25 April Thursday

ഉണങ്ങാത്ത മുറിവിന്‌ 75 വർഷം ; ഇന്ത്യാവിഭജനം പ്രഖ്യാപിച്ചത്‌ 1947 ജൂൺ 3ന്‌

(തയ്യാറാക്കിയത് റിസര്‍ച്ച് ഡെസ്ക്)Updated: Friday Jun 3, 2022


‘വയറുപിളർത്തിക്കൊണ്ട് കത്തി നെടുനീളത്തിൽ നട്ടെല്ലിൽനിന്നും താഴോട്ടിറങ്ങവേ ആ മനുഷ്യന്റെ പൈജാമച്ചരട് മുറിഞ്ഞു. കത്തിപിടിച്ചിരുന്നയാൾ ഒരുവട്ടംമാത്രം നോക്കി. വിഷമത്തോടെ പറഞ്ഞു: അയ്യോ! മിഷ്‌റ്റേക്ക്.’

–-  ഇന്ത്യാവിഭജനകാലത്തെ അരുംകൊലകളുടെ ഭീതിദമായ വിവരണമാണ് പ്രക്ഷോഭകാരിയായ എഴുത്തുകാരന്‍ സാദത്ത് ഹസൻ മാന്റോ ‘മിഷ്‌റ്റേക്ക്’എന്ന കുട്ടിക്കഥയില്‍ വരച്ചിട്ടത്. 

ലോകംകണ്ട ഏറ്റവും വലിയ പലായനങ്ങളിൽ ഒന്നിന്‌ വഴിയൊരുക്കിയ ഇന്ത്യാവിഭജന പ്രഖ്യാപനത്തിന്‌ വെള്ളിയാഴ്‌ച മുക്കാല്‍ നൂറ്റാണ്ട്.  ബ്രിട്ടീഷ്‌ ഇന്ത്യയുടെ അവസാന വൈസ്രോയി ബൗണ്ട്‌ ബാറ്റൻ 1947 ജൂൺ മൂന്നിനാണ്‌ അവിഭക്ത ഇന്ത്യയെ മതാടിസ്ഥാനത്തിൽ ഇന്ത്യയും പാകിസ്ഥാനുമായി മുറിക്കുമെന്ന്‌ പ്രഖ്യാപിച്ചത്‌. ബ്രിട്ടീഷ്‌ പാർലമെന്റ്‌ പാസാക്കിയ ‘ഇന്ത്യ ഇൻഡിപെൻഡൻസ്‌ ആക്ട്‌ 1947’ പ്രകാരമാണ്‌ വിഭജനം നടന്നത്‌. ഇന്ത്യൻ നാഷണൽ കോൺഗ്രസ്, മുസ്ലിംലീഗ്, സിഖ് സമുദായത്തിന്റെ നിയമസഭാ പ്രതിനിധികൾ എന്നിവർ വിഭജനപദ്ധതിയില്‍ ഒപ്പിട്ടു. ഇതോടെ വിഭജനം അംഗീകരിക്കപ്പെടുകയും ഇന്ത്യക്ക്‌ സ്വാതന്ത്ര്യം നൽകാനുള്ള നടപടി ആരംഭിക്കുകയും ചെയ്‌തു.

എന്നാൽ, ഭൂമിശാസ്‌ത്രപരമായ വിഭജനം നടന്ന പഞ്ചാബിലും ബംഗാളിലും രക്തരൂഷിതമായിരുന്നു കാര്യങ്ങള്‍. റാഡ്‌ക്ലിഫ്‌ രേഖ പ്രകാരമാണ്‌ അതിർത്തി നിശ്ചയിച്ചത്‌. കലാപത്തിലും പലായനത്തിലുമായി 20 ലക്ഷത്തോളംപേർ മരിച്ചെന്നാണ്‌ കണക്ക്. രണ്ടു കോടിയോളംപേർ കുടിയിറക്കപ്പെട്ടു. വിഭജനത്തിന്റെ ഉണങ്ങാത്ത മുറിവ്  ഇന്നും ഇന്ത്യൻ ഉപഭൂഖണ്ഡത്തിന് തീരാവേദന. എന്നാല്‍, രാജ്യവിഭജനത്തെ രാഷ്‌ട്രീയനേട്ടത്തിനായി വിനിയോ​ഗിക്കുകയാണ് ബിജെപിയും നരേന്ദ്ര മോദി സർക്കാരും.

ആഗസ്ത്‌ 14 വിഭജനക്കുരുതി ദിനമായി ആചരിക്കുമെന്നാണ്  കഴിഞ്ഞ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മോദി  പ്രഖ്യാപിച്ചത്‌. ഇരകളെ ചേര്‍ത്തുനിര്‍ത്തുന്നതിനേക്കാള്‍ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ആക്രമണോത്സുകമായ മുസ്ലിംവിരുദ്ധത പ്രകടിപ്പിക്കലാണ്‌ സംഘപരിവാർ ലക്ഷ്യം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top