25 April Thursday

ഇന്ത്യക്കാരില്ലാത്ത സൈമൺ കമീഷൻ

വെബ് ഡെസ്‌ക്‌Updated: Thursday Aug 4, 2022

സൈമൺ കമീഷനെതിരെ ‘സൈ​മ​ൺ ഗോ ​ബാ​ക്ക്’ മു​ദ്രാവാ​ക്യം ഉ​യ​ർ​ത്തി 
നടന്ന പ്രക്ഷോഭത്തിൽനിന്ന്


1919ൽ നടപ്പാക്കിയ ​മൊ​ണ്ടേ​ഗു ചെംസ്‌ഫോ​ർ​ഡ് പ​രി​ഷ്കാ​ര​ങ്ങളെ​ക്കു​റി​ച്ച് പഠിക്കാൻ ബ്രി​ട്ടീ​ഷ് സ​ർ​ക്കാ​ർ നി​യ​മി​ച്ച ഏ​ഴം​ഗ കമീ​ഷ​നാ​ണ് സൈ​മ​ൺ കമീ​ഷൻ. മൊ​ണ്ടേ​ഗു ചെം​സ്‌ഫോ​ർ​ഡ് പരിഷ്‌കാരം നടപ്പാക്കിയത്‌ ഇന്ത്യൻ ജനതയെ തൃപ്‌തിപ്പെടുത്തിയില്ല. ഗാന്ധിജിയുടെ നേതൃത്വത്തിൽ കോൺഗ്രസ്‌ അയഞ്ഞ സമീപനം സ്വീകരിച്ചപ്പോൾ, വിപ്ലവപ്രസ്ഥാനങ്ങൾ ശക്തിപ്പെട്ടു. പ്രക്ഷോഭങ്ങളെ തണുപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ 1927ൽ ​സൈമൺ കമീഷനെ നിയമിക്കുന്നത്‌.

ജോ​ൺ സൈമൺ നേതൃത്വം നൽകിയ കമീഷനിൽ ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്ന ക്ലെമ​ന്റ്‌ ആറ്റ്‌ലിയും അം​ഗ​മാ​യി​രു​ന്നു. എ​ന്നാ​ൽ, കമീഷനിൽ ഒരു ഇന്ത്യക്കാരനെപ്പോലും ഉൾപ്പെടുത്തിയില്ല. ഇ​ത് ഇ​ന്ത്യ​ക്കാ​രെ പ്ര​കോ​പി​ത​രാ​ക്കി.

ബഹിഷ്കരണം
1927 ഡിസംബറിൽ മദ്രാസിൽ ചേർന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ യോഗം കമീഷനെ ബഹിഷ്കരിക്കാൻ തീരുമാനിച്ചു. മുസ്ലിംലീഗും കമീഷൻ ബഹിഷ്കരിക്കാൻ തീരുമാനിച്ചു. ക​മീഷ​ൻ 1928 ഫെ​ബ്രു​വ​രി മൂ​ന്നിന്‌ ഇ​ന്ത്യ​യി​ലെ​ത്തി. കമീഷൻ ബോംബെയിൽ എത്തിയ നാലി-ന് അ​ഖി​ലേ​ന്ത്യ ഹ​ർ​ത്താ​ൽ പ്ര​ഖ്യാ​പി​ച്ചു. യൂ​സ​ഫ് മെ​ഹ്‌ലി ​രൂ​പം കൊ​ടുത്ത ‘സൈ​മ​ൺ ഗോ ​ബാ​ക്ക്’ എ​ന്ന മു​ദ്രാവാ​ക്യം ഉ​യ​ർ​ത്തി​യായിരുന്നു ജന​കീ​യ പ്ര​ക്ഷോ​ഭം. പൊലീസ്‌ കൊടിയ മർദനം അഴിച്ചുവിട്ടു. 1928 ഒക്‌ടോബർ 30ന്‌ ലാഹോറിലെത്തിയ കമീഷനെ എതിരേറ്റത്‌ ലാ​ലാ​ ല​ജ്പ​ത് റാ​യിയുടെ നേതൃത്വത്തിലുള്ള വലിയ പ്രതിഷേധമാണ്‌. കമീഷന്‌ വഴിയൊരുക്കാൻ സൂപ്രണ്ട്‌ ജെയിംസ്‌ സ്‌കോട്ടിന്റെ നേതൃത്വത്തിൽ ലാത്തിച്ചാർജ്‌ നടത്തി. തന്റെ ശരീരത്തിൽ പതിച്ച ഓരോ അടിയും ബ്രിട്ടീഷ് ഭരണത്തിന്റെ ശവപ്പെട്ടിയിലെ അവസാന ആണികളാണെന്ന് റാ​യ്‌ പ്രഖ്യാപിച്ചു. മർദനത്തിൽ തലയ്‌ക്ക്‌ പരിക്കേറ്റ റാ​യ്‌ രണ്ടാഴ്‌ചയ്‌ക്കുശേഷം നവംബർ 17ന്‌ മരിച്ചു.

നെഹ്‌റു കമ്മിറ്റി റിപ്പോർട്ട്‌
‘ഇന്ത്യയിലെ ജനങ്ങൾ പൊതുവെ അംഗീകരിക്കുന്ന ഭരണഘടനയ്ക്ക്‌ രൂപം നൽകാൻ ഇന്ത്യക്കാർക്ക്‌ കഴിയുമെന്ന് തെളിയിക്കട്ടെ' എന്ന്‌ ഇന്ത്യയിലെ ബ്രിട്ടീഷ് സെക്രട്ടറിയായിരുന്ന ബെർക്കർ ഹെഡ് പരിഹസിച്ചു. ഈ വെല്ലുവിളി ഏറ്റെടുത്ത്‌ കോൺഗ്രസ് സമ്മേളനം റിപ്പോർട്ട്‌ തയ്യാറാക്കാൻ തീരുമാനിച്ചു. മോത്തിലാൽ നെഹ്‌റു ചെയർമാനും ജവാഹർലാൽ നെഹ്‌റു സെക്രട്ടറിയും സർ അലി ഇമാം, തേജ് ബഹാദൂർ സപ്രു, സുഭാഷ്ചന്ദ്ര ബോസ്, എം ആർ ജയ്കർ, ആനി ബെസന്റ് എന്നിവർ അംഗങ്ങളുമായി കമ്മിറ്റിയെ ചുമതലപ്പെടുത്തി. സൈമൺ കമീഷൻ റിപ്പോർട്ട്‌ സമർപ്പിക്കുന്നതിനുമുമ്പേ നെഹ്‌റു കമ്മിറ്റി റിപ്പോർട്ട്‌ നൽകി. പൂർണ സ്വാതന്ത്ര്യമോ റിപ്പബ്ലിക്കോ ഈ റിപ്പോർട്ടിന്റെ ഭാഗമായില്ല.

സൈമൺ ക​മീ​ഷ​ൻ 1929 മാ​ർ​ച്ച് മൂ​ന്നി​ന് തി​രി​ച്ചുപോ​യി. 1929 ഡിസംബറിൽ ലാഹോറിലെ കോൺഗ്രസ്‌ സമ്മേളനത്തിൽവച്ച്‌ പൂർണ സ്വരാജ്‌ പ്രമേയം പാസാക്കി.1930 ജനുവരി 26ന്‌ പൂർണ സ്വരാജ്‌ പ്രഖ്യാപിച്ചു. ഇതിനുശേഷമാണ്‌ സൈമൺ കമീഷൻ രണ്ടു ഭാഗമുള്ള റിപ്പോർട്ട്‌ 1930 മേയിൽ  പ്രസിദ്ധീകരിച്ചത്‌. പ്രവിശ്യകളിൽ രാജാധിപത്യം നിർത്തലാക്കാനും പ്രതിനിധി സർക്കാർ സ്ഥാപിക്കാനും അത് നിർദേശിച്ചു. സൈമൺ കമീഷന്റെ ഫലമാണ്‌ 1935ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട്. അത് ഇന്ത്യയിൽ പ്രവിശ്യാ തലത്തിൽ "ഉത്തരവാദിത്വമുള്ള’ സർക്കാരിനുവേണ്ടി ആഹ്വാനം ചെയ്തു.

കമീഷൻ അംഗങ്ങൾ
ജോൺ സൈമൺ
ക്ലെമന്റ് ആറ്റ്‌ലി
ഹാരി ലെവി-ലോസൺ
എഡ്വേർഡ് കാഡോഗൻ
വെർനോൺ ഹാർട്ട്ഷോൺ
ജോർജ്‌ ലെയ്ൻ-ഫോക്സ്
ഡൊണാൾഡ് ഹോവാർഡ്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top