29 March Friday

കാഴ്ചപ്പാടുകളുടെ ഏറ്റുമുട്ടൽ

വെബ് ഡെസ്‌ക്‌Updated: Monday Jul 18, 2022

സ്വാതന്ത്ര്യസമരത്തിൽ കോൺഗ്രസ്‌ മാത്രമല്ല, കമ്യൂണിസ്റ്റ്‌ പാർടിയും സോഷ്യലിസ്റ്റുകളും സ്വതന്ത്രസംഘടനകളും ഹിന്ദുവും മുസ്ലിമും സിഖും പാഴ്‌സിയുമെല്ലാം ഒരേ മനസ്സോടെ വിവിധ കൈവഴികളായി അണിനിരന്നു. സ്വാതന്ത്ര്യസമരം എത്‌ രീതിയിലായിരിക്കണമെന്ന്‌ മാത്രമല്ല, സ്വതന്ത്ര ഇന്ത്യയിലെ ഭരണ സംവിധാനം എങ്ങനെയുള്ളതാകണം എന്നതിലും വിവിധ കാഴ്‌ചപ്പാട്‌  ഉണ്ടായിരുന്നു.

മഹാത്മ ഗാന്ധി 1920ൽ ആരംഭിച്ച നിസ്സഹകരണ പ്രസ്ഥാനം ‘ചൗരി ചൗര സംഭവ'ത്തിനുശേഷം പിൻവലിച്ചതും 1920ലെ കമ്യൂണിസ്റ്റ്‌ പാർടി ഓഫ് ഇന്ത്യ രൂപീകരണവും 1925ൽ ആർഎസ്എസ് സ്ഥാപിതമായതും കാഴ്ചപ്പാടുകൾ തമ്മിലുള്ള ഏറ്റുമുട്ടൽ രൂക്ഷമാക്കി. ബഹുസ്വരതയുടേതും വൈവിധ്യത്തിന്റേതുമായ ഇന്ത്യൻ യാഥാർഥ്യത്തെ കോൺഗ്രസുകാരും കമ്യൂണിസ്റ്റുകാരും അംഗീകരിച്ചു.

ഇന്ത്യയുടെ ഐക്യം സുദൃഢമാകാൻ  ഭാഷാപരവും വംശീയവും മതപരവും സാംസ്കാരികവുമായ ബഹുസ്വരതയുടെ ഓരോ വശവും ആദരിക്കപ്പെടണം.  ഇതോടൊപ്പം തുല്യതയുടെ അടിസ്ഥാനത്തിൽ പരിഗണിക്കപ്പെടുകകൂടി ചെയ്യുമ്പോഴേ ഇന്ത്യയുടെ ഐക്യം  സാധ്യമാകൂ. ഈ വൈവിധ്യത്തിനുമേൽ ഏകരൂപത അടിച്ചേൽപ്പിക്കാനുള്ള ഏതൊരു നീക്കവും സാമൂഹ്യമായ പൊട്ടിത്തെറിക്ക് ഇടയാക്കുമെന്ന നിഗമനവും ഇരു പാർടിയും അംഗീകരിച്ചു.

സ്വതന്ത്ര ഇന്ത്യ മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കായിരിക്കണമെന്ന കാഴ്ചപ്പാടാണ് മുഖ്യധാരാ കോൺഗ്രസ് രൂപപ്പെടുത്തിയത്. മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കിനെ ശക്തമാക്കുന്നതിന്‌ ഓരോ വ്യക്തിക്കും സാമൂഹ്യ–-സാമ്പത്തിക സ്വാതന്ത്ര്യം കൈവരിക്കുന്നതിനായി രാജ്യത്തിന്റെ രാഷ്ട്രീയ സ്വാതന്ത്ര്യത്തെ വിപുലപ്പെടുത്തണമെന്നും അത് സോഷ്യലിസത്തിലൂടെ മാത്രമേ സാധ്യമാകൂവെന്നുമായിരുന്നു കമ്യൂണിസ്റ്റ് കാഴ്ചപ്പാട്.
സ്വതന്ത്ര ഇന്ത്യയുടെ സ്വഭാവം നിർണയിക്കേണ്ടത്‌ ജനങ്ങളുടെ മതപരമായ ഒത്തുചേരലുകളെ അടിസ്ഥാനമാക്കിയാകണം എന്നതായിരുന്നു മൂന്നാമത്തെ കാഴ്ചപ്പാട്‌. ഈ കാഴ്ചപ്പാട്‌ രണ്ടു തരത്തിലായിരുന്നു. മുസ്ലിംലീഗ്‌ ഏറ്റുപിടിച്ചത് ‘ഇസ്ലാമിക രാഷ്ട്ര'ത്തിനും ആർഎസ്എസ് ഏറ്റുപിടിച്ചത്  ‘ഹിന്ദുരാഷ്ട്ര'ത്തിനും വേണ്ടിയായിരുന്നു. വിഭജനത്തോടെ മുസ്ലിംലീഗിന്റെ ലക്ഷ്യം നേടി. സ്വാതന്ത്ര്യം ലഭിച്ച കാലത്ത് തങ്ങളുടെ ലക്ഷ്യം കൈവരിക്കുന്നതിൽ പരാജയപ്പെട്ട ആർഎസ്എസ്‌ ഇന്ന്‌  ‘ഹിന്ദുരാഷ്ട്രം' രൂപീകരിക്കുകയെന്ന ലക്ഷ്യത്തിലേക്ക് ആധുനിക ഇന്ത്യയെ പരിവർത്തനപ്പെടുത്താനുള്ള നീക്കം ശക്തമാക്കുന്നു. സമകാലിക ഇന്ത്യയിലെ പ്രത്യയശാസ്ത്രപരമായ പോരാട്ടങ്ങളും രാഷ്ട്രീയ സംഘർഷങ്ങളും ഈ മൂന്ന് കാഴ്ചപ്പാടുകളുടെ തുടർച്ചയാണ്. 

പൂർണ സ്വരാജ്‌ ; കമ്യൂണിസ്റ്റ്‌ പാർടിയുടെ 
ആദ്യ ഇടപെടൽ
കമ്യൂണിസ്റ്റ്‌ പാർടി ഓഫ്‌ ഇന്ത്യ രൂപീകരിച്ച്‌ മാസങ്ങൾക്കകംതന്നെ നിലപാട്‌ പ്രഖ്യാപിക്കാൻ പാർടിക്ക്‌ സാധിച്ചു. 1921ൽ അഹമ്മദാബാദിൽ നടന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 36–-ാം സമ്മേളനത്തിൽ സമ്പൂർണ സ്വാതന്ത്ര്യം ആവശ്യപ്പെടുന്ന പ്രമേയം അവതരിപ്പിച്ചു.

പാർടി തയ്യാറാക്കിയ രേഖയുടെ സത്ത ഉൾക്കൊള്ളുന്നതായിരുന്നു ഹസ്‌റത്ത്‌ മൊഹാനി അവതരിപ്പിച്ച പ്രമേയം. അതുവരെ അപൂർണമായ സ്വരാജ്‌ മുദ്രാവാക്യം മാത്രമുയർത്തിയ കോൺഗ്രസിന്‌ വ്യക്തമായ ദിശാബോധം നൽകാനായിരുന്നു ശ്രമിച്ചത്‌. ഏറ്റവും സാധാരണക്കാരായ ജനങ്ങളെ അണിനിരത്തിയാൽ മാത്രമേ സ്വാതന്ത്ര്യസമരത്തിന്റെ ലക്ഷ്യം കൈവരിക്കാനാകൂ എന്നായിരുന്നു രേഖയുടെ കാതൽ. പൂർണ സ്വരാജ്‌ അംഗീകരിച്ചത്‌ എട്ടു വർഷത്തിനുശേഷം ലാഹോർ സമ്മേളനത്തിലായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top