29 March Friday

പ്രളയാവസ്ഥയും കാലാവസ്ഥാ വ്യതിയാനവും

ഡോ.എ രാജഗോപാൽ കമ്മത്ത്Updated: Thursday Aug 13, 2020


2018ൽ അതുവരെ കണ്ടുപരിചയിച്ചിട്ടില്ലാത്ത വെള്ളപ്പൊക്കം ഉണ്ടായപ്പോൾ അത് നൂറ്റാണ്ടിലെ പ്രളയം എന്ന് എല്ലാവരും വിശേഷിപ്പിച്ചു. എന്നാൽ, 2019ൽ വീണ്ടും അതിന്റെ ഭാഗികമായ ആവർത്തനമുണ്ടായപ്പോൾ ചിലരെങ്കിലും അപകടം മണത്തു. നാം അനുഭവിച്ചു വന്ന കാലാവസ്ഥാ മാറ്റം ദൃശ്യമായിത്തുടങ്ങി എന്ന തിരിച്ചറിവുണ്ടായ സമയം. ജൂൺ ഒന്നിന് സ്കൂൾ തുറക്കുമ്പോൾ ആർത്തലച്ച് പെയ്തിരുന്ന മഴ അപ്രത്യക്ഷമായി. ആ മാസത്തിൽ എപ്പോഴൊക്കെയോ അൽപ്പം പെയ്യുകയും അത് ജൂലൈയിലും തുടരുകയും പിന്നീട് ആഗസ്ത്‌ ആദ്യത്തെ ആഴ്ചകളിൽ വർധിച്ച അളവിൽ ചില നിശ്ചിത ഇടങ്ങളിൽ തീവ്രമാകുന്ന പ്രതിഭാസവും ദൃശ്യമായി. 

ഇക്കുറിയും അപ്രകാരം തന്നെയാണ് സംഭവിച്ചത്. ആഗസ്ത്‌ ആദ്യത്തെ ആഴ്ചയിലാണ് കനത്ത മഴയ്‌ക്ക്‌ ‌തുടക്കമായത്. കഴിഞ്ഞ രണ്ടു വർഷങ്ങളിലെപ്പോലെ മലമ്പ്രദേശങ്ങളിൽ വർധിച്ച അളവിലുള്ള മഴ ഒറ്റയടിക്ക് പെയ്തിറങ്ങിയത് ചിലയിടങ്ങളെയെങ്കിലും വെള്ളത്തിലാഴ്ത്തി. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളെ ആശയക്കുഴപ്പത്തിലാക്കിയ ഒന്നായി ഈ മാറ്റങ്ങൾ. പ്രവചനങ്ങൾ പലതും അസ്ഥാനത്തായി.

കഴിഞ്ഞ വർഷങ്ങളിൽ പീരുമേട്ടിലും നീലഗിരിക്കുന്നിലും പെയ്തിറങ്ങിയ അതിതീവ്ര മഴയ്‌ക്കുള്ള വ്യക്തമായ നിർവചനം കാലാവസ്ഥാ ഏജൻസികളുടെ പക്കലില്ല. 204 മില്ലീമീറ്ററിന്‌ മുകളിലുള്ള മഴയ്‌ക്ക്‌ അതിതീവ്രമഴ എന്നാണ് നിർവചനം. നീലഗിരിയിൽ ആ മൂല്യത്തിന്റെ നാലരയിരട്ടി മഴയാണ് പെയ്തത്. കാലാവസ്ഥാ പ്രവചനത്തിനായുള്ള മഴയുടെ വർഗീകരണത്തിൽ പുനർവിചിന്തനം വേണമെന്നാണ്‌ ഇതു സൂചിപ്പിക്കുന്നത്‌.

താപനിലയിൽ ഗണ്യമായ വർധന
കേരളത്തിൽ അനുഭവപ്പെടുന്ന താപനിലയിൽ സമീപ വർഷങ്ങളായി ഗണ്യമായ വർധന ഉണ്ടായിട്ടുണ്ട്‌. ആഗോളതാപനം എന്നു‌മാത്രം പറഞ്ഞ്‌ ഈ പ്രതിഭാസത്തെ തള്ളിക്കളയാനാകില്ല. ഭൂപ്രകൃതിയിൽ മനുഷ്യന്റെ അതിരുകടന്ന കൈകടത്തൽ മൂലം ഉണ്ടായ മാറ്റങ്ങളാണ് ഉപരിതലത്തിൽ തൊട്ടുകിടക്കുന്ന അന്തരീക്ഷഭാഗത്തിന്റെ താപനില ഉയരാൻ കാരണം. അമിതമായ കോൺക്രീറ്റു‌വൽക്കരണം, എസി അടക്കമുള്ളവയുടെ ഉപയോഗ വർധന തുടങ്ങിയവയെല്ലാം ‘താപദ്വീപു’കളുടെ രൂപീകരണത്തിന്‌ കാരണമായി. ചെറിയ സ്ഥലങ്ങളിൽ അന്തരീക്ഷ താപനില ഉയരുന്ന അവസ്ഥയാണിത്‌. നഗരങ്ങളിൽമാത്രം കാണപ്പെട്ടിരുന്ന ഇത് ഇപ്പോൾ ഉൾനാടുകളിലും ദൃശ്യമായി തുടങ്ങി എന്നാണ്‌ പഠനങ്ങൾ കാണിക്കുന്നത്‌.

കാറ്റിന്റെ അളവിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്‌. അറബിക്കടലിന്റെയും കേരളത്തിന്റെ ഭൂഭാഗത്തിന്റെയും താപനിലയിൽ വലിയ വ്യത്യാസമില്ലാത്തതാണ് ഇതിന്‌ കാരണം. താപനിലയിൽ വ്യതിയാനമുണ്ടാകുമ്പോൾമാത്രം കാറ്റൊഴുക്കുണ്ടാകുമെന്ന്‌ എല്ലാവർക്കുമറിയാം. ജൂണിലും ജൂലൈയിലും താപനില അധികം താഴുന്നുമില്ല. അതിനാൽ മൺസൂൺ കാറ്റിൽ മേഘങ്ങൾ കേരളത്തിന്റെ ഭാഗത്ത് എത്തുന്നില്ല, പകരം അത് അറബിക്കടലിലൂടെ വടക്ക് പടിഞ്ഞാറൻ ദിശയിൽ സഞ്ചരിച്ച്‌ കുമിഞ്ഞുകൂടി ചുഴലിക്കാറ്റിന്‌ കളമൊരുക്കുന്നു. കഴിഞ്ഞ മൂന്ന്‌ വർഷമായി ഇത്‌ കണ്ടുവരുന്നു. ആഗസ്തിൽ താപനില താഴുമ്പോൾ കാറ്റിന്റെ ഒഴുക്ക് കേരളത്തിലേക്ക്‌ തിരശ്ചീനമായി വർധിച്ച അളവിൽ ഉണ്ടാകുന്നു. മേഘഭാഗങ്ങൾ ചിലയിടങ്ങളിൽ കേന്ദ്രീകരിക്കുന്നു. അതായത് വനപ്രദേശങ്ങളിലും മലമ്പ്രദേശങ്ങളിലും. മറ്റിടങ്ങളിൽ അത്രയും മേഘങ്ങൾ പരന്ന്‌ നിലകൊള്ളാത്തത് താപനിലയിലെ വ്യതിയാനം മൂലമാണ്‌. ഒരു ചെറിയയിടത്ത് മേഘങ്ങൾ കുമിഞ്ഞ് അതിന്റെ മൂർധന്യത്തിലെത്തുമ്പോൾ പെട്ടെന്ന് മഴപെയ്തിറങ്ങുന്നു. ഇത് മേഘസ്ഫോടനത്തെപ്പോലെയുള്ള വർഷണത്തിന്‌ കാരണമാകുന്നു.

കരയും സമുദ്രജലവും തമ്മിലുള്ള താപവ്യത്യാസമാണ് മൺസൂൺ ഉണ്ടാകാൻ കാരണം. ചില സവിശേഷതകൾ ഈ പ്രതിഭാസത്തിന്റെ തീവ്രത കൂട്ടാനിടയുണ്ട്. വലിയ കരഭാഗങ്ങളും ഉയരത്തിലുള്ള കരഭാഗങ്ങളും കരയും സമുദ്രവും തമ്മിലുള്ള താപമർദവ്യത്യാസം കൂട്ടുന്നു. താപമേറിയ കാലാവസ്ഥ, കരയും സമുദ്രവും തമ്മിലുള്ള താപനിലയുടെ വ്യത്യാസത്തെ കുറയ്ക്കുന്നു. കഴിഞ്ഞ 300 വർഷത്തെ രേഖകൾ പറയുന്നത് ഓരോ 0.1 ഡിഗ്രി താപനില വർധനയിലും 100 മില്ലീമീറ്റർ മഴ കുറഞ്ഞിട്ടുണ്ട് എന്നാണ്. മഹാസമുദ്രത്തിന്റെ ഉപരിതലത്തിൽനിന്നു ബാഷ്പീകരണം വർധിക്കുന്നു. കാരണം താപമേറിയ വായു തണുത്ത വായുവിനേക്കാൾ ജലബാഷ്പത്തെ വഹിക്കുന്നതാണ്. അന്തരീക്ഷത്തിൽ ജലബാഷ്പത്തിന്റെ അളവു കൂടുന്നത് ശക്തമായ മൺസൂൺ മഴയ്ക്ക് കാരണമാകും. കഴിഞ്ഞ 50 വർഷത്തിൽ അന്തരീക്ഷത്തിലെ ആകെ ജലബാഷ്പത്തിന്റെ അളവും ആകെ ഉപരിതല മഴയും വർധിച്ചിരിക്കുന്നു.


 

കാലാവസ്ഥാ വ്യതിയാനവും മഴയുടെ തീവ്രതയും
കാലാവസ്ഥാവ്യതിയാനം പല രീതികളിലാണ് അനുഭവപ്പെടുന്നത്. പ്രാദേശികവും ആഗോളവുമായ താപനിലകളിൽ മാറ്റം, മഴയുടെ അളവിലെ വ്യതിയാനം, ഹിമപാളികളുടെ വർധനവും ഉരുകിത്തീരലും, സമുദ്രനിരപ്പിലെ വ്യതിയാനം എന്നിവ ദൃശ്യമായ ഫലങ്ങളാണ്. ഭൂമിയിലെ കാലാവസ്ഥയെ നിയന്ത്രിക്കുന്നതു സൂര്യനാണ്. ഭൂമിയിലെത്തുന്ന സൗരോർജത്തിന്റെ മൂന്നിലൊരുഭാഗം തിരികെ സ്പേയ്‌സിലേക്കു വികിരണം ചെയ്യപ്പെടുന്നു. ബാക്കിഭാഗം ഭൗമോപരിതലം ആഗിരണം ചെയ്യുന്നു. കുറെയൊക്കെ അന്തരീക്ഷവും ഉൾക്കൊള്ളുന്നു. ഭൂമിയിലെത്തുന്ന ഊർജത്തെ സന്തുലിതമാക്കാനായി ഊർജം തിരികെ സ്പേയ്‌സിലേക്കു വികിരണം ചെയ്യേണ്ടതുണ്ട്.

അറബിക്കടലിലെ മാറ്റം
സമുദ്രോപരിതലത്തിലെ താപനിലയിലെ വർധന ഉഷ്ണമേഖലയിൽ കൊടുങ്കാറ്റുകൾക്കു കാരണമാകുന്നു. ചുഴലിക്കൊടുങ്കാറ്റുകളുടെ എണ്ണവും തീവ്രതയും വർധിച്ചിരിക്കുന്നു. അറബിക്കടലിന്റെ ഉപരിതല താപനിലയിൽ ഗണ്യമായ വർധനയുണ്ടായിട്ടുണ്ട്. ഈ പ്രതിഭാസം അതിന്റെ ചുറ്റുമുള്ള പ്രദേശങ്ങളിലെ കാലാവസ്ഥയിൽ  മാറ്റം ഉണ്ടാക്കുന്നു. അറബിക്കടലിൽ ചുഴലിക്കൊടുങ്കാറ്റുകളുടെ എണ്ണത്തിലെ വർധന, ജലബാഷ്പത്തിന്റെ അളവിലെ വർധന, കരപ്രദേശങ്ങളിലെ ആർദ്രതയിലെ വർധന എന്നിവ ഈ വേളയിൽ കണ്ടുവരുന്നു. ഭൗമാന്തരീക്ഷം, ഭൗമോപരിതലം, സമുദ്രങ്ങൾ, മറ്റു ജലശേഖരങ്ങൾ, ജീവജാലങ്ങൾ എന്നിവയെല്ലാം ചേർന്ന സങ്കീർണമായ ഒന്നാണ് കാലാവസ്ഥാവ്യൂഹം. ഇതിലെ പ്രധാനഘടകം ഭൗമാന്തരീക്ഷമാണ്. വർഷണത്തിന്റെ തീവ്രത, അളവ്, തരം, ആവർത്തിക്കുന്ന കാലയളവ് എന്നിവയിൽ മാറ്റമുണ്ടാകുന്നുണ്ട്. എൽനിനോയുടെ വരവുപോക്ക്, അന്തരീക്ഷവായു ചംക്രമണത്തിലെ മാറ്റങ്ങൾ എന്നിവ വർഷണത്തെ സ്വാധീനിക്കുന്നു. സമുദ്രോപരിതലത്തിലെ താപനിലയുടെ വ്യതിയാനങ്ങളുടെ അടിസ്ഥാനത്തിൽ അന്തരീക്ഷത്തിലെ ജലബാഷ്പത്തിൽ അഞ്ചു ശതമാനം വർധനയുണ്ടായിട്ടുണ്ട്. വർഷണത്തിനു കാരണം അന്തരീക്ഷത്തിലേക്കു ജലബാഷ്പമേകുന്ന അന്തരീക്ഷ വ്യൂഹങ്ങളാണ്.

ഇന്ത്യൻ ഓഷ്യൻ ഡൈപോൾ
ജലബാഷ്പം അന്തരീക്ഷത്തിൽ ശേഖരിക്കപ്പെടുന്നു. കാലാവസ്ഥയുടെ മാതൃകകളിൽനിന്നും അനുഭവങ്ങളിൽനിന്നും വ്യക്തമാകുന്നത് താപമേറിയ കാലാവസ്ഥ, ജലബാഷ്പത്തിന്റെ അളവിൽ വർധനയുണ്ടാക്കുമെന്നാണ്. ഇതു പിന്നീട് തീവ്രമായ വർഷണത്തിനു കാരണമാകും. മഹാസമുദ്രത്തിലെ ജലചംക്രമണവും അന്തരീക്ഷത്തിലെ വായുവിന്റെ ചംക്രമണവും തൊട്ടുമുകളിലുള്ള വായുവിന്റെ താപനിലയെ മാറ്റുന്നു. ഇതുമൂലം കാറ്റിന്റെ ഗതി മാറിമറിഞ്ഞ് മഹാസമുദ്ര താപനില വ്യതിചലിക്കുന്നു. ഈ മാറ്റങ്ങൾ വളരെ വലുതോ വളരെക്കാലം നീണ്ടുനില്ക്കുന്നതോ ആണെങ്കിൽ അന്തരീക്ഷസ്ഥിതിയുടെ സ്ഥിരം മാതൃകകളിൽ മാറ്റം വന്ന് ആഗോള അന്തരീക്ഷസ്ഥിതിയെ മാറ്റിമറിക്കുന്നു.


 

എൽനിനോ/ലാനിന ഒരു ഉദാഹരണമാണ്. ഇന്ത്യൻ മഹാസമുദ്രത്തിലെ രണ്ടിടങ്ങൾ തമ്മിലുള്ള താപനിലയിലെ വ്യത്യാസമാണ് ഇന്ത്യൻ ഓഷ്യൻ ഡൈപോൾ(ഐഒഡി). പടിഞ്ഞാറുഭാഗത്ത് അറബിക്കടലിലും കിഴക്കുഭാഗത്ത് ഇന്തോനേഷ്യയുടെ കിഴക്കുമാണ് താപനിലാ വ്യതിയാനം. ഇന്ത്യൻ മഹാസമുദ്രത്തിന്റെ തീരപ്രദേശത്തുള്ള രാജ്യങ്ങളിലെ മഴയുടെ അളവിനെ ഇത്‌ സ്വാധീനിക്കുന്നു. മഹാസമുദ്രത്തിന്റെ താപനിലയിലെ വ്യതിയാനം അന്തരീക്ഷത്തിലെത്തുന്ന ഈർപ്പത്തിന്റെ അളവിൽ വ്യത്യാസം വരുത്തുന്നു.

ഐഒഡി ധനാത്മകമാകു(പോസിറ്റീവ്‌)മ്പോൾ ഇന്ത്യൻ മഹാസമുദ്രത്തിന്റെ കിഴക്കുഭാഗത്തേക്കാൾ പടിഞ്ഞാറുഭാഗത്തിനു താപമേറുന്നു. മേഘങ്ങളുടെ വ്യാപനത്തിനും മാറ്റം കാണപ്പെടുന്നു. ഐഒഡി ഋണമാകു(മൈനസ്‌)മ്പോൾ ഇന്ത്യൻ മഹാസമുദ്രത്തിന്റെ പടിഞ്ഞാറുഭാഗത്ത് താപനില കുറയുന്നു. ഇപ്പോൾ ഐഒഡി ധനാത്മക അവസ്ഥയിലാണ്. അതിനാൽ വർഷണം കൂടുതലായി ഉണ്ടായി. താപതരംഗം, മേഘസ്ഫോടനം, ചുഴലിക്കൊടുങ്കാറ്റ്, പേമാരി, കനത്ത മഞ്ഞുവീഴ്ച, കൂടിയ ആർദ്രത, കാറ്റിന്റെ തീവ്രത, വരൾച്ച എന്നിവ വർധിച്ചിരിക്കുന്നു. മഹാസമുദ്രങ്ങളുടെ ഉപരിതല താപനിലയാണ് ഉഷ്ണമേഖലയിലെയും അതിന്റെ ഉപമേഖലകളിലെയും കാലാവസ്ഥയ്ക്കു പിന്നിൽ പ്രവർത്തിക്കുന്നത്. ഇതിലെ മാറ്റങ്ങൾ മഴയുടെ അളവിനെ ബാധിക്കുന്നു. ഭൂമി നാം ഉപയോഗിക്കുന്നതിൽ വന്ന മാറ്റങ്ങൾ, മണ്ണൊലിപ്പ്, വന നശീകരണം, വരൾച്ച, കനത്ത വർഷണം, മഹാസമുദ്രത്തിന്റെ താപനിലയേറുന്നത്, ലവണതയേറുന്നത്, താപതരംഗങ്ങൾ, കാറ്റിന്റെ തീവ്രതയിലെ മാറ്റങ്ങൾ, ഹിമാനികളുടെ കുറയൽ, നനവുള്ള പ്രദേശങ്ങൾ വരണ്ടത് എന്നിവ കരപ്രദേശത്തെ ബാധിച്ചു. നഗരങ്ങളിൽ സസ്യാവരണം കുറഞ്ഞത് താപവികിരണത്തെ ആഗിരണം ചെയ്ത് താപമേറാൻ കാരണമായി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top