29 March Friday

ദേശീയപതാക ഉയർന്നത്‌ ഇങ്ങനെ

വെബ് ഡെസ്‌ക്‌Updated: Friday Jul 22, 2022

ത്രിവർണ പതാക ഇന്ത്യയുടെ ദേശീയ പതാകയായതിനു പിന്നിൽ വലിയ ചരിത്രമുണ്ട്‌. സ്വാതന്ത്ര്യസമരത്തിൽ പല നിറത്തിലുള്ള പതാകകൾ ഉപയോഗിച്ചിരുന്നു. സ്വാമി വിവേകാനന്ദന്റെ ശിഷ്യ സിസ്റ്റർ നിവേദിതയാണ് ആദ്യമായി പതാക രൂപകൽപ്പന ചെയ്‌തത്. 1906ൽ കൊൽക്കത്തയിൽ ചേർന്ന കോൺഗ്രസ് സമ്മേളനത്തിൽ ഇത്‌ അവതരിപ്പിച്ചെങ്കിലും കൊടി ഉയര്‍ത്തിയില്ല. പാർസിബാഗൻ മൈതാനിയിലാണ്‌ ആദ്യമായിപതാക ഉയർത്തുന്നത്‌. സചീന്ദ്രപ്രസാദ് ബോസാണ്‌ ഈ പതാക രൂപകൽപന ചെയ്‌തത്‌.

1921ൽ ബെസ്വാഡയിൽ ചേർന്ന അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി യോഗത്തില്‍ പുതിയ പതാകയെന്ന ആശയം ഉയര്‍ന്നു. സ്വാതന്ത്ര്യ സമരസേനാനിയായ ആന്ധ്ര സ്വദേശി പിംഗലി വെങ്കയ്യ തയ്യാറാക്കിയ പതാകയിൽനിന്നാണ്‌ ത്രിവർണ പതാക പിറക്കുന്നത്. ആദ്യ പതാകയില്‍ ചുവപ്പ്‌, പച്ച നിറങ്ങളായിരുന്നു. വെളുത്ത ഭാഗംകൂടി ചേർക്കാൻ ഗാന്ധിജി നിർദേശിച്ചു. രാഷ്ട്രപുരോഗതിയുടെ പ്രതീകമായി ഒരു കറങ്ങുന്ന ചർക്ക ചേർക്കാനും പറഞ്ഞു. 1931-ലെ കറാച്ചിയിൽ ചേർന്ന കോൺഗ്രസ് കമ്മിറ്റി ഈ  പതാകയെ സ്വരാജ്‌ പതാകയായി അംഗീകരിച്ചു.

സാമുദായിക പരി​ഗണന ഇല്ല
ഇന്ത്യക്ക്‌ സ്വാതന്ത്ര്യം ലഭിക്കുന്നതിന് ദിവസങ്ങൾക്കുമുമ്പ് സ്വതന്ത്ര ഇന്ത്യയുടെ പതാക തെരഞ്ഞെടുക്കാന്‍ കമ്മിറ്റി രൂപീകരിച്ചു. 1947 ജൂൺ 23-ന്, രാജേന്ദ്ര പ്രസാദിന്റെ നേതൃത്വത്തില്‍ സമിതി നിലവില്‍വന്നു. മൗലാനാ അബ്ദുൾ കലാം ആസാദ്, സരോജിനി നായിഡു, സി രാജഗോപാലാചാരി, കെ എം മുൻഷി, ബി ആർ അംബേദ്കർ എന്നിവരും സമിതിയില്‍. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പതാക പരിഷ്‌കാരങ്ങളോടെ ദേശീയ പതാകയായി അംഗീകരിക്കാൻ കമ്മിറ്റി ശുപാർശ ചെയ്തു. പതാകയിൽ സാമുദായിക സ്വരങ്ങൾ ഉണ്ടാകരുതെന്നും തീരുമാനിച്ചു. കോൺഗ്രസ് പതാകയുടെ കറങ്ങുന്ന ചക്രത്തിനുപകരം അശോകചക്രം തെരഞ്ഞെടുത്തു.  1947 ജൂലൈ 22ന്‌ ത്രിവർണ പതാക ഇന്ത്യൻ പതാകയായി അംഗീകരിച്ചു.
ദീർഘചതുരാകൃതിയിലുള്ള പതാകയുടെ നീളവും വീതിയും തമ്മിലുള്ള അനുപാതം 3:2 ആണ്‌. മുകളിൽ കുങ്കുമ നിറം, നടുക്ക് വെള്ള, താഴെ പച്ച. മധ്യ ഭാഗത്തുള്ള നാവികനീല നിറത്തിൽ 24 ആരങ്ങളുള്ള അശോക ചക്രം. വെള്ള നാടയുടെ വീതിയുടെ മുക്കാൽ ഭാഗമാണ് അശോകചക്രത്തിന്റെ വ്യാസം. ദേശീയ പതാകയിൽ കുങ്കുമ നിറം ധൈര്യത്തെയും ത്യാഗത്തെയും സൂചിപ്പിക്കുന്നു. വെള്ള സമാധാനത്തിന്റെയും സത്യത്തിന്റെയും നിറമായും പച്ച സമൃദ്ധിയെയും ഫലഭൂയിഷ്ടതയെയും സൂചിപ്പിക്കുന്നു.

ദേശീയപതാക അംഗീകരിക്കാത്ത 
ആർഎസ്‌എസ്‌
1947 ആഗസ്ത്‌ 15ന് രാജ്യം സ്വാതന്ത്ര്യലബ്ധിയിൽ മതിമറക്കുമ്പോൾ പതാകയെ ബഹുമാനിക്കുകയോ ആദരിക്കുകയോ ചെയ്യില്ലെന്ന വെല്ലുവിളി ഉയർത്തുകയായിരുന്നു ആർഎസ്എസ് മുഖവാരിക ഓർഗനൈസർ. മൂന്ന് എന്ന വാക്കുപോലും തിന്മയാണെന്നും മൂന്നു നിറമുള്ള കൊടി ഇന്ത്യക്കാർക്ക്‌ മാനസികവിഭ്രാന്തിയുണ്ടാക്കുമെന്നും രാഷ്ട്രത്തിന് ഹാനികരമാകുമെന്നുമൊക്കെയായിരുന്നു വ്യാഖ്യാനം. കാവിക്കൊടി ഇന്ത്യയുടെ ദേശീയ പതാകയാക്കണമെന്നായിരുന്നു ആർഎസ്‌എസിന്റെ ആവശ്യം. ഓർഗനൈസറിന്റെ മൂന്നാം ലക്കത്തിൽ(1947 ജൂലൈ 17) പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിൽ ചെങ്കോട്ടയിൽ ത്രിവർണ പതാകയല്ല കാവിപ്പതാകയാണ്‌ ഉയർത്തേണ്ടതെന്ന് ആവശ്യപ്പെട്ടു. ‘വിധിയുടെ (ബ്രിട്ടീഷുകാരുടെ ) പിൻവാങ്ങൽമൂലം അധികാരത്തിലെത്തിയ ത്രിവർണപതാക നമ്മുടെ കൈകളിൽ തന്നേക്കാമെങ്കിലും അതൊരിക്കലും ആദരിക്കപ്പെടുകയോ ഹിന്ദുക്കൾ അതിനെ സ്വന്തമെന്ന്‌ വിളിക്കുകയോ ചെയ്യില്ല’ ആർഎസ്‌എസ്‌ നേതൃത്വം പ്രഖ്യാപിച്ചു. ഭഗവത് സണ്ട(കാവിപതാക) യെ ആരാധിക്കാൻ ആർഎസ്എസ് സർസംഘചാലക് ആയിരുന്ന ഹെഡ്‌ഗേവാർ 1930ൽ അണികൾക്ക്‌ നിർദേശം നൽകി.

സ്വാതന്ത്ര്യം പടിവാതിലെത്തിനിൽക്കെ നാഗ്പുരിലെ ഗുരുപൂർണിമാ കൂട്ടായ്മയിൽ ‘അവസാനം രാജ്യമൊന്നടങ്കം കാവി പതാകയ്ക്കുമുന്നിൽ നമിക്കുമെന്ന് ഞങ്ങൾ ദൃഢമായി വിശ്വസിക്കുന്നു’ എന്നാണ് എം എസ് ഗോൾവാൾക്കർ പറഞ്ഞത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top