27 April Saturday

പ്രത്യാശ , ജാഗ്രത

വെബ് ഡെസ്‌ക്‌Updated: Sunday Aug 14, 2022

വര: ബോസ് കൃഷ്ണമാചാരി

ദേബിപ്രസാദ്‌ റോയ്‌ ചൗധരിയുടെ ശിൽപ്പമാണ്‌ ഈ ചിത്രത്തിനുള്ള പ്രചോദനം. പുറത്തുള്ള മഴവിൽ നിറം വിവിധ ധാരകളെ പ്രതിനിധാനം ചെയ്യുന്നു. അകത്തെ ചുവപ്പ്‌ വിപ്ലവത്തിന്റെ പ്രാധാന്യം സൂചിപ്പിക്കുന്നു. മഞ്ഞ സൂചിപ്പിക്കുന്നത്‌ പുതിയ ദിനത്തെയാണ്‌, പുതിയ ആകാശത്തെയാണ്‌.

ബോസ്‌ കൃഷ്‌ണമാചാരി
ആധുനിക ഇന്ത്യൻ ചിത്രകലയിലെ പ്രമുഖൻ. എറണാകുളം ജില്ലയിലെ അങ്കമാലി സ്വദേശി. മുംബൈയിൽ താമസം. പ്രദർശനങ്ങളുടെയും പ്രോജക്ടുകളുടെയും ക്യൂറേറ്റർ.  കൊച്ചി ബിനാലെ ട്രസ്‌റ്റ്‌ പ്രസിഡന്റാണ്‌


നമ്മുടെ സ്വാതന്ത്ര്യത്തിന്‌ 75 വയസ്സ്‌. ഒരു രാത്രികൊണ്ട്‌ ഉദിച്ചുയർന്ന പുലരിയുടെ പേരല്ല സ്വാതന്ത്ര്യം. വൈദേശികാധിപത്യത്തിനും  ഭരണകൂട അടിച്ചമർത്തലുകൾക്കുമെതിരെ ഒരു ജനത നട്ടെല്ല് നിവർത്തിനിന്ന്‌ പോരടിച്ചു നേടിയ യാഥാർഥ്യമാണത്‌. വൈവിധ്യമാണ്‌ ഇന്ത്യൻ ജനാധിപത്യത്തിന്റെ ജീവൻ.  ഭരണഘടനയാണതിന്റെ ബലം. പക്ഷേ, ആശങ്കകൾ ഒഴിയുന്നില്ല. ഭക്ഷണം, വസ്ത്രം, എന്തിന് ചരിത്രം പോലും വക്രീകരിക്കപ്പെടുന്ന കാലമാണിത്‌. 

പൗരാവകാശങ്ങൾ ഹനിക്കപ്പെടുന്ന കാലത്ത് സ്വാതന്ത്ര്യം  ഭരണഘടനാപരമായ അവകാശമായി  നിലനിൽക്കേണ്ടത് നമ്മുടെ ആവശ്യമാണ്‌. സ്വാതന്ത്ര്യവും അവകാശങ്ങളും കവർന്നെടുക്കുന്നവർക്കെതിരായ സമരങ്ങൾ മൂവർണക്കൊടിക്ക്‌ കീഴെ ശക്തിപ്പെടണം.  ചരിത്രം  സമരങ്ങളുടെ തുടർച്ചയാണ്.  സമരം ചരിത്രത്തിന്റെ തുടക്കവും.  നമ്മുടെ ഓരോ ആഘോഷവും രാജ്യത്തിനുവേണ്ടിയാകണം. അതിനായി ദേശസ്‌നേഹത്തിന്റെ  പതാക നമുക്ക് കൂടുതൽ ഉയരത്തിൽ ഉയർത്താം. കൂടുതൽ കരുത്തോടെ നമുക്ക് സ്വാതന്ത്ര്യത്തിന്റെ വിഹായസ്സിൽ ചിറകുവിരിക്കാം

 അതിജീവിക്കാം;  മുന്നേറാം
"പരിമിതികൾ ഉണ്ടാകാം, എങ്കിലും സ്വതന്ത്രരാജ്യമെന്നത്‌ വലിയ കാര്യമാണ്‌. ഇന്ത്യ ഏറ്റവും വലിയ ജനാധിപത്യരാജ്യമാണ്‌. സ്വന്തമായ ഭരണഘടനയും നിയമവ്യവസ്ഥയും സ്വന്തം മണ്ണും ഉള്ളവരാക്കി നമ്മെ മാറ്റിയത്‌ സ്വാതന്ത്ര്യമാണ്‌. 

സ്വാതന്ത്ര്യം എന്ന സങ്കൽപ്പത്തിന്‌ ഒട്ടേറെ അർഥങ്ങളുണ്ട്‌. അത്‌ കേവലമായ സമ്പത്തിന്റെയും അധികാരത്തിന്റെയും കാര്യമല്ല. രാജ്യത്തെ എല്ലാവരും പട്ടിണിയിൽനിന്ന്‌ മോചിതരാകണം. എല്ലാവർക്കും കേറിക്കിടക്കാനുള്ള മേൽക്കൂരയും ചികിത്സയും വിദ്യാഭ്യാസവും ലഭിക്കണം. എല്ലാവർക്കും ജീവിക്കാനുള്ള മിതമായ വിഭവങ്ങളും സൗകര്യങ്ങളും ഉണ്ടാകണം. അതാകണം ഭരണാധികാരികളുടെ ലക്ഷ്യം. ജനാധിപത്യ രാജ്യമായതിനാൽ വ്യത്യസ്‌തമായ അഭിപ്രായങ്ങൾ ഉണ്ടാകാം. പലതിൽനിന്ന്‌ നമുക്ക്‌ പറ്റിയത്‌ സ്വീകരിക്കുകയാണ്‌ വേണ്ടത്‌. അതിനുള്ള ഭരണസംവിധാനമാണ്‌ ഉണ്ടാകേണ്ടത്‌.

ഇന്ത്യ എല്ലാ വെല്ലുവിളികളെയും അതിജീവിക്കാൻ കരുത്തുള്ളതാണ്‌. അതാണ്‌ എന്റെ പ്രതീക്ഷയും.  അതുകൊണ്ടുതന്നെ ഞാനും ആവേശത്തോടെ സ്വാതന്ത്ര്യദിനത്തിന്റെ പ്രതീക്ഷകൾക്കൊപ്പം ചേരുന്നു. മോശമായ അന്തരീക്ഷമാണ്‌ രാജ്യത്ത്‌ നിലനിൽക്കുന്നത്‌. വരുതിയിൽ നിൽക്കാത്ത എല്ലാത്തിനെയും ഒതുക്കുന്ന രീതി നമുക്ക്‌ ചേരില്ല. ചിന്തയ്‌ക്ക്‌ പോലും കടിഞ്ഞാണിടാനുള്ള ശ്രമമുണ്ട്‌. ജനങ്ങൾ എല്ലാത്തിലും ജാഗ്രത പുലർത്തണം.'

 എംടി


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top