച പരമൻ പത്തനാപുരം നിസാഹായവസ്ഥയിൽ ആവർത്തിച്ചു പാടുന്ന “വരികളാണ്‌ ഹിറ്റായത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top