20 April Saturday

മേം ഇന്നസെന്റ്... വോ പി സി ചാക്കോ കോ ഹരായ

എം അഖിൽUpdated: Monday Mar 27, 2023


ന്യൂഡൽഹി
ആദ്യമായി പാർലമെന്റിലെത്തിയ ഇന്നസെന്റിനെ ആരും ശ്രദ്ധിച്ചിരുന്നില്ല. എന്നാൽ ‘വോ പി സി ചാക്കോ കോ ഹരായ’ (പി സി ചാക്കോയെ തോൽപ്പിച്ച ആളാണ്‌) എന്ന്‌  സെക്രട്ടറി പരിചയപ്പെടുത്തിയതോടെ കഥമാറി; ഇന്നസെന്റ്‌ നായകനായി. ഉദ്യോഗസ്ഥരെല്ലാം വലിയ ആദരവോടെ പെരുമാറി. പിന്നീട്‌ കണ്ണിൽ കാണുന്നവരോടെല്ലാം ‘മേം ഇന്നസെന്റ്‌... ചാക്കോ കോ ഹരായ’–- എന്ന്‌ പറഞ്ഞാണ്‌ പരിചയപ്പെടാറെന്നും തമാശിക്കാറുണ്ട്‌  ഇന്നസെന്റ്‌. തമാശകളിൽ മാത്രമല്ല, കാര്യഗൗരവമായ ചർച്ചകളിലും വെട്ടിത്തിളങ്ങി അദ്ദേഹം.

‘നമ്മളെ നാട്ടുകാർ വോട്ടൊക്കെ തന്ന്‌ വിമാനത്തിൽ കയറ്റി ഇങ്ങോട്ട്‌ അയക്കണത്‌ അവർക്ക്‌ വേണ്ടി എന്തെങ്കിലും ഒക്കെ ചെയ്യുമെന്ന്‌ കരുതിയാണ്‌. വല്ലവന്റെയും അടുക്കളേൽ എന്തൊക്കെയാ വേവണതെന്ന്‌ നോക്കേണ്ട കാര്യം നമുക്കില്ല’–- ലോക്‌സഭയിൽ ഒരിക്കൽ ഇന്നസെന്റ്‌ തുറന്നടിച്ചു. വിവിധ സംസ്ഥാനങ്ങളിൽ പശുക്കടത്ത്‌ ആരോപിച്ച്‌ തീവ്രഹിന്ദുത്വശക്തികൾ വലിയ കുത്തിത്തിരിപ്പുകൾ ഉണ്ടാക്കിയിരുന്ന അവസരത്തിലായിരുന്നു ഇത്‌.

മെഡിക്കൽ രംഗത്തെ ചൂഷണങ്ങൾ ചൂണ്ടിക്കാണിച്ചുള്ള പ്രസംഗവും ഏറെ ചർച്ചചെയ്യപ്പെട്ടു. ‘ചില മുതലാളിമാര്‌ വലിയ തുണിക്കടയൊക്കെപ്പോലെ ആശുപത്രികൾ കെട്ടിപ്പൊക്കും. അവിടെ എത്ര ഹാർട്ട്‌ ഓപ്പറേഷൻ വേണം, എത്ര ഡയാലിസിസ്‌ നടത്തണൊക്കെ ആദ്യമേ തീരുമാനിച്ചിട്ടുണ്ടാകും. കണക്ക്‌ ഒപ്പിക്കാനുള്ള പണികളാണ്‌ പിന്നെ... ഹാർട്ടിന്‌ സ്‌റ്റെന്റ്‌ ഇടുന്നതൊക്കെ വലിയ ചെലവാ... 5000 മുതൽ 50,000 വരെയൊക്കെ വിലയുള്ള സ്‌റ്റെന്റുകളുണ്ട്‌. പാവപ്പെട്ടവർക്ക്‌  താങ്ങാൻ പറ്റില്ല’–- മാതൃഭാഷയിൽ സ്വതസിദ്ധമായ ശൈലിയിൽ ഇന്നസെന്റ്‌ അവതരിപ്പിച്ചതെല്ലാം സാധാരണക്കാരന്റെ ജീവിതപ്രശ്‌നങ്ങളായിരുന്നു. അർബുദരോഗികളുടെ പ്രയാസങ്ങളെക്കുറിച്ച്‌ നടത്തിയ പ്രസംഗവും വലിയ അഭിനന്ദനങ്ങൾ നേടിക്കൊടുത്തു. പ്രസംഗം കഴിഞ്ഞയുടനെ സോണിയ ഗാന്ധി വന്ന്‌ രോഗവിവരങ്ങൾ തിരക്കി, പ്രാർഥനകളിലുണ്ടാകുമെന്ന്‌ പറഞ്ഞതും ഇന്നസെന്റ്‌ എഴുതിയിട്ടുണ്ട്‌.

മണ്ഡലത്തിലെ ജനങ്ങൾക്ക്‌ വേണ്ടി ഇടപെടാനും പദ്ധതികൾക്ക്‌ അനുമതി കിട്ടാൻ കേന്ദ്രമന്ത്രിമാരെ കാണാനും സമരങ്ങളിൽ പങ്കെടുക്കാനും ജനകീയവിഷയങ്ങൾ സഭയുടെ ശ്രദ്ധയിൽപ്പെടുത്താനും ഇന്നസെന്റ്‌ മുന്നിട്ടിറങ്ങി, അതിന്‌ രോഗമോ അതുണ്ടാക്കിയ വൈഷമ്യങ്ങളോ തടസമായില്ല. ഡൽഹി മലയാളികളുടെയും മാധ്യമപ്രവർത്തകരുടെയും പരിപാടികളിലും പങ്കെടുത്തു. എംപിമാരും മാധ്യമപ്രവർത്തകരും തമ്മിലുള്ള ഫുട്ബോൾ മത്സരത്തിൽ കമന്റേറ്ററുമായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top